
ഞാനും എന്റെ കുട്ടിക്കാലത്ത് ഇതൊരു ദിവ്യ സംഭവം ആയിട്ടാണ് കരുതിയിരുന്നത്. എന്നാൽ പിന്നീട് എന്റെ ബന്ധുവും കേരളപോലീസിൽ ഒരു ഉദ്യോഗസ്ഥനും ആയിരുന്ന ആളിൽ നിന്നുമാണ് ഇതിന്റെ പിന്നിലെ കളികളെക്കുറിച്ച് ഞാൻ ആദ്യം അറിഞ്ഞത്. പിന്നെ ഇതു സംബന്ധിക്കുന്ന ഒട്ടനവധി ലേഖനങ്ങളും, വാർത്താ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളും കാണാൻ ഇടയായി. തന്ത്രികുടുംബവും, പന്തളം രാജകൊട്ടാരവും ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന ശ്രീ രാമൻ നായർ പോലും മകരവിളക്ക് മനുഷ്യ നിർമ്മിതമാണെന്നും ഇതിൽ പ്രത്യേക ദിവ്യത്വം ഒന്നുമില്ലെന്നും പറയുകയുണ്ടായി.
വർഷങ്ങൾക്കു മുൻപ് പൊന്നമ്പലമേടിനു സമീപത്തു പോകാനും ഒരു അവസരം ലഭിച്ചു. ജോലിയുടെ ഭാഗമായി കൊച്ചു പമ്പ ഡാമിലുള്ള ഒരു മോട്ടോർ നോക്കാനാണ് ഞാൻ അവിടെ പോയത്. കൊച്ചുപമ്പ ഡാമിനോടുള്ള ചേർന്നു കെ എസ് ഇ ബി ക്ക് ഒരു സബ് സ്‌റ്റേഷൻ ഉണ്ട്. ഇവിടെനിന്നും ആണ് ശബരിമലയിലേയ്ക്കും സന്നിധാനത്തേയ്ക്കും വേണ്ട വൈദ്യുതി എത്തിക്കുന്നത്. മാത്രമല്ല തീർത്ഥാടനകാലത്ത് പമ്പയിലെ ജലനിരപ്പു ക്രമീകരിക്കുന്നതിനും കൊച്ചുപമ്പ ഡാം ഉപയോഗിക്കുന്നു. അന്നത്തെ യാത്ര വൈദ്യുതി വകുപ്പിന്റെ വണ്ടിയിൽ കോട്ടയം - കുമളി റോഡ് (കെ കെ റോഡ്) വഴിയായിരുന്നു. വണ്ടിപ്പെരിയാറിൽ നിന്നും വലത്തോട്ടു തിരിഞ്ഞാൽ പെരിയാർ കടുവ സങ്കേതത്തിലൂടേയുള്ള റോഡിൽ കയറാം. വണ്ടിപ്പെരിയാറിൽ നിന്നും നാലുമണിക്കൂർ നേരം കാനന പാതയിലൂടെ സഞ്ചരിച്ചാണ് അന്ന് കൊച്ചുപമ്പ ഡാമിൽ എത്തിയത്. ഈ വഴിയിൽ തന്നെയാണ് ശ്രീലങ്കയിൽ നിന്നുള്ള അഭയാർത്ഥികളെ താമസിപ്പിച്ചിരിക്കുന്ന ഗവി എന്ന കോളനി. ഇവിടെവരെ മാത്രമാണ് മനുഷ്യവാസം ഉള്ളത്. പിന്നീട് കൊടുംകാടാണ്. പലപ്പോഴും മുൻകൂർ അനുവാദം വാങ്ങിയ വണ്ടികൾക്കുമാത്രമേ ഈ വഴിയിൽ പ്രവേശനം ലഭിക്കൂ എന്നാണ് അന്നു ഒപ്പമുണ്ടയിരുന്നു കെ എസ് ഇ ബി ഡ്രൈവർ പറഞ്ഞത്. കൊച്ചുപമ്പ ഡാം തികച്ചും ഒറ്റപ്പെട്ട ഒരു പ്രദേശമാണ്. കെ എസ് ഇ ബി യുടേയും വനം വകുപ്പിന്റേയും ഉദ്യോഗസ്ഥർ ഒഴികെ മറ്റാരും അവിടെ ഇല്ല. പിന്നീടുള്ളത് കുറച്ചു ആദിവാസികളാണ്. ഇവിടെയ്ക്ക് അന്നു മറ്റു വാർത്താ വിനിമയ ഉപാധികൾ ഒന്നും എത്തിയിരുന്നില്ല. കെ എസ് ഇ ബി യുടെ സബ്‌സ്‌റ്റേഷനിൽ ട്രാൻസ്‌മിഷൻ ലൈൻ വഴി അത്യാവശ്യഘട്ടങ്ങളിൽ മറ്റു സബ്‌സ്‌റ്റേഷനുമായി ബന്ധപ്പെടാം. കൊച്ചുപമ്പ ഡാം എത്തുന്നതിന് കുറെ മുൻപ് റോഡിന്റെ വലതു വശത്തായി ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് അടച്ച ഒരു വഴി ഡ്രൈവർ കാണിച്ചു തന്നു. അതായിരുന്നു പൊന്നമ്പലമേട്ടിലേയ്ക്കുള്ള കാനന പാത. ആ താഴിന്റെ താക്കോൽ സൂക്ഷിച്ചിരുന്നത് കൊച്ചുപമ്പ ഡാമിന്റെ ചുമതലയുള്ള എക്സിക്യുട്ടീവ് എഞ്ചിനീയറും, ഫോറസ്റ്റ് ഓഫീസറും ആണെന്നും അദ്ദേഹം പറഞ്ഞു. പൊന്നമ്പലമേട്ടിൽ ഒരു കോൺക്രീറ്റ് തറയുണ്ടെന്നും അവിടെയാണ് മകരവിളക്ക് കത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പലപ്പോഴും അദ്ദേഹം പലരേയും അവിടെ കൊണ്ടുപോയിട്ടുണ്ട്. പിറ്റേ ദിവസം ജോലികഴിഞ്ഞ് സമയം ഉണ്ടെങ്കിൽ അവിടെ പോയിക്കാണമെന്നും ഞാൻ തീരുമാനിച്ചു. അദ്ദേഹവും അതു സമ്മതിച്ചു. എന്നാൽ പിറ്റേദിവസം വളരെ വൈകിയാണ് ജോലിതീർക്കാൻ സാധിച്ചത്. സാധാരണയായി സന്ധ്യക്കുശേഷം ആ വഴിയിലൂടെ വണ്ടി ഓടിക്കാൻ ആരു തയ്യാറവില്ല. കൂടാതെ ജോലികഴിഞ്ഞ് ഉടൻ തന്നെ എനിക്കു തിരിച്ച് വീട്ടിലേയ്ക്ക് പോരേണ്ടതായും വന്നു. പൊന്നമ്പലമേടു കാണാനുള്ള ഒരു അവസരം അങ്ങനെ നഷ്ടമായി.
കോടിക്കണക്കിനു മനുഷ്യരുടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്ന ഈ പരിപാടിയ്ക്കു സർക്കാർ കൂട്ടുനിൽക്കുന്നത് ശബരിമല ക്ഷേത്രത്തിൽ നിന്നുള്ള വരുമാനം മാത്രം ലക്ഷ്യം വെച്ചാണ്. കൂടാതെ ഈ സത്യങ്ങൾ അറിഞ്ഞിരുന്നുകൊണ്ട് വിവിധ മാധ്യമങ്ങളും മകരവിളക്കിന്റെ തത്സമയ സംപ്രേക്ഷണം എന്ന കച്ചവടം നടത്തുന്നു. ജനങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്നകാര്യത്തിൽ കക്ഷി രാഷ്‌ട്രീയഭേദമില്ലാതെ എല്ലാ സർക്കാരുകളും തുല്യതെറ്റുകാരാണ്. ഇതിനെതിരായി പലരും കോടതിയെ സമീപിച്ചെങ്കിലും ഇതു വിശ്വാസത്തിന്റെ പ്രശ്നമാണെന്നു പറഞ്ഞ് കാലാകലങ്ങളിൽ വന്നിട്ടുള്ള സർക്കാരുകൾ ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. മകരസംക്രമദിവസം തിരുവാഭരണം ചാർത്തി നടതുറക്കുമ്പോൾ പൊന്നമ്പലമേട്ടിൽ മൂന്നു തവണ തെളിയുന്ന ദീപം സർക്കാർ സംവിധാനങ്ങളുടെ സൃഷ്‌ടിയാണെന്നു പറയാനുള്ള ആർജ്ജവം ഇനിയെങ്കിലും സർക്കാരിനുണ്ടാവണം. സാധാരണഗതിയിൽ പലരും സ്വാധീനം ഉപയോഗിച്ച് പൊന്നമ്പലമേട്ടിൽ എത്താറുണ്ടെങ്കിലും മകരവിളക്കിനു ആഴ്ചകൾക്കു മുൻപു തന്നെ ഈ പ്രദേശം പോലീസിന്റെ നിയന്ത്രണത്തിൽ ആയിരിക്കും. അതുകൊണ്ടു തന്നെ ഈ തട്ടിപ്പിന്റെ ചിത്രങ്ങൾ ഇത്രനാളും ലഭ്യമല്ലായിരുന്നു. ശ്രീ ടി എൻ ഗോപകുമാർ തന്റെ ലേഖനത്തിന്റെ അവസാനം പറയുന്നതുപോലെ സൂക്ഷ്മനിരീക്ഷണ നേത്രങ്ങൾ ഉള്ള ഉപഗ്രഹങ്ങൾ ഈ തെറ്റിന്റെ തത്സമയ ദൃശ്യങ്ങൾ ലോകത്തിനു മുൻപിൽ കാഴ്ചവെച്ച്, ശബരിമലക്കും, പ്രബുദ്ധകേരളത്തിനും ഇന്ത്യക്കുംതന്നെ തീരാശാപംവരുത്തുന്നതിനുമുൻപേ ഈ തെറ്റു തിരുത്തപ്പെടട്ടേ എന്ന് ഞാനും പ്രാർത്ഥിക്കുന്നു.