23 July 2008

ലജ്ജിക്കാം നമുക്ക് ഈ സാമാജികരെ ഓര്‍‌ത്ത്.

ഇന്നു ഒരു നാടകത്തിനു കൂടി അന്ത്യം ആയിരിക്കുന്നു. മന്‍‌മോഹന്‍ സിങ് നേതൃത്വം നല്‍‌കുന്ന മന്ത്രിസഭ ലോക്‍സഭയുടെ വിശ്വാസം നേടുന്നതില്‍ വിജയിച്ചിരിക്കുന്നു. ജനാധിപത്യത്തിന്റെ ആ പരമോന്നത വേദിയില്‍ എന്തെല്ലാം ദൌര്‍‌ഭാഗ്യകരങ്ങളായ സംഭവങ്ങളാണ് നടന്നത് എന്നതിനെ സംബന്ധിക്കുന്ന ചില റിപ്പോര്‍‌ട്ടുകള്‍ വ്യത്യസ്ത വാര്‍ത്താമാധ്യമങ്ങളില്‍ വന്നത് കാണുകയായിരുന്നു ഞാന്‍ ഇതു വരെ. നമ്മുടെ ജനാധിപത്യസംവിധാനത്തിന്റെ മൂല്ല്ല്യം എത്രമാത്രം അധഃപതിച്ചു എന്നതിനുള്ള ഏറ്റവും വലിയ ദൃഷ്‌ടാന്തങ്ങളാണ് കഴിഞ്ഞ രണ്ടു ദിവസമായി സഭയില്‍ നടന്നത്‌.

പല മാധ്യമങ്ങളും എറ്റവും ഖേദകരമായി വിവരിക്കുന്നത് പാര്‍ലമെന്റ് മന്ദിരത്തിന് അകത്തു അംഗങ്ങള്‍ നോട്ടുകെട്ടുകള്‍ കൊണ്ടുവന്ന നടപടിയാണ്. സാധാരണ കുതിരിക്കച്ചവടം കഴുതക്കച്ചവടം എന്നെല്ലാം കേട്ടു മാത്രം ശീലിച്ചവരാണ് നമ്മള്‍. എന്നാല്‍ ഇന്നു അതിനു തെളിവു സഹിതം അംഗങ്ങള്‍ നമ്മളെ കാണിച്ചുതന്നിരിക്കുന്നു. ഇതും ഇവിടെ നടക്കുമെന്ന്. അതില്‍ വലിയ അത്ഭുതം ഒന്നും ഇല്ലെന്നണ് ഞാന്‍ കരുതുന്നത്‌. പാര്‍‌ലമെന്റില്‍ ചോദ്യം ചോദിക്കുന്നതിനു പോലും കൈക്കൂലിവാങ്ങിച്ച മഹാന്‍‌മാര്‍ നമുക്കുണ്ടെന്ന സത്യം നാം മറക്കരുത്. നമ്മുടെ പ്രതിനിധികളാണ് പാര്‍ലമെന്റില്‍ ഉള്ളത്. അപ്പോള്‍ തീര്‍ച്ചയായും കള്ളന്മാരുടേയും, കൊലപാതകികളുടെയും പ്രതിനിധികളും അവിടെക്കാണും. അത്തരക്കാര്‍ എവിടെയിരുന്നാലും ആ സ്വഭാവം കാണിക്കുകതന്നെ ചെയ്യും. ഇവിടെ മൂന്നു അംഗങ്ങള്‍ തങ്ങള്‍ക്കു വാഗ്ദാനം ചെയ്തു എന്ന അവകാശത്തോടെ ഇത്രയും പണം പാര്‍ലമെന്റില്‍ എത്തിച്ചു എങ്കില്‍ ഇതില്‍ കൂടുതല്‍ എത്രപേര്‍ വാങ്ങി പോക്കറ്റില്‍ ഇട്ടിരിക്കും. നമ്മുടെ സാമാന്യസമൂഹത്തെ ബാധിച്ചിരിക്കുന്ന അഴിമതിയില്‍ നിന്നും ജനപ്രതിനിധികള്‍ മുക്തരാണെന്നു വിശ്വസിക്കുന്നത് ശുദ്ധ മണ്ടത്തരം ആണെന്നേ ഞാന്‍ പറയൂ. തിഹാര്‍ ജയിലില്‍ അടക്കപ്പെടുന്നതിനു മുന്‍പേ ഒരു മുന്‍ പ്രധാനമന്ത്രി മരിച്ചു എന്നതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഭാഗ്യം എന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍.

സങ്കടകരമായി തോന്നിയതു ചന്തകളെപ്പോലും നാണിപ്പിക്കുന്ന തരത്തിലാണ് ഭൂരിഭാഗം അംഗങ്ങളും സഭയില്‍ പേരുമാറിയത് എന്നതാണ്. സഭക്കു അതിന്റെ നടപടികളുമായി മുന്നോട്ടു പോവുന്നതിനു വ്യക്തമായ ചട്ടങ്ങള്‍ ഉണ്ട് നടപടിക്രമങ്ങള്‍ ഉണ്ട്. ഇതെല്ലാം ഇത്തവണ ലംഘിക്കപ്പെട്ടു. ഒരംഗത്തേയും വ്യക്തമായി പ്രസംഗിക്കാന്‍ മറുഭാഗത്തുള്ളവര്‍ സമ്മതിച്ചില്ല എന്നതു എറ്റവും നാണിപ്പിക്കുന്ന ഒന്നാണ്. സാധാരണയായി ഒരംഗം പ്രസംഗിക്കുമ്പോല്‍ അതിനെ എതിര്‍‌ക്കുന്നവര്‍ എന്തെങ്കിലും ക്രമപ്രശ്നം (point of order) ഉന്നയിക്കുനയാണ് പതിവ്‌. എന്നാല്‍ ഇത്തവണ കണ്ടത്‌ സംഘം ചേര്‍ന്നു ഒച്ചവെച്ച് പ്രസംഗം തടസ്സപ്പെടുത്തുന്ന രീതിയാണ്. സ്‌പീക്കറുടെ ആവര്‍‌ത്തിച്ചുള്ള പല അഭ്യര്‍ത്ഥ്നകളും ബധിരകര്‍‌ണ്ണങ്ങളിലാണ് പതിച്ചത്. ഇത്തരം പ്രവൃത്തികളില്‍ നിന്നും അംഗങ്ങളെ പിന്തിരിപ്പിക്കുവാന്‍ പാര്‍‌ട്ടിനേതാക്കള്‍ ശ്രമിച്ചില്ല എന്നതാണ് സത്യം. ഇതൊരിക്കലും ഒരു ജനാധിപത്യ സംവിധാനത്തിനോ, പാര്‍ലമെന്റിനോ ഭൂഷണം അല്ല.

അതിലും അപമാനകരം താന്‍ മുന്നോട്ടുവച്ച വിശ്വാസപ്രമേയത്തില്‍ നടത്തിയ ചര്‍ച്ചകള്‍ക്കും, വാദമുഖങ്ങള്‍ക്കും ഉത്തരം നല്‍കുന്നതിനുള്ള പ്രധാനമന്ത്രിയുടെ അവകാശവും ലംഘിക്കപ്പെട്ടു എന്നതാണ്. പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ അപൂര്‍വ്വമായ ഒരു സംഭവം ആവും ഇതു. പ്രധാനമന്ത്രിക്കു തന്റെ മറുപടിപ്രസംഗം ഒരു വരിപോലും പൂര്‍ത്തിയാക്കാനാ‍കാതെ സഭയുടെ മേശപ്പുറത്തു വെച്ചു പിന്‍‌മാറേണ്ടി വരുക. സഭാനേതാവുകൂടിയാണ് പ്രധാനമന്ത്രി എന്നതു വിസ്മരിക്കരുത്. അംഗങ്ങള്‍ക്കുള്ള ഇത്തരം അവകാശങ്ങള്‍ സംരക്ഷിക്കേണ്ട ചുമതല സ്‌പീക്കറുടേതാണ്. ഇവിടെ എത്രയും പെട്ടന്ന് ഇതെല്ലാം അവസാനിപ്പിച്ച “ഊണും കഴിച്ച് ഉറങ്ങാനുള്ള” ധൃതിയിലായുരുന്നു സ്‌പീക്കര്‍ എന്നു തോന്നുന്നു. പ്രക്ഷുബ്‌ധമായ രംഗങ്ങള്‍ മുറുപടിപ്രസംഗത്തിനിടെ ഇതിനു മുന്‍‌പും ഉണ്ടായിട്ടുണ്ട്. അന്നെല്ലാം ശ്രീ സോമനാഥ്‌ ചാറ്റര്‍‌ജിയെക്കാളും പ്രാഗത്ഭ്യം കുറഞ്ഞ സ്‌പീക്കര്‍മാര്‍ ഇതിലും ഭംഗിയായി അതു കൈകാര്യം ചെയ്യുകയും പ്രധാനമന്ത്രിയെ തന്റെ മറുപടി പൂര്‍‌ണ്ണമായും പറയാന്‍ സഹായിക്കുകയും ചെയ്തിട്ടുണ്ട്. അതു അദ്ദേഹത്തിന്റെ അവകാശം ആണ്. അതുപോലും ഇന്നു ലംഘിക്കപ്പെട്ടു, തീരെ സഹിഷ്‌ണുത ഇല്ലാത്തവരായിരിക്കുന്നു നമ്മുടെ സാമാജികര്‍.

ഇന്നു സഭയില്‍ നടന്ന ഈ സംഭവങ്ങളെല്ലാം നമ്മുടെ ജനാധിപത്യത്തിനും, ഉന്നതമായ സംസ്കാരികതക്കും അപമാനകരമാണ്. നമുക്കു ലജ്ജിക്കാം ഇത്തരം അധനന്മാരെ ഓര്‍‌ത്ത്.

5 comments:

  1. പ്രിയ മണികണ്ഠന്‍ , ഞാന്‍ രണ്ടു ദിവസമായി മുഴുവന്‍ സമയവും ടി.വിയുടെ മുന്നില്‍ തന്നെയായിരുന്നു . സ്പീക്കര്‍ വളരെ മാന്യമായും നമ്മുടെ പാര്‍ലമെന്റിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ വേണ്ടിയും പരമാവധി ശ്രമിച്ചു എന്നാണെനിക്ക് തോന്നിയത് . ആ കസേരയ്ക്ക് ശ്രീ.സോമനഥ് ചാറ്റര്‍ജി അഭൂതപൂര്‍വ്വമായ ഒരു ഗാംഭീര്യം നല്‍കിയതായും എനിക്കനുഭവപ്പെട്ടു . ഇത്രയ്ക്കും അദ്ദേഹം ഒരു സി.പി.എം . MP ആണ് ഇപ്പോഴും എന്നതാണ് അദ്ദേഹത്തിന്റെ മഹത്വം വെളിവാക്കുന്ന മറ്റൊരു കാര്യം . പാര്‍ട്ടിയുടെ ആജ്ഞ അനുസരിച്ച് അദ്ദേഹം രാജി വെച്ചിരുന്നുവെങ്കില്‍ രണ്ട് ദിവസം കൊണ്ട് ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമായിരുന്നില്ല .

    പ്രധാനമന്ത്രി പ്രസംഗിക്കുമ്പോള്‍ മുദ്രാവാക്യം വിളിച്ച് തടസ്സപ്പെടുത്തിയ ബി.ജെ.പി.അംഗങ്ങളെകുറിച്ച് പറയാന്‍ വാക്കുകളില്ല . നമ്മുടെ നാട്ടിലെ ചുമട്ട് തൊഴിലാളികളും ബീഡിത്തൊഴിലാളികളും തുടങ്ങി സാധാരണക്കാര്‍ക്കും എന്ന് വേണ്ട ,തെരുവ് ഗുണ്ടകള്‍ക്ക് വരെ അവരെക്കാളും നന്നായി പെരുമാറാനും സംസാരിക്കാനും കഴിയുമായിരുന്നു . കലങ്ങി മറിഞ്ഞ രാഷ്ട്രീയ പരിസ്ഥിതിയില്‍ കോണ്‍ഗ്രസ്സ് എന്ന രാഷ്ട്രീയപ്പാര്‍ട്ടിയില്‍ അല്പമെങ്കിലും അവശേഷിക്കുന്ന കുലീനത്വം താരതമ്യേന മറ്റ് പാര്‍ട്ടികളില്‍ തീരെ ഇല്ലാത്തത് നിഷ്പക്ഷമതികള്‍ തിരിച്ചറിയും . അതിന്റെ തെളിവ് കൂടിയാണ് വിശ്വാസപ്രമേയത്തിന്റെ വിജയം . അവസാന നിമിഷം ജനങ്ങള്‍ ഉദ്വേഗത്തിന്റെ മുള്‍‌മുനയില്‍ നില്‍ക്കുമ്പോള്‍ സ്പീക്കര്‍ അനങ്ങാതിരുന്നതും പ്രൈം മിനിസ്റ്റര്‍ പ്രസംഗം മേശപ്പുറത്ത് വെച്ചതും കൊണ്ടാണ് വോട്ടെടുപ്പ് ഇന്നലെ തന്നെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് . വോട്ടെടുപ്പ് തടസ്സപ്പെടുത്തി പാര്‍ലമെന്റ് നടപടികള്‍ അലങ്കോലപ്പെടുത്താന്‍ ബി.ജെ.പി. ഗൂഢാലോചന നടത്തിയ പോലെയായിരുന്നു അവരുടെ നീക്കങ്ങള്‍ .

    ReplyDelete
  2. കെ.പ്.എസിന്റെ അഭിപ്രായമാണ് എനിക്കും ഉള്ളത്.എന്തൊക്കെ തോന്ന്യാസങ്ങളാണ് എം.പി.മാര്‍ കാട്ടികൂട്ടുന്നത്.എം.പി.മാരെ പണം കൊടുത്ത് വാങ്ങി പാരമ്പര്യ്yഅമുള്ള പാര്‍ട്ടി എന്ന നിലക്ക് പണം കൊണ്ടുള്ള കളി അവര്‍ക്ക് പുത്തരിയല്ലല്ലോ ? ഇനി ഇപ്പോള്‍ രണ്ടേ രണ്ട് ആളുകളേ ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഉള്ളൂ മന്മോഹന്‍ സിങ്ങും, ചാറ്റര്‍ജിയും മാത്രം.അത് കഴിഞാല്‍ ഇന്ത്യന്‍ ജനാധിപത്യം ഗോവിന്ദ.പിന്നെ ഇടത് പക്ഷത്തിന്റെ അഴിഞ്ഞാട്ടമായിരിക്കും ഇവിടെ എത്രപേര്‍ വധിക്കപ്പെടുമോ എന്തോ ?

    ReplyDelete
  3. സുകുമാരേട്ടാ വളരെ നന്ദി ഈ വീക്ഷണങ്ങള്‍ പങ്കുവെച്ചതിന്. ശ്രീ സോമനാഥ് ചറ്റര്‍‌ജി മനഃപൂര്‍വ്വമായി എന്തെങ്കിലും ചെയ്തു എന്നു ഞാന്‍ പറഞ്ഞതിനു അര്‍‌ത്ഥമില്ല. സഭയുടെ അന്തസ്സ് പരിപാലിക്കുന്നതില്‍ അംഗങ്ങളെക്കാള്‍ ഉത്തരവാദിത്വം സഭാധ്യക്ഷന് ഉണ്ടെന്നു ഞാന്‍ കരുതുന്നു. അതു‌കൊണ്ടുതന്നെ അനിയന്ത്രിതമായ ബഹളം വരുമ്പോള്‍ സഭനിറുത്തിവെക്കുകയും കക്ഷിനേതാക്കളുമായി ഇതു ചര്‍ച്ചചെയ്തു സമവായത്തില്‍ എത്തുകയും ചെയ്യുക എന്നതാണല്ലൊ നമ്മുടെ സഭയുടെ കീഴ്‌വഴക്കം. ഇത്തവണയും പലതവണ സഭ നിറുത്തിവെച്ചതും ആണ്. ഇവിടെ എന്തായാലും വേണ്ടില്ല രണ്ടു ദിവസത്തിനുള്ളില്‍ ഇതു അവസാനിപ്പിക്കണം എന്ന ഒരു വ്യഗ്രത ഉള്ളതായി തോന്നി. അച്ചടക്കരാഹിത്യം കാണിക്കുന്നവരെ സഭയില്‍‌നിന്നും പുറത്താക്കന്‍ വരെ അധികാരമുള്ള സ്‌പീക്കര്‍ (വോട്ടിങ് തുടങ്ങുതു വരെയെങ്കിലും അവരോട് പുറത്തുനില്‍ക്കാന്‍ സ്‌പീക്കര്‍‌ക്കു ആവശ്യപ്പെടാമല്ലൊ) അത്തരം കടുത്ത നടപടികളിലേക്കൊന്നും മുതിര്‍ന്നതും ഇല്ല. ശ്രീ സോമനാഥ് ചാറ്റര്‍ജി മാത്രം അല്ല പൊതുവില്‍ എല്ലാ സ്‌പീക്കര്‍മാരും ഇത്തരം മൃദുസമീപനം എടുക്കുന്നതാണ് അച്ചടക്ക രാഹിത്യം കൂടിവരാന്‍ കാരണം എന്നു തൊന്നുന്നു.

    “ജോക്കര്‍ “ താങ്കളുടെ അഭിപ്രായം പറഞ്ഞതിനു നന്ദി. എന്നാല്‍ എല്ലാവരും പണം നല്‍‌കി എം പി മാരെ വശത്താക്കിയത്‌ മാത്രം തെറ്റുകാണുന്നതെന്താണ്. പണം വാങിയവരും തുല്ല്യ തെറ്റുകാര്‍ അല്ലെ. സത്യസന്ധമായ അഭിപ്രായ പ്രകടനങ്ങളല്ല പാര്‍ലമെന്റില്‍ നടക്കുന്നത് എന്നതിനു ഇതുലും വലിയ ഉദാഹരണം വേണ്ടല്ലൊ. തികച്ചും പൊള്ളയാണ് നമ്മുടെ ജനാധിപത്യം എന്നു തോന്നിപ്പോവുന്നു.

    ReplyDelete
  4. ഇത്രയും നിസ്സംഗനായ ഒരു പ്രധാനമന്ത്രി ഇന്ത്യയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല എന്നു തൊന്നുന്നു- ആണവകരാറിന്റെ കാര്യത്തിലൊഴികെ- ഇവിടെ പാവപ്പെട്ടവര്‍ പീഠിപ്പിക്കപ്പെടുകയും ചുട്ടുകൊല്ലപ്പെടുകയും ചെയ്തപ്പോള്‍ അദ്ദേഹം ആണവക്കരാറൊപ്പിടുവിക്കുവാന്‍ വേണ്ടി ബുഷിന്റെ പിറകേ നടക്കുകയായിരുന്നു.
    ഇവിടെ ഇതും ഇതിലപ്പുറവും നടക്കും.

    ReplyDelete
  5. ഇപ്പോഴിതാ വീണ്ടും ഈ ആരോപണങ്ങൾ സഭയെ പ്രക്ഷുബ്ദമാക്കുന്നു. വിക്കിലീക്ക്സ് പുറത്തുവിട്ട രേഖകൾ കോഴ ഇടപാട് നടന്നു എന്ന് തന്നെ സമർത്ഥിക്കുന്നു. കോഴ വാങ്ങിയവരും നൽകിയവരും ഒരു പോലെ കുറ്റക്കാർ തന്നെ. ഇവിടെ ഇല്ലാതാവുന്നത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ തന്നെ അന്തസ്സാണെന്നതിൽ യാതൊരു സംശയവും ഇല്ല. പഴയ അന്വേഷണങ്ങൾ എവിടെ എത്തി? ആർക്കും ഒരറിവും ഇല്ല.

    ReplyDelete