5 November 2009

ആവര്‍ത്തിക്കുന്ന ദുരന്തങ്ങള്‍

ഒരു ദുരന്തത്തിന്റെ ആലസ്യത്തില്‍ നിന്നും ഉണര്‍ന്നു വരുന്ന കേരളം ഇന്ന് വീണ്ടും മറ്റൊരു ദുരന്തത്തിനു സാക്ഷിയായിരിക്കുന്നു. തേക്കടിയിലെ ദുരന്തത്തില്‍ നാല്‍പ്പത്തിയഞ്ചു ജീവനുകള്‍ ഹോമിച്ചെങ്കില്‍ ഇന്ന് ചാലിയാറില്‍ ഉണ്ടാ‍യ ദുരന്തത്തില്‍ എട്ട് സ്കൂള്‍ വിദ്യാര്‍ത്ഥികളാണ് അന്തരിച്ചത്. എന്തുകൊണ്ടാണ് ഇങ്ങനെ അടിയ്ക്കടി ദുരന്തങ്ങള്‍ ഉണ്ടായിട്ടും നമ്മള്‍ പഠിക്കാത്തത്. ഓരോ ദുരന്തം കഴിയുമ്പോളും ഒരു അന്വേഷണകമ്മീഷനെ നിയമിക്കുന്നു. ആ കമ്മീഷന്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാ‍ലിക്കപ്പെടുന്നില്ല. അപ്പോഴേയ്ക്കും അടുത്ത ദുരന്തം വരവായി. അതിനും കമ്മീഷന്‍. ഇത് ഇങ്ങനെ അന്തമില്ലാതെ തുടരുന്നു. തട്ടേക്കാട്ടും, കുമരകത്തും ഉണ്ടായ ദുരന്തങ്ങളെപ്പറ്റി അന്വേഷിച്ച ജഡ്ജിമാരുടെ നിര്‍ദ്ദേശങ്ങള്‍ ഇപ്പോളും വെളിച്ചം കണ്ടിട്ടില്ല.

ഏതാനും നാളുകള്‍ക്ക് മുന്‍പ് അരീക്കോട്ട് പോയപ്പോള്‍ മനോഹരമായ ചാലിയാര്‍ കാണാന്‍ ഇടയായി. അന്ന് ഞാന്‍ പോയ അരീക്കോട്ടെ പമ്പ് ഹൌസിനു സമീപം നിന്നുള്ള ചില ചിത്രങ്ങളും ബ്ലൊഗില്‍ ചേര്‍ത്തിരുന്നു. അവിടേയും ഇന്നു ദുരന്തമുണ്ടായ സ്ഥലത്തേതുപോലെ ചാലിയാറിന്റെ ഇരു കരകളേയും ബന്ധിപ്പിക്കുന്ന കയറും അതില്‍ വലിച്ച് ഒരുകരയില്‍ നിന്നും മറുകരയിലേയ്ക്ക് യാത്രചെയ്യുന്നവരും ആ‍ണ് ഉണ്ടായത്. എന്നാല്‍ ചാലിയാര്‍ ഇത്തരം ഒരു ദുരന്തത്തിനും വേദിയാവുമെന്ന് ഒരിക്കലും കരുതിയില്ല. ഇപ്പോള്‍ അപകടം നടന്ന സ്ഥലം നാലു പഞ്ചായത്തുകളില്‍ നിന്നുള്ള കുട്ടികള്‍ വിദ്യാഭ്യാസത്തിനായി യാത്ര ചെയ്യുന്ന കടവാണത്രെ. നൂറുകണക്കിനു വിദ്യാര്‍ത്ഥികള്‍ ദിവസവും മറുകരെക്കടക്കുന്ന സ്ഥലം. ഇവിടെ ഒരു തൂക്കുപാലമെങ്കിലും വേണമെന്നത് വര്‍ഷങ്ങളായുള്ള ഈ നാട്ടുകാരുടെ ആവശ്യമാണെന്നും വിവിധ മാധ്യമങ്ങളില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. ഇതുവരെ ഇക്കാര്യത്തില്‍ കണ്ണുതുറാക്കാത്ത അധികാരികള്‍ ഇപ്പോഴെങ്കിലും ഈ ആവശ്യത്തില്‍ അനുകൂലമായി പ്രവര്‍ത്തിക്കും എന്ന് കരുതാം. അകാലത്തില്‍ പൊലിഞ്ഞ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും എന്റെ പ്രണാമം.

3 October 2009

പ്രഹസനമാകാത്ത ഒരു അന്വേഷണം നടക്കട്ടെ

ലോകത്ത് നിത്യവും അനേകം ദുരന്തങ്ങൾ സംഭവിക്കുന്നു. പ്രകൃതി ദുരന്തങ്ങളായും മനുഷ്യന്റെ, അശ്രദ്ധകൊണ്ടും, യുദ്ധത്തിന്റെ രൂപത്തിലും എല്ലാം. ഇതിൽ പല അപകടങ്ങളും ഒഴിവാക്കാനാവുന്നതു തന്നെയാണെന്ന് ഞാൻ കരുതുന്നു. ഇന്ന് കേരളം ഞടുക്കം മാറാത്ത ഒരു ദുരന്തത്തിന്റെ ആലസ്യത്തിലാണ്. ദൈവത്തിന്റെ സ്വന്തം നാടെന്ന് നാം നൽകിയ ഖ്യാതിയ്ക്കുമേൽ ഈ ദുരന്തം കരിനിഴൽ വീഴ്ത്തിയിരിക്കുന്നു. ഇന്നലെ തേക്കടിയിലെ തടാകത്തിൽ ഉണ്ടായ ദുരന്തത്തിൽ ഇതുവരെ പൊലിഞ്ഞത് 41 ജീവനുകളാണ്. പൂജ അവധിദിനങ്ങൾ ആഘോഷിക്കാൻ എത്തിയ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളാണ് അപകടത്തിനിരയായവരിൽ ഏറെയും. കഴിഞ്ഞ മാസം ഉദ്ഘാടനം നിർവ്വഹിച്ച ജലകന്യക എന്ന നൗകയാണ് അപകടത്തില്‍പ്പെട്ടത്. ഇതുവരെ എൺപതിലധികം തവണ വിനോദസഞ്ചാരികളേയും കൊണ്ട് പെരിയാർ തടകാത്തിലൂടെ ഈ നൗക സഞ്ചരിച്ചിരിക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഏജൻസി നിർമ്മിച്ച ബോട്ട്, ഏറ്റവും മികച്ച സാങ്കേതിക സ്ഥാപനം രൂപകല്പന നിർവ്വഹിച്ച ബോട്ട്, സുരക്ഷയുടെ എല്ലാ പരിശോധനയും പൂർത്തിയാക്കി എന്ന് അധികാരികൾ അവകാശപ്പെടുന്ന ബോട്ട്, അങ്ങനെ എല്ലാം കൊണ്ടും മികച്ചതത്രേ ജലകന്യക. പിന്നെ എവിടെയാണ് പിഴച്ചത്?

അതിനുള്ള മറുപടിയായി ഇന്ന് നമ്മുടെ മുൻപിലുള്ളത് മാധ്യമങ്ങളിലൂടെ പരക്കുന്ന ഊഹാപോഹങ്ങൾ മാത്രം. വന്യമൃഗങ്ങളെക്കാണാനുള്ള ആവേശത്തിൽ സഞ്ചാരികൾ എല്ലാം ബോട്ടിന്റെ ഒരു വശത്തേയ്ക്ക് പെട്ടന്ന് നീങ്ങിയതാണ് അപകടകാരണം എന്ന് ഒരു വിഭാഗം. അതല്ല ബോട്ട് യാത്രതിരിക്കുമ്പോഴെ കൂടുതൽ ഉലച്ചിൽ ഉണ്ടായിരുന്നു എന്ന് മറ്റുചിലർ. തടാകത്തിനടിയിലുള്ള മരക്കുറ്റിയിൽ ബോട്ട് ഇടിച്ചതാകാം എന്ന് ഇനിയൊരു വിഭാഗം. കാറ്റുപിടിച്ചതും, ബോട്ട് അമിതവേഗത്തിൽ ഒരു വശത്തേയ്ക്ക് തിരിച്ചതും ആണ് കാരണമെന്ന് ഇനിയൊരു വിഭാഗം അങ്ങനെ ഊഹാപോഹങ്ങളുടെ ഒരു ചിത്രം മാത്രമാണ് നമുക്ക് മുൻപിൽ ഉള്ളത്. ഇതെല്ലാം മറ്റി യഥാർഥ വസ്തുതകൾ വെളിച്ചത്തുകൊണ്ടുവരുന്ന ഒരു അന്വേഷണമാണ് നമുക്കാവശ്യം.

സംഭവത്തെക്കുറിച്ച് കഴിയുമെങ്കിൽ ഹൈക്കോടതിയിലെത്തന്നെ ഒരു സിറ്റിങ് ജഡജിയെക്കൊണ്ടു അന്വേഷിപ്പിക്കും എന്ന നമ്മുടെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഒരു ഡി എസ് പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിരിക്കുന്നതായും മാധ്യമങ്ങളിൽ നിന്നും അറിയാൻ സാധിക്കുന്നു. സാധാരണ ഏതൊരു ദുരന്തത്തിലും ഉള്ള ആദ്യത്തെ പ്രഖ്യാപനമാണ് ജുഡീഷ്യൽ അന്വേഷണം. എന്താണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. ഇതുവരെ നടന്ന ജുഡീഷ്യൽ അന്വേഷണങ്ങളിൽ എത്രയെണ്ണത്തിന്റെ റിപ്പോർട്ട് വെളിച്ചം കണ്ടിട്ടുണ്ട്. ഏറ്റവും ഒടുവിൽ നടന്ന തട്ടേക്കാട് ബോട്ടപകടത്തിന്റെ അന്വേഷണ റിപ്പോർട്ട് തന്നെ ഉദാഹരണം. അതുകൊണ്ട് കേവലം പ്രഹസനമാകുന്ന ഇത്തരം അന്വേഷണങ്ങൾ വേണ്ട എന്നതാണ് എന്റെ അഭിപ്രായം. കാരണം ഇരു ജുഡീഷ്യൽ അന്വേഷണത്തിന്റെ റിപ്പോർട്ട് അംഗീകരിക്കാനും, പരസ്യപ്പെടുത്താനും ഉള്ള പൂർണ്ണ അവകാശം സർക്കാരിനാണ്. ഇത്തരം അന്വേഷണങ്ങളിൽ കുറ്റവാളികൾ എന്ന് കണ്ടെത്തുന്നവരെ ചൂണ്ടിക്കാണിക്കാൻ മാത്രമേ സധ്യമാവൂ. അത്തരം നിർദ്ദേശങ്ങൾ സ്വീകരിക്കാനും തിരസ്കരിക്കാനും സർക്കാരിന് അവകാശമുണ്ട്. സർക്കാർ സംവിധാങ്ങൾക്ക് എതിരേ റിപ്പോർട്ടിൽ വരുന്ന പരാമർശങ്ങൾ സർക്കാർ പലപ്പോഴും പുറം‌ലോകം അറിയാറുതന്നെയില്ല. എന്തുകൊണ്ട് ഈ ദുരന്തം സംഭവിച്ചു എന്നറിയാനുള്ള അവകാശം ഓരോ ഇന്ത്യൻ പൗരനുമുണ്ട്. ഇതിനുത്തരവാദികൾ ആരായാലും അവർ മാതൃകാപരമായിത്തന്നെ ശിക്ഷിക്കപ്പെടുകയും വേണം. അതിനു കൂടുതൽ ഫലവത്തായ ഒരു അന്വേഷണം നടക്കണം.

അപകടങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളിൽ ഏറ്റവും അപഹാസ്യമായത് 1988 ജൂലയ് 8നു ഐലന്റ് എക്സ്‌പ്രസ്സ് അഷ്ടമുടിക്കായലിലേക്ക് മറിഞ്ഞ് 105 പേരുടെ മരണത്തിനിടയാക്കിയ പെരുമൺ ദുരന്തമാത്തെക്കുറിച്ചുള്ള അന്വേഷണമാണ്. ദുരന്തിന്റെ ആഘാതത്തേക്കാൾ കേരള മനഃസാക്ഷിയെ ഞെട്ടിച്ചത് അതിന്റെ അന്തിമറിപ്പോർട്ടാണ്. ദുരന്തകാരണം ടോർണാഡോ എന്ന ശക്തിയായ ചുഴലിക്കാറ്റാണത്രെ. അത്തരം വിഢിത്തങ്ങൾ ഇനിയും ആവർത്തിക്കപ്പെടുകയില്ലെന്ന് നമുക്ക് പ്രത്യാശിക്കാം. നിലവിലുള്ള സുരക്ഷാചട്ടങ്ങൾ അനുസരിച്ചാണോ ഈ ബോട്ട് നിർമ്മിച്ചിരിക്കുന്നതെന്ന് അന്വേഷിക്കണം. അല്ലെങ്കിൽ അത്തരത്തിലുള്ള ഒരു ബോട്ട് പൊതു ഉപയോഗത്തിന് അനുവദിച്ചവർക്കെതിരെ നരഹത്യക്ക് തന്നെ കേസെടുക്കണം. ഒപ്പം തന്നെ അനുവദനീയമായതിൽ കൂ‍ടുതൽ ആളുകൾ കയറിയിട്ടുണ്ടോ എന്നും അന്വേഷിക്കണം. അങ്ങനെയെങ്കിൽ അതിനുത്തരവാദികളായവർക്കെതിരെ നടപടിവേണം. വിനോദസഞ്ചാര രംഗത്തെ നമ്മുടെ യശസ്സിനേറ്റ ഒരു വലിയ ആഘാതം തന്നെയാണ് തേക്കടിയിലെ ദുരന്തം. ഇവിടെ സംഭവിച്ച തെറ്റുകൾ തിരുത്തിയും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിച്ചും മാത്രമേ നഷ്ടപ്പെട്ട സല്‌പേരു വീണ്ടെടുക്കാൻ സാധിക്കൂ.

(ജലകന്യകയുടെ ചിത്രത്തിനു കടപ്പട് ഹരീഷേട്ടന്റെ കണ്ണീർതടാകം എന്ന ബ്ലോഗിന്)

25 September 2009

ഒടുവിൽ പിണറായിയും

രാഷ്‌ട്രീയനേതാക്കളുടെ അഭിനയപ്രതിഭ പലപ്പോഴും വെളിപ്പെടുക കോടതി മുറികളിൽ ആണ്. സന്തോഷത്തോടെ അല്ലെങ്കിൽ വളരെ മാനസിക പിരിമുറുക്കം അനുഭവിക്കുമ്പോഴും നിറഞ്ഞ ചിരി മുഖത്ത് വിരിയിച്ച് ഞാനിതെല്ലാം എത്ര കണ്ടതാണെന്നമട്ടിൽ കോടതി മുറിയിൽ കയറുന്നവർ വിധി അനുകൂലമല്ലെന്നറിയുമ്പോൾ മോഹാലസ്യപ്പെട്ടു വീഴുന്നതും അനുയായികൾ അവരെ എത്രയും പെട്ടന്ന് വൈദ്യസഹായത്തിനും തുടർന്നുള്ള വിശ്രമത്തിനുമായി ആശുപത്രിയിലേക്ക് മാറ്റുന്നതുമായ കാഴ്‌ച അത്ര പുതുമയുള്ളതൊന്നും അല്ല. എന്നാലും ഇന്ന് അത്തരം രംഗങ്ങൾ ഒന്നും പ്രതീക്ഷിച്ചതും ഇല്ല. കാരണം പ്രാരംഭ വാദം പോലും തുടങ്ങിയിട്ടില്ലല്ലൊ. കുറ്റം ചാർത്തപ്പെട്ട പ്രതികളെ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നതും അവർ അതു നിഷേധിക്കുന്നതും ജാമ്യത്തിനപേക്ഷിച്ച് ജാമ്യം ലഭിക്കുമ്പോൾ കേസിന്റെ മറ്റു രേഖകളുമായി പോവുന്നതുമായ പതിവു ചിത്രം മാത്രമാണ് പ്രതീക്ഷിച്ചത്. മറ്റെല്ലാ പ്രതികളേയും പോലെ സഖാവ് പിണറായി വിജയനും അവിടെ എത്തി ജാമ്യം നേടും എന്നു തന്നെയായിരുന്നു എന്റേയും ധാരണ രണ്ടു ദിവസം മുൻപ് വരെ. എന്നാൽ രണ്ടു ദിവസം മുൻപേ പാർട്ടി പത്രം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും അതിനാൽ 25 വരെയുള്ള എല്ലാ പൊതു പരിപാടികളും റദ്ദാക്കിയതുമായ വാർത്ത പ്രസിദ്ധീകരിച്ചപ്പോഴേ തീരുമാനിച്ചു 24നു കോടതിയിൽ അദ്ദേഹം എത്തില്ല. ഇന്നലെ രാത്രിയോടെ സിൻഡിക്കേറ്റും അത് ഉറപ്പിച്ചു. ഇന്ന് കോടതിയിൽ അഞ്ചു പ്രതികൾ ഹാജരാവുകയും ജാമ്യം നേടി മടങ്ങുകയും ചെയ്തു. വെറും കൈയ്യോടെ വന്ന പലരും കൈനിറയെ രേഖകളും ആയിട്ടാണ് മടങ്ങിയത്. കേസ് വീണ്ടും ഡിസംബറിലേക്ക് മാറ്റിയതായും മാധ്യമങ്ങളിൽ നിന്ന് അറിയുന്നു. എന്തായാലും മൂന്നുമാസം ഈ രേഖകൾ വായിച്ചു പഠിക്കാൻ തന്നെ തികയില്ല എന്നാണ് എന്റെ ഒരു ഊഹം. ഒരു പക്ഷേ എന്റെ നിലവാരം വെച്ചു ചിന്തിച്ചതുകൊണ്ടാവാം. കോടതിയിൽ കയറാതെ താൻ തന്നെ സമർത്ഥൻ എന്ന് സഖാവ് പിണറായി വിജയൻ തെളിയിച്ചിരിക്കുന്നു. അഭിവാദ്യങ്ങൾ. ഒരിക്കലും അവസാനിക്കാത്ത ഈ കേസിൽ അദ്ദേഹം എന്തിനാണ് ഇത്രയും ഭയക്കുന്നത്. സുരേഷ് ഗോപിയുടെ വാചകം കടമെടുത്താൽ ഒരു മന്ത്രിയെപ്പോലും തുറങ്കിൽ അടച്ചിട്ടില്ല ഈ സമത്വസുന്ദര ഭാരതം. കാരണം അത്തരം കേസുകൾ പെട്ടന്ന് തീരാറില്ലെന്നതുതന്നെ.

പതിവുപോലെ നീണ്ടു പോവാൻ തന്നെയാവും ഈ കേസിന്റേയും യോഗം. നവീകരണങ്ങൾക്കായി വൃധാചെലവിട്ട കോടികളും ഉപഹാരമായി തരാമെന്നു പറഞ്ഞ കോടികളും പോയി. ഇനി അതിന്റെ പേരിൽ വീണ്ടും കുറേ കോടികൾ ഇങ്ങനേയും തുലച്ചതുകൊണ്ട് ആർക്കെന്ത് പ്രയോജനം. ഈ കേസിലും ആരേയും ശിക്ഷിക്കും എന്ന വിശ്വാസം എനിക്കില്ല. ഗ്രഫൈറ്റ്, ഇടമലയാർ, പൊമോയിൽ, അങ്ങനെ നമ്മുടെ കൊച്ചുകേരളത്തിൽ തന്നെ ഇതിനു മുൻ‌പേ തുടങ്ങിയ എത്ര കേസുകൾ കിടക്കുന്നു തീരാൻ. അങ്ങു കേന്ദ്രത്തിലാണെങ്കിൽ ബോഫോഴ്‌സ്, ഹവാല, ചന്ദ്രസ്വാമി, തുടങ്ങി കണക്കെടുത്താൽ തീരില്ല. പലതും അവസാനിക്കുന്നത് പ്രതികൾ മരിക്കുന്നതോടെയാണെന്ന് തോന്നുന്നു. ഒരുകാലം ഉണ്ടായിരുന്നു തീസ് ഹസാരി ബാഗ് മജിസ്‌ട്രേറ്റ് അജിത് ഭാ‍രിഹോക്ക് എന്ന് കേൾക്കുമ്പോൾ വളരെ ആകാംഷയോടെ ബാക്കി കേൾക്കാൻ കാത്തിരുന്ന കാലം. കാരണം ഇന്ത്യ കണ്ട ഏറ്റവും ഉദ്യേഗജനകമായ വി ഐ പി കേസ് അദ്ദേഹമാണ് വാദം കേട്ടിരുന്നത്. മുൻ പ്രധാനമന്ത്രി നരസിംഹറാവുവിനെതിരായ കേസ്. തീഹാർജയിലിലെ സുരക്ഷാസംവിധാനങ്ങൾ അന്തേവാസിയായി മുൻപ്രധാനമന്ത്രി വരുന്നതിനാൽ ശക്തമാക്കുന്നു എന്നു പോലും വാർത്തകൾ വന്നു. എന്നിട്ടെന്തായി ഒന്നും നടന്നില്ല. അതാണ് നമ്മുടെ രീതി.

അഴിമതി അവിടെ നിൽക്കട്ടെ. രാജ്യദ്രോഹകുറ്റത്തിനു വർഷങ്ങൾ നീണ്ട നിയമയുദ്ധത്തിനൊടുവിൽ കോടതികൾ ശിക്ഷിച്ചവരുടെ കാര്യമോ? രാജീവ് ഗാന്ധി വധക്കേസിലും, പാർലമെന്റ് ആക്രമണകേസിലും കോടതി വധശിക്ഷ വിധിച്ച പ്രതികൾ പോലും ഇപ്പോഴും ശിക്ഷനടപ്പാക്കപ്പെടാതെ ജയിലുകളിൽ കഴിയുന്നു. രഷ്‌ട്രീയ ഇഛാശക്തി ഉള്ള ഭരകൂടങ്ങളാണ് ഇവിടെ വേണ്ടത്. സംസ്ഥാനത്തെ ഗുണ്ടാ രാഷ്‌ട്രീയ ബന്ധത്തെക്കുറിച്ച് വിലപിക്കുന്നവർ ഈ രാജ്യദ്രോഹികളുടെ കാര്യത്തിൽ കേന്ദ്രം കാണിക്കുന്ന മൗനം കാണുന്നില്ലെ. രാഷ്‌ട്രപതിയുടെ വിവേചനാധികാരം എന്നൊന്നും പറയരുത്. ഇക്കാര്യത്തിൽ ആഭ്യന്തമന്ത്രാലയത്തിന്റെ അഭിപ്രായം തേടി രാഷ്‌ട്രപതിമാർ നൽകിയ കത്തുകൾ ആ വിഭാഗത്തിൽ തന്നെ കാണും. സമയം കിട്ടിയാൽ ശ്രീ മുല്ലപ്പള്ളി രാമചന്ദ്രൻ എന്ന സഹമന്ത്രിക്കുതന്നെ നോക്കാവുന്നതേയുള്ളു. ഒരിക്കലും നിലക്കാത്ത വിചാരണകളും നടപ്പിലാക്കപ്പെടത്ത ശിക്ഷാവിധികളും അതാണ് പ്രമാദവുന്ന ഇത്തരം സ്കൂപ്പുകളുടെ അന്ത്യം. ജനങ്ങളൂടെ നികുതിപ്പണം നഷ്ടപെടുന്നതിനപ്പുറം ഇതുകൊണ്ട് ഒരു പ്രയോജനവും കാണുന്നില്ല.

11 September 2009

ചില പരീക്ഷണ ചിത്രങ്ങൾ | Macro experiments with A410

പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതിരുന്നതിനാൽ ഇന്നു രാവിലെ ചില ഫോട്ടോ പരീക്ഷണങ്ങൾ നടത്താൻ ഇറങ്ങിയതാണ്. കാനോൺ A-410 ഉപയോഗിച്ച് മാക്രോ മോഡിൽ എടുത്ത ചിത്രങ്ങൾ ആണ് ഇതെല്ലാം. ചുമ്മാ ഒരു പരീക്ഷണം .
കുട്ടിക്കാലത്ത് ഞങ്ങൾ ഹെലിക്കോപ്റ്റർ തുമ്പി എന്നും ആനത്തുമ്പി എന്നുമാണ് ഇവനെ വിളിച്ചിരുന്നത്. അദ്യമെല്ലാം ഇവനെ പിടിക്കാൻ പേടിയായിരുന്നു. പിന്നെ പിടിച്ച് കല്ലെടുപ്പിക്കുക എന്ന (ക്രൂര)വിനോദവും. ഇന്ന് ഈ ചിത്രമെടുക്കാൻ ഇവന്റെ പിന്നാലെ കുറേ അലഞ്ഞു.
ഇതാ അടുത്ത ഹെലിക്കോപ്റ്റർ. പിന്നെ ഒരു ചുവന്ന തുമ്പികൂടെ ഉണ്ടായിരുന്നു. എന്റെ ക്യാമറയ്ക്ക് പോസു ചെയ്യാതെ അവൻ കടന്നു കളഞ്ഞു.
ഒരു പുല്ലിന്റെ അറ്റത്ത് എയറുപിടിച്ചിരിക്കുന്ന ബഗ്. ഇവന്റെ യഥാർത്ഥ നാമം എന്താണെന്നറിയില്ല.
ഇതു കൂട് വിട്ടുപോയ ചീവീടിന്റെ ബാക്കി പത്രം. കിരി കിരി ശബ്ദം പുറപ്പെടുവിക്കുന്ന ജീവി ഇതാണെന്നറിയാൻ കുറെ നടന്നിട്ടുണ്ട്.
ഇപ്പൊ കണികാണാൻ പോലും തൊടിയിൽ ഒരു തുമ്പയില്ലാത്ത അവസ്ഥയായി. കുട്ടിക്കാലത്തെല്ലാം ഓണത്തിന് എത്രമാത്രം തുമ്പപ്പൂവാണ് ശെഖരിച്ചിരുന്നത്.
പ്രകൃതിയുടെ നെയ്തുകാരൻ. ചുമ്മാ നെയ്തുക്കാരൻ എന്ന് മാത്രം വിളിച്ചാൽ പോരാ. നല്ലൊരു അഭ്യാസിയും കൂടിയാണ് ഇദ്ദേഹം. കണ്ടില്ലെ ആ പോക്ക് നല്ല മെയ്‌വഴക്കമുള്ള ഒരു ജിം‌നാസ്റ്റിനെപ്പോലെ.

4 September 2009

ഡാറ്റാവണ്ണിനെ കുറിച്ചുള്ള എന്റെ പരാതികൾ | My Complaints about DataOne

ഭാരതത്തിലെ അനേകം ബ്രോഡ്‌ബാന്റ് ഉപഭോക്താക്കളെപ്പോലെ ഞാനും DataOne - ന്റെ ഒരു ഉപഭോക്താവാണ്. ഇതു സംബന്ധിച്ചു എനിക്കുള്ള പരാതികൾ ഒരു ബ്ലോഗ് ആയി ഞാൻ മുൻപ് എഴുതിയിരുന്നു. എന്നാൽ പിന്നീട് ഞാൻ മാത്രമല്ല എന്നെപ്പോലെ അനേകം ആളുകൾ ഇത്തരത്തിൽ ദുരിതം അനുഭവിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാൻ ഈ ബ്ലോഗ് സഹായിച്ചു. എന്നാൽ ഒരു പരിഹാരവും കാണാതെ വരുമ്പോൾ അതെല്ലാം ആരോടെങ്കിലും പങ്കുവെക്കുന്നത് നല്ലതാവും എന്ന തോന്നലിൽ ഞാൻ ആ ബ്ലോഗ് വീണ്ടും എഴൂതുന്നു. ഇന്ന് അതിൽ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്. ഇവിടെ അതു വായിക്കാം.

27 July 2009

ചെറായി ബ്ലോഗ് മീറ്റ് (Cherai Blog Meet)

തൊടുപുഴയിലെ ബ്ലോഗ് സംഗമത്തിന്റെ അന്നുതന്നെ തീരുമനിച്ചിരുന്നതാണ് അടുത്ത ബ്ലോഗ് സംഗമം ചെറായിയിൽ വെച്ച് നടത്തണം എന്നത്. അന്ന് ഈ ആശയം മുന്നോട്ടുവെച്ചത് ലതിചേച്ചിയായിരുന്നു. ഇതു തീരുമാനിക്കപ്പെട്ടതുമുതൽ ഞാൻ വളരെ സന്തോഷത്തിലായിരുന്നു. കാരണം ഈ ഒത്തുചേരലിനായി തീരുമാനിച്ചിരിക്കുന്ന ചെറായി എന്റെ വീട്ടിൽ നിന്നും ആറുകിലോമീറ്റർ മാത്രം അകലെയാണ്. ഇത്രയും അധികം ബ്ലൊഗർമാരെ എന്റെ നാട്ടിൽ‌വെച്ച് കണ്ടുമുട്ടാൻ സാധിക്കുമെന്നത് എനിക്ക് വലിയ സംഭവം തന്നെയായിരുന്നു. അങ്ങനെ ഏറെനാളത്തെ കാത്തിരിപ്പിനുശേഷം ആ ഒത്തുചേരൽ ഇന്നു നടന്നു. ചെറായി കടപ്പുറത്തിനും കായലിനും ഇടയിലുള്ള അമരാവതി എന്ന റിസോർട്ടിൽ‌വെച്ച്.

അമരാവതി റിസോർട്ട് ശരിക്കും സുന്ദരമായ ഒരു ലൊക്കേഷൻ തന്നെയാണ്. ഒരു വശം കടലും മറുവശം കായലും.


ദീരസ്ഥലങ്ങളിൽ നിന്നുള്ള പല ബ്ലോഗർമാരും തലേദിവസം തന്നെ ചെറായിയിൽ എത്തിയിരുന്നു. രാവിലെ അവിടെ എത്തുമ്പോൾ തന്നെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നു. തൊടുപുഴയിൽ വെച്ചു പരിചയപ്പെട്ട പലരേയും വീണ്ടും കാണാനുള്ള ഒരു അവസരം കിട്ടി. സമാന്തരൻ, ചാർവാകൻ, ധനേഷ്, മുരളിക, എഴുത്തുകാരി, പ്രിയ, പാവത്താൻ, ചാണക്യൻ, നാട്ടുകാരൻ, അനിൽ@ബ്ലോഗ്, അങ്ങനെ പലരേയും വീണ്ടും കാണാനും സൗഹൃദം പുതുക്കാനും സാധിച്ചു.
ചെറിയ ഇടവേളയ്ക്കുശേഷം വീണ്ടും കണ്ടുമുട്ടിയതിന്റെ സന്തോഷം ആയിരുന്നു മിക്കവാറും എല്ലാവർക്കും . ആദ്യമായി ഈ ബ്ലോഗ് സംഗമത്തിന് എത്തിയവർക്കും ഇതുവരെ നേരിൽ കണ്ടിട്ടില്ലാത്ത് ബ്ലോഗ് സുഹൃത്തുക്കൾക്കും നേർക്കാഴ്ചയുടെ ആദ്യ അനുഭവം സന്തോഷത്തിന്റേയും വിസ്മയത്തിന്റേതും എല്ലാം ആയിരുന്നു.
പത്തുമണിയ്ക്ക് മുൻ‌പേതന്നെ രെജിസ്‌ട്രേഷൻ കൗണ്ടർ തയ്യാർ.



സൗഹൃദസംഗമത്തിന്റെ വേദിയായ ഹാൾ
സമയം കടന്നുപോവുന്നതനുസരിച്ച് കൂടുതൽ ബ്ലോഗർമാർ സമ്മേളനസ്ഥലത്തേയ്ക്ക് എത്തിക്കൊണ്ടിരുന്നു. പരിചയപ്പെടലിന്റെ തിരക്കായിരുന്നു പിന്നെ. ബൂലോകത്തെ ഒട്ടനവധി വ്യക്തികളെ പരിചയപ്പെടാൻ ഈ സംഗമത്തിലൂടെ സാധിച്ചു. മുള്ളൊർക്കാരൻ, ജി മനു, പൊങ്ങും‌മൂ‍ടൻ, തോന്ന്യവാസി, നാസ്, കാർട്ടൂണിസ്റ്റ്, ഹരി, നന്ദകുമാർ, അങ്കിൾ, കേരള ഫാർമർ, ശ്രീ, വല്ല്യമ്മായി, തറവാടി, ബിന്ദു കെ പി, പിരിക്കുട്ടി, ചിത്രകാരൻ, വള്ളായനി വിജയൻ, മണിസർ, ബിലാത്തിപട്ടണം, വാഴക്കോറടൻ, സിബു ജി ജെ, ഷിജു അലക്സ്, അപ്പു, ഷിജു, യാരിദ്, ജുനൈദ്, പകൽക്കിനാവൻ, അരുൺ കായം‌കുളം, കിച്ചു, അങ്ങനെ പല ബ്ലൊഗർമാരേയും നേരിൽ കാണാനും പരിചയപ്പെടാനും സാധിച്ചു. ആകെ 75ഓളം ബ്ലൊഗർമാരും ചിലരുടെ കുടുംബവും. നൂറിലധികം ആളുകൾ ഈ സംഗമത്തിൽ എത്തിയിരുന്നു. ഔദ്യോഗീകമായ പരുപാടികൾ ആരംഭിക്കുന്നതുൻ മുൻ‌പേ ചെറിയ ചായ സൽക്കാരം ഉണ്ടായിരുന്നു. പ്രവാസികൾക്കായി ലതിചേച്ചി പ്രത്യേകം കൊണ്ടുവന്ന ചക്കപ്പഴവും, ചക്കകുമ്പിളും ഇതിൽ പ്രത്യേക ആകർഷണമായിരുന്നു.

പത്തരയോടെ തന്നെ ഔദ്യോഗീകമായ പരിപാടി ആരംഭിച്ചു. എല്ലാവരും സമ്മേളന വേദിയിലേയ്ക്ക്.
ഓരോരുത്തരായിൽ സ്വയം പരിചയപ്പെടുത്തലായിരുന്നു ആദ്യം. അതിന്റെ ചിലചിത്രങ്ങൾ


പരിചയപ്പെടലിനെ തുടർന്ന് മലയാളം ബ്ലോഗിൽ‌നിന്നുള്ള പ്രഥമ സംഗീത സംരംഭമായ ഈണം എന്ന ആഡിയോ സി ഡിയുടെ ഔപചാരികമായ പ്രകാശന കർമ്മം നിർവ്വഹിക്കപ്പെട്ടു. സംഗീതം ബ്ലോഗുകൾ ചെയ്യുന്ന ഒരു സംഘമ സുഹൃത്തുക്കളുടെ ശ്രമഫലമായ കുറച്ച് നല്ല ഗാനങ്ങളുടെ ഈ സമാഹാരത്തിന്റെ പ്രകാശനം അനേകം ആളുകളെ തന്റെ ആദ്യാക്ഷരി എന്ന ബ്ലോഗിലൂടെ മലയാളം ബ്ലോഗിന്റെ വിവിധവശങ്ങൾ പഠിപ്പിക്കുന്ന അപ്പു എന്ന ബ്ലോഗർ നിർവ്വഹിച്ചു. അപ്പുവിൽ നിന്നും ഈ സി ഡി യുടെ ഒരു കോപ്പി ഏറ്റുവാങ്ങിയത് ഈ സുഹൃദ്സംഗമം ഇവിടെ നടത്തുന്നതിനാവശ്യമായ എല്ലാ സഹായങ്ങളും നൽകിയ ഇത് യാഥാർഥ്യമാക്കാൻ അക്ഷീണം യത്നിച്ച ശ്രീ സുഭാഷ് ചേട്ടനാണ്.
ബ്ലോഗ് രംഗത്തുള്ള സുഹൃത്തുക്കളുടെ തന്നെ ചില പുസ്തകങ്ങളുടെ വിതരണവും ഇതോടൊപ്പം നടന്നു.
തുടർന്ന് ഈ സംഗമത്തിലെ മറ്റൊരു പ്രധാന ആകർഷണമായി മാറിയ കാരിക്കേച്ചർ രചന ആയിരുന്നു. കാർട്ടൂണിസ്റ്റ് എന്ന ബ്ലോഗ് നാമത്തിൽ പ്രസിദ്ധനായ സജീവേട്ടൻ ജി. മനുവിന്റെ കാരിക്കേച്ചർ വരച്ചുകൊണ്ടാണ് ഇതു തുടങ്ങിയത്.

തുടർന്ന് വിശ്രമമില്ലാത്ത മണിക്കൂറുകളായിരുന്നു അദ്ദേഹത്തിന്. ഈ സുഹൃദ്സംഗമത്തിൽ എത്തിയ മിക്കവാറും എല്ലാവരുടേയും കാരിക്കേച്ചർ അദ്ദേഹം വരച്ചു.
തുടർന്ന് ബിലാത്തിപട്ടണം എന്ന ബ്ലൊഗറുടെ മാജിക്കായിരുന്നു. അഞ്ചുരൂപാനാണയം ഉപയോഗിച്ചും മുറിച്ച കയർ കഷണങ്ങൾ കൂട്ടിയോജിപ്പിച്ചും ഉള്ള തന്റെ മാജിക്കിലൂടെ അദ്ദേഹം സദസിനെ സ്തബ്ദരാക്കി. അതിനു ശേഷം ഉച്ചഭക്ഷണത്തിനായി എല്ലാവരും റിസോർട്ടിന്റെ റസ്‌റ്റോറന്റിലേയ്ക്. അവിടെ വിഭവസമൃദ്ധമാ‍ായ ഭക്ഷണം തയ്യാറായിരുന്നു.
കരിമീൻ വറുത്തതും

മീൻ‌കറിയും
കോഴിക്കറിയും
മനോജേട്ടന്റെ (നിരക്ഷരൻ) വീട്ടിൽനിന്നും കൊണ്ടുവന്ന കൊഞ്ചുവടയും
പുളിശ്‌ശേരിയും, സാമ്പാറും, കാബേജ് തോരനും, പയർ മെഴുക്കുപുരട്ടിയും, അച്ചാറും, പപ്പടവും, ലതിചേച്ചിയുടെ സ്‌പെഷ്യൽ കണ്ണിമാങ്ങാക്കറിയും എല്ലാം ചേർന്ന വിഭവസമൃദ്ധമായ ഉച്ചയൂണ്.
ഇഷ്ടപ്പെടാത്തവർ ആരും തന്നെ കാണില്ല. ഊണിനു ശേഷം ഫ്രൂട്ട് സലാഡും.
ഊണുകഴിഞ്ഞ് തിരിച്ചെത്തിയിട്ടും സജീവേട്ടന് വിശ്രമം ഇല്ലായിരുന്നു.
തുടർന്ന് വിവിധകലാപരിപാടികൾ ആയിരുന്നു. മോണോആക്റ്റും, കവിതാപാരായണവും, നാടൻപാട്ടും എല്ലാം ഈ സംഗമത്തെ അവിസ്മരണീയമാക്കി. ഒട്ടനവധി ബ്ലോഗർമാരെ നേരിൽകാണാനും പരിചയപ്പെടാനും സാധിച്ചു എന്നതുമാത്രമല്ല ആശയപരമായി പല ധ്രുവങ്ങളിൽ നിൽക്കുന്ന, ബ്ലോഗിലെ ചർച്ചകളിൽ ശക്തമായ വിരുദ്ധനിലപാടുകൾ ഉള്ള, ബ്ലൊഗുകളിലൂടെ പർസ്പരം കടിച്ചുകീറുന്ന പല ബ്ലോഗർമാരും വളരെ സൗഹാർദ്ദപരമായി സംസാരിക്കുന്നതും ആശംസകൾ കൈമാറുന്നതും കാണാൻ സാധിച്ചു.

ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു അനുഭവം തന്നെയാണ് ഈ സുഹൃദ്സംഗമം. ഇനിയും വല്ലപ്പോഴുമെങ്കിലും ഇത്തരം ഒത്തുചേരലുകൾ സാധ്യമാവും എന്ന പ്രത്യാശയോടെ എല്ലാവരും 3:30 ഓടെ പിരിഞ്ഞു.

25 June 2009

അക്ഷന്തവ്യം ഈ അലംഭാവം

പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായ അലംഭാവം ഒരു വ്യക്തിയുടെ ജീവൻ നഷ്ടപ്പെടാനിടയാക്കിയ സാഹചര്യം ആണ് ഈ പോസ്‌റ്റെഴുതാൻ എന്നെ പ്രേരിപ്പിച്ചത്. പത്രവാർത്തകളിൽ നിന്നും മനസ്സിലാക്കുന്നത് ഇങ്ങനെയാണ്. മദ്യപിച്ച് വാഹനമോടിച്ചു എന്നാരോപിച്ച് പോലീസ് കസ്റ്റഡിയിൽ എടുത്ത വ്യക്തി യഥാസമയം വൈദ്യസഹായം കിട്ടാത്തതിനെ തുടർന്ന് മരിച്ചു. സംഭവം നടക്കുന്നത കഴിഞ്ഞ വ്യാഴാഴ്ചയാണ്. പിതാവിനെ സന്ദർശിച്ച ശേഷം കാക്കനാട്ടുള്ള ക്വാർട്ടേഴ്സിലേയ്ക്ക് മടങ്ങുകയായിരുന്നു പാലക്കാട് സെൻ‌ട്രൽ എൿസൈസ് അസിസ്റ്റന്റ് കമ്മീഷണർ ശ്രീ ഉമേഷ്. യാത്രക്കിടയിൽ അദ്ദേഹത്തിന്റെ രക്തസമ്മർദ്ദം കൂടുകയും അദ്ദേഹം ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ഒരു ഓട്ടോറിക്ഷയിലും കാലനടയാത്രക്കാരിയായ ഒരു സ്ത്രീയുടെ ദേഹത്തും ഇടിച്ചശേഷം നിൽക്കുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഞാറയ്ക്കൽ പോലീസ് കാറിൽ അബോധാവസ്ഥയിൽ ഛർദിച്ച് കിടക്കുകയായിരുന്ന ഉമേഷിനെ സ്‌റ്റേഷനിൽ എത്തിക്കുകയും മദ്യപിച്ചതാണെന്ന ധാരണയിൽ രണ്ടരമണിക്കൂറോളം സ്‌റ്റേഷനിൽ ഇരുത്തി. ഇതിനിടയിൽ അദ്ദേഹത്തിന്റെ ഭാര്യ അദ്ദേഹത്തെ മൊബൈൽ ഫോണിൽ വിളിക്കുകയും ഇത് അറ്റന്റ് ചെയ്ത് പോലീസ് ആൾ സ്‌റ്റേഷനിൽ പോലീസ് കസ്റ്റഡിയിലാണെന്ന് അറിയിക്കുകയും ചെയ്തു. ഭർത്താവ് രക്തസമ്മർദ്ദം ഉള്ള ആളാണെന്നും അദ്ദേഹം സെൻ‌ട്രൽ എൿസൈസ് അസിസ്റ്റന്റ് കമ്മിഷണർ അണെന്നും ഉള്ള വിവരം അവർ പോലീസിനെ അറിയിക്കുകയും ചെയ്യുന്നു. അപ്പോൾ മാത്രമാണ് കസ്റ്റഡിയിൽ എടുത്ത വ്യക്തിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാ‍ക്കാൻ പോലീസ് തയ്യാറാവുന്നത്. എന്നാൽ അപ്പോഴേക്കും രണ്ടരമണിക്കൂർ കഴിഞ്ഞിരുന്നു. ഈ സമയം കൊണ്ട് ഉയർന്ന രക്തസമ്മർദ്ദം മൂലം ശ്രീ ഉമേഷിന്റെ മസ്തിഷ്കത്തിൽ രക്തസ്രാവം ഉണ്ടാവുകയും രക്തം കട്ടപിടിച്ചതിനെ തുടർന്ന് സ്ഥിതി കൂടുതൽ ഗുരുതരമാവുകയും ചെയ്തിരുന്നു. ഞാറയ്ക്കൽ ഗവണ്മെന്റെ ആശുപത്രിയിൽ എത്തിച്ച അദ്ദേഹത്തെ ഉടനെ എറണാകുളത്തേയ്ക്ക് മാറ്റാൻ ഡോൿടർ നിർദ്ദേശിക്കുകയും അദ്ദേഹത്തെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ ഇന്നലെ അദ്ദേഹം അന്തരിച്ചു. അദ്ദേഹത്തിന് വൈദ്യസഹായം ലഭ്യമാക്കുന്നതിൽ ഉണ്ടായ കാലതാമസം ആണ് പ്രധാനമായും മരണകാരണം.

വൈപ്പിനിൽ ഞാറയ്ക്കൽ പോലീസ്‌റ്റേഷന് ഒന്നരകിലോമീറ്റർ ചുറ്റളവിൽ ഒരു ഗവണ്മെന്റ് ആശുപത്രി ഉൾപ്പടെ മൂന്ന് ആശുപത്രികളാണുള്ളത്. അപകടം നടന്ന മനാട്ടുപറമ്പിനും ഞാറയ്ക്കൽ പോലീസ് സ്‌റ്റേഷനും ഇടയ്ക്ക് ഒരു ഗവണ്മെന്റ് ആശുപത്രിയും ഒരു സ്വകാര്യ ആശുപത്രിയും ഉണ്ട്. ഇവയുടെയെല്ലാം മുൻപിലൂടെയാണ് ശ്രീ ഉമേഷിനെ പോലീസ്‌റ്റേഷനിൽ എത്തിച്ചത്. എന്നാൽ വൈദ്യസഹായം ലഭ്യമാക്കേണ്ടതില്ലെന്നും ആൾ മദ്യപിച്ചതു തന്നെയാണെന്നും ഉള്ള മുൻ‌വിധിയായിരുന്നു പോലീസിനുണ്ടായിരുന്നത്. മദ്യപിച്ച് വാഹനമോടിച്ചതാണെങ്കിൽ പോലും എത്രയും പെട്ടന്ന് അത് ബ്രീത്ത് അനലൈസർ ഉപയോഗിച്ച ഉറപ്പുവരുത്തണം എന്ന് നിയമം അനുശാസിക്കുന്നു. ഇപ്രകാരം കസ്റ്റഡിയിൽ എടുക്കുന്ന വ്യക്തി അബോധാവസ്ഥയിലാണെങ്കിൽ ആവ്യക്തിയെ അടിയന്തിരമായി വൈദ്യപരിശോധനയ്ക്ക് വിധേയനാക്കേണ്ടതാണെന്നും വ്യവസ്ഥയുണ്ട്. എന്നാൽ ഈ ചട്ടങ്ങളെല്ലാം ഇവിടെ ലംഘിക്കപെടുകയായിരുന്നു. പോലീസിന്റെ ഭാഗത്തുനിന്നും ഉള്ള അനാസ്ഥതന്നെയാണ് ഈ ജീവൻ നഷ്ടപ്പെടാൻ കാരണം.

സംഭത്തെക്കുറിച്ച് മനുഷ്യാവകാശകമ്മീഷൻ സ്വമേധയാ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടാതെ പോലീസ് തലത്തിലുള്ള അന്വേഷണം ഐ ജി ശ്രീ വിൻസന്റ് എം പോൾ നടത്തുമെന്ന് ആഭ്യന്തരമന്ത്രി ശ്രീ കോടിയേരി ബാ‍ലകൃഷ്ണൻ അറിയിച്ചിട്ടുണ്ട്. ഈ അന്വേഷണങ്ങൾ കുറ്റക്കാർക്ക് ശരിയായ ശിക്ഷ നൽകുമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സഹായകമാകുമെന്നും പ്രത്യാശിക്കാം.

8 June 2009

മഴപെയ്താൽ മുങ്ങുന്ന ബസ്‌റ്റേഷൻ

ദീർഘമായ ഒരു യാത്രയ്ക്കു ശേഷം രാത്രി വളരെ വൈകി 1:30-നാണ് ഞാൻ ശനിയാഴ്ച രാത്രി എറണാകുളം കെ എസ് ആർ ടി സി ബസ്റ്റാന്റിൽ എത്തുന്നത്. ജോലി സംബന്ധമായി പീരുമേടിൽ പോയി അവിടത്തെ മഴയും കോടയും എല്ലാം അനുഭവിച്ച് തണുത്തുവിറച്ച് ഒരു വിധം കോട്ടയം ബസ്റ്റാന്റിലും അവിടെ നിന്നും അവസാനത്തെ എറണാകുളം ബസ്സിൽ കയറി രാത്രി 1:30ന് എറണാകുളത്തും എത്തി. യാത്രയിൽ മിക്കവാറും എല്ലാ സ്ഥലത്തും സാമാന്യം നന്നായി മഴ പെയ്യുന്നുണ്ടായിരുന്നു. എറണാകുളത്ത് എത്തിയപ്പോഴേയ്ക്കും മഴ ശമിച്ചിരുന്നു. ശനിയാഴ്ച രാത്രികളിൽ പൊതുവെ തിരക്കു കൂടുതൽ കാണേണ്ടതാണ്. പതിവിനു വിപരീതമായി വളരെ ശൂന്യമായിരുന്നു ബസ്റ്റാന്റ്.
ആകെ വിരലിൽ എണ്ണാവുന്ന യാത്രക്കാർ മാത്രമാണ് അപ്പോൾ ബസ്‌റ്റേഷനിൽ ഉണ്ടായിരുന്നത്. കെ എസ് ആർ ടി സി യെ “ലാഭകരമാക്കാൻ” സ്വകാര്യ ബസ് മുതലാളിമാരെ കടത്തിവെട്ടുന്ന രീതിയിൽ ശ്രീ മാത്യു ടി തോമസ് എടുത്ത നടപടികൾമൂലം ഞങ്ങൾ വൈപ്പിൻ പറവൂർ മേഖലയിൽ ഉള്ളവർക്ക് രാത്രികാലങ്ങളിൽ ഇപ്പോൾ കെ എസ് ആർ ടി സിയും പ്രയോജനപ്രദമല്ല. മുൻപ് 12:10നും, 1 മണിക്കും പറവൂർ വഴിയുണ്ടായിരുന്ന സർവീസുകൾ ലാഭകരമല്ല എന്ന കാരണം പറഞ്ഞ് നിറുത്തലാക്കിയത് മാത്യു ടി തോമസിന്റെ കാലഘട്ടത്തിലാണ്. രാത്രികാലങ്ങളിലെ ഇത്തരം ഓർഡിനന്രി സർവീസുകൾ നിറുത്തലാക്കി സൂപ്പർ ഫാസ്റ്റ് ഉൾപ്പടെയുള്ള ബസുകൾക്ക് യാത്രക്കാർ ആവശ്യപ്പെടുന്ന എല്ലാ സ്ഥലത്തും സ്‌റ്റോപ്പ് അനുവദിക്കുകയുമാണ് ഈ മാന്യദേഹം ചെയ്തത്. അതു വഴി യാത്രക്കാർക്ക് സാമ്പത്തിക നഷ്ടവും കെ എസ് ആർ ടി സി ക്ക് കൊള്ള ലാഭവും. സീറ്റിങ്ങ് കപ്പാസിറ്റിയിൽ മാത്രം യാത്രകാർ അനുവദിക്കപ്പെട്ടിട്ടുള്ള ഇത്തരം സർവീസുകൾ പകൽ പലപ്പോഴും ആളെ കുത്തിനിറച്ചണല്ലൊ സർവ്വീസ് നടത്തുന്നത്. ഇത്രക്കെല്ലാം യാത്രക്കാരെ പിഴിഞ്ഞിട്ടും യാത്രക്കാർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നൽകാൻ ഇക്കൂട്ടർ ശ്രദ്ധിക്കുന്നില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ശനിയാഴ്ച രാത്രിയിൽ കണ്ട എറണാകുളം കെ എസ് ആർ ടി സി ബസ്‌റ്റേഷൻ. ശക്തമാ‍യ ഒരു മഴ പെയ്താൽ മുഴുവൻ വെള്ളവും ബസ്‌റ്റേഷന്റെ അകത്ത് സംഭരിക്കപ്പെടും.
മുൻ‌കാലങ്ങളിൽ ബസുകൾ പാർക്ക് ചെയ്യുന്ന സ്ഥലവും വെള്ളക്കെട്ടിൽ ആകുമായിരുന്നു. എന്നാൽ വർഷങ്ങൾക്ക് മുൻ‌പ് ഇവിടം കോൺ‌ക്രീറ്റ് ചെയ്ത് പൊക്കിയതിനാൽ അത് ഒഴിവായി. എന്നാൽ ബസ്‌റ്റേഷന്റെ കെട്ടിടത്തിനകത്ത് ഇരച്ചു കയറുന്ന വെള്ളം ഒഴിവാക്കാ‍ൻ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. കച്ചവടസ്ഥാപനങ്ങളും ഒഫീസ് മുറികളും എല്ലാം വെള്ളത്തിൽ തന്നെ.
അന്വേഷണ കൗണ്ടറിൽ പോലും നീന്തിക്കടക്കാതെ എത്താൻ കഴിയാത്ത അവസ്ഥ. ഇതിനുള്ളിൽ തന്നെയാണ് ജീവനക്കരുടെ വിശ്രമത്തിനുള്ള സ്ഥലവും. മറ്റുപലതിലും ശക്തിയുക്തം പ്രതികരിക്കുന്ന തൊഴിലാളി യൂണിയനുകൾ ഇതിൽ മൗനം പാലിക്കുന്നതെന്തെന്നു മനസിലാവുന്നില്ല.
പോലീസ് സഹായവിഭാഗം

വെള്ളത്തിൽ മുങ്ങിയ വോൾവോ പരസ്യം.
യാത്രക്കാർക്ക് വിശ്രമിക്കുന്നതിനുള്ള ബഞ്ചുകൾ. അതും വള്ളത്തിൽ തന്നെ. രാത്രിസർവീസ് പലതും നിറുത്തലാക്കിയതു മൂലം ബസ്‌റ്റേഷനിൽ പെട്ടുന്ന യാത്രക്കാ‍രുടെ ദുരിതം ഇരട്ടിയാക്കുന്നു ഈ വെള്ളക്കെട്ട്. നേരം പുലരുന്നതു വരെ നിന്നു കഴിച്ചുകൂട്ടേണ്ട ഗതികേടിലാണ് യാത്രക്കാർ. മലിന ജലവും, മഴവെള്ളവും എല്ലാം കൂടിക്കലർന്ന ഈ വെള്ളത്തിൽ ഇറങ്ങിയാൽ തന്നെ കാൽ ചൊറിയാൻ തുടങ്ങും. എറണാകുളത്തിന്റെ എല്ലാ മാലിന്യവും ഈ വെള്ളത്തിൽ അടങ്ങിയിരിക്കും.
അന്തർസംസ്ഥന ബസുകളുടെ ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഓഫീസിനോടു ചേർന്ന് യാത്രക്കാർക്ക് വിശ്രമിക്കാൻ ഒരുക്കിയിട്ടുള്ള ഇരിപ്പിടങ്ങൾ. ഇവയ്ക്കു പിന്നിലായി ഭിത്തിയിൽ വെള്ളം ആദ്യം ഉണ്ടായിരുന്ന് നില അറിയാം. ഞാൻ ഇവിടെ എത്തുമ്പോൾ ഏകദേശം അരയടിയ്ക്കു മേൽ വെള്ളം ഉണ്ടായിരുന്നു. യാത്രക്കാരെ പരമാവധിപിഴിയുകയും മിക്കവാറും എല്ലാ നിയമങ്ങളും പരസ്യമായി ലംഘിക്കുകയും ചെയ്യുന്ന ഈ സർക്കാർ പൊതുമേഖലാ സ്ഥാപനം എന്നെങ്കിലും ഗതിപിടിക്കും എന്ന പ്രത്യാശ എനിക്കില്ല.

കെ എസ് ആർ ടി സിയെ സംബന്ധിക്കുന്ന കെ എസ് ആർ ടി സി യുടെ ജനദ്രോഹങ്ങൾ എന്ന പഴയ ഒരു പോസ്റ്റിലേയ്ക്കും നിങ്ങളൂടെ ശ്രദ്ധക്ഷണിക്കുന്നു.

26 May 2009

തൊടുപുഴയിലെ ഒത്തുചേരൽ | Thodupuzha Blog Meet

ബൂലോകത്തിൽ എത്തിയമുതൽ ഉള്ള ഒരു ആഗ്രഹമായിരുന്നു ഇവിടെയുള്ള ചിലരെയെങ്കിലും നേരിൽ കാണണം എന്നത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയ്ക്ക് ചിലരെയെല്ലാം ഓർക്കുട്ടിലൂടെയും, ചാറ്റിലൂടെയും പരിചയപ്പെട്ടെങ്കിലും നേരിൽ കണ്ടത് വിരലെണ്ണവുന്ന ചിലരെ മാത്രം. കൂടുതൽ ബ്ലോഗർമാരെ പരിചയപ്പെടണം എന്ന ആഗ്രഹവുമായി ഇരിക്കുമ്പോഴാണ് ബ്ലോഗർമാരുടെ ഒരു സംഗമം സംഘടിപ്പിക്കുന്നതിനെക്കുറിച്ച് രണ്ടുമാസം മുൻപ് ഹരീഷ്‌ചേട്ടൻ വിളിച്ചു പറഞ്ഞത്. ബ്ലോഗിൽ വരുന്നതിനും മുൻപേതന്നെ ഹരീഷ്‌ചേട്ടനെ പരിചയപ്പെട്ടിരുന്നു. അതിനു ശേഷം പലപ്പോഴും തൊടുപുഴയിൽ പോയിട്ടുമുണ്ട് എന്നാലും ഹരീഷ്‌ചേട്ടനെ നേരിട്ടുകാണാൻ സാധിച്ചിരുന്നില്ല. ഈ വിവരം ഹരീഷ്‌ചേട്ടൻ പറഞ്ഞപ്പോഴെ വളരെ സന്തോഷമായി. കുറച്ചുപേരെ നേരിൽ കാണാമല്ലൊ. എന്നാൽ വിവാഹത്തിരക്കുകൾ മൂലം ഇതിനെപറ്റി ഒന്നും അറിയാൽ സാധിച്ചില്ല. സത്യം പറഞ്ഞാൽ കഴിഞ്ഞ മൂന്നു മാസമായി ബൂലോകത്തേയ്ക്കു തന്നെ കടന്നിട്ടില്ല. അങ്ങനെ കല്ല്യാണവും വിരുന്നുമായി നടക്കുന്നതിനിടയിൽ ഒരു ദിവസം ഓർക്കുട്ടിൽ കയറിയപ്പോൾ ഹരീഷേട്ടന്റെ ഒരു സ്ക്രാപ്. തൊടുപുഴയിൽ ബ്ലോഗ് മീറ്റ് നടക്കാൻ പോവുന്നു. വലിയ സന്തോഷം തോന്നി. എനിക്കും പങ്കെടുക്കാൻ സാധിക്കുന്ന ഒരു സമയത്താണ്. തീർച്ചയായും ഞാനും എത്തുമെന്ന് ഹരീഷേട്ടനെ അറിയിച്ചു. ഒരാഴ്ചമുൻപ് കൂടി ഹരീഷ്‌ചേട്ടൻ വിളിച്ച് മീറ്റിന്റെ കാര്യം ഓർമ്മിപ്പിച്ചു.

തൊടുപുഴ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു സംഗമം. പത്തുമണിയ്ക്കു പരിപാടി തുടങ്ങുന്നതിനു മുൻപുതന്നെ എത്തണം എന്നു കരുതിയതാണ്. എന്നാൽ ഈ ആഴ്ച നല്ല ജോലിത്തിരക്കും കുറേയാത്രകളും ഉണ്ടായിരുന്നതിനാൽ എഴുന്നേൽക്കാൻ അല്പം വൈകി. വീട്ടിൽ നിന്നും പുറപ്പെട്ട് തൃപ്പൂണിത്തുറയിൽ എത്തിയപ്പോൾ ലതിചേച്ചിയുടെ ഫോൺ വന്നു. അപ്പോൾ സമയം പത്തു മണി കഴിഞ്ഞിരുന്നു. അവിടെ കുറച്ചു പേർ എത്തിയിരിക്കുന്നു. എനിക്ക് അതോടെ ആധിയായി. ഞാൻ അവിടെ എത്തുമ്പോഴേക്കും പരിപാടികൾ എല്ലാം കഴിയുമോ? ആധിയോടെ ഞാൻ യാത്ര തുടർന്നു. സമയം പതിനൊന്നര ആവുന്നു വീണ്ടും ഫോൺ. ഇത്തവണ ഹരീഷ്‌ചേട്ടനാണ്. ഞാൻ അപ്പോൾ തൊടുപുഴയ്ക്ക് മൂന്നു കിലോമീറ്റർ മുൻപ് എത്തിയിരുന്നു. പത്തുമിനിട്ടിനുള്ളിൽ ഞാൻ ഹാളിൽ എത്തി. മുകളിലെയ്ക്കുള്ള പടികൾ കയറുമ്പോൾ മുൻപിൽ ഒരാൾ നിൽക്കുന്നു. ഹാൾ മുകളിലാണോ? ഞാൻ ചോദിച്ചു. അതെ ആരാ പരിചയപ്പെട്ടിട്ട് പോകാം. അതായിരുന്നു മറുപടി. ഞാൻ മണികണ്ഠൻ. ഞാൻ പറഞ്ഞു. പക്ഷെ മറുഭാഗത്തുനിന്നുള്ള മറുപടി എന്നെ ഞെട്ടിച്ചു. ഹലോ ഞാൻ ചാണക്യൻ. ചാണക്യന്റെ പല പോസ്റ്റുകളും ഞാൻ വായിച്ചിട്ടുണ്ട്. ആ കണ്ണുകൾക്ക് പുറകിലെ മനുഷ്യനെ കാണണമെന്നും ആഗ്രഹവും ഉണ്ടായിരുന്നു. എന്നാൽ അതിങ്ങനെ പെട്ടന്ന് സാധിക്കും എന്ന് ഞാൻ കരുതിയില്ല. പിന്നെ ഓരോ പരിചയപ്പെടലും പല പ്രതീക്ഷകളും തെറ്റിക്കുന്നതായിരുന്നു. ബൂലോകത്ത് നേരിട്ടു കണ്ടിട്ടുള്ളവരിൽ അവിടെ ഉണ്ടായിരുന്നത് മനോജേട്ടനും, ലതിചേച്ചിയും മാത്രം. ബാക്കി എല്ലാവരേയും ആദ്യമായി കാണുകയായിരുന്നു. ഞാൻ ഹാളിൽ കയറുമ്പോൾ പരിചയമുള്ള ഒരു ശബ്ദം മൈക്കിലൂടെ കേൾക്കാം. പക്ഷേ മനോജേട്ടനെ കാണുന്നില്ലായിരുന്നു. അദ്ദേഹത്തിന്റെ ചുറ്റും ആളുകൾ. എന്തോ ഗഹനമായ ചർച്ചയാണ്. അപ്പോൾ അല്പം മാറി ഓർക്കുട്ടിൽ കണ്ട് പരിചമുള്ള ഒരു ചിത്രത്തോട് സാമ്യമുള്ള ഒരാൾ .ഞാൻ അടുത്തുചെന്നു ചോദിച്ചു അനിൽ സർ അല്ലെ. ഞാൻ സമാന്തരൻ ഇതു പോലെ താടിയുള്ള ഒരാൾ അവിടെ ഉണ്ട് അതാണ് അനിൽ. ആദ്യത്തെ ഊഹം തെറ്റിയതിൽ അല്പം ചമ്മൽ മുഖത്തു വന്നു. അത് അദ്ദേഹം ശ്രദ്ധിച്ചോ എന്നറിയില്ല. അദ്ദേഹത്തിന്റെ അടുത്തുതന്നെ നിന്നിരുന്ന പാവത്താനെയും പരിചയപ്പെട്ടു.
അപ്പോഴും അവിടെ ചർച്ച തുടരുകയായിരുന്നു. ഓരോരുത്തരെയായി പരിചയപ്പെട്ടു. ചർച്ചകളിൽ നിന്നും ഒഴിഞ്ഞു നിന്നിരുന്ന മുരളിക, ധനേഷ്, പാവത്താൻ, പിള്ളേച്ചൻ, ശിവ, മണി ഷാരത്ത്. ഈ സമയം സരികയും, ഹരീഷേട്ടനും, അനിലേട്ടനും ചിത്രങ്ങൾ അപ്പോൾ തന്നെ ഓൺലൈനിൽ അയക്കുന്നു തിരക്കിലായിരുന്നു.


വീണ്ടും ഒരുവട്ടം കൂടി വട്ടത്തിൽ ഇട്ടിരുന്നു കസേരകളിൽ എല്ലാവരും ഇരുന്നു. ബ്ലോഗ് സംഗമത്തെ കൂടുതൽ അർത്ഥവത്താക്കാൻ ചാരിറ്റി പ്രവർത്തനത്തിന്റെ ആവശ്യകതയും, ബ്ലോഗ് എന്ന മാദ്ധ്യമത്തെ കൂടുതൽ ക്രിയാത്മകമായി എടുക്കേണ്ടതിന്റെ ആവശ്യകതയും ആയിരുന്നു ചർച്ചാവിഷയങ്ങൾ. തുടർന്ന് കാപ്പിലാന്റെ നിഴൽ ചിത്രങ്ങൾ എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനം നടന്നു.

അതു കഴിയാറായപ്പോഴേയ്ക്കും ഉച്ചഭക്ഷണം എത്തി. അന്ന വിചാരം മുന്നവിചാരം എന്നാണല്ലൊ. നമുക്കു ഭക്ഷണം കഴിക്കാം എന്നായി ലതിചേച്ചി. പ്രധാന വിഭവം ബിരിയാണിയായിരുന്നു. അതു കഴിക്കാത്തവർക്ക് സാമ്പാറും. അവിയലും, തോരനും, മോരും എല്ലാം ഉള്ള ഒന്നാംതരം ഊണും ഹരീഷേട്ടൻ ഒരുക്കിയിരുന്നു. അതിനു ശേഷം ഓരൊ ഐസ്ക്രീമും. വൈകിയെത്തിയതു കൊണ്ടും പലരേയും പരിചയപ്പെടാൻ ബാക്കി ഉള്ളതുകൊണ്ടും ഭക്ഷണം രണ്ടാമത്തെ ട്രിപ്പിലാക്കം എന്ന് ഞാൻ തീരുമാനിച്ചു.

ബാബുരാജ്, ചാർവാകൻ, ശാരങ്ഗധരൻ, എഴുത്തുകാരി, സോജൻ, സുനിൽ കൃഷ്ണ, വിനയ, വഹബ്, നാട്ടുകാരൻ, പ്രിയ, കാന്താരിചേച്ചി അങ്ങനെ ഓരോരുത്തരെയായി ഭക്ഷണം കഴിക്കുന്നിടത്തുചെന്നു പരിചപ്പെട്ടു. അതിനിടയാണ് ഏറ്റവും വലിയ അബദ്ധം പറ്റിയത്. ഊണുകഴിച്ചു കൊണ്ടിരുന്ന അല്പം പ്രായം ചെന്ന സ്ത്രീയുടെ അടുത്തുചെന്നു ഞാൻ എന്റെ പരിചയപ്പെടൽ വാചകം ആവർത്തിച്ചു. ഞാൻ മണികണ്ഠൻ. ഈ പേരിൽ തന്നെ ചില ബ്ലോഗുകൾ എഴുതുന്നു. എന്താണ് ചേച്ചിയുടെ പേര്? ഏതു പേരിൽ ആണ് ബ്ലോഗ് എഴുതുന്നത്. മറുപടി തീരെ പ്രതീക്ഷിക്കാത്തതായിരുന്നു. ഞാൻ ഹരീഷിന്റെ അമ്മയാണ്. വൈകിയെത്തിയതിന്റെ ഏറ്റവും വലിയ ശിക്ഷ. അപ്പോൽ തന്നെ അമ്മയോടു ക്ഷമപറഞ്ഞ് തടിയൂരി.
ഭക്ഷണം കഴിഞ്ഞശേഷം ഞങ്ങൾ “യാത്രയിൽ” തൊമ്മൻ‌കുത്തിലേയ്ക്കുള്ള ഞങ്ങളുടെ യാത്ര ആരംഭിച്ചു. അടുത്തു ഇറങ്ങിയ വെറുതെ ഒരു ഭാര്യ എന്നചിത്രത്തിൽ ജയറാമും സംഘവും വിനോദയാത്ര പോയ ബസ്സാണിതെന്നു ഹരീഷേട്ടൻ പറഞ്ഞു. നാട്ടുകാരന്റെ സ്ഥലവിവരണങ്ങളോടെ ഞങ്ങൾ യാത്ര ആരംഭിച്ചു. മുതലക്കൂടം പള്ളി. ഹെയർ പിൻ വളവുകൾ, ഐപ്പുചേട്ടൻ, ചേട്ടന്റെ ഡ്രൈവിങ് മികവിൽ ആകൃഷ്ടയായി ചേട്ടനോടൊപ്പം നാടുവിട്ട പത്താം ക്ലാസുകാരി, വെറുതെ ഒരു ഭാര്യ ചിത്രീകരിച്ച വീട് അങ്ങനെ എല്ലാം “നാട്ടുകാരൻ” സരസമായിതന്നെ പരിചയപ്പെടുത്തി.
തൊമ്മൻ‌കുത്തിൽ എത്താറായപ്പോൾ വീണ്ടും ഹരീഷേട്ടൻ ഞങ്ങളെ തൊമ്മൻ‌കുത്തിൻലെ അപകടത്തെപ്പറ്റി ഓർമ്മപ്പെടുത്തി. ധാരാളം കുഴികളും അടിയൊഴുക്കും ഉള്ള സ്ഥലമാണ് അതുകൊണ്ട് ആരും വെള്ളത്തിൽ ഇറങ്ങരുത്. തുടർന്ന് തൊമ്മൻ കുത്തിന് ആ പേരുവന്ന ചരിത്രവും നാട്ടുകാരൻ തന്നെ പറഞ്ഞുതന്നു.
അങ്ങനെ ഞങ്ങൾ തൊമ്മൻ‌കുത്തിൽ എത്തി. വണ്ടിയിൽ നിന്നിറങ്ങി നടത്തം ആരംഭിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തതുമൂലം അല്പം ശക്തമായിതന്നെ വെള്ളം ഒഴുന്നുണ്ട്.
ടിക്കറ്റെടുത്ത് അകത്തു കടന്നാൽ ആദ്യം കാണുന്നത് തൊമ്മൻ‌കുത്തിലെ പ്രധാന സ്ഥലങ്ങളെക്കുറിച്ചുള്ള ടൂറിസം വകുപ്പിന്റെ അറിയിപ്പാണ്. അവിടെ നിന്നും പതിമൂന്നു കിലോമീറ്റർ അകലെയാണ് ഈ ആറിന്റെ ഉത്ഭവസ്ഥാനം. കാളിയാർ ആണ് ഇതെന്നാണ് എന്റെ ഓർമ്മ. എന്തായാലും അത്രയും നടക്കാൻ ഞങ്ങൾക്ക് ഉദ്ദേശം ഇല്ലായിരുന്നു.

കാടിന്റെ ഭംഗി ആസ്വദിച്ച് ഞങ്ങൾ പതുക്കെ നടത്തം തുടങ്ങി. നല്ല മഴക്കാറുണ്ടായിരുന്നെങ്കിലും ഞങ്ങൾ മടങ്ങുന്നതുവരെ മഴ പെയ്തില്ല. അത് ഒരു വലിയ ഭാഗ്യമായി.
ഉരുളൻ കല്ലുകളിൽ തട്ടിവീഴാതെ സൂക്ഷിച്ച് അങ്ങനെ മുൻപോട്ട്.
ഇടയ്ക്ക് ചെറിയ ശക്തിയായി ഒഴുകുന്ന ആറിന്റെ ഭംഗിയും, ചെറിയ വെള്ളച്ചാട്ടങ്ങളും എല്ലാം സന്തോഷം പ്രദമായിരുന്നു. മനസ്സിനു ശാന്തി നൽകുന്ന നല്ല ഒരു അന്തരീക്ഷം.
ചെറിയ വെള്ളക്കെട്ടുകളും, പാറക്കൂട്ടങ്ങളും ശ്രദ്ധാപൂർവ്വം കടന്ന് മുൻപോട്ട്........

മുൻപോട്ട്.......
അങ്ങനെ ഒടുവിൽ ഞങ്ങൾ ലക്ഷ്യസ്ഥാനത്തെത്തി. വളരെ മനോഹരമായ ഒരു ദൃശ്യം. ഹരീഷ്‌ചേട്ടന്റെ മുന്നറിയിപ്പ് മനസ്സിൽ ഉണ്ടായിരുന്നെങ്കിലും ഒരല്പം നേരം ആ വെള്ളത്തിൽ ഇറങ്ങിക്കിടക്കാൻ ആഗ്രഹം ഉണ്ടായിരുന്നു.
അവിടെ കുറച്ചു നേരം ചിലവൊഴിച്ചു. എല്ലാവരും ചേർന്ന് രണ്ടു ചിത്രങ്ങൾ എടുത്തു. അതു ഹരീഷ്‌ചേട്ടന്റെ ബ്ലോഗിൽ കാണാം.

ശക്തമായ ചാട്ടത്തിനുശേഷം ശാന്തമായി ഒഴുകുന്ന കാളിയാർ. ഈ കാഴ്ചകളിൽ നിന്നും പെട്ടന്ന് തിരിച്ചുവരാൻ തോന്നിയില്ല. പക്ഷെ മഴയുടെ നല്ല ലക്ഷണം. എപ്പോൾ വേണമെങ്കിലും മഴ പെയ്യാം. അതുകൊണ്ട് മടക്കയാത്ര ആരംഭിച്ചു.
തിരികെ യാത്രയിലേയ്ക്ക്. ഒരിക്കലും മറക്കാൻ സാധിക്കാത്ത ചിത്രങ്ങൾ സമ്മാനിച്ച തൊമ്മൻ‌കുത്തിലേയ്ക്ക് ഇനിയും എപ്പോഴെങ്കിലും മടങ്ങി ചെല്ലണം എന്ന് ആഗ്രഹത്തോടെ മടക്കം.
ലതിചേച്ചിയുടെയും, വിനയ മാഡത്തിന്റേയും കവിതകളും സുനിൽ കൃഷ്ണന്റെ നാടകഗാനവും മുരളികയുടെ കമന്റുകളും കണ്ണന്റെ സുകുമാർ അഴീക്കോടും എല്ലാം ഞങ്ങളുടെ മടക്കയാത്ര സന്തോഷകരമാക്കി. തിരിച്ച് ഹാളിൽ എത്തിയപ്പോൾ കപ്പയും മുളകുചമ്മന്തിയുമായി ഹരീഷേട്ടന്റെ ബെറ്റാലിയൻ റെഡി. ബ്ലോഗ് മീറ്റിന്റെ അനുഭവങ്ങൾ പരസ്പരം പങ്കുവെച്ച് ഞങ്ങൾ ഓരോരുത്തരായി പിരിഞ്ഞു. വീണ്ടും ഇതു പോലുള്ള സംഗമങ്ങൾ സാധ്യമാവും എന്ന പ്രതീക്ഷയോടെ.

ഇത്തരത്തിൽ വളരെ വിജയകരമായി ഒരു കൂട്ടായ്മ സംഘടിപ്പിച്ചതിനുള്ള മുഴുവൻ അഭിനന്ദനങ്ങളും ഹരീഷ്‌ചേട്ടന് അവകാശപ്പെട്ടതാണ്. ബ്ലോഗിൽ ഒന്നുമല്ലാത്ത എന്നെപ്പോലും എത്ര തവണയാണ് അദ്ദേഹം ഈ സംരംഭത്തെക്കുറിച്ച് ഓർമ്മപ്പെടുത്താൻ വിളിച്ചത്. സ്വന്തം ആവശ്യം പോലെയാണ് അദ്ദേഹം ഓരോതവണവും ഇതിൽ പങ്കെടുക്കണം എന്നഭ്യർത്ഥിച്ചത്. അതിൽ പങ്കെടുത്തപ്പോൾ മാത്രമാണ് ഇതിനു വേണ്ടി അദ്ദേഹം നടത്തിയ ഒരുക്കങ്ങളും പ്രയത്നവും മനസ്സിലാക്കാൻ സാധിച്ചത്. സഹബ്ലോഗർമാരെ പരിചയപ്പെടാനും അവിസ്മരണീയമാ‍യ ഒരു വിനോദയാത്രയിൽ പങ്കെടുക്കാനും ഒരു അവസരം ഉണ്ടാക്കിയ ഹരീഷ്‌ചേട്ടനും അതിനുവേണ്ട മുഴുവൻ പിന്തുണയും അദ്ദേഹത്തിനു നൽകിയ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും ഉള്ള നന്ദി വാകുകൾക്കതീതമാണ്.