17 June 2008

കെ എസ് ആര്‍‌ ടി സിയുടെ ജനദ്രോഹങ്ങള്‍‌

ജനങ്ങള്‍ക്ക്‌ മെച്ചപ്പെട്ട യാത്രാസൌകര്യം ഒരുക്കുകയും സ്വകാര്യബസ്സ്‌ സംവിധാനം ജനങ്ങളെ ചൂഷണം ചെയ്യുന്നതില്‍‌ നിന്നു സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് കെ എസ്സ് ആര്‍‌ ടി സി യുടെ പ്രാഥമികമായ ലക്ഷ്യം എന്നാണ് ഞാന്‍ മനസ്സിലാക്കിയിരുന്നത്‌. എന്നാല്‍ വര്‍‌ഷങ്ങളായി കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍‌ യാത്രചെയ്തുവരുന്ന എനിക്കു എന്റെ ആ ധാരണ വാസ്തവവിരുദ്ധമാണെന്ന്‌ ഇപ്പോള്‍ തീരുമാനിക്കേണ്ടിവരുന്നു. കേരളത്തില്‍ ഏറ്റവും അധികം നിയമലംഘനം നടത്തുന്നത്‌ ഈ സര്‍ക്കാര്‍‌സ്ഥാപനം തന്നെയാണെന്നാണ് ഞാന്‍‌ മനസ്സിലക്കുന്നത്‌. പലപ്പോഴും യാത്രക്കാരോടു യാതൊരു പ്രതിബദ്ധതയും ഇല്ലാത്ത പെരുമാറ്റമാണ് ചില കെ എസ്സ് ആര്‍‌ ടി സി ജീവനക്കാരില്‍ നിന്നും ഉണ്ടാവുന്നത്‌.

ഫാസ്റ്റ്‌പാസെഞ്ചറിനും അതിനു മുകളിലും പെര്‍‌മിറ്റുള്ള വാഹനങ്ങളില്‍ കയറ്റാവുന്ന പരമാവധി യാത്രക്കാരുടെ എണ്ണം ആ വാഹനത്തിന്റെ സീറ്റുകളുടെ എണ്ണത്തിനു തുല്ല്യമാണ്. എന്നാല്‍ ‘സൂപ്പര്‍‌ ഫാസ്റ്റും’ അതിനു മുകളിലും ഉള്ള മിക്ക കെ എസ്സ് ആര്‍ ടി സി വാഹനങ്ങളും സീറ്റുകളുടെ എണ്ണത്തിന്റെ മൂന്നിരട്ടി വരെ യാത്രക്കാരെ കുത്തിനിറച്ചാണ് സര്‍‌വീസ്‌ നടത്തുന്നതു. കഴിഞ്ഞ പത്തുവര്‍‌ഷത്തെ എന്റെ യാത്രനുഭവത്തില്‍ ഇത്തരത്തില്‍ ‘സേവനം’ നടത്തുന്ന ഒരു കെ എസ്സ്‌ ആര്‍‌ ടി സി വാഹനത്തെപ്പോലും ‘സഞ്ചരിക്കുന്ന കോടതികളോ’ വഴിനീളെ ഗതാഗതനിയമപാലനത്തിനു കര്‍മ്മനിരതരായി നില്‍ക്കുന്ന ‘പോലീസു’കാരോ ശിക്ഷിച്ചതായി കണ്ടിട്ടില്ല. എന്തിനു അമിതവേഗത കണ്ടെത്തുന്നതിനുള്ള സംവിധാനങ്ങള്‍ പോലും ഈ വാഹനത്തിനുമുന്‍പില്‍ കണ്ണടക്കുകയാണ് പതിവ്‌. (അല്ലെങ്കിലും ഗതാഗത നിയമപാലനത്തെക്കാള്‍ പെട്ടിയിലും പോക്കറ്റിലും വല്ലതും വീഴാന്‍‌ സാധ്യതയുള്ള ഇരകളിലാണ് ഇവര്‍ക്കു താത്പര്യം.)


പലറൂട്ടുകളിലും സമ്പത്തികലാഭത്തിനു വേണ്ടി ഫാസ്റ്റ്പാസെഞ്ചര്‍ ബസ്സുകള്‍ കൂടുതലായി ഓടിക്കാറുണ്ട്‌. എന്റെ അനുഭവത്തില്‍ ദേശസാല്‍കൃത പാതയായ ആലപ്പുഴ - ചങ്ങനാശ്‌ശേരി തന്നെ ഉദാഹരണം. ഇവിടെ ‘ഫാസ്റ്റ്പസെഞ്ചറുകളെ’ പിന്തള്ളി ‘ഓര്‍ഡീനറി ലിമിറ്റഡ്‌ സ്‌റ്റോപ്പ്‌‘ബസ്സുകള്‍ കടന്നുപോവുന്ന അനുഭവം പലപ്പോഴും എനിക്കുണ്ടായിട്ടുണ്ട്‌.
ഇത്തരത്തില്‍ കേരളത്തിലെ ഏറ്റവും ദൂരിതപൂര്‍‌ണ്ണമായ യാത്ര കോട്ടയം മുതല്‍ കിളിമാനൂര്‍ വരെ എം സി റോഡ്‌ വഴിയുള്ളതാണെന്നു ഞാന്‍ കരുതുന്നു.

ഇതു പോലുള്ള ദേശസാത്കൃത റൂട്ടുകളില്‍ ഉള്ളവരാണ് കെ എസ്സ് ആര്‍ ടി സി യുടെ ദുരന്തം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത്‌. ഞാന്‍ സ്ഥിരമായി യാത്രചെയ്തിരുന്ന ആലുവ - പറവൂര്‍ ‌ ഇത്തരം ദുരിതയാത്രക്കു ഉദാഹരണമാണ്. രാവിലെ പറവൂരില്‍‌നിന്നും സര്‍വീസ്‌ ആരംഭിക്കുന്ന ബസ്സുകള്‍ പറവൂര്‍‌ടൌണ്‍ വിടുന്നതിനുമുന്‍‌പേ നിറയും. പിന്നെ അങ്ങോട്ടുള്ള പത്തൊന്‍പതുകിലോമീറ്റര്‍ ദൂരത്തു കാത്തുനില്‍ക്കുന്നവര്‍ക്കു വല്ലബസ്സും നിറുത്തിക്കിട്ടിയാല്‍‌ ഭാഗ്യം. രാവിലെ പതിനഞ്ചു മിനിറ്റ് വ്യത്യാസത്തില്‍ പറവൂരില്‍നിന്നും ആലുവായ്ക്കു ടൌണ്‍‌ലിമിറ്റഡ് ബസ്സുകള്‍ ഉണ്ട്. പറവൂര്‍ വിട്ടാല്‍ പിന്നെ പതിനാറുകിലോമീറ്റര്‍ കഴിഞ്ഞു ദേശീയപാത നാല്‍‌പത്തിയേഴില്‍ പറവൂര്‍ക്കവലയിലെ ഇവയ്ക്കു സ്‌റ്റോപ്പുള്ളു. ഈ ബസ്സുകള്‍ പോലും രാവിലെ 7:30 നും 10:30 നും ഇടക്കു പറവൂര്‍‌ടൌണ്‍ വിടുന്നതുതന്നെ മിക്കാവാറും അറുപതില്‍ കുറയാത്ത യാത്രക്കാരുമായാണ്. മറ്റു സമയങ്ങളില്‍ 50% യാത്രക്കര്‍ ഉറപ്പായും ഉണ്ടാവുകയും ചെയ്യും. എന്നാലും ഈ റൂട്ടില്‍ ബസ്സുകളുടെ എണ്ണം കൂട്ടണം എന്ന ആവശ്യം ഇപ്പോഴും പരിഗണിക്കപ്പെടതെ കിടക്കുന്നു. ഇതിനു കാരണമായി പറയുന്നതു ആവശ്യത്തിനു ബസ്സുകള്‍ ഇല്ല എന്നതാണ്. എന്നാല്‍ ഗോശ്രീപാലം വഴി പുതുതായി 18 ബസ്സുകള്‍ ഇപ്പോള്‍ സര്‍വീസ്‌ നടത്തുന്നുണ്ട്. നൂറ്റി‌ഇരുപതോളം സ്വകാര്യബസ്സുകള്‍ ഉള്ളപ്പോഴാണ് ഇവിടെ 18 കെ എസ്സ് ആര്‍ ടി സി ബസ്സുകള്‍ പുതുതായി ആരംഭിച്ചതെന്നോര്‍ക്കണം. നിലവില്‍ ഉള്ള റൂട്ടുകളിലെ സര്‍വീസ് കാര്യക്ഷമമാക്കാതെ കൂടുതല്‍ പുതിയ റൂട്ടുകളില്‍ സര്‍വീസ് ആരംഭിക്കുന്നതും, കൂടുതല്‍ റൂട്ടുകള്‍ ദേശസാത്കരിക്കുന്നതും പൊതുജനങ്ങളോടു ചെയ്യുന്ന കടുത്ത അനീതി തന്ന്നെയാണ്.


സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ചര്‍ജിന്‌ അനുസരിച്ചാണ് സ്വകാര്യ ബസ്സുകളും സര്‍വീസ്‌ നടത്തുന്നത്‌. എന്നാല്‍ കെ എസ്സ് ആര്‍ ടി സി ക്കു ഈ നിരക്കുകള്‍ക്കു പുറമെ ഇരുപത്റ്റിഅഞ്ചു രൂപക്കു മുകളിലുള്ള ഓരോ ടിക്കറ്റിലും ഒരു രൂപ ഇന്‍ഷുറന്‍സ് സെസ്സ് ആയി പിരിക്കാന്‍ അവകാശം ഉണ്ട്. ഇങ്ങനെ എല്ലാം ചെയ്താലും വൃത്തിഹീനവും, ചോര്‍ന്നൊലിക്കുന്നതും ആയ ബസ്സുകളാണ് മിക്കപ്പോഴും കാണന്‍‌ സാധിക്കുന്നത്‌. എറണാകുളത്തുനിന്നും പലപ്പോഴും ഔദ്യോഗീകാവശ്യങ്ങള്‍ക്കായി കണ്ണൂരിലോ കാസര്‍‌ഗോടിനോ പോകേണ്ടിവരുമ്പോള്‍ പലപ്പോഴും ഞാന്‍ ആശ്രയിക്കുന്നത്‌ കലൂരില്‍ നിന്നും പുറപ്പെടുന്ന ഹൈറേഞ്ച് - മലബാര്‍ബസ്സുകളെത്തന്നെയാണ്. ഓര്‍‌ഡിനറി ബസ്സിന്റെ ചാര്‍ജില്‍‌ സെമിസ്ലീപ്പര്‍ യാത്ര സൌകര്യം ഉള്ളവയാണ് അവയില്‍ പലതും. അമിതമായി യാത്രക്കാരും ഉണ്ടാവാറില്ല. ഈ സമയത്തുള്ള കെ എസ്സ് ആര്‍ ടി സി ബസ്സുകളാവട്ടെ തീരെ സൌകര്യപ്രദമല്ലാത സീറ്റുകളും, തിങ്ങിനിറഞ്ഞ യാത്രക്കാരുമായി പോകുന്നവയാണ്. അതിനെല്ലാം പുറമെയാണ് ഈടാക്കുന്ന അമിത ചാര്‍ജ്ജ്. ദൌര്‍‌ഭഗ്യവശാല്‍ തിരുവനന്തപുരത്തിനോ കൊല്ലത്തിനോ പോകേണ്ടിവരുമ്പോള്‍ കെ എസ്സ് ആര്‍ ടി സി യെത്തന്നെ ആശ്രയിക്കേണ്ടിവരുന്നു.

കെ എസ്സ് ആര്‍ ടി സി യാത്രയില്‍ പിന്നെ ഏറ്റവും അരോചകമായി തൊന്നുന്നതു നിറുത്താതെയുള്ള എയര്‍‌ഹോണ്‍‌ പ്രയോഗം ആണ്. നിയമം മൂലം എയര്‍‌ഹോണിന്റെ ഉപയോഗം നിരോധിച്ചിട്ടുണ്ടെങ്കിലും മിക്കവാറും കെ എസ്സ് ആര്‍ ടി സി ബസ്സുകളിലും, സ്വകാര്യബസ്സുകളിലും ഇതിന്റെ ഉപയോഗം നിര്‍ബാധം തുടരുന്നു. വ്യത്യാസം സ്വകാര്യബസ്സുകളിലെ എയര്‍‌ഹോണ്‍ പോലീസ്‌ പിടിച്ചിടുക്കാറുണ്ടെന്നതുമാത്രം. ഇടുങ്ങിയ വഴിയില്‍ പോലും നിറുത്താതെ എയര്‍ ഹോണ്‍ അടിക്കുന്ന സ്വഭാവം പല ഡ്രൈവര്‍മാരിലും കാണാം. സത്യത്തില്‍ ആ എയര്‍ ഹോണ്‍ ഒന്നിന്റെ ബലത്തില്‍ മാത്രമണ് പല കെ എസ്സ് ആര്‍ ടി സി ബസ്സുകളും ഓടുന്നതുതന്നെ.


രസകരമായി തോന്നിയ മറ്റൊരുകാര്യം ഏതെങ്കിലും ബസ്സു ഒരു ഡിപ്പോയില്‍നിന്നും പുറ്പ്പെടുന്ന സമയം ചോദിച്ചാല്‍ ലഭിക്കുന്ന മറുപടിയാണ്. മിക്കവാറും കിട്ടുക ‘ഉടനെ‘ എന്ന മറുപടിയാണ്. അതുകേട്ടു കയറിയിരുന്നാല്‍ ചിലപ്പോള്‍ ഒരു പതിനഞ്ചുമിനുറ്റെങ്കിലും കഴിഞ്ഞെ ആ വണ്ടി പുറപ്പെടൂ. ഇനി അബദ്ധത്തില്‍ ഒരു കൃത്യസമയം പറഞ്ഞാലോ അതിനും വളരെ മുന്‍പേ വണ്ടി പോയിരിക്കും. അത്തരം ഒരനുഭവമാണ് ഇന്നു (16/06/2008) രാവിലെ ഉണ്ടായത്‌. പത്തനം‌തിട്ടക്കുള്ള ഒരു ഫാസ്റ്റ്പാസെഞ്ചര്‍‌ പുറപ്പെടുന്നസമയം ചോദിച്ച എനിക്കു കിട്ടിയ മറുപടി 9:15 എന്നാണ്. അപ്പോള്‍ എന്റെ വാച്ചിലെ സമയം 8:55. സ്‌റ്റേഷനിലെ ക്ലോക്കില്‍ 9:00. പതിനഞ്ചു മിനിറ്റുണ്ടല്ലൊ എന്നുകരുതി ചായകുടിക്കാന്‍‌ ഞാന്‍ സ്റ്റാളിനടുത്തേക്കു നടന്നു. സ്റ്റാളില്‍ ഞാന്‍ എത്തുമ്പോഴേക്കും ബസ്സ്‌ നീങ്ങിത്തുടങ്ങിയിരുന്നു. എന്നോടു പറഞ്ഞതിലും 10 മിനിറ്റ് നേരത്തെ.

കെ ബി ഗണേശ്‌കുമാര്‍ ഗതാഗത മന്ത്രിയായിരുന്നപ്പോള്‍ ഇറക്കിയ ‘ഹൈട്ടെക്’ ഡിസൈനില്‍ ഉള്ള ബസ്സുകളിലെ യാത്ര ഇപ്പോഴും നടുവൊടിക്കുന്നതുതന്നെ. ‘ഹൈടെക്’ എന്നതു ഡിസൈനിന്റെ പ്രത്യേകത അല്ലെന്നും അതു നിര്‍മ്മിച്ച സ്ഥാപനത്തിന്റെ (ഹൈടെക്‌ ഇന്‍ഡസ്‌ട്രീസ്‌) പേരാണെന്നതും ഞാന്‍ മനസ്സിലാക്കിയതു വൈകിയാണ്. എന്നാല്‍ പിന്നീട് അങ്ങോട്ട് ആ ഡിസൈന്‍ ഉപേക്ഷിച്ചു എന്നതു ആശ്വാസകരമായി തോന്നുന്നു. അതുപോലെ ‘വേണാട്’ ‘അനന്തപുരിഫാസ്റ്റ്’ എന്നീ മോഡലുകളും ഇപ്പോള്‍ പുതുതായി വന്നിരിക്കുന്ന മോഡലുകളും സൌകര്യപ്രദമായ സീറ്റുകള്‍ ഉള്ളവയാണ്.

പല ബഡ്ജറ്റുകളിലും കെ എസ്സ് ആര്‍ ടി സിക്കുവേണ്ടി സര്‍ക്കാര്‍ ധാരാളം പണം നീക്കിവെക്കുന്നുണ്ട്‌. ഇത്തവണത്തെ ബഡ്ജറ്റ് അതില്‍ സര്‍വ്വകാല റെക്കോര്‍‌ഡിട്ടു എന്നു വേണമെങ്കില്‍ പറയാം. എന്നിട്ടും കഴിഞ്ഞമാസം ജീവനക്കാരുടേ പെന്‍‌ഷനും മറ്റാനുകൂല്യങ്ങളും നല്‍‌കുന്നതിനു ഡീസല്‍ വാങ്ങിയ വകയില്‍ നല്‍‌കാന്‍ വെച്ച പണം വകമാറ്റിയതു പല ട്രിപ്പുകളും റദ്ദാക്കുന്നതിലാണ് അവസാനിച്ചത്‌. ഇതു മൂലം കഷ്ടപ്പെട്ടാതാവട്ടെ സാധരണ ജനവും. കെ എസ്സ് ആ‍ര്‍ റ്റി ബസ്സിന്റെ ശരാശരി ഒരു കിലോമീറ്ററില്‍ നിന്നുള്ള വരുമാനം 12 രൂപക്കു മുകളില്‍ ആണെന്നാണ്‌ പറയുന്നതു. സ്വകാര്യബസ്സുകളില്‍ പലതും ഇതിലും താ‍ഴ്ന്ന വരുമാനത്തിലാണ് ഓറടുന്നത്‌. എന്നിട്ടും അവ റോഡ് നികുതിയും, തൊഴിലാളീ ക്ഷേമനിധി വിഹിതവും, അറ്റകുറ്റപ്പണികളും, പിന്നെ ഉള്ളതിനും ഇല്ലാത്തതിനും അടക്കേണ്ട പിഴയും കഴിച്ചിട്ടും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നു. അതുകൊണ്ടാണല്ലൊ കൂടുതല്‍ ആളുകള്‍ ഈ രംഗത്തേക്കു നിക്ഷേപിക്കാന്‍ വരുന്നതും, ഉള്ളവര്‍ കൂടുതല്‍ റൂട്ടുകളില്‍ പുതിയ ബസ്സുകള്‍ ഇറക്കാന്‍ സന്നദ്ധരാവുന്നതും. എന്നാലും സര്‍ക്കാര്‍ സ്ഥാപനം എന്നും നഷ്ടത്തില്‍ തുടരുന്നു.

മുഴുവന്‍ സ്വകാര്യ ബസ്സുകളും നിയമാനുസൃതം ഓടുന്നവയാണെന്നു ഞാന്‍ അവകാശപ്പെടുന്നില്ല. അവയിലും ധാരാളം കള്ളനാണയങ്ങള്‍ ഉണ്ട്‌. എന്നാല്‍ പൊതുഗതാഗതരംഗത്തിനു മാതൃകയാവേണ്ട കെ എസ്സ് ആര്‍ ടി സി യുടെ പ്രവര്‍ത്തനം ഒട്ടും ആശാവഹം അല്ല അന്നതാണ് എന്റെ അഭിപ്രായം.

7 comments:

 1. നല്ല ലേഖനം. KSRTC യും, ഗതാഗത വകുപ്പും, ഒന്നാണ്. നിയമം നടപ്പാക്കേണ്ട വകുപ്പ് തന്നെ വാഹന മുതലാളിയും ആയിരുന്നാല്‍ മൊത്തം നിയമ ലങ്ഖനം ആകും. ഒരു പരിഹാരം, നിയമം നടപ്പാക്കുനതിനും, നിരക്ക് നിര്‍ണയിക്കുന്നതിനും ഒരു സ്വതന്ത്ര കമ്മീഷന്‍ കൊണ്ടു വരുക. അതുപോലെ തന്നെ ദേശസാലകരനമ് അവസാനിപ്പിച്ച്, കൂടുതല്‍ സ്വകാര്യ സര്‍വീസുകള്‍ കൊണ്ടു വന്നാല്‍, ജനം കൈയടിക്കും. സ്വകാര്യവല്‍കരണം എന്നാല്‍ ആര്ക്കും എന്തും ആകാം എന്നല്ല, നിയമപാലനം സര്‍ക്കാര്‍ നോക്കി നടത്തണം.

  ReplyDelete
 2. ഇത് ഗതാഗതവകുപ്പ് മന്ത്രിക്കൊന്ന് ഫോര്‍വേഡ് ചെയ്ത് കോടുക്ക്, മണികണ്ഠാ.
  (പ്രയോജനമുണ്ടായില്ലെങ്കിലും)

  ReplyDelete
 3. നിരക്കു നിര്‍‌ണ്ണയിക്കുന്നതിനു നിലവില്‍‌ ഹൈക്കോടതി നിര്‍‌ദ്ദേശിച്ചിട്ടുള്ള ചില നടപടികള്‍ ഇപ്പോള്‍ത്തന്നെ ഉണ്ട്‌. എന്നാല്‍ സമ്മര്‍‌ദ്ദത്തിനു വഴങ്ങുന്ന കാലാകാലങ്ങളിലെ സര്‍ക്കാരുകള്‍ ഈ നിര്‍‌ദ്ദേശങ്ങള്‍ മറികടക്കാന്‍‌ കോടതിയുടെ അനുവാദം തേടുകയാണ് പതിവു. വരവും ചിലവും സംബന്ധിക്കുന്ന കണക്കുകള്‍‌ (സ്വകാര്യ ബസ്സ് സര്‍വ്വീസുകളുടേതുള്‍പ്പെടെ)പരിഗണിച്ച ശേഷം ആവണം നിരക്കുവര്‍ദ്ധന സംബന്ധിച്ച തീരുമാനം എടുക്കേണ്ടത്‌ എന്നാണ് ഹൈക്കോടതി മുന്‍പ്‌ പറഞ്ഞിട്ടുള്ളത്‌. പിന്നെ ദേശസാത്കരണം അവസാനിപ്പിക്കുന്നത്‌. മത്തായിയുടെ ഈ നിര്‍ദ്ദേശം നമ്മുടെ കെ എസ്സ് ആര്‍‌ ടി സി സുഹൃത്തുക്കള്‍ കേള്‍ക്കണ്ട. പൊതുജനം എത്ര വലഞ്ഞാലും വേണ്ട കേരളത്തിലെ ലാഭകരമായ എല്ലാ റൂട്ടുകളും തങ്ങള്‍‌ക്കു പതിച്ചുതരന്നം എന്ന ആവശ്യവുമായി സമരത്തിനൊരുങ്ങുകയാണ്‍ അവര്‍‌. കൂടെ ശം‌ബള വര്‍ധനപോലുള്ള ആവശ്യങ്ങളും ഉണ്ട്‌. പല ദീര്‍‌ഘദൂര സ്വകാര്യബസ്സുകളുടേയും പെര്‍മിറ്റ് പുതിക്കിനല്‍കേണ്ട എന്നതാണ് വിവിധ ആര്‍‌ ടി എ കള്‍ക്കു സര്‍ക്കാര്‍‌ നല്‍കിയ നിര്‍ദ്ദേശം. (ശ്രീമാന്‍‌ മാത്യു ടി തോമസ് കഴിഞ്ഞദിവസം ഇതു നിരാകരിച്ചെങ്കിലും അങ്ങനെ ഒരു നിര്‍‌ദ്ദേശം ഉണ്ടെന്നാണ് ഗതാഗതവകുപ്പ്‌ ആപ്പീസുകാര്‍ പറയുന്നത്‌.)പിന്നെ ഇത്തരം കാര്യങ്ങള്‍ നോക്കാനെന്നും സര്‍‌ക്കാരിനു സമയം ഇല്ല സുഹൃത്തേ. പണ്ട്‌ ഗണേശ്‌കുമാര്‍‌ കുറച്ചു ‘വോള്‍‌വോ’ ബസ്സുകള്‍ നിരത്തിലിറക്കിയപ്പോള്‍ അതിനെ പല്ലും നഖവും ഉപയോഗിച്ചു എതിര്‍‌ത്തവരാണ് ഇവിടത്തെ തൊഴിലാളി സംഘടനകള്‍‌. എന്നാല്‍ ഈ സര്‍ക്കാര്‍ പുതുതായി 20 പുതിയ എയര്‍‌കണ്ടീഷന്‍‌ ബസ്സുകള്‍ വാങ്ങിയപ്പോള്‍‌ അത്തരം എതിര്‍‌പ്പൊന്നും കണ്ടില്ല. തികച്ചും നല്ല ഉദ്ദേശത്തോടെ 15/12/2007 മുഖ്യമന്ത്രി ഉത്ഘാടനം ചെയ്ത ഈ ബാംഗ്ലൂര്‍ സര്‍വ്വീസുകളില്‍ എത്ര എണ്ണം ഇപ്പോഴും ഉണ്ട്‌ എന്നറില്ല. ചിലതെല്ലാം അപകടത്തെതുടര്‍ന്നു കട്ടപ്പുറത്തായി എന്നു കേട്ടിരുന്നു. എന്തായലും എറണാകുളത്തുനിന്നുള്ള രണ്ട്‌ സര്‍വ്വീസുകള്‍ ഇപ്പോഴും മുടക്കം കൂടതെ നടക്കുന്നുണ്ട്‌. നിരക്കുവര്‍‌ദ്ധനവിനെപ്പറ്റിയാണെങ്കില്‍ ഇന്നേ അവര്‍‌ അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു. ബാംഗ്ലൂര്‍‌ സര്‍വ്വീസ് തുടങ്ങുമ്പോള്‍ കെ എസ്സ് ആര്‍‌ ടി സി പറഞ്ഞത്‌ ഈ റൂട്ടില്‍ അമിതചാര്‍‌ജ്ജ്‌ ഈടക്കുന്ന സ്വകാര്യ ബസ്സുകളെ നിയന്ത്രിക്കാനാണെന്നാണ് തങ്ങളുടെ ശ്രമം എന്നാണ്. ഇപ്പോള്‍ ഈ റൂട്ടിലെ (എറണാ‍കുളം - ബാംഗ്ലൂര്‍‌) കെ എസ്സ് ആര്‍‌ ടി സി യുടെ നിരക്കു 480/- രൂപയും സ്വകാര്യ ബസ്സുകളുടേതു 700/- രൂപയും ആണ്. ഇന്നു അവര്‍‌ മുന്നോട്ടു വച്ചിരിക്കുന്ന നിരക്കുവര്‍ദ്ധന (25%) പ്രാബല്യത്തില്‍‌ വന്നാല്‍‌ രണ്ടു നിരക്കും എകദേശം തുല്യമാവും.

  കൈതമുള്ളേ എന്തിനാ വെറുതെ അവരെയോക്കെ ഇതയച്ചു ബുദ്ധിമുട്ടിക്കണെ. ഇപ്പൊ കൊച്ചേട്ടനും വല്ല്യേട്ടനും സെക്രട്ടറിമാരുടെ ‘ഗോള്‍‌ഫ്‌കളി’ ആസ്വദിക്കുകയല്ലെ. അതുകഴിഞ്ഞാല്‍ പഴയ ചീറ്റിപ്പോയ ‘മൂന്നാര്‍‌‘ പടക്കം വരും. പിന്നെ അതിലും മുന്‍പേ സ്വാശ്രയകോലഹലം വരാന്‍ പോവുന്നതല്ലെയുള്ളൂ. ഇതൊക്കെ നമുക്കിങ്ങനെ അന്യോന്യം ചര്‍ച്ചചെയ്യാം എന്നു മാത്രം.

  ReplyDelete
 4. കയറു കൂട്ടിക്കെട്ടുന്നത് പോലെ കണക്ഷന്‍ കൊടുത്ത് വണ്ടി സ്റ്റാര്‍ട്ട് ചെയ്യൂന്നത് ആദ്യമായി കാണാന്‍ കഴിഞ്ഞത് ഒരു കെ എസ് ആര്‍ ട്ടീസി ബസ്സില്ലാ,എന്തായാലും അത്തരൊമൊരദ്ഭുതക്കാഴ്ച്ച കാണിച്ചവരെ തള്ളിപ്പറയാനെന്റെ മനസൊട്ടുമനുവദിക്കുന്നുമില്ല :))

  ReplyDelete
 5. കിരണ്‍‌സേ അത്തരം എന്തെല്ലാം പുതിയ അറിവുകളാണ് KSRTC നമുക്കു നല്‍കുന്നത്‌. എന്തായാലും ഈ ഫലിതം ശെരിക്കും ഇഷ്ടമായി [:)]

  ReplyDelete
 6. നല്ല ലേഖനം. കെ എസ് ആര്‍ ടി സിയുടെ ഒരു അണ്‍ഒഫീഷ്യല്‍ ബ്ലോഗ് ഉണ്ട്. വെറുതേ ഒന്നു നോക്കിയേര്.
  www.keralastatertc.blogspot.com

  ReplyDelete
 7. സുജിത് ഇവിടെയെത്തിയതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി. താങ്കൾ തന്നെ ലിങ്ക് ഞാൻ നോക്കിയിരുന്നു. നല്ല ശ്രമമാണ്. വിശദമായി പിന്നീട് നോക്കാം. ആശംസകൾ.

  ReplyDelete