24 January 2012

വിളപ്പിൽശാലയും ഹൈക്കോടതി വിധിയും | Vilappilsala & High Court Order

വിളപ്പിൽശാലയിലെ “മാലിന്യസംസ്കരണപ്ലാന്റ്” പൂട്ടിക്കൊണ്ട് വിളപ്പിൽശാല ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച പൂട്ട് തല്ലൊപ്പൊളിച്ചും ഈ “പ്ലാന്റ്“ തുറന്നു പ്രവർത്തിപ്പിക്കണമെന്നും ഈ പ്ലാന്റിന്റെ പ്രവർത്തനത്തിന് പോലീസ് സംരക്ഷണം നൽകണമെന്നുമുള്ള ഇന്നത്തെ ഹൈക്കോടതി വിധിയാണ് ഈ പ്രതിക്ഷേധക്കുറിപ്പിന് ആധാരം. ഒരു ഗ്രാമത്തെ മുഴുവൻ മാലിന്യത്തിൽ മുക്കുന്ന നഗരസഭയുടെ നടപടിയ്ക്ക് കുടപിടിയ്ക്കുന്ന ഈ ഹൈക്കോടതി വിധി തികച്ചും അപലപനീയം തന്നെ. കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങളായി വിളപ്പിൽ ശാലയിൽ “പ്രവർത്തിക്കുന്ന” ഈ മാലിന്യസംസ്കരണ “പ്ലാന്റ്” നിമിത്തം ആ പ്രദേശവും അവിടത്തെ ജല ശ്രോതസ്സുകളും ശുദ്ധവായുവും പോലും മലിനീകരിക്കപ്പെട്ടെന്ന് കോടതി നിയോഗിച്ച അഭിഭാഷകകമ്മീഷൻ രേഖാമൂലമുള്ള റിപ്പോർട്ട് സമർപ്പിച്ചിട്ടും അതിനെ മാനിക്കതെ വീണ്ടും നഗരത്തിന്റെ മാലിന്യം അവിടെ തള്ളാൻ ഉത്തരവിട്ട ന്യായാധിപന്മാർ ചില്ലുമേടയിൽ ഇരിക്കുന്നവർ തന്നെ. ഒരു ഗ്രാമത്തിലെ ജലശ്രോതസ്സുകളും പ്രാണവായും മലീമസമാക്കിയവരെ ശിക്ഷിക്കേണ്ടതിനു പകരം ആ ഗ്രാമത്തെ വീണ്ടും മാലിന്യക്കൂമ്പാരമാക്കാൻ ശ്രമിക്കുന്നവർ ആർക്കാണ് ന്യായം ചെയ്യുന്നത്? 34 ദിവസം കെട്ടിക്കിടന്ന മാലിന്യം തിരുവനന്തപുരം നഗരത്തിലെ ജനത്യ്ക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെങ്കിൽ പന്ത്രണ്ട് വർഷങ്ങളായി ഇതേ നഗരത്തിന്റെ മുഴുവൻ മാലിന്യവും ചുമക്കുന്ന വിളപ്പിൽശാല നിവാസികൾക്കുണ്ടായിക്കൊണ്ടിരിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ എത്രയാണ്? ഇതൊന്നും പരിഗണിക്കാതെ തിരുവനന്തപുരം നഗരവാസികളുടെ മാത്രം ഭാഗം പരിഗണിച്ചുകൊണ്ടുള്ള ഈ വിധി അന്യായമാണെന്ന് പറയാതെ തരമില്ല. ഭരണഘടന ഉറപ്പു നൽകുന്ന അടിസ്ഥാന ആവശ്യങ്ങൾക്ക് വേണ്ടി സമരം ചെയ്യുന്ന വിളപ്പിൽശാല നിവാസികൾ അഭിനന്ദനം അർഹിക്കുന്നു.

മതിയായ മലിനീകരണനിയന്ത്രണ സംവിധാനങ്ങൾ ഇല്ലാതെയാണ് വിളപ്പിൽശാലയിൽ തിരുവന്തപുരം നഗരസഭയുടെ ഈ സ്ഥപനം പ്രവർത്തിക്കുന്നതെന്ന് പല മാദ്ധ്യമങ്ങളും കാണിക്കുന്ന ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്. അവിടത്തെ മാലിന്യപ്രശ്നത്തെ കുറിച്ച് പഠിക്കാൻ ഹൈക്കോടതി തന്നെ ചുമതലപ്പെടുത്തിയ അഭിഭാഷക കമ്മീഷനും മാലിന്യപ്രശ്നത്തിന്റെ രൂക്ഷത വ്യക്തമാക്കുന്ന റിപ്പോർട്ടാണ് ഹൈക്കോടതിക്ക് നൽകിയതെന്നും മാദ്ധ്യമങ്ങളിൽ നിന്നും അറിയാൻ കഴിയുന്നു. കാര്യങ്ങൾ ഇങ്ങനെ വ്യക്തമായിരിക്കെ ഹൈക്കോടതിയുടെ ഇന്നത്തെ വിധി ഏകപക്ഷീയമായിപ്പോയി. കഴിഞ്ഞ ഒരു വർഷമായി വിളപ്പിൽശാലനിവാസികൾ ഈ ദുരിതത്തിനെതിരെ നിരാഹാരസമരത്തിലാണ്. ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി സമരം ചെയ്യുന്ന ഈ ജനതയ്ക്ക് ഒരിക്കൽക്കൂടി അഭിവാദ്യങ്ങൾ.