Showing posts with label Cochin Lake. Show all posts
Showing posts with label Cochin Lake. Show all posts

25 November 2010

വികസന പ്രതീക്ഷകൾ | ICTT, LNG Terminals Kochi

കൊച്ചിയുടെ വികസന പ്രതീക്ഷകൾ യാഥാർത്ഥ്യമാവും എന്നതിന്റെ തെളിവായി പണിപൂർത്തിയായി വരുന്ന രണ്ട് പദ്ധതികളാണ് വല്ലാർപാടം കണ്ടയ്‌നെർ ടെർമിനലും (ഇന്റെർനാഷണൽ കണ്ടെയ്‌നർ ട്രാൻഷിപ്‌മെന്റ് ടെർമിനൽ, കൊച്ചി) കൊച്ചി എൽ എൻ ജി ടെർമിനലും. അതിന്റെ രണ്ട് ചിത്രങ്ങൾ മാത്രമാണ് ഇവിടെ.
 വല്ലാർപാടം പദ്ധതി പ്രദേശത്ത് സ്ഥാപിച്ച വലിയ ക്രെയിനുകൾ.

കൊച്ചി തുറമുഖത്തിന്റെ ദൃശ്യം. പുറം‌കടലിൽ നിന്നും എടുത്തത്. എൽ എൻ ജി ടെർമിനലും, കൊച്ചി റിഫൈനറിയുടെ ഇന്ധന സംഭരണികളും (എസ് പി എം, ടാങ്കുകൾ) വല്ലാർപാടം പദ്ധതിപ്രദേശത്ത് സ്ഥാപിച്ച ക്രെയിനുകളും എല്ലാം ഈ ചിത്രത്തിൽ കാണാം.

25 July 2010

തീരത്തണഞ്ഞിട്ടും അടുക്കാനാകാതെ

വല്ലാര്‍പാടം പദ്ധതി പ്രദേശത്ത് പ്രധാന ക്രെയിനുമായി വന്ന ചൈനീസ് കപ്പല്‍. പദ്ധതി പ്രദേശത്തെ ആഴം കുറവായതുകാരണം ക്രെയിനിറക്കാന്‍ ഇവിടെ അടുക്കാന്‍ സാധിക്കാതെ എറണാകുളം വാര്‍ഫില്‍ കാത്തുകിടക്കുകയാണ് ഇപ്പോള്‍. ദിവസങ്ങള്‍ക്ക് മുന്‍പ് വല്ലാര്‍പാടം പദ്ധതി പ്രദേശത്ത് എത്തിയപ്പോള്‍ എടുത്ത ചിത്രം. കപ്പലിന്റെ അറകളില്‍ വെള്ളം നിറച്ച് കപ്പല്‍ കരയുടെ നിരപ്പില്‍ എത്തിച്ച് ക്രെയിന്‍ കരയിലേയ്ക്ക് ഇറക്കുകയാണ് ഉദ്ദേശം. എന്നാല്‍ ഇവിടെ കപ്പല്‍ ചാലിന്റെ ആഴം കുറവായതിനാല്‍ വെള്ളം നിറച്ച താഴ്‌ത്താന്‍ സാധിക്കുന്നില്ല. പന്ത്രണ്ടര മീറ്റര്‍ ആഴം വേണമത്രെ. ഇപ്പോഴത്തെ ആഴം പത്ത് മീറ്റര്‍ മാത്രമാണ്. ആഴം കൂട്ടുന്ന നടപടികള്‍ പുരോഗമിക്കുന്നു. അധികം വൈകാതെ ക്രെയിനുകള്‍ ഇറക്കാന്‍ സാധിക്കും. കൊച്ചി കാത്തിരുന്ന മറ്റൊരു വികസന സ്വപ്നം കൂടെ യാഥാര്‍ഥ്യമാകുന്നു.

14 July 2010

കൊച്ചി പഴമയും പുതുമയും

ഗോശ്രീ പാലങ്ങള്‍ വരുന്നതിനു മുന്‍പ് ഞങ്ങള്‍ വൈപ്പിന്‍‌കരക്കാരുടെ കൊച്ചി മഹാനഗരത്തിലേയ്ക്കുള്ള പ്രധാന യാത്രാമാര്‍ഗ്ഗം ബോട്ടുകള്‍ ആയിരുന്നു. എന്നാല്‍ ഇന്ന് ഗോശ്രീപാലങ്ങള്‍ വഴി ബസ്സിലൂടെ വളരെ എളുപ്പത്തില്‍ നഗരത്തില്‍ എത്താം എന്ന സ്ഥിതി വന്നതോടെ ബോട്ടുകളില്‍ ആളില്ലാതായി, ബോട്ട് ജെട്ടിയും, വൈപ്പിന്‍ സ്റ്റാന്റും ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെയായി. ഐലന്റിലേയ്ക്കും ഫോര്‍ട്ട്‌കൊച്ചിയിലേയ്ക്കും പലരും ഇപ്പോഴും ആശ്രയിക്കുന്നത് ബോട്ടുകളെ തന്നെ. വളരെ നാളുകള്‍ക്ക് ശേഷം വൈപ്പിനില്‍ നിന്നും ഫോര്‍ട്ട്‌കൊച്ചിയിലേയ്ക്ക് നടത്തിയ ഒരു ബോട്ട് യാത്രയില്‍ എടുത്ത ചില ചിത്രങ്ങള്‍.
ഇത് കൊച്ചിയിലെ ഏറ്റവും വലിയ വികസനം. ദുബായ് പോര്‍ട്ട് ഇന്റര്‍നാഷനല്‍ നിര്‍മ്മിക്കുന്ന പുതിയ തുറമുഖം. വല്ലാര്‍പാടം കണ്ടൈനര്‍ പ്രൊജക്‍റ്റിന്റെ പണികള്‍ അവസാനഘട്ടത്തിലാണ്. പണ്ട് ഈ പ്രദേശം വനമായിരുന്നു. “വിമലവനം” ഇടയ്ക്ക് നല്ല വേനലില്‍ ഈ വനത്തില്‍ വളരുന്ന പുല്ലുകളില്‍ തീപിടിയ്ക്കും പിന്നീട് അത് പടര്‍ന്ന് വനത്തിലെയ്ക്കും എത്തും. വനത്തില്‍ നിന്നും നല്ല വിഷമുള്ള പാമ്പുകള്‍ മുളവുകാട് ദ്വീപിലേയ്ക്കും പാലായനം ചെയ്യും. ഇന്ന് അതെല്ലാം പഴങ്കഥ. ഇവിടെ നിന്നും വലിയ കണ്ടൈനറുകള്‍ നാടിന്റെ നാനാഭാഗത്തേയ്ക്കും ഓടാന്‍ തുടങ്ങുകയായി.
വികസനത്തിലും മാറാത്ത കാഴ്ച. കടലിനേയും കായലിനേയും മാത്രം ആശ്രയിച്ചു കഴിയുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍. ഇനി കടല്‍ കടന്നെത്തുന്ന വലിയ കപ്പലുകളോടും മല്ലിടണം.
ഇവിടെ അല്പം വികസനമായി, യന്ത്രവല്‍കൃത മത്സ്യബന്ധന വള്ളങ്ങള്‍. ട്രോളിങ് നിരോധനം ഇവര്‍ക്ക് ബാധകമല്ല. അതിനാല്‍ ഈ വറുതിയിലും അവര്‍ അന്നം കണ്ടെത്തുന്നു.
പഴമയുടെ പ്രൌഢി വിളിച്ചോതുന്ന ആസ്പിന്‍ വാള്‍ കെട്ടിടവും (ഇപ്പോള്‍ അത് ഹോട്ടല്‍ ആണെന്നു തോന്നുന്നു. ആസ്പിന്‍ വാളിന്റെ ഓഫീസ് ഇടപ്പള്ളിയിലേയ്ക്ക് മാറ്റിയെന്ന് കേട്ടിരുന്നു) കോസ്റ്റ് ഗാര്‍ഡിന്റെ പുതിയ ഓഫീസ് കെട്ടിടവും.
വള്ളം കളിയല്ല ജീവിത സമരം. മാറ്റം വരാത്ത കായല്‍ കാഴ്ചകളില്‍ ഒന്ന്.
ഫോര്‍ട്ട് കൊച്ചി - വൈപ്പിന്‍ ബോട്ട്. പണ്ട് രണ്ടു ബോട്ടുകള്‍ ഉണ്ടായിരുന്നു. ഭരതയും ഹര്‍ഷയും. ഇപ്പോള്‍ ഒന്നു മാത്രം. ചാര്‍ജ്ജും കൂടി പഴയ 25 പൈസയില്‍ നിന്നും രണ്ടു രൂപയിലേയ്ക്ക്.
കൊച്ചിയില്‍ വരുന്നവര്‍ എന്നും ഓര്‍മ്മിക്കുന്ന ഒരു ചിത്രം . ഈ ചീനവലകള്‍ ഇല്ലെങ്കില്‍ കൊച്ചി അഴിമുഖത്തിന് എന്ത് മനോഹാരിത? എന്നാല്‍ ഇന്ന് ഇവയും അപകടാവസ്ഥയിലാണ്. പുതിയ പദ്ധതിയുടെ ഭാഗമായി കപ്പല്‍ചാലിന്റെ ആഴം കൂട്ടുന്നത് അഴിമുഖത്തിന്റെ വശങ്ങള്‍ ഇടിവുണ്ടാക്കുന്നുണ്ടത്രെ. അങ്ങനെ ഇവയില്‍ പലതും നാശത്തിലേയ്ക്കും നീങ്ങുന്നു.
മാറാത്ത കാഴ്ചകളില്‍ മറ്റൊന്ന്. ഫോര്‍ട്ട്‌കൊച്ചിയില്‍ നിന്നും വൈപ്പിനിലേയ്ക്കും തിരിച്ചും സര്‍വ്വീസ് നടത്തുന്ന ജംങ്കാര്‍. പുതിയ പദ്ധതി പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ അഴിമുഖത്തെ തിരക്കും കൂടും. അപ്പോഴും ജംങ്കാര്‍ ഒഴിവാക്കാന്‍ സാധിക്കില്ലല്ലൊ.

വികസനം. അഴിമുഖത്തിനു സമീപത്തായി പണിതീര്‍ന്നുകൊണ്ടിരിക്കുന്ന കൂറ്റന്‍ എണ്ണടാങ്കുകള്‍.
ഫോര്‍ട്ട്‌കൊച്ചി തീരത്തെ ചീനവലകള്‍.