19 June 2010

റാം ജഠ്‌മലാനി Vs കരണ്‍ ഥാപര്‍

അടുത്തകാലത്ത് കണ്ട രസകരമായ ഒരു അഭിമുഖം. മുന്‍പ് വാജ്‌പൈ സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ നിയമമന്ത്രിയായിരുന്ന് ഭാരതത്തിലെ പ്രഗല്‍ഭനാ‍യ അഭിഭാഷകന്‍ ശ്രീ റാം ജഠ്‌മലാനി സി എന്‍ എന്‍ ഐ ബി എന്‍ ചാനലിലെ “ഡെവിള്‍സ് അഡൌക്കേറ്റ്” എന്ന പരിപാടിയില്‍ കരണ്‍ ഥാപറുമായുള്ള അഭിമുഖത്തിനിടെ ക്ഷുഭിതനായി ഇറങ്ങി പോകുന്നു. പണ്ട് ബി ജെ പി യെ വിട്ട് പോയ ജഠ്‌മലാനി ഇപ്പോള്‍ ബി ജെ പി യില്‍ തിരിച്ചെത്തിയത് കേവലം ഒരു രാജ്യസഭാംഗത്വം നേടുന്നതിനു മാത്രമാണെന്ന് പരാമര്‍ശങ്ങളാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. രണ്ടു ഭാഗങ്ങളായി യു ട്യൂബില്‍ കണ്ട അഭിമുഖം ചുവടെ ചേര്‍ക്കുന്നു.


ഭാഗം ഒന്ന്



ഭാഗം രണ്ട്

8 June 2010

ഭോപാല്‍ നീതിന്യായവ്യവസ്ഥയിലെ കളങ്കം

ഭോപാല്‍ വിഷവാതകദുരന്തത്തിന്റെ വിധി ഇന്ന് ഭോപാല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പ്രഖ്യാപിച്ചിരിക്കുന്നു. ദുരത്തിന് കാരണമായ യൂണിയന്‍ കാര്‍ബൈഡ് ഇന്‍ഡ്യാ ലിമിറ്റഡ് എന്ന കമ്പനിയുടെ അന്നത്തെ ചെയര്‍മാന്‍ കേശബ് മഹീന്ദ്ര, വിജയ് ഗോഖലെ (മാനേജിങ്ങ് ഡയരക്ടര്‍), കിഷോര്‍ കാംദര്‍ (വൈസ് പ്രസിഡന്റ്), ജെ എന്‍ മുകുന്ദ് (വര്‍ക്ക്സ് മാനേജര്‍), എസ് പി ചൌധരി (പ്രൊഡക്ഷന്‍ മാനേജര്‍), കെ വി ഷെട്ടി (പ്ലാന്റ് സൂപ്രണ്ട്), എസ് ഐ ഖുറേഷി (പ്രൊഡക്ഷന്‍ അസിസ്റ്റന്റ്) എന്നിവര്‍ക്ക് രണ്ടു വര്‍ഷം തടവും, ഒരു ലക്ഷം രൂപ വീതം പിഴയും ആണ് ഇന്ന് ശിക്ഷ വിധിച്ചത്. പ്രതികളെ ഇരുപത്തിഅയ്യായിരം രൂപയുടെ ഈടിന്മേല്‍ പിന്നീട് ജാമ്യത്തില്‍ വിട്ടു. പ്രതികള്‍ക്ക് വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കുന്നതിനു‌വേണ്ടിയാണ് ജാമ്മ്യം അനുവദിച്ചത്. അമേരിക്ക ആസ്ഥാനമായ യൂണിയന്‍ കാര്‍ബൈഡ് കോര്‍പ്പറേഷന്‍ എന്ന ബഹുരാഷ്ട്രകമ്പനിയുടെ ഇന്ത്യന്‍ വിഭാഗമാണ് യൂണിയന്‍ കാബൈഡ് ഇന്ത്യാ ലിമിറ്റഡ് (യു സി ഐ എല്‍).ഈ സ്ഥാപനത്തിന്റെ അന്നത്തെ ചെയര്‍മാനായിരുന്ന വാറന്‍ ആന്റേര്‍സണിനുള്ള ശിക്ഷയെപ്പറ്റി ഈ വിധിന്യായത്തില്‍ യാതൊരു പരാമര്‍ശവും ഇല്ല. 1984 ഡിസംബര്‍ രണ്ടിനു യൂണിയന്‍ കാര്‍ബൈഡ് കമ്പനിയില്‍ നിന്നും മീതൈല്‍‌ഐസോസയനേറ്റ് എന്ന വിഷവാതകം ചോര്‍ന്നുണ്ടായ ദുരന്തത്തില്‍ ഇരുപതിനായിരത്തില്‍ അധികം ആളുകളാണ് കൊല്ലപ്പെട്ടത്. അതിലും എത്രയോ ഇരട്ടി ആളുകള്‍ ഈ ദുരന്തന്റെ ജീവിക്കുന്ന രക്തസാക്ഷികളായി ഇന്നും ഉണ്ട്. ദുരന്തത്തിനു ശേഷവും ഫാക്ടറിയില്‍ നിന്നും നീക്കം ചെയ്യപ്പെടാതെ കിടക്കുന്ന വിഷമാലിന്യങ്ങള്‍ രാസപദാര്‍ത്ഥങ്ങള്‍ മൂലം ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്ന നാശങ്ങള്‍ നിരവധിയാണ്. ഭൂഗര്‍ഭജലത്തെപ്പോലും ഈ രാസമാലിന്യങ്ങള്‍ ഇപ്പോഴും മലിനമാക്കികൊണ്ടിരിക്കുന്നു. ദുരന്തം നടന്ന് ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ രാസമാലിന്യങ്ങള്‍ ശരിയായി നിര്‍മ്മാര്‍ജ്ജനം ചെയ്യുവാന്‍ ഭരണാധികാരികളോ യൂണിയന്‍ കാര്‍ബൈഡ് അധികൃതരോ ശ്രമിച്ചിട്ടില്ല. അങ്ങനെ ഭോപാലിലെ ഒരു വലിയ വിഭാഗം ജനങ്ങളെ ദുരിതത്തിലാഴ്ത്തിയതിനാണ് ഇത്രയും ലഘുവായ ശിക്ഷ വിധിച്ചിരിക്കുന്നത്. കമ്പനിക്ക് വിധിച്ച പിഴയാകട്ടെ അഞ്ചു ലക്ഷം രൂപയും.

ഭോപാല്‍ ദുരന്തത്തിന് കാരണമായി പലരും പറയുന്നത് സാമ്പത്തികച്ചെലവുകള്‍ ചുരുക്കുന്നതിന്റെ ഭാഗമായി കമ്പനി ജോലിക്കാരുടെ എണ്ണത്തില്‍ വരുത്തിയ കുറവും സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നതില്‍ വരുത്തിയ വീഴ്ചയും ആണ്. അതുകൊണ്ടുതന്നെ ഈ കേസ് ആദ്യം അന്വേഷിച്ച സി ബി ഐ കുറ്റകരമായ നരഹത്യയ്ക്ക് 304, 326 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയും ഭോപാല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ഇതില്‍ പ്രതികള്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ച സുപ്രീം‌കോടതി 1996 സെപ്റ്റംബര്‍ 13ന് താരതമ്യേന ദുര്‍ബലമായ 304-എ, 336, 337 വകുപ്പുകള്‍ പ്രകാരം (മനഃപൂര്‍വ്വമല്ലാത്ത നരഹത്യ ഉള്‍പ്പടെയുള്ള വകുപ്പുകള്‍) കേസ് പരിഗണിക്കാന്‍ സി ബി ഐ -ഓട് നിര്‍ദേശിക്കുകയായിരുന്നു. ഈ വകുപ്പുകള്‍ പ്രകാരം നല്‍കാവുന്ന പരമാവധിശിക്ഷയാണ് ഇന്ന് ഭോപാല്‍ സി ജെ എം പ്രഖ്യാപിച്ചിരിക്കുന്നത്. സുപ്രീം‌കോടതിയുടെ നേരത്തെ പറഞ്ഞ 1996-ലെ ഉത്തരവാണ് ഇന്നത്തെ ഈ ദുരവസ്ഥയ്ക്ക് കാരണം. ഇന്നത്തെ വിധി ഈ ദുരന്തത്തിന് ഇരകളായവരെ പരിഹസിക്കുന്നതിനു തുല്ല്യമാണ്. കമ്പനിയുടെ ചെയര്‍മാനായിരുന്ന ആന്റേര്‍സണെ ആദ്യം അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് മദ്ധ്യപ്രദേശ് പോലീസ് ജാമ്മ്യത്തില്‍ വിടുകയായിരുന്നു. അങ്ങനെ ഇന്ത്യ വിട്ട ഇയാള്‍ പിന്നീട് ഈ കേസുമായി ഒരു വിധത്തിലും സഹകരിച്ചിട്ടില്ല. കോടതിയുടെ സമന്‍സുകള്‍ തിരസ്കരിച്ച ഇയാളെക്കുറിച്ച് ഇന്നത്തെ വിധിയില്‍ പരാമര്‍ശമില്ല എന്നതും പ്രതിക്ഷേധാര്‍ഹം തന്നെ. ഭരണാധികാരികള്‍ പണ്ടേ തമസ്കരിച്ച ഭോപാലിലെ ദുരന്ത ബാധിതരെ ഇന്ന് കോടതിയും അവഹേളിച്ചിരിക്കുന്നു. ലജ്ജിക്കാം ഈ ദുര്‍ബലമായ നീതിന്യായവ്യവസ്ഥയെ ഓര്‍ത്ത്.

(അവലംബം വിവിധ മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍)