9 July 2008

ജനാധിപത്യത്തിന്റെ കഷ്ടകാലം

അങ്ങനെ വളരെനാളത്തെ കാത്തിരുപ്പിനും ഊഹാപോഹങ്ങള്‍ക്കും ഇടയില്‍ ആ രണ്ടു മഹദ്‌സംഭവങ്ങളും നടന്നിരിക്കുന്നു. ജമ്മു-കാഷ്മീരിലും, ദല്‍‌ഹിയിലും സഖ്യക്ഷികളുടെ കാലുവാരലില്‍‌ സര്‍ക്കാരുകള്‍ നിലം‌പതിച്ചിരിക്കുന്നു. ഇനി ജമ്മു-കാഷ്മീരില്‍ കഴുതകച്ചവടം ഇല്ലെങ്കിലും ദല്‍‌ഹിയില്‍ അതിനുള്ള ചരടുവലികള്‍ വളരെ മുന്‍‌പന്തിയില്‍ ആണെന്നാണ് മാധ്യമങ്ങളില്‍ നിന്നു മനസ്സിലക്കുന്നത്‌. ജനാധിപത്യത്തിന്റെ കഷ്ടകാലം എന്നല്ലതെ എന്തുപറയാന്‍. ജനാധിപത്യത്തെക്കുറിച്ചു എനിക്കു കുറെമിഥ്യാധാരണകള്‍ ഉണ്ടായിരുന്നു. ദൂരദര്‍‌ശനും പിന്നെ ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ നടക്കുന്ന സംഭവങ്ങള്‍ നേരിട്ടു നമ്മളെക്കാണിക്കാന്‍ തീരുമാനിച്ച സര്‍ക്കാരിനും (ഏതു സര്‍‌ക്കാരാണ് അത്തരം ഒരു തീരുമാനം എടുത്തതെന്നു ഓര്‍‌മ്മയില്ല) ആദ്യമെ നന്ദി അറിയിക്കട്ടെ. കാരണം ഞാന്‍ വിചരിച്ച രീതിയില്‍ ഒന്നുമല്ല അവിടെ കാര്യങ്ങള്‍ നടക്കുന്നതെന്നു മനസ്സിലാക്കാന്‍ അതു വളരെ സഹായിച്ചു. പാര്‍‌ലമെന്റ്‌ നടപടികളുടെ നേരിട്ടുള്ള സം‌പ്രേഷണം തുടങ്ങാന്‍ കാരണം അങ്ങനെയെങ്കിലും ജനപ്രതിനിധികള്‍ മര്യാ‍ദക്കു പെരുമാറട്ടെ എന്നു കരുതിയാവണം. അതും ഫലം കണ്ടില്ല. സ്പീക്കറെ അവഗണിച്ചു പല നിയമസഭകളിലും കസേരകള്‍ പറക്കുന്നതും, മൈക്കുകള്‍ വലിച്ചൂരി അംഗങ്ങള്‍ പരസ്പരം തല്ലുന്നതും നാം കണ്ടു. പാര്‍‌ലമെന്റിലാകട്ടെ ഇത്തരം സന്ദര്‍‌ഭങ്ങളില്‍ സ്പീക്കറുടെ മുഖം മാത്രം പ്രക്ഷേപണം ചെയ്തു ദൂരദര്‍‌ശന്‍ സഭയുടെ മാനം രക്ഷിച്ചു. എന്നാലും ദൂരദര്‍ശനും തോറ്റുപോയിട്ടുണ്ട്‌ ഒരിക്കല്‍‌. തോല്‍‌പ്പിച്ചതു മറ്റാരും അല്ല നമ്മുടെ കുര്യന്‍ മാസ്റ്റര്‍‌ തന്നെ. തന്റെ പാ‍ര്‍ട്ടിനടപടിയെ കളിയാക്കികൊണ്ടുള്ള പ്രധാനമന്ത്രി വാജ്‌പേയിയുടെ പ്രസംഗം (അങ്ങനെയാണ് എന്റെ ഓര്‍‌മ്മ) അദ്ദേഹത്തിന്റെ സകല നിയന്ത്രണവും കളയുന്നതായിരുന്നു. സകല കീഴ്‌വഴക്കങ്ങളും കാറ്റില്‍‌പറത്തി കുര്യന്‍‌സര്‍ ആ പ്രസംഗം തടസപ്പെടുത്തി. തന്റെ സുഹൃത്തിനെ അനുനയിപ്പിക്കാന്‍ സ്പീക്കര്‍‌ ആയിരുന്ന സാംഗ്മയുടെ അഭ്യര്‍‌ത്ഥനകള്‍ കൂടിവന്നപ്പോള്‍ പുറകില്‍‌ നില്‍ക്കുന്ന ഉദ്യോഗസ്ഥന്‍‌ അദ്ദേഹത്തിന്റെ ചെവിയില്‍‌ മന്ത്രിച്ചു. “Sir TV cameras!!" എന്നാല്‍ ഈ ഉപദേശം അന്നു ദൂരദര്‍‌ശനിലൂടെ എല്ലാവരും കേട്ടു. ഉടനെ വന്നു സാംഗ്മയുടെ മറുപടി “No! no cameras. Switch off the cameras!" പിന്നെ രണ്ടുമിനിറ്റ് ടി വി സ്ക്രീനില്‍‌ ഇരുട്ടുമാത്രം. പിന്നീട്‌ സം‌പ്രേക്ഷണം തുടര്‍ന്നപ്പോള്‍ എല്ലാം ശാന്തം. അധികം താനസിയാതെ ഈ രംഗങ്ങള്‍ വീണ്ടും ആവര്‍‌ത്തിക്കും. നാലു വര്‍ഷം ഒന്നിച്ചു താമസിച്ചതിന്റെ പിണക്കവും, ചതിയും എല്ലാം കൂട്ടുകക്ഷികള്‍ പരസ്പരം വിളിച്ചു പറയും. അങ്ങനെ ശ്രീകോവിലില്‍ വീണ്ടും വിഴുപ്പലക്കും. ഇതു കണ്ടും കേട്ടും മറുപുറത്തുള്ളവരും കുത്തിവെയ്പും നുള്ളിനോവിക്കലും നടത്തും. അപ്പോഴും പ്രധാന ചര്‍‌ച്ചാവിഷയമാകേണ്ട ആണവകരാരിനെക്കുറിച്ചുള്ള ന്യായാന്യായങ്ങള്‍ അവിടെ വിശദമായ വിശകലനത്തിനോ ചര്‍ച്ചക്കോ വരും എന്നു കരുതാന്‍‌ വയ്യ. പാര്‍ലമെന്റിനുള്ളില്‍ ഇത്തരം കണ്ഠക്ഷോഭങ്ങള്‍ നടക്കുമ്പോള്‍ പുറത്തു പല സാമജീകരും തങ്ങളെ വില്‍‌പനക്കു വെച്ചിരിക്കുകയോ വിറ്റുകഴിയുകയോ ചെയ്തിരിക്കും. പിന്നെ വോട്ടിങ്ങ് ആയി. അതാണ് ഏറ്റവും രസകരമായി ഞാന്‍‌ കാണുന്നത്‌. എന്തിനണ് ഈ ചര്‍ച്ചകള്‍ സംഭവങ്ങളെപ്പറ്റി സാമാജികരെ ബോധവാന്മാരക്കനാണെന്നണു ഞാന്‍ ആദ്യം കരുതിയിരുന്നത്‌. പിന്നീടുമനസ്സിലായി ഇതു വെറും തട്ടിപ്പു പരുപാടിയാണെന്ന്‌. കാരണം ചര്‍ച്ച കഴിയുമ്പോഴേക്കും ഓരോ പര്‍ട്ടിയും “വിപ്പു” പുറപ്പെടുവിച്ചിരിക്കും. “സത്യസന്ധമായും, തന്റെ മുന്‍പില്‍ വരുന്ന വിഷങ്ങളില്‍ വ്യക്തി പരിഗണനകള്‍‌ക്കതീതമായും പ്രവര്‍‌ത്തിക്കും” എന്ന “സത്യ പ്രതിഞ്ജ“ ചെയ്ത ഓരോ സാമാജികനും പിന്നെ “വിപ്പു” അനുസരിക്കാന്‍ ബാദ്ധ്യസ്ഥനാണ്. അല്ലെങ്കില്‍ കക്ഷി കൂറുമാറിയതായും അയോഗ്യനാക്കിയതായും കണക്കാക്കും. പിന്നെ എന്തിന്നണ് ഈ ചര്‍ച്ചകള്‍‌. ഇന്നു വരെ ഒരു രാഷ്ട്രീയപാര്‍‌ട്ടിയും ഇത്തരം സന്ദര്‍‌ഭങ്ങളില്‍ തങ്ങളുടെ അംഗങ്ങളോട് മനഃസാക്ഷി വോട്ടുചെയ്യാന്‍ ആവശ്യപ്പെട്ടതായി വായിച്ചിട്ടില്ല. അത്രക്കുണ്ട് ഓരോപാര്‍‌ട്ടിക്കും സ്വന്തം സാമാജികരിലുള്ള വിശ്വാസം. അതുകഴിഞ്ഞ് അധികാരം കിട്ടിയാല്‍‌ കരാര്‍‌ അനുസരിച്ചു ഭാഗം വെയ്പാവും. അതെല്ലാം ഒന്നു സുഖിച്ചു വരാന്‍‌ സമയം ഉണ്ടോ അതും ഇല്ല. അപ്പൊ കച്ചവടം വഴികയറിയവര്‍‌ക്കു രാജ്യപുരോഗതി നോക്കാന്‍ സമയം എവിടെ. കിട്ടിയ അവസരം ശെരിക്കും ആസ്വദിക്കുക. നീണാല്‍‌ വാഴട്ടെ നമ്മുടെ ജനാധിപത്യം.

ജനാധിപത്യത്തെക്കുറിച്ചു ചില സംശയങ്ങള്‍ ഇപ്പോഴും മറുപടിയില്ലാത്തതായുണ്ട്. ആരെയാണ് നമ്മള്‍ തിരഞ്ഞെടുക്കുന്നത്‌. നമ്മുടെ പ്രതിനിധികളെയോ അതോ രാഷ്ട്രീയപാര്‍‌ട്ടികള്‍ മുന്‍‌പോട്ടുവയ്ക്കുന്ന നോമിനികളേയോ? നമ്മുടെ പ്രതിനിധികളെയാണെങ്കില്‍ അവര്‍ക്കു നിഷ്പക്ഷമായും, നിര്‍‌ഭയമായും പ്രവര്‍‌ത്തിക്കാന്‍‌ കഴിയേണ്ടേ? അങ്ങനെയെങ്കില്‍‌ വിപ്പു പോലുള്ള നടപടികള്‍ ഭൂഷണമാണോ? വിപ്പു നിയമാനുസൃതമെങ്കില്‍ എന്തിനു എല്ലാ സാമജികരും വോട്ടു ചെയ്യണം. ഓരോ പാര്‍ട്ടിയുടെയും സഭാനേതാക്കള്‍ മാത്രം വോട്ടു രേഖപ്പെറ്റുത്തിയാല്‍‌ പോരെ? പിന്നെ സ്വതന്ത്രര്‍‌ ഉണ്ടെങ്കില്‍ അവര്‍ക്കും സ്വന്തം വേട്ടു രേഖപ്പെടുത്താം. അങ്ങനെ ആണെങ്കില്‍ കച്ചവടം കുറെ ഒഴിവാക്കന്‍‌ സാധിക്കില്ലെ?

പണ്ടു അമേരിക്കന്‍‌ പാര്‍‌ലമെന്റില്‍ പാക്കിസ്ഥാനുള്ള സൈനികസഹായം വര്‍ദ്ധിപ്പിക്കാന്‍ പ്രസിഡന്റു കൊണ്ടുവന്ന ഒരു നിയമത്തിന് ഒരു സെനറ്റര്‍‌ കൊണ്ടുവന്ന ഭേദഗതി പാര്‍ലമെന്റ്‌ അംഗീകരിച്ചതായും അങ്ങനെ സൈനീകസഹായത്തിന്റെ തോത്‌ വെട്ടി കുറച്ചതായും അറിയാന്‍‌ കഴിഞ്ഞു. ലാറി പ്രെസ്‌ലര്‍ ആണ് ആ സെനറ്റര്‍‌. പ്രേസ്‌ലര്‍ ഭേദഗതി എന്ന പേരില്‍ ഇതു വളരെ ചര്‍‌ച്ചചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്‌. അത്തരം നടപടികള്‍ വല്ലതും നമ്മുടെ പാര്‍ലമെന്റിലും നടക്കാറുണ്ടോ? ഇവിടെ പാര്‍‌ലമെന്റിലും, നിയമസഭകളിലും ചര്‍‌ച്ചകള്‍ കുറവും എന്നാല്‍ ടി വി സ്റ്റുഡിയോവില്‍ ചര്‍ച്ചകള്‍ കൂടുതലും ആണെന്നാണ് തോന്നുന്നത്‌.

5 comments:

  1. പ്രിയപ്പെട്ട മണികണ്ഠന്‍ , നന്നായിട്ടുണ്ട് . നമുക്ക് പറഞ്ഞുവെക്കാം ... കേള്‍ക്കുന്നവര്‍ കേള്‍ക്കട്ടെ ... അത്രയല്ലേ നമുക്ക് കഴിയൂ !
    സ്നേഹപൂര്‍വ്വം,

    ReplyDelete
  2. നല്ല ലേഖനം മണികണ്ഠാ.ഇതുപോലുള്ളവ ആളുകള്‍ ശ്രദ്ധിക്കാതെ പോകുന്നതാണ് കഷ്ടം

    ReplyDelete
  3. സുകുമാരേട്ടാ വളരെ നന്ദി. പലപ്പോഴും നമ്മുടെ പാര്‍‌ലമെന്റ്, നിയമസഭാ നടപടികള്‍ കാണുമ്പോള്‍‌ തോന്നിയിരുന്ന ചില സംശയങ്ങള്‍ ആണ് ഇവിടെ എഴുതിയത്‌. തുടര്‍‌ന്നും നിര്‍‌ദ്ദേശങ്ങള്‍ പ്രതീക്ഷിക്കുന്നു.

    അനൂപ്‌ വളരെനന്ദി. താങ്കളും എന്റെ നിരീക്ഷണങ്ങളോട്‌ യോജിക്കുന്നു എന്നറിഞ്ഞതില്‍‌ സന്തോഷം.

    ReplyDelete
  4. ഇത്തരം 'തെണ്ടിത്തരങ്ങള്‍' കണ്ടു മനസ്സു മടുത്ത കോടിക്കണക്കിന്‌ ആളുകള്‍ ഉണ്ടെന്നു തോന്നുന്നു പക്ഷെ അവര്‍ അസംഘടിതരല്ലെ.
    അതുതന്നെ അല്ലെ ഇവരുടെ വിജയരഹസ്യവും- അല്ലെങ്കില്‍ നമ്മുടെ വോട്ട്‌ വാങ്ങി അവിടെ പോയിരുന്ന്‌ തെണ്ടിത്തരം കാണിച്ചിട്ടു തിരികെ വന്നാല്‍ നാട്ടുകാര്‍ പിടിച്ചു പൂശുമെന്നുണ്ടെങ്കില്‍ ഇതു നടക്കുമോ?

    ReplyDelete
  5. ഗുരുജി അങ്ങു പറഞ്ഞത് ശരിയാണ്. എന്നാല്‍ ഇവിടെ കാര്യങ്ങളെ ശരിയായി വിശകലനം ചെയ്‌തു വോട്ടുചെയ്യുന്നവര്‍ വളരെക്കുറവാണ്. പലര്‍ക്കും അന്ധമായ രാഷ്‌ട്രീയ ചായ്‌വുകളോ, വിരോധമോ ആണ് ഉള്ളതെന്നു തോന്നുന്നു. അങ്ങയുടെ അഭിപ്രായം ഇവിടെ രേഖപ്പെടുത്തിയതിന് നന്ദി.

    ReplyDelete