പതുവുതെറ്റിക്കാതെ അത്ഭുതങ്ങള്‍ക്കൊന്നും ഇടനല്‍കാതെ ഈ ആഴ്‌ച്ചയും BSNL DataOne എന്ന എന്റെ ബ്രോഡ്‌ബാന്റ് കണക്ഷന്‍ അതിന്റെ ജോലി കൃത്യമായി ചെയ്തു. ഇന്നലെ മുതല്‍ (11/07/2008) നെറ്റ് ലഭ്യമല്ലാതായിരിക്കുന്നു. ഇത്തവണ സംഭവം അല്പം ഗൌരവതരമാണ്. എല്ലാ ആഴ്‌ച്ചയും കൃത്യമായി ഇങ്ങനെ നെറ്റ് ഇല്ലാതാവുന്ന ഈ പ്രതിഭാസത്തെപ്പറ്റി കഴിഞ്ഞ ആഴ്‌ച ഞാന്‍ ഉപഭോക്‍തൃ സേവന കേന്ദ്രത്തിലെ സാറന്മാരോടു ചോദിച്ചു. വളരെ നേരത്തെ ശ്രമത്തിനു ശേഷം 12678 എന്ന സൌജന്യ നമ്പറിന്റെ അങ്ങേത്തലക്കല്‍ ഒരു മനുഷ്യ ശബ്ദം കേള്‍ക്കാന്‍ സാധിച്ചു. (അപ്പോള്‍ മനസ്സില്‍ കരുതിയതാണ് പുറത്തിറങ്ങിയാല്‍ ഉടനെ ഒരു ലോട്ടറി എടുക്കണം എന്നു, പക്ഷേ ഈ സാറിന്റെ മറുപടിയെപ്പടി ചിന്തിച്ചിരുന്നു അതു മറന്നുപോയി.)
“സാര്‍ ഞാന്‍ ഒരു ബ്രോഡ് ബാന്റ്റ് കസ്റ്റമര്‍ ആണ്‍`. ഒരു പരാതി ഉണ്ടായിരുന്നു” ഞാന്‍ പറഞ്ഞു.
എന്താണ് പറയൂ.? അങ്ങേത്തലക്കല്‍ നിന്നുള്ള ചോദ്യം.
“ഇന്നലെ മുതല്‍ നെറ്റ് ലഭ്യമല്ല“ എന്റെ മറുപടി.
“ഏതാ എക്സ്‌ചേഞ്ച്?“ ചോദ്യം
“ചെറായി“ ഞാന്‍ പറഞ്ഞു.
“ഓഹോ നിങ്ങളുടെ ഒ എഫ് സി വരുന്നതു ഗോശ്രീപാലങ്ങള്‍ വഴിയാണ്. അവിടെ എപ്പോഴും ഈ പൊക്ലെയിന്‍ വച്ചു മണ്ണു മാന്തുകയല്ലെ. എങ്ങനെ ഒ എഫ് സി കട്ടാവുന്നതാണ്. ഒന്നും ചെയ്യാന്‍ സാധ്യമല്ല. വേറെ എന്തെങ്കിലും??“
ഇതായിരുന്നു മറുപടി. വേറെ ഞാന്‍ എന്തുപറയാന്‍ എല്ലാ ആഴ്ചയും കൃത്യമായി ഇതു ചെയ്യുന്നവനെ മനസ്സാ ശപിച്ചുകൊണ്ട് ഞാന്‍ ഫോണ്‍ വെച്ചു. പക്ഷെ അപ്പോളാണ് മറ്റൊരു സംശയം തോന്നിയതു. കുറച്ചു മാസങ്ങള്‍ക്കു മുന്‍പു ഞങ്ങളുടെ എക്സ്‌ചേഞ്ചിലെ എല്ലാ ഫോണുകളും നിശ്ചലമായിരുന്നു. അന്നു അതിന്റെ കാരണമായി പറഞ്ഞത് ഇവിടെനിന്നും പറവൂര്‍ ആലുവ വഴി റൂട്ട് ചെയ്തിരിക്കുന്ന ഒ എഫ് സി എവിടെയോ തകരാറായെന്നും അതു മൂലമാണ് ഫോണ്‍ വിളിക്കാന്‍ സാധിക്കാത്തതെന്നും ആണ്. തകരാറായസ്ഥലം കൃത്യമായി അറിയാത്തതിനാല്‍ അന്നു രണ്ടു മൂന്നു ദിവസം എടുത്തു അതു പരിഹരിക്കാന്‍ ഇപ്പോള്‍ പറയുന്നു ഒ എഫ് സി ഗോശ്രീവഴിയാണെന്നു. അവര്‍ പറയുന്നതു വിശ്വസിക്കുകയല്ലാതെ വേറെ എന്തു നിവൃത്തി. എവിടെ എന്തു പ്രശ്നം വന്നാലും അതൊക്കെ ആദ്യം നമുക്കാണല്ലോ.
ഇത്തവണ ഇന്നലെ മുതല്‍ പഴയപടിതന്നെ. നെറ്റ് ഇല്ല. ഇന്നു കുറേനേരം 12678 കുത്തിനോക്കി ഒരു രക്ഷയും ഇല്ല. busy തന്നെ. ഒടുവില്‍ വൈകുന്നേരത്തോടെ നമ്മുടെ എക്സ്‌ചെഞ്ച് അധികാരിയെ വിളിച്ചുനോക്കി.
“സര്‍ ഒരു ബ്രോഡ് ബാന്റ് കസ്റ്റമര്‍ ആണ്. പേരു മണികണ്ഠന്‍ ഫോണ്‍ നമ്പര്‍ ------ ഇന്നലെ മുതല്‍ നെറ്റ് കിട്ടുന്നില്ല“
കിട്ടിയ മറുപടി ഇതായിരുന്നു. “ങാ അതെന്തോ തകരാറുണ്ട് പറവൂരോ മറ്റോ ആണ് എന്താണെന്നറിയില്ല്”
(ഹാവൂ ആശ്വാസം ആയി അപ്പോള്‍ തകരാറുണ്ട് അതു സമ്മതിച്ചു ഭാഗ്യം.)
“സര്‍ എന്താകുഴപ്പം” ഞാന്‍ വിനയപുരസ്സരം ചോദിച്ചു.
“അതറിയില്ല. ഒ എഫ് സി ആണെന്നു തോന്നുന്നു. എന്താണെന്നു നോക്കുന്നുണ്ട്”
അപ്പോള്‍ പിന്നത്തെ ചോദ്യം വേണ്ടാന്നു വെച്ചു. എന്താ കുഴപ്പം എന്നറിയില്ല പിന്നെ എപ്പോ ശെരിയാവും എന്നു ചോദിക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ. വീണ്ടും ചിന്താക്കുഴപ്പം കഴിഞ്ഞ ആഴ്ച എടവനക്കാട്, ഞാറയ്ക്കല്‍ വഴി എറണാകുളത്തിനു പോയിരുന്നു ഒ എഫ് സി ഈ ആഴ്‌ച്ച പറവൂര്‍ ആലുവ വഴി ആയോ??. ഇനി ശെരിയാവുന്നതുവരെ കാത്തിരിക്കുക തന്നെ.
ഇതു പറയാനായി ഞാന്‍ അടുത്ത എക്സ്‌ചേഞ്ചിന്റെ പരിധിയില്‍ വരുന്ന എന്റെ സുഹൃത്തിനെ വിളിച്ചു. അപ്പോള്‍ അദ്ദേഹം എന്നോടൊരു ചോദ്യം. ചോദ്യം കേട്ടപ്പോള്‍ എനിക്കും ന്യായമാണെന്നു തോന്നി. അദ്ദേഹത്തിന്റേതു പരിമിതികളില്ലാതെ (Un-Limited Home Plan) ഉപയോഗിക്കാവുന്ന കണക്ഷന്‍ ആണ്. മാസം 750/- രൂപ. അതായതു ഒരു ദിവസം ശരാശരി 25/- രൂപാവീതം. ഇങ്ങനെ ഓരോ ആഴ്ചയും ഒന്നോരണ്ടോദിവസം വീതം കണക്ഷന്‍ ഇല്ലാതായാല്‍ ആ ദിവസത്തെ വാടക കൊടുക്കേണ്ടല്ലൊ? ഒരു മാസം ശരാശരി ഒരു നൂറു രൂപയെങ്കിലും ലാഭിക്കാം. എന്താ കൂട്ടരെ ശരിയല്ലെ?
ഞാനും ചില കാര്യങ്ങള്‍ തീരുമാനിച്ചു. എന്റെ പഴയ ഡയലപ് കണക്ഷനില്‍ ഇനി 16 മണിക്കൂറെ ബാക്കിയുള്ളു. അതു ഇനി പുതുക്കേണ്ട എന്നു കരുതിയതായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു കാര്യം വ്യക്തമായി. ബി എസ്സ് എന്‍ എല്ലിനെ വിശ്വസിക്കുക പ്രയാസം. അതു കൊണ്ടു 900/- രൂപ പോയാലും വേണ്ടില്ല അതു ഒരു വര്‍ഷത്തേക്കുകൂടി പുതുക്കുകതന്നെ. വീണ്ടും നെറ്റ് ശെരിയാവുന്നതുവരെ വിട.
വളരെ സത്യം.ഞാനും ബി എസ് എന്‍ എല്‍ നെ കൊണ്ട് പൊറുതി മുട്ടി ഇരിക്കുകയാ..അവരെ വിളിച്ചു കമ്പളൈന്റ് ബൂക്ക് ചെയ്താലും ഒരു കാര്യവും ഇല്ല എന്നു പല നാളത്തെ അനുഭവം കൊണ്ട് ബോധ്യമായി.അതു കൊണ്ട് ആ പണിക്കു പോകുന്നില്ല..എനിക്കു നെറ്റ് ഓപ്പണ്ണ്‍ ചെയ്യാന്‍ നോക്കുമ്പോള്‍ ഫോണ്‍ ലൈന്‍ ഈസ് ബിസി എന്നു കാണിച്ചു കൊണ്ടിരിക്കും.കുറഞ്ഞത് 20 മിനിട്ട് ശ്രമിച്ചു കഴിയുമ്പോള്‍ കണക്ഷന്‍ കിട്ടും..ഭാഗ്യമുണ്ടെങ്കില്‍ 15 മിനു ട്ട് നെറ്റ് കിട്ടും.അല്ലെങ്കില്‍ ഇതു പോലെ ആര്‍ക്കെങ്കിലും കമന്റ് ഇട്ടു കൊണ്ടിരിക്കുന്ന സമയത്ത് നെറ്റ് പോകും.അപ്പോള്‍ എനിക്കാകെ വട്ടാകും..നമ്മുടെ സ്വന്തം ബി എസ് എന്‍ എല്‍ അല്ലേ..ഇതില്‍ കൂടുതല്‍ സേവനം ഒന്നും പ്രതീക്ഷിക്കണ്ടാ.
ReplyDeleteബി എസ് എന്‍ എല്ലുമായി വലിയ പരിചയം ഇല്ലെങ്കിലും ഒരു തവണ എനിക്കും ടെലിഫോണ്‍ കണെക്ഷന് വേണ്ടി ബാംഗളൂരിലെ ഇന്ദിരാ നഗറിനടുത്തുള്ള ഓഫീസില്‍ പോകേണ്ടി വന്നു. വളരെ തണുപ്പന്‍ മട്ടിലുള്ള പ്രതികരണത്തിനും സര്‍വീസിനും മുന്നില്‍ തന്നെയാണിവര്‍...പിന്നെ തീരുമാനം എടുക്കുവാന്‍ വലിയ ബുദ്ധിമുട്ടുണ്ടായില്ല. എയര്‍ടെല്‍ കണക്ഷന്‍ എടുത്തു.. :) ഏഷ്യനെറ്റും, മറ്റുള്ള സര്‍വീസ് പ്രൊവൈടേഴ്സും നിങ്ങളുടെ വീടിന്നരികില്‍ ഇന്റര്‍നെറ്റ് തരുന്നില്ലേ...? അറിയാത്തത് കൊണ്ടു ചോദിച്ചതാട്ടോ !
ReplyDeleteഡയലപ്പ് കണക്ഷന്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ ഞാന്‍ ശുപാര്‍ശചെയ്യുക വി എസ്സ് എന്‍ എല്‍ (ടാറ്റാ ഇന്‍ഡികോം) ആണ്. ഒരു വര്‍ഷം കാലാവധിയുള്ള 100 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പാക്കിന്‍` നികുതികള്‍ ഉള്‍പ്പടെ ഏകദേശം 900/- രൂപ വരും. ഇതില്‍ തന്നെ രാത്രി 11 മണിമുതല്‍ രാവിലെ 7 മണിവരെ നെറ്റ് ഉപയോഗത്തിനു ചാര്‍ജ്ജ് ഈടക്കുന്നില്ല. അതുപോലെ തന്നെ ഞായറാഴ്‌ചകളിലേയും മൂന്നു ദേശീയ അവധി ദിവസങ്ങളിലേയും ഇന്റെര്‍നെറ്റ് ഉപയോഗം തികച്ചും സൌജന്യമാണ്. ഈ സമയങ്ങളില്‍ ഫോണ്‍ ചാര്‍ജ്ജ് മാത്രം നല്‍കിയാല്‍ മതിയാവും. ഫോണ്‍ചാര്‍ജ്ജ് രാത്രി 11 മുതല്‍ രാവിലെ ഏഴുവരെ 15 മിനിറ്റിന് ഒരു യൂണിറ്റും അല്ലാത്ത സമയങ്ങളില്‍ 7.5മിനിറ്റിന് ഒരു യൂണിറ്റും ആണ്. ഞാന്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇതു ഉപയോഗിച്ചു വരുന്നു. ഇതില്‍ കാന്താരിക്കുട്ടി പറഞ്ഞ പോലെ ലൈന്‍ബിസി ആവുന്ന അനുഭവം ഇതുവരെ എനിക്കുണ്ടായിട്ടില്ല. എന്നാല്‍ സഞ്ചാര്‍നെറ്റില്‍ ഇതു സ്ഥിരം അനുഭവമാണ്.
ReplyDeleteഗോപന്‍ജി എന്റേതു ഒരു ഗ്രാമപ്രദേശമാണ്. ഇവിടെ ബ്രോഡ്‌ബാന്റ് ഇന്റെര്‍നെറ്റിനു അത്ര പ്രചാരം പോരെന്നാണ് എന്റെ അറിവു. ഇപ്പോള്‍ നിലവില്‍ ഇവിടെയുള്ള മറ്റൊരു Broadband ISP, Tata Indecom ആണ്. അതുതന്നെ എന്റെ വീട്ടില്‍ കിട്ടണമെങ്കില്‍ ഒരു 500മീറ്ററെങ്കിലും കേബിള്‍ വലിക്കണം. ആ ചിലവ് ഓര്‍ത്താണ് BSNL DataOne എടുക്കാം എന്നു തീരുമാനിച്ചത്. ഇവിടെ ഏഷ്യനെറ്റും (ഇന്റെര്‍നെറ്റ്) വേറെ ഒന്നും ലഭ്യമല്ല. രണ്ടാമതു നിലവിലുള്ള ടെലിഫോണ്‍ ലൈന്‍ വീടുവരെ കേബിള്‍ ആണ്. അതുകൊണ്ടു ഇടക്കിടക്കു മരവും, ഓലാമടലും വീണ് പൊട്ടും എന്ന ഭയവും വേണ്ട. മറ്റുള്ള ഏതെങ്കിലും സെര്‍വീസ് പ്രൊവൈഡര്‍ വന്നാല്‍ മാറണം എന്നു തീരുമാനിച്ചിരിക്കയാണ് ഞാനും. എന്നാലും അതിനു കുറച്ചു സമയം എടുക്കും.
രണ്ടുപേര്‍ക്കും ഇവിടെ അഭിപ്രായങ്ങള്‍ എഴുതിയതിനു നന്ദി.