25 June 2009

അക്ഷന്തവ്യം ഈ അലംഭാവം

പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായ അലംഭാവം ഒരു വ്യക്തിയുടെ ജീവൻ നഷ്ടപ്പെടാനിടയാക്കിയ സാഹചര്യം ആണ് ഈ പോസ്‌റ്റെഴുതാൻ എന്നെ പ്രേരിപ്പിച്ചത്. പത്രവാർത്തകളിൽ നിന്നും മനസ്സിലാക്കുന്നത് ഇങ്ങനെയാണ്. മദ്യപിച്ച് വാഹനമോടിച്ചു എന്നാരോപിച്ച് പോലീസ് കസ്റ്റഡിയിൽ എടുത്ത വ്യക്തി യഥാസമയം വൈദ്യസഹായം കിട്ടാത്തതിനെ തുടർന്ന് മരിച്ചു. സംഭവം നടക്കുന്നത കഴിഞ്ഞ വ്യാഴാഴ്ചയാണ്. പിതാവിനെ സന്ദർശിച്ച ശേഷം കാക്കനാട്ടുള്ള ക്വാർട്ടേഴ്സിലേയ്ക്ക് മടങ്ങുകയായിരുന്നു പാലക്കാട് സെൻ‌ട്രൽ എൿസൈസ് അസിസ്റ്റന്റ് കമ്മീഷണർ ശ്രീ ഉമേഷ്. യാത്രക്കിടയിൽ അദ്ദേഹത്തിന്റെ രക്തസമ്മർദ്ദം കൂടുകയും അദ്ദേഹം ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ഒരു ഓട്ടോറിക്ഷയിലും കാലനടയാത്രക്കാരിയായ ഒരു സ്ത്രീയുടെ ദേഹത്തും ഇടിച്ചശേഷം നിൽക്കുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഞാറയ്ക്കൽ പോലീസ് കാറിൽ അബോധാവസ്ഥയിൽ ഛർദിച്ച് കിടക്കുകയായിരുന്ന ഉമേഷിനെ സ്‌റ്റേഷനിൽ എത്തിക്കുകയും മദ്യപിച്ചതാണെന്ന ധാരണയിൽ രണ്ടരമണിക്കൂറോളം സ്‌റ്റേഷനിൽ ഇരുത്തി. ഇതിനിടയിൽ അദ്ദേഹത്തിന്റെ ഭാര്യ അദ്ദേഹത്തെ മൊബൈൽ ഫോണിൽ വിളിക്കുകയും ഇത് അറ്റന്റ് ചെയ്ത് പോലീസ് ആൾ സ്‌റ്റേഷനിൽ പോലീസ് കസ്റ്റഡിയിലാണെന്ന് അറിയിക്കുകയും ചെയ്തു. ഭർത്താവ് രക്തസമ്മർദ്ദം ഉള്ള ആളാണെന്നും അദ്ദേഹം സെൻ‌ട്രൽ എൿസൈസ് അസിസ്റ്റന്റ് കമ്മിഷണർ അണെന്നും ഉള്ള വിവരം അവർ പോലീസിനെ അറിയിക്കുകയും ചെയ്യുന്നു. അപ്പോൾ മാത്രമാണ് കസ്റ്റഡിയിൽ എടുത്ത വ്യക്തിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാ‍ക്കാൻ പോലീസ് തയ്യാറാവുന്നത്. എന്നാൽ അപ്പോഴേക്കും രണ്ടരമണിക്കൂർ കഴിഞ്ഞിരുന്നു. ഈ സമയം കൊണ്ട് ഉയർന്ന രക്തസമ്മർദ്ദം മൂലം ശ്രീ ഉമേഷിന്റെ മസ്തിഷ്കത്തിൽ രക്തസ്രാവം ഉണ്ടാവുകയും രക്തം കട്ടപിടിച്ചതിനെ തുടർന്ന് സ്ഥിതി കൂടുതൽ ഗുരുതരമാവുകയും ചെയ്തിരുന്നു. ഞാറയ്ക്കൽ ഗവണ്മെന്റെ ആശുപത്രിയിൽ എത്തിച്ച അദ്ദേഹത്തെ ഉടനെ എറണാകുളത്തേയ്ക്ക് മാറ്റാൻ ഡോൿടർ നിർദ്ദേശിക്കുകയും അദ്ദേഹത്തെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ ഇന്നലെ അദ്ദേഹം അന്തരിച്ചു. അദ്ദേഹത്തിന് വൈദ്യസഹായം ലഭ്യമാക്കുന്നതിൽ ഉണ്ടായ കാലതാമസം ആണ് പ്രധാനമായും മരണകാരണം.

വൈപ്പിനിൽ ഞാറയ്ക്കൽ പോലീസ്‌റ്റേഷന് ഒന്നരകിലോമീറ്റർ ചുറ്റളവിൽ ഒരു ഗവണ്മെന്റ് ആശുപത്രി ഉൾപ്പടെ മൂന്ന് ആശുപത്രികളാണുള്ളത്. അപകടം നടന്ന മനാട്ടുപറമ്പിനും ഞാറയ്ക്കൽ പോലീസ് സ്‌റ്റേഷനും ഇടയ്ക്ക് ഒരു ഗവണ്മെന്റ് ആശുപത്രിയും ഒരു സ്വകാര്യ ആശുപത്രിയും ഉണ്ട്. ഇവയുടെയെല്ലാം മുൻപിലൂടെയാണ് ശ്രീ ഉമേഷിനെ പോലീസ്‌റ്റേഷനിൽ എത്തിച്ചത്. എന്നാൽ വൈദ്യസഹായം ലഭ്യമാക്കേണ്ടതില്ലെന്നും ആൾ മദ്യപിച്ചതു തന്നെയാണെന്നും ഉള്ള മുൻ‌വിധിയായിരുന്നു പോലീസിനുണ്ടായിരുന്നത്. മദ്യപിച്ച് വാഹനമോടിച്ചതാണെങ്കിൽ പോലും എത്രയും പെട്ടന്ന് അത് ബ്രീത്ത് അനലൈസർ ഉപയോഗിച്ച ഉറപ്പുവരുത്തണം എന്ന് നിയമം അനുശാസിക്കുന്നു. ഇപ്രകാരം കസ്റ്റഡിയിൽ എടുക്കുന്ന വ്യക്തി അബോധാവസ്ഥയിലാണെങ്കിൽ ആവ്യക്തിയെ അടിയന്തിരമായി വൈദ്യപരിശോധനയ്ക്ക് വിധേയനാക്കേണ്ടതാണെന്നും വ്യവസ്ഥയുണ്ട്. എന്നാൽ ഈ ചട്ടങ്ങളെല്ലാം ഇവിടെ ലംഘിക്കപെടുകയായിരുന്നു. പോലീസിന്റെ ഭാഗത്തുനിന്നും ഉള്ള അനാസ്ഥതന്നെയാണ് ഈ ജീവൻ നഷ്ടപ്പെടാൻ കാരണം.

സംഭത്തെക്കുറിച്ച് മനുഷ്യാവകാശകമ്മീഷൻ സ്വമേധയാ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടാതെ പോലീസ് തലത്തിലുള്ള അന്വേഷണം ഐ ജി ശ്രീ വിൻസന്റ് എം പോൾ നടത്തുമെന്ന് ആഭ്യന്തരമന്ത്രി ശ്രീ കോടിയേരി ബാ‍ലകൃഷ്ണൻ അറിയിച്ചിട്ടുണ്ട്. ഈ അന്വേഷണങ്ങൾ കുറ്റക്കാർക്ക് ശരിയായ ശിക്ഷ നൽകുമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സഹായകമാകുമെന്നും പ്രത്യാശിക്കാം.

20 comments:

  1. പത്രത്തില്‍ വായിച്ചപ്പോള്‍ എനിക്കും തോന്നി ഇതൊക്കെ. ഇനി എന്തൊക്കെ ചെയ്താലും ആ ജീവന്‍ പോയില്ലേ.

    ReplyDelete
  2. അതേ അക്ഷന്തവ്യം തന്നെ ഈ അലംഭാവം.
    പ്രതികരിച്ചതു നന്നായി...
    അദ്ദേഹത്തിന്റെ ആത്മാവിനു ശാന്തി ലഭിക്കട്ടെ.. ഇനിയുമിത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കട്ടെ...

    ReplyDelete
  3. പോലീസുകാർ ഒരു മുൻ വിധിയോടെ അദ്ദേഹത്തോട് പെരുമാറിയത് ശരിയായില്ല.സമയത്തിനു ചികിത്സ ലഭ്യമാക്കിയിരുന്നെങ്കിൽ അദ്ദേഹം മരിക്കില്ലായിരുന്നു.ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കട്ടെ.

    ReplyDelete
  4. ഇവിടെ എത്തുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്ത എല്ലാവർക്കും നന്ദി.

    എഴുത്തുകാരി: ചേച്ചി പറഞ്ഞതു ശരിയാണ്. ഇനി എന്തെല്ലാം ചെയ്താലും എഴുതിയാലും ആ ജീവൻ തിരിച്ചുകിട്ടില്ല. എന്നാലും ഒഴിവാക്കാമായിരുന്ന ഒരു സംഭവം ആയിരുന്നു അത്.
    പാവത്താൻ: സാറിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് പ്രത്യാശിക്കാം.

    കാന്താരിക്കുട്ടി: കാന്താരിചേച്ചിയുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു.ചികിത്സ ലഭിക്കാൻ വൈകിയതാണ് മരണകാരണം.

    ReplyDelete
  5. അല്ലെങ്കിലും നമ്മുടെ നാട്ടിലെ പോലീസിന്‌ മനുഷ്യത്വം കുറവാണ്‌. രാത്രി (സംശയാസ്‌പദ സാഹചര്യത്തിലല്ല) മാന്യരായ മനുഷ്യരെ കാണുമ്പോഴും നാലു തെറി വിളിച്ചില്ലെങ്കില്‍ ഇവന്മാര്‍ക്ക്‌ സമാധാനമാവില്ല.

    ദയ പരിശോധിക്കാന്‍ വല്ല ഉപകരണവുമുണ്ടോ? ഉണ്ടെങ്കില്‍ അതുവെച്ച്‌ അളന്നുകൂടി വേണം പോലീസിലേക്ക്‌ ആളെ എടുക്കാന്‍ എന്നാണ്‌ എന്റെ അഭിപ്രായം.

    മുന്‍പോലീസായ നമ്മുടെ തൊടുപുഴയിലെ നാട്ടുകാരന്‍ എവിടെ?

    ReplyDelete
  6. വഹാബ് താങ്കളുടെ അഭിപ്രായം പങ്കുവെച്ചതിന് നന്ദി. എല്ലാവരേയും അടച്ച് കുറ്റം പറയാൻ സാധിക്കുമോ? എല്ലാ മേഖലയിലും എന്നപോലെ ഇവിടേയും കുറേപ്പേർ ഉണ്ട്. തികച്ചും ദൗർഭാഗ്യകരമായ ഒരു സംഭവം ചൂണ്ടിക്കാണിക്കുക മത്രമാണ് ഞാൻ ചെയ്തത്. അല്പം ശ്രദ്ധിച്ചിരുന്നു എങ്കിൽ ഒരു മനുഷ്യജീവൻ നഷ്ടപ്പെടുന്നത് ഒഴിവാക്കാമായിരുന്നു. അതുണ്ടായില്ല. അതിനുകാരണക്കാരായവർ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. ഇത്രയുമാണ് ഞാൻ ആഗ്രഹിക്കുന്നത്.

    ReplyDelete
  7. "മൂക്കില്ലാ രാജ്യത്ത് മുറിമൂക്കന്‍ രാജാവ്‌ " എന്നതാണല്ലോ പ്രമാണം. ജനത്തിനു പറ്റിയ പോലീസ്‌ . അത്രയുമേ ഉള്ളൂ .

    എറണാകുളത്ത് തന്നെ വാഹന അപകടം ഉണ്ടായി റോഡില്‍ ചോര വാര്‍ന്നു മണിക്കൂറുകള്‍ കിടന്ന മരിക്കേണ്ടി വന്ന വ്യക്തിയുടെ ഫോട്ടോ മൊബൈലില്‍ എടുത്തു കൊണ്ടിരുന്ന നമുക്കുള്ള പോലീസും അങ്ങനെ തന്നെ ആയിരിക്കില്ലേ ? കാരണം നമ്മിലോരാളാണ് പോലീസുകാരനും. ആരും ആ മനുഷ്യനെ ഒന്നാശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചില്ല!

    ആദ്യമേ പറയട്ടെ ഈ സംഭവത്തെ ഞാന്‍ ന്യായീകരിക്കുന്നില്ല. എങ്കിലും ഇതിനൊരു മറുഭാഗം ഉണ്ട് .

    "മദ്യപിച്ച് വാഹനമോടിച്ചതാണെങ്കിൽ പോലും എത്രയും പെട്ടന്ന് അത് ബ്രീത്ത് അനലൈസർ ഉപയോഗിച്ച ഉറപ്പുവരുത്തണം എന്ന് നിയമം അനുശാസിക്കുന്നു." എത്ര സ്റ്റേഷനില്‍ ഈ ഉപകരണം ഉണ്ട് ? മന്ത്രിമാര്‍ ഒത്തിരി വലിയ വര്‍ത്തമാനങ്ങള്‍ പറയും , ഇന്നും പാവപ്പെട്ട ഒരു പോലീസുകാരന് വാഹനം ഓടിക്കുന്നവന്‍ മദ്യപിച്ചിട്ടുണ്ടോ എന്നറിയണമെങ്കില്‍ അവന്റെ വായിലെ നാറ്റം സ്വന്തം മൂകിനു നേരെ അടിപ്പിച്ച്ചാലെ പറ്റൂ . ഡ്രൈവര്‍ ഒരു ക്ഷയ രോഗി കൂടി ആണെങ്കിലോ ? ഇതിനു ഒരു മനുഷ്യാവകാശ പ്രശ്നവും ഇല്ല! പിന്നെ ഒരു സാധാരണ മനുഷ്യന് പറ്റിയ പിഴവ് മാത്രമായിട്ടേ ഞാനിതിനെ കാണുന്നുള്ളൂ .... "വാള് വച്ചു കിടക്കുന്ന" മനുഷ്യനെ കണ്ടിട്ട് അവിടെ കൂടിയ നാട്ടുകാര്‍ക്കാര്‍ക്കും അത് രക്തസമ്മർദ്ദം കൂടിയതാണെന്ന് മനസിലായില്ലേ ? എങ്കില്‍ ഒരു സാദാ പോലീസുകാരനും അതല്ലേ തോന്നൂ . പിന്നെ റോഡില്‍ ചെക്കിംഗ് നടത്തുമ്പോള്‍ വരുന്ന എല്ലാവരെയും മെഡിക്കല്‍ പരിശോധനയ്ക്ക്‌ വിധേയമാക്കാന്‍ പോയാല്‍ പിന്നെ എപ്പോള്‍ ചെക്കിംഗ് നടത്തും ? കാരണം മിക്കവാറും മദ്യപര്‍ കാണും അക്കൂട്ടത്തില്‍ . അപ്പോള്‍ ഒരു ദിവസം ഒരാളെ പിടിച്ചാല്‍ മതിയോ? അതിനാല്‍ പലയിടത്തും പ്രായോഗികമായി സ്റ്റേഷനില്‍ ഇരുത്താരാണ് പതിവ്. ഇനി ബോധം വരുമ്പോള്‍ അവന്‍ സ്വാധീനം ഉള്ളവന്നാണെങ്കില്‍ മെഡിക്കല്‍ ടെസ്റ്റ് കൊണ്ടുപോയ പോലീസുകാരന്‍ വല്ല കാസര്ഗോടും പോകേണ്ടി വരും . അതിനാല്‍ "വാള് വെച്ചവന് " ബോധം വരുമ്പോള്‍ വേണ്ടത് ചെയ്യാം എന്ന് കരുതി പ്രായോഗിക ബുദ്ധിയുള്ള പോലീസുകാരന്‍ !

    ഇനി നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാന്‍ പോലീസുകാരനെതിരെ നടപടിയും ഉണ്ടാവും ... തീര്‍ച്ച. എന്തായാലും പോലീസുകാര്‍ മനപൂര്‍വ്വം കൊന്നതോന്നുമല്ലല്ലോ?

    "പോലീസിന്റെ ഭാഗത്തുനിന്നും ഉള്ള അനാസ്ഥതന്നെയാണ് ഈ ജീവൻ നഷ്ടപ്പെടാൻ കാരണം." എന്ന അഭിപ്രായം ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല , എന്നാല്‍ അറിവില്ലയ്മയാണെന്ന് പറയാം.

    പോലീസുകാര്‍ ദുഷ്ടന്മാരാണെന്ന നമ്മുടെ മുന്‍‌വിധി പലപ്പോളും മാനുഷികമായ പിഴവുകള്‍ പറ്റുന്ന പോലീസുകാര്‍ക്കെതിരെ ദയയില്ലാതെ പ്രതികരിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. ഓര്‍ക്കുക , അവര്‍ പലപ്പോഴും ദ്ഷ്ടന്മാരല്ലാത്തത് കൊണ്ടാണ് നമ്മള്‍ ദുഷ്ടന്മാരാകുന്നത് !

    പൂര്‍ണ മനസ്സോടെ മനപൂര്‍വ്വം രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ഒരന്വേഷണം വരുമ്പോള്‍ സര്‍വ്വശക്തിയും എടുത്തു കോടികള്‍ പിരിവു നടത്തി ആ കേസ് മുക്കുന്ന നാം തന്നെ ഒരു പാവം പോലീസുകാരന്റെ മാനുഷിക പിഴവിന് അവനെ തൂക്കികൊല്ലണം എന്ന് മുറവിളി കൂട്ടുന്നു!.

    ആ പോലീസുകാരന്റെയും അവന്റെ കുടുംബത്തിന്റെയും നിര്‍ഭാഗ്യം എന്നല്ലാതെ എന്ത് പറയാന്‍! അവന്‍ ഇതുവരെ സമൂഹത്തിനു ചെയ്ത നന്മകള്‍ക്ക് ഒരു വിലയുമില്ല . ഇങ്ങനെപോയാല്‍ എന്ത് ചെയ്യും?

    അതിനാല്‍ എന്റെ പൂര്‍ണമായ പിന്തുണ ഒരു മനുഷ്യന്‍ എന്ന നിലയില്‍ ഞാന്‍ ഞാറയ്ക്കൽ പോലീസിന് നല്‍കുന്നു. (ഒരു വിലയുമില്ലെന്നറിയാം)

    N.B : വഹാബ് പറഞ്ഞത് പോലെ ഞാന്‍ ഒരു മുന്‍ പോലീസുകാരനോന്നുമല്ല. എന്റെ പിതാവ് റിട്ടയര്‍ ചെയ്ത പോലീസുദ്യോഗസ്ഥനാണ്. അതിനാല്‍ പോലീസുകാരുടെ പല മാനുഷിക പ്രശ്നങ്ങളും ഞാന്‍ കണ്ടിട്ടുണ്ട്.

    ReplyDelete
  8. നമ്മുടെ പോലീസ് നയം തന്നെ മാറ്റേണ്ടതുണ്ട്. നാട്ടുകാരെ തല്ലിച്ചതക്കാനായ് ബ്രിട്ടീഷുകാരന്‍ ഉണ്ടാക്കിയ പോലീസിനെപ്പോലെ തന്നെ ഇപ്പോഴും നമ്മുടെ പോലീസ്. ഇതിനൊക്കെ താമസിയാതെ മാറ്റം വരും എന്ന് പ്രതീക്ഷിക്കാം.

    ReplyDelete
  9. നാട്ടുകാരൻ: ഇവിടെ എത്തിയതിനും അഭിപ്രായത്തിനും വളരെ നന്ദി. എന്നാൽ താങ്കളുടെ പലനിരീക്ഷണങ്ങളോടും യോജിക്കാൻ എനിക്ക് സാധിക്കുന്നില്ല.

    ഈ സമൂഹത്തിൽ നിന്നും തന്നെയാണ് പോലീസുകാരും വരുന്നത്. അതുകൊണ്ട് സമൂഹത്തിന്റെ തന്നെ പരിശ്‌ചേദമാവും പോലീസും തർക്കമില്ല. എന്നാൽ കൂടുതൽ മെച്ചപ്പെട്ട തിരഞ്ഞെടുപ്പുരീതികളും നിരീക്ഷണസംവിധാനങ്ങളും ഉണ്ടെങ്കിൽ കുറെക്കൂടി മെച്ചപ്പെട്ട പോലീസ് സംവിധാനം സാധ്യമാവും എന്ന് ഞാൻ കരുതുന്നു.

    സാധാരണഗതിയിൽ വാഹനാപകടങ്ങിൾപ്പെടുന്ന വ്യക്തികളെ ആശുപത്രികളിൽ എത്തിക്കുന്നവർ തന്നെ പ്രതിയാ‍ക്കപ്പെടുന്ന സാചര്യം ആവാം പലരേയും ഇത്തരം ജീവകാരുണ്യപ്രവർത്തനങ്ങളിൽ നിന്നും പിന്തിരിപ്പിക്കുന്നത്. ബ്രീത്ത് അനലൈസർ മിക്ക സ്‌റ്റേഷനുകളിലും ഇല്ലെന്നാണ് അറിയുന്നത്. എന്നാലും വൈദ്യസഹായം ലഭ്യമാക്കുന്നതിന് ഇത് തടസ്സമാവില്ലല്ലൊ. ഇത്തരം പരിശോധനകൾ കോട്ട തികക്കുന്നതിനോ, സ്വന്തം കീശവീർപ്പിക്കുന്നതിനോ വേണ്ടിയാകുന്ന കാഴ്ചയാണ് പലപ്പോഴും കാണുന്നത്. ഒരു എ എസ് ഐ നേരിട്ടാണ് ഇദ്ദേഹത്തെ സ്‌റ്റേഷനിൽ എത്തിച്ചത്. ഇത്തരത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടാവുന്ന വീഴ്ചകൾ അജ്ഞതയായി കാണാൻ സാധിക്കുന്നില്ല. പോലീസുകാരനെതിരെ നടപടിയുണ്ടാവാൻ സാധ്യതകുറവാണ്. ഇപ്പോൾ കേൾക്കുന്ന വാർത്തകൾ ഇന്നലെ വരെ കേട്ടതിൻൽ നിന്നും വ്യത്യസ്തവും. മനഃപൂർവ്വം പോലീസുകാർ ഇദ്ദേഹത്തെ കൊലപ്പെടുത്തിയതായി ഞാനും പറഞ്ഞിട്ടില്ല.

    അനിലേട്ടാ നന്ദി. പോലീസിന്റെ പരിഷ്കരണം വളരെ പഴക്കം ചെന്ന ആവശ്യമാണ്. ഇതുവരെ ആരും ഇതു നടപ്പില്വരുത്താൻ മുന്നിട്ടിറങ്ങിയതായി കാണുന്നില്ല.

    ReplyDelete
  10. ഞാൻ ഈ പോസ്റ്റിൽ എഴുതിയകാര്യങ്ങൾ മുഴുവനും പത്രവാർത്തകളിലും ദൃശ്യമാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളേയും ആശ്രയിച്ചാണ്. ഇന്നത്തെ പത്രത്തിൽ കാണുന്ന വാർത്തകൾ അനുസരിച്ചാണെങ്കിൽ; സംഭവം അന്വേഷിക്കുന്ന ഐ ജി മുൻപാകെ പോലീസ് നൽകിയിട്ടുള്ള മൊഴിയിൽ വ്യത്യാസം കാണുന്നു. “ഹൈവേപെട്രോൾ വിഭാഗം അപകടം അറിഞ്ഞ് സ്ഥലത്തെത്തുമ്പോൾ ശ്രീ ഉമേഷ് നാട്ടുകരോട് തർക്കികുകയായിരുന്നു. കാറിൽ ഛർദ്ദിലിന്റെ അവശിഷ്ടങ്ങൾ കണ്ടതിനാൽ അദ്ദേഹം മദ്യപിച്ചിട്ടുണ്ടെന്ന് തെറ്റിദ്ധരിച്ച പോലീസ് പെട്രോൾവാഹനത്തിൽ അദ്ദേഹത്തെ സ്‌റ്റേഷനിൽ എത്തിച്ചു. അദ്ദേഹത്തിന്റെ കാർ ഹൈവേപെട്രോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന് ഒരു എ എസ് ഐ ഓടിച്ചു സ്‌റ്റേഷനിൽ എത്തിച്ചു. പെട്രോൾവാഹനത്തിൽ നിന്നും ശ്രീ ഉമേഷ നടന്നാണ് സ്‌റ്റേഷനിൽ കയറിയത്. അങ്ങെനെ ഉച്ചക്ക് 2:45ന് സ്‌റ്റേഷനിൽ എത്തിച്ച ഉമേഷനിനെ വിവരം ബന്ധുക്കളെ അറിയിച്ചശേഷം 3:15 ന് വൈദ്യപരിശോധനക്ക് വിധേയമാക്കി. ഉമേഷ മദ്യപിച്ചിട്ടില്ലെന്നും ഉയർന്ന രക്തസമ്മർദ്ദമുള്ളതിനാൽ അടിയന്തിരമായി വിദഗ്ദ്ധചികിത്സ ലഭ്യമാക്കണമെന്നും ഡോൿടർ അറിയിച്ചു. തുടർന്ന് 3:50ന് ഞാറയ്ക്കൽ ആശുപത്രിയിൽ നിന്നും അദ്ദേഹത്തെ ബന്ധുക്കൾക്കൊപ്പം ടക്സികാറിൽ എറണാകുളം ജനറൽ ആശുപത്രിയിലേയ്ക്ക് അയച്ചു. പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു” ഇതാണ് സംഭവത്തെക്കുറിച്ചുള്ള പോലീസ് ഭാഷ്യം.

    ReplyDelete
  11. സത്യം ആര്‍ക്കറിയാം ?
    പലപ്പോഴും മാധ്യമങ്ങള്‍ സത്യം പറയുന്നതായി എനിക്കനുഭവപ്പെട്ടിട്ടില്ല . അവരുടെ സ്ഥാപിത താല്പര്യങ്ങളും കച്ചവട മനോഭാവവും വാര്‍ത്തകളുടെ ഗതിയെ സ്വാധീനിക്കാറുണ്ട്. വിവാദങ്ങള്‍ ഉണ്ടാക്കുന്നതിലാണ് അവരുടെ താല്പര്യം .
    ഇതില്‍ അദെഹത്തിന്റെ കുടുംബക്കാര്‍ക്ക്‌ പരാതി ഉണ്ടോ എന്നറിയാമോ? അതൊന്നും പത്രത്തില്‍ കണ്ടില്ല.

    "സാധാരണഗതിയിൽ വാഹനാപകടങ്ങിൾപ്പെടുന്ന വ്യക്തികളെ ആശുപത്രികളിൽ എത്തിക്കുന്നവർ തന്നെ പ്രതിയാ‍ക്കപ്പെടുന്ന സാചര്യം ആവാം പലരേയും ഇത്തരം ജീവകാരുണ്യപ്രവർത്തനങ്ങളിൽ നിന്നും പിന്തിരിപ്പിക്കുന്നത്."
    ഇതിനോട് എനിക്ക് ശക്തമായ വിയോജിപ്പുണ്ട് . കാരണം പണ്ട് നടന്നു എന്നത് കൊണ്ട് ഇന്നങ്ങനെയല്ല. ഈ അടുത്ത കാലത്ത് അങ്ങനെ ഒരു സംഭവം കേരളത്തില്‍ എവിടെയെങ്കിലും നടന്നതായി എനിക്കറിയില്ല. കൂടാതെ അങ്ങനെ ഒരു പരാതി കിട്ടിയാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സമാധാനം പറയേണ്ടി വരും !
    നാം സഹായിക്കാന്‍ തയാരല്ലാത്തത് മറ്റു പല കാരണങ്ങള്‍ കൊണ്ടാണ് . പല അപകടങ്ങളിലും സഹായിക്കാനെത്തുന്ന നാട്ടുകാര്‍ മോഷ്ടാക്കളാവുന്ന അവസ്ഥയും നമ്മുടെ നാട്ടിലുണ്ട്.

    "പോലീസ് ഭാഷ്യം" ശരിയാണെങ്കില്‍ ഇത് വിവാദമാക്കിയ ആളുകള്‍ അവിടുത്തെ പോലീസുകാരോട് മാപ്പ് പറയുമോ? പത്രത്തില്‍ വിവാദത്തിന്റെ അത്രയും പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുമോ?

    "ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ !"
    ഈ നിഗമനത്തിനാണ് എളുപ്പം. ജനസമ്മതിയുള്ളതും !. അപരാധിയാണോ നിരപരാധിയാണോ എന്നൊന്നും ഒരു പ്രശ്നവുമല്ല,

    ReplyDelete
  12. എല്ലാ മാധ്യമങ്ങളും ഒരേ രീതിയിൽ റിപ്പോർട്ട് ചെയ്ത വാർത്തയാണിത്. അതുകൊണ്ട് തന്നെ ഏതെങ്കിലും തരത്തിൽ സ്വാധീനിക്കപ്പെട്ടിട്ടുണ്ടെന്ന് കരുതുക വയ്യ. അദ്ദേഹത്തിന്റെ കുടുംബക്കാർക്ക് പരാതി ഉണ്ടെന്നാണ് വാർത്തകളിൽ നിന്നും മനസ്സിലാക്കുന്നത്. പോലീസ് അദ്ദേഹത്തോട് അപമര്യാദയായി പെരുമാറിയെന്നും അപകടസ്ഥലത്തുവെച്ച് അദ്ദേഹത്തെ ഹൈവേപെട്രോൾ വാഹനത്തിലേയ്ക്ക് തള്ളിയിടുകയായിരുന്നുവെന്നും അവർ ആരോപിക്കുന്നു.
    പോലീസിന്റെ ഭാഗവും പത്രങ്ങൾ അതേപ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പക്ഷേ ഞങ്ങളുടെ അല്ലാതെ മറ്റ് എഡീഷനുകളിൽ ഇതു വരുന്നുണ്ടോ എന്നെനിക്കറിയില്ല.
    പലപ്പോഴും സഹപ്രവർത്തകരുടെ കുറ്റങ്ങൾ മറച്ചുവെക്കാൻ പോലീസ് ശ്രമിക്കാറുണ്ട്. അതിന്റെ ഏറ്റവും വലിയ സമീപകാല ഉദാഹരണം തിരുവനന്തപുരത്ത് ഫോർട്ട് സ്‌റ്റേഷനിൽ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസ് തന്നെ. കോടതിയിൽ ഹാജറാക്കിയ പ്രതികളെ പത്രക്കാരിൽ നിന്നും മറയ്ക്കാൻ മറ്റുചിലരെ പ്രതികൾ എന്ന വ്യാജേന കോടതിയിൽ എത്തിച്ച സംഭവം. പെറ്റിക്കേസുകളിൽ പിടിക്കപ്പെടുന്നവരെപോലും വലിയ അഭിമാനത്തോടെ പത്രക്കാർക്ക് മുൻപിൽ അണിനിരത്തുന്നവർ തന്നെയാണ് ഇതും ചെയ്തത്.
    പോലീസിനെ പൂർണ്ണമായും ന്യായീകരിക്കാൻ എനിക്ക് സാധിക്കുന്നില്ല.

    ReplyDelete
  13. ഒരിക്കലും ഞാന്‍ പോലീസുകാരെ പൂര്‍ണമായും ന്യായീകരിക്കുന്നില്ല . അവരിലും കൊടിയ ക്രിമനലുകള്‍ ഉണ്ട് !

    ഇവിടെ കോട്ടയം എഡിഷന്‍ പത്രങ്ങളാണ് കിട്ടുന്നത് .

    ReplyDelete
  14. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് വകതിരിവോടെ പെരുമാരുവാനുള്ള പരിശീലനത്തിന്റെ കുറവാണോ അതോ കേരളീയ സമൂഹത്തില്‍ പൊതുവേ ഉള്ള അലസതയുടെയും അലംഭാവവും കൊണ്ടോ..എന്തോ പലപ്പോഴും നമ്മുടെ പോലീസ് വകുപ്പിനെ കുറിച്ച് ഇത് പോലെ ഒരു പാട് പരാതികള്‍ ഉയര്‍ന്നു കേള്‍ക്കുന്നു. പക്ഷെ പലപ്പോഴും ഒന്നോ രണ്ടോ ഒറ്റപെട്ട സസ്പെന്‍ഷന്‍ കൊണ്ട് ശിക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കി പോവുന്നതല്ലാതെ.... കാര്യ ശേഷി കൂട്ടുവാനായി സര്‍ക്കാര്‍ ഒന്നും ചെയ്യുനതായി തോന്നുന്നില്ല.

    അടി കൊണ്ട് മാത്രം ഒരു കുട്ടിയും നന്നാവില്ല. നല്ല ഉപദേശവും വിദ്യഭ്യാസവും പ്രോത്സാഹനവും അവനു ആവശ്യം അല്ലെ.

    ReplyDelete
  15. നാട്ടുകാരൻ: ഞങ്ങളുടെ എഡിഷനിൽ ഇപ്പോഴും ഇതിന്റെ ഫോളോ അപ് പ്രസിദ്ധീകരിക്കുന്നുണ്ട്.

    കണ്ണനുണ്ണി: കണ്ണാ പലപ്പോഴും മുൻ‌വിധിയോറ്റെയുള്ള പെരുമാറ്റങ്ങൾ ഇത്തരം അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നു. ഇത്തരം അന്വേഷണങ്ങളിൽ പൊതുവേകാണുന്ന പ്രവണത് ഉദ്യോഗസ്ഥരെ രക്ഷിക്കുക എന്നതു തന്നെയാണ്.

    അഭിപ്രായങ്ങൾക്കും പ്രോത്സാഹനത്തിനും ഒരിക്കൽകൂടി എല്ലാവർക്കും നന്ദി.

    ReplyDelete
  16. കുനിച്ചു നിര്‍ത്തി കൊടുക്കണം മണീ അടി...........
    മണിയടിയല്ല........ പോലീസിന്.....:)

    ReplyDelete
  17. മണീ, നമ്മുടെ നാട്ടിൽ നടന്ന ഈ സംഭവത്തെക്കുറിച്ച് എന്നോട് ആദ്യം പറഞ്ഞത് സുഭാഷ് ചേട്ടനാ. ഞാൻ കോട്ടയത്തായിരുന്നു. വല്യ വിഷമം തോന്നി.

    ReplyDelete
  18. I view Nattukaran's opinions as socially irresponsible and absolutely immature.

    ReplyDelete
  19. മുരളിക: പൂച്ചയ്ക്ക് ആരു മണികെട്ടും :) അതാ ഇവിടത്തെ സ്ഥിതി.

    ലതിചേച്ചി: ഈ വാർത്ത ടിവിയിൽ കണ്ടപ്പോൾ വിഷമം തോന്നി. ഇത്തരം കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കപ്പെടണം എന്നെതന്നെ ആഗ്രഹിക്കുന്നു.

    ആവനാഴി: Nattukaran expressed his opinion. I respect both of your views.

    എല്ലാവർക്കും ഒരിക്കൽകൂടി നന്ദി.

    ഞാറയ്ക്കൽ പോലീസിനെപ്പറ്റി കഴിഞ്ഞ ആഴ്ച വന്ന ഒരു വാർത്തകൂടി ഇവിടെ പരാമർശിക്കട്ടെ. മോഷണകുറ്റം ആരോപിച്ച് പോലീസ് അറസ്റ്റുചെയ്ത മൂന്നു പേർ നാട്ടുകാരുടെ പ്രക്ഷോഭത്തെത്തുടർന്ന് ആലുവ ഡി വൈ എസ്പി നടത്തിയ അന്വേഷണത്തിൽ കുറ്റക്കാരല്ലെന്നു കണ്ടെത്തി എന്നതാണ്. യഥാർഥകുറ്റവാളികളായ നാലു പേരെ അദ്ദേഹം കണ്ടെത്തുകയും ചെയ്തു. ആദ്യം അറസ്റ്റുചെയ്യപ്പെട്ട വ്യക്തികളിൽ പോലീസിന്റെ കൊടിയ മർദ്ദനത്തിനും 10 ദിവസത്തെ ജയിൽ വാസത്തിനും വിധേയനായ ഇ കെ മനീഷിന് നഷ്ടമായത് സ്വന്തം ജീവിതം ആണ്. പിടിച്ചുപറിക്കേസിൽ പ്രതിയായതോടെ വിവാഹം മുടങ്ങി. പോലീസ് മർദ്ദനത്തിന്റെ ഫലമായി മുനമ്പ ഹാർബറിൽ തൊഴിലാളിയായ ഇദ്ദേഹം ജോലിചെയ്യാൻ വയ്യാത്ത അവസ്ഥയിൽ ആണ്. ഇതിനുത്തരവാദികളായവർ ശിക്ഷിക്കപ്പെടും എന്ന പ്രതീക്ഷയിലാണ് ഇവർ.

    ReplyDelete
  20. കൊടിയ മർദ്ദനത്തിലൂടെ കുറ്റം സമ്മതിപ്പിക്കുന്ന രീതി കാടത്തം എന്നല്ലാതെ എന്തു പറയാൻ. കുറ്റാന്വേഷണമാർഗ്ഗങ്ങൾ ശാസ്ത്രീയമാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

    ReplyDelete