5 July 2010

റോഡരുകിലെ പൊതുയോഗവും കോടതിയും

റോഡരുകിലെ എല്ലാ പൊതുയോഗങ്ങളും നിരോധിച്ചുകൊണ്ടുള്ള കേരളഹൈക്കോടതിയുടെ വിധിയില്‍ എന്റെ നിരീ‍ക്ഷണം റോഡരുകില്‍ ഒരു ധര്‍ണ്ണ എന്ന അനിലേട്ടന്റെ പതിവുകാഴ്ചകള്‍ എന്ന ബ്ലൊഗിലെ പോസ്റ്റില്‍ ഞാന്‍ രേഖപ്പെടുത്തിയിരുന്നു. അത് ഇവിടേയും ഒരു പോസ്റ്റായി ചേര്‍ക്കുന്നു.

“റോഡരുകിലെ പ്രകടനങ്ങളും പൊതുയോഗങ്ങളും പൂര്‍ണ്ണമായും നിരോധിച്ച ഹൈക്കോടതിവിധിയും അതിനെതിരെ ചില രാഷ്ട്രീയകക്ഷികളും, ചില നേതാക്കളും പ്രതിക്ഷേധിച്ച രീതിയും ശരിയായില്ല എന്ന അഭിപ്രായക്കാരനാണ് ഞാന്‍. കോടതികള്‍ക്കും തെറ്റുപറ്റാം. എന്നാല്‍ അത്തരം തെറ്റുകള്‍ ചോദ്യം ചെയ്യുന്നതിനും, ചൂണ്ടിക്കാണിക്കുന്നതിനും ചില വ്യവസ്ഥാപിതമായ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അതിനു മുതിരാതെ കോടതിവിധികളേയും അത് പുറപ്പെടുവിച്ച ന്യായാധിപന്മാരേയും (വിധികര്‍ത്താക്കള്‍ എന്നപദമാവും ഇത്തരക്കാരെക്കുറിച്ച പറയാന്‍ കൂടുതല്‍ യോജിക്കുക എന്നെ തോന്നുന്നു) തെരുവില്‍ നേരിടുന്നരീതി ഇന്ത്യ പോലുള്ള ഒരു ജനാധിപത്യ രാഷ്ട്രത്തിലെ നേതാക്കള്‍ക്കും പാര്‍ട്ടികള്‍ക്കും ഭൂഷണമാണോ എന്ന് ഒരു സ്വയം പരിശോധന നല്ലതാവും. അഴിമതിക്കാരായ ന്യായാധിപന്മാരെ നീക്കുന്നതിനും ശാസിക്കുന്നതിനും ജനാധിപത്യ സമ്പ്രദായത്തില്‍ നിയമനിര്‍മ്മാണ സഭകള്‍ക്ക് മാത്രമാണ് അധികാരം. ഈ അധികാരം തീര്‍ച്ചയായും നിയമനിര്‍മ്മാണ സഭകള്‍ പ്രയോഗിക്കണം. വിധികളില്‍ ഉണ്ടാവുന്ന തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നതിനും ഇത്തരം വിധികള്‍ നടപ്പില്‍‌വരുത്തുന്നതിനു സര്‍ക്കാരിനുള്ള ബുദ്ധിമുട്ടുകളും കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും അഡ്വക്കേറ്റ് ജനറല്‍ എന്ന ഭരണഘടനാപദവി വഹിക്കുന്ന വ്യക്തിയ്ക്കുള്ള അധികാരവും വളരെ ബൃഹത്താണ്. കോടതില്‍ നിലവിലുള്ള് ഒരു കേസില്‍ അതിന്റെ ഏതു ഘട്ടത്തിലും ഇടപെടാനും ഇദ്ദേഹത്തിനു ഭരണഘടന വിശിഷ്ടമായ അധികാരങ്ങള്‍ നല്‍കുന്നു.

ഈ വിധിയിലേയ്ക്ക് നയിച്ചത് ആലുവാ റെയില്‍‌വേസ്റ്റേഷനു സമീപമുള്ള പൊതുയോഗങ്ങളെ സംബന്ധിച്ച ഒരു പരാതിയാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ആ പ്രത്യേക സ്ഥലത്ത് പൊതുയോഗങ്ങള്‍ നിരോധിക്കണം എന്നായിരുന്നു വിധിയെങ്കില്‍ ആലുവായിലൂടെ സ്ഥിരമായി യാത്രചെയ്യുന്ന ഏവരും അതിനെ സ്വാഗതം ചെയ്തേനെ. കാരണം ആലുവാ കെ എസ് ആര്‍ ടി സി ബസ്റ്റേഷന്‍, ആവുവാ റെയില്‍‌വേസ്റ്റേഷന്‍, മുന്‍സിപ്പല്‍ ബസ്റ്റാന്റിലേയ്ക്ക് വരുന്ന സ്വകാര്യബസ്സുകള്‍, ഇവയെല്ലാം ഈ റോഡിലൂടെയാണ് കടന്നു പോവുക. പലപ്പോഴും ആഴ്ചകള്‍ നീളുന്ന പ്രദര്‍ശനങ്ങളും സമ്മേളനത്തിനായി സ്ഥിരം കെട്ടിയുണ്ടാക്കുന്ന വേദികളും ഇവിടെ ഉണ്ടാക്കുന്ന ഗതാഗതക്കുരുക്ക് ചെറുതല്ല. ആലുവായില്‍ നടക്കുന്ന മിക്കവാറും എല്ലാ സമ്മേളനങ്ങളുടേയും സ്ഥിരം വേദിയാണ് ഈ സ്ഥലം. ഇവിടെ നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ മാത്രം അകലത്തില്‍ നഗരമധ്യത്തിലായി (സബ് ജയിലിനും, പോലീസ് സ്റ്റേഷനും സമീപം) വിശാലമായ ഗ്രൌണ്ട് ഉണ്ട്. ഈ സ്ഥലം പൊതുയോഗങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. പൊതുയോഗത്തിനു വേണ്ടി ഇതിനു മുന്‍പിലുള്ള റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചാലും അതു കാര്യമായ ഗതാഗതക്കുരുക്ക് ഉണ്ടാക്കില്ല. എന്നിട്ടും ഏറ്റവും തിരക്കേറിയ റെയില്‍‌വേസ്റ്റേഷനു മുന്‍പില്‍ തന്നെ പൊതുയോഗം സംഘടിപ്പിക്കുന്നത് സാധാരണ ജനങ്ങളോടുള്ള വെല്ലുവിളിയായി മാത്രമേ കാണാന്‍ സാധിക്കൂ.

3 comments:

 1. കോടതിയലക്ഷ്യമാകുമോ എന്നു പേടിച്ച് ഒന്നും ഉരിയാടുന്നില്ല..:)

  ReplyDelete
 2. റോഡുകള്‍ സഞ്ചരിക്കാനുള്ളതാണ്. ആ പ്രാഥമിക ധര്‍മ്മം നിര്‍വ്വഹിക്കാന്‍ തടസ്സമാകുന്ന ഒന്നും അനുവദനീയമല്ല;അനുവദിക്കാന്‍ പാടില്ല.സഞ്ചാരത്തിനു തടസ്സമാകാത്ത രീതിയില്‍ ആകാമെങ്കില്‍ മാത്രമേ യോഗങ്ങള്‍ റോഡരികില്‍ അനുവദിക്കാവൂ. അതല്ലേ അതിന്റെ ശരി????

  ReplyDelete
 3. ഹരീഷേട്ടനും സാറിനും എന്റെ നന്ദി. ഈ പോസ്റ്റ് ഒരു മെയ്‌ഡന്‍ പോസ്റ്റാവുമോ എന്ന് സങ്കടപ്പെട്ട് ഇരിക്കുകയായിരുന്നു.

  ഹരീഷേട്ടാ അങ്ങനെ ഒരു ഭയവും ഭയപ്പെട്ട് മിണ്ടാതിരിക്കുന്ന സ്വഭാവവും തീരെയില്ലെന്ന് നന്നായി അറിയാം. :)

  സാറിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. റോഡുകളുടെ പ്രാഥമികമായ ആവശ്യം സഞ്ചാരം തന്നെയാണ്. എന്നാലും ഉപരോധവും വഴിതടയലും എല്ലാം നിയമലംഘനസമരമാര്‍ഗ്ഗങ്ങളില്‍ നമ്മള്‍ എത്രയോ കാലമായി തുടര്‍ന്നുവരുന്നു. എല്ലാ കാര്യങ്ങള്‍ക്കും വഴിതടയുന്നതും ഗതാഗതം തടസ്സപ്പെടുത്തി ജാഥകള്‍ നടത്തുന്നതും അംഗീകരിക്കാന്‍ സാധിക്കില്ല. പക്ഷെ ചില കടുത്ത അവസരങ്ങളില്‍ അത്തരം സമര മാര്‍ഗ്ഗങ്ങളും അവലംബിക്കേണ്ടതായി വരില്ലെ. അത്തരത്തില്‍ ഒരു ഉദാഹരണം ഇതാ ഇവിടെ ഉണ്ട്

  ReplyDelete