31 December 2008

പുതുവത്സരാശംസകൾ

എല്ലാ സുഹൃത്തുക്കൾക്കും എന്റെ സ്‌നേഹം നിറഞ്ഞ നവവത്സരാശംസകൾ. സന്തോഷവും സമാധാനവും നിറഞ്ഞ ഒരു വർഷം എല്ലാവർക്കും ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു.

10 December 2008

സർദാരിയെ വിറപ്പിച്ച അനോണി

രാജ്യം മുംബൈ നഗരത്തിൽ പത്തു തീവ്രവദികൾ നടത്തിയ അക്രമണത്തിൻ ഞെട്ടി നിൽക്കുമ്പോൽ പാകിസ്താന്റെ പ്രസിഡന്റിനെ വിറപ്പിച്ച ഒരു ഫോൺ സന്ദേശത്തിന്റെ ഉറവിടത്തെക്കുറിച്ചുള്ള തർക്കം ഇപ്പോഴും തുടരുകയാണ്. വിവിധ വാർത്താമാധ്യമങ്ങളിൽ നിന്നും സംഭവത്തെക്കുറിച്ച് മനസ്സിലാക്കിയത് ഇങ്ങനെ:‌-

28ന് രാത്രി ഇന്ത്യയിൽ നടക്കുന്ന സംഭവങ്ങളുടെ ടി വി പ്രക്ഷേപണം കണ്ടു രസിച്ചിരിക്കുന്ന പാക് പ്രസിഡന്റ് സർദാരിക്ക് ഒരു ഫോൺ കിട്ടുന്നു. മറ്റാരുടെയും അല്ല പ്രണബ് കുമാർ മുഖർ‌ജി എന്ന ഇന്ത്യയുടെ വിദേശകാര്യമന്ത്രിയുടെ തന്നെ. അദ്ദേഹം വലിയ ദേഷ്യത്തിൽ ആയിരുന്നു. ബോംബെ ആക്രമണത്തിന്റെ പേരിൽ സർദാരിയെ ശരിക്കും ശകാരിച്ചു. പാകിസ്താനിലെ തീവ്രവാദിപരിശീലനകേന്ദ്രങ്ങളിൽ ഇന്ത്യൻ സേന ആക്രമിക്കും എന്നെല്ലാം “പ്രണാബ്” സർദാരിയോടു പറഞ്ഞു. സർദാരി തനിക്കാവും വിധമെല്ലാം പ്രണാബിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു എങ്കിലും നടന്നില്ല. ദേഷ്യത്തോടെ തന്നെ പ്രണാബ് ഫോൺ കട്ട്‌ചെയ്തു. അത്രയും നേരം കണ്ടിരുന്ന ത്രില്ലർ ഫൈറ്റിന്റെ എല്ലാ മൂഡും സർദാരിയിൽ നിന്നും ചോർന്നു പേയി. ഉടനെ സർദാരി നേരെ വിളിച്ചു അമേരിക്കക്ക്. കൊച്ചു വേളുപ്പാൻ കാലത്ത് എണീറ്റ മാഡം കോണ്ടലീസ റൈസ്, സർദാരി പറഞ്ഞ വാർത്തകേട്ടു ഞെട്ടി. ഇന്ത്യ ഏകപക്ഷീയമായി പകിസ്താനെ ആക്രമിക്കുകയോ. തീവ്രവാദികളുടെ കാര്യം പറഞ്ഞ് തങ്ങൾ ഒരു ഭാഗത്ത് പാകിസ്താനെ ആക്രമിക്കുന്നുണ്ട്. ഇനി ഇന്ത്യകൂടെ ആക്രമിക്കാൻ തുടങ്ങിയാൽ? ഇതിനെ അന്താരാഷ്‌ട്ര സമൂഹത്തിന്റെ മുൻപിൽ എങ്ങനെ പ്രതിരോധിക്കും. കാരണം തങ്ങൾ ചെയ്യുന്നതു തന്നെയാണല്ലൊ ഇന്ത്യയും ചെയ്യാ‍ൻ പോവുന്നത്. എന്തെങ്കിലും ചെയ്തില്ലെങ്കിൽ അഫ്‌ഗാൻ അതിർത്തിയിൽ നിന്നും പട്ടാളത്തെ പിൻ‌വലിക്കും എന്നുപറഞ്ഞ് സർദാരിയും ഒരേ ബഹളം. ഒരുവിധത്തിൽ സർദരിയെ പറഞ്ഞാശ്വസിപ്പിച്ച മാഡം റൈസ് നേരെ പ്രണാബിനെ വിളിച്ചു. അപ്പോൾ ഇവിടത്തെ സ്ഥിതിയോ പ്രണാബ് കുമാർ ഇതൊന്നും അറിഞ്ഞിട്ടില്ല. താൻ സർദാരിയെ ഭീഷിണിപ്പെടുത്തുകപോയിട്ട് വിളിക്കുകപോലും ചെയ്തിട്ടില്ലെന്ന് പ്രണാബ് ആണയിട്ടു പറഞ്ഞു. ഇതു കേട്ടപ്പോളാണ് മാഡം റൈസിനു സമാധാനം ആയത്. എന്നാലും രണ്ടുപേരെയും നേരിട്ട്‌കണ്ട് ചർച്ചചെയ്യാൻ താൻ വരുന്നുണ്ടെന്നും റൈസ് പറഞ്ഞു ഫോൺ വെച്ചു. സർദാരിയെ വിളിച്ച് ഇതെല്ലാം അറിയിച്ചു. അങ്ങനെ സർദാരിക്കും ആശ്വാസമായത്.

എന്നാലും പാക് പ്രസിഡന്റ് സർദാരിയെ വിളിച്ച് ഇങ്ങനെ ഭീഷിണിപ്പെടുത്തിയ ആ അനോണി ആരാണെന്നത് ഇപ്പോഴും തർക്കത്തിൽ തുടരുന്നു. ആ ഫോൺ സന്ദേശത്തിന്റെ ഉറവിടം ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം തന്നെയാണെന്നു പാകിസ്താൻ തറപ്പിച്ചു പറയുമ്പോൾ ഇന്ത്യ ഇതെല്ലാം നിഷേധിക്കുകയാണ്. ഈ ഫോൺ സന്ദേശത്തെത്തുടർന്നു പാകിസ്താനിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകുകയും ലഹോറിലായിരുന്ന പാക്ക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയോട് തലസ്ഥാനത്ത് മടങ്ങിയെത്താൽ ആവശ്യപ്പെടുകയും, ഇന്ത്യാസന്ദർശനത്തിൽ ആയിരുന്ന പാക് വിദേശകാര്യമന്ത്രിക്ക് യാത്രമതിയാക്കി തിരിച്ചുവരാൻ നിർദ്ദേശം നൽകുകയും ഇതിനായി ഒരു പ്രത്യേക വിമാനം ഡൽഹിക്കു അയക്കുകയും ചെയ്തു. ഈ അജ്ഞാത ഫോൺ സന്ദേശം ഇന്ത്യയേയും പാകിസ്താനേയും ഒരു യുദ്ധത്തിന്റെ വക്കിൽ എത്തിച്ചു എന്നതാണ് വാസ്തവം.

6 December 2008

മകരവിളക്ക് ചില വസ്തുതകൾ | Some facts about Makaravilakku

കഴിഞ്ഞ ദിവസം ഒരു സുഹൃത്തു അയച്ചുതന്ന മെയിൽ‌അറ്റാച്ച്‌മെന്റ് ആണ് ഈ ബ്ലോഗിനുള്ള കാരണം. മകരവിളക്കിനു പിന്നിലുള്ള കള്ളക്കളികളെക്കുറിച്ച് 2007 ഫെബ്രുവരി മാസം പുറത്തിറങ്ങിയ കലാകൗമുദി ആഴ്ചപ്പതിപ്പിൽ ശ്രീ ടി എൻ ഗോപകുമാർ എഴുതിയ “വ്യാജാഗ്നി” എന്ന ലേഖനം ആയിരുന്നു ആ അറ്റാച്ച്‌മെന്റ്. പലർക്കും ഇതൊരു പുതിയ അറിവല്ലെന്നു ഞാൻ കരുതുന്നു. ആ ലേഖനത്തിന്റെ ചിത്രം താഴെ ചേർക്കുന്നു.


ഞാനും എന്റെ കുട്ടിക്കാലത്ത് ഇതൊരു ദിവ്യ സംഭവം ആയിട്ടാണ് കരുതിയിരുന്നത്. എന്നാൽ പിന്നീട് എന്റെ ബന്ധുവും കേരളപോലീസിൽ ഒരു ഉദ്യോഗസ്ഥനും ആയിരുന്ന ആളിൽ നിന്നുമാണ് ഇതിന്റെ പിന്നിലെ കളികളെക്കുറിച്ച് ഞാൻ ആദ്യം അറിഞ്ഞത്. പിന്നെ ഇതു സംബന്ധിക്കുന്ന ഒട്ടനവധി ലേഖനങ്ങളും, വാർത്താ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളും കാണാൻ ഇടയായി. തന്ത്രികുടുംബവും, പന്തളം രാജകൊട്ടാരവും ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന ശ്രീ രാമൻ നായർ പോലും മകരവിളക്ക് മനുഷ്യ നിർമ്മിതമാണെന്നും ഇതിൽ പ്രത്യേക ദിവ്യത്വം ഒന്നുമില്ലെന്നും പറയുകയുണ്ടായി.

വർഷങ്ങൾക്കു മുൻപ് പൊന്നമ്പലമേടിനു സമീപത്തു പോകാനും ഒരു അവസരം ലഭിച്ചു. ജോലിയുടെ ഭാഗമായി കൊച്ചു പമ്പ ഡാമിലുള്ള ഒരു മോട്ടോർ നോക്കാനാണ് ഞാൻ അവിടെ പോയത്. കൊച്ചുപമ്പ ഡാമിനോടുള്ള ചേർന്നു കെ എസ് ഇ ബി ക്ക് ഒരു സബ് സ്‌റ്റേഷൻ ഉണ്ട്. ഇവിടെനിന്നും ആണ് ശബരിമലയിലേയ്ക്കും സന്നിധാനത്തേയ്ക്കും വേണ്ട വൈദ്യുതി എത്തിക്കുന്നത്. മാത്രമല്ല തീർത്ഥാടനകാലത്ത് പമ്പയിലെ ജലനിരപ്പു ക്രമീകരിക്കുന്നതിനും കൊച്ചുപമ്പ ഡാം ഉപയോഗിക്കുന്നു. അന്നത്തെ യാത്ര വൈദ്യുതി വകുപ്പിന്റെ വണ്ടിയിൽ കോട്ടയം - കുമളി റോഡ് (കെ കെ റോഡ്) വഴിയായിരുന്നു. വണ്ടിപ്പെരിയാറിൽ നിന്നും വലത്തോട്ടു തിരിഞ്ഞാൽ പെരിയാർ കടുവ സങ്കേതത്തിലൂടേയുള്ള റോഡിൽ കയറാം. വണ്ടിപ്പെരിയാറിൽ നിന്നും നാലുമണിക്കൂർ നേരം കാനന പാതയിലൂടെ സഞ്ചരിച്ചാണ് അന്ന് കൊച്ചുപമ്പ ഡാമിൽ എത്തിയത്. ഈ വഴിയിൽ തന്നെയാണ് ശ്രീലങ്കയിൽ നിന്നുള്ള അഭയാർത്ഥികളെ താമസിപ്പിച്ചിരിക്കുന്ന ഗവി എന്ന കോളനി. ഇവിടെവരെ മാത്രമാണ് മനുഷ്യവാസം ഉള്ളത്. പിന്നീട് കൊടും‌കാടാണ്. പലപ്പോഴും മുൻ‌കൂർ അനുവാദം വാങ്ങിയ വണ്ടികൾക്കുമാത്രമേ ഈ വഴിയിൽ പ്രവേശനം ലഭിക്കൂ എന്നാണ് അന്നു ഒപ്പമുണ്ടയിരുന്നു കെ എസ് ഇ ബി ഡ്രൈവർ പറഞ്ഞത്. കൊച്ചുപമ്പ ഡാം തികച്ചും ഒറ്റപ്പെട്ട ഒരു പ്രദേശമാണ്. കെ എസ് ഇ ബി യുടേയും വനം വകുപ്പിന്റേയും ഉദ്യോഗസ്ഥർ ഒഴികെ മറ്റാരും അവിടെ ഇല്ല. പിന്നീടുള്ളത് കുറച്ചു ആദിവാസികളാണ്. ഇവിടെയ്ക്ക് അന്നു മറ്റു വാർത്താ വിനിമയ ഉപാധികൾ ഒന്നും എത്തിയിരുന്നില്ല. കെ എസ് ഇ ബി യുടെ സബ്‌സ്‌റ്റേഷനിൽ ട്രാൻസ്‌മിഷൻ ലൈൻ വഴി അത്യാവശ്യഘട്ടങ്ങളിൽ മറ്റു സബ്‌സ്‌റ്റേഷനുമായി ബന്ധപ്പെടാം. കൊച്ചുപമ്പ ഡാം എത്തുന്നതിന് കുറെ മുൻപ് റോഡിന്റെ വലതു വശത്തായി ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് അടച്ച ഒരു വഴി ഡ്രൈവർ കാണിച്ചു തന്നു. അതായിരുന്നു പൊന്നമ്പലമേട്ടിലേയ്ക്കുള്ള കാനന പാത. ആ താഴിന്റെ താക്കോൽ സൂക്ഷിച്ചിരുന്നത് കൊച്ചുപമ്പ ഡാമിന്റെ ചുമതലയുള്ള എക്സിക്യുട്ടീവ് എഞ്ചിനീയറും, ഫോറസ്റ്റ് ഓഫീസറും ആണെന്നും അദ്ദേഹം പറഞ്ഞു. പൊന്നമ്പലമേട്ടിൽ ഒരു കോൺക്രീറ്റ് തറയുണ്ടെന്നും അവിടെയാണ് മകരവിളക്ക് കത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പലപ്പോഴും അദ്ദേഹം പലരേയും അവിടെ കൊണ്ടുപോയിട്ടുണ്ട്. പിറ്റേ ദിവസം ജോലികഴിഞ്ഞ് സമയം ഉണ്ടെങ്കിൽ അവിടെ പോയിക്കാണമെന്നും ഞാൻ തീരുമാനിച്ചു. അദ്ദേഹവും അതു സമ്മതിച്ചു. എന്നാൽ പിറ്റേദിവസം വളരെ വൈകിയാണ് ജോലിതീർക്കാൻ സാധിച്ചത്. സാധാരണയായി സന്ധ്യക്കുശേഷം ആ വഴിയിലൂടെ വണ്ടി ഓടിക്കാൻ ആരു തയ്യാറവില്ല. കൂടാതെ ജോലികഴിഞ്ഞ് ഉടൻ തന്നെ എനിക്കു തിരിച്ച് വീട്ടിലേയ്ക്ക് പോരേണ്ടതായും വന്നു. പൊന്നമ്പലമേടു കാണാനുള്ള ഒരു അവസരം അങ്ങനെ നഷ്ടമായി.

കോടിക്കണക്കിനു മനുഷ്യരുടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്ന ഈ പരിപാടിയ്ക്കു സർക്കാർ കൂട്ടുനിൽക്കുന്നത് ശബരിമല ക്ഷേത്രത്തിൽ നിന്നുള്ള വരുമാനം മാത്രം ലക്ഷ്യം വെച്ചാണ്. കൂടാതെ ഈ സത്യങ്ങൾ അറിഞ്ഞിരുന്നുകൊണ്ട് വിവിധ മാധ്യമങ്ങളും മകരവിളക്കിന്റെ തത്സമയ സം‌പ്രേക്ഷണം എന്ന കച്ചവടം നടത്തുന്നു. ജനങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്നകാര്യത്തിൽ കക്ഷി രാഷ്‌ട്രീയഭേദമില്ലാതെ എല്ലാ സർക്കാരുകളും തുല്യതെറ്റുകാരാണ്. ഇതിനെതിരായി പലരും കോടതിയെ സമീപിച്ചെങ്കിലും ഇതു വിശ്വാസത്തിന്റെ പ്രശ്നമാണെന്നു പറഞ്ഞ് കാലാകലങ്ങളിൽ വന്നിട്ടുള്ള സർക്കാരുകൾ ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. മകരസംക്രമദിവസം തിരുവാഭരണം ചാർത്തി നടതുറക്കുമ്പോൾ പൊന്നമ്പലമേട്ടിൽ മൂന്നു തവണ തെളിയുന്ന ദീപം സർക്കാർ സംവിധാനങ്ങളുടെ സൃഷ്‌ടിയാണെന്നു പറയാനുള്ള ആർജ്ജവം ഇനിയെങ്കിലും സർക്കാരിനുണ്ടാവണം. സാധാരണഗതിയിൽ പലരും സ്വാധീനം ഉപയോഗിച്ച് പൊന്നമ്പലമേട്ടിൽ എത്താറുണ്ടെങ്കിലും മകരവിളക്കിനു ആഴ്ചകൾക്കു മുൻപു തന്നെ ഈ പ്രദേശം പോലീസിന്റെ നിയന്ത്രണത്തിൽ ആയിരിക്കും. അതുകൊണ്ടു തന്നെ ഈ തട്ടിപ്പിന്റെ ചിത്രങ്ങൾ ഇത്രനാളും ലഭ്യമല്ലായിരുന്നു. ശ്രീ ടി എൻ ഗോപകുമാർ തന്റെ ലേഖനത്തിന്റെ അവസാനം പറയുന്നതുപോലെ സൂക്ഷ്മനിരീക്ഷണ നേത്രങ്ങൾ ഉള്ള ഉപഗ്രഹങ്ങൾ ഈ തെറ്റിന്റെ തത്സമയ ദൃശ്യങ്ങൾ ലോകത്തിനു മുൻപിൽ കാഴ്ചവെച്ച്, ശബരിമലക്കും, പ്രബുദ്ധകേരളത്തിനും ഇന്ത്യക്കും‌തന്നെ തീരാശാപംവരുത്തുന്നതിനുമുൻപേ ഈ തെറ്റു തിരുത്തപ്പെടട്ടേ എന്ന് ഞാനും പ്രാർത്ഥിക്കുന്നു.

5 December 2008

മാധ്യമങ്ങളോട് ഒരു അഭ്യർത്ഥന | An appeal to the media

കണ്ണൂർ ജില്ലയിലെ ഇരിക്കൂരിൽ സ്കൂൾവിദ്യാർത്ഥികളുടെ മേൽ വാഹനം കയറി ഒൻപതു പിഞ്ചുകുട്ടികൾ മരിച്ച ദാരുണസംഭവം മലയാളത്തിലെ എല്ലാ വാർത്താചാനലുകളും റിപ്പോർട്ട് ചെയ്തതാണ്. പ്രേക്ഷകരായ ഞങ്ങളിലേയ്ക്ക് അപകടത്തിന്റെ വിശദാംശങ്ങളും ദൃശ്യങ്ങളും എത്തിക്കുന്നതിന് നിങ്ങൾനടത്തിയ പരിശ്രമം തികച്ചും അഭിനന്ദനാർഹം തന്നെ. എന്നാൽ കടുത്ത മത്സരം നിലനിൽക്കുന്ന ഈ രംഗത്ത് വാർത്തകൾ പ്രേക്ഷകരിലേയ്ക്ക് എത്തിക്കുന്നതിന് നിങ്ങൾ കാണിക്കുന്ന വ്യഗ്രത പലപ്പോഴും എല്ലാം അതിർവർമ്പുകളും ലംഘിക്കുന്നതാണെന്നു പറയാതെ വയ്യ. ഇതു ആദ്യമായിട്ടല്ല ഇത്തരം അപകടങ്ങളുടെ ദൃശ്യങ്ങൾ കാണികളിൽ ജുഗുപ്സ ഉണ്ടാക്കുന്ന തരത്തിൽ ദൃശ്യമാധ്യമങ്ങളിൽ വരുന്നത്. ചിലഘട്ടങ്ങളിൽ ഊതിപ്പെരുപ്പിച്ച കണക്കുകളും ഊഹാപോഹങ്ങളും അനാവശ്യമായ ഉത്കണ്ഠ കാണികളിലും ദുരത്തിനിരയായവരുടെ ബന്ധുക്കളിലും ഉണ്ടാക്കുന്നു എന്നതും ദയവായി മറക്കാതിരിക്കുക.

ഒരു വാർത്തയുടെ വിശദവിവരങ്ങൾനൽകുന്ന മുഴുവൻ സമയവും മരിച്ചുകിടക്കുന്ന പിഞ്ചുകുട്ടികളെ ഇങ്ങനെ തുടർച്ചയായി കാണിക്കേണ്ടതുണ്ടോ? ഈ ദൃശ്യങ്ങൾ തുടർച്ചയായി കാണുന്ന കാണികളിൽ, പ്രത്യേകിച്ച് അമ്മമാരിൽ ഉണ്ടാക്കുന്ന വികാരങ്ങളെക്കുറിച്ച് അല്പമെങ്കിലും ചിന്തിച്ചുകൂടെ?

എന്തെങ്കിലും അപകടങ്ങൾ നടക്കുമ്പോൾ സംഭവസ്ഥലത്തുനിന്നും ദൃക്‌സാക്ഷികളിൽ നിന്നും നിങ്ങൾ എത്തിക്കുന്ന വിവരങ്ങൾ അപകടത്തെക്കുറിച്ചുള്ള ഒരു വ്യക്തമായ ചിത്രം പ്രേക്ഷകരായ ഞങ്ങൾക്കു നൽകുന്നു എന്നതു ശരി തന്നെ. എന്നാൽ അപകടത്തിൽ പരിക്കേറ്റവർക്ക് അത്യാവശ്യമായ വൈദ്യസഹായം ലഭ്യമാക്കുന്ന ആശുപത്രികളുടെ തീവ്രപരിചരണ വിഭാഗത്തിലും നിങ്ങൾ എത്തുന്നു. ഒന്നോ രണ്ടോ ആളുകല്ല മറിച്ച് പത്തും ഇരുപതും പേർവരുന്ന സംഘമാണ് ഇത്തരത്തിൽ ക്യാമറകളും മറ്റുമായി തീവ്രപരിചരണ വിഭാഗങ്ങളിൽ കയറുന്നത്. സ്വാഭാവികമായും ഇത്തരം ഒരു അപകടം നടന്നാൽ ബന്ധുക്കളുണ്ടോ എന്നു തിരഞ്ഞെത്തുന്നവരേയും, പരിക്കേറ്റവർക്ക് ആവശ്യമായ പരിചരണം നൽകുന്നവരേയും കൊണ്ട് നിറഞ്ഞിരിക്കുന്ന തീവ്രപരിചരണ വിഭാഗങ്ങൾ മാധ്യമപ്രവർത്തകരുടെ ഇരച്ചുകയറ്റം കൂടിയാവുമ്പോൾ ശ്വസം‌മുട്ടുന്ന കാഴചയാണ് കാണാറ്. തീവ്രപരിചരണവിഭാഗത്തിൽ ഇത്തരത്തിൽ ഉണ്ടാവുന്ന തിരിക്ക് പരുക്കേറ്റവർക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കുന്നതിൻ തടസ്സം‌സൃഷ്ടിക്കുമെന്നതിൽ രണ്ടഭിപ്രായം ഉണ്ടെന്നു ഞാൻ കരുതുന്നില്ല. അപകടത്തിൽ മുറിവുകളേറ്റു എത്തുന്നവരേക്കാൾ പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നത് മാധ്യമപ്രവർത്തകരാണെന്നു പരിചയമുള്ള പല ഡോക്ൿടർമാരും, നെഴ്‌സിങ്ങ് വിഭാഗത്തിൽ ഉള്ളവരും പറയാറുണ്ട്. തീവ്രപരിചരണവിഭാഗത്തിൽ ഇത്തരത്തിൽ ഉണ്ടാവുന്ന തിക്കുംതിരക്കും അപകടം ഏല്‍പ്പിച്ച ആഘാതവും, ശരീരത്തിലേറ്റ മുറിവുകളുടെ വേദനയുമായി കഴിയുന്ന വ്യക്തികളിൽ ഉണ്ടാക്കുന്ന മാനിസികമായ വൈഷമ്യങ്ങളെക്കുറിച്ച് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ?

മലയാളികൾ പൊതുവേ വാർത്തകൾ അറിയുന്നതിന് കൂടുതൽ ഔത്സുക്യം ഉള്ളവരാണ്. അതുകൊണ്ടാണ് ഈ കൊച്ചു കേരളത്തിൽ ഇത്രയധികം വാർത്താചാനലുകളും, വർത്തമാനപത്രങ്ങളും, വാർത്താമാസികകളും ഉള്ളത്. എന്നാൽ വാർത്തകൾ പ്രേക്ഷകർക്കു മുൻപിൽ ആദ്യം എത്തിക്കുന്നതിനുള്ള കിടമത്സരം ഇന്നു ദൃശ്യമാധ്യമങ്ങളിൽ വളരെക്കൂടുതലാണ്. ജാഗ്രത്തായ മാധ്യമപ്രവർത്തനം സമൂഹത്തിലെ അഴിമതിയേയും, മറ്റുതിന്മകളേയും കുറയ്ക്കുന്നതിനു സഹായിക്കുന്നു എന്നതിലും, മൂടിവെയ്ക്കപ്പെടുന്ന പല സത്യങ്ങളേയും വെളിച്ചത്തുകൊണ്ടുവരുന്നു എന്നതിലും തർക്കമില്ല. എന്നാൽ അപകടങ്ങൾ പോലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ സം‌യമനവും ദൃശ്യങ്ങളുടെ കാര്യത്തിൽ അല്പം വിവേകവും വേണമെന്ന വിനീതമായ അഭ്യർത്ഥനയാണ് എനിക്കുള്ളത്.

30 November 2008

മുംബൈ ആക്രമണം | Mumbai Attacks

രാജ്യത്തെ മുഴുവൻ ഭീതിയുടേയും ഉത്കണ്ഠയുടേയും മുൾമുനയിൽ നിറുത്തിയ മൂന്നു ദിവസം നീണ്ടുനിന്ന പോരാട്ടങ്ങൾക്കൊടുവിൽ താജ് മഹൽ പാലസ്, ഒബ്രോയ് ട്രിഡന്റ്, നരിമാൻ ഹൗസ് എന്നിവിടങ്ങളിൽ കടന്നുകയറിയ മുഴുവൻ ഭീകരരേയും നമ്മുടെ സുരക്ഷാസൈനികരും, പോലീസും ചേർന്നു വധിക്കുകയോ കീഴ്പ്പെടുത്തുകയോ ചെയ്തിരിക്കുന്നു. മൂന്നു ദിവസം നീണ്ട കടുത്തപോരാട്ടത്തിനൊടുവിൽ രാജ്യം സമാധാനത്തിന്റെ ശ്വാസം എടുക്കുകയാണിപ്പോൾ. എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ചുള്ള ഒരു വ്യക്തമായ ചിത്രം ഇപ്പോഴും നമ്മുടെ മുൻപിൽ ഇല്ല. എവിടെനിന്നാണ് ഈ ഭീകരർ ഇന്ത്യയിൽ എത്തിയത്? എങ്ങനെ ഇത്രയും ആയുധങ്ങൾ അവർ മേല്‍പ്പറഞ്ഞ സ്ഥലങ്ങളിൽ എത്തിച്ചു? എന്നാണ് ഇതിന്റെ ആസൂത്രണങ്ങൾ നടന്നത്? എന്നീ ചോദ്യങ്ങൾക്കു പുറമെ എത്ര ഭീകരർ ഉണ്ടായിരുന്നുവെന്നതും കൃത്യമായ ഉത്തരം അറിയാത്ത ഒരു ചോദ്യമാണ്. ഇതുവരെ മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് ഒൻപതു ഭീകരരെ വധിച്ചതായും ഒരാളെ ജീവനോടെ പിടിക്കാൻ സാധിച്ചതായും മനസ്സിലാക്കുന്നു. ഈ ആക്രമണങ്ങളിൽ ആകെ മരണ സംഖ്യ 195 ആണ്. ഇതിൽ ഏകദേശം 22 വിദേശികളും, 2 കമാന്റോകളും, പോലീസ്, സൈനിക വിഭാഗങ്ങലിൽ നിന്നുള്ള 20 പേരും പെടും. തിരിച്ചറിഞ്ഞിട്ടില്ലാത്ത ഇരുപതോളം മൃതദേഹങ്ങൾ വിവിധ ആശുപത്രികളിലായി ഇപ്പൊഴും ഉണ്ട്. കൊല്ലപ്പെട്ട വിദേശികളിൽ ഇസ്രായേൽ, ജർമ്മനി എന്നിവടിങ്ങളിൽ നിന്നും മൂന്നു പേർ വീതവും, അമേരിക്ക, ഇറ്റലി, ചൈന, തായ്‌ലാന്റ്, മൗറീഷ്യസ്, സിങ്കപ്പൂർ, ബ്രിട്ടൺ, ജപ്പാൻ, ആസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള ഒരാൾ വീതവും ഉണ്ട്. കൊല്ലപ്പെട്ട അഞ്ചു വിദേശികളെ ഇനിയും തിരിച്ചറിയാൻ ഉണ്ട്. വിവിധ സുരക്ഷാസേനകൾക്കു തങ്ങളുടെ വിലപ്പെട്ട 22 ജീവനുകളാണ് നഷ്ടപ്പെട്ടത്. സംഘട്ടനത്തിന്റെ ആദ്യമണിക്കൂറുകളിൽ തന്നെ മഹാരാഷ്‌ട്ര പോലീസിനു അതിന്റെ ഏറ്റവും പ്രഗൽഭരായ മൂന്നു ഉദ്യോഗസ്ഥരെ നഷ്ടമായി. മഹാരാഷ്‌ട്ര ഭീകര വിരുദ്ധസ്ക്വാഡിന്റെ തലവൻ ഹേമന്ദ് കാർക്കരെ, മുതിർന്ന പോലീസ് ഉദ്യോഗസ്ഥനും ഏറ്റുമുട്ടൽ വിദഗ്ദ്ധനുമായ വിജയ് സലസ്കർ, മുംബൈ അഡീഷണൽ പോലീസ് കമ്മീഷണർ അശോക് കാംതെ എന്നിവരാണ് അവർ. തുടർന്നു ദേശീയ സുരക്ഷാ ഗാർഡുകൾ ഭീകരരെ തുരത്തുന്ന നടപടികൾ തുടങ്ങി. ധീരമായ ആക്രമണത്തിനൊടുവിൽ വിജയം കൈവരിക്കാൻ അവർക്കായെങ്കിലും മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ, ഹവിൽദാർ ചന്ദർ എന്നിവർ ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. ഓപ്പറേഷൻ സൈക്ലോൺ എന്നു പേരിട്ട ഈ സൈനിക നടപടി അവസാനിപ്പിക്കുമ്പോൾ ബന്ദികളാക്കപ്പെട്ട അറുന്നൂറോളം പേരെ മോചിപ്പിക്കാൻ സാധിച്ചു എന്നത് അഭിമാനാർഹം തന്നെ. ശ്രദ്ധേയമായ മറ്റൊരുകാര്യം ഗർജിച്ചിരുന്ന പല സിംഹങ്ങളും കടുവകളും ആക്രമണ സമയത്ത് സ്വന്തം മടകൾക്കുള്ളിൽ ഒളിച്ചു എന്നതാണ്.

എന്നാൽ ഈ സംഭവം തികച്ചും ആശങ്കാജനം ആണ്. വളരെയധികം സുരക്ഷാ ക്രമീകരണങ്ങൾ ഉള്ള സ്ഥലമാണ് താജ് മഹൽ ഹോട്ടലും, ഒബ്രോയ് ട്രിഡന്റും എന്നു മാധ്യമങ്ങളിൽ വന്ന വാർത്തകളിൽ നിന്നും മനസ്സിലാക്കുന്നു. അവിടെ ഈ ഭീകരർ എങ്ങനെയാണ് കടന്നത് എന്നകാര്യം അന്വേഷണങ്ങൾക്കൊടുവിൽ വ്യക്തമാവും എന്നു കരുതാം. താജ് മഹൽ പാലസ് ഹോട്ടലിൽ നിന്നും സൈന്യം എ കെ 47 തോക്കുകളും, ഗ്രനേഡുകളും, പിസ്റ്റളികളും കണ്ടെടുത്തിട്ടുണ്ട്. എട്ടു കിലോവീതം ആർ ഡി എക്സ് ഉള്ള രണ്ടുപെട്ടികളും താജ് ഹോട്ടലിനു സമീപത്തുനിന്നും കണ്ടെടുത്തതായി വാർത്തകൾ ഉണ്ട്. മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് നവംബർ പന്ത്രണ്ടിനോ പതിമൂന്നിനോ പാകിസ്താനിലെ കറാച്ചിയിൽ നിന്നും എം വി ആൽ‌ഫാ എന്ന കപ്പലിൽ പുറപ്പെട്ട സംഘം കുബേർ എന്ന മത്സ്യബന്ധനട്രോളർ പിടിച്ചെടുക്കകയും അതിലെ ക്യാപ്റ്റൻ ഒഴികെയുള്ള ജീവനക്കാരെ കൊന്നു കടലിൽ എറിയുകയും ചെയ്തു. ഇന്ത്യൻ തീരത്തെത്തിയ ശേഷം ബോട്ട് ഉപേക്ഷിച്ച ഭീകരർ അതിന്റെ ക്യാപ്റ്റനെ കഴുത്തറുത്തു കൊല്ലുകയായിരുന്നു. ഈ ബോട്ട് ഗുജറാത്തിന്റെ തീരത്തുനിന്നും പിന്നീട് കണ്ടെത്തി. ഗ്യാസ് നിറച്ച ബോട്ടുകളിലാണ് സംഘം കരയിൽ എത്തുന്നത്. ഇതും മഹാരാഷ്‌ട്രാ പോലീസ് കണ്ടെടുത്തിട്ടുണ്ട്. പിന്നീട് ഇവർ വിവിധ ലക്ഷ്യസ്ഥാനങ്ങളിൽ തങ്ങുകയായിരുന്നു. ഭീകരർക്ക് താജ് മഹൽ പാലസിന്റെ ഓരോ മുക്കും മൂലയും വ്യക്തമായി അറിമായിരുന്നു എന്നതും അന്വേഷകരെ കുഴക്കുന്നു. ഇവരിൽ ചിലർ നേരത്തെ താജിൽ ജോലിക്കാരായി എത്തിയിരിക്കാം എന്നനിലപാടിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.

നമ്മുടെ ജവാന്മാരുടെ ധൈര്യം തിച്ചും പ്രശം‌സാർഹം തന്നെ. ഇനിയുള്ളത് ഭരണാധികാരികളുടെ ജോലിയാണ്. ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച മുഴുവൻ ആളുകളേയും അവർ സ്വദേശികളായാലും, വിദേശികളായാലും മാതൃകാപരമായി ശിക്ഷിക്കുവാൻ നമ്മുടേ ഭരണസംവിധാനത്തിനു സാധിക്കണം. പഴയ പല്ലവി ഇപ്പോഴും വെറുതെ ആവർത്തിച്ചാൽ പോര. പാകിസ്താൻ ആസ്ഥാനമായുള്ള ഭീകരസംഘടനകൾ ആണ് ഈ ആക്രമണങ്ങൾക്കു പിന്നിൽ എങ്കിൽ അവരെ നിയമ നടപടികൾക്കു വിധേയരാക്കാൻ നമുക്കു കഴിയണം. ഇത്തരത്തിൽ പരിശീലനം നടത്തുന്ന കേന്ദ്രങ്ങൾ പാകിസ്ഥാനിൽ ഉണ്ടെന്നത് പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്ന വസ്തുതയാണ്. അവിടെ സം‌യുക്തമായ സൈനികനടപടിയാണ് ആവശ്യം. അതിനു പാകിസ്താൻ തയാറല്ലെങ്കിൽ അന്താരാഷ്ട്രസമൂഹത്തിനു മുൻപിൽ ഭീകരവാദത്തിനെതിരായ നിലപാടുകളിൽ പാകിസ്താൻ കാണിക്കുന്ന പൊള്ളത്തരം തുറന്നു കാണിക്കാനും അങ്ങനെ അന്താരാഷ്ട്രാതലത്തിൽ തന്നെ പാകിസ്താനെതിരായ നടപടികൾക്ക് സമ്മർദ്ദം ചേലുത്താനും നമുക്ക് സാധിക്കണം. ഇതൊന്നിനും തയ്യാറാവാതെ വെറുതെ കുറ്റപ്പെടുത്തലുകൾ കൊണ്ട് ഒരു കാര്യവും ഇല്ല. വാക്കുകൾ അല്ല പ്രവൃത്തിയാണ് ഇനി ആവശ്യം. പ്രവർത്തിക്കാൻ ധൈര്യമില്ലാത്ത ഭരണകൂടത്തോട് ഒന്നേ പറയാനുള്ളു ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച സംഘടനകളെപ്പറ്റിയുള്ള തെളിവുകൾ സ്വന്തം പൗരന്മാരുടെ ജീവൻ നഷ്ടപ്പെടുത്തിയവരോടു പ്രതികാരം ചെയ്യാൻ ചങ്കുറപ്പുള്ള മറ്റു രാജ്യങ്ങൾക്കു കൈമാറുക. പലപ്പോഴും ഇത്തരം ആക്രമണങ്ങളിൽ പിടിക്കപ്പെടുന്നവരെ ശിക്ഷിക്കുന്നതിനുള്ള ധൈര്യം ഇവിടുത്തെ ഭരണസംവിധാനത്തിനുണ്ടായിട്ടില്ല. അതാണ് രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളും, പാർലമെന്റ് ആക്രമണക്കേസിലെ മുഹമ്മദ് അഫ്‌സലും, ഇപ്പോഴും ജീവനോടെ ഇരിക്കുന്നതിനു കാരണം. ഇവിടെ പത്തംഗസംഘത്തിൽ ഒൻപതുപേരും കൊല്ലപ്പെട്ടു എന്നത് ആശ്വാസകരമാണ്. അല്ലെങ്കിൽ അവരേയും നമ്മുടെ ജയിലുകളിൽ അനന്തമായി പാർപ്പിച്ചേനെ. പിന്നീട് കാണ്ഡഹാർ പോലുള്ള സംഭവങ്ങളിൽ ബന്ദികകൾക്കു പകരമായി നമ്മുടെ ധീര ജവാന്മാർ സ്വന്തം ജീവൻ വെടിഞ്ഞും പിടിക്കുന്ന ഭീകരരെ അടിയറവെച്ചു മുഖം രക്ഷിക്കേണ്ട ഗതികേട് ആവർത്തിക്കുമായിരുന്നു.

പലപ്പോഴും തീവ്രവാദികളുടെ നീക്കങ്ങൾ മുൻ‌കൂട്ടി അറിയുന്നതിൽ നമ്മുടെ സുരക്ഷാ ഏജൻസികൾക്ക് കഴിയുന്നില്ല. ഈ കഴിഞ്ഞ ഏതാനും നാളുകളായി എത്ര ആക്രമണങ്ങളാണ് നമ്മുടെ രാജ്യത്ത് നടന്നത്. ആക്രമണത്തിനു മുൻപ് അതിനുള്ള ഒരു ശ്രമവും പരാജയപ്പെടുത്തി എന്ന വാർത്തകേൾക്കാൻ കഴിഞ്ഞിട്ടില്ല. വടക്കേ ഇന്ത്യയിൽ നിന്നും മാത്രം കേട്ടിരുന്ന ഇത്തരം സ്‌ഫോടനവാർത്തകൾ ഇപ്പോൾ നമ്മുടെ നാട്ടിലും എത്തിയിരിക്കുന്നു. ബാംഗ്ലൂരിൽ അടുത്തയിടെ ഉണ്ടായ ബോംബുസ്‌ഫോടനങ്ങളും, നമ്മുടെ കൊച്ചുകേരളത്തിൽ നിന്നു പോലും തീവ്രവാദി ബന്ധത്തിന്റെ പേരിൽ അനേകം യുവാക്കൾ അറസ്റ്റുചെയ്യപ്പെട്ടതുമായ വാർത്തകളും തികച്ചും ആശങ്കാജനകം തന്നെ. ഇന്നാൽ ഇത്തരം സംഭവങ്ങളെപ്പറ്റിയുള്ള അന്വേഷണങ്ങൾ എങ്ങുമെത്താതെ അവസാനിക്കുകയാണ് പതിവു. ഇത്തരം കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനു ദേശീയതലത്തിൽ ഒരു ഏജൻസി വേണമെന്നത് വളരെക്കാലമായുള്ള ഒരു ആവശ്യമാണ്. ബോംബെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇതു വീണ്ടും സജീവ ചർച്ചാവിഷയം ആയിട്ടുണ്ടെന്നതും ഇത്തരം ഒരു ഏജൻസി രൂപീകരിക്കും എന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ ആശ്വാസകരം തന്നെ. എന്നാൽ ബോംബെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ അദ്ദേഹം രാജ്യത്തോടായി ചെയ്ത പ്രസംഗം തികച്ചും നിരാശാജനകമായിരുന്നു എന്നു പറയാതെവയ്യ. ഈ ആക്രമണത്തിനു പിന്നിൽ പാകിസ്താൻ ഉണ്ടെന്ന് തറപ്പിച്ചു പറയുന്നതിള്ള ധൈര്യം പോലും അദ്ദേഹത്തിനുണ്ടായില്ല. രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷക്കു ഭീഷിണിയായിട്ടുള്ള സംഘങ്ങൾ ഏതുരാജ്യത്തായാലും അവരെ തകർക്കും എന്നു പറയാനും, പ്രവർത്തിക്കാനും ഉള്ള കരുത്താണ് പ്രധാനമന്ത്രിക്കാവശ്യം. ഇക്കാര്യത്തിൽ ഇസ്രായേൽ ഉൾപ്പടെയുള്ള രാജ്യങ്ങൾ നമുക്കു വാഗ്ദാനം ചെയ്തിട്ടുള്ള സഹായം സ്വീകരിക്കണം എന്നതാണ് എന്റെ അഭിപ്രായം.

നമ്മുടെ രാജ്യത്തിന്റെ സമ്പത്തികതലസ്ഥാ‍നം ഭീകരരുടെ കൈയ്യിൽ നിന്നും മോചിപ്പിക്കുന്നതിൽ ജീവൻ വെടിഞ്ഞ മുഴുവൻ സേനാംഗങ്ങൾക്കും എന്റെ പ്രണാമം.

20 November 2008

അഭയകേസ് ചരിത്രവും ആശങ്കകളും

കേരളത്തിൽ കോളിളക്കമുണ്ടാക്കിയ ഒട്ടനവധി കേസുകൾ ഉണ്ട്. അതിൽ മലയാളികൾ എന്നും ഓർക്കുന്ന ഒന്നാണ് സിസ്റ്റർ അഭയുടെ കൊലപാതകം. കേരളത്തിൽ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ടതും, ഒട്ടനവധി വിവാദങ്ങൾ സൃഷ്ടിച്ചതുമായ ഒന്നാണ് ഈ കേസ് എന്നതിൽ തർക്കമില്ല. കോട്ടയം ബി സി എം കോളേജ് രണ്ടാം വർഷ പ്രി ഡിഗ്രീ വിദ്യാർത്ഥിനിയായിരുന്ന സിസ്റ്റർ അഭയയുടെ മൃതദേഹം 1992 മാർച്ച് 27നു രാവിലെ അവർ താമസിച്ചിരുന്ന സെന്റ് പിയൂസ് കോൺ‌വെന്റിലെ കിണറ്റിൽ കാണപ്പെട്ടതു മുതൽക്കാണ് വിവാദമായ സംഭവങ്ങൾ ആരംഭിക്കുന്നതു. ദുരൂഹമരണം സംബന്ധിച്ചു കേസ് അന്വേഷിച്ച പോലീസ് ഇതു ആത്മഹത്യയാണെന്നു വിധിയെഴുതി. തുടർന്നു ജനകീയ പ്രക്ഷോഭങ്ങളുടെ ഫലമായി കേസ് കേരള പോലീസിന്റെ ക്രൈംബ്രഞ്ചിനു കൈമാറുകയും ഏതാണ്ട് പോലീസ് നടത്തിയ അതേ നിഗമനങ്ങളൊടെ തന്നെ ആത്മഹത്യയായി കണ്ടെത്തുന്ന റിപ്പോർട്ടോടെ ക്രൈം ബ്രാഞ്ചും കേസന്വേഷണം അവസാനിപ്പിക്കുകയുമാണ് ഉണ്ടായത്. തുടർന്നു കേസ് സി ബി ഐ ക്കു കൈമാറി. സിസ്റ്റർ അഭയയുടെ അസ്വാഭാവിക മരണം നടന്നു ഒരു വർഷം കഴിഞ്ഞ വേളയിൽ വർഗ്ഗീസ് പി തോമസ് എന്ന സമർത്ഥനായ Dy SP യുടെ നേതൃത്വത്തിൽ സി ബി ഐ കേസന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്വേഷണം ആരംഭിച്ച് ഏതാനും മാസങ്ങൾക്കുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീ വർഗ്ഗീസ് പി തോമസ് സർവ്വീസിൽ നിന്നും രാജിവെയ്ക്കുകയാണ് ഉണ്ടായതു. എന്നാൽ പൊലീസും, ക്രൈംബ്രഞ്ചും ആത്മഹത്യയായി എഴുതിത്തള്ളിയ ഈ മരണം ആസൂത്രതിമായ ഒരു കൊലപാതകമായിരുന്നു എന്ന തന്റെ നിഗമനം സി ബി ഐ ഡയറിയിൽ രേഖപ്പെടുത്താൻ ഈ ഉദ്യോഗസ്ഥൻ മറന്നില്ല. സിസ്റ്റർ അഭയയുടെ മരണം ദേശീയശ്രദ്ധ നേടിയതു ശ്രീ വർഗ്ഗീസ് പി തോമസിന്റെ രാജിയും തുടർന്നു പത്രസമ്മേളനത്തിലൂടെ അദ്ദേഹം നടത്തിയ വെളിപ്പെടുത്തലുകളിലൂടേയുമാണ്. ഈ മരണം ഒരു ആത്മഹത്യയാണെന്നു രേഖപ്പെടുത്താൻ തന്റെ മുതിർന്ന ഉദ്യോഗസ്ഥനായ ത്യാഗരാജന്റെ സമ്മർദ്ദം ഉണ്ടെന്നും അപ്രകാരം പ്രവർത്തിക്കാൻ തന്റെ മനഃസാക്ഷി അനുവദിക്കാത്തതിനാലാണ് രാജിവെയ്ക്കുന്നതെന്നുമാണ് അദ്ദേഹം വെളിപ്പെടുത്തിയത്. (വർഷങ്ങൾക്കു ശേഷം തിരുവനന്തപുരത്തെ കോടതിയിൽ അദ്ദേഹം നൽ‌കിയ മൊഴിയിൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ശ്രീ നരസിംഹ റാവുവിന്റെ ഓഫീസ് പോലും ഈ കേസിൽ തിരിമറി നടത്താൻ ശ്രമിച്ചിരുന്നതായി താൻ സംശയിക്കുന്നുണ്ടെന്നും ശ്രീ വർഗ്ഗീസ് പി തോമസ് പറയുന്നു.) തുടർന്നു സി ബി ഐയുടെ പല സംഘങ്ങളും ഈ കേസ് അന്വേഷിച്ചു. ഇതു കൊലപാതകമാണെന്നും എന്നാൽ പ്രതികളിലേയ്ക്കു എത്തിച്ചേരാൻ സഹായകമായ എല്ലാ തെളിവുകളും നശിപ്പിക്കപ്പെട്ടതിനാൽ കേസ് അവസാനിപ്പിക്കാൻ അനുവദിക്കണം എന്ന സി ബി ഐയുടെ അപേക്ഷകൾ രൂക്ഷവിമർശനത്തോടെയാണ് പലപ്പോഴും ചീഫ് മജിസ്‌ട്രേറ്റ് കോടതിയും, ഹൈക്കോടതിയും തള്ളിയതു. കേസിന്റെ നിർണ്ണായകമായ ഘട്ടങ്ങളിൽ കോടതിയുടെ ഇടപെടൽ സാദ്ധ്യമാക്കിയതു ശ്രീ ജോമോൻ പുത്തൻപുരയ്ക്കൽ എന്ന മനുഷ്യാവകാശ പ്രവർത്തകന്റെ ഇടപെടലുകളാണ്. ഒടുവിൽ കേസന്വേഷണത്തിന്റെ മേൽനോട്ടം നേരിട്ട് ഹൈക്കോടതി ഏറ്റെടുക്കുകയായിരുന്നു.

സിസ്റ്റർ അഭയ കൊല്ലപ്പെട്ടിട്ട് പതിനാറുവർഷങ്ങൾക്കു ശേഷം പ്രതിസ്ഥാനത്തു ചിലരെ നിറുത്താൻ ഇന്നു സി ബി ഐക്കു കഴിഞ്ഞു. നീണ്ട പതിനാറുവർഷങ്ങൾക്കു ശേഷം ഫാദർ തൊമസ് കോട്ടൂർ, ഫാദർ ജോസ് പൂതൃക്കയിൽ, സിസ്റ്റർ സ്റ്റെഫി എന്നിവരെ യഥാക്രമ ഒന്നും, രണ്ടും, മൂന്നും പ്രതികളാക്കി ഇന്നു എറണാകുളം സി ജെ എം കോടതി മുൻപാകെ സി ബി ഐ ഹാജറാക്കി. തുടർന്നുള്ള അന്വേഷണങ്ങൾക്കും തെളിവെടുപ്പിനുമായി കോടതി ഈ പ്രതികളെ 14 ദിവസത്തേയ്ക് സി ബി ഐ കസ്റ്റഡിയിൽ വിട്ടുകൊടുക്കുകയും ചെയ്തു. ഈ നടപടി നാളേത്തന്നെ പ്രതിഭാഗം ഹൈക്കോടതിയിൽ ചോദ്യം ചെയ്യും. അങ്ങനെ വീണ്ടും അഭയകേസ് കോടതിയിലും, മാധ്യമങ്ങളിലും ചർച്ചാവിഷയം ആവുകയും ചെയ്യും. പ്രതിഭാഗത്തിനു വേണ്ടി പ്രശസ്തരും പ്രഗൽഭരുമായ അഭിഭാഷകർ തന്നെ എത്തും. അവരുടെ വാദമുഖങ്ങളെ നേരിടാൻ സി ബി ഐയ്ക്കു സാധിക്കുമോ? ഇത്ര നാളും ഒരു മേൽനോട്ടക്കാരന്റെ സ്ഥാനം വഹിച്ചിരുന്ന കോടതിയ്ക്കു ഇനി ആ സ്ഥാനത്തുനിന്നും വിധികർത്താവിന്റെ സ്ഥാനത്തേയ്ക്കു മാറേണ്ടിവരുന്നു.

സിസ്റ്റർ അഭയയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടും, ആന്തരീകാവയവങ്ങളുടെ രാസപരിശോധനാ റിപ്പോർട്ടും അവരുടെ മരണം കൊലപാതകമാണെന്ന നിഗമനങ്ങളെ തള്ളിക്കളയുന്നു. ഇവയുടെ വർക്ക് ബുക്കുകളിൽ പലതിലും തിരുത്തലുകൾ കണ്ടെത്തിയെങ്കിലും അന്തിമറിപ്പോർട്ട് ആത്മഹത്യയാണെന്ന നിഗമനമാണ് നൽകുന്നതു. സിസ്റ്റർ അഭയയുടെ ഡയറിയും മറ്റും കേസന്വേഷണത്തിനിടെ നശിപ്പിക്കപ്പെട്ടു. നാർക്കോ അനാലിസിസ് റിപ്പോർട്ട് കോടതി തെളിവായി സ്വീകരിക്കില്ലെന്നു ഒരു വിഭാഗം നിയമവിഗ്ദ്ധർ അവകാശപ്പെടുന്നു. എന്നാൽ കൂടുതൽ തെളിവുകൾ കണ്ടെത്തുന്നതിൽ നാർക്കൊ അനാലിസിസ് സഹായകമാകും എന്നതിൽ ആർക്കും തർക്കമില്ല.

പതിനാറുവർഷങ്ങൾക്കു ശേഷം പ്രതികളെ ചൂണ്ടിക്കാണിക്കാൻ സി ബി ഐ ക്കു സാധിച്ചു എങ്കിലും ഇവരുടെമേൽ ആരോപിക്കപ്പെടുന്ന കുറ്റം കോടതിയിൽ തെളിയിക്കപ്പെടുന്നതുവരെ ഈ കേസ് അവസാനിക്കുന്നില്ല. നമ്മുടെ രാജ്യത്തെ നീതിന്യായ സംവിധാ‍നത്തിൽ കേസന്വേഷണത്തേക്കാൾ നീണ്ടു പോവുന്നതാണ് അതിന്റെ വിചാരണ. കോടതി വിധിയും അതിന്മേലുള്ള അപ്പീലുകളുമായി ഈ കേസ് അവസാനിയ്ക്കാൻ കാലം ഇനിയും ഒരുപാടുകഴിയും എന്നുവേണം കരുതാൻ. ആയിരം അപരാധികൾ രക്ഷപെട്ടാലും ഒരു നിരപരാധിപോലും ശിക്ഷക്കപ്പെടരുതെന്ന ഉദാത്തമായ നീതിവ്യവസ്ഥ തെളിവുകൾ സമർപ്പിക്കുന്നതിൽ ഉണ്ടാവുന്ന ചെറിയ പിഴവുകൾ പോലും പ്രതികൾ ശിക്ഷിക്കപ്പെടുന്നതിൽ നിന്നും രക്ഷപ്പെടുവാൻ കാരണമാകും. അതുകൊണ്ട് തന്നെ പിഴവുകളില്ലാത്ത ഒരു കുറ്റപത്രം സമർപ്പിക്കാൻ സി ബി ഐയ്ക്കു സാധിക്കട്ടെ എന്നു പ്രത്യാശിക്കുന്നു. അതോടൊപ്പം പ്രതികൾക്കു മാതൃകാപരമായ ശിക്ഷ ലഭിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു. അല്ലാത്തപക്ഷം കോടതിയിലും രാജ്യത്തെ പരമോന്നത കുറ്റാന്വേഷണ ഏജൻസിയിലും സാമാന്യജനങ്ങൾക്കുള്ള വിശ്വാസ്യതയാവും നഷ്ടമാവുക.

14 November 2008

“ചന്ദ്രയാൻ” അഭിമാനാഹർഹമായ നേട്ടം

ഓരോ ഭാരതീയനും അഭിമാനാർഹമായ നിമിഷങ്ങൾ സമ്മാനിച്ച നമ്മുടെ ശാസ്ത്രജ്ഞന്മാർക്ക് എന്റെ വിനീത പ്രണാമം. ഭാരതത്തിന്റെ തൃവർണ്ണപതാക ഇന്നു ചന്ദ്രനിലും എത്തിയിരിക്കുന്നു. മൂൺ ഇം‌പാക്ട് പ്രോബ്, ചന്ദ്രയാൻ എന്ന മാതൃപേടകത്തിൽ നിന്നും കൃത്യമായി ചന്ദ്രോപരിതലത്തിൽ എത്തിക്കാൻ നമ്മുടെ ശാസ്ത്രജ്ഞന്മാർക്കു സാധിച്ചു. ഇന്നും പാമ്പാട്ടികളുടേയും, ചെരുപ്പുകുത്തികളുടേയും നാടായി പാശ്ചാത്യ രാജ്യങ്ങൾ അധി:ക്ഷേപിക്കുന്ന ഭാരതം ചരിത്രപരമായ ഒരു നേട്ടം തന്നെയാണ് കൈവരിച്ചിരിക്കുന്നത്.

ഭാരതത്തിന്റെ ശാസ്ത്രലോകത്തിന് അഭിനന്ദനത്തിന്റെ ഒരായിരം പൂച്ചെണ്ടുകൾ.

1 November 2008

കേരളത്തിൽ ടൊർണാഡോ വീശിയ ദിവസം

31/10/2008
ഇന്നു മനോരമ ന്യൂസ് ചാ‍നലിൽ ശ്രീ വയലാർ ശരത്‌ചന്ദ്രവർമ്മയുമായുള്ള ഒരു അഭിമുഖം കാണുന്നതിനിടയിലാണ് താഴെ ബ്രേക്കിങ് ന്യൂസ് ആയി പോവുന്ന വാർത്തകണ്ടത്. “പെരിനാടിനും ശാസ്താം‌കോട്ടയ്ക്കും ഇടക്കു ഗുവഹാത്തി എക്സ്‌പ്രസ്സ് പാളം തെറ്റി” ഉടനെ മറ്റു വാർത്താചാനലുകളിലും കൂടുതൽ വിവരങ്ങൾക്കായി എത്തിനോക്കി. എല്ലായിടത്തും അടിക്കുറിപ്പായി ഇതുതന്നെ. പെരിനാടിനും ശാസ്താംകോട്ടയ്ക്കും ഇടയ്ക്കു ഗുവഹാത്തി എക്സ്‌പ്രസ്സ് പാളം തെറ്റി, ആളപായമില്ല. എഞ്ചിനുശേഷം എസ് എൽ 6-ആം നമ്പർ ബോഗിയാണ് പാളം തെറ്റിയത്. പാളത്തിൽ നിന്നും കോൺ‌ക്രീറ്റു കട്ട കണ്ടെടുത്തു. അട്ടിമറി എന്നു സംശയം. എന്നതാണ് വാർത്തയുടെ സംക്ഷിപ്തം.

ഈ വാർത്ത വായിച്ചപ്പോൾ മനസ്സു വർഷങ്ങൾ പുറകോട്ടു സഞ്ചരിച്ചു. 1988 ജൂലായ് 8 അന്നാണ് കേരളത്തെ നടുക്കിയ ഏറ്റവും വലിയ റെയിൽ ദുരന്തം ഉണ്ടായത്. ബാംഗ്ലൂരിൽ നിന്നും തിരുവനന്തപുരത്തിനു പോവുകയായിരുന്ന് :ഐലന്റ് എക്സ്‌പ്രസ്സിന്റെ” പത്തു ബോഗികൾ പെരുമൺ പാലത്തിൽ നിന്നും അഷ്ടമുടിക്കായലിൽ പതിച്ചതിന്റെ ഫലമായി 105 ജീവനുകളാണ് പൊലിഞ്ഞതു. ഇരുന്നൂറിൽ അധികമാളുകൾ ഗുരുതരമായി പരുക്കേറ്റു. കേരളം കണ്ട എറ്റവും ദാരുണമായ ട്രെയിൻ ദുരന്തം. ഈ ദുരന്തത്തിൽ നിന്നും രക്ഷപെട്ട പലരും ദുരന്തം ഏല്‍പ്പിച്ച മാനസിക ആഘാതത്തിൽ നിന്നും മുക്തരായതു വർഷങ്ങൾ കഴിഞ്ഞാണ്. അന്നു ഞാൻ സ്കൂൾ വിദ്യാർത്ഥിയായിരുന്നു. ഞങ്ങളുടെ ബയോളജി അദ്ധ്യാപിക ആയിരുന്നു ശ്രീമതി രുഗ്മിണി ടീച്ചറും കുടുംബവും ഈ ദുരന്തത്തിൽ നിന്നും കഷ്ടിച്ചു രക്ഷപെട്ട സംഭവം ഞങ്ങളോടു പറഞ്ഞിട്ടുണ്ട്. പാളത്തിൽ നിന്നും കായലിലേയ്ക്കു തൂങ്ങിക്കിടന്ന ബോഗിയിലായിരുന്നു അവർ. അല്പം സാരമായ പരുക്കുകൾ തന്നെ ടീച്ചറിന്റെ ഭർത്താ‍വിനുണ്ടായിരുന്നു. ഏറ്റവും ആഘാതമായതു വയറുപൊട്ടി കുടൽമാലവെളിയിൽച്ചാടി മരിച്ചുകിടക്കുന്ന ഒരു കുഞ്ഞിന്റെ ജഡം കണ്ടതാണെന്നു കരഞ്ഞുകൊണ്ടു ടീച്ചർ പറഞ്ഞതു ഇപ്പോഴും ഓർമ്മയുണ്ട്.

ഏതാണ്ട് ഇതേ “ഞെട്ടൽ” തന്നെയാണ് രണ്ടു വർഷങ്ങൾക്കുശേഷം റെയിൽ‌വേ സുരക്ഷാകമ്മീഷണർ ഇതിന്റെ അന്വേഷണറിപ്പോർട്ട് പുറത്തുവിട്ടപ്പോൾ ഉണ്ടായത്. ഇത്രയും ദാരുണമായ അപകടത്തിനു കാരണം “ടൊർണാഡോ” എന്ന ചുഴലിക്കൊടുംകാറ്റായിരുന്നു അത്രേ. അന്ന് അതിന്റെ പേരിൽ ഉണ്ടായ വിവാദങ്ങൾ പലർക്കും ഓർമ്മകാണും എന്നു കരുതുന്നു. എത്രമാത്രം ലാഘവത്തോടെയും, നിരുത്തരവാദപരമായും ആണ് റെയിൽ‌വേ ഈ അപകടത്തെ കൈകാര്യം ചെയ്തത് എന്നതിനു ഏറ്റവും വലിയ തെളിവാണ് ഈ റിപ്പോർട്ട്. അന്നു അഷ്ടമുടിക്കായലിൽ മത്സ്യബന്ധനത്തിലേർപ്പെട്ടുരുന്ന വഞ്ചിക്കാരും, അടുത്ത കള്ളുഷാപ്പിലുണ്ടായിരുന്നവരും ആണ് ആദ്യം രക്ഷാപ്രവർത്തനത്തിനെത്തിയത്. ഒരു തീവണ്ടിയുടെ പത്തുബോഗികളെ കായലിലേക്കു തള്ളിയിട്ട ഈ കാറ്റുവീശിയതു അവരാരും അറിഞ്ഞില്ല. അന്നോ അതിനു മുൻപോ അതിനു ശേഷമോ ഇത്തരം ഒരു കാറ്റു കേരളത്തിൽ വീശിയതിനു തെളിവെന്നും ഇല്ല. ടൊർണാഡോ എന്ന പദം അന്നു കേട്ടു പരിചയം പോലും ഇല്ലായിരുന്നു. പിന്നീട് വർഷങ്ങൾക്കു ശേഷം “ട്വിസ്റ്റർ” എന്ന ചലച്ചിത്രം കണ്ടപ്പോളാണ് ടൊർണാഡോയുടെ ഉഗ്രശക്തി മനസ്സിലാകുന്നത്. ഇത്തരം ഒരു കാറ്റു സമീപവാസികളാരും അറിയാതെ അവിടെ വീശി ട്രെയിനെ മറച്ചിട്ടു കടന്നുപോയി എന്നെഴുതിയ കമ്മീഷന്റെ തൊലിക്കട്ടി അപാരം തന്നെ.

അപകടത്തിന്റെ യഥാർത്ഥകാരണമായി മറ്റൊന്നാണ് പറഞ്ഞു കേട്ടിരുന്നത്. അത് റെയിവേപാളത്തിൽ അപ്പോൾ നടന്നിരുന്നു അറ്റകുറ്റപ്പണികളുമാ‍യി ബന്ധപ്പെട്ടതാണ്. വളവുകളിൽ ട്രെയിൻ അപകടം കൂടാതെ കടന്നുപോവുന്നതിനു പാളങ്ങളുടെ ഉയരം ക്രമീകരിക്കുന്ന ജോലി അന്നു പെരുമൺ പാലത്തിനു മുൻപ് നടന്നിരുന്നുവത്രേ. ഇതിനായി പാളങ്ങൾ ഉയർത്തി അവയ്ക്കടിയിലെ കല്ലുകൾ മാറ്റി ജോലിക്കാർ ചായകുടിക്കാൻ പോയ അവസരത്തിലാണ് മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ ട്രെയിൻ കടന്നുവന്നതെന്നും ഇതാണ് അപകടകാരണം ആയതെന്നും പറയുന്നു. ട്രെയിൻ അതിന്റെ യാത്രതുടങ്ങിയാൽ അവസാനിക്കുന്നതുവരെ ഉള്ള ഒരോസമയത്തേയും വേഗം ഒരു ഗ്രാഫിന്റെ രൂപത്തിൽ രേഖപ്പെടുത്തുന്ന സംവിധാനം ട്രയിനിൽ ഉണ്ട്. (വിമാനങ്ങളിലെ ബ്ലാക്ക് ബോക്സിനോടു ഇതിനെ ഉപമിക്കാം) ട്രെയിൻ യാത്രതിരിച്ച ശേഷം ഏതുസമയത്തെ വേഗതയും ഇതിൽനിന്നും കണ്ടെത്താൻ സാധിക്കും. അപകടത്തിൽ‌പെട്ട ഐലന്റ് എക്സ്‌പ്രസിന്റെ അപകടസമയത്തെ വേഗം 80 കിലോമീറ്റർ ആയിരുന്നു എന്നത് ഇതിൽനിന്നും മനസിലാക്കിയതാണ്. ട്രെയിൻ യാത്രക്കാരും ഇതു സാക്ഷ്യപ്പെടുത്തുന്നു. ഇതുമാത്രമല്ല ഇത്തരം അറ്റകുറ്റപ്പണികളെപ്പറ്റിയുള്ള വിവരങ്ങൾ അതിനു മുൻപെ ട്രെയിൻ നിറുത്തുന്ന സ്‌റ്റേഷനിൽ വെച്ച് എഞ്ചിൻ ഡ്രൈവർമാരെ ആറിയിക്കുകയും ഇതു സംബന്ധിക്കുന്ന അറിയിപ്പിന്റെ കോപ്പി ഡ്രൈവറിൽ നിന്നും ഒപ്പിട്ടുവാങുകയും ചെയ്യും. കൂടാതെ അറ്റകുറ്റപ്പണികൾ നടക്കുന്ന സ്ഥലത്തിനു മുൻപെ ട്രെയിനിന്റെ സുരക്ഷിതവേഗതയെ സൂചിപ്പിക്കുന്ന ഫലകങ്ങളും സ്ഥാപിച്ചിരിക്കും. ഇതെല്ലാം എങ്ങനെ ഒരു ഡ്രൈവർ അവഗണിച്ചു എന്നത് ദുരൂഹമാണ്. ചുരുക്കത്തിൽ കേരളം കണ്ട ഏറ്റവും ദാരുണമായ ട്രെയിൻ ദുരന്തത്തിന് സത്യസന്ധമായ ഒരു വിശദീകരണം തരാൻ ഇന്ത്യൻ റെയിൽ‌വേയ്ക്കു കഴിഞ്ഞിട്ടില്ല.

ഇന്നു എല്ലാവർഷവും ദുരന്തത്തിന്റെ വാർഷീകത്തിൽ ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ബന്ധുക്കൾ പാലത്തിനു സമീപത്തുള്ള സ്‌മൃതിമണ്ഡപത്തിൽ ഒത്തുകൂടുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന്റെ കാരണം എന്നെങ്കിലും പുറത്തുവരും എന്ന പ്രതീക്ഷ അവർക്കുണ്ടാകുമോ? വല്ലപ്പോഴും തിരുവനന്തപുരത്തുനിന്നും ട്രെയിനിൽ വരുമ്പോൾ ഈ പാലത്തിനു മുകളിൽ എത്തുമ്പോൽ ഞാനും ഈ ഹതഭാഗ്യരെ ഓർക്കും. ഒപ്പം ട്രെയിനിന്റെ ശബ്ദത്തിനും ഉപരിയായി വീണ്ടും “ടൊർണാഡോ” യുടെ ശബ്ദം കേൾക്കുന്നുണ്ടോ എന്നറിയാൻ കാതോർക്കും. .............

29 October 2008

വിവരാവകാശ നിയമം - എന്റെ അനുഭവം.

വിവരാവകാശനിയമത്തിന്റെ വ്യവസ്ഥകൾ അനുസരിച്ച് പാർലമെന്റ് നടപടിക്രമങ്ങൾ സംബന്ധിക്കുന്ന വിവരങ്ങൾ നൽകുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ശുപാർശചെയ്യുന്ന വി കിഷോർ എസ് ദേവ് കമ്മറ്റിയുടെ റിപ്പോർട്ടിൽ ഉത്കണ്ഠരേഖപ്പെടുത്തി വികടശിരോമണി എഴുതിയ വിവരാവകാശനിയമത്തെ ദുർബലമാക്കണോ? എന്ന പോസ്റ്റിൽ ഞാൻ എഴുതിയ അഭിപ്രായം ഇവിടെ ചേർക്കുന്നു. വിവരാവകാശനിയമത്തിന്റെ അടിസ്ഥാനത്തിൽ അപേക്ഷനൽകാൻ ചെന്ന എനിക്കുണ്ടായ രണ്ടു അനുഭവങ്ങൾ ആണ് ഇതിലെ പ്രതിപാദ്യം.

വിവരാവകാശ നിയമത്തെ സംബന്ധിച്ച് എനിക്കുള്ള രണ്ടു അനുഭവങ്ങൾ ഞാൻ പറയാം. ഓന്നമത്തേതു ബി എസ് എൻ എല്ലു മായി ബന്ധപ്പെട്ടതാണ്. ഒരു ബ്രോഡ്‌ബാന്റ് ഇന്റെർനെറ്റ് കണക്ഷനു അപേക്ഷനൽകി എട്ടുമാസത്തോളം കാത്തിരുന്നു. പലതവണ ബന്ധപ്പെട്ട അധികാരികളെക്കണ്ട് ഇതിന്റെ വിവരങ്ങൾ അന്വേഷിച്ചു. എന്നാൽ ഒരിക്കലും വ്യക്തമായ ഒരു മറുപടി ലഭിച്ചില്ല. ഒടുവിൽ വിവരാവകാശനിയമം അനുസരിച്ചു അപേക്ഷിക്കാം എന്നു കരുതി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ആരാണെന്നറിയാൻ ബി എസ് എൻ എലിന്റെ സൈറ്റിൽ നോക്കി ആഫീസ് വിലാസവും കണ്ടുപിടിച്ചു എറണാകുളം കളത്തിപറൻപിൽ റോഡിലുള്ള ബി എസ് എൻ എൽ ഭവനിൽ എത്തി. അപ്പോൾ അറിയാൻ കഴിഞ്ഞത് സൈറ്റിൽ പേരുനൽകിയിരിക്കുന്ന ഉദ്യോഗസ്ഥൻ വിരമിച്ചിട്ടു മസങ്ങൾ ആയെന്നും പുതിയ ആൾ സ്ഥലത്തില്ലെന്നും ആണ് (വിവരാവകാശ നിയമം അദ്ധ്യായം 2 4ബി (2) പ്രകാരം ഈ വിവരങ്ങൾ കൃത്യമായി പ്രസിദ്ധീകരിക്കേണ്ട ചുമതല ബന്ധപ്പെട്ട വകുപ്പിനുണ്ട്) പിന്നീട് വരുവാൻ ആണ് എനിക്കുകിട്ടിയ മറുപടി. പിന്നീട് ആ വഴി പോയില്ല മൂന്നു മസത്തിനുള്ളിൽ നെറ്റ് കണക്ഷൻ കിട്ടി.

രണ്ടാമത്തേത് രാത്രികാലങ്ങളിൽ ഞങ്ങളുടെ റൂട്ടിൽ സ്വകാര്യ ബസ്സുകൾ ട്രിപ്പ് കാൻസൽ ചെയ്യുന്നതു പതിവാണ്. അങ്ങനെ പെരുവഴിയിൽ ആയ ഒരു ദിവസം ഇപ്രകാരം രാത്രി 8:30നു ശേഷം സർവ്വീസ് നടത്തേണ്ട ബസ്സുകളുടെ ചില വിവരങ്ങൾ നൽകാൻ ആവശ്യപ്പെടുന്ന ഒരു അപേക്ഷ പറവൂർ ജോയിന്റ് ആർ ടി ഓഫീസിൽ നൽകാൻ തീരുമാനിച്ചു. ആവശ്യപ്പെട്ട വിവരങ്ങൾ
1. എറണാകുളത്ത് ഹൈക്കോടതി ജംങ്‌ഷനിൽ നിന്നും വൈപ്പിൻ - പള്ളിപ്പുറം റൂട്ടിൽ രാത്രി 8:30നു ശേഷം സർവ്വീസ് നടത്തേണ്ട ബസ്സുകളുടെ പേര്, രജിസ്‌ട്രേഷൻ നമ്പർ, ഉടമസ്ഥന്റെ പേര്, സർവീസ് അവസാനിപ്പിക്കേണ്ട സ്ഥലം.
2. ബസ്സുകൾ മുടങ്ങാതെ സർവ്വീസ് നടത്തുന്നു എന്നുറപ്പിക്കാൻ ആർ ടി എ, പോലീസ് എന്നിവർ സ്വീകരിച്ചിട്ടുള്ള നടപടികൾ.
3. സർവ്വീസ് മുടക്കുന്ന ബസ്സുടമകൾക്കെതിരേ പരാതിപ്പെടുന്നതിനുള്ള നടപടികൾ.
4. ഇത്തരം പരാതികൾ പ്രകാരം ഉടമക്കു ലഭിക്കാവുന്ന ശിക്ഷയുടെ വിശദാംശങ്ങൾ.

എന്നാൽ ഈ അപേക്ഷ സ്വീകരിക്കാൻ കഴിയില്ല എന്നും ഈ കാര്യങ്ങൾ തീരുമാനിക്കുന്നത് അർ ടി ഒ ആണെന്നും അദ്ദേഹത്തെ സമീപിക്കാനും ആണ് പറവൂർ ജോയിന്റ് ആർ ടി ഓഫീസിൽ നിന്നും എനിക്കു കിട്ടിയ മറുപടി. (വിവരാവകാശനിയമം അനുസരിച്ച് (II 6(3)) “ഒരു വിവരത്തിനു വേണ്ടി പബ്ലിക് അഥോറിറ്റിയോടു അപേക്ഷനൽകുമ്പോൾ; മറ്റൊരു പബ്ലിക് അഥോറിറ്റി കൈവശം വെച്ചിട്ടുള്ള വിവരമോ അല്ലെങ്കിൽ മറ്റൊരു പബ്ലിക് അഥോറിറ്റിയുമായി വളരെ അടുത്തുബന്ധപ്പെട്ടിരിക്കുന്ന വിഷയമോ ആകുമ്പോൾ അത്തരം അപേക്ഷനൽകുന്നതു ഏതു പബ്ലിക് അഥോറിറ്റിക്കാണോ ആ ഥോറിറ്റി അപേക്ഷയോ അതിന്റെ ആവശ്യമായിട്ടുള്ള ഭാഗമോ മറ്റേ പബ്ലിക് അഥോറിറ്റിക്കു കൈമറേണ്ടതും അങ്ങനെ കൈമാറിയതിനെക്കുറിച്ച് അപേക്ഷകനെ അറിയിക്കേണ്ടതും ആണ്” എന്നു വിവക്ഷിക്കുന്നു. എന്നാൽ ഇതു ഒരേ അഥോറിറ്റിയുടെ തന്നെ കീഴിലുള്ള വിവരമായിട്ടും അപേക്ഷ സ്വീകരിച്ചില്ല. കക്കാനാട്ടുള്ള ആർ ടി ഓഫീസിൽ അപേക്ഷ നൽകുന്നതിനു മുൻപ വിവരാവകാശനിയമത്തെക്കുറിച്ച് അല്പം വിവരം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ഞാൻ.

പിന്നെ ഒരു അപേക്ഷകനു മറുപടിനൽകുന്നത് വിവരം വളരെ ബൃഹത്താനെന്ന കാരണത്താൽ നിഷേധിക്കാൻ പാടില്ല എന്നു Kananra Bank Vs Central Information Commission (2007(3) KHC 185) എന്ന കേസിന്റെ വിധിപ്രസ്താവിച്ചുകൊണ്ട് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

അഭിപ്രായം അല്പം ദീർഘിച്ചതിനു വികടശിരോമണിയോടു ക്ഷമ ചോദിക്കുന്നു.

28 October 2008

തേൻ‌കുരുവി

ദാ ഈ ചിത്രം കണ്ടിട്ട് എന്തെങ്കിലും പ്രത്യേകത തോന്നുന്നുണ്ടോ? ഓ ഒരു സാധാരണ ചെത്തി അല്ലാതെ ഇതിലെന്താ ഇത്ര പ്രത്യേകത. ഇയാൾക്ക് തലക്കുവട്ടായോ? എന്തായലും അല്പം വട്ട് പണ്ടേ ഉണ്ട് ഇന്നാലും മുഴുവട്ടായി എന്നു പറയാൻ സമയം ആയില്ലെന്നു തോന്നുന്നു. അതുപോട്ടെ ആ ചിത്രത്തിലേക്കൊന്നു സൂക്ഷിച്ചു നോക്കൂ. വലതു വശത്തു ഏറ്റവും മുകളിലായിഉള്ള ചെത്തിപൂക്കുലയിൽ ഒരാൾ ഇരിക്കുന്നതു കണ്ടോ? ഇത്തരം ചേറിയ തേൻ‌കുരുവികളെ പണ്ടു വീട്ടിലും പരിസരത്തും ഇടക്കു കാണുമായിരുന്നു. ഇപ്പോൾ കുറേ വർഷങ്ങളായി ഇങ്ങനെ ഒന്നിനെകണ്ടിട്ടു. ഇപ്പോഴും കണ്ടില്ലെ എന്നാൽ അല്പം കൂടി വലുതാക്കിയ ചിത്രം ആയിക്കളയാം.
വർഷങ്ങളുക്കു ശേഷം അവിചാരിതമായി ഇന്നുവൈകീട്ടു വർക്ൿഷോപ്പിനു മുന്നിലുള്ള ചെത്തിയിൽ ഇവനെ കണ്ടപ്പോൾ എടുത്തതാണ് ഈ ചിത്രം. എന്നാൽ ഇതു ബൂലോകർക്കും കാണിച്ചു കൊടുക്കാം എന്നു കരുതി. ഈ ചങ്ങാതിയുടെ ശരിയായ പേരെന്താണാവോ? തേൻ‌കുരുവി, വാഴപ്പൂങ്കുരുവി, അങ്ങനെ പലപേരുകളും വിളിച്ചുകേൾക്കാറുണ്ട്.

4 September 2008

അച്ഛന്റെ നിര്യാണം.

എന്റെ അച്ഛന്റെ ആകസ്മികമായ നിര്യാണത്തിൽ ഞങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും, ഞങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്ത എല്ലാ സുഹൃത്തുക്കൾക്കും നന്ദി അറിയിക്കുന്നു.

മണി.

24 August 2008

ജി-മെയിലിൽ ഒരു പ്രയോജനപ്രദമായ സേവനം

സാധരണയായി ഞാൻ എന്റെ മെയിൽ പരിശോധിക്കുന്നതിനു ഔട് ലുക്ക് എക്സ്‌പ്രസ്സ് മാത്രമാണ് ആശ്രയിക്കാറ്. വല്ലപ്പോഴും മാത്രമേ ജി-മെയിലിൽ Sign-in ചെയ്യാറുള്ളു. ഇന്നു അങ്ങനെ Sign in ചെയ്തപ്പോഴാണ് ഗൂഗിളിന്റെ ഈ സേവനം എന്റെ ശ്രദ്ധയില്‍പ്പെട്ടത്. INBOX അവസാനത്തായി എന്റെ അക്കൗണ്ടിലെ അവസാനത്തെ നാലു LOG-IN വിവരങ്ങൾ അറിയാൻ സഹയിക്കുന്ന ഒരു ലിങ്ക്. ഇതിൽ നിന്നും അവസാനം നാലുതവണ ഞാൻ മെയിൽ സേവനം ഉപയോഗിച്ച സമയം, IP Address, ഇപ്പോൾ എന്റെ അക്കൗണ്ട് ഉപയോഗിച്ച് ഗൂഗിളിന്റെ സേവനങ്ങൾ വേറെ ഏതെങ്കിലും കമ്പ്യൂട്ടറിൽ ഉപയോഗിക്കുണ്ടോ എന്നത് എല്ലാം അറിയാൻ സാധിക്കും. ഇതു മൂലം എന്റെ അക്കൗണ്ട് എതെങ്കിലും വിധത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്നെങ്കിൽ അറിയാൻ സധിക്കും എന്ന ഗുണം ഉണ്ട്. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇവിടെ അറിയാം.

ഈ സേവനം ഇനിയും ശ്രദ്ധിച്ചിട്ടില്ലാത്തവർക്ക് ഈ ബ്ലോഗ് പ്രയോജനപ്പെടും എന്നു കരുതുന്നു.

23 August 2008

ജന്മാഷ്‌ടമി ശോഭായാത്ര.

ഇന്നു ജോലിസംബന്ധമായി വൈക്കത്തുപോയി തിരിച്ചുവന്നപ്പോൾ എറണാകുളം മൊത്തം ബ്ലോക്ക്. പ്രധാന നഗരവീഥികൾ എല്ലാം കൃഷ്‌ണനും രാധികമാരും കൈയ്യടക്കിയിരിക്കുന്നു. നടക്കുന്നതിനിടയിൽ കുറച്ചു ചിത്രങ്ങളും എടുത്തു. ചിത്രങ്ങൾ എല്ലാം അത്ര മെച്ചം ആണെന്നു അവകാശപ്പെടുന്നില്ല. കാരണം ഇതെല്ലാം എന്റെ K700i മൊബൈൽ ഫോൺ കാമറയിൽ എടുത്തതാണ്. എന്നാലും ഈ കാഴ്ചകൾ നഷ്‌ടപ്പെടുന്നവർക്കായി ഇതു സമർപ്പിക്കുന്നു.
“കളിന്ദജാന്തസ്ഥിത കാളിയസ്യഃ
ഫണാഗ്രരംഗേ നടനപ്രിയം തം
തൽ‌പുച്ഛഹസ്തം ശരദിന്ദുവക്ത്രം
ബാലം മുകുന്ദം മനസാസ്മരാമി”
“കാളിയ മർദ്ദന ലീലകളാടും ഗോപകുമാരൻ വരുമോ തോഴീ.....”
“ഗോപസ്ത്രീകൾടെ തുകിലും വാരിക്കൊണ്ടരയാലിൻ ‌കൊമ്പത്തിരുന്നോരോ
ശീലക്കേടുകൾ പറഞ്ഞും ഭാവിച്ചും കോടൽക്കാർവർണ്ണാ കണികാണാൻ”
“ഗോവർധനഗിരി കൈയ്യിലുയർത്തിയ ഗോപകുമാരൻ.......”
വഹസി വപുഷി വിശദേ വസനം ജലദാഭം
ഹലഹതിഭീതിമിളിതയമുനാഭം
കേശവ ധൃതഹലധരരൂപ
ജയ ജഗദീശ ഹരേ ജയ ജഗദീശ ഹരേ
“പാൽക്കടലിൽ ഫണീശ്വരമെത്തമേൽ
ആക്കമോടെന്നും പള്ളികൊള്ളും വിഭോ
നാൾക്കുനാൾ വരുമാർത്തികളൊക്കെയും
നീക്കിരക്ഷിക്കവേണം ജഗൽ‌പതേ”
ഒരു നാടൻ കലാരൂപവും ഘോഷയാത്രക്കു ഭംഗികൂട്ടി
“പീലിത്തിരുമുടി കെട്ടിയതിൽ ചില
മാലകൾ ചാർത്തീട്ടു കാണാകേണം
മിന്നുന്ന നെറ്റിത്തടവുമതിൽ ചേരും
പൊന്നിൻ തിലകവും കാണാകേണം”
“മിന്നും പൊന്നിൻകിരീടം തരിവളകടകം കാഞ്ചി പൂഞ്ചേലമാല
ധന്യശ്രീവത്സസൽകൗസ്തുഭമിടകലരും ചാരുദോരന്തരാളം
ശംഖം ചക്രം ഗദാ പങ്കജമിതിവിലസും നാലുതൃക്കൈകളോടെ
സങ്കീർണ്ണശ്യാമവർണ്ണം ഹരിവപുരമലം പൂരയേന്മംഗളം ഗുരോ”

20 August 2008

ഹെൽമെറ്റ് ഇല്ലാത്ത ബൈൿ യാത്രികനു പോലീസിന്റെ അകമ്പടി

ഇന്നു പൊതുപണിമുടക്കാണല്ലൊ. അങ്ങനെ ചുമ്മാ വീട്ടിലിരുന്നു ടി വി കാണുമ്പോൾ ആണ് മനോഹരമായ ഈ കാ‍ഴ്ച കണ്ടത്. ഹെൽമറ്റ്‌ഇല്ലാതെ മോട്ടോർ ബൈക്ക് ഓടിക്കുന്ന് ഒരാൾ, അയാൾക്കുപിന്നിലിരിക്കുന്ന ഒരു വി ഐ പി, മുന്നിലും പിന്നിലും പോലീസിന്റെ പൈലറ്റും എസ്‌കോർട്ടും വണ്ടികൾ. നാടുമുഴുവനും പോലീസ് ബൈക്ക് യാത്രികരെ ഹെമറ്റിന്റെ പേരിൽ വേട്ടയാടുമ്പോളാൺ ഇത്. ഹൈക്കോടതി ഉത്തരവിന്റെ പിൻബലവും, ഡി ജി പി യുടെ പ്രത്യേകനിർദ്ദേശവും ഉള്ളതിനാൽ പെട്രോൾ തീർന്നു ബൈക്കു തള്ളിക്കൊണ്ടു പോവുന്നവനായലും ഹെൽമറ്റ് ധരിക്കണം എന്ന നിലപാടാണ് പോലീസിനു. ഇങ്ങനെയെല്ലാം കർശനമായി ഹെൽമറ്റ് നിയമം പാലിക്കപ്പെടുന്നതിനിടക്ക് ആരാട ഇങ്ങനെ പോവുന്നെ എന്നാണ് ചോദ്യമെങ്കിൽ വേറെ ആരും അല്ല സംസ്ഥാനം ഭരികുന്ന ഒരു മന്ത്രി തന്നെ. ഇങ്ങനെ ഉള്ള ദിവസങ്ങളിൽ വാർത്തകളിൽ ഇടം നേടുന്നതിനു ഇത്തരം പൊടിക്കൈകൾ പ്രയോഗിക്കുന്നതിൽ നമ്മുടെ മന്ത്രിമാർ ഒട്ടും പിന്നിലല്ലല്ലോ. മീറ്ററുകൾ അപ്പുറമുള്ള ഔദ്യോഗിക വസതിയിൽ നിന്നും നടന്നു ഓഫീസിൽ എത്തിയാലും അതും വാർത്തയാകും. എന്തോകാര്യത്തിനു കോഴിക്കോടുപോയി തിരിച്ചെത്തിയ മന്ത്രി മുല്ലക്കര രത്നാകരൻ തിരുവനന്തപുരത്ത് ട്രെയിനിൽ എത്തിയപ്പോഴേക്കും പൊതുപണിമുടക്കു തുടങ്ങിയിരുന്നു. അതിനാൽ ഔദ്യോഗിക വാഹനം ഒഴിവാക്കി ബൈക്കിൽ ആണ് അദ്ദേഹം യാത്രചെയ്തത്. ബൈക്കോടിച്ചത് അദ്ദേഹത്തിന്റെ സ്ഥിരം സാരഥിയും. എന്നാൽ സാരഥിക്കു ഹെൽമറ്റ് ഇല്ലെന്നു മാത്രം. നിയമങ്ങൾ എല്ലാം സാധാരണക്കാർക്കല്ലെ. നിയമനിർമ്മാതാക്കൾക്കും, നിയമപാലകർക്കും അതൊന്നും ബാധകമല്ലല്ലൊ. ഈ മനോഹര ദൃശ്യം എത്തിച്ച ഏഷ്യാനെറ്റിനും കെ ജി കമലേഷിനും നന്ദി.

15 August 2008

സ്വാതന്ത്ര്യദിനാശംസകൾ

നാം സ്വാതന്ത്ര്യത്തിന്റെ 61 വർഷങ്ങൾ പൂർത്തിയാക്കുന്ന ഈ വേളയിൽ എല്ലാ സുഹൃത്തുക്കൾക്കും എന്റെ

സ്വാതന്ത്ര്യദിനാശംസകൾ

23 July 2008

ലജ്ജിക്കാം നമുക്ക് ഈ സാമാജികരെ ഓര്‍‌ത്ത്.

ഇന്നു ഒരു നാടകത്തിനു കൂടി അന്ത്യം ആയിരിക്കുന്നു. മന്‍‌മോഹന്‍ സിങ് നേതൃത്വം നല്‍‌കുന്ന മന്ത്രിസഭ ലോക്‍സഭയുടെ വിശ്വാസം നേടുന്നതില്‍ വിജയിച്ചിരിക്കുന്നു. ജനാധിപത്യത്തിന്റെ ആ പരമോന്നത വേദിയില്‍ എന്തെല്ലാം ദൌര്‍‌ഭാഗ്യകരങ്ങളായ സംഭവങ്ങളാണ് നടന്നത് എന്നതിനെ സംബന്ധിക്കുന്ന ചില റിപ്പോര്‍‌ട്ടുകള്‍ വ്യത്യസ്ത വാര്‍ത്താമാധ്യമങ്ങളില്‍ വന്നത് കാണുകയായിരുന്നു ഞാന്‍ ഇതു വരെ. നമ്മുടെ ജനാധിപത്യസംവിധാനത്തിന്റെ മൂല്ല്ല്യം എത്രമാത്രം അധഃപതിച്ചു എന്നതിനുള്ള ഏറ്റവും വലിയ ദൃഷ്‌ടാന്തങ്ങളാണ് കഴിഞ്ഞ രണ്ടു ദിവസമായി സഭയില്‍ നടന്നത്‌.

പല മാധ്യമങ്ങളും എറ്റവും ഖേദകരമായി വിവരിക്കുന്നത് പാര്‍ലമെന്റ് മന്ദിരത്തിന് അകത്തു അംഗങ്ങള്‍ നോട്ടുകെട്ടുകള്‍ കൊണ്ടുവന്ന നടപടിയാണ്. സാധാരണ കുതിരിക്കച്ചവടം കഴുതക്കച്ചവടം എന്നെല്ലാം കേട്ടു മാത്രം ശീലിച്ചവരാണ് നമ്മള്‍. എന്നാല്‍ ഇന്നു അതിനു തെളിവു സഹിതം അംഗങ്ങള്‍ നമ്മളെ കാണിച്ചുതന്നിരിക്കുന്നു. ഇതും ഇവിടെ നടക്കുമെന്ന്. അതില്‍ വലിയ അത്ഭുതം ഒന്നും ഇല്ലെന്നണ് ഞാന്‍ കരുതുന്നത്‌. പാര്‍‌ലമെന്റില്‍ ചോദ്യം ചോദിക്കുന്നതിനു പോലും കൈക്കൂലിവാങ്ങിച്ച മഹാന്‍‌മാര്‍ നമുക്കുണ്ടെന്ന സത്യം നാം മറക്കരുത്. നമ്മുടെ പ്രതിനിധികളാണ് പാര്‍ലമെന്റില്‍ ഉള്ളത്. അപ്പോള്‍ തീര്‍ച്ചയായും കള്ളന്മാരുടേയും, കൊലപാതകികളുടെയും പ്രതിനിധികളും അവിടെക്കാണും. അത്തരക്കാര്‍ എവിടെയിരുന്നാലും ആ സ്വഭാവം കാണിക്കുകതന്നെ ചെയ്യും. ഇവിടെ മൂന്നു അംഗങ്ങള്‍ തങ്ങള്‍ക്കു വാഗ്ദാനം ചെയ്തു എന്ന അവകാശത്തോടെ ഇത്രയും പണം പാര്‍ലമെന്റില്‍ എത്തിച്ചു എങ്കില്‍ ഇതില്‍ കൂടുതല്‍ എത്രപേര്‍ വാങ്ങി പോക്കറ്റില്‍ ഇട്ടിരിക്കും. നമ്മുടെ സാമാന്യസമൂഹത്തെ ബാധിച്ചിരിക്കുന്ന അഴിമതിയില്‍ നിന്നും ജനപ്രതിനിധികള്‍ മുക്തരാണെന്നു വിശ്വസിക്കുന്നത് ശുദ്ധ മണ്ടത്തരം ആണെന്നേ ഞാന്‍ പറയൂ. തിഹാര്‍ ജയിലില്‍ അടക്കപ്പെടുന്നതിനു മുന്‍പേ ഒരു മുന്‍ പ്രധാനമന്ത്രി മരിച്ചു എന്നതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഭാഗ്യം എന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍.

സങ്കടകരമായി തോന്നിയതു ചന്തകളെപ്പോലും നാണിപ്പിക്കുന്ന തരത്തിലാണ് ഭൂരിഭാഗം അംഗങ്ങളും സഭയില്‍ പേരുമാറിയത് എന്നതാണ്. സഭക്കു അതിന്റെ നടപടികളുമായി മുന്നോട്ടു പോവുന്നതിനു വ്യക്തമായ ചട്ടങ്ങള്‍ ഉണ്ട് നടപടിക്രമങ്ങള്‍ ഉണ്ട്. ഇതെല്ലാം ഇത്തവണ ലംഘിക്കപ്പെട്ടു. ഒരംഗത്തേയും വ്യക്തമായി പ്രസംഗിക്കാന്‍ മറുഭാഗത്തുള്ളവര്‍ സമ്മതിച്ചില്ല എന്നതു എറ്റവും നാണിപ്പിക്കുന്ന ഒന്നാണ്. സാധാരണയായി ഒരംഗം പ്രസംഗിക്കുമ്പോല്‍ അതിനെ എതിര്‍‌ക്കുന്നവര്‍ എന്തെങ്കിലും ക്രമപ്രശ്നം (point of order) ഉന്നയിക്കുനയാണ് പതിവ്‌. എന്നാല്‍ ഇത്തവണ കണ്ടത്‌ സംഘം ചേര്‍ന്നു ഒച്ചവെച്ച് പ്രസംഗം തടസ്സപ്പെടുത്തുന്ന രീതിയാണ്. സ്‌പീക്കറുടെ ആവര്‍‌ത്തിച്ചുള്ള പല അഭ്യര്‍ത്ഥ്നകളും ബധിരകര്‍‌ണ്ണങ്ങളിലാണ് പതിച്ചത്. ഇത്തരം പ്രവൃത്തികളില്‍ നിന്നും അംഗങ്ങളെ പിന്തിരിപ്പിക്കുവാന്‍ പാര്‍‌ട്ടിനേതാക്കള്‍ ശ്രമിച്ചില്ല എന്നതാണ് സത്യം. ഇതൊരിക്കലും ഒരു ജനാധിപത്യ സംവിധാനത്തിനോ, പാര്‍ലമെന്റിനോ ഭൂഷണം അല്ല.

അതിലും അപമാനകരം താന്‍ മുന്നോട്ടുവച്ച വിശ്വാസപ്രമേയത്തില്‍ നടത്തിയ ചര്‍ച്ചകള്‍ക്കും, വാദമുഖങ്ങള്‍ക്കും ഉത്തരം നല്‍കുന്നതിനുള്ള പ്രധാനമന്ത്രിയുടെ അവകാശവും ലംഘിക്കപ്പെട്ടു എന്നതാണ്. പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ അപൂര്‍വ്വമായ ഒരു സംഭവം ആവും ഇതു. പ്രധാനമന്ത്രിക്കു തന്റെ മറുപടിപ്രസംഗം ഒരു വരിപോലും പൂര്‍ത്തിയാക്കാനാ‍കാതെ സഭയുടെ മേശപ്പുറത്തു വെച്ചു പിന്‍‌മാറേണ്ടി വരുക. സഭാനേതാവുകൂടിയാണ് പ്രധാനമന്ത്രി എന്നതു വിസ്മരിക്കരുത്. അംഗങ്ങള്‍ക്കുള്ള ഇത്തരം അവകാശങ്ങള്‍ സംരക്ഷിക്കേണ്ട ചുമതല സ്‌പീക്കറുടേതാണ്. ഇവിടെ എത്രയും പെട്ടന്ന് ഇതെല്ലാം അവസാനിപ്പിച്ച “ഊണും കഴിച്ച് ഉറങ്ങാനുള്ള” ധൃതിയിലായുരുന്നു സ്‌പീക്കര്‍ എന്നു തോന്നുന്നു. പ്രക്ഷുബ്‌ധമായ രംഗങ്ങള്‍ മുറുപടിപ്രസംഗത്തിനിടെ ഇതിനു മുന്‍‌പും ഉണ്ടായിട്ടുണ്ട്. അന്നെല്ലാം ശ്രീ സോമനാഥ്‌ ചാറ്റര്‍‌ജിയെക്കാളും പ്രാഗത്ഭ്യം കുറഞ്ഞ സ്‌പീക്കര്‍മാര്‍ ഇതിലും ഭംഗിയായി അതു കൈകാര്യം ചെയ്യുകയും പ്രധാനമന്ത്രിയെ തന്റെ മറുപടി പൂര്‍‌ണ്ണമായും പറയാന്‍ സഹായിക്കുകയും ചെയ്തിട്ടുണ്ട്. അതു അദ്ദേഹത്തിന്റെ അവകാശം ആണ്. അതുപോലും ഇന്നു ലംഘിക്കപ്പെട്ടു, തീരെ സഹിഷ്‌ണുത ഇല്ലാത്തവരായിരിക്കുന്നു നമ്മുടെ സാമാജികര്‍.

ഇന്നു സഭയില്‍ നടന്ന ഈ സംഭവങ്ങളെല്ലാം നമ്മുടെ ജനാധിപത്യത്തിനും, ഉന്നതമായ സംസ്കാരികതക്കും അപമാനകരമാണ്. നമുക്കു ലജ്ജിക്കാം ഇത്തരം അധനന്മാരെ ഓര്‍‌ത്ത്.

20 July 2008

ചെത്തിയും ചെമ്പരത്തിയും പിന്നെ....

വീട്ടുമുറ്റത്തെ ചെത്തിയും ചെമ്പരത്തിയും ഒക്കെ ഇവിടെയും ഒന്നു പ്രദര്‍ശിപ്പിക്കാം എന്നു കരുതുന്നു. ഗാര്‍‌ഡനിങ് എന്നതു എന്റെ അമ്മക്കു ഏറ്റവും ഇഷ്‌ടമുള്ള ഒരു കാര്യം ആണ്. എന്നാലും അത്ര വലിയ പൂന്തോട്ടം ഒന്നും ഇല്ല. ചില ഇലച്ചെടികളും, ചെത്തിയും, ചെമ്പരത്തിയും മാത്രം. ഇതാ അതെല്ലാം ഒന്നു നോക്കാം.
ഇതാണ് ആകെയുള്ള ഒരു ചെത്തി
ഈ ചെമ്പരത്തിയുടെ പ്രത്യേക കണ്ടോ. ഇതു രണ്ടു നിലയാണ്. താഴെ അഞ്ചിതളുള്ള ഒന്നും മുകളില്‍ അല്പം അടുത്ത് ഇതളുകള്‍ ഉള്ള മറ്റൊന്നും. രണ്ടു പൂവുകള്‍ വച്ചതു പോലെ ഇല്ലെ.
ഇതു നേരത്തെകണ്ട ചെമ്പരത്തിയുടെ ഒരു “ക്ലോസ്‌അപ്”
ഇതു കടുംചുവപ്പു നിറമുള്ള മറ്റൊന്നു.
ഇങ്ങനെ ആകെ എത്ര തരം ചെമ്പരത്തിപ്പൂക്കള്‍ ഉണ്ടാവോ?
ഇവന്‍ തനി നാടന്‍. സാധാരണ ഏറ്റവും കൂടുതല്‍ കാണുന്നത്‌ ഇതാണെന്നു തോന്നുന്നു.
ഒരേചെമ്പരത്തിയിലെ രണ്ടുപൂവുകള്‍ കണ്ടോ? എന്താണു വ്യത്യാസം എന്നാണോ? പറയാം താഴെ നോക്കൂ.
ഒന്നു നമ്മള്‍ നേരത്തെ കണ്ട “ഡബ്ബിള്‍ ഡെക്കര്‍”
പിന്നത്തേതു ‘സിംങ്കിളും” ഈചെടിയില്‍ മാത്രമാണ് ഇങ്ങനെ മൂന്നുതരം പൂവുകള്‍ ഉണ്ടാവുന്നതു ഞാന്‍ കണ്ടിട്ടുള്ളത്. അടുത്ത ഇനം സാധാരണകാണുന്ന ചുവന്ന ചെമ്പരത്തിപൂവാണ്.
“ഡബ്ബിള്‍ ഡെക്കറിന്റെ” മറ്റൊരു ചിത്രം കൂടി.
ഇതെന്താ നാലുമണിപ്പൂവോ? എനിക്കറിയില്ല. നിങ്ങള്‍ക്കു മനസ്സിലായോ? അല്പം‌കൂടി വ്യക്തമായ ചിത്രം വേണൊ? ദാ തഴെ ഉണ്ട്.
ഇപ്പൊ മനസ്സിലായോ എന്താണെന്നു? എങ്കില്‍ പറഞ്ഞോളു.
കുറച്ചു ഇലച്ചെടികളും കാണാം അല്ലെ? ഒന്നിന്റേയും പേരു ചോദിക്കരുത്‌. പ്ലീസ്.
ഇത ഒന്നു കൂടെ.
അങ്ങനെ ഉദ്യാനചിത്രങ്ങള്‍ തത്ക്കലം ഇത്ര മാത്രം.


18 July 2008

സോമനാഥ് ചാ‍റ്റര്‍‌‌ജിയും സ്പീക്കര്‍‌ പദവിയും

സോമനാഥ് ചാറ്റര്‍‌ജി ഇപ്പോള്‍ എടുത്തിരിക്കുന്ന നിലപാട് അദ്ദേഹം വഹിക്കുന്ന പദവിയോടു പൂര്‍‌ണ്ണമായും നീതിപുലര്‍‌ത്തുന്ന ഒന്നാണെന്നു ഞാന്‍ കരുതുന്നില്ല. കാരണം ലോകസഭയുടെ അധ്യക്ഷന്‍ എന്നനിലയില്‍ എല്ലാ അംഗങ്ങളെയും, വിഭാഗങ്ങളെയും തുല്യമായി കാ‍ണേണ്ട ഉത്തരവാദിത്വം അദ്ദേഹത്തിന് ഉണ്ട്‌. ഇവിടെ സ്പീക്കര്‍‌സ്ഥാനത്ത് തുടരുന്നതിന് അദ്ദേഹം പറഞ്ഞ ന്യായം ഉചിതമാണെന്നു കരുതാന്‍ വയ്യ. പദവി രാജിവെക്കാതിരിക്കുന്നതിന് അദ്ദേഹം പറഞ്ഞന്യായീകരണം താന്‍ ബി ജെ പിയോടൊപ്പം വോട്ടുചെയ്യാന്‍ ആഗ്രഹിക്കുന്നില്ല എന്നതാണ്. ആ ന്യായീകരണമാണ് എനിക്കു സ്വീകാര്യമായി തോന്നത്തത്‌. കാരണം സ്പീക്കര്‍ എന്ന പദവി ആവശ്യപ്പെടുന്ന നിഷ്പക്ഷത അദ്ദേഹത്തിനില്ല. ഒരു കമ്മ്യൂണിസ്റ്റ് പ്രവര്‍‌ത്തകന്‍ എന്ന നിലയില്‍ തന്റെ വിശ്വാസങ്ങളില്‍ അടിയുറച്ചു നില്‍കുന്ന സോമനാഥ് ചാറ്റര്‍ജി എന്ന രാഷ്ട്രീയക്കാരനോടു എനിക്ക് ആദരവുണ്ട്. തന്റെ സുദീര്‍ഘമായ രാഷ്‌ട്രീയജീവിതത്തില്‍ മികച്ച പാര്‍‌ലമെന്റേറിയന്‍ എന്നനിലയില്‍ സോമനാഥ് ചാറ്റര്‍‌ജിയോടു എനിക്കു ആദരവുണ്ട്. കഴിഞ്ഞ നാലരവര്‍‌ഷക്കാലം നല്ലനിലയില്‍ തന്റെ ചുമതലകള്‍ കാഴ്ചവെച്ച സ്പീക്കര്‍ സോമനാഥ് ചാറ്റര്‍‌ജിയോടും എനിക്കു ആദരവുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ ഈ പ്രസ്‌താവന ന്യായീകരിക്കാന്‍ എനിക്കു സാധിക്കുന്നില്ല.

നമ്മുടെ പാര്‍ലമെന്ററി സംവിധാനത്തില്‍ ഏതെങ്കിലും സ്‌പീക്കര്‍ സ്വീകരിച്ചിട്ടുള്ള നിഷ്പക്ഷമായ ഒരു നിലപാടിനു എന്നോടു ഒരു ഉദാഹരണം ആവശ്യപ്പെട്ടാല്‍ ഞാന്‍ പറയുക 1998 അടല്‍ ബിഹാരി വാജ്‌പേയി കൊണ്ടുവന്ന വിശ്വാസപ്രമേയത്തില്‍ മനഃസാക്ഷിക്കനുസരിച്ചു പ്രവര്‍‌ത്തിക്കാന്‍ ശ്രീ ഗിരിധര്‍‌ ഗോമാങിനോടു ആവശ്യപ്പെട്ട അന്നത്തെ ലോകസഭാസ്പീക്കര്‍ ശ്രീ ജി എം സി ബാലയോഗിയുടെ നടപടിയാവും. പാര്‍ലമെന്റെ അംഗമായിരിക്കെ ഒറീസ്സാ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ ഗിരിധര്‍ ഗോമാങ് പാര്‍ലമെന്റ് അംഗത്വം രാജിവെക്കണം എന്നതായിരുന്നു കീഴ്‌വഴക്കം. എന്നാല്‍ ഈ വിശ്വാസപ്രമേയം സഭ ചര്‍ച്ചക്കെടുത്ത ഘട്ടത്തില്‍ ശ്രീ ഗിരിധര്‍ ഗോമാങ് തന്റെ പാര്‍ലമെന്റ് അംഗത്വം രാജിവെച്ചിരുന്നില്ല. വിശ്വാസപ്രമേയത്തിന്മേലുള്ള ചര്‍ച്ചക്കുശേഷം പ്രമേയം വോട്ടിനിടുന്നതിനു മുന്‍പ് ശ്രീ ഗിരിധ ഗോമാങിന് വോട്ടുചെയ്യാനുള്ള അവകാശത്തെപ്പറ്റി ചൂടേറിയ വാഗ്വാദങ്ങള്‍‌ക്കാണ് സഭ സാക്ഷ്യം വഹിച്ചത്. പലതരത്തിലുമുള്ള ക്രമപ്രശ്നങ്ങള്‍ പല മുതിര്‍ന്ന അംഗങ്ങളും ഉന്നയിച്ചു. എന്നാല്‍ ഇത്തരം ഒരു അവസരത്തില്‍ അനുവര്‍‌ത്തിക്കേണ്ട വ്യക്തമായ മാര്‍‌ഗ്ഗ നിര്‍ദ്ദേശങ്ങളോ കീഴ്‌വഴക്കങ്ങളോ സഭാധ്യക്ഷനായ ശ്രീ ബാലയോഗിക്കു മുന്‍പില്‍ ഇല്ലായിരുന്നു. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ തീരുമാനം അന്തിമമാവുകയും ചെയ്യും. ഈ ഘട്ടത്തില്‍ കോണ്‍‌ഗ്രസ്സുകാരനായ ശ്രീ ഗിരിധര്‍ ഗൊമാങിനോടു വോട്ടെടുപ്പില്‍ നിന്നു വിട്ടുനില്‍‌ക്കാനല്ല ഭരണകക്ഷിയായ തെലുങ്കുദേശം പാര്‍ട്ടിയുടെ പ്രതിനിധിയായി സ്പീക്കര്‍ പദവിയിലെത്തിയ ശ്രീ ബാലയോഗി നിര്‍‌ദ്ദേശിച്ചത്‌; മറിച്ച് സ്വന്തം മനഃസാക്ഷിക്കനുസരിച്ച് പ്രവര്‍‌ത്തിക്കാന്‍ അദ്ദേഹം ശ്രീ ഗിരിധര്‍ ഗൊമാങിനു നിര്‍‌ദ്ദേശം നല്‍‌കുകയായിരുന്നു. ശ്രീ ഗിരിധര്‍ ഗൊമാങ് വോട്ടെടുപ്പില്‍ പങ്കെടുക്കുകയും കേവലം ഒരു വോട്ടിന് ആ വിശ്വാസപ്രമേയം പരാജയപ്പെടുകയും ചെയ്തു. അങ്ങനെ വാജ്‌പേയ് സര്‍‌ക്കാര്‍ പുറത്തായി. തുടര്‍ന്നു 1999 വീണ്ടും എന്‍ ഡി എ അധികാരത്തില്‍ വന്നപ്പോള്‍ ശ്രീ ജി എം സി ബാലയോഗി തന്നെ സ്പീക്കര്‍ സ്ഥാനത്തേയ്ക്കു നിര്‍‌ദ്ദേശിക്കപ്പെടുകയും അദ്ദേഹം ഏകകണ്ഠമായി ആസ്ഥാനത്തേയ്‌ക്കു തിരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു.

13 July 2008

DataOne-ഉം എന്റെ ആവലാതികളും (തുടര്‍ച്ച)

പതുവുതെറ്റിക്കാതെ അത്ഭുതങ്ങള്‍ക്കൊന്നും ഇടനല്‍‌കാതെ ഈ ആഴ്‌ച്ചയും BSNL DataOne എന്ന എന്റെ ബ്രോഡ്‌ബാന്റ്‌ കണക്ഷന്‍ അതിന്റെ ജോലി കൃത്യമായി ചെയ്തു. ഇന്നലെ മുതല്‍ (11/07/2008) നെറ്റ് ലഭ്യമല്ലാതായിരിക്കുന്നു. ഇത്തവണ സംഭവം അല്പം ഗൌരവതരമാണ്. എല്ലാ ആഴ്‌ച്ചയും കൃത്യമായി ഇങ്ങനെ നെറ്റ് ഇല്ലാതാവുന്ന ഈ പ്രതിഭാസത്തെപ്പറ്റി കഴിഞ്ഞ ആഴ്‌ച ഞാന്‍ ഉപഭോക്‍തൃ സേവന കേന്ദ്രത്തിലെ സാറന്മാരോടു ചോദിച്ചു. വളരെ നേരത്തെ ശ്രമത്തിനു ശേഷം 12678 എന്ന സൌജന്യ നമ്പറിന്റെ അങ്ങേത്തലക്കല്‍ ഒരു മനുഷ്യ ശബ്ദം കേള്‍‌ക്കാന്‍ സാധിച്ചു. (അപ്പോള്‍ മനസ്സില്‍ കരുതിയതാണ് പുറത്തിറങ്ങിയാല്‍ ഉടനെ ഒരു ലോട്ടറി എടുക്കണം എന്നു, പക്ഷേ ഈ സാറിന്റെ മറുപടിയെപ്പടി ചിന്തിച്ചിരുന്നു അതു മറന്നുപോയി.)

“സാര്‍ ഞാന്‍ ഒരു ബ്രോഡ്‌ ബാന്റ്റ് കസ്റ്റമര്‍‌ ആണ്‍`. ഒരു പരാതി ഉണ്ടായിരുന്നു” ഞാന്‍ പറഞ്ഞു.

എന്താണ് പറയൂ.? അങ്ങേത്തലക്കല്‍‌ നിന്നുള്ള ചോദ്യം.

“ഇന്നലെ മുതല്‍ നെറ്റ്‌ ലഭ്യമല്ല“ എന്റെ മറുപടി.

“ഏതാ എക്സ്‌ചേഞ്ച്?“ ചോദ്യം

“ചെറായി“ ഞാന്‍ പറഞ്ഞു.

“ഓഹോ നിങ്ങളുടെ ഒ എഫ് സി വരുന്നതു ഗോശ്രീപാലങ്ങള്‍ വഴിയാണ്. അവിടെ എപ്പോഴും ഈ പൊക്ലെയിന്‍ വച്ചു മണ്ണു മാന്തുകയല്ലെ. എങ്ങനെ ഒ എഫ് സി കട്ടാവുന്നതാണ്. ഒന്നും ചെയ്യാന്‍ സാധ്യമല്ല. വേറെ എന്തെങ്കിലും??“

ഇതായിരുന്നു മറുപടി. വേറെ ഞാന്‍ എന്തുപറയാന്‍‌ എല്ലാ ആഴ്ചയും കൃത്യമായി ഇതു ചെയ്യുന്നവനെ മനസ്സാ ശപിച്ചുകൊണ്ട്‌ ഞാന്‍ ഫോണ്‍ വെച്ചു. പക്ഷെ അപ്പോളാണ് മറ്റൊരു സംശയം തോന്നിയതു. കുറച്ചു മാസങ്ങള്‍‌ക്കു മുന്‍പു ഞങ്ങളുടെ എക്സ്‌ചേഞ്ചിലെ എല്ലാ ഫോണുകളും നിശ്ചലമായിരുന്നു. അന്നു അതിന്റെ കാരണമായി പറഞ്ഞത്‌ ഇവിടെനിന്നും പറവൂര്‍ ആലുവ വഴി റൂട്ട്‌ ചെയ്തിരിക്കുന്ന ഒ എഫ് സി എവിടെയോ തകരാറായെന്നും അതു മൂലമാണ് ഫോണ്‍ വിളിക്കാന്‍‌ സാധിക്കാത്തതെന്നും ആണ്. തകരാറായസ്ഥലം കൃത്യമായി അറിയാത്തതിനാല്‍ അന്നു രണ്ടു മൂന്നു ദിവസം എടുത്തു അതു പരിഹരിക്കാന്‍‌ ഇപ്പോള്‍ പറയുന്നു ഒ എഫ് സി ഗോശ്രീവഴിയാണെന്നു. അവര്‍‌ പറയുന്നതു വിശ്വസിക്കുകയല്ലാതെ വേറെ എന്തു നിവൃത്തി. എവിടെ എന്തു പ്രശ്നം വന്നാലും അതൊക്കെ ആദ്യം നമുക്കാണല്ലോ.

ഇത്തവണ ഇന്നലെ മുതല്‍‌ പഴയപടിതന്നെ. നെറ്റ് ഇല്ല. ഇന്നു കുറേനേരം 12678 കുത്തിനോക്കി ഒരു രക്ഷയും ഇല്ല. busy തന്നെ. ഒടുവില്‍ വൈകുന്നേരത്തോടെ നമ്മുടെ എക്സ്‌ചെഞ്ച് അധികാരിയെ വിളിച്ചുനോക്കി.

“സര്‍ ഒരു ബ്രോഡ് ബാന്റ് കസ്റ്റമര്‍ ആണ്. പേരു മണികണ്ഠന്‍‌ ഫോണ്‍ നമ്പര്‍ ------ ഇന്നലെ മുതല്‍ നെറ്റ് കിട്ടുന്നില്ല“

കിട്ടിയ മറുപടി ഇതായിരുന്നു. “ങാ അതെന്തോ തകരാറുണ്ട്‌ പറവൂരോ മറ്റോ ആണ് എന്താണെന്നറിയില്ല്”
(ഹാവൂ ആശ്വാസം ആയി അപ്പോള്‍ തകരാറുണ്ട് അതു സമ്മതിച്ചു ഭാ‍ഗ്യം.)

“സര്‍ എന്താകുഴപ്പം” ഞാന്‍ വിനയപുരസ്സരം ചോദിച്ചു.

“അതറിയില്ല. ഒ എഫ് സി ആണെന്നു തോന്നുന്നു. എന്താണെന്നു നോക്കുന്നുണ്ട്”

അപ്പോള്‍ പിന്നത്തെ ചോദ്യം വേണ്ടാന്നു വെച്ചു. എന്താ കുഴപ്പം എന്നറിയില്ല പിന്നെ എപ്പോ ശെരിയാവും എന്നു ചോദിക്കുന്നതില്‍ അര്‍‌ത്ഥമില്ലല്ലോ. വീണ്ടും ചിന്താക്കുഴപ്പം കഴിഞ്ഞ ആഴ്ച എടവനക്കാട്, ഞാറയ്ക്കല്‍ വഴി എറണാകുളത്തിനു പോയിരുന്നു ഒ എഫ് സി ഈ ആഴ്‌ച്ച പറവൂര്‍‌ ആലുവ വഴി ആയോ??. ഇനി ശെരിയാവുന്നതുവരെ കാത്തിരിക്കുക തന്നെ.

ഇതു പറയാനായി ഞാന്‍‌ അടുത്ത എക്സ്‌ചേഞ്ചിന്റെ പരിധിയില്‍ വരുന്ന എന്റെ സുഹൃത്തിനെ വിളിച്ചു. അപ്പോള്‍ അദ്ദേഹം എന്നോടൊരു ചോദ്യം. ചോദ്യം കേട്ടപ്പോള്‍ എനിക്കും ന്യായമാണെന്നു തോന്നി. അദ്ദേഹത്തിന്റേതു പരിമിതികളില്ലാതെ (Un-Limited Home Plan) ഉപയോഗിക്കാവുന്ന കണക്ഷന്‍ ആണ്. മാസം 750/- രൂപ. അതായതു ഒരു ദിവസം ശരാശരി 25/- രൂപാവീതം. ഇങ്ങനെ ഓരോ ആഴ്ചയും ഒന്നോരണ്ടോദിവസം വീതം കണക്ഷന്‍ ഇല്ലാതായാല്‍ ആ ദിവസത്തെ വാടക കൊടുക്കേണ്ടല്ലൊ? ഒരു മാസം ശരാശരി ഒരു നൂറു രൂപയെങ്കിലും ലാഭിക്കാം. എന്താ കൂട്ടരെ ശരിയല്ലെ?

ഞാനും ചില കാര്യങ്ങള്‍ തീരുമാനിച്ചു. എന്റെ പഴയ ഡയലപ് കണക്ഷനില്‍ ഇനി 16 മണിക്കൂറെ ബാക്കിയുള്ളു. അതു ഇനി പുതുക്കേണ്ട എന്നു കരുതിയതായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു കാര്യം വ്യക്തമായി. ബി എസ്സ് എന്‍ എല്ലിനെ വിശ്വസിക്കുക പ്രയാസം. അതു കൊണ്ടു 900/- രൂപ പോയാലും വേണ്ടില്ല അതു ഒരു വര്‍‌ഷത്തേക്കുകൂടി പുതുക്കുകതന്നെ. വീണ്ടും നെറ്റ് ശെരിയാവുന്നതുവരെ വിട.

9 July 2008

ജനാധിപത്യത്തിന്റെ കഷ്ടകാലം

അങ്ങനെ വളരെനാളത്തെ കാത്തിരുപ്പിനും ഊഹാപോഹങ്ങള്‍ക്കും ഇടയില്‍ ആ രണ്ടു മഹദ്‌സംഭവങ്ങളും നടന്നിരിക്കുന്നു. ജമ്മു-കാഷ്മീരിലും, ദല്‍‌ഹിയിലും സഖ്യക്ഷികളുടെ കാലുവാരലില്‍‌ സര്‍ക്കാരുകള്‍ നിലം‌പതിച്ചിരിക്കുന്നു. ഇനി ജമ്മു-കാഷ്മീരില്‍ കഴുതകച്ചവടം ഇല്ലെങ്കിലും ദല്‍‌ഹിയില്‍ അതിനുള്ള ചരടുവലികള്‍ വളരെ മുന്‍‌പന്തിയില്‍ ആണെന്നാണ് മാധ്യമങ്ങളില്‍ നിന്നു മനസ്സിലക്കുന്നത്‌. ജനാധിപത്യത്തിന്റെ കഷ്ടകാലം എന്നല്ലതെ എന്തുപറയാന്‍. ജനാധിപത്യത്തെക്കുറിച്ചു എനിക്കു കുറെമിഥ്യാധാരണകള്‍ ഉണ്ടായിരുന്നു. ദൂരദര്‍‌ശനും പിന്നെ ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ നടക്കുന്ന സംഭവങ്ങള്‍ നേരിട്ടു നമ്മളെക്കാണിക്കാന്‍ തീരുമാനിച്ച സര്‍ക്കാരിനും (ഏതു സര്‍‌ക്കാരാണ് അത്തരം ഒരു തീരുമാനം എടുത്തതെന്നു ഓര്‍‌മ്മയില്ല) ആദ്യമെ നന്ദി അറിയിക്കട്ടെ. കാരണം ഞാന്‍ വിചരിച്ച രീതിയില്‍ ഒന്നുമല്ല അവിടെ കാര്യങ്ങള്‍ നടക്കുന്നതെന്നു മനസ്സിലാക്കാന്‍ അതു വളരെ സഹായിച്ചു. പാര്‍‌ലമെന്റ്‌ നടപടികളുടെ നേരിട്ടുള്ള സം‌പ്രേഷണം തുടങ്ങാന്‍ കാരണം അങ്ങനെയെങ്കിലും ജനപ്രതിനിധികള്‍ മര്യാ‍ദക്കു പെരുമാറട്ടെ എന്നു കരുതിയാവണം. അതും ഫലം കണ്ടില്ല. സ്പീക്കറെ അവഗണിച്ചു പല നിയമസഭകളിലും കസേരകള്‍ പറക്കുന്നതും, മൈക്കുകള്‍ വലിച്ചൂരി അംഗങ്ങള്‍ പരസ്പരം തല്ലുന്നതും നാം കണ്ടു. പാര്‍‌ലമെന്റിലാകട്ടെ ഇത്തരം സന്ദര്‍‌ഭങ്ങളില്‍ സ്പീക്കറുടെ മുഖം മാത്രം പ്രക്ഷേപണം ചെയ്തു ദൂരദര്‍‌ശന്‍ സഭയുടെ മാനം രക്ഷിച്ചു. എന്നാലും ദൂരദര്‍ശനും തോറ്റുപോയിട്ടുണ്ട്‌ ഒരിക്കല്‍‌. തോല്‍‌പ്പിച്ചതു മറ്റാരും അല്ല നമ്മുടെ കുര്യന്‍ മാസ്റ്റര്‍‌ തന്നെ. തന്റെ പാ‍ര്‍ട്ടിനടപടിയെ കളിയാക്കികൊണ്ടുള്ള പ്രധാനമന്ത്രി വാജ്‌പേയിയുടെ പ്രസംഗം (അങ്ങനെയാണ് എന്റെ ഓര്‍‌മ്മ) അദ്ദേഹത്തിന്റെ സകല നിയന്ത്രണവും കളയുന്നതായിരുന്നു. സകല കീഴ്‌വഴക്കങ്ങളും കാറ്റില്‍‌പറത്തി കുര്യന്‍‌സര്‍ ആ പ്രസംഗം തടസപ്പെടുത്തി. തന്റെ സുഹൃത്തിനെ അനുനയിപ്പിക്കാന്‍ സ്പീക്കര്‍‌ ആയിരുന്ന സാംഗ്മയുടെ അഭ്യര്‍‌ത്ഥനകള്‍ കൂടിവന്നപ്പോള്‍ പുറകില്‍‌ നില്‍ക്കുന്ന ഉദ്യോഗസ്ഥന്‍‌ അദ്ദേഹത്തിന്റെ ചെവിയില്‍‌ മന്ത്രിച്ചു. “Sir TV cameras!!" എന്നാല്‍ ഈ ഉപദേശം അന്നു ദൂരദര്‍‌ശനിലൂടെ എല്ലാവരും കേട്ടു. ഉടനെ വന്നു സാംഗ്മയുടെ മറുപടി “No! no cameras. Switch off the cameras!" പിന്നെ രണ്ടുമിനിറ്റ് ടി വി സ്ക്രീനില്‍‌ ഇരുട്ടുമാത്രം. പിന്നീട്‌ സം‌പ്രേക്ഷണം തുടര്‍ന്നപ്പോള്‍ എല്ലാം ശാന്തം. അധികം താനസിയാതെ ഈ രംഗങ്ങള്‍ വീണ്ടും ആവര്‍‌ത്തിക്കും. നാലു വര്‍ഷം ഒന്നിച്ചു താമസിച്ചതിന്റെ പിണക്കവും, ചതിയും എല്ലാം കൂട്ടുകക്ഷികള്‍ പരസ്പരം വിളിച്ചു പറയും. അങ്ങനെ ശ്രീകോവിലില്‍ വീണ്ടും വിഴുപ്പലക്കും. ഇതു കണ്ടും കേട്ടും മറുപുറത്തുള്ളവരും കുത്തിവെയ്പും നുള്ളിനോവിക്കലും നടത്തും. അപ്പോഴും പ്രധാന ചര്‍‌ച്ചാവിഷയമാകേണ്ട ആണവകരാരിനെക്കുറിച്ചുള്ള ന്യായാന്യായങ്ങള്‍ അവിടെ വിശദമായ വിശകലനത്തിനോ ചര്‍ച്ചക്കോ വരും എന്നു കരുതാന്‍‌ വയ്യ. പാര്‍ലമെന്റിനുള്ളില്‍ ഇത്തരം കണ്ഠക്ഷോഭങ്ങള്‍ നടക്കുമ്പോള്‍ പുറത്തു പല സാമജീകരും തങ്ങളെ വില്‍‌പനക്കു വെച്ചിരിക്കുകയോ വിറ്റുകഴിയുകയോ ചെയ്തിരിക്കും. പിന്നെ വോട്ടിങ്ങ് ആയി. അതാണ് ഏറ്റവും രസകരമായി ഞാന്‍‌ കാണുന്നത്‌. എന്തിനണ് ഈ ചര്‍ച്ചകള്‍ സംഭവങ്ങളെപ്പറ്റി സാമാജികരെ ബോധവാന്മാരക്കനാണെന്നണു ഞാന്‍ ആദ്യം കരുതിയിരുന്നത്‌. പിന്നീടുമനസ്സിലായി ഇതു വെറും തട്ടിപ്പു പരുപാടിയാണെന്ന്‌. കാരണം ചര്‍ച്ച കഴിയുമ്പോഴേക്കും ഓരോ പര്‍ട്ടിയും “വിപ്പു” പുറപ്പെടുവിച്ചിരിക്കും. “സത്യസന്ധമായും, തന്റെ മുന്‍പില്‍ വരുന്ന വിഷങ്ങളില്‍ വ്യക്തി പരിഗണനകള്‍‌ക്കതീതമായും പ്രവര്‍‌ത്തിക്കും” എന്ന “സത്യ പ്രതിഞ്ജ“ ചെയ്ത ഓരോ സാമാജികനും പിന്നെ “വിപ്പു” അനുസരിക്കാന്‍ ബാദ്ധ്യസ്ഥനാണ്. അല്ലെങ്കില്‍ കക്ഷി കൂറുമാറിയതായും അയോഗ്യനാക്കിയതായും കണക്കാക്കും. പിന്നെ എന്തിന്നണ് ഈ ചര്‍ച്ചകള്‍‌. ഇന്നു വരെ ഒരു രാഷ്ട്രീയപാര്‍‌ട്ടിയും ഇത്തരം സന്ദര്‍‌ഭങ്ങളില്‍ തങ്ങളുടെ അംഗങ്ങളോട് മനഃസാക്ഷി വോട്ടുചെയ്യാന്‍ ആവശ്യപ്പെട്ടതായി വായിച്ചിട്ടില്ല. അത്രക്കുണ്ട് ഓരോപാര്‍‌ട്ടിക്കും സ്വന്തം സാമാജികരിലുള്ള വിശ്വാസം. അതുകഴിഞ്ഞ് അധികാരം കിട്ടിയാല്‍‌ കരാര്‍‌ അനുസരിച്ചു ഭാഗം വെയ്പാവും. അതെല്ലാം ഒന്നു സുഖിച്ചു വരാന്‍‌ സമയം ഉണ്ടോ അതും ഇല്ല. അപ്പൊ കച്ചവടം വഴികയറിയവര്‍‌ക്കു രാജ്യപുരോഗതി നോക്കാന്‍ സമയം എവിടെ. കിട്ടിയ അവസരം ശെരിക്കും ആസ്വദിക്കുക. നീണാല്‍‌ വാഴട്ടെ നമ്മുടെ ജനാധിപത്യം.

ജനാധിപത്യത്തെക്കുറിച്ചു ചില സംശയങ്ങള്‍ ഇപ്പോഴും മറുപടിയില്ലാത്തതായുണ്ട്. ആരെയാണ് നമ്മള്‍ തിരഞ്ഞെടുക്കുന്നത്‌. നമ്മുടെ പ്രതിനിധികളെയോ അതോ രാഷ്ട്രീയപാര്‍‌ട്ടികള്‍ മുന്‍‌പോട്ടുവയ്ക്കുന്ന നോമിനികളേയോ? നമ്മുടെ പ്രതിനിധികളെയാണെങ്കില്‍ അവര്‍ക്കു നിഷ്പക്ഷമായും, നിര്‍‌ഭയമായും പ്രവര്‍‌ത്തിക്കാന്‍‌ കഴിയേണ്ടേ? അങ്ങനെയെങ്കില്‍‌ വിപ്പു പോലുള്ള നടപടികള്‍ ഭൂഷണമാണോ? വിപ്പു നിയമാനുസൃതമെങ്കില്‍ എന്തിനു എല്ലാ സാമജികരും വോട്ടു ചെയ്യണം. ഓരോ പാര്‍ട്ടിയുടെയും സഭാനേതാക്കള്‍ മാത്രം വോട്ടു രേഖപ്പെറ്റുത്തിയാല്‍‌ പോരെ? പിന്നെ സ്വതന്ത്രര്‍‌ ഉണ്ടെങ്കില്‍ അവര്‍ക്കും സ്വന്തം വേട്ടു രേഖപ്പെടുത്താം. അങ്ങനെ ആണെങ്കില്‍ കച്ചവടം കുറെ ഒഴിവാക്കന്‍‌ സാധിക്കില്ലെ?

പണ്ടു അമേരിക്കന്‍‌ പാര്‍‌ലമെന്റില്‍ പാക്കിസ്ഥാനുള്ള സൈനികസഹായം വര്‍ദ്ധിപ്പിക്കാന്‍ പ്രസിഡന്റു കൊണ്ടുവന്ന ഒരു നിയമത്തിന് ഒരു സെനറ്റര്‍‌ കൊണ്ടുവന്ന ഭേദഗതി പാര്‍ലമെന്റ്‌ അംഗീകരിച്ചതായും അങ്ങനെ സൈനീകസഹായത്തിന്റെ തോത്‌ വെട്ടി കുറച്ചതായും അറിയാന്‍‌ കഴിഞ്ഞു. ലാറി പ്രെസ്‌ലര്‍ ആണ് ആ സെനറ്റര്‍‌. പ്രേസ്‌ലര്‍ ഭേദഗതി എന്ന പേരില്‍ ഇതു വളരെ ചര്‍‌ച്ചചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്‌. അത്തരം നടപടികള്‍ വല്ലതും നമ്മുടെ പാര്‍ലമെന്റിലും നടക്കാറുണ്ടോ? ഇവിടെ പാര്‍‌ലമെന്റിലും, നിയമസഭകളിലും ചര്‍‌ച്ചകള്‍ കുറവും എന്നാല്‍ ടി വി സ്റ്റുഡിയോവില്‍ ചര്‍ച്ചകള്‍ കൂടുതലും ആണെന്നാണ് തോന്നുന്നത്‌.

28 June 2008

DataOne-ന്റെ ചതി വീണ്ടും

ഒരാഴ്ചത്തെ ഇടവേളക്കുശേഷം ഇതാ DataOne-ന്റെ ചതി വീണ്ടും. 11:15 വരെ ഒരു കുഴപ്പവും ഇല്ലാതിരുന്ന നെറ്റ്‌‌ വീണ്ടും ലഭ്യമല്ലാതായിരിക്കുന്നു. Remote Computer does not respond.......... കാരണം വേറെഒന്നും അല്ല server ചത്തു. ഉപയോഗവിവരങ്ങല്‍ അറിയുന്നതിനുള്ള് സൈറ്റ്‌ ഇന്നലെ രാത്രി മുതല്‍ പ്രവര്‍ത്തിക്കുന്നില്ല. അതിനി മിക്കവാറും ഒരു മൂന്നാം തീയതിക്കുശേഷം നോക്കിയല്‍ മതി. എല്ലാ മാസവും അവസാനത്തെ ദിവസങ്ങളില്‍ ഇതു തന്നെയാണ് അവസ്ഥ. കൃത്യമായി ഒരുമാസം ഒരു പരാതിയും ഇല്ലാത്ത സേവനം നല്‍‌കാന്‍ ഭാരതത്തിന്റെ ഏറ്റവും വലിയ സേവനദാതാവിനു സാധിക്കുന്നില്ല. പരസ്യങ്ങളിലും മറ്റും ഏറ്റവും വലിയ വാചകക്കസര്‍ത്തുകള്‍ നടത്തുന്ന ഈ വിഭാഗം ഉപഭോക്തൃസേവനത്തില്‍ ഇപ്പോഴും വളരെ പിന്നില്‍ തന്നെ. ഇനി ഇതു എന്നു ശെരിയാവും എന്നറിയില്ല. അതുവരെ വീണ്ടും പഴയ ഡയല്‍-അപ്‌ കണക്ഷനിലേക്ക്............

25 June 2008

വധശിക്ഷയും ഭാരതത്തിന്റെ നീതിന്യായ വ്യവസ്ഥയും.

വളരെ ഉദാത്തമായ ആശയങ്ങള്‍ ഉള്ള ഒന്നാണ് നമ്മുടെ നീതിന്യായ വ്യവസ്ഥ. ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്ന അതിന്റെ ആശയം തന്നെ ഇതിനു ഉദാഹരണം ആണ്. എന്നാലും പലപ്പോഴും നീതി നടപ്പാക്കുന്നതില്‍ നമ്മുടെ നിയമസംവിധാനത്തില്‍ ‌ വരുന്ന കാലതാമസം നീതിനിഷേധിക്കുന്നതിനു തുല്ല്യമായ അവസ്ഥ ഉണ്ടാക്കുന്നു. നീതിനിര്‍വഹണം നടത്തിയാല്‍ പോരാ‍ ആ തോന്നലും ഉറപ്പും സാമാന്യജനത്തില്‍ ഉണ്ടാക്കുകയും വേണം. കടുത്തരീതിയിലുള്ള കുറ്റകൃത്യങ്ങള്‍ക്കു നമ്മുടെ നീതിപീഠങ്ങള്‍ അപൂര്‍വ്വമായെങ്കിലും വധശിക്ഷ വിധിക്കാറുണ്ട്‌. വധശിക്ഷക്കെതിരായ പ്രചാരണങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും നടക്കുന്നുണ്ട്‌. എന്നാലും നമ്മുടെ നാട്ടില്‍ നിയമപരമായ സാധുത ഉള്ള ഒന്നാണ് ഇപ്പോഴും വധശിക്ഷ. ഒരു വ്യക്തിക്കു വധശിക്ഷ നല്‍‌കുന്നതിനെപ്പറ്റി വ്യക്തമായ മാര്‍‌ഗ്ഗനിര്‍ദ്ദേശങ്ങള്‍ സുപ്രീംകോടതി പുറപ്പെടുവുച്ചിട്ടുണ്ട്‌. അതനുസരിച്ചു ‘അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കുറ്റകൃത്യങ്ങള്‍ക്കുമാത്രമേ‘ വധശിക്ഷ നല്‍‌കാറുള്ളു. ഔദ്യോഗികമായ ചിലകണക്കുകള്‍ പ്രകാരം സ്വതന്ത്ര്യാ‍നന്തര ഭാരതത്തില്‍ ഇതുവരെ 55 പേര്‍ വധശിക്ഷക്കു വിധേയരായിട്ടുണ്ട്. 1975 മുതല്‍ 1991 വരെയുള്ള കാലഘട്ടത്തില്‍ 40 പേരെ വധശിക്ഷക്കു വിധേയരാക്കി. എന്നാ‍ല്‍ 1991 മുതല്‍ 2004 വരെയുള്ള സമയത്തു ആരും തന്നെ വധശിക്ഷക്കു വിധേയരായിട്ടില്ല. ഭാരതത്തില്‍ നടക്കുന്ന അവസാനത്തെ വധശിക്ഷ 2004 ആഗസ്റ്റ് 14 നു കല്‍ക്കട്ടയില്‍ ആണ്. ധനഞ്ജയ്‌ ചാറ്റര്‍ജി എന്ന നാല്പതുവയാസ്സുകാരനെ 14 വയസ്സുള്ള ഒരു ബാലികയെ പീഠിപ്പിച്ചുകൊന്ന കേസില്‍ വധശിക്ഷക്കു വിധേയനാക്കി. നിയമപരമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കുകയും ഇയളുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളുകയും ചെയ്തതിനു ശേഷം ആയിരുന്നു ശിക്ഷ നടപ്പാക്കിയത്‌.

ഇതിനു മുന്‍പും ശേഷവും രാഷ്ട്രമനസാക്ഷിയെ ഞെട്ടിച്ച ഒട്ടനവധി ക്രൂരകൃത്യങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിട്ടുണ്ട്`. അവയില്‍ ചിലതിനു അത്യുന്നത നീതിപീഠം വധശിക്ഷ വിധിക്കുകയും ചെയ്തു. എന്നാല്‍ പലനിയമക്കുരുക്കുകളിലും കുടുങ്ങി അവയൊന്നും നടപ്പാക്കപ്പെടാതെ ഇപ്പോഴും അന്തിമമായ തീര്‍പ്പു കാത്തിരിക്കുന്നു. അത്തരം രണ്ടു വിഷയങ്ങളെപ്പറ്റി ഇവിടെ പ്രതിപാദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

അതില്‍ ഒന്ന്‌ ഭാരതത്തിന്റെ മുന്‍ പ്രധാനമന്ത്രി ആയിരുന്ന രാജീവ്‌ ഗാന്ധിയുടെ വധം ആണ്. 1991 മെയ്‌ 21 നു തമിഴനാട്ടിലെ ശ്രീപെരുമ്പുതൂരില്‍ അദ്ദേഹത്തെ LTTE ധനു എന്ന് മനുഷ്യബോംബിനെ ഉപയോഗിച്ചു വധിക്കുമ്പോള്‍ അദ്ദേഹത്തോടൊപ്പം കൊല്ലപ്പെട്ടത് മറ്റു 14 പേര്‍ കൂടിയാണ്. തുടര്‍ന്നു CBI യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം 1992 മെയ്‌ 20 ന് തങ്ങളുടെ അന്വേഷണറിപ്പോര്‍ട്ട് മദ്രാസിലേ പ്രത്യേകകോടതിയില്‍ സമര്‍പ്പിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ ഇതിലെ മുഴുവന്‍ കുറ്റവാളികളേയും നിയമത്തിനു മുന്‍പില്‍ കൊണ്ടുവന്ന പ്രത്യേക അന്വേഷണസംഘം അന്നു ലോകശ്രദ്ധ പിടിച്ചുപറ്റി. തികച്ചും പ്രശംസാര്‍ഹമായ രീതിയില്‍ ആണ് ഈ അന്വോഷണം നടന്നത്‌. പിന്നീട്‌ 1997 നവംബര്‍‌ 11 ന് പ്രത്യേകകോടതി ഈ കേസില്‍ ഹജറാക്കപ്പെട്ട 26 പ്രതികള്‍ക്കും വധശിക്ഷ വിധിക്കുകയാണ് ഉണ്ടായത്‌. എന്നാല്‍ ഇതിന്റെ അപ്പീലില്‍ സുപ്രീംകോടതി ഇതില്‍ നാലുപേരുടെ വധശിക്ഷ മാത്രം ശെരിവെച്ചു. നളിനി, ശ്രീഹരന്‍ (മുരുകന്‍, നളിനി ഇദ്ദേഹത്തിന്റെ ഭാര്യയാണ്), പേരറിവാളന്‍, സുതെന്തിരാജ (ശാന്തന്‍) എന്നിവരാണ് ഈ നാലുപേര്‍. ഇവരുടെ റിവ്യൂ ഹര്‍ജി 1999 ഒക്‍ടോബര്‍ 8 ന് തീര്‍പ്പാക്കിയാ മൂന്നു ജഡ്ജിമാര്‍ അടങ്ങുന്ന സുപ്രീംകോടതി ബഞ്ച് ഈ ശിക്ഷ ശെരിവെക്കുകയാണ് ഉണ്ടായതു. ഈ ബഞ്ചില്‍ ഉണ്ടായിരുന്ന ജെസ്റ്റിസ് കെ ടി തോമസ്, നളിനിക്കു വധശിക്ഷ നല്‍കുന്നതിനെ എതിര്‍ത്തു. ഒരു സ്ത്രീ എന്ന പരിഗണന അവര്‍ അര്‍ഹിക്കുന്നു എന്നതായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാല്‍‌ ഭൂരിപക്ഷ തീരുമാനത്തിനു വിധേയമായി എല്ലാവരുടെയും വധശിക്ഷ ശെരിവെക്കപ്പെടുകയായിരുന്നു. പിന്നീട് ഇവര്‍ രാഷ്ട്രപതിക്കു ദയാഹര്‍‌ജി നല്‍കി. 1999 നവംബര്‍ 1 ന് ഇവരുടെ ശിക്ഷാനടപടികള്‍ നിറുത്തിവെക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തമിഴനാടിനു നിര്‍ദ്ദേശം നല്‍‌കുകയായിരുന്നു. നളിനിയുടെ വധശിക്ഷ പിന്നീട്‌ ജീവപര്യന്തമാക്കി കുറച്ചു. എന്നല്‍ മറ്റു മൂന്നുപേരുടെ കാര്യത്തിലും ഇതുവരെ തീരുമാനം ആയിട്ടില്ല.


രണ്ടാമത്തെ വിഷയം 2001 ഡിസംബര്‍‌ 13 ന് ഭാരതത്തിന്റെ പാര്‍ലമെന്റ്‌ മന്ദിരത്തിനുനേരെ ഉണ്ടായ ആക്രമണമാണ്. അന്നു ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ അഞ്ചു പോലീസുകാരും, ഒരു പാര്‍ലമെന്റ്‌ സുരക്ഷാഉദ്യോഗസ്ഥനും, ഒരു തോട്ടക്കാരനും ആണ് കൊല്ലപ്പെട്ടത്‌. എന്നാല്‍ അഞ്ചു തീവ്രവാദികളെ വധിക്കാനും പോലീസിനു കഴിഞ്ഞു. പിന്നീടു നടന്ന അന്വേഷണത്തില്‍ നാലുപേരെ കുറ്റക്കാരായി കണ്ടെത്തുകയും പോട്ടാനിയമപ്രകാരം ചാര്‍ജ്ജ് ചെയ്യപ്പെട്ട ഈ കേസുകളില്‍ പോട്ടാകോടതി മൂന്നുപേര്‍ക്കു വധശിക്ഷയും ഒരാ‍ള്‍ക്കു അഞ്ചുവര്‍ഷം കഠിനതടവും വിധിച്ചു. S A R ഗിലാനി, ഷൌക്കത്ത്‌ ഹുസൈന്‍ ഗുരു, മുഹമ്മദ്‌ അഫ്‌സല്‍ എന്നിവരാണ് വധശിക്ഷക്കു വിധിക്കപ്പെട്ടത്‌. ഷൌക്കത്ത്‌ ഹുസൈന്‍ ഗുരുവിന്റെ ഭര്യ അഫ്‌സാന്‍ ഗുരുവിനെ ഭര്‍‌ത്താവിന്റെ നീക്കങ്ങള്‍ അറിഞ്ഞിട്ടും അതിനു കൂട്ടുനിന്നു എന്ന കുറ്റത്തിന് അഞ്ചു വര്‍ഷം കഠിനതടവിനും വിധിച്ചു. പിന്നീട്‌ ഇവരുടെ അപ്പീല്‍ പരിഗണിച്ച ഡെല്‍ഹി ഹൈക്കോടതി 2003 ഒക്‍ടോബര്‍ 21 ന് ഗിലാനിയേയും, അഫ്സാന്‍ ഗുരുവിനേയും കുറ്റവിമുക്തരാക്കുകയും ഷൌക്കത്ത്‌ ഹുസൈന്‍‌, മുഹമ്മദ് അഫ്‌സല്‍ എന്നിവരുടെ ശിക്ഷ ശരിവെക്കുകയും ചെയ്തു. തുടര്‍ന്ന് മുഹമ്മദ് അഫ്‌സല്‍‌, ഷൌക്കത്ത്‌ ഹുസൈന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ച സുപ്രീം കോടതി 2005 ആഗസ്റ്റ്‌ 4 ന് ഷൌക്കത്ത്‌ ഹുസൈന്റെ ശിക്ഷ 10 വര്‍ഷം കഠിനതടവായി ഇളവുചെയ്തു. എന്നാല്‍ മുഹമ്മദ്‌ അഫ്‌സലിന്റെ വധശിക്ഷ സുപ്രീംകോടതിയും ശരിവെക്കുകയാണ് ചെയ്തത്‌. പിന്നീടും നാലുതവണ പലകാരണങ്ങള്‍ പറഞ്ഞു ഷൌക്കത്‌ ഹുസൈന്‍‌ സുപ്രീംകോടതിയെ സമീപിച്ചു തന്റെ ശിക്ഷ ഇളവുചയ്യണം എന്നാവശ്യപ്പെട്ടു. എല്ലാത്തവണയും വിശദമായ വാദം കേട്ടതിനു ശേഷം സുപ്രീംകോടതി ആ ഹര്‍ജികള്‍ തള്ളൂകയാണുണ്ടായത്‌. ഏറ്റവും ഒടുവില്‍ 2008 മെയ്‌ പതിനാലിനാണ് സുപ്രീംകോടതി ഷൌക്കത്ത്‌ ഹുസൈന്റെ ഹര്‍ജിതള്ളിയത്‌. മുഹമ്മദ് അഫ്‌സലിനെ 2006 ഒക്‍ടേബര്‍ 20ന് രാവിലെ 6മണിക്കു തൂക്കികൊല്ലാനുള്ള ഉത്തരവില്‍ 2006 സെപ്റ്റംബര്‍ 26ന് ഡെല്‍ഹിയിലെ അഡീഷണല്‍ സെഷന്‍‌സ് ജഡ്ജിയായ രവീന്ദര്‍ കുമാര്‍ ഒപ്പുവെച്ചു. ഇതേതുടര്‍ന്നു 2006 ഒക്‍‌ടോബര്‍‌ മൂന്നാം തീയതി മുഹമ്മദ് അഫ്‌സലിന്റെ ഭാര്യ സമര്‍പ്പിച്ച ദയാഹര്‍ജി രാഷ്ടപതി സ്വീകരിക്കുകയും അഭിപ്രായം അറിയിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടു അന്നു തന്നെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കൈമാറുകയുംചെയ്തു. ഇതോടെ മുഹമ്മദ്‌ അഫ്‌സലിന്റെ വധശിക്ഷയും നിറുത്തിവെക്കപ്പെട്ടു. ഇപ്പോള്‍ മുഹമ്മദ് അഫ്‌സല്‍ തീഹാര്‍ ജയിലില്‍ തടവിലാണ്. ആദ്യം ദയാഹര്‍ജി സമര്‍പ്പിക്കുന്നതിനെ എതിര്‍ത്ത മുഹമ്മദ് അഫ്‌സല്‍ പിന്നീട് 2006 നവംബര്‍ 9ന് ദയാഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്‌.

മേല്‍പ്പറഞ്ഞ രണ്ടുകേസുകളും നിസ്സാരമായി തള്ളിക്കളയാന്‍ സാധിക്കുന്നവയല്ല. ഇതില്‍ രണ്ടിലും ഭാരതത്തിന്റെ പരമാധികാരത്തിനുനേരെയാണ് ആക്രമണം ഉണ്ടായത്. രണ്ടിലും അന്വേഷണവും വിചാരണയും നടന്നു. എന്നാല്‍ ശിക്ഷയെപ്പറ്റി അന്തിമ തീരുമാനം എടുക്കേണ്ട ആഭ്യന്തരമന്ത്രാലയം ഇപ്പോഴും മൌനത്തിലാണ്. രാജീവ ഗാന്ധിവധക്കേസില്‍ പ്രതികള്‍ക്കു ശിക്ഷ‌ ഇളവുചെയ്യണം എന്നു സോണിയ ഗാന്ധി കേന്ദ്രസര്‍ക്കാരിനോടു അഭ്യര്‍ത്ഥിച്ചു എന്നാണ് വിവിധ മാധ്യമങ്ങളില്‍ നിന്നും മനസ്സിലാക്കുന്നത്‌. ആ അഭ്യര്‍ത്ഥന പരിഗണിക്കുകയാണെങ്കില്‍ അദ്ദേഹത്തോടോപ്പം കൊല്ലപ്പെട്ട മറ്റു പതിന്നാലുപേരുടെ കുടുംബാംഗങ്ങളുടേയും അഭിപ്രായം ആരായുന്നതാണ് അഭികാമ്യം. അതുപോലെ തന്നെ മുഹമ്മദ് അഫ്‌സലിന്റെ ശിക്ഷനടപ്പാക്കുന്നതിന് എതിരെ കാശ്മീരില്‍ ശക്തമായ പ്രതിക്ഷേധങ്ങളാണ് നടന്നത്‌. ശിക്ഷ നടപ്പാക്കാന്‍ വൈകുന്നതില്‍ തങ്ങള്‍‌ക്കുള്ള പ്രതിക്ഷേധം പാര്‍ലമെന്റ്‌ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബാംഗങ്ങളും രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ട്‌. ജമ്മു - കാശ്മീര്‍ ആസ്ഥാനമായ ജൈഷ്-എ-മുഹമ്മദ് എന്ന തീവ്രവാദ സംഘടനയുടെ നേതാവാണ് ഇദ്ദേഹം. എന്തുകൊണ്ടാണ് ഈ ശിക്ഷാവിധികളില്‍ അന്തിമമായ തീരുമാനം എടുക്കുന്നതിനു ആഭ്യന്തരമന്ത്രാലയം ഇത്രയും വൈകുന്നതെന്നു മനസ്സിലാവുന്നില്ല. രാജ്യസുരക്ഷയുടെകാര്യത്തിലും രാഷ്ട്രീയം കളിക്കുകയാണ് നമ്മുടെ സര്‍ക്കാര്‍ എന്നു തോന്നുന്നു.

ഇതു മാത്രമല്ല ഇത്തരം നിരവധി ദയാഹര്‍ജികള്‍ നാമ്മുടെ കേന്ദ്ര‌ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനത്തിനു കാത്തിരിക്കുന്നുണ്ട്‌. എന്നാല്‍ ഈ അടുത്തയിടെ പ്രിയങ്ക വധേര, നളിനിയെ സന്ദര്‍ശിച്ചതും, മുഹമ്മദ് അഫ്‌സല്‍ ഒരു മാധ്യമപ്രവര്‍‌ത്തകനുനല്‍‌കിയ അഭിമുഖവും വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. അപ്പോള്‍ എനിക്കുണ്ടായ സംശയങ്ങളാണ് ഇത്തരം ഒരു ബ്ലോഗിനു വഴിതെളിച്ചത്‌. ഭരണഘടനയുടെ 72ആം അനുശ്ഛേദം രാഷ്ട്രപതിക്കു ഏതൊരുവ്യക്തിക്കും ഒരു കോടതിയോ, പട്ടാ‍ളകോടതിയോ വിധിക്കുന്ന ശിക്ഷ ഇളവുചെയ്യാനും, റദ്ദുചെയ്യാനും ഉള്ള അധികാരം നല്‍കുന്നുണ്ട്‌. ഇത്തരം സന്ദര്‍ഭത്തില്‍ രാഷ്ട്രപതി ആഭ്യന്തരമന്ത്രാലയത്തിന്റെ അഭിപ്രായം ആരായുകയാണ് സാധാരണ ചെയ്യാറുള്ളതെന്നു ഞാന്‍ മനസ്സിലക്കുന്നു. ഇവിടേയും ആഭ്യന്തരമന്ത്രാലയത്തിന്റെ മറുപടി വൈകുന്നതാണ് പ്രശ്നങ്ങള്‍ക്കു കാരണം.

(വിവരങ്ങള്‍ക്കു കടപ്പാട് wikipedia മറ്റു നിരവധി പത്രറിപ്പോര്‍ട്ടുകളും, വിവിധ വ്യക്തികളുടെ ലേഖനങ്ങളും)

21 June 2008

BSNL DataOne എന്റെ കൈപ്പേറിയ അനുഭവങ്ങള്‍‌

ഭാരതത്തിലെ ഇന്റെര്‍‌നെറ്റ് സേവനദാതാക്കളില്‍ ഒന്നാം സ്ഥാനം അവകാശപ്പെടുന്നവരാണ് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റ്‌ഡ്‌ അഥവാ BSNL. അത്തരം പരസ്യങ്ങളില്‍ ആകൃഷ്ടനായി ഞാനും 03/01/2007 ല്‍ ഒരു കണക്ഷനു അപേക്ഷിച്ചു. നീണ്ട 11 മാസത്തെ കാത്തിരിപ്പിനു ശേഷം 27/11/2007ല്‍ എനിക്കു കണക്ഷന്‍ കിട്ടി. തുടര്‍ന്നിങ്ങോട്ടുണ്ടായ കുറെ കൈപ്പേറിയ അനുഭവങ്ങള്‍ ഞാന്‍ എന്റെ മറ്റൊരു ബ്ലോഗില്‍ വിശദമായിത്തന്നെ ഇതിനു മുന്‍പേ പ്രതിപാദിച്ചിട്ടുണ്ട്‌. കഴിഞ്ഞ രണ്ടു മാസക്കാലമായി ഞാന്‍ ആ ബ്ലോഗില്‍ ഒന്നും എഴുതാറില്ല. അതിലെ അവസാനത്തെ പോസ്റ്റ് കഴിഞ്ഞ ഏപ്രില്‍ എട്ടിനായിരുന്നു. പിന്നീട്‌ അതില്‍ എന്തെന്കിലും എഴുതുന്നത്‌ നിറുത്തിവെക്കാനുള്ള പ്രധാന കാരണം എന്നെക്കാള്‍ വലിയ ദുരിതങ്ങളാണ് മറ്റുള്ളവര്‍ക്കുള്ളത്‌ എന്ന അറിവാണ്. എന്നാലും ഉപഭോക്താക്കളോടുള്ള BSNL ന്റെ അവഞ്ജ വീണ്ടും എന്തെങ്കിലും എഴുതാന്‍ എന്നെ പ്രേരിപ്പിക്കുന്നു. ഇവിടത്തെ ഏറ്റവും വലിയ പ്രശ്നം എപ്പോഴും down ആവുന്ന server ആണ്. ഇതു പരിഹരിക്കപ്പെടുന്നതിന് പലപ്പോഴും രണ്ടു ദിവസം വരെ എടുക്കും എന്നതാണ്. ഈ ആഴ്ചയില്‍ ഇന്നത്തേതുള്‍‌പ്പെടെ ഇതു രണ്ടാമത്തെ തവണയാണ് server down ആവുന്നത്‌. BSNL ന് ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി ഒരു tolefree call centre number 12678 (നേരത്തെ ഇതു 1957 ആയിരുന്നു). ഒരിക്കലും പെട്ടന്നു ലഭ്യമല്ലാത്ത ഒരു നമ്പര്‍‌. പലപ്പോഴും തുടര്‍ച്ചയായി അരമണിക്കൂറെങ്കിലും വിളിച്ചാല്‍‌ മാത്രമേ ഒരു ഉദ്യോഗസ്ഥനോടു സംസാരിക്കന്‍ തന്നെ സാധിക്കൂ. അതിലും രസകരം രാവിലെ 9:30 മുതല്‍ വൈകീട്ടു 05:00 മണിവരെ മാത്രമെ ഈ സേവനം ലഭ്യമായുള്ളു എന്നതാണ്. ഏതൊരു സേവനമേഖലക്കും വേണ്ട പ്രധാന ഗുണമായ ഉപഭോക്തൃസേവനം Broadband Internet ന്റെ കാര്യത്തില്‍ BSNL വളരെ പിന്നിലാണ്. അതുപോലെ തന്നെ ആദ്യത്തെ പ്ലാന്‍ Home250യില്‍ നിന്നും Home500 ലേക്കുമാറാനും ഒരു വര്‍‌ഷത്തേക്കുള്ള വരിസംഖ്യ ഒരുമിച്ചടക്കുന്നതിനും വേണ്ടി ഞാന്‍ 19/12/2007ല്‍‌ നല്‍കിയ അപേക്ഷ ഇന്നു വരെയും പൂര്‍‌ണ്ണമായും നടപ്പാക്കിയിട്ടില്ല. എന്റെ അപേക്ഷപ്രകാരം പ്ലാന്‍‌ മാറ്റവും, വരിസംഖ്യ ഒരുമിച്ചടക്കുന്നതിനു അനുവദിച്ചുകൊണ്ടും ബന്ധപ്പെട്ട accounts officer 20/12/2007ല്‍ തന്നെ ഉത്തരവായിട്ടുണ്ട്‌. കഴിഞ്ഞമാസം വരെ പലവട്ടം എറണാകുളത്തുള്ള കാത്തോലിക്‍ സെന്ററിലെ BSNL ആഫീസില്‍ കയറിയിറങ്ങിയ ശേഷം ഈ മാസം മാത്രമാണ് പ്ലാന്‍ മാറ്റം അനുസരിച്ചുള്ള ബില്ല്‌ എനിക്കു ലഭിക്കുന്നത്‌. കഴിഞ്ഞ മാസങ്ങളില്‍ Home500 അനുസരിച്ചുള്ള fixed charge വാങ്ങുകയും usage Home250 അനുസരിച്ചു കണക്കാക്കുകയുമാണ് ചെയ്തത്‌. ഈ മാസം അതു ശെരിയാക്കി എങ്കിലും വാര്‍‌ഷികവരിസംഖ്യ ഒന്നിച്ചടക്കുന്നതു സംബന്ധിച്ച അറിയിപ്പൊന്നും ഇതു വരെ ഉണ്ടായിട്ടില്ല. ശരിയായി നടത്താവുന്ന കാര്യങ്ങളില്‍ BSNL കാണിക്കുന്ന കെടുകാര്യസ്ഥതക്കു ഉദാഹരണം ആണിത്‌. അതിനു പുറമേയാണ് ഇടക്കിടക്കുണ്ടാവുന്ന ഈ സാങ്കേതിക തകരാറുകള്‍. ഇന്നു BSNL Broadband ലഭ്യമല്ല. നാളയോ മറ്റന്നാളോ ഈ തകരാര്‍ പരിഹരിക്കപ്പെടും എന്ന പ്രതീക്ഷയിലാണ് ഞാന്‍.

17 June 2008

കെ എസ് ആര്‍‌ ടി സിയുടെ ജനദ്രോഹങ്ങള്‍‌

ജനങ്ങള്‍ക്ക്‌ മെച്ചപ്പെട്ട യാത്രാസൌകര്യം ഒരുക്കുകയും സ്വകാര്യബസ്സ്‌ സംവിധാനം ജനങ്ങളെ ചൂഷണം ചെയ്യുന്നതില്‍‌ നിന്നു സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് കെ എസ്സ് ആര്‍‌ ടി സി യുടെ പ്രാഥമികമായ ലക്ഷ്യം എന്നാണ് ഞാന്‍ മനസ്സിലാക്കിയിരുന്നത്‌. എന്നാല്‍ വര്‍‌ഷങ്ങളായി കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍‌ യാത്രചെയ്തുവരുന്ന എനിക്കു എന്റെ ആ ധാരണ വാസ്തവവിരുദ്ധമാണെന്ന്‌ ഇപ്പോള്‍ തീരുമാനിക്കേണ്ടിവരുന്നു. കേരളത്തില്‍ ഏറ്റവും അധികം നിയമലംഘനം നടത്തുന്നത്‌ ഈ സര്‍ക്കാര്‍‌സ്ഥാപനം തന്നെയാണെന്നാണ് ഞാന്‍‌ മനസ്സിലക്കുന്നത്‌. പലപ്പോഴും യാത്രക്കാരോടു യാതൊരു പ്രതിബദ്ധതയും ഇല്ലാത്ത പെരുമാറ്റമാണ് ചില കെ എസ്സ് ആര്‍‌ ടി സി ജീവനക്കാരില്‍ നിന്നും ഉണ്ടാവുന്നത്‌.

ഫാസ്റ്റ്‌പാസെഞ്ചറിനും അതിനു മുകളിലും പെര്‍‌മിറ്റുള്ള വാഹനങ്ങളില്‍ കയറ്റാവുന്ന പരമാവധി യാത്രക്കാരുടെ എണ്ണം ആ വാഹനത്തിന്റെ സീറ്റുകളുടെ എണ്ണത്തിനു തുല്ല്യമാണ്. എന്നാല്‍ ‘സൂപ്പര്‍‌ ഫാസ്റ്റും’ അതിനു മുകളിലും ഉള്ള മിക്ക കെ എസ്സ് ആര്‍ ടി സി വാഹനങ്ങളും സീറ്റുകളുടെ എണ്ണത്തിന്റെ മൂന്നിരട്ടി വരെ യാത്രക്കാരെ കുത്തിനിറച്ചാണ് സര്‍‌വീസ്‌ നടത്തുന്നതു. കഴിഞ്ഞ പത്തുവര്‍‌ഷത്തെ എന്റെ യാത്രനുഭവത്തില്‍ ഇത്തരത്തില്‍ ‘സേവനം’ നടത്തുന്ന ഒരു കെ എസ്സ്‌ ആര്‍‌ ടി സി വാഹനത്തെപ്പോലും ‘സഞ്ചരിക്കുന്ന കോടതികളോ’ വഴിനീളെ ഗതാഗതനിയമപാലനത്തിനു കര്‍മ്മനിരതരായി നില്‍ക്കുന്ന ‘പോലീസു’കാരോ ശിക്ഷിച്ചതായി കണ്ടിട്ടില്ല. എന്തിനു അമിതവേഗത കണ്ടെത്തുന്നതിനുള്ള സംവിധാനങ്ങള്‍ പോലും ഈ വാഹനത്തിനുമുന്‍പില്‍ കണ്ണടക്കുകയാണ് പതിവ്‌. (അല്ലെങ്കിലും ഗതാഗത നിയമപാലനത്തെക്കാള്‍ പെട്ടിയിലും പോക്കറ്റിലും വല്ലതും വീഴാന്‍‌ സാധ്യതയുള്ള ഇരകളിലാണ് ഇവര്‍ക്കു താത്പര്യം.)


പലറൂട്ടുകളിലും സമ്പത്തികലാഭത്തിനു വേണ്ടി ഫാസ്റ്റ്പാസെഞ്ചര്‍ ബസ്സുകള്‍ കൂടുതലായി ഓടിക്കാറുണ്ട്‌. എന്റെ അനുഭവത്തില്‍ ദേശസാല്‍കൃത പാതയായ ആലപ്പുഴ - ചങ്ങനാശ്‌ശേരി തന്നെ ഉദാഹരണം. ഇവിടെ ‘ഫാസ്റ്റ്പസെഞ്ചറുകളെ’ പിന്തള്ളി ‘ഓര്‍ഡീനറി ലിമിറ്റഡ്‌ സ്‌റ്റോപ്പ്‌‘ബസ്സുകള്‍ കടന്നുപോവുന്ന അനുഭവം പലപ്പോഴും എനിക്കുണ്ടായിട്ടുണ്ട്‌.
ഇത്തരത്തില്‍ കേരളത്തിലെ ഏറ്റവും ദൂരിതപൂര്‍‌ണ്ണമായ യാത്ര കോട്ടയം മുതല്‍ കിളിമാനൂര്‍ വരെ എം സി റോഡ്‌ വഴിയുള്ളതാണെന്നു ഞാന്‍ കരുതുന്നു.

ഇതു പോലുള്ള ദേശസാത്കൃത റൂട്ടുകളില്‍ ഉള്ളവരാണ് കെ എസ്സ് ആര്‍ ടി സി യുടെ ദുരന്തം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത്‌. ഞാന്‍ സ്ഥിരമായി യാത്രചെയ്തിരുന്ന ആലുവ - പറവൂര്‍ ‌ ഇത്തരം ദുരിതയാത്രക്കു ഉദാഹരണമാണ്. രാവിലെ പറവൂരില്‍‌നിന്നും സര്‍വീസ്‌ ആരംഭിക്കുന്ന ബസ്സുകള്‍ പറവൂര്‍‌ടൌണ്‍ വിടുന്നതിനുമുന്‍‌പേ നിറയും. പിന്നെ അങ്ങോട്ടുള്ള പത്തൊന്‍പതുകിലോമീറ്റര്‍ ദൂരത്തു കാത്തുനില്‍ക്കുന്നവര്‍ക്കു വല്ലബസ്സും നിറുത്തിക്കിട്ടിയാല്‍‌ ഭാഗ്യം. രാവിലെ പതിനഞ്ചു മിനിറ്റ് വ്യത്യാസത്തില്‍ പറവൂരില്‍നിന്നും ആലുവായ്ക്കു ടൌണ്‍‌ലിമിറ്റഡ് ബസ്സുകള്‍ ഉണ്ട്. പറവൂര്‍ വിട്ടാല്‍ പിന്നെ പതിനാറുകിലോമീറ്റര്‍ കഴിഞ്ഞു ദേശീയപാത നാല്‍‌പത്തിയേഴില്‍ പറവൂര്‍ക്കവലയിലെ ഇവയ്ക്കു സ്‌റ്റോപ്പുള്ളു. ഈ ബസ്സുകള്‍ പോലും രാവിലെ 7:30 നും 10:30 നും ഇടക്കു പറവൂര്‍‌ടൌണ്‍ വിടുന്നതുതന്നെ മിക്കാവാറും അറുപതില്‍ കുറയാത്ത യാത്രക്കാരുമായാണ്. മറ്റു സമയങ്ങളില്‍ 50% യാത്രക്കര്‍ ഉറപ്പായും ഉണ്ടാവുകയും ചെയ്യും. എന്നാലും ഈ റൂട്ടില്‍ ബസ്സുകളുടെ എണ്ണം കൂട്ടണം എന്ന ആവശ്യം ഇപ്പോഴും പരിഗണിക്കപ്പെടതെ കിടക്കുന്നു. ഇതിനു കാരണമായി പറയുന്നതു ആവശ്യത്തിനു ബസ്സുകള്‍ ഇല്ല എന്നതാണ്. എന്നാല്‍ ഗോശ്രീപാലം വഴി പുതുതായി 18 ബസ്സുകള്‍ ഇപ്പോള്‍ സര്‍വീസ്‌ നടത്തുന്നുണ്ട്. നൂറ്റി‌ഇരുപതോളം സ്വകാര്യബസ്സുകള്‍ ഉള്ളപ്പോഴാണ് ഇവിടെ 18 കെ എസ്സ് ആര്‍ ടി സി ബസ്സുകള്‍ പുതുതായി ആരംഭിച്ചതെന്നോര്‍ക്കണം. നിലവില്‍ ഉള്ള റൂട്ടുകളിലെ സര്‍വീസ് കാര്യക്ഷമമാക്കാതെ കൂടുതല്‍ പുതിയ റൂട്ടുകളില്‍ സര്‍വീസ് ആരംഭിക്കുന്നതും, കൂടുതല്‍ റൂട്ടുകള്‍ ദേശസാത്കരിക്കുന്നതും പൊതുജനങ്ങളോടു ചെയ്യുന്ന കടുത്ത അനീതി തന്ന്നെയാണ്.


സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ചര്‍ജിന്‌ അനുസരിച്ചാണ് സ്വകാര്യ ബസ്സുകളും സര്‍വീസ്‌ നടത്തുന്നത്‌. എന്നാല്‍ കെ എസ്സ് ആര്‍ ടി സി ക്കു ഈ നിരക്കുകള്‍ക്കു പുറമെ ഇരുപത്റ്റിഅഞ്ചു രൂപക്കു മുകളിലുള്ള ഓരോ ടിക്കറ്റിലും ഒരു രൂപ ഇന്‍ഷുറന്‍സ് സെസ്സ് ആയി പിരിക്കാന്‍ അവകാശം ഉണ്ട്. ഇങ്ങനെ എല്ലാം ചെയ്താലും വൃത്തിഹീനവും, ചോര്‍ന്നൊലിക്കുന്നതും ആയ ബസ്സുകളാണ് മിക്കപ്പോഴും കാണന്‍‌ സാധിക്കുന്നത്‌. എറണാകുളത്തുനിന്നും പലപ്പോഴും ഔദ്യോഗീകാവശ്യങ്ങള്‍ക്കായി കണ്ണൂരിലോ കാസര്‍‌ഗോടിനോ പോകേണ്ടിവരുമ്പോള്‍ പലപ്പോഴും ഞാന്‍ ആശ്രയിക്കുന്നത്‌ കലൂരില്‍ നിന്നും പുറപ്പെടുന്ന ഹൈറേഞ്ച് - മലബാര്‍ബസ്സുകളെത്തന്നെയാണ്. ഓര്‍‌ഡിനറി ബസ്സിന്റെ ചാര്‍ജില്‍‌ സെമിസ്ലീപ്പര്‍ യാത്ര സൌകര്യം ഉള്ളവയാണ് അവയില്‍ പലതും. അമിതമായി യാത്രക്കാരും ഉണ്ടാവാറില്ല. ഈ സമയത്തുള്ള കെ എസ്സ് ആര്‍ ടി സി ബസ്സുകളാവട്ടെ തീരെ സൌകര്യപ്രദമല്ലാത സീറ്റുകളും, തിങ്ങിനിറഞ്ഞ യാത്രക്കാരുമായി പോകുന്നവയാണ്. അതിനെല്ലാം പുറമെയാണ് ഈടാക്കുന്ന അമിത ചാര്‍ജ്ജ്. ദൌര്‍‌ഭഗ്യവശാല്‍ തിരുവനന്തപുരത്തിനോ കൊല്ലത്തിനോ പോകേണ്ടിവരുമ്പോള്‍ കെ എസ്സ് ആര്‍ ടി സി യെത്തന്നെ ആശ്രയിക്കേണ്ടിവരുന്നു.

കെ എസ്സ് ആര്‍ ടി സി യാത്രയില്‍ പിന്നെ ഏറ്റവും അരോചകമായി തൊന്നുന്നതു നിറുത്താതെയുള്ള എയര്‍‌ഹോണ്‍‌ പ്രയോഗം ആണ്. നിയമം മൂലം എയര്‍‌ഹോണിന്റെ ഉപയോഗം നിരോധിച്ചിട്ടുണ്ടെങ്കിലും മിക്കവാറും കെ എസ്സ് ആര്‍ ടി സി ബസ്സുകളിലും, സ്വകാര്യബസ്സുകളിലും ഇതിന്റെ ഉപയോഗം നിര്‍ബാധം തുടരുന്നു. വ്യത്യാസം സ്വകാര്യബസ്സുകളിലെ എയര്‍‌ഹോണ്‍ പോലീസ്‌ പിടിച്ചിടുക്കാറുണ്ടെന്നതുമാത്രം. ഇടുങ്ങിയ വഴിയില്‍ പോലും നിറുത്താതെ എയര്‍ ഹോണ്‍ അടിക്കുന്ന സ്വഭാവം പല ഡ്രൈവര്‍മാരിലും കാണാം. സത്യത്തില്‍ ആ എയര്‍ ഹോണ്‍ ഒന്നിന്റെ ബലത്തില്‍ മാത്രമണ് പല കെ എസ്സ് ആര്‍ ടി സി ബസ്സുകളും ഓടുന്നതുതന്നെ.


രസകരമായി തോന്നിയ മറ്റൊരുകാര്യം ഏതെങ്കിലും ബസ്സു ഒരു ഡിപ്പോയില്‍നിന്നും പുറ്പ്പെടുന്ന സമയം ചോദിച്ചാല്‍ ലഭിക്കുന്ന മറുപടിയാണ്. മിക്കവാറും കിട്ടുക ‘ഉടനെ‘ എന്ന മറുപടിയാണ്. അതുകേട്ടു കയറിയിരുന്നാല്‍ ചിലപ്പോള്‍ ഒരു പതിനഞ്ചുമിനുറ്റെങ്കിലും കഴിഞ്ഞെ ആ വണ്ടി പുറപ്പെടൂ. ഇനി അബദ്ധത്തില്‍ ഒരു കൃത്യസമയം പറഞ്ഞാലോ അതിനും വളരെ മുന്‍പേ വണ്ടി പോയിരിക്കും. അത്തരം ഒരനുഭവമാണ് ഇന്നു (16/06/2008) രാവിലെ ഉണ്ടായത്‌. പത്തനം‌തിട്ടക്കുള്ള ഒരു ഫാസ്റ്റ്പാസെഞ്ചര്‍‌ പുറപ്പെടുന്നസമയം ചോദിച്ച എനിക്കു കിട്ടിയ മറുപടി 9:15 എന്നാണ്. അപ്പോള്‍ എന്റെ വാച്ചിലെ സമയം 8:55. സ്‌റ്റേഷനിലെ ക്ലോക്കില്‍ 9:00. പതിനഞ്ചു മിനിറ്റുണ്ടല്ലൊ എന്നുകരുതി ചായകുടിക്കാന്‍‌ ഞാന്‍ സ്റ്റാളിനടുത്തേക്കു നടന്നു. സ്റ്റാളില്‍ ഞാന്‍ എത്തുമ്പോഴേക്കും ബസ്സ്‌ നീങ്ങിത്തുടങ്ങിയിരുന്നു. എന്നോടു പറഞ്ഞതിലും 10 മിനിറ്റ് നേരത്തെ.

കെ ബി ഗണേശ്‌കുമാര്‍ ഗതാഗത മന്ത്രിയായിരുന്നപ്പോള്‍ ഇറക്കിയ ‘ഹൈട്ടെക്’ ഡിസൈനില്‍ ഉള്ള ബസ്സുകളിലെ യാത്ര ഇപ്പോഴും നടുവൊടിക്കുന്നതുതന്നെ. ‘ഹൈടെക്’ എന്നതു ഡിസൈനിന്റെ പ്രത്യേകത അല്ലെന്നും അതു നിര്‍മ്മിച്ച സ്ഥാപനത്തിന്റെ (ഹൈടെക്‌ ഇന്‍ഡസ്‌ട്രീസ്‌) പേരാണെന്നതും ഞാന്‍ മനസ്സിലാക്കിയതു വൈകിയാണ്. എന്നാല്‍ പിന്നീട് അങ്ങോട്ട് ആ ഡിസൈന്‍ ഉപേക്ഷിച്ചു എന്നതു ആശ്വാസകരമായി തോന്നുന്നു. അതുപോലെ ‘വേണാട്’ ‘അനന്തപുരിഫാസ്റ്റ്’ എന്നീ മോഡലുകളും ഇപ്പോള്‍ പുതുതായി വന്നിരിക്കുന്ന മോഡലുകളും സൌകര്യപ്രദമായ സീറ്റുകള്‍ ഉള്ളവയാണ്.

പല ബഡ്ജറ്റുകളിലും കെ എസ്സ് ആര്‍ ടി സിക്കുവേണ്ടി സര്‍ക്കാര്‍ ധാരാളം പണം നീക്കിവെക്കുന്നുണ്ട്‌. ഇത്തവണത്തെ ബഡ്ജറ്റ് അതില്‍ സര്‍വ്വകാല റെക്കോര്‍‌ഡിട്ടു എന്നു വേണമെങ്കില്‍ പറയാം. എന്നിട്ടും കഴിഞ്ഞമാസം ജീവനക്കാരുടേ പെന്‍‌ഷനും മറ്റാനുകൂല്യങ്ങളും നല്‍‌കുന്നതിനു ഡീസല്‍ വാങ്ങിയ വകയില്‍ നല്‍‌കാന്‍ വെച്ച പണം വകമാറ്റിയതു പല ട്രിപ്പുകളും റദ്ദാക്കുന്നതിലാണ് അവസാനിച്ചത്‌. ഇതു മൂലം കഷ്ടപ്പെട്ടാതാവട്ടെ സാധരണ ജനവും. കെ എസ്സ് ആ‍ര്‍ റ്റി ബസ്സിന്റെ ശരാശരി ഒരു കിലോമീറ്ററില്‍ നിന്നുള്ള വരുമാനം 12 രൂപക്കു മുകളില്‍ ആണെന്നാണ്‌ പറയുന്നതു. സ്വകാര്യബസ്സുകളില്‍ പലതും ഇതിലും താ‍ഴ്ന്ന വരുമാനത്തിലാണ് ഓറടുന്നത്‌. എന്നിട്ടും അവ റോഡ് നികുതിയും, തൊഴിലാളീ ക്ഷേമനിധി വിഹിതവും, അറ്റകുറ്റപ്പണികളും, പിന്നെ ഉള്ളതിനും ഇല്ലാത്തതിനും അടക്കേണ്ട പിഴയും കഴിച്ചിട്ടും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നു. അതുകൊണ്ടാണല്ലൊ കൂടുതല്‍ ആളുകള്‍ ഈ രംഗത്തേക്കു നിക്ഷേപിക്കാന്‍ വരുന്നതും, ഉള്ളവര്‍ കൂടുതല്‍ റൂട്ടുകളില്‍ പുതിയ ബസ്സുകള്‍ ഇറക്കാന്‍ സന്നദ്ധരാവുന്നതും. എന്നാലും സര്‍ക്കാര്‍ സ്ഥാപനം എന്നും നഷ്ടത്തില്‍ തുടരുന്നു.

മുഴുവന്‍ സ്വകാര്യ ബസ്സുകളും നിയമാനുസൃതം ഓടുന്നവയാണെന്നു ഞാന്‍ അവകാശപ്പെടുന്നില്ല. അവയിലും ധാരാളം കള്ളനാണയങ്ങള്‍ ഉണ്ട്‌. എന്നാല്‍ പൊതുഗതാഗതരംഗത്തിനു മാതൃകയാവേണ്ട കെ എസ്സ് ആര്‍ ടി സി യുടെ പ്രവര്‍ത്തനം ഒട്ടും ആശാവഹം അല്ല അന്നതാണ് എന്റെ അഭിപ്രായം.

3 June 2008

ഗോള്‍‌ഫ്‌ക്ലബ് - ഞാന്‍‌ മനസ്സിലാക്കുന്ന കാര്യങ്ങള്‍‌

തിരുവനന്തപുരം ഗോള്‍‌ഫ്‌ക്ലബ്ബ് സര്‍ക്കാര്‍ ഏറ്റെടുത്തതു വലിയ വിവാദം ആയിരിക്കുകയാണല്ലൊ. ഈ വിഷയത്തില്‍ ഞാന്‍‌ മറ്റോരു ബ്ലോഗില്‍‌ രേഖപ്പെടുത്തിയ അഭിപ്രായങ്ങള്‍ എവിടെ ചേര്‍ക്കുന്നു.

ഈ വിഷയത്തില്‍ കോടതിയുടെ മുന്‍പിലുള്ള നിയമപ്രശ്നത്തിന്റെ ന്യായാന്യായങ്ങളിലേക്കു കോടതി കടന്നിട്ടില്ല. ഈ വിഷയം തിങ്കളാഴ്ച് ഹൈക്കോടതി പരിഗണിക്കുന്നതാണെന്നും അതിനാല്‍ ഈ വിഷയത്തിലുള്ള സര്‍‌ക്കാര്‍‌നടപടികള്‍‌ തിങ്കളാഴ്ചവരെ നിറുത്തിവെക്കണമെന്നും അഭ്യര്‍‌ത്ഥിച്ചു കൊണ്ടുള്ള അഡ്വക്കേറ്റ്‌ ജനറലിന്റെ അറിയിപ്പ്‌ നിയമ സെക്രട്ടറി റവന്യു സെക്രട്ടറിയെ കത്തുമുഖാന്തരം അറിയിച്ചിരുന്നതാണ്. അഡ്വക്കേറ്റ്‌ ജനറലിന്റെ ഈ അഭ്യര്‍‌ത്ഥന തള്ളിക്കളഞ്ഞ റവന്യു പ്രിന്‍‌സിപ്പല്‍‌ സെക്രട്ടറിയുടെ നിലപാടാണ് ഇന്നത്തെ ഈ ഉത്തരവിനു കാരണം. അഡ്വക്കേറ്റ് ജനറലിന്റെ തീരുമാനത്തോടു കാട്ടിയ ഈ അവഗണന ആണ് ഹൈക്കോടതി വിമര്‍‌ശിച്ചതിനും റവന്യു പ്രിന്‍‌സിപ്പല്‍‌ സെക്രട്ടറിയോടു നേരിട്ടു ഹാജരാവാന്‍‌ ഉത്തരവിറക്കിയതിനും കാരണം. ഇത്തരം ഒരു അറിയിപ്പു അഡ്വക്കേറ്റ്‌ ജനറലില്‍‌ നിന്നും ഉണ്ടായകാര്യം ഹൈക്കോടതിയെ അറിയിച്ചതും സര്‍ക്കാര്‍‌ അഭിഭാഷകന്‍‌ തന്നെയാണ്. സാധരണ ഇത്തരം കേസുകളില്‍ ഇടക്കാ‍ല ഉത്തരവുകള്‍‌ ഉണ്ടാവുക സാധരണമാണ്. കരാറിലെ വ്യവസ്ഥകളും രണ്ടു കക്ഷികളുടേയും വാദങ്ങളും കേട്ടശേഷം ആവും അന്തിമവിധിവരുക. അഡ്വക്കേറ്റ് ജനറലിന്റെ ഇത്തരം അറിയിപ്പുകള്‍‌ സ്വീകരിക്കേണ്ട ഭരണഘടനാപരമായ ബാധ്യത സര്‍ക്കാരിനും സെക്രട്ടറിമാര്‍ക്കും ഉണ്ടെന്നാണ് വിവിധ ദൃശ്യമാധ്യമങ്ങളില്‍ കണ്ട ചര്‍ച്ചയില്‍‌നിന്നും ഞാന്‍‌ മനസ്സിലാക്കുന്നത്‌.

വീണ്ടുവിചാരം ഇല്ലാത്ത ഇത്തരം എടുത്തുചാട്ടങ്ങളാണ് സര്‍ക്കാരിന്റെ പ്രതിഛായക്കു കോട്ടം വരുത്തുന്നത്‌. നാം ധന്യശ്രീയിലും, എം ജി റോഡിലും, മൂലമ്പള്ളിയിലും കണ്ടതു തന്നെയാണ് ഇന്നു ഗോള്‍‌ഫ്‌ക്ലബ്ബിന്റെ കാര്യത്തിലും സംഭവിച്ചത്. സര്‍ക്കാരയതുകൊണ്ട്‌ ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ സാദ്ധ്യമല്ല.

തുടര്‍ന്നുവന്ന ചില അഭിപ്രായങ്ങള്‍ക്കു മറുപടിയായി ഞാന്‍ ഇപ്രകാരം എഴിതി.

സങ്കീര്‍‌ണ്ണമായ ഇത്തരം നിയമപ്രശ്നങ്ങള്‍‌ക്കു നിയമപരിഞ്ജാനം ഉള്ള ആരെയെങ്കിലും നമുക്കു സമീപിക്കേണ്ടതായി വരും. എന്നാലും എന്റെ അഭിപ്രായത്തെപ്പറ്റിവന്ന ചില ചോദ്യങ്ങള്‍ക്ക്‌ ഞാന്‍ മനസ്സിലക്കിയിട്ടുള്ള ചില വസ്തുതകള്‍ ഇവിടെ രേഖപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. “സ്വാര്‍ത്ഥം” അനുവദിക്കുമന്നു കരുതുന്നു.

1. അഡ്വക്കേറ്റ് ജനറല്‍‌ എന്നതു ഭരണഘടന 165, 177 എന്നീ ഖണ്ഡങ്ങളില്‍ വിവരിച്ചിരിക്കുന്ന ഒരു പദവിയാണ്‍. അദ്ദേഹത്തെ നിയമിക്കുന്നത്‌ ഗവര്‍‌ണ്ണര്‍ ആണ്‍` ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെടുന്നതിനു തുല്യമായ യോഗ്യതകള്‍ ഉള്ള ഒരാളെയാണ് അഡ്വക്കേറ്റ്‌ ജനറല്‍ ആയി നിയമിക്കുന്നത്‌. അദ്ദേഹം ഒരു സംസ്ഥാനത്തിന്റെ ഏറ്റവും ഉയര്‍ന്ന നിയമ‌ഉദ്യോഗസ്ഥന്‍‌ ആണ്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ (വാക്കല്‍‌ ഉള്ളവപോലും) അനുസരിക്കന്‍‌ മറ്റു ഉദ്യോഗസ്ഥര്‍‌ ബാദ്ധ്യസ്ഥരാണ്.

2. ജസ്റ്റിസ്‌ ശിരി ജഗന് ഈക്കേസില്‍ പ്രത്യേകതാത്പര്യം ഉള്ളതായി ഞാന്‍‌ കരുതുനില്ല. ഗോള്‍‌ഫ്‌ ക്ലബ്ബ്‌ഭാരവാഹികള്‍ സമര്‍പ്പിച്ച ഹര്‍ജി അവധിദിവസമായ ശനിയാഴ്ച പ്രത്യേകസിറ്റിങ് നടത്തി പരിഗണിക്കുന്നതിനേപ്പറ്റി അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രാ‍യം രജിസ്ട്രാര്‍ മുഖാന്തരം ആരയുകമാത്രമാണ് അദ്ദേഹം ചെയ്തത്‌. ഇത്തരം ആശയവിനിമയങ്ങള്‍ ജഡ്ജിമാരും അഡ്വക്കേറ്റ്ജനറലും തമ്മില്‍ നടക്കാറുള്ളതണെന്നും ഞാന്‍‌ വിശ്വസിക്കുന്നു. അടിയന്തിരസ്വഭാവമുള്ള കേസുകള്‍ അവധി ദിവനങ്ങളില്‍ വീട്ടില്‍ വെച്ചുപോലും ജഡ്ജിമാര്‍‌ വാദം കേള്‍ക്കറുണ്ട്‌. ഇതിനു മറുപടിയായി തിങ്കളാഴ്ച വാദം കേട്ടാല്‍ മതിയാവും എന്നു അഡ്വക്കേറ്റ് ജനറല്‍‌ രജിസ്ട്രാറെ അറിയിക്കുകയും അതു റജിസ്ട്രാര്‍ ജസ്റ്റിസ്‌ ശിരി ജഗന് കൈമാറുകയും ആണ് ചെയ്തിട്ടുള്ളത്‌. ഇതില്‍ ഞാന് മനസ്സിലക്കുന്നതു തിങ്കളാഴ്ച കോടതി ഈ വിഷയം പരിഗണിക്കുന്നതുവരെ ഈ വിഷയത്തില്‍ സര്‍ക്കാര്‍ നടപടികള്‍ ഉണ്ടാകില്ലെന്ന്‌ അഡ്വക്കേറ്റ് ജനറല്‍‌ ഹൈക്കോടതിക്കു ഉറപ്പുനല്‍കി എന്നാണ്. ഇതു അദ്ദേഹം നിയമവകുപ്പ്‌ സെക്രട്ടറിയേയും, റവന്യു പ്രിന്‍‌സിപ്പല്‍‌ സെക്രട്ടറിയേയും അറിയിച്ചിട്ടുള്ളതാണ്. ഇപ്രകാരം അഡ്വക്കേറ്റ് ജനറല്‍ നല്‍കിയ ഉറപ്പു പാലിക്കേണ്ട ഭരണഘടനാപരമായ ബാദ്ധ്യത സെക്രട്ടറിമാര്‍‌ക്കുണ്ട്‌ എന്നും ഞാന്‍ കരുതുന്നു.

3. അഡ്വക്കേറ്റ് ജനറല്‍ ഉദ്യോഗസ്ഥര്‍ക്കും സെക്രട്ടറിമാര്‍ക്കും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ മാന്റേറ്ററി ആണെന്നാണ് ഞാന് വിശ്വസിക്കുന്നത്‌.

4. സാധരണഗതിയില്‍ അഡ്വക്കേറ്റ് ജനറല്‍ നല്‍കുന്ന ഉറപ്പുകള്‍ കോടതി മുഖവിലക്കെടുക്കുന്നതാണ്. ഇതു കൊണ്ടാവണം ഗോള്‍‌ഫ് ക്ലബ്‌ ഏറ്റെടുക്കുന്നത്‌ സംബന്ധിച്ച ഹര്‍‌ജി പ്രത്യേകസിറ്റിങ്ങ് നടത്തി കോടതി പരിഗണിക്കാതിരുന്നത്‌.

5. ഹൈക്കോടതി ജഡ്ജിയുടെ തീരുമാനങ്ങള്‍ അതിനു മുകളില്‍ ഉള്ള ഒരു നീതിന്യായപീഠം അസ്ഥിരപ്പെടുത്തുന്നതുവരെ അനുസരിക്കന്‍‌ എല്ലാവരും ബാദ്ധ്യസ്ഥരാണ്.

ഈ വിഷയത്തെപ്പറ്റി ഞാന്‍‌ മനസ്സിലക്കിയ കാര്യങ്ങളാണ് മേല്പറഞ്ഞതു.

അതുപോലെ തന്നെ ഗോള്‍ഫ്ക്ലബ് ഒഴിപ്പിക്കുന്നതിനു 24 മണിക്കൂര്‍‌നോട്ടീസ്‌ ശനിയാഴ്ച നല്‍കിയത്‌ ഗോള്‍ഫ് ക്ലബ് അധികൃതര്‍‌ കോടതിയെ സമീപിക്കുന്നതു തടയാന്‍‌ വേണ്ടിയാണെന്നും സംശയിക്കുന്നതില്‍‌ തെറ്റില്ല.

ഗോള്‍ഫ്‌ക്ലബ്ബും അതിന്റെ 25 ഏക്കറോളം വരുന്ന ഭൂമിയുടേയും ഉടമസ്ഥന്‍ കേരളസര്‍‌ക്കര്‍‌ തന്നെ ആണെന്നതില്‍ സംശയമില്ല. എന്നാല്‍ ഈ ഭൂമി തിരിച്ചുപിടിക്കുന്നതിനു സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളും ധൃതിയും അനാവശ്യമായി തോന്നുന്നു. പതിനൊന്നു പേരുള്ള ഇതിന്റെ ഭരണസമിതിയില്‍ ആറ്‌ അംഗങ്ങള്‍ സര്‍ക്കാര്‍‌പ്രതിനിധികളാണെന്നും കേട്ടൂ. ചീഫ്‌സെക്രട്ടറിയും, തിരുവനന്തപുരം ജില്ലാ കളക്ടറും, പൊതുമരാമത്തുവകുപ്പു ചീഫ്‌എഞ്ചിനീയറും ഒക്കെ ആണത്രെ അവര്‍. പിന്നെ എന്തിനാണ് സര്‍ക്കാര്‍‌ ഇത്ര ധൃതിപിടിച്ചു നടപടികള്‍ കൈക്കൊള്ളുന്നത്‌.

30 May 2008

ഇതു വൈപ്പിന്‍‌ മോഡല്‍‌ സമരം

എറണാകുളം മഹാ‍നഗരത്തില്‍ നിന്നും ഏറ്റവും അടുത്തു സ്ഥിതിചെയ്യുന്ന ദ്വീപാണ് വൈപ്പിന്‍‌. ലോകത്തിലെത്തന്നെ ഏറ്റവും ജനസാന്ദ്രമായ ദ്വീപുകളില്‍ ഒന്നാണ് വൈപ്പിന്‍. വൈപ്പിന്‍ പലതരത്തില്‍‌ പ്രസിദ്ധിയും കുപ്പ്രസിദ്ധിയും നേടിയിട്ടുണ്ട്‌. അതില്‍ ഒന്നാണ് വൈപ്പിന്‍ വിഷമദ്യ ദുരന്തം. എന്നാല്‍‌ ഇന്നു എറണാകുളം ജില്ലയില്‍ തന്നെ വൈപ്പിന്‍‌ പ്രസിദ്ധമാവുന്നത്‌ ഇവിടെ നടക്കുന്ന കുടിവെള്ളസമരങ്ങളുടെ പേരിലാണ്. ചുറ്റും വെള്ളമാണെങ്കിലും വൈപ്പിന്‍ ദ്വീപിന്റെ തെക്കെഅറ്റത്തുള്ളവരാണ് രൂക്ഷമായ ജലക്ഷാമം അനുഭവിക്കുന്നതു. ഇതു ഇന്നോഇന്നലെയോ തുടങ്ങിയതല്ല. ദശാബ്ദ്ങ്ങളുടെ പഴക്കമുണ്ട്‌ ഈ പ്രശ്നത്തിന്‌. ഒരിക്കല്‍ ഒരു ഉപതെരഞ്ഞെടുപ്പുപോലും പ്രധാനവിഷയം കുടിവെള്ളത്തെ അടിസ്ഥാനമാക്കിയായിരുന്നു. എല്ലാ തിരഞ്ഞെടുപ്പുകളിലും വെള്ളത്തെ പ്രധാന വിഷയമാക്കുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ വാഗ്ദാനങ്ങളില്‍‌ ഈ ഭാഗത്തെ ജനങ്ങളുടെ വിശ്വാസംതന്നെ നഷ്ടപ്പെട്ടിരിക്കുന്നു. അത്തരം ഒരു സമരത്തിനു ഇന്നു വളരെക്കാലത്തിനു ശേഷം സാക്ഷിയാവുകയും അതിന്റെ ഭാഗമായി അല്പം ബുദ്ധിമുട്ടനുഭവിക്കുകയും ചെയ്തു. അതിലേക്ക്‌.

പതിവുപോലെ ബസ്സില്‍‌ ജോലിക്കായുള്ള യാത്ര തുടങ്ങി. എന്റെ വീട്ടില്‍നിന്നും ഏകദേശം 21 കിലോമീറ്റര്‍ ദൂരം യാത്രചെയ്താല്‍‌ എറണാകുളം മഹാനഗരത്തില്‍ എത്താം. യാത്രയുടെ മുക്കാല്‍ഭാഗവും കഴിഞ്ഞിരുന്നു. വൈപ്പിന്‍‌ദ്വീപിനെ എറണാകുളം മഹാനഗരവുമായി ബന്ധിപ്പിക്കുന്ന ഗോശ്രീപാലങ്ങള്‍ തുടങ്ങുന്നതിന് ഏകദേശം രണ്ടുകിലോമീറ്റര്‍ മുന്‍പേ ബസ്സുനിന്നു. ഞങ്ങള്‍ക്കു മുന്‍പേ പോയബസ്സുകളിലെ യാത്രക്കാ‍രില്‍ പലരും സന്തോഷത്തോടെ മടങ്ങുന്നു. എന്താകാര്യം? “ബസ്സു പോവില്ല മഷെ; വഴി തടയലാ” അയാള്‍ വളരെ സന്തോഷത്തോടെ മറുപടിപറഞ്ഞിട്ട്‌ നടന്നുപോയി. ബന്ദും ഹര്‍‌ത്താലും എല്ലാം ആഘോഷിക്കുന്നതില്‍ ഞങ്ങള്‍ വൈപ്പിന്‍‌കാരും ഒട്ടും പിന്നിലല്ല. എന്നാല്‍ ചിലര്‍‌ ഇന്നുകാലത്തു കണികണ്ടവരെ പ്രാകിക്കോണ്ടു നടക്കുന്നുണ്ടായിരുന്നു. “ഈ ആഴ്ചയില്‍ ഇതു രണ്ടാമത്തെ സമരമാണ് (ആദ്യത്തേതു തന്റെ വാഹനത്തിനു (സ്വകാര്യ വാഹനം. ഔദ്യോഗീക വഹനത്തിനല്ല) “സൈഡ്” തരാതിരുന്ന സ്വകാര്യബസ്സ്‌ ഡ്രൈവറെ മര്‍‌ദ്ദിച്ച എറണാകുളം ട്രാഫിക് സബ് ഇന്‍സ്‌പെക്ടറുടെ നടപടിയില്‍‌ പ്രതിക്ഷേധിച്ചായിരുന്നു) ഇങ്ങനെപോയാ‍ല്‍ അധികകാലം ജോലിക്കന്നും പറഞ്ഞ്‌ പോകേണ്ടിവരില്ല.” കുറച്ചുപേര്‍‌ എന്താകാര്യം എന്നറിയാനായി മുന്നോട്ടുനടന്നു. എന്തായാലും ഇത്രയും ആയി. ഇനി എന്താണെന്നറിഞ്ഞിട്ടാവം ബാക്കി എന്നു ഞാനും കരുതി. ബസ്സില്‍‌ നിന്നും ഇറങ്ങി മുന്നോട്ടുനടന്നു. ഇടക്കുകണ്ട ഒരാളൊടു ഞാന്‍‌ ചൊദിച്ചു “എന്താ ചേട്ട പ്രശ്നം?” (അധികം മുന്നോട്ടുപോയാല്‍ അടികിട്ടില്ലന്ന്‌ ഉറപ്പാക്കനാണ് ചോദിച്ചത്‌) “വേറെ ഒന്നും ഇല്ല. കുടിവേള്ളം ആണ് വിഷയം”

വൈപ്പിന്‍‌കരയില്‍ ഇപ്പോള്‍ നടക്കുന്ന കുടിവെള്ള സമരങ്ങള്‍ക്കു ഒരു പ്രത്യേകതയുണ്ട്‌. ഇതുനയിക്കുന്നതു വലിയ രാഷ്‌ട്രീയക്കാരോ ജനപ്രതിനിധികളോ അല്ല. അല്ലെങ്കില്‍ത്തന്നെ ഇത്തരം ചെറിയവിഷയങ്ങള്‍ക്കു അവര്‍‌ക്കെവിടെ സമയം. അവര്‍ സ്മാര്‍ട്ടുസീറ്റിക്കും, വല്ലാര്‍പാടം കണ്ടയിനെര്‍‌ ടെര്‍മിനലിനും, പുതുവൈപ്പിലെ എല്‍ എന്‍ ജി ടെര്‍മിനലിനും എല്ലാം ഓടിനടക്കുകയല്ലെ. കേരളത്തിന്റെ മറ്റു സ്ഥലങ്ങലില്‍ പോവുമ്പോള്‍ ഭരണനേട്ടങ്ങളുടെ പട്ടികയില്‍ ഇതൊക്കെ പറഞ്ഞാലല്ലെ നാലു വോട്ടു അടുത്തതവണ പെട്ടിയിലാക്കാന്‍ കഴിയൂ. അടിസ്ഥാനപരമായ കുടിവെള്ളം പൊലുള്ള ആവശ്യങ്ങള്‍ ആരോര്‍ക്കാന്‍. ഇതു അമ്മമാരും കുഞ്ഞുങ്ങളും നടത്തുന്ന സമരമാണ്. ഇവിടെ നേതാക്കള്‍ ഇല്ല. കുടിവെള്ളം ഇല്ലാത്തതിന്റെ ദു:ഖം അനുഭവിക്കുന്ന കുറേ മനുഷ്യര്‍ മാത്രം. കഴിഞ്ഞഏതാനും ആഴ്ചകളായി അവര്‍ പല സര്‍ക്കര്‍ ആഫീസുകളും കയറിയിറങ്ങുന്നു. ഇന്നലെ കേരള വാട്ടര്‍ അഥോറിട്ടിയിലെ ചില ഉദ്യോഗസ്ഥര്‍ വന്നു സന്ദര്‍ശിച്ചു മടങ്ങി. അതിന്റെ തീരുമാനം വരുന്നതുവരെ വെള്ളമില്ലാതെ ജീവിക്കാന്‍ പറ്റുമോ. അവസാനം ഗത്യന്തരമില്ലാതെ അവര്‍ തങ്ങളുടെ അവസാനത്തെ ആയുധം ഇന്നു പ്രയോഗിച്ചു. തങ്ങളുടെ വീടു അടച്ചുപൂട്ടി കുട്ടികളേയും കൊണ്ട്‌ റോഡില്‍‌കുത്തിയിരുപ്പു സമരം തുടങ്ങി. മുന്‍‌കൂട്ടി ഒരു അറിയിപ്പും ഇല്ലാതെ തുടങ്ങിയ സമരം,അതും ഏറ്റവും അധികം ആളുകള്‍ ജോലിക്കു പോവുന്ന സമയത്ത്‌. സംസ്ഥാനത്തെ തിരക്കേറിയ പാതകളില്‍ ഒന്നായ വൈപ്പിന്‍-പള്ളിപ്പുറം സംസ്ഥാനപാത ശെരിക്കും സ്തംഭിച്ചു. സാധരണ ഇത്തരം സമരത്തിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്‌. വാഹനങ്ങളെ മാത്രമല്ല കാല്‍‌നടയാത്രക്കരെപ്പോലും കടന്നുപോവാന്‍ സമരക്കാര്‍ അനുവദിക്കാറില്ല. അതുകോണ്ടുതന്നെ ജോലികുപോവാന്‍ സാധിക്കും എന്ന കാര്യത്തില്‍ വലിയ പ്രതീക്ഷയൊന്നും എനിക്കും ഉണ്ടായിരുന്നില്ല. വഴിനിറഞ്ഞു കിടക്കുന്ന വാഹനങ്ങള്‍ക്കിടയിലൂടെ ഞാന്‍ സമരക്കാരുടെ അടുത്തെത്തി.

അവിടെ റോഡുപരോധിച്ചുകോണ്ടു കുത്തിയിരിക്കുന്ന കുറച്ചു സ്ത്രീകളും കുട്ടികളും. അവരുടെ നടുവിലായി രണ്ടുപോലീസുകാരും. വലിയ മുദ്രാവാക്യം വിളികളോ സംഘര്‍ഷാത്മകമായ സ്ഥിതിവിശേഷമോ ഇല്ല. പോലീസുകാരില്‍ ഒരാള്‍ തന്റെ മൊബൈല്‍കാമറയില്‍ രംഗങ്ങള്‍ പകര്‍ത്തുന്നു. അവര്‍ തങ്ങളേക്കാള്‍ ഉയര്‍ന്ന റവന്യൂ ഉദ്യോഗസ്ഥരെ പ്രതീക്ഷിച്ചിരിക്കുകയണെന്നു തോന്നി. ഇത്തരം രംഗങ്ങള്‍ ശാന്തമാക്കാന്‍ ജനപ്രതിനിധികള്‍ തനിച്ചു വരാറില്ല. അതിനു കാരണം വര്‍ഷങ്ങള്‍ക്കു മുന്‍പേനടന്ന ഒരു സംഭവമാണെന്നു തോന്നുന്നു. അന്നു ജനപ്രതിനിധിയായിരുന്ന ശ്രീ എം. എ, കുട്ടപ്പന്‍ ബനാര്‍ജിറോഡ്‌ ഉപരോധിച്ച വീട്ടമ്മമാരെ സമാധാനിപ്പിക്കാന്‍ ചെന്നതാണ്. ഒടുവില്‍ രണ്ടുമണിക്കൂര്‍‌നേരം അദ്ദേഹത്തിനും ആ ഉപരോധസമരത്തില്‍ നട്ടുച്ചയിലെ പൊരിവെയിലില്‍ ഇരിക്കേണ്ടിവന്നു. ഇത്തരം സമരങ്ങള്‍ സാധരണയായി സമാധാനപരമായിത്തന്നെ തീരാറുണ്ട്‌. മണിക്കൂറുകള്‍ നീളുന്ന ഉപരോധത്തിനൊടുവില്‍ റവന്യൂ അധികാരികള്‍ ടാങ്കര്‍‌ലോറിയില്‍ വെള്ളം എത്തിക്കാം എന്ന ഉറപ്പുനല്‍കുന്നതോടെ സമരം തീരും. പിന്നെ കുറെക്കാ‍ലത്തെക്കു ടാങ്കര്‍‌ലോറിയില്‍ വെള്ളം എത്തും. അപ്പോഴും വീട്ടമ്മമാരുടെ ദുരിതത്തിനു കുറവില്ല. ടാങ്കര്‍ വരുന്നതും‌നോക്കി റോഡില്‍ നില്‍ക്കണം. എന്നാലും വെള്ളം കിട്ടുമെന്ന ആശ്വാസം ഉണ്ടവര്‍ക്ക്‌. കുറച്ചുനാ‍ള്‍ കഴിയുമ്പോള്‍; സര്‍ക്കാരില്‍നിന്നും ലഭിക്കേണ്ട പണം കിട്ടാതെവരുമ്പോള്‍ ടാങ്കര്‍ ഉടമകള്‍ സേവനം നിറുത്തും. അപ്പോള്‍ വീണ്ടും ഇതുപോലുള്ള സമരങ്ങള്‍ ആവര്‍ത്തുക്കും.

ഞങ്ങള്‍ വൈപ്പിന്‍‌കാര്‍ക്കു ഇത്തരം സമരങ്ങള്‍ നിത്യജീവിതത്തിന്റെ ഭാഗമായിക്കഴീഞ്ഞു. സഹജീവികളുടെ ഈ ദുരിതങ്ങള്‍ വളരെ സഹാനുഭൂതിയോടെയാണ്‌ പലപ്പോഴും ഞങ്ങള്‍ കാണുന്നതു. എന്നാല്‍ ഇത്തരം സമരങ്ങള്‍ ഉണ്ടാക്കുന്ന ദുരന്തഫലങ്ങളും ചെറുതല്ല. വൈപ്പിന്‍ കരയിലെ നല്ലൊരുശതമാനം ജനങ്ങളും നിത്യകൂലിക്കു പണി‌എടുക്കുന്നവരാണ്. കല്ലാശാരിമാരയും, എറണാകുളത്തെ കടകളിലും, മറ്റും. ദിനം‌പ്രതി ചെറൂതും വലുതുമയ കാര്യങ്ങള്‍ക്ക്‍ റോഡുപരോധിച്ചും മറ്റും നടത്തുന്ന ഇത്തരം സമരങ്ങള്‍ വൈപ്പിനില്‍‌നിന്നും ജോലിക്കപേക്ഷിക്കുന്നവരെ നിയമിക്കുന്നതില്‍ നിന്നു പലസ്ഥാപനങ്ങളേയും പിന്തിരിപ്പിക്കുന്നു. ഇന്നു വൈപ്പിന്‍ - പള്ളിപ്പുറം പാത പഴയപോലെ വൈപ്പിന്‍‌കാരുടേ മാത്രം യാത്ര‌ഉപാധിയല്ല. പറവൂരില്‍നിന്നും, കൊടുങ്ങല്ലൂരില്‍നിന്നും എല്ലാം നിരവധി ആളുകളും വാഹനങ്ങളും ഇതിലേ കടന്നുപോവുന്നു. അവരില്‍ ചിലരും, വൈപ്പിന്‍‌കരയിലേത്തന്നെ ചില ആളുകളും തികഞ്ഞ അമര്‍‌ഷത്തോടെയാണ് ഇത്തരം സമയങ്ങളില്‍ പ്രതികരിക്കുന്നതു. ചിലസമയങ്ങളില്‍ ഇത് ക്രമസമാധന പ്രശ്നങ്ങള്‍ക്കും വഴിവെച്ചേക്കാം. വളരെനാ‍ളുകളായി പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതിരുന്ന വൈപ്പിന്‍ വീണ്ടും കുടിവെള്ളത്തിന്റെ പേരില്‍ സമരമുഖത്തേക്കു നീങ്ങുകയാണ്‌.

തുടര്‍ച്ചയായി ഇത്തരം സമരങ്ങള്‍ ഉണ്ടാവുമ്പോള്‍ അതു വൈപ്പിനിലെ ജനങ്ങളെ രണ്ടുചേരിയായി തിരിക്കാറുണ്ട്‌. തെക്കെ ഭാഗത്തുള്ളവര്‍ കുടിവെള്ളത്തിനു വേണ്ടി തുടര്‍ച്ചയായി റോഡ്‌ഉപരോധിക്കുമ്പോള്‍ അപൂര്‍വമായെങ്കിലും ഇതില്‍ പ്രതിക്ഷേധിച്ചു വടക്കു വശത്തുള്ളവര്‍ കുടിവെള്ളവുമായിപ്പോവുന്ന ടാങ്കര്‍‌ലോറികള്‍ തടഞ്ഞിട്ടുണ്ട്‌. അത്തരം സമരമാര്‍‌ഗ്ഗങ്ങിളിലേക്കു ഈ സമരം നീങ്ങില്ലെന്നു പ്രത്യാശിക്കാം. എകദേശം ഒരു കിലോമീറ്റര്‍ കൂടി ഞാന്‍ മുന്നോട്ടു നടന്നു “ഗോശ്രീ“ പാലങ്ങളുടെ സമീപം എത്തി. അപ്പോള്‍ എറണാകുളത്തിനിന്നും വന്ന ബസ്സുകള്‍ ആളുകളെ അവിടെ ഇറക്കി തിരിച്ചു എറണാകുളത്തേക്കു പോവാന്‍ തുടങ്ങിയിരുന്നു. അതില്‍ ഒന്നില്‍‌ക്കയറി ഞാനും ഓഫീസിലേക്കുള്ള യാത്ര തുടര്‍ന്നു.

അനുബന്ധം: തുടര്‍ച്ചയായി വരുന്ന സര്‍ക്കാരുകള്‍ വൈപ്പിനിലെ കുടിവെള്ളപ്രശ്നം പരിഹരിക്കാനയി ഒന്നും ചെയ്യുന്നില്ല എന്നു ഞാന്‍ പറയുന്നില്ല. പല പദ്ധതികളും ഇതിനോടകം ആവിഷ്കരിച്ചു നടപ്പില്‍ വരുത്തിയിട്ടുണ്ട്‌. എന്നാല്‍ അവയൊന്നും ഉദ്ദേശിച്ച ഫലം കാണുന്നില്ല എന്നതാണ് വാസ്തവം. പൈപ്പ്‌ലൈനില്‍ ചെറിയ ഹാന്‍ഡ്‌പമ്പുകള്‍ ഘടിപ്പിച്ചു വെള്ളം പമ്പ്‌‌ചെയ്‌തെടുക്കുന്ന കാഴ്ച ഇന്നും വൈപ്പിനിലെ വഴിയോരങ്ങളില്‍ കാണാം. ദശാബ്ദങ്ങളായി ഇവിടത്തെ ജനങ്ങള്‍ അനുഭവിക്കുന്ന ഈ ദുരിതത്തിനു ഒരു അറുതിയുണ്ടാവും എന്ന ശുഭപ്രതീക്ഷയോടെ..........

25 May 2008

ഇതു സമരാഭാസം

കപടസ്വാമിമാരും അവര്‍‌ക്കെതിരെ ചില രാഷ്‌ട്രീയപ്രസ്ഥാനങ്ങളും സ്വീകരിക്കുന്ന നടപടികളാണ് ഈ പോസ്റ്റിനു അടിസ്ഥാനം. കപടസ്വാമിമാരും, ജനങ്ങളുടെ വിശ്വാസങ്ങളെ ചൂഷണം ചെയ്തു ജീവിക്കുന്ന വ്യക്തികളും തീര്‍‌ച്ചയായും പ്രതിക്ഷേധം അര്‍‌‌ഹിക്കുന്നു എന്നതില്‍ എനിക്കു എതിരഭിപ്രായം ഇല്ല. എന്നാല്‍ ചില രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍‌ സ്വീകരിക്കുന്ന പ്രതിക്ഷേധനടപടികള്‍ ഒരു ജനാധിപത്യ സമൂഹത്തിനു ഒട്ടും ചേര്‍‌ന്നതല്ല. പ്രതിക്ഷേധത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ഇത്തരം പല ആശ്രമങ്ങളിലേക്കും അതുപോലുള്ള സ്ഥാപനങ്ങളുടെ കാര്യാലയങ്ങളിലേക്കും ജാഥകള്‍ സംഘടിപ്പിക്കുകയും, അത്തരത്തിലുള്ള പല സ്ഥാപനങ്ങളും അടിച്ചു തകര്‍‌ക്കുകയും ചെയ്യുന്ന കാഴ്ചകളാണ് കാണാന്‍ സാധിക്കുന്നതു. ഇന്നു കേരളത്തില്‍ പൊതുവെ കാണുന്ന നശീകരണത്തില്‍ ഊന്നിയുള്ള ഇത്തരം സമരപരിപാടികള്‍ ഒരുതരത്തിലും വെച്ചുപൊറുപ്പിക്കുവാന്‍ പാടുള്ളതല്ല. സമരത്തിന്റെ മറവില്‍ ഇത്തരം നശീകരണങ്ങള്‍‌ ചെയ്യുന്നവരെ വളരെ ലാഘവത്തോടെയാണു പോലീസ് കൈകാര്യം ചെയ്യുന്നതു. നശീകരണപ്രവര്‍ത്തനം നടക്കുമ്പോള്‍ കാഴ്ചക്കാരെപ്പോലെയാണു പോലീസ്` പ്രവര്‍ത്തിച്ചുവരുന്നതും. കൊക്കോകോള വിരുദ്ധ സമരത്തിലും, കുത്തകകള്‍ക്കു എതിരായ സമരം എന്ന പേരില്‍ റിലയന്‍സ്, സ്‌പെന്‍‌സേഴ്സ്‌, തുടങ്ങിയ സ്ഥാപനങ്ങള്‍ക്കെതിരെ നടന്ന സമരങ്ങളിലും നടന്നതു ഇത്തരം നശീകരണ സമരങ്ങളാണ്. സ്ഥാപനങ്ങള്‍ക്കും, വ്യക്തികള്‍ക്കും സംരക്ഷണം നല്‍കേണ്ട സ്‌റ്റേറ്റ്‌ ഇക്കാര്യത്തില്‍ നിസ്സംഗമായി നില്‍ക്കുന്നതു അതിന്റെ പരാജയത്തെയാണു കാണിക്കുന്നതു. ഭരണപക്ഷത്തുള്ള പാ‍ര്‍ട്ടികളുടെ യുവജനസംഘടനകളും ഇത്തരം സമരത്തിനു നേതൃത്വം നല്‍കുന്നു. സമരത്തിന്റെ മറവില്‍ നശീകരണങ്ങളില്‍ ഏര്‍‌പ്പെടുന്നവരെ സാമൂഹ്യവിരുദ്ധരായി വേണം പരിഗണിക്കേണ്ടത്‌. നിയമം കൈയ്യിലെടുക്കാന്‍ ആരെയും അനുവദിക്കരുത്. ഇത്തരക്കാരെ മാതൃകാപരമായി ശിക്ഷിക്കണം.