20 November 2008

അഭയകേസ് ചരിത്രവും ആശങ്കകളും

കേരളത്തിൽ കോളിളക്കമുണ്ടാക്കിയ ഒട്ടനവധി കേസുകൾ ഉണ്ട്. അതിൽ മലയാളികൾ എന്നും ഓർക്കുന്ന ഒന്നാണ് സിസ്റ്റർ അഭയുടെ കൊലപാതകം. കേരളത്തിൽ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ടതും, ഒട്ടനവധി വിവാദങ്ങൾ സൃഷ്ടിച്ചതുമായ ഒന്നാണ് ഈ കേസ് എന്നതിൽ തർക്കമില്ല. കോട്ടയം ബി സി എം കോളേജ് രണ്ടാം വർഷ പ്രി ഡിഗ്രീ വിദ്യാർത്ഥിനിയായിരുന്ന സിസ്റ്റർ അഭയയുടെ മൃതദേഹം 1992 മാർച്ച് 27നു രാവിലെ അവർ താമസിച്ചിരുന്ന സെന്റ് പിയൂസ് കോൺ‌വെന്റിലെ കിണറ്റിൽ കാണപ്പെട്ടതു മുതൽക്കാണ് വിവാദമായ സംഭവങ്ങൾ ആരംഭിക്കുന്നതു. ദുരൂഹമരണം സംബന്ധിച്ചു കേസ് അന്വേഷിച്ച പോലീസ് ഇതു ആത്മഹത്യയാണെന്നു വിധിയെഴുതി. തുടർന്നു ജനകീയ പ്രക്ഷോഭങ്ങളുടെ ഫലമായി കേസ് കേരള പോലീസിന്റെ ക്രൈംബ്രഞ്ചിനു കൈമാറുകയും ഏതാണ്ട് പോലീസ് നടത്തിയ അതേ നിഗമനങ്ങളൊടെ തന്നെ ആത്മഹത്യയായി കണ്ടെത്തുന്ന റിപ്പോർട്ടോടെ ക്രൈം ബ്രാഞ്ചും കേസന്വേഷണം അവസാനിപ്പിക്കുകയുമാണ് ഉണ്ടായത്. തുടർന്നു കേസ് സി ബി ഐ ക്കു കൈമാറി. സിസ്റ്റർ അഭയയുടെ അസ്വാഭാവിക മരണം നടന്നു ഒരു വർഷം കഴിഞ്ഞ വേളയിൽ വർഗ്ഗീസ് പി തോമസ് എന്ന സമർത്ഥനായ Dy SP യുടെ നേതൃത്വത്തിൽ സി ബി ഐ കേസന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്വേഷണം ആരംഭിച്ച് ഏതാനും മാസങ്ങൾക്കുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീ വർഗ്ഗീസ് പി തോമസ് സർവ്വീസിൽ നിന്നും രാജിവെയ്ക്കുകയാണ് ഉണ്ടായതു. എന്നാൽ പൊലീസും, ക്രൈംബ്രഞ്ചും ആത്മഹത്യയായി എഴുതിത്തള്ളിയ ഈ മരണം ആസൂത്രതിമായ ഒരു കൊലപാതകമായിരുന്നു എന്ന തന്റെ നിഗമനം സി ബി ഐ ഡയറിയിൽ രേഖപ്പെടുത്താൻ ഈ ഉദ്യോഗസ്ഥൻ മറന്നില്ല. സിസ്റ്റർ അഭയയുടെ മരണം ദേശീയശ്രദ്ധ നേടിയതു ശ്രീ വർഗ്ഗീസ് പി തോമസിന്റെ രാജിയും തുടർന്നു പത്രസമ്മേളനത്തിലൂടെ അദ്ദേഹം നടത്തിയ വെളിപ്പെടുത്തലുകളിലൂടേയുമാണ്. ഈ മരണം ഒരു ആത്മഹത്യയാണെന്നു രേഖപ്പെടുത്താൻ തന്റെ മുതിർന്ന ഉദ്യോഗസ്ഥനായ ത്യാഗരാജന്റെ സമ്മർദ്ദം ഉണ്ടെന്നും അപ്രകാരം പ്രവർത്തിക്കാൻ തന്റെ മനഃസാക്ഷി അനുവദിക്കാത്തതിനാലാണ് രാജിവെയ്ക്കുന്നതെന്നുമാണ് അദ്ദേഹം വെളിപ്പെടുത്തിയത്. (വർഷങ്ങൾക്കു ശേഷം തിരുവനന്തപുരത്തെ കോടതിയിൽ അദ്ദേഹം നൽ‌കിയ മൊഴിയിൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ശ്രീ നരസിംഹ റാവുവിന്റെ ഓഫീസ് പോലും ഈ കേസിൽ തിരിമറി നടത്താൻ ശ്രമിച്ചിരുന്നതായി താൻ സംശയിക്കുന്നുണ്ടെന്നും ശ്രീ വർഗ്ഗീസ് പി തോമസ് പറയുന്നു.) തുടർന്നു സി ബി ഐയുടെ പല സംഘങ്ങളും ഈ കേസ് അന്വേഷിച്ചു. ഇതു കൊലപാതകമാണെന്നും എന്നാൽ പ്രതികളിലേയ്ക്കു എത്തിച്ചേരാൻ സഹായകമായ എല്ലാ തെളിവുകളും നശിപ്പിക്കപ്പെട്ടതിനാൽ കേസ് അവസാനിപ്പിക്കാൻ അനുവദിക്കണം എന്ന സി ബി ഐയുടെ അപേക്ഷകൾ രൂക്ഷവിമർശനത്തോടെയാണ് പലപ്പോഴും ചീഫ് മജിസ്‌ട്രേറ്റ് കോടതിയും, ഹൈക്കോടതിയും തള്ളിയതു. കേസിന്റെ നിർണ്ണായകമായ ഘട്ടങ്ങളിൽ കോടതിയുടെ ഇടപെടൽ സാദ്ധ്യമാക്കിയതു ശ്രീ ജോമോൻ പുത്തൻപുരയ്ക്കൽ എന്ന മനുഷ്യാവകാശ പ്രവർത്തകന്റെ ഇടപെടലുകളാണ്. ഒടുവിൽ കേസന്വേഷണത്തിന്റെ മേൽനോട്ടം നേരിട്ട് ഹൈക്കോടതി ഏറ്റെടുക്കുകയായിരുന്നു.

സിസ്റ്റർ അഭയ കൊല്ലപ്പെട്ടിട്ട് പതിനാറുവർഷങ്ങൾക്കു ശേഷം പ്രതിസ്ഥാനത്തു ചിലരെ നിറുത്താൻ ഇന്നു സി ബി ഐക്കു കഴിഞ്ഞു. നീണ്ട പതിനാറുവർഷങ്ങൾക്കു ശേഷം ഫാദർ തൊമസ് കോട്ടൂർ, ഫാദർ ജോസ് പൂതൃക്കയിൽ, സിസ്റ്റർ സ്റ്റെഫി എന്നിവരെ യഥാക്രമ ഒന്നും, രണ്ടും, മൂന്നും പ്രതികളാക്കി ഇന്നു എറണാകുളം സി ജെ എം കോടതി മുൻപാകെ സി ബി ഐ ഹാജറാക്കി. തുടർന്നുള്ള അന്വേഷണങ്ങൾക്കും തെളിവെടുപ്പിനുമായി കോടതി ഈ പ്രതികളെ 14 ദിവസത്തേയ്ക് സി ബി ഐ കസ്റ്റഡിയിൽ വിട്ടുകൊടുക്കുകയും ചെയ്തു. ഈ നടപടി നാളേത്തന്നെ പ്രതിഭാഗം ഹൈക്കോടതിയിൽ ചോദ്യം ചെയ്യും. അങ്ങനെ വീണ്ടും അഭയകേസ് കോടതിയിലും, മാധ്യമങ്ങളിലും ചർച്ചാവിഷയം ആവുകയും ചെയ്യും. പ്രതിഭാഗത്തിനു വേണ്ടി പ്രശസ്തരും പ്രഗൽഭരുമായ അഭിഭാഷകർ തന്നെ എത്തും. അവരുടെ വാദമുഖങ്ങളെ നേരിടാൻ സി ബി ഐയ്ക്കു സാധിക്കുമോ? ഇത്ര നാളും ഒരു മേൽനോട്ടക്കാരന്റെ സ്ഥാനം വഹിച്ചിരുന്ന കോടതിയ്ക്കു ഇനി ആ സ്ഥാനത്തുനിന്നും വിധികർത്താവിന്റെ സ്ഥാനത്തേയ്ക്കു മാറേണ്ടിവരുന്നു.

സിസ്റ്റർ അഭയയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടും, ആന്തരീകാവയവങ്ങളുടെ രാസപരിശോധനാ റിപ്പോർട്ടും അവരുടെ മരണം കൊലപാതകമാണെന്ന നിഗമനങ്ങളെ തള്ളിക്കളയുന്നു. ഇവയുടെ വർക്ക് ബുക്കുകളിൽ പലതിലും തിരുത്തലുകൾ കണ്ടെത്തിയെങ്കിലും അന്തിമറിപ്പോർട്ട് ആത്മഹത്യയാണെന്ന നിഗമനമാണ് നൽകുന്നതു. സിസ്റ്റർ അഭയയുടെ ഡയറിയും മറ്റും കേസന്വേഷണത്തിനിടെ നശിപ്പിക്കപ്പെട്ടു. നാർക്കോ അനാലിസിസ് റിപ്പോർട്ട് കോടതി തെളിവായി സ്വീകരിക്കില്ലെന്നു ഒരു വിഭാഗം നിയമവിഗ്ദ്ധർ അവകാശപ്പെടുന്നു. എന്നാൽ കൂടുതൽ തെളിവുകൾ കണ്ടെത്തുന്നതിൽ നാർക്കൊ അനാലിസിസ് സഹായകമാകും എന്നതിൽ ആർക്കും തർക്കമില്ല.

പതിനാറുവർഷങ്ങൾക്കു ശേഷം പ്രതികളെ ചൂണ്ടിക്കാണിക്കാൻ സി ബി ഐ ക്കു സാധിച്ചു എങ്കിലും ഇവരുടെമേൽ ആരോപിക്കപ്പെടുന്ന കുറ്റം കോടതിയിൽ തെളിയിക്കപ്പെടുന്നതുവരെ ഈ കേസ് അവസാനിക്കുന്നില്ല. നമ്മുടെ രാജ്യത്തെ നീതിന്യായ സംവിധാ‍നത്തിൽ കേസന്വേഷണത്തേക്കാൾ നീണ്ടു പോവുന്നതാണ് അതിന്റെ വിചാരണ. കോടതി വിധിയും അതിന്മേലുള്ള അപ്പീലുകളുമായി ഈ കേസ് അവസാനിയ്ക്കാൻ കാലം ഇനിയും ഒരുപാടുകഴിയും എന്നുവേണം കരുതാൻ. ആയിരം അപരാധികൾ രക്ഷപെട്ടാലും ഒരു നിരപരാധിപോലും ശിക്ഷക്കപ്പെടരുതെന്ന ഉദാത്തമായ നീതിവ്യവസ്ഥ തെളിവുകൾ സമർപ്പിക്കുന്നതിൽ ഉണ്ടാവുന്ന ചെറിയ പിഴവുകൾ പോലും പ്രതികൾ ശിക്ഷിക്കപ്പെടുന്നതിൽ നിന്നും രക്ഷപ്പെടുവാൻ കാരണമാകും. അതുകൊണ്ട് തന്നെ പിഴവുകളില്ലാത്ത ഒരു കുറ്റപത്രം സമർപ്പിക്കാൻ സി ബി ഐയ്ക്കു സാധിക്കട്ടെ എന്നു പ്രത്യാശിക്കുന്നു. അതോടൊപ്പം പ്രതികൾക്കു മാതൃകാപരമായ ശിക്ഷ ലഭിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു. അല്ലാത്തപക്ഷം കോടതിയിലും രാജ്യത്തെ പരമോന്നത കുറ്റാന്വേഷണ ഏജൻസിയിലും സാമാന്യജനങ്ങൾക്കുള്ള വിശ്വാസ്യതയാവും നഷ്ടമാവുക.

6 comments:

 1. It is only a hope my friend. I still smell a conspiracy in this sudden arrest and show off. Both the CBI and the accused are sure that Indian Penal Code is best suited to those who commit crime with brain and cover it with money and power. Don't be surprised, on a fine day morning, if these three come out of court smiling.

  ReplyDelete
 2. പഥികന്‍ പറഞ്ഞതു വളരെ സത്യം.. സന്തോഷിക്കാന്‍ സമയം ആയിട്ടില്ല.... അത്ഭുതങ്ങള്‍  സംഭവിച്ചേക്കാം ... കൈ വച്ചിരിക്കുന്നതു സത്യത്തിനു സാക്ഷ്യം വഹിക്കുന്നവരുടെ മേല്‍ ആണല്ലൊ.. ദൈവത്തിനു നോകും .....

  ReplyDelete
 3. സത്യം പുറത്തു വരും എന്ന് തന്നെ പ്രതീക്ഷിക്കാം.

  ReplyDelete
 4. പഥികൻ, അനോണി, സ്മിത ആദർശ് സന്ദർശനത്തിനും അഭിപ്രായങ്ങൾക്കും നന്ദി.

  ഇവിടെ കേസന്വേഷണത്തിന്റെ ഒരു പ്രധാനഘട്ടം തരണം ചെയ്തു എന്ന സന്തോഷം മാത്രമാണ് എനിക്കും ഉള്ളത്. ഇതുവരെ കുറ്റം നടന്നു എന്നും എന്നാൽ കുറ്റവാളികളെ കണ്ടെത്താൻ തെളിവുകൾ ഇല്ലെന്നും പറഞ്ഞിരുന്ന അന്വേഷണ ഏജൻസി അവസാനം കുറ്റവാളികളെ അറസ്റ്റുചെയ്യാൻ തയ്യാറായിരിക്കുന്നു. അടുത്തഘട്ടം വിചാരണ. അത് പഥികൻ പറഞ്ഞതിനോടു ഞാൻ പൂർണ്ണമായും യോജിക്കുന്നു. വിചാരണകോടതികളിൽ കേസ് നടത്തുന്നതിൽ അന്വേഷണ ഏജൻസികൾ കാണിക്കുന്ന ശുഷ്കാന്തി പലപ്പോഴും അപ്പീൽകോടതികളിൽ എത്തുമ്പോൾ കാണാറില്ല. ഫലമോ വിചാരണകോടതികൾ കടുത്തശിക്ഷ വിധിക്കുന്ന പ്രതികൾ പലപ്പോഴും അപ്പീൽകോടതികളിൽ നിന്നും ശിക്ഷ ഇളവായ സന്തോഷത്തോടെ ഇറങ്ങിവരുന്നതു കാണാം. ഇതിനു ഏറ്റവും നല്ല ഉദാഹരണമാണ് ശ്രീ വർഗ്ഗീസ് പി തോമസ് തന്നെ ഇന്നലെ സൂചിപ്പിച്ച പോളക്കുളം കേസ്. എറണാകുളത്തു പാലാരിവട്ടത്തെ പോളക്കുളം ടൂറിസ്റ്റ് ഹോമിലെ ഒരു ജീവനക്കാരൻ കെട്ടിടത്തിനു മുകളിൽ നിന്നും ചാടി ആത്മഹത്യചെയ്തു എന്ന കേസ് ആത്മഹത്യ അല്ലെന്നും കൊലപാതകമാണെന്നും അതു പിന്നീട് അന്വേഷിച്ച വർഗ്ഗീസ് പി തോമസിന്റെ നേതൃത്വത്തിലുള്ള സി ബി ഐ അന്വേഷണ സംഘം തെളിയിച്ചു. വിചാരണകോടതിയും, കേരളാ ഹൈക്കോടതിയും സി ബി ഐ സംഘത്തിന്റെ കണ്ടെത്തലുകൾ ശരിവെച്ചു പ്രതികളെ ശിക്ഷിച്ചെങ്കിലും സുപ്രീം‌കോടതി സംശയത്തിന്റെ ആനുകൂല്യത്തിൽ പ്രതികളെ വെറുതെ വിട്ടു. ഇതിനുകാരണം സുപ്രീം‌കോടതിയിൽ കേസ് നടത്തുന്നതിൽ സി ബി ഐയ്ക്കു പറ്റിയ വീഴചാ‍ണെന്നു ശ്രീ വർഗ്ഗീസ് പി തോമസ് പറയുന്നു. കേരളത്തിൽ ആദ്യമായി ഡമ്മിടെസ്റ്റ് നടത്തുന്നതു ഈ കേസിലാണ്. ഒരു സി ബി ഐ ഡയറിക്കുറിപ്പ് എന്ന ചലച്ചിത്രം നിർമ്മിക്കാൻ ഉള്ള പ്രേരണയും ഇതേകേസ് ആയിരുന്നു. പോളക്കുളം കേസിൽ ഉണ്ടായതു പോലുള്ള വീഴ്ചകൾ ഇനി ഉണ്ടാവാതിരിക്കട്ടെ എന്നു പ്രത്യാശിക്കാം.

  ReplyDelete
 5. റ്റെപ്ലേറ്റ് പ്രശ്നം കാരണം താങ്കലുടെ പോസ്റ്റ് വായിക്കാനാകുന്നില്ല. ഫോണ്ട് മിസ്സിങ്ങ്.
  വിഷയം അഭയയാണെന്ന തോന്നലില്‍ താങ്കളുറ്റെ അറിവിലേക്കായി അതൊടനുബന്ധിച്ച ഒരു ലിങ്ക് ഇടുന്നു.
  പ്രതികള്‍ ശിക്ഷിക്കപ്പെട്ടാലും ഇല്ലെങ്കിലും ... സത്യം അറിയേണ്ടത് സാമൂഹ്യ നന്മയുടെ പൊതു ആവശ്യമാണ്. ചിത്രകാരന്റെ പോസ്റ്റ്:അഭയ-സഭക്ക് കുംബസരിക്കാമായിരുന്നു.

  ReplyDelete
 6. ചിത്രകാരൻ സന്ദർശനത്തിനു നന്ദി.

  ബ്ലോഗ് വായിക്കാൻ സധിക്കുന്നില്ല എന്നത് ഇതുവരെ ആരും പറയാത്ത പരാതി ആണ്. മൊഴി കീമാൻ, അഞ്ജലി ഓൾഡ് ലിപി (0.730) എന്നിവ ഉപയോഗിച്ചാണ് ഇതെഴുതിയത്. ചില്ലക്ഷരങ്ങൾ ചിലർക്കു കാണാൻ സാധിക്കുന്നില്ല എന്ന പരാതി മുൻപ് ചിലർ പറഞ്ഞിരുന്നു.

  സത്യം പുറത്തുവരുന്നതോടൊപ്പം പ്രതികൾ മാതൃകപരമായി ശിക്ഷിക്കപ്പെടുകയും വേണമെന്നതാണ് എന്റെ അഭിപ്രായം.

  ReplyDelete