8 June 2009

മഴപെയ്താൽ മുങ്ങുന്ന ബസ്‌റ്റേഷൻ

ദീർഘമായ ഒരു യാത്രയ്ക്കു ശേഷം രാത്രി വളരെ വൈകി 1:30-നാണ് ഞാൻ ശനിയാഴ്ച രാത്രി എറണാകുളം കെ എസ് ആർ ടി സി ബസ്റ്റാന്റിൽ എത്തുന്നത്. ജോലി സംബന്ധമായി പീരുമേടിൽ പോയി അവിടത്തെ മഴയും കോടയും എല്ലാം അനുഭവിച്ച് തണുത്തുവിറച്ച് ഒരു വിധം കോട്ടയം ബസ്റ്റാന്റിലും അവിടെ നിന്നും അവസാനത്തെ എറണാകുളം ബസ്സിൽ കയറി രാത്രി 1:30ന് എറണാകുളത്തും എത്തി. യാത്രയിൽ മിക്കവാറും എല്ലാ സ്ഥലത്തും സാമാന്യം നന്നായി മഴ പെയ്യുന്നുണ്ടായിരുന്നു. എറണാകുളത്ത് എത്തിയപ്പോഴേയ്ക്കും മഴ ശമിച്ചിരുന്നു. ശനിയാഴ്ച രാത്രികളിൽ പൊതുവെ തിരക്കു കൂടുതൽ കാണേണ്ടതാണ്. പതിവിനു വിപരീതമായി വളരെ ശൂന്യമായിരുന്നു ബസ്റ്റാന്റ്.
ആകെ വിരലിൽ എണ്ണാവുന്ന യാത്രക്കാർ മാത്രമാണ് അപ്പോൾ ബസ്‌റ്റേഷനിൽ ഉണ്ടായിരുന്നത്. കെ എസ് ആർ ടി സി യെ “ലാഭകരമാക്കാൻ” സ്വകാര്യ ബസ് മുതലാളിമാരെ കടത്തിവെട്ടുന്ന രീതിയിൽ ശ്രീ മാത്യു ടി തോമസ് എടുത്ത നടപടികൾമൂലം ഞങ്ങൾ വൈപ്പിൻ പറവൂർ മേഖലയിൽ ഉള്ളവർക്ക് രാത്രികാലങ്ങളിൽ ഇപ്പോൾ കെ എസ് ആർ ടി സിയും പ്രയോജനപ്രദമല്ല. മുൻപ് 12:10നും, 1 മണിക്കും പറവൂർ വഴിയുണ്ടായിരുന്ന സർവീസുകൾ ലാഭകരമല്ല എന്ന കാരണം പറഞ്ഞ് നിറുത്തലാക്കിയത് മാത്യു ടി തോമസിന്റെ കാലഘട്ടത്തിലാണ്. രാത്രികാലങ്ങളിലെ ഇത്തരം ഓർഡിനന്രി സർവീസുകൾ നിറുത്തലാക്കി സൂപ്പർ ഫാസ്റ്റ് ഉൾപ്പടെയുള്ള ബസുകൾക്ക് യാത്രക്കാർ ആവശ്യപ്പെടുന്ന എല്ലാ സ്ഥലത്തും സ്‌റ്റോപ്പ് അനുവദിക്കുകയുമാണ് ഈ മാന്യദേഹം ചെയ്തത്. അതു വഴി യാത്രക്കാർക്ക് സാമ്പത്തിക നഷ്ടവും കെ എസ് ആർ ടി സി ക്ക് കൊള്ള ലാഭവും. സീറ്റിങ്ങ് കപ്പാസിറ്റിയിൽ മാത്രം യാത്രകാർ അനുവദിക്കപ്പെട്ടിട്ടുള്ള ഇത്തരം സർവീസുകൾ പകൽ പലപ്പോഴും ആളെ കുത്തിനിറച്ചണല്ലൊ സർവ്വീസ് നടത്തുന്നത്. ഇത്രക്കെല്ലാം യാത്രക്കാരെ പിഴിഞ്ഞിട്ടും യാത്രക്കാർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നൽകാൻ ഇക്കൂട്ടർ ശ്രദ്ധിക്കുന്നില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ശനിയാഴ്ച രാത്രിയിൽ കണ്ട എറണാകുളം കെ എസ് ആർ ടി സി ബസ്‌റ്റേഷൻ. ശക്തമാ‍യ ഒരു മഴ പെയ്താൽ മുഴുവൻ വെള്ളവും ബസ്‌റ്റേഷന്റെ അകത്ത് സംഭരിക്കപ്പെടും.
മുൻ‌കാലങ്ങളിൽ ബസുകൾ പാർക്ക് ചെയ്യുന്ന സ്ഥലവും വെള്ളക്കെട്ടിൽ ആകുമായിരുന്നു. എന്നാൽ വർഷങ്ങൾക്ക് മുൻ‌പ് ഇവിടം കോൺ‌ക്രീറ്റ് ചെയ്ത് പൊക്കിയതിനാൽ അത് ഒഴിവായി. എന്നാൽ ബസ്‌റ്റേഷന്റെ കെട്ടിടത്തിനകത്ത് ഇരച്ചു കയറുന്ന വെള്ളം ഒഴിവാക്കാ‍ൻ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. കച്ചവടസ്ഥാപനങ്ങളും ഒഫീസ് മുറികളും എല്ലാം വെള്ളത്തിൽ തന്നെ.
അന്വേഷണ കൗണ്ടറിൽ പോലും നീന്തിക്കടക്കാതെ എത്താൻ കഴിയാത്ത അവസ്ഥ. ഇതിനുള്ളിൽ തന്നെയാണ് ജീവനക്കരുടെ വിശ്രമത്തിനുള്ള സ്ഥലവും. മറ്റുപലതിലും ശക്തിയുക്തം പ്രതികരിക്കുന്ന തൊഴിലാളി യൂണിയനുകൾ ഇതിൽ മൗനം പാലിക്കുന്നതെന്തെന്നു മനസിലാവുന്നില്ല.
പോലീസ് സഹായവിഭാഗം

വെള്ളത്തിൽ മുങ്ങിയ വോൾവോ പരസ്യം.
യാത്രക്കാർക്ക് വിശ്രമിക്കുന്നതിനുള്ള ബഞ്ചുകൾ. അതും വള്ളത്തിൽ തന്നെ. രാത്രിസർവീസ് പലതും നിറുത്തലാക്കിയതു മൂലം ബസ്‌റ്റേഷനിൽ പെട്ടുന്ന യാത്രക്കാ‍രുടെ ദുരിതം ഇരട്ടിയാക്കുന്നു ഈ വെള്ളക്കെട്ട്. നേരം പുലരുന്നതു വരെ നിന്നു കഴിച്ചുകൂട്ടേണ്ട ഗതികേടിലാണ് യാത്രക്കാർ. മലിന ജലവും, മഴവെള്ളവും എല്ലാം കൂടിക്കലർന്ന ഈ വെള്ളത്തിൽ ഇറങ്ങിയാൽ തന്നെ കാൽ ചൊറിയാൻ തുടങ്ങും. എറണാകുളത്തിന്റെ എല്ലാ മാലിന്യവും ഈ വെള്ളത്തിൽ അടങ്ങിയിരിക്കും.
അന്തർസംസ്ഥന ബസുകളുടെ ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഓഫീസിനോടു ചേർന്ന് യാത്രക്കാർക്ക് വിശ്രമിക്കാൻ ഒരുക്കിയിട്ടുള്ള ഇരിപ്പിടങ്ങൾ. ഇവയ്ക്കു പിന്നിലായി ഭിത്തിയിൽ വെള്ളം ആദ്യം ഉണ്ടായിരുന്ന് നില അറിയാം. ഞാൻ ഇവിടെ എത്തുമ്പോൾ ഏകദേശം അരയടിയ്ക്കു മേൽ വെള്ളം ഉണ്ടായിരുന്നു. യാത്രക്കാരെ പരമാവധിപിഴിയുകയും മിക്കവാറും എല്ലാ നിയമങ്ങളും പരസ്യമായി ലംഘിക്കുകയും ചെയ്യുന്ന ഈ സർക്കാർ പൊതുമേഖലാ സ്ഥാപനം എന്നെങ്കിലും ഗതിപിടിക്കും എന്ന പ്രത്യാശ എനിക്കില്ല.

കെ എസ് ആർ ടി സിയെ സംബന്ധിക്കുന്ന കെ എസ് ആർ ടി സി യുടെ ജനദ്രോഹങ്ങൾ എന്ന പഴയ ഒരു പോസ്റ്റിലേയ്ക്കും നിങ്ങളൂടെ ശ്രദ്ധക്ഷണിക്കുന്നു.

19 comments:

 1. ..പറ്റുമെങ്കില്‍ ഏതെങ്കിലും പത്രക്കാര്‍ക്കിത് കൊടുക്കൂ...

  ReplyDelete
 2. എറണാകുളം മൊത്തം വെള്ളത്തിലാ ..... അവിടെത്തന്നെയല്ലേ ഈ ബസ്‌ സ്റ്റേഷനും ?
  ഇതൊരു ടൂറിസം സാധ്യതയായി എന്തുകൊണ്ട് വികസിപ്പിച്ചു കൂടാ?
  എന്നെ മന്ത്രിയാക്കാമോ ? ഞാന്‍ ഏറ്റു!

  ReplyDelete
 3. ഡ്രയിനേജ് എല്ലായിടത്തും പ്രശ്നം തന്നെ. ദീര്‍ഘവീക്ഷണത്തോടെയുള്ള പ്ലാനിംങില്ലാത്തതിന്റെ പ്രശ്നങ്ങള്‍. പണ്ട് തമ്പാനൂര്‍ ഇത് തന്നെയായിരുന്നു സ്ഥിതി, ഇപ്പോള്‍ മെച്ചമാണെന്ന് തോന്നുന്നു. തിരുവനന്തപുരത്തെ ഒരു വെള്ളപ്പൊക്കക്കാലത്ത് വിരലിനിടയില്‍ പിടിപെട്ട് ഇന്‍ഫെക്ഷന്‍ ഇതു വരെ മാറിയില്ല.
  എന്തു ചെയ്യാനാ.
  എന്നാലും പാതിരാക്ക് വന്നിറങ്ങി പോട്ടം പിടിക്കാന്‍ കാട്ടിയ മനസ്സാന്നിദ്ധ്യത്തിന് അഭിനന്ദനങ്ങള്‍.

  ReplyDelete
 4. അതെ പറഞ്ഞത് പോലെ പത്രക്കാര്‍ക്ക് കൊടുക്കു..പരിഹാരം ഒന്നും ഉടനെ പ്രതീക്ഷിക്കണ്ട ..എങ്കിലും...കുറച്ചു കൂടുതല്‍ പേര് ചിന്തിക്കാതെ ഈ പ്രശ്നം...

  പിന്നെ...മണികുട്ടോ...ഈ ബസ്‌ കാരോട് പോവാന്‍ പറ.. ആ വെള്ള മാരുതി ഇത് വരെ അവിടുന്ന് അനക്കിയില്ലേ :)

  ReplyDelete
 5. പോസ്റ്റും ഫോട്ടോയും നന്നായി.
  അധികൃതരുടെ കണ്ണു തുറക്കും എന്നൊന്നും വിചാരിക്കണ്ട. അടുത്ത ബജറ്റില്‍ ടിക്കറ്റ് നിരക്കിനൊപ്പം വെള്ളപൊക്ക സെസ്സ് കൂടി പിരിക്കാനുള്ള സാധ്യതയുണ്ട്.

  ഇന്നലെ ഉച്ചയ്ക്ക് തൃശൂര്‍ക്ക് പോകാന്‍ നിന്നപ്പോള്‍ എറണാകുളം ബസ് സ്റ്റാന്റിലെ ഉച്ചഭാഷിണിയില്‍ കേട്ടതു: "Passengers attention please, TP25 it is the bus that goes to Munnar".

  ReplyDelete
 6. സര്‍ക്കാര് കാര്യം മുറപോലെ. കൂടുതല്‍ പ്രതീക്ഷയൊന്നും വേണ്ട. എന്നാലും ആ നേരത്തും ബ്ലോഗും പോസ്റ്റും വന്നല്ലോ മനസ്സില്‍.

  ReplyDelete
 7. എന്‍റെ മണികണ്ഠാ...സര്‍ക്കാറിന്‍റെ ഏത് സ്ഥാപനാ നല്ലരീതിയില്‍ നടക്കുന്നത് അല്ലെങ്കില്‍ ക്രമീകരിച്ച് പോക്കുന്നത്.നമ്മുടെ പക്കള്‍ ധാരാളം പണം ഉണ്ട്. അത് ശെരിയായ രൂപത്തില്‍ ഉപയോഗിച്ചിരുന്നു എങ്കില്‍ നമ്മുടെ രാജ്യം പോലെ വേറെ ഒരു രാജ്യം ഉണ്ടാകില്ല. അത്രയ്ക്ക് സമ്പന്നമാണ് പ്രകൃതി കൊണ്ട് നാം.ഒട്ടേറെ കടമ്പകള്‍ നാം താണ്ടേണ്ടതുണ്ട് നാം.ഒന്നാമതായി നാം നമ്മുടെ മനസ്സിനോട് ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്.നമുക്ക് വികസനം വേണോ വേണ്ടയോ എന്ന്.പിന്നെ യീ ചക്കരക്കുടത്തില്‍ കയ്യിടുന്നത്.രാജ്യസ്നേഹികളെന്ന് നടിക്കുകയാണ് നമ്മള്‍.നമ്മുടെ അമ്മയെ നാം സ്നേഹിക്കുന്നെങ്കില്‍ നാം നമ്മുടെ നാടിനെ സ്നേഹിക്കണം.
  ജയ് ഹിന്ദ്..

  ReplyDelete
 8. ഇവിടെ എത്തി അഭിപ്രയങ്ങൾ രേഖപ്പെടുത്തിയ എല്ലാവർക്കും എന്റെ നന്ദി. എന്തുകൊണ്ടോ ഈ പൊസ്റ്റ് ചിന്തയിൽ വരാതെ പോയി.

  hAnLLaLaTh: പത്രത്തിൽ പലതവണ വന്ന വാർത്തയാണിത്. പലപ്പോഴും പത്രങ്ങൾ എറണാകുളം എഡിഷനിൽ ഇതു സചിത്രം റിപ്പോർട്ട് ചെയ്യാറുണ്ട്. എന്നാലും അധികാരികൾ കണ്ണുതുറക്കില്ലല്ലൊ. ഉറങ്ങുന്നവനെ ഉണർത്താം ഉറക്കം നടിക്കുന്നവനെ ഉണർത്താൻ അറ്റകൈപ്രയോഗങ്ങൾ വേണ്ടിവരും. അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി.

  അനിലേട്ടാ: ഇവിടത്തെ പ്രശ്നം ഡ്രൈനേജിന്റേതുമാത്രം അല്ല. സ്റ്റാന്റിനു ചുറ്റും കോൺ‌ക്രീറ്റ് ചെയ്തു ഉയർത്തി. എന്നാൽ സ്റ്റാന്റിന്റെ ഉൾവശം ഒന്നും ചെയ്തില്ല. തമ്പാനൂരിൽ ഇതുവരെ ഞാൻ വെള്ളക്കെട്ടിൽ പെട്ടിട്ടില്ല. അവിടത്തെ സ്ഥിതി ഇതിലും മോശമാണെന്നാണ് കേട്ടിട്ടുള്ളത്. മഴവെള്ളവും കക്കൂസ്, ഓടകൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യവും എല്ലാം ചെരുമ്പോൾ അസുഖങ്ങൾ വന്നില്ലെങ്കിലേ അത്ഭുതപ്പെടേണ്ടൂ.

  എപ്പോഴും ബൂലോകത്തിന്റെ ചിന്ത മനസ്സിൽ ഉണ്ട്. നമുക്കു പ്രതികരിക്കാൻ, അഭിപ്രായങ്ങൾ അവതരിപ്പിക്കാൻ ഇതും നല്ലൊരു മാർഗ്ഗം അല്ലെ. നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന് പോലീസുകാരൻ രണ്ടു മൂന്നു തവൺ എന്റെ അടുത്തുവന്നു സൂക്ഷിച്ചു നോക്കി. ഒരു കെ എസ് ആർ ടി സി ഉദ്യോഗസ്ഥൻ അദ്ദേഹത്തിന്റെ മുഖം വരാത്തരീതിയിൽ ചിത്രമെടുക്കാൻ അഭ്യർത്ഥിച്ചു. ചില നാട്ടുകാർ പരിഹസിച്ചു. ചിലർ പത്രത്തിലേയ്ക്കാണോ എന്നു ചോദിച്ചു.

  കണ്ണാ: കണ്ണാ ഇതെല്ലാം പത്രത്തിൽ വരുന്നതല്ലേ. ഒരു പ്രയോജനവും ഉണ്ടാവില്ല.

  മാരുതി ഓടിക്കാൻ പഠിക്കാൻ തീരുമാനിച്ചു. മഴമാറിയാൽ തുടങ്ങും ഇടക്കുവെച്ചുനിറുത്തിയ ആ പഴയ പഠനം.

  നാട്ടുകാരാ: ചേട്ടാ അതിനും ഒരു മന്ത്രി വേണോ. സ്വീവേജ് വെള്ളത്തിൽ ടൂറിസം :) എറണാകുളത്തെ വെള്ളത്തിലാക്കിയോ?

  മണിലാൽ കെ എം: ആരും കണ്ണുതുറക്കും എന്നു കരുതിയിട്ടല്ല. എന്നാലും മനസ്സിൽ വരുന്ന അമർഷം പ്രകടിപ്പിക്കാൻ സാധിക്കുന്നത് അല്പം ആശ്വാസകരമല്ലെ.

  എഴുത്തുകാരി: ചേച്ചി ഇതു വർഷങ്ങൾ പഴക്കമുള്ള ആക്ഷേപമാണ് എറണാകുളം ബസ്‌റ്റേഷനിലെ വെള്ളക്കെട്ട്. അത് ഒരു പരിഹാരവും ഇല്ലാതെ ഇങ്ങനെ നീണ്ടു പോവുന്നത് യാത്രാക്കാരോടും പൊതുജനങ്ങളോടും ഉള്ള വെല്ലുവിളിയല്ലെ. ഇപ്പൊ യാത്രകളിൽ മിക്കവാറും ചിന്ത ഒരു പോസ്റ്റിനുള്ള വകുപ്പ് എവിടെയെങ്കിലും ഉണ്ടോ എന്നതാണ്. :)

  യൂസുഫ്പ: താങ്കളുടെ അഭിപ്രായത്തോടു യോജിക്കുന്നു. പ്രകൃതി വിഭവങ്ങളുടെ കാര്യത്തിൽ വളരെ മുൻപിലാണ് നാം. അതിന്റെ കാര്യക്ഷമമായ വിനിയോഗം ഇല്ലാത്തതു, അഴിമതിയും നമ്മുടെ നാടിനെ ബാധിച്ചിരിക്കുന്ന ഏറ്റവും വലിയ വിപത്തുകൾ തന്നെ.

  ഏല്ലാവർക്കും ഒരിക്കൽകൂടി നന്ദി.

  ReplyDelete
 9. എര്‍ണാകുളം എന്നും വെള്ളത്തില്‍ തന്നെ!!

  മഴപെയ്യുമ്പോള്‍ കഴിവതും എര്‍ണാകുളം യാത്ര ഒഴിവാക്കാറുണ്ട്..

  ഈ ദു:രവസ്ഥ എന്നെങ്കിലും നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെടുമെന്നു പ്രത്യാശിക്കാം..

  ReplyDelete
 10. പരിഹാരത്തിനായി കാത്തിരിക്കുന്നു, ഞങ്ങളും.....!

  ReplyDelete
 11. നമ്മുടെ ബസ്‌സ്റ്റാൻഡുകൾ എന്നും പരിതാപകരമായ അവസ്ഥയിൽ തന്നെയാണ്.വർഷത്തിൽ 7 മാസവും മഴ പെയ്യുന്ന നമ്മുടെ നാട്ടിൽ അതിനെ ഒക്കെ പ്രതിരോധിയ്ക്കാനാവും വിധം എന്നാണാവോ സ്ഥിതി ഒന്നു മെച്ചെപ്പെടുന്നത്?

  ദക്ഷിണേന്ത്യയിലെ ഏറ്റവും നല്ല ബസ്‌സ്റ്റാൻഡുകൾ ഉള്ളത് ആന്ധ്രാപ്രദേശിലാണ്.ഏതു ചെറിയ സ്റ്റേഷനുകൾ പോലും മനോഹരമായി പണിത് പ്ലാറ്റ് ഫോമുകൾ തിരിച്ച് ഓരോ പ്ലാറ്റ് ഫോമിലും വരുന്ന ബസുകളെ സംബന്ധിച്ച വിവരം തെലുഗുവിലും ഇംഗ്ലീഷിലും ബോർഡിൽ ഉണ്ടാവും.എല്ലാ സ്റ്റാൻഡുകളിലും ഇങ്ങനെ തന്നെ.അതുകൊണ്ട് യാത്രക്കാർക്ക് യാതൊരു വിഷമവും ഇല്ല.

  കേരളത്തിലെ സ്ഥിതി തികച്ചും വ്യത്യസ്തമാണു.മലയാളികൾക്കു പോലും അങ്ങോട്ടും ഇങ്ങോട്ടും ഓടേണ്ട അവസ്ഥയാണ്.ഈ അവസ്ഥയുടെ ഉത്തരവാദി മാത്യു.ടി.തോമസ് അല്ല എന്നതാണു യാഥാർഥ്യം.ശമ്പളത്തേക്കാൾ കൂടുതൽ പെൻഷൻ കൊടുക്കേണ്ട ഒരു സ്ഥാപനമായി അതു മാറിയിരിയ്ക്കുന്നു.കാലാകാലങ്ങളിൽ കൈയടി കിട്ടാൻ വേണ്ടി മന്ത്രിയായിരുന്ന ബാലകൃഷ്ണപിള്ളയേപ്പോലുള്ളവർ എടുത്ത നിലപാടുകളാണിതിനു കാരണം.”ശരണ്യ” എന്ന പേരിൽ സ്വന്തം പ്രൈവറ്റ് ബസ് സർവീസ് ഉള്ള അദ്ദേഹത്തിനൊക്കെ എവിടെ ഈ പൊതു മേഖലാ സ്ഥാപനത്തെ നോക്കാൻ നേരം.ലാഭമുള്ള എല്ലാ റൂട്ടുകളിലും ശരണ്യ സർവീസ് ഇന്നുണ്ട്.പിന്നെ കെ.എസ് ആർ ടി സി എവിടെ രക്ഷ പിടിയ്ക്കാൻ..? സത്യത്തിൽ ഈ പ്രതി സന്ധിയിലും പിടിച്ചു നിൽ‌ക്കാൻ സാധിയ്ക്കുന്നത് ഈ സർക്കാർ വന്നതിനു ശേഷമാണു എന്നതല്ലേ വസ്തുത?

  ReplyDelete
 12. എറണാകുളം സ്റ്റാന്റിലെ വെള്ളക്കെട്ടിന്‌ സ്റ്റാന്റിന്റെ അത്രയും ചരിത്രമുണ്ട്‌...ഇന്ന് മഴയുടെ അളവുകുറഞ്ഞതുകൊണ്ട്‌ വലിയപ്രശ്നമാകാറില്ല.മഴക്കാലം എറണാകുളം യാത്ര ദുരിതമാണ്‌..ഒരു നല്ല ദീര്‍ഘദൃഷ്ടിയോടെയുള്ള ടൗണ്‍ പ്ലാനിംഗ്‌ ഇന്നും സ്വപ്നം തന്നെ...

  ReplyDelete
 13. എന്തെങ്കിലും മാറ്റം എന്നെങ്കിലും ഉണ്ടാവും എന്നു പ്രതീക്ഷയോടെ കാത്തിരിക്കാം......ചിത്രങ്ങളും പോസ്റ്റും നന്നായി. പ്രതികരണശേഷി നഷ്ടപ്പെട്ടിട്ടില്ലെന്നെങ്കിലും ഉറപ്പിക്കാമല്ലോ...

  ReplyDelete
 14. മഴയും കൊതുകും കൂത്താടിയും ഗുണ്ടകളും
  നിറയുന്ന ഏറണാകുളം എന്നിട്ടും എത്ര സുന്ദരമാണ്

  ReplyDelete
 15. ഹരീഷ്‌ചേട്ടാ വെള്ളക്കെട്ടിനു കാരണം കാനകളുടെ സമയബന്ധിതമായ ശുചീകരണം ഇല്ലാത്തതാണെന്ന് ഞാൻ കരുതുന്നു. സമുദ്രനിരപ്പിൽ സ്ഥിതിചെയ്യുന്ന എറണാകുളം പോലുള്ള നഗരത്തിൻ ആഴം കൂടിയ കാനകളേക്കാൾ നല്ലത് ആഴം കുറഞ്ഞ് വീതികൂടിയ കാനകൾ ആണെന്ന് പലരും അഭിപ്രാ‍യപ്പെട്ടിട്ടുണ്ട്. ഇത് വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുമെന്നു, കൊതുകകളുടെ വളർച്ച തടയുമെന്നും പറയപ്പെടുന്നു. എന്നാലും കാനകളുടെ നിർമ്മാണത്തിൽ ഈ നിർദ്ദേശം ഇതുവരെ പരിഗണിച്ചു കണ്ടിട്ടില്ല.

  വഹാബ് അത്തരം പ്രശ്നപരിഹാരം നമ്മുടെ അധികാരികളുടെ ഭാഗത്തുനിന്നും എളുപ്പത്തിൽ സാദ്ധ്യമാവും എന്നു കരുതുക വയ്യ. എറണാകുളത്ത് കലൂർ വഴി യാത്രചെയ്യുന്നവർക്ക് കലൂർ ബസ്റ്റാന്റിനു സമീപത്ത് മഴ് ഉള്ള ഗതാഗതക്കുരുക്ക് പരിചമുണ്ടാവും. മഴക്കാലത്ത് ഇതു കൂടുന്നതിനു കാരണം അവിടത്തെ ഒരു കാനയിലെ ബ്ലോക്ക് മൂ‍ലം ഏകദേശം 100മീറ്റർ സ്ഥലത്ത് രോഡിൽ ഉണ്ടാവുമ്ം വെള്ളക്കെട്ടും അങ്ങനെ റോഡ് പൊളിയുന്നതുമാണ്. ഈ ചെറിയ പ്രശ്നം പോലും ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല.

  സുനിലേട്ടാ ഈ കെ എസ് ആർ ടി സി യുടെ ഇന്നത്തെ പ്രശ്നങ്ങൾക്ക് കാരണം ശ്രീ മാത്യു ടി തോമസ് ആണെന്നു ഞാൻ പറഞ്ഞിട്ടില്ല. കാലാകാലങ്ങളിൽ വന്ന മന്ത്രിമാർ എടുത്തിട്ടുള്ള ജനദ്രോഹപരമായ നടപടികൾ പോലെ ശ്രീ മാത്യു ടി തോമസ് എടുത്ത് ഒരു നടപടി ഞങ്ങൾക്കുണ്ടാക്കിയ ബുദ്ധിമുട്ട് സൂചിപ്പിച്ചു എന്നു മാത്രം. ലാഭകരമല്ലാത്ത് സർവ്വീസുകൾ നിറുത്തലാക്കുക എന്ന തീരുമാനം (പ്രത്യേകിച്ച് രാത്രികാലങ്ങളിലെ അവസാന ട്രിപ്പുകൾ) ജനദ്രോഹപരം തന്നെയാണ്. ശരണ്യ ഉൾപ്പടെയുള്ള സ്വകാര്യ സർവ്വീസുകൾ ആണ് കേരളത്തിലെ യാത്രാക്ലേശത്തിന് ഒരു വലിയ പരിധിവരെ അറുതി വരുത്തുന്നത്. ദേശസാൽകരിക്കപ്പെട്ട് ആലുവ - പറവൂർ, ആലപ്പുഴ - ചങ്ങനാശ്‌ശേരി റൂട്ടുകളിലെ എന്റെ അനുഭവം മുൻപ് ഒരു പോസ്റ്റിൽ ഞാൻ എഴുതിയിട്ടുണ്ട്.

  മണിഷാരത്ത്: സാറിന്റെ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു. ആ സ്വപ്നം എന്നെങ്കിലും യാഥാർത്ഥ്യമാവും എന്നുകരുതാം.

  പാവത്താൻ: ഇത്തരം പ്രതീക്ഷകളാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്. ചിത്രങ്ങൾ ഇഷ്ടമായി എന്നതിൽ സന്തോഷം.

  അനൂപ് അപ്പൊ ഇതൊന്നും ഇല്ലെങ്കിൽ എറണാകുളം ഇതിലും മനോഹരമായേനെ അല്ലെ. അതിനായി നമുക്ക് പ്രത്യാശിക്കാം.

  അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ എല്ലാവർക്കും നന്ദി.

  ReplyDelete
 16. എറണാകുളത്തെ വെള്ളക്കെട്ടും റോഡിലെ കുഴികളും കൊതുകുകളും ഒന്നും ഒരു കാലത്തും അവസാനിക്കാൻ പോണില്ല.എത്രയെത്ര പത്ര വാർത്തകൾ വന്നാലും ഒരു കാര്യവുമില്ല.നന്നാവില്ല.നമ്മുടെ നാട് ഒരിക്കലും നന്നാവില്ല.

  ReplyDelete
 17. കാന്താരിചേച്ചി ഇങ്ങനെ ആശകൈവിടാതെ. ഇതെല്ലാം എന്നെങ്കിലും നേരെയാവും എന്ന പ്രതീക്ഷയിലല്ലെ എല്ലാവരും ജീവിക്കുന്നത്. അഭിപ്രായത്തിനു നന്ദി.

  ReplyDelete
 18. കൊള്ളാം. നല്ല ഒരു പോസ്റ്റ്‌. കെ എസ ആര്‍ ടി സിയുടെ ഒരു ബ്ലോഗ്‌ ഉണ്ട. കണ്ടിട്ടുണ്ടോ?

  www.ksrtcblog.com

  ReplyDelete
 19. കെ എസ്സ് ആര്‍ ടി സി യുടെ ഈ അനൌദ്യോഗീക ബ്ലോഗ് മുന്‍‌പ് കണ്ടുട്ടുണ്ട്. ഇപ്പോള്‍ വീണ്ടും അതോര്‍ക്കാന്‍ അവസരം ഉണ്ടാക്കിയതിനു നന്ദി.

  ReplyDelete