30 November 2008

മുംബൈ ആക്രമണം | Mumbai Attacks

രാജ്യത്തെ മുഴുവൻ ഭീതിയുടേയും ഉത്കണ്ഠയുടേയും മുൾമുനയിൽ നിറുത്തിയ മൂന്നു ദിവസം നീണ്ടുനിന്ന പോരാട്ടങ്ങൾക്കൊടുവിൽ താജ് മഹൽ പാലസ്, ഒബ്രോയ് ട്രിഡന്റ്, നരിമാൻ ഹൗസ് എന്നിവിടങ്ങളിൽ കടന്നുകയറിയ മുഴുവൻ ഭീകരരേയും നമ്മുടെ സുരക്ഷാസൈനികരും, പോലീസും ചേർന്നു വധിക്കുകയോ കീഴ്പ്പെടുത്തുകയോ ചെയ്തിരിക്കുന്നു. മൂന്നു ദിവസം നീണ്ട കടുത്തപോരാട്ടത്തിനൊടുവിൽ രാജ്യം സമാധാനത്തിന്റെ ശ്വാസം എടുക്കുകയാണിപ്പോൾ. എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ചുള്ള ഒരു വ്യക്തമായ ചിത്രം ഇപ്പോഴും നമ്മുടെ മുൻപിൽ ഇല്ല. എവിടെനിന്നാണ് ഈ ഭീകരർ ഇന്ത്യയിൽ എത്തിയത്? എങ്ങനെ ഇത്രയും ആയുധങ്ങൾ അവർ മേല്‍പ്പറഞ്ഞ സ്ഥലങ്ങളിൽ എത്തിച്ചു? എന്നാണ് ഇതിന്റെ ആസൂത്രണങ്ങൾ നടന്നത്? എന്നീ ചോദ്യങ്ങൾക്കു പുറമെ എത്ര ഭീകരർ ഉണ്ടായിരുന്നുവെന്നതും കൃത്യമായ ഉത്തരം അറിയാത്ത ഒരു ചോദ്യമാണ്. ഇതുവരെ മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് ഒൻപതു ഭീകരരെ വധിച്ചതായും ഒരാളെ ജീവനോടെ പിടിക്കാൻ സാധിച്ചതായും മനസ്സിലാക്കുന്നു. ഈ ആക്രമണങ്ങളിൽ ആകെ മരണ സംഖ്യ 195 ആണ്. ഇതിൽ ഏകദേശം 22 വിദേശികളും, 2 കമാന്റോകളും, പോലീസ്, സൈനിക വിഭാഗങ്ങലിൽ നിന്നുള്ള 20 പേരും പെടും. തിരിച്ചറിഞ്ഞിട്ടില്ലാത്ത ഇരുപതോളം മൃതദേഹങ്ങൾ വിവിധ ആശുപത്രികളിലായി ഇപ്പൊഴും ഉണ്ട്. കൊല്ലപ്പെട്ട വിദേശികളിൽ ഇസ്രായേൽ, ജർമ്മനി എന്നിവടിങ്ങളിൽ നിന്നും മൂന്നു പേർ വീതവും, അമേരിക്ക, ഇറ്റലി, ചൈന, തായ്‌ലാന്റ്, മൗറീഷ്യസ്, സിങ്കപ്പൂർ, ബ്രിട്ടൺ, ജപ്പാൻ, ആസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള ഒരാൾ വീതവും ഉണ്ട്. കൊല്ലപ്പെട്ട അഞ്ചു വിദേശികളെ ഇനിയും തിരിച്ചറിയാൻ ഉണ്ട്. വിവിധ സുരക്ഷാസേനകൾക്കു തങ്ങളുടെ വിലപ്പെട്ട 22 ജീവനുകളാണ് നഷ്ടപ്പെട്ടത്. സംഘട്ടനത്തിന്റെ ആദ്യമണിക്കൂറുകളിൽ തന്നെ മഹാരാഷ്‌ട്ര പോലീസിനു അതിന്റെ ഏറ്റവും പ്രഗൽഭരായ മൂന്നു ഉദ്യോഗസ്ഥരെ നഷ്ടമായി. മഹാരാഷ്‌ട്ര ഭീകര വിരുദ്ധസ്ക്വാഡിന്റെ തലവൻ ഹേമന്ദ് കാർക്കരെ, മുതിർന്ന പോലീസ് ഉദ്യോഗസ്ഥനും ഏറ്റുമുട്ടൽ വിദഗ്ദ്ധനുമായ വിജയ് സലസ്കർ, മുംബൈ അഡീഷണൽ പോലീസ് കമ്മീഷണർ അശോക് കാംതെ എന്നിവരാണ് അവർ. തുടർന്നു ദേശീയ സുരക്ഷാ ഗാർഡുകൾ ഭീകരരെ തുരത്തുന്ന നടപടികൾ തുടങ്ങി. ധീരമായ ആക്രമണത്തിനൊടുവിൽ വിജയം കൈവരിക്കാൻ അവർക്കായെങ്കിലും മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ, ഹവിൽദാർ ചന്ദർ എന്നിവർ ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. ഓപ്പറേഷൻ സൈക്ലോൺ എന്നു പേരിട്ട ഈ സൈനിക നടപടി അവസാനിപ്പിക്കുമ്പോൾ ബന്ദികളാക്കപ്പെട്ട അറുന്നൂറോളം പേരെ മോചിപ്പിക്കാൻ സാധിച്ചു എന്നത് അഭിമാനാർഹം തന്നെ. ശ്രദ്ധേയമായ മറ്റൊരുകാര്യം ഗർജിച്ചിരുന്ന പല സിംഹങ്ങളും കടുവകളും ആക്രമണ സമയത്ത് സ്വന്തം മടകൾക്കുള്ളിൽ ഒളിച്ചു എന്നതാണ്.

എന്നാൽ ഈ സംഭവം തികച്ചും ആശങ്കാജനം ആണ്. വളരെയധികം സുരക്ഷാ ക്രമീകരണങ്ങൾ ഉള്ള സ്ഥലമാണ് താജ് മഹൽ ഹോട്ടലും, ഒബ്രോയ് ട്രിഡന്റും എന്നു മാധ്യമങ്ങളിൽ വന്ന വാർത്തകളിൽ നിന്നും മനസ്സിലാക്കുന്നു. അവിടെ ഈ ഭീകരർ എങ്ങനെയാണ് കടന്നത് എന്നകാര്യം അന്വേഷണങ്ങൾക്കൊടുവിൽ വ്യക്തമാവും എന്നു കരുതാം. താജ് മഹൽ പാലസ് ഹോട്ടലിൽ നിന്നും സൈന്യം എ കെ 47 തോക്കുകളും, ഗ്രനേഡുകളും, പിസ്റ്റളികളും കണ്ടെടുത്തിട്ടുണ്ട്. എട്ടു കിലോവീതം ആർ ഡി എക്സ് ഉള്ള രണ്ടുപെട്ടികളും താജ് ഹോട്ടലിനു സമീപത്തുനിന്നും കണ്ടെടുത്തതായി വാർത്തകൾ ഉണ്ട്. മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് നവംബർ പന്ത്രണ്ടിനോ പതിമൂന്നിനോ പാകിസ്താനിലെ കറാച്ചിയിൽ നിന്നും എം വി ആൽ‌ഫാ എന്ന കപ്പലിൽ പുറപ്പെട്ട സംഘം കുബേർ എന്ന മത്സ്യബന്ധനട്രോളർ പിടിച്ചെടുക്കകയും അതിലെ ക്യാപ്റ്റൻ ഒഴികെയുള്ള ജീവനക്കാരെ കൊന്നു കടലിൽ എറിയുകയും ചെയ്തു. ഇന്ത്യൻ തീരത്തെത്തിയ ശേഷം ബോട്ട് ഉപേക്ഷിച്ച ഭീകരർ അതിന്റെ ക്യാപ്റ്റനെ കഴുത്തറുത്തു കൊല്ലുകയായിരുന്നു. ഈ ബോട്ട് ഗുജറാത്തിന്റെ തീരത്തുനിന്നും പിന്നീട് കണ്ടെത്തി. ഗ്യാസ് നിറച്ച ബോട്ടുകളിലാണ് സംഘം കരയിൽ എത്തുന്നത്. ഇതും മഹാരാഷ്‌ട്രാ പോലീസ് കണ്ടെടുത്തിട്ടുണ്ട്. പിന്നീട് ഇവർ വിവിധ ലക്ഷ്യസ്ഥാനങ്ങളിൽ തങ്ങുകയായിരുന്നു. ഭീകരർക്ക് താജ് മഹൽ പാലസിന്റെ ഓരോ മുക്കും മൂലയും വ്യക്തമായി അറിമായിരുന്നു എന്നതും അന്വേഷകരെ കുഴക്കുന്നു. ഇവരിൽ ചിലർ നേരത്തെ താജിൽ ജോലിക്കാരായി എത്തിയിരിക്കാം എന്നനിലപാടിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.

നമ്മുടെ ജവാന്മാരുടെ ധൈര്യം തിച്ചും പ്രശം‌സാർഹം തന്നെ. ഇനിയുള്ളത് ഭരണാധികാരികളുടെ ജോലിയാണ്. ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച മുഴുവൻ ആളുകളേയും അവർ സ്വദേശികളായാലും, വിദേശികളായാലും മാതൃകാപരമായി ശിക്ഷിക്കുവാൻ നമ്മുടേ ഭരണസംവിധാനത്തിനു സാധിക്കണം. പഴയ പല്ലവി ഇപ്പോഴും വെറുതെ ആവർത്തിച്ചാൽ പോര. പാകിസ്താൻ ആസ്ഥാനമായുള്ള ഭീകരസംഘടനകൾ ആണ് ഈ ആക്രമണങ്ങൾക്കു പിന്നിൽ എങ്കിൽ അവരെ നിയമ നടപടികൾക്കു വിധേയരാക്കാൻ നമുക്കു കഴിയണം. ഇത്തരത്തിൽ പരിശീലനം നടത്തുന്ന കേന്ദ്രങ്ങൾ പാകിസ്ഥാനിൽ ഉണ്ടെന്നത് പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്ന വസ്തുതയാണ്. അവിടെ സം‌യുക്തമായ സൈനികനടപടിയാണ് ആവശ്യം. അതിനു പാകിസ്താൻ തയാറല്ലെങ്കിൽ അന്താരാഷ്ട്രസമൂഹത്തിനു മുൻപിൽ ഭീകരവാദത്തിനെതിരായ നിലപാടുകളിൽ പാകിസ്താൻ കാണിക്കുന്ന പൊള്ളത്തരം തുറന്നു കാണിക്കാനും അങ്ങനെ അന്താരാഷ്ട്രാതലത്തിൽ തന്നെ പാകിസ്താനെതിരായ നടപടികൾക്ക് സമ്മർദ്ദം ചേലുത്താനും നമുക്ക് സാധിക്കണം. ഇതൊന്നിനും തയ്യാറാവാതെ വെറുതെ കുറ്റപ്പെടുത്തലുകൾ കൊണ്ട് ഒരു കാര്യവും ഇല്ല. വാക്കുകൾ അല്ല പ്രവൃത്തിയാണ് ഇനി ആവശ്യം. പ്രവർത്തിക്കാൻ ധൈര്യമില്ലാത്ത ഭരണകൂടത്തോട് ഒന്നേ പറയാനുള്ളു ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച സംഘടനകളെപ്പറ്റിയുള്ള തെളിവുകൾ സ്വന്തം പൗരന്മാരുടെ ജീവൻ നഷ്ടപ്പെടുത്തിയവരോടു പ്രതികാരം ചെയ്യാൻ ചങ്കുറപ്പുള്ള മറ്റു രാജ്യങ്ങൾക്കു കൈമാറുക. പലപ്പോഴും ഇത്തരം ആക്രമണങ്ങളിൽ പിടിക്കപ്പെടുന്നവരെ ശിക്ഷിക്കുന്നതിനുള്ള ധൈര്യം ഇവിടുത്തെ ഭരണസംവിധാനത്തിനുണ്ടായിട്ടില്ല. അതാണ് രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളും, പാർലമെന്റ് ആക്രമണക്കേസിലെ മുഹമ്മദ് അഫ്‌സലും, ഇപ്പോഴും ജീവനോടെ ഇരിക്കുന്നതിനു കാരണം. ഇവിടെ പത്തംഗസംഘത്തിൽ ഒൻപതുപേരും കൊല്ലപ്പെട്ടു എന്നത് ആശ്വാസകരമാണ്. അല്ലെങ്കിൽ അവരേയും നമ്മുടെ ജയിലുകളിൽ അനന്തമായി പാർപ്പിച്ചേനെ. പിന്നീട് കാണ്ഡഹാർ പോലുള്ള സംഭവങ്ങളിൽ ബന്ദികകൾക്കു പകരമായി നമ്മുടെ ധീര ജവാന്മാർ സ്വന്തം ജീവൻ വെടിഞ്ഞും പിടിക്കുന്ന ഭീകരരെ അടിയറവെച്ചു മുഖം രക്ഷിക്കേണ്ട ഗതികേട് ആവർത്തിക്കുമായിരുന്നു.

പലപ്പോഴും തീവ്രവാദികളുടെ നീക്കങ്ങൾ മുൻ‌കൂട്ടി അറിയുന്നതിൽ നമ്മുടെ സുരക്ഷാ ഏജൻസികൾക്ക് കഴിയുന്നില്ല. ഈ കഴിഞ്ഞ ഏതാനും നാളുകളായി എത്ര ആക്രമണങ്ങളാണ് നമ്മുടെ രാജ്യത്ത് നടന്നത്. ആക്രമണത്തിനു മുൻപ് അതിനുള്ള ഒരു ശ്രമവും പരാജയപ്പെടുത്തി എന്ന വാർത്തകേൾക്കാൻ കഴിഞ്ഞിട്ടില്ല. വടക്കേ ഇന്ത്യയിൽ നിന്നും മാത്രം കേട്ടിരുന്ന ഇത്തരം സ്‌ഫോടനവാർത്തകൾ ഇപ്പോൾ നമ്മുടെ നാട്ടിലും എത്തിയിരിക്കുന്നു. ബാംഗ്ലൂരിൽ അടുത്തയിടെ ഉണ്ടായ ബോംബുസ്‌ഫോടനങ്ങളും, നമ്മുടെ കൊച്ചുകേരളത്തിൽ നിന്നു പോലും തീവ്രവാദി ബന്ധത്തിന്റെ പേരിൽ അനേകം യുവാക്കൾ അറസ്റ്റുചെയ്യപ്പെട്ടതുമായ വാർത്തകളും തികച്ചും ആശങ്കാജനകം തന്നെ. ഇന്നാൽ ഇത്തരം സംഭവങ്ങളെപ്പറ്റിയുള്ള അന്വേഷണങ്ങൾ എങ്ങുമെത്താതെ അവസാനിക്കുകയാണ് പതിവു. ഇത്തരം കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനു ദേശീയതലത്തിൽ ഒരു ഏജൻസി വേണമെന്നത് വളരെക്കാലമായുള്ള ഒരു ആവശ്യമാണ്. ബോംബെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇതു വീണ്ടും സജീവ ചർച്ചാവിഷയം ആയിട്ടുണ്ടെന്നതും ഇത്തരം ഒരു ഏജൻസി രൂപീകരിക്കും എന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ ആശ്വാസകരം തന്നെ. എന്നാൽ ബോംബെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ അദ്ദേഹം രാജ്യത്തോടായി ചെയ്ത പ്രസംഗം തികച്ചും നിരാശാജനകമായിരുന്നു എന്നു പറയാതെവയ്യ. ഈ ആക്രമണത്തിനു പിന്നിൽ പാകിസ്താൻ ഉണ്ടെന്ന് തറപ്പിച്ചു പറയുന്നതിള്ള ധൈര്യം പോലും അദ്ദേഹത്തിനുണ്ടായില്ല. രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷക്കു ഭീഷിണിയായിട്ടുള്ള സംഘങ്ങൾ ഏതുരാജ്യത്തായാലും അവരെ തകർക്കും എന്നു പറയാനും, പ്രവർത്തിക്കാനും ഉള്ള കരുത്താണ് പ്രധാനമന്ത്രിക്കാവശ്യം. ഇക്കാര്യത്തിൽ ഇസ്രായേൽ ഉൾപ്പടെയുള്ള രാജ്യങ്ങൾ നമുക്കു വാഗ്ദാനം ചെയ്തിട്ടുള്ള സഹായം സ്വീകരിക്കണം എന്നതാണ് എന്റെ അഭിപ്രായം.

നമ്മുടെ രാജ്യത്തിന്റെ സമ്പത്തികതലസ്ഥാ‍നം ഭീകരരുടെ കൈയ്യിൽ നിന്നും മോചിപ്പിക്കുന്നതിൽ ജീവൻ വെടിഞ്ഞ മുഴുവൻ സേനാംഗങ്ങൾക്കും എന്റെ പ്രണാമം.

4 comments:

 1. താങ്കള്‍ വളരെ വിശദമായി തന്നെ
  കാര്യങ്ങള്‍ അറിഞ്ഞിട്ടുണ്ട്‌..
  മുംബൈ ആക്രമണവും അതിനോട്‌
  ബന്ധപ്പെട്ട വസ്തുതകളും
  പരമാവധി ഈ പോസ്റ്റില്‍
  ചേര്‍ക്കുകയും ചെയ്തു...
  ആശംസകള്‍.......

  പിന്നെ..
  പ്രധാനമന്ത്രി പാക്കിസ്ഥാനെതിരെ
  ഒരു യുദ്ധപ്രഖ്യാപനം തന്നെ
  നടത്തണം എന്ന്‌ പറയുന്നതിനോട്‌
  എനിക്ക്‌ യോജിപ്പില്ല....
  ഇസ്രായേലിന്റെ ഉദ്ദേശ്യത്തെപ്പറ്റി
  താങ്കളുടെ ധാരണപൂര്‍ണമായും ശരിയെന്ന്‌
  തോന്നുന്നില്ല...അവര്‍ പണ്ട്‌
  സമര്‍ത്ഥമായി തന്നെ നിര്‍വഹിച്ച
  എയര്‍പോര്‍ട്ട്‌ ഓപ്പറേഷന്‍ പോലെ അല്ല
  താജില്‍ നടത്തേണ്ടിയിരുന്നത്‌......
  ലോകത്തെ രണ്ടാമത്തെ വ്യോമസേനയുള്ള
  രാജ്യത്തിന്റെ പിന്തുണ ഇന്ത്യയ്ക്ക്‌
  നല്ലതു തന്നെയെങ്കിലും അത്‌
  ഗുണത്തേക്കാളേറെ പലപ്പോഴും ദോഷം ചെയ്യും...

  പിന്നെ താങ്കളുടെ പോസ്റ്റിന്‌
  കമന്റുകള്‍ വരാത്തിനെച്ചൊല്ലി
  ആശങ്കപ്പെടേണ്ട..
  ഇവിടെ പലരും പൈങ്കിളികളുടെ
  പിറകേ പോവാനാണ്‌ ഉത്സാഹിക്കുന്നത്‌...:)

  ReplyDelete
 2. അജയ് ശ്രീശാന്ത് ഈ സന്ദർശനത്തിനും അഭിപ്രായങ്ങൾക്കും നന്ദി.

  പാകിസ്താനെതിരെ ഒരു യുദ്ധപ്രഖ്യാപനം നമ്മുടെ പ്രധാനമന്ത്രി നടത്തണം എന്നതായിരുന്നില്ല എന്റെ അഭിപ്രായം. മറിച്ച് പാകിസ്താൻ കേന്ദ്രീകരിച്ച് പാക് സർക്കാരിന്റെ പിന്തുണയോടെയും അല്ലാതെയും നടക്കുന്ന ഒട്ടനവധി തീവ്രവാദ പരിശീലനകേന്ദ്രങ്ങൾ ഉണ്ട്. ഇത്തരം പരിശീലനകേന്ദ്രങ്ങൾക്കെതിരെ ഒരു സം‌യുക്തമായ സൈനിക നടപടി ആണ് ആവശ്യം. തീവ്രവാദത്തിനെതിരേയുള്ള പാകിസ്താന്റെ നിലപാടുകൾ ആത്മാർത്ഥതയുള്ളതാണെങ്കിൽ അവർ ഇതിനു സഹകരിക്കും. അത്തരം സഹകരണത്തിനു പാകിസ്താനുമേൽ അന്താരാഷ്ട്രാ സമൂഹത്തിന്റെ സമ്മർദ്ദം ശക്തമാക്കാൻ നമുക്ക് സാധിക്കണം. അതിന് ഇതൊരു നല്ല അവസരമാണെന്നു ഞാൻ കരുതുന്നു. കാരണം ഇത്രനാളും പാകിസ്താനെ പിന്തുണച്ചിരുന്ന അമേരിക്ക ഇന്നു പാകിസ്താന്റെ പലഭാഗങ്ങളിലും തീവ്രവാദത്തിനെതിരാ‍യി ഏകപക്ഷീയമായ ആക്രമണങ്ങൾ നടത്തുന്നുണ്ട്. ഇപ്പോൾ മുംബൈയിൽ നടന്ന ആക്രമണങ്ങളിൽ അവരുടെ രണ്ടു രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്മാർ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും ഉണ്ടായിരുന്നു. അതുപോലെതന്നെ പലരാജ്യങ്ങൾക്കും അവരുടെ പൗരന്മാരെ തിരഞ്ഞുപിടിച്ചുകൊന്ന ഈ നടപടിയിൽ പ്രതിക്ഷേധം ഉണ്ട്. താജ് ഹോട്ടലിൽ കയറിയ തീവ്രവാദികൾ അമേരിക്കയുടേയും, ബ്രിട്ടൺന്റേയും പൗരന്മാരെ പ്രത്യേകം തിരഞ്ഞുപിടിച്ചു വധിക്കുകയായിരുന്നു എന്നും മാധ്യമങ്ങളും രക്ഷപെട്ട ചില വിദേശപൗരന്മാരും പറയുകയുണ്ടായി. ഇത്തരത്തിൽ നിലവിലുള്ള വികാരം പരമാവധി നമുക്കനുകൂലമാക്കാൻ സാധിക്കണം. താജിൽ നടത്തിയ ഓപ്പറേഷൻ സൈക്ലോൺ ബന്ദികളെ പരമാവധി സുരക്ഷിതരായി മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആയതിനാൽ പഴയ എയർപോർട്ട് ഓപ്പറേഷൻ പോലെ അല്ല നടത്തേണ്ടത് എന്ന താങ്കളുടെ കാഴ്ചപ്പാടിനോടു ഞാൻ പൂർണ്ണമായും യോജിക്കുന്നു.

  ഇസ്രായേലിന്റെ മൊസ്സാദ് (Mossad) എന്ന രഹസ്യാന്വേഷണ വിഭാഗം ഇത്തരം ചാവേറുകളേയും, അൽ ക്വയിദ പോലുള്ള സംഘടനകളേയും അവർക്കു സഹായം നൽകുന്ന കേന്ദ്രങ്ങളേയും പ്രത്യേകം നിരീക്ഷിക്കുകയും അവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുകയും ചെയ്യുന്ന ഒരു വിഭാഗം ആണെന്നറിയാമല്ലൊ. ലോകത്തിന്റെ ഏതുകോണിൽ നടക്കുന്ന ഭീകരാക്രമണത്തേയും സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരു വിഭാഗം കൂടിയാണ് മൊസ്സാദ്. കൂടാതെ ഈ തീവ്രവാദികളുടെ പല പരിശീലന കേന്ദ്രങ്ങളും ഈ സംഘടനയുടെ നിരീക്ഷണത്തിലുമാണ്. മുംബൈ ആക്രമണത്തെക്കുറിച്ച് നമുക്ക് ലഭ്യമായ തെളിവുകൾ ഈ സംഘടനയുമായി പങ്കുവെക്കുന്നത് ഇവിടെ ആക്രമണം നടത്തിയ തീവ്രവാദികളെക്കുറിച്ചും അവർക്കു സഹായം നൽകിയവരെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ സഹായിക്കും എന്നു ഞാൻ കരുതുന്നു.നരിമാൻ ഹൗസ് തീവ്രവാദികൾ ആക്രമിച്ചത് അവിടത്തെ ഇസ്രായേൽ പൗരന്മാരെ വധിക്കുന്നതിനാണെന്നതും ശ്രദ്ധിക്കേണ്ടതാണ്.

  എന്റെ വിചാരങ്ങളും, നിരീക്ഷണങ്ങളും ലോകത്തിലെ അനേകലക്ഷം ആളുകളുടെ മുൻപിൽ അവതരിപ്പിക്കാൻ സാധിക്കുന്ന ഒരു മാധ്യമം എന്ന നിലയിലാണ് ഞാൻ ബ്ലോഗിനെക്കാണുന്നത്. ബ്ലോഗ് അഗ്രഗേറ്ററുകളിൽ എന്റെ ബ്ലോഗ് ലിസ്റ്റുചെയ്യപ്പെടുന്നതിനും ഞാൻ ശ്രദ്ധിക്കാറുണ്ട്. വളരെ ഉത്തരവാദിത്വത്തോടെ ഈ മാധ്യമത്തെ നോക്കിക്കാണുന്ന അനേകം ബ്ലോഗർമാരുടെ ഇടയിൽ എന്റെ ഈ ചെറിയ കുറിപ്പുകൾ ചിലരെങ്കിലും കാണുന്നു, അതിനോടു പ്രതികരിക്കുന്നു എന്നതിൽ ഞാൻ സന്തുഷ്ടനാണ്.

  താങ്കളുടെ നിരീക്ഷണങ്ങൾ ഇവിടെ പങ്കുവെച്ചതിനു ഒരിക്കൽ കൂടി നന്ദി.

  ReplyDelete
 3. നല്ലൊരു റിപ്പോർട്ട് മണികണ്ഠൻ.

  ‘വളരെ ഉത്തരവാദിത്വത്തോടെ ഈ മാധ്യമത്തെ നോക്കിക്കാണുന്ന അനേകം ബ്ലോഗർമാരുടെ ഇടയിൽ എന്റെ ഈ ചെറിയ കുറിപ്പുകൾ ചിലരെങ്കിലും കാണുന്നു, അതിനോടു പ്രതികരിക്കുന്നു എന്നതിൽ ഞാൻ സന്തുഷ്ടനാണ്‘

  താങ്കളുടെ ഓരോ പോസ്റ്റിലും ഈ പക്വമായ കാഴ്ചപ്പാട് കാണാം. ആശംസകൾ

  ReplyDelete
 4. ലക്ഷ്മി ഈ സന്ദർശനത്തിനും പ്രോത്സാഹനത്തിനും നന്ദി.

  ReplyDelete