28 March 2012

തീവ്രവാദികളെ പിന്താങ്ങുന്ന ഭരണകൂടങ്ങൾ

തീവ്രവാദത്തിന്റെ ദുരിതഫലങ്ങൾ ഏറ്റവും അനുഭവിച്ച രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. എന്നാൽ പലപ്പോഴും പിടിയിലാകുന്ന തീവ്രവാദികളോട് അനുഭാവപൂർണ്ണമായ നിലപാടുകളാണ് ഭരണകൂടങ്ങൾ സ്വീകരിച്ചിട്ടുള്ളത്. ഇതിന് നിരവധി ഉദാഹരണങ്ങൾ നമുക്ക് കണ്ടെത്താൻ സാധിക്കും. അത്തരത്തിൽ ഒന്നാണ് ഇപ്പോൾ പഞ്ചാബിൽ നിന്നും കേൾക്കുന്നത്. ഭീകരവാദത്തിന്റെ കയ്പുനീർ ഏറെ അനുഭവിച്ച ഒരു സംസ്ഥാനമാണ് പഞ്ചാബ്. പഞ്ചാബിൽ നിന്നും ഭീകരവാദം തുടച്ചു നീക്കാൻ ഏറെ ശ്രമിക്കുകയും അതിൽ വിജയം കണ്ടെത്തുകയും ചെയ്ത മുഖ്യമന്ത്രിയാണ് ബിയാന്ത് സിങ്ങ്. 1995 ആഗസ്ത് 31ന് അദ്ദേഹം അതീവസുരക്ഷാമേഖലയായ പഞ്ചാബ് സിവിൽ സെക്രട്ടേറിയറ്റിലെ തന്റെ ഓഫീസിൽ നിന്നും പുറത്തേയ്ക്ക് ഇറങ്ങുമ്പോൾ ദിലാവർ സിങ് എന്ന വ്യക്തി സ്വന്തം ദേഹത്ത് ഘടിപ്പിച്ച് ബോംബ് പൊട്ടിച്ച് അദ്ദേഹത്തെ വധിക്കുകയായിരുന്നു. ഏതെങ്കിലും കാരണവശാൽ ദിലാവർ സിങിന്റെ ശ്രമം പരാജയപ്പെട്ടാൽ ദേഹത്ത് ഘടിപ്പിച്ച ബോംബുമായി ബൽ‌വന്ത് സിങ് രജൂന എന്ന രണ്ടാമത്തെ വ്യക്തിയും അവിടെ ഉണ്ടായിരുന്നു. അന്ന് മുഖ്യമന്ത്രി ബിയന്ത് സിങിനൊപ്പം 17 പേരാണ് കൊല്ലപ്പെട്ടത്.

ഈ കേസ് പിന്നീട് സി ബി ഐ അന്വേഷിക്കുകയും തുടർന്ന് സി ബി ഐയുടെ പ്രത്യേക കോടതി പ്രതികളായ ജഗ്‌താർ സിങ് ഹവാര, ബൽവന്ത് സിങ് രജൂന, സംഷേർ സിങ്, ലഖ്‌വീന്ദർ സിങ്, ഗുർമീത് സിങ് എന്നിവരെ 2007 ജൂലയ് മാസത്തിൽ കുറ്റക്കാരായി വിധിക്കുകയും ചെയ്തു. 2007 ആഗസ്റ്റിൽ കോടതി ജഗ്‌താർ സിങ് ഹവാര, ബൽവന്ത് സിങ് രജൂന എന്നിവരെ വധശിക്ഷയ്ക്കും മറ്റ് കൂട്ടുപ്രതികളെ ജീപര്യന്തം തടവിനും ശിക്ഷിച്ചു. തുടർന്ന് അപ്പീലുമായി പഞ്ചാബ് - ഹരിയാന ഹൈക്കോടതിയെ സമീപിച്ച ജഗ്‌താർ സിങ് ഹവാരയുടെ വധശിക്ഷ കോടതി ജീവപര്യന്തം തടവായി ചുരുക്കി. ബൽവന്ത് സിങ് രജൂന പ്രത്യേക കോടതിയുടെ വിധിയ്ക്കെതിരായി അപ്പീൽ പോകാൻ വിസമ്മതിച്ചു. ഒടുവിൽ ഈ വരുന്ന മാർച്ച് 31ന്ബൽവന്ത് സിങിന്റെ വധശിക്ഷ നടപ്പാക്കാൻ ചാണ്ഢീഗഡ് ജില്ലാ ജഡ്ജി ശാലിനി നാഗ്പാൽ ഉത്തരവിട്ടു.

തുടർന്നാണ് പല സംഭവവികാസങ്ങളും ഉണ്ടായിരിക്കുന്നത്. ബല്‌വിന്ത് സിങ് ഇപ്പോൾ ഉള്ളത് പട്യാല സെൻട്രൽ ജെയിലിലാണ്. ഈ ജയിൽ സൂപ്രണ്ട് കോടതി ഉത്തരവ് നടപ്പാക്കാൻ സാധിക്കില്ലെന്ന് കാണിച്ച് ഉത്തരവ് കോടതിയ്ക്ക് മടക്കി നൽകി. കോടതി വീണ്ടും ഉത്തരവ് നടപ്പാക്കാൻ സൂപ്രണ്ടിനോട് ആവശ്യപ്പെടുകയും, കോടതി അലക്ഷ്യ നടപടികൾ സ്വീകരിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ഏപ്രിൽ 16ന് മുൻപ് ബോധിപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനം ഭരിക്കുന്ന ബി ജെ പി - ശിരോമണി അകാലി ദൾ സഖ്യവും,   പ്രതിപക്ഷമായ കോൺഗ്രസ്സ് പാർട്ടിയും ബൽവിന്ദർ സിങിന്റെ ശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കണം എന്ന അഭിപ്രായക്കാരാണ്. കൂടാതെ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയും ബൽവിന്ദറിന്റെ വധശിക്ഷ ഇളവുചെയ്യണം എന്ന ആവശ്യമാണ് ഉന്നയിക്കുന്നത്. ഉത്തരവ് നടപ്പാക്കാൻ ആവശ്യപ്പെട്ട കോടതി വിധിയ്ക്ക് അപ്പഌ പോവുകയാണ് പഞ്ചാബ് സർക്കാർ. എല്ലാവരും തന്റെ ശിക്ഷ ഇളവുചെയ്യാൻ ആവശ്യപ്പെടുമ്പോൾ ബൽവീന്ദർ കോടതി വിധിക്കെതിരെ അപ്പീൽ നൽകാനോ, ദയാഹർജി നൽകാനോ തയ്യാറല്ല.

ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രി അടക്കം 18 പേരെ തീവ്രവാദികൾ കൊലപ്പെടുത്തുക. തുടർന്ന് കുറ്റവാളികളെ അറസ്റ്റ് ചെയ്ത് അവർക്ക് വധശിക്ഷ നൽകണം എന്ന ആവശ്യവുമായി കോടതിയെ സമീപിക്കുക, കോടതി വധശിക്ഷ നൽകുമ്പോൾ നടപ്പാക്കാൻ ആകില്ലെന്ന് അതേ സംസ്ഥാനം തന്നെ വാദിക്കുക. പ്രതിയ്ക്ക് പകരം സംസ്ഥനസർക്കാർ തന്നെ പ്രതിയുടെ ദയാഹർജി തയ്യാറാക്കി രഷ്ട്രപതിയേയും പ്രധാനമന്ത്രിയേയും സമീപിക്കുക. എന്തൊരു വിരോധാഭാസമാണിത്. ബൽവന്ദിനെ തൂക്കിലേറ്റിയാൽ പഞ്ചാബിലെ ക്രമസമാധാനം തകരും എന്നാണ് പറയുന്നത്. കുറ്റവാളികളെ ശിക്ഷിക്കാൻ നട്ടെല്ലില്ലാത്ത ഭരണകൂടങ്ങളാണ് രാജ്യത്ത് ഉള്ളത്. വലിയ കുറ്റവാളികളെ ശിക്ഷിക്കേണ്ട ഘട്ടം വരുമ്പോൾ ഭരണകൂടങ്ങൾക്ക് ധൈര്യം ഇല്ലാതാകുന്നു. നമ്മുടെ അയൽസംസ്ഥാനം ഒരു മുൻപ്രധാനമന്ത്രിയെ വധിച്ച മൂന്നു പ്രതികളുടെ വധശിക്ഷ റദ്ദാക്കണമെന്ന ആവശ്യം നിയമസഭ വിളിച്ചു കൂട്ടി പാസ്സാക്കിയിട്ട് അധികം കാലംആയിട്ടീല്ല. പാർലമെന്റ് ആക്രമണക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തീഹാർ ജയിലിൽ കഴിയുന്ന അഫ്‌സൽ ഗുരുവിന്റെ ശിക്ഷ നടപ്പാക്കാൻ കേന്ദ്രസർക്കാർ ഭയക്കുന്നതും കശ്മീരിലെ ക്രമസമാധാന അന്തരീക്ഷം തകരാറിലാവും എന്ന ഭയത്താലാണ്.  തീവ്രവാദത്തിനെതിരെ ശക്തമായ നിയമം / നടപടികൾ വേണമെന്ന് ആവശ്യപ്പെടുന്ന ഭരണകൂടങ്ങൾ തന്നെ തീവ്രവാദികളെ പിന്താങ്ങുന്ന നിലപാടാണ് സ്വീകരിക്കുന്നത്.

Reference:- 
www.thehindu.com/todays-paper/article3249005.ece
http://timesofindia.indiatimes.com/india/Beant-Singhs-killer-Rajoana-to-be-hanged-on-Saturday-Court/articleshow/12427842.cms
http://timesofindia.indiatimes.com/india/Punjab-govt-to-challenge-order-to-hang-Beant-Singhs-killer/articleshow/12432230.cms
http://www.indianexpress.com/news/dont-plead-to-save-me-from-gallows-rajoana-tells-akalis/929054/
http://ibnlive.in.com/news/hang-beants-coassassin-on-march-31-punjab-court/243230-3.html
http://indiatoday.intoday.in/story/beant-assassination-reconstructing-the-killing/1/179629.html
http://ibnlive.in.com/news/beant-singh-murder-case-sentence-to-be-handed-today/45845-3.html
http://www.thehindu.com/news/states/other-states/article2995397.ece
http://www.indiavisiontv.com/2012/03/27/52398.html
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?programId=1073753763&contentId=11298875&tabId=11

12 March 2012

അനൂപ് ജേക്കബും ചട്ട ലംഘനവും.

പിറവം ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയായ അനൂപ് ജേക്കബ് തന്റെ പേരിലുള്ള ക്രിമിനൽ കേസുകൾ മനഃപൂർവ്വം സത്യവാങ്‌മൂലത്തിൽ ഉൾപ്പെടുത്താതെ ചട്ടലംഘനം നടത്തി എന്ന “ദേശാഭിമാനിയിലെ” ഈ വാർത്തയാണ് ഇങ്ങനെ ഒരു കുറിപ്പെഴുതാൻ പ്രേരിപ്പിച്ചത്. ദേശാഭിമാനി ഇങ്ങനെ പറയുന്നു “നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഡമ്മി സ്ഥാനാര്‍ഥിയായി അനൂപിന്റെ അമ്മ ആനി ജേക്കബ് (ഡെയ്സി) പൊടുന്നനെ പത്രിക സമര്‍പ്പിച്ചത് വിവാദമായിരുന്നു. ഡമ്മി സ്ഥാനാര്‍ഥിയായി പാര്‍ടി ചെയര്‍മാന്‍ ജോണി നെല്ലൂരിനെയാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. കേസിന്റെ കാര്യം ആരെങ്കിലും ഉന്നയിച്ചാല്‍ പത്രിക തള്ളാന്‍ സാധ്യതയുണ്ടെന്നത് മുന്നില്‍ക്കണ്ടാണ് ആനിയെക്കൊണ്ട് അവസാനദിവസം പത്രിക കൊടുപ്പിച്ചത്. സൂക്ഷ്മപരിശോധനവേളയില്‍ എറണാകുളത്തെ മുതിര്‍ന്ന അഭിഭാഷകന്‍ കെ രാംകുമാറിനെ കൊണ്ടുവന്നതും വെറുതെയായിരുന്നില്ല. സത്യവാങ്മൂലത്തിലെ പിഴവ് ഉയര്‍ന്നുവന്നാല്‍ ശക്തമായി വാദിക്കാനാണ് അദ്ദേഹത്തെ കൊണ്ടുവന്നത്. ഇങ്ങനെയൊരു കേസ് നിലവിലുണ്ടെന്നും അത് സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിട്ടില്ലെന്നും പത്രിക സമര്‍പ്പിച്ച അനൂപിനടക്കം അറിവുള്ളതാണെന്ന് ഇതില്‍നിന്ന് വ്യക്തമാണ്“ ഇത്രയും വായിച്ചപ്പോൾ നമ്മുടെ നിലവിലെ എം എൽ എ മാരുടെ ക്രിമിനൽ പശ്ചാത്തലം ഒന്ന് പരിശോധിക്കാം എന്ന് കരുതി. ഇന്ന് എല്ലാവിവരങ്ങളും ഇന്റെർനെറ്റ് വഴി വിരൽത്തുമ്പിൽ ലഭ്യമാണല്ലോ. അങ്ങനെ കിട്ടിയ ചില കാര്യങ്ങൾ ഇവിടെ കുറിക്കുന്നു.

2011-ൽ കേരള നിയമസഭയിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിൽ ജയിച്ചവരിൽ 67 പേർക്കെതിരെ നിലവിൽ ക്രിമിനൽ കേസുകൾ ഉണ്ട്. അതിൽ 11 പേർക്കെതിരെ ഗുരുതരമായ കുറ്റങ്ങൾക്ക് (കൊലപാതകശ്രമം, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, മോഷണം) കേസെടുത്തിട്ടുണ്ട്. ഐ പി സി 324, 308, 307, 304, 326, 325, 243, 294, 198, 383, 253 എന്നിങ്ങനെയുള്ള വകുപ്പുകൾ പ്രകാരം കേസ് ചുമത്തപ്പെട്ടിട്ടുള്ളവർ സി പി ഐ (എം), കോൺഗ്രസ്സ് എന്നീപാർട്ടികളിൽ 5 പേർ വീതം. ഇത്തരത്തിൽ ഗുരുതരമായ കുറ്റങ്ങൾ ചുമത്തപ്പെട്ടവർ സി ദിവാകരൻ (4), അൻ‌വർ സാദത്ത് (3) ബാലകൃഷ്ണൻ (3), എ പ്രദീപ് കുമാർ (3), ടി വി രജേഷ് (2), വിഷ്ണുനാഥ് (2), കെ വി വിജയദാസ് (2), ഹൈബി ഈഡൻ (1) ഷിബു ബേബി ജോൺ (1), അഡ്വ. എം എ വഹീദ് (1). രസകരമായ ഒരു കാര്യം 2006-ൽ ശ്രീ ബാബു എം പാലിശ്ശേരി കുന്ദംകുളത്തുനിന്നും മത്സരിക്കുമ്പോൾ അദ്ദേഹത്തിനെതിരെ ഐ പി സി 143, 147, 148, 283, 323, 324, 353 എന്നിങ്ങനെ പല വകുപ്പുകളിലായി തൃശ്ശൂർ സി ജെ എം കോടതിയിലും കുന്ദംകുളം എഫ് ജെ എം കോടതിയിയിലും മൂന്നു കേസുകൾ നിലവിലുണ്ടായിരുന്നു. 2011-ൽ അദ്ദേഹം സമർപ്പിച്ച സത്യവാങ്‌മൂലം അനുസരിച്ച് ഗുരുതരമായ കേസുകൾ ഒന്നും അദ്ദേഹത്തിനെതിരെ ഇല്ല. ഇത് ഒരാളുടെ മാത്രം കാര്യമല്ല. ഭരണം മാറുന്നതോടെ ഇങ്ങനെ പലതും എഴുതിത്തള്ളും. അത്രയൊക്കയേ ഈ കേസുകൾക്ക് ആയുസ്സുള്ളു. മാരകായുധം ഉപയോഗിച്ച് മുറിവേല്പിച്ച കുറ്റത്തിന് വിചാരണ നേരിടുന്ന ഒരാൾ (ഐ പി സി 324) മന്ത്രിയായും ഉണ്ട്. ഇവിടെ അനൂപ് ജേക്കബിനെതിരെയുള്ള 143, 147 149, 188 എന്നീവകുപ്പുകൾ ഗുരുതരമായ കുറ്റകൃത്യങ്ങൾ എന്ന നിലവാരത്തിൽ വരുന്നതും അല്ല.

പറഞ്ഞു വന്നത് ഇതൊക്കെ സത്യവാങ്‌മൂലത്തിൽ ചേർത്താലും അയോഗ്യത ഒന്നും ഉണ്ടാകില്ല. അതുകൊണ്ട് ഈ ആരോപിക്കപ്പെടുന്നതുപോലെ മനഃപൂർവ്വം ചേർക്കാതിരുന്നതാണെന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല. അത്രമാത്രം.

അവലംബം:
1. http://myneta.info/
2. http://www.empoweringindia.org/new/home.aspx