14 July 2011

മുംബൈ - ഒരിക്കലും പഠിക്കാത്ത പാഠങ്ങൾ

ഇന്ന് 13/07/2011 മുംബൈ മഹാനഗരത്തിന്റെ ചരിത്രത്തിൽ വീണ്ടും ഒരു കറുത്ത ദിവസമായിട്ടാവും ഓർമ്മിക്കപ്പെടുക. ഭാരതത്തിന്റെ സമ്പത്തികതലസ്ഥാനം എന്നറിയപ്പെടുന്ന ഈ മഹാനഗരം ഇത് എത്രാമത്തെ തവണയാണ് ഭീകവാദികളുടെ അക്രമണത്തിന് ഇരയാവുന്നത്? അറിയില്ല. 1991 മുതൽ പലവട്ടവും വലിയ ആക്രമണങ്ങൾ തന്നെ ഈ മഹാനഗരത്തിനുമേൽ നടന്നിട്ടുണ്ട്. അവയെ എല്ലാം അതിജീവിച്ച് ഐതിഹാസികമായ ഉയിർത്തെഴുന്നേല്‍പ്പാണ് പലപ്പോഴും മുംബൈയിൽ നാം കാണുന്നത്. ഇന്ന് വീണ്ടും മഹാനഗരം ആ‍ക്രമിക്കപ്പെട്ടിരിക്കുന്നു. ഇതുവരെ 21 ആളുകൾ ദാദർ, ഓപ്‌റ ഹൗസ്, സവേരി ബാസാർ എന്നിവിടങ്ങളിൽ ഉണ്ടായ മൂന്ന് ബോംബ്‌സ്ഫോടനങ്ങളുടെ ഫലമായി കൊല്ലപ്പെട്ടിട്ടുണ്ട്. കൂടാതെ നൂറിലധികം ആളുകൾ പരിക്കുകളോടെ വിവിധ ആശുപത്രികളിൽ ചികിത്സയിലും ആണ്. എന്നാണ് നാം ഈ ആക്രമണങ്ങളിൽ നിന്നും പാഠം പഠിക്കുക. ഇതുവരെ രാജ്യത്തിനു നേരെ നടന്ന ആക്രമണങ്ങളിൽ എത്ര പ്രതികളെ ശിക്ഷിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്. കേസന്വേഷണവും വിചാരണയും ശിക്ഷാവിധിയും ഉണ്ടായാലും പലപ്പോഴും ശിക്ഷകൾ സമയബന്ധിതമായി നടപ്പാക്കപ്പെടുന്നില്ല എന്നതാണ് യാഥാർത്ഥ്യം. അഫ്സൽ ഗുരുവും, അജ്മൽ അമീർ കസബും എല്ല്ലാം ഇതിന്റെ ജീവിക്കുന്ന ദൃഷ്ടാന്തങ്ങൾ. ഇത്തരത്തിൽ നമ്മുടെ അയൽ‌രാജ്യം പരിശീലനവും ആയുധവും നൽകി ഇവിടേയ്ക്ക് വിടുന്ന കൂലിപ്പട്ടാളക്കാരെ മാത്രം പിടികൂടിയാൽ പോരാ ഇതിന്റെ ആസൂത്രകരായി അയൽ‌രാജ്യത്ത് വിലസുന്നവരേയും അവർക്ക് ഒത്താശചെയ്യുന്ന നമ്മുടെ നാട്ടിലെ രാജ്യദ്രോഹികളേയും കണ്ടെത്തി ഉന്മൂലനം ചെയ്യണം. എങ്കിലേ ഇത്തരം ആക്രമണങ്ങളിൽ നിന്നും ഭയാശങ്കകളില്ലാത്ത ഒരു ജീവിതം നമുക്ക് സാധ്യമാകൂ. നമ്മുടെ ഭരണാധികാരികളുടേയും സുരക്ഷാസംവിധാനങ്ങളുടേയും പ്രവർത്തനങ്ങളിലെ അപര്യാപ്തയാ ആവർത്തിയ്ക്കുന്ന ഇത്തരം ആക്രമണങ്ങൾ സൂചിപ്പിക്കുന്നത്. കൂടുതൽ ജാഗ്രത്തായ പ്രവർത്തനം സുരക്ഷാ ഏജൻസികളും, രഹസ്യാന്വേഷണ വിഭാഗങ്ങളും കാണിക്കേണ്ടിയിരിയ്ക്കുന്നു. മുംബൈയിലെ സ്ഫോടനങ്ങളിൽ മരിച്ച നിരപരാധികൾക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുന്നതോടൊപ്പം ഇവരുടെ മരണത്തിന് ഉത്തരവാദികളായവരെ ഉന്മൂലനം ചെയ്യും എന്ന പ്രതിജ്ഞയും നമുക്ക് ഈ അവസരത്തിൽ എടുക്കാം.

6 July 2011

ശ്രീപത്മനാഭസ്വാമിയുടെ സ്വത്തുക്കൾ

കഴിഞ്ഞ കുറെ ദിവസങ്ങളായി ബൂലോകത്തിലേയും കേരളത്തിലെ വാർത്താ മാദ്ധ്യമങ്ങളിലേയും പ്രധാന ചർച്ചാവിഷയം പത്മനാഭസ്വാമിയുടെ സ്വത്തിനെക്കുറിച്ച് പുറത്തുവരുന്ന വാർത്തകൾ ആണല്ലൊ. ഇങ്ങനെ പല മദ്ധ്യമങ്ങളിലും നടക്കുന്ന ചർച്ചകളിൽ നിന്നും ഞാൻ മനസ്സിലാക്കിയ ചിലകാര്യങ്ങൾ സംക്ഷിപ്തമാക്കി  ഈ വിഷയത്തിൽ മനോജേട്ടന്റെ (നിരക്ഷരൻ) ബസ്സിൽ ഞാൻ രേഖപ്പെടുത്തിയ അഭിപ്രായം ഇവിടെ ചേർക്കുന്നു.
  1. പത്മനാഭസ്വാമിക്ഷേത്രത്തിലെ നിലവറകളിൽ  ഇപ്പോൾ സുപ്രീംകോടതി നിർദ്ദേശത്തെ തുടർന്ന് നടത്തുന്ന കണക്കെടുപ്പിലൂടെ നമ്മൾ അറിയുന്ന വസ്തുക്കൾ ഒരു നിധി എന്ന ഗണത്തിൽപെടുത്താൻ സാധിക്കുന്നവയല്ല. ഇവയെ സംബന്ധിക്കുന്ന കണക്കെടുപ്പുകൾ പല ഘട്ടത്തിലും ഭരിച്ചിരുന്ന രാജക്കന്മാർ തന്നെ നടത്തിയിട്ടുള്ളതും അത് സംബന്ധിക്കുന്ന രേഖകൾ ലഭ്യമാണെന്നും ചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തുന്നു. ഒരു പക്ഷെ ഈ ശേഖരത്തെക്കുറിച്ച് സാമാന്യജനത്തിന് അറിയില്ലെങ്കിലും ക്ഷേത്രവും രാജകുടുംബവുമായി ബന്ധപ്പെട്ട പലർക്കും അമൂല്യമായ ഈ സ്വത്തുക്കളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നതായി സുപ്രീം കോടതിയിൽ ഈ വിഷയത്തിലെ ഹർജിക്കാർ തന്നെ സമ്മതിക്കുന്നു. പത്മനാഭസ്വാമിയുടെ ഈ സ്വത്തുക്കൾ അന്യാധീനപ്പെട്ടു പോകുന്നത് തടയാൻ ആണ് തങ്ങൾ സുപ്രീംകോടതിയെ സമീപിച്ചതെന്നും അവർ പറയുന്നു. അതുകൊണ്ടുതന്നെ ഇവ അവിചാരിതമായി കണ്ടെത്തിയവ അല്ല. ക്ഷേത്രസംബന്ധിയായ രേഖകളിൽ പരാമർശമുള്ളവ ആകയാൽ ക്ഷേത്രത്തിന്റെ തന്നെ സ്വത്താണ്. മറ്റാർക്കും ഇതിൽ അവകാശമില്ലെന്നും ഞാൻ കരുതുന്നു.
  2. തിരുവിതാംകൂർ രാജവംശം ഈ സ്വത്തിന് ഇതുവരെ അവകാശവാദം ഉന്നയിച്ചതായി എങ്ങും വായിച്ചോ കേട്ടോ അറിവില്ല. അതിനാൽ തന്നെ അവരെ ഇതിന്റെ പേരിൽ അപഹാസ്യരാക്കുന്നത് ശരിയല്ലെന്ന് ഞാൻ കരുതുന്നു. മറിച്ച് ഈ സ്വത്തുക്കൾ ഇത്രയും കാലം സംരക്ഷിച്ച അവർ അഭിനന്ദനം അർഹിക്കുന്നു.
  3. ഇന്നത്തെ നിലയിൽ ക്ഷേത്രം അതിന്റെ ആചാരാനുഷ്ഠാനങ്ങളോടെ മുന്നോട്ട് കൊണ്ടു പോകുന്നത് വളരെ ഭാരിച്ച ഉത്തരവാദിത്വമാണ്. സർക്കാരിൽ നിന്നും ലഭിക്കുന്ന ഗ്രാന്റും, ക്ഷേത്രത്തിൽ നിന്നും ആകെ ലഭിക്കുന്ന വരുമാവും കൂട്ടിച്ചേർത്താലും ജീവനക്കാർക്ക് ശംബളം കൊടുക്കാൻ പോലും തികയാത്ത അവസ്ഥയാണ് നിലവിലേതെന്ന് വിവിധ ചർച്ചകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നു. ഇതുവരെ കച്ചവടവൽക്കരിച്ചിട്ടില്ലാത്തതിനാൽ (ശബരിമലയും മറ്റ് ക്ഷേത്രങ്ങളും പോലെ) ക്ഷേത്രം അതിന്റെ ആചാരങ്ങൾ തുടർന്ന് കൊണ്ടുപോകുന്നതിൽ വിജയിച്ചു എന്നാണ് ഞാൻ കരുതുന്നത്. ഈ നില തുടരണം എന്നതു തന്നെയാണ് എന്റെ അഭിപ്രായം. അങ്ങനെ തുടരുന്നതിനാവശ്യമായ ധനസമ്പാദനത്തിന് ഈ സ്വത്തുക്കൾ ഉപയോഗിക്കാൻ കഴിയണം.
  4. ഈ ക്ഷേത്രസ്വത്തുക്കൾ ഉപയോഗിച്ച് ക്ഷേത്രാചാരങ്ങൾക്ക് ഭംഗം വരാത്ത വിധത്തിൽ ഒരു മ്യൂസിയം നിർമ്മിക്കുന്നതിനും, അതിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും, അതിൽ നിന്നുള്ള വരുമാനം ക്ഷേത്രാവശ്യങ്ങൾക്ക് മാത്രമായി ഉപയോഗിക്കുന്നതിനും ഉള്ള അധികാരവും അവകാശവും ക്ഷേത്രത്തിൽ നിലവിലുള്ള ട്രസ്റ്റ് സംവിധാനത്തിന് ആവണം.
  5. ഈ ക്ഷേത്രസ്വത്തുക്കൾ സൂക്ഷിക്കുന്നതിനുള്ള ഉറപ്പും സുരക്ഷിതത്വവും നിലവിലെ അറകൾക്ക് ഉണ്ടെന്നാണ് വാർത്തകളിൽ നിന്നും മനസ്സിലക്കുന്നത്. അതിനാൽ ഈ സ്വത്തുക്കൾ നിലവിൽ ഉള്ള സ്ഥലങ്ങളിൽ തന്നെ സൂക്ഷിക്കുന്നതാവും ഉചിതം. മഹാത്മാവിന്റെ കണ്ണട സൂക്ഷിക്കാൻ സാധിക്കാത്ത നാഷണൽ മ്യൂസിയം അധികൃതരും, കേരളിത്തിലെ നിരവധി ക്ഷേത്രങ്ങൾ “സംരക്ഷിച്ചു” കൊണ്ടിരിക്കുന്ന പുരാവസ്തു വകുപ്പും ഇതേറ്റെടുത്താൽ പലതും ആവിയായി പോയി എന്ന് വരാം. ഇവിടെ പൂർണ്ണത്രശീയക്ഷേത്രത്തിൽ കുടകളുടെ സ്വർണ്ണപിടികൾക്കും, എന്തിന് അവയിൽ പതിച്ച വൈരക്കല്ലുകൾക്ക് പോലും വല്ലാത്ത തേയ്മാനമാണ്. അമൂല്യമായ സ്വത്തുക്കൾ സംരിക്ഷിക്കുന്നതിനെ കുറിച്ച് ഉപദേശം നൽകാൻ തയ്യാറായിരിക്കുന്ന ആനന്ദബോസിനും, പുരാവസ്തുവകുപ്പിനും വയനാട്ടിലെ ജൈനക്ഷേത്രങ്ങളും, കേരളത്തിൽ നാമവശേഷമായിക്കൊണ്ടിരിക്കുന്ന പല അതിപുരാതനക്ഷേത്രങ്ങളും ആദ്യം സംരക്ഷിക്കാം കാരണം ഇപ്പോഴെ വൈകി ഇനിയും വൈകിയാൽ അവ ഉണ്ടാവില്ല, അത്രയും ദുർഗതി പത്മനാഭസ്വാമിക്കും ക്ഷേത്രത്തിനും ഉണ്ടായിട്ടില്ല.
  6. ഈ ക്ഷേത്രത്തിനും സ്വത്തുക്കൾക്കും പൂർണ്ണമായ സംരക്ഷണം നൽകേണ്ട ബാധ്യത സർക്കാരിനുണ്ട്. അത് ക്ഷേത്രാചാരങ്ങൾക്ക് തടസ്സം വരാത്ത രീതിയിൽ സർക്കാർ നിർവ്വഹിക്കണം.
  7. രാജഭരണകാലത്ത് നിലനിന്നിരുന്ന അനാചാരങ്ങളും ശിക്ഷാരീതികളും അപലപിക്കപ്പെടേണ്ടതു തന്നെ. എന്നാൽ അത് തിരുവിതാംകൂറിൽ മാത്രം ഒതുങ്ങിനിന്നതല്ല. ഈ രാജ്യത്തിനെ ആകെ ഗ്രഹിച്ചിരുന്ന ഒന്നു തന്നെയാണ് അത്. അത് തീർച്ചയായും അപലപനീയം തന്നെ. അങ്ങനെ ഉള്ള കാലഘട്ടത്തിലൂടെ കടന്നു വന്ന അവസ്ഥയിൽ പത്മനാഭസ്വാമി ക്ഷേത്രത്തിലേതെന്നതു പോലെ രാജ്യത്തിലെ പല പുരാതനങ്ങളായ ക്ഷേത്രങ്ങളിലും (അവയെല്ലാം രാജഭരണകാലഘട്ടത്തിൽ രാജക്കന്മാരുടെ അധീനതയിൽ ഉള്ളതായിരുന്നു, അതിന്റെ സമ്പത്തിന്റെ ഉറവിടം രാജാവ് കാഴ്ചവെച്ച വസ്തുക്കളും നികുതികളിൽ നിന്നുള്ള വരുമാനവും തന്നെയാണ്) ഇത്തരത്തിൽ അമൂല്യമായ സമ്പത്ത് സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. അവയൊന്നും ഒരിക്കലും സർക്കാർ ഖജനവാലേയ്ക്ക് ചേർത്തിട്ടില്ല, മറിച്ച് അതാത് ക്ഷേത്രങ്ങളിൽ തന്നെ സംരക്ഷിച്ച് വരുന്നു. ആ രീതി തന്നെ ഇവിടെയും തുടരണം.
  8. രാജഭരണകാലത്തെ നികുതി സമ്പ്രദായങ്ങളെ പലരും പരുഷമായിട്ടാണ് അപലപിച്ചിരിക്കുന്നത്. അത്തരം നികുതികൾ തിരുവിതാംകൂറിൽ മാത്രമല്ല ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഉണ്ടായിരുന്നു. വളരെ ക്രൂരമായിത്തന്നെയാണ് അത് പിരിച്ചിരുന്നതും. ചുങ്കക്കാരൻ പലപ്പോഴും സമാന്യജനത്തിന് വെറുക്കപ്പെട്ടവൻ തന്നെ ആയിരുന്നു. ചാണക്യന്റെ ഭരണത്തിൻ കീഴിൽ വേശ്യകളിൽ നിന്നും തൊഴിൽനികുതി ഈടാക്കിയിരുന്നതായിപ്പോലും കേട്ടിട്ടുണ്ട്. രാജഭരണത്തിലും, ജനാധിപത്യ ഭരണത്തിലും നികുതി പിരിവിന്റെ ഈ രീതികൾക്ക് കാര്യമായ വ്യത്യാസം ഇല്ല. ജീവൻ‌രക്ഷാമരുന്നുകൾക്കും അത്യാവശ്യമായ ഭക്ഷണ പദാർത്ഥങ്ങൾക്കും ഇന്നും നാം നികുതി നൽകാൻ ബാധ്യസ്തരാണല്ലൊ. പെട്രോളിനും ഡീസലിനും വരെ നാം നൽകുന്ന പണത്തിന്റെ 50% കേന്ദ്രനികുതിയും സംസ്ഥാനനികുതിയുമാണ്. 
  9. രാജഭരണകാലത്ത് പല രീതിയിൽ നിലന്നിരുന്ന ജനദ്രോഹങ്ങൾ പലരും പരാമർശിച്ചത് കണ്ടു. ഇന്നും അഴിമതിയും ജനദ്രോഹവും അധികാരത്തിന്റെ ധാർഷ്ട്യവും തുടരുന്നു. മൂലമ്പിള്ളിയും, സിംഗൂരും, നന്ദിഗ്രാമും, മായവതിയും എല്ലാം ഈ അധികാരധാർഷ്ട്യത്തിന്റെ സമീപകാല ഉദാഹരണങ്ങൾ മാത്രം.  രാജഭരണകാലത്തെ ധൂർത്തും കൊട്ടാരങ്ങളുടെ ആഢംബരവും പലരും കുറ്റപ്പെടുത്തിയ മറ്റൊരു വശമാണ്. ഇന്ന് ഈ ജനാധിപത്യകാലഘട്ടത്തിൽ ഒരു മന്ത്രിസഭമാറി പുതിയത് വരുമ്പോൾ പഴയ മന്ത്രിമാർ താമസിച്ചിരുന്ന വീടുകൾ “മോടിപിടിപ്പിക്കാൻ” പുതിയ മന്ത്രിമാർ ചെലവാക്കുന്ന തുകകൾ നോക്കിയാൽ മാത്രം മതി ആധുനീക കാലത്തെ ധൂർത്ത് അറിയാൻ. അവരവരുടെ ഇഷ്ടത്തിന് അനുസരിച്ച ആഢംബര കാറുകൾ. ഇന്നത്തെ നിയമസഭാ / പാർലമെന്റ് സമ്മേളനങ്ങളുടെ ദുഷ്ചെലവുകൾ രാജക്കന്മാരുടെ ദർബാർ ചെലവുകളെ കടത്തിവെട്ടുന്നവയാണ്. കോടികൾ ചിലവിട്ട് നിർമ്മിച്ച സംസ്ഥാനത്തെ പുതിയ നിയമസഭാമന്ദിരവും ഇത്തരം ധൂർത്തിന്റെ ഉദാഹരണമല്ലാതെ മറ്റെന്താണ്. അന്നും ഇന്നും ഇതിനെല്ലാം ചെലവാകുന്നത് പാവപ്പെട്ടവന്റെ നികുതിപ്പണം തന്നെ. ഉദ്യോഗസ്ഥതലത്തിലെ അഴിമതിയും സ്വജനപക്ഷപാതവും ഒരിക്കലെങ്കിലും സർക്കാർ ഓഫീസിൽ കയറിയവർക്ക് അറിയാം. പണ്ടത്തെ രാജഭരണത്തിൽ നിന്നും ഇന്ന് ആകെ അവകാശപ്പെടാവുന്ന മേന്മ ഭരണാധികാരികളെ തിരഞ്ഞെടുക്കുവാൻ സാധരണക്കാരന് അവകാശമുണ്ടെന്നത് മാത്രം. ഇങ്ങനെ ആകെ അഴിമതിയിൽ മുങ്ങിയിരിക്കുന്ന അവസ്ഥയിൽ ചിലരെങ്കിലും മാനുഷീകമായി പ്രവർത്തിക്കുന്നവർ ഉണ്ടെന്നത് ആശ്വാസം. ഇത്തരക്കാർ എല്ലാ കാലത്തും, രജഭരണത്തിലും ഉണ്ടായിട്ടുണ്ട്.
  10. പത്മനാഭസ്വാമിക്ഷേത്രത്തിലെ സ്വത്തുക്കളെ കുറിച്ച പറയുമ്പോൾ അഭിമാനം തോന്നുന്ന ഒരു കാര്യം തിരുവിതാംകൂർ രാജവംശത്തിന്റെ സത്യസന്ധതയാണ്. പല രീതിയിൽ പത്മനാഭസ്വാമിയ്ക്ക് സമർപ്പിക്കപ്പെട്ട സ്വത്തുക്കളുടെ യഥാർത്ഥ കാവൽക്കാരായി അവർ നിലകൊണ്ടു എന്നത് അഭിനന്ദനാർഹം തന്നെ.
ബൂലോകത്തിലെ പല ചർച്ചകളും, ദൃശ്യമാദ്ധ്യമവാർത്തകളും പത്രവാർത്തകളും നിന്നും എന്റെ അഭിപ്രായമാണ് ഇവിടെ ചേർത്തത്.