1 November 2008

കേരളത്തിൽ ടൊർണാഡോ വീശിയ ദിവസം

31/10/2008
ഇന്നു മനോരമ ന്യൂസ് ചാ‍നലിൽ ശ്രീ വയലാർ ശരത്‌ചന്ദ്രവർമ്മയുമായുള്ള ഒരു അഭിമുഖം കാണുന്നതിനിടയിലാണ് താഴെ ബ്രേക്കിങ് ന്യൂസ് ആയി പോവുന്ന വാർത്തകണ്ടത്. “പെരിനാടിനും ശാസ്താം‌കോട്ടയ്ക്കും ഇടക്കു ഗുവഹാത്തി എക്സ്‌പ്രസ്സ് പാളം തെറ്റി” ഉടനെ മറ്റു വാർത്താചാനലുകളിലും കൂടുതൽ വിവരങ്ങൾക്കായി എത്തിനോക്കി. എല്ലായിടത്തും അടിക്കുറിപ്പായി ഇതുതന്നെ. പെരിനാടിനും ശാസ്താംകോട്ടയ്ക്കും ഇടയ്ക്കു ഗുവഹാത്തി എക്സ്‌പ്രസ്സ് പാളം തെറ്റി, ആളപായമില്ല. എഞ്ചിനുശേഷം എസ് എൽ 6-ആം നമ്പർ ബോഗിയാണ് പാളം തെറ്റിയത്. പാളത്തിൽ നിന്നും കോൺ‌ക്രീറ്റു കട്ട കണ്ടെടുത്തു. അട്ടിമറി എന്നു സംശയം. എന്നതാണ് വാർത്തയുടെ സംക്ഷിപ്തം.

ഈ വാർത്ത വായിച്ചപ്പോൾ മനസ്സു വർഷങ്ങൾ പുറകോട്ടു സഞ്ചരിച്ചു. 1988 ജൂലായ് 8 അന്നാണ് കേരളത്തെ നടുക്കിയ ഏറ്റവും വലിയ റെയിൽ ദുരന്തം ഉണ്ടായത്. ബാംഗ്ലൂരിൽ നിന്നും തിരുവനന്തപുരത്തിനു പോവുകയായിരുന്ന് :ഐലന്റ് എക്സ്‌പ്രസ്സിന്റെ” പത്തു ബോഗികൾ പെരുമൺ പാലത്തിൽ നിന്നും അഷ്ടമുടിക്കായലിൽ പതിച്ചതിന്റെ ഫലമായി 105 ജീവനുകളാണ് പൊലിഞ്ഞതു. ഇരുന്നൂറിൽ അധികമാളുകൾ ഗുരുതരമായി പരുക്കേറ്റു. കേരളം കണ്ട എറ്റവും ദാരുണമായ ട്രെയിൻ ദുരന്തം. ഈ ദുരന്തത്തിൽ നിന്നും രക്ഷപെട്ട പലരും ദുരന്തം ഏല്‍പ്പിച്ച മാനസിക ആഘാതത്തിൽ നിന്നും മുക്തരായതു വർഷങ്ങൾ കഴിഞ്ഞാണ്. അന്നു ഞാൻ സ്കൂൾ വിദ്യാർത്ഥിയായിരുന്നു. ഞങ്ങളുടെ ബയോളജി അദ്ധ്യാപിക ആയിരുന്നു ശ്രീമതി രുഗ്മിണി ടീച്ചറും കുടുംബവും ഈ ദുരന്തത്തിൽ നിന്നും കഷ്ടിച്ചു രക്ഷപെട്ട സംഭവം ഞങ്ങളോടു പറഞ്ഞിട്ടുണ്ട്. പാളത്തിൽ നിന്നും കായലിലേയ്ക്കു തൂങ്ങിക്കിടന്ന ബോഗിയിലായിരുന്നു അവർ. അല്പം സാരമായ പരുക്കുകൾ തന്നെ ടീച്ചറിന്റെ ഭർത്താ‍വിനുണ്ടായിരുന്നു. ഏറ്റവും ആഘാതമായതു വയറുപൊട്ടി കുടൽമാലവെളിയിൽച്ചാടി മരിച്ചുകിടക്കുന്ന ഒരു കുഞ്ഞിന്റെ ജഡം കണ്ടതാണെന്നു കരഞ്ഞുകൊണ്ടു ടീച്ചർ പറഞ്ഞതു ഇപ്പോഴും ഓർമ്മയുണ്ട്.

ഏതാണ്ട് ഇതേ “ഞെട്ടൽ” തന്നെയാണ് രണ്ടു വർഷങ്ങൾക്കുശേഷം റെയിൽ‌വേ സുരക്ഷാകമ്മീഷണർ ഇതിന്റെ അന്വേഷണറിപ്പോർട്ട് പുറത്തുവിട്ടപ്പോൾ ഉണ്ടായത്. ഇത്രയും ദാരുണമായ അപകടത്തിനു കാരണം “ടൊർണാഡോ” എന്ന ചുഴലിക്കൊടുംകാറ്റായിരുന്നു അത്രേ. അന്ന് അതിന്റെ പേരിൽ ഉണ്ടായ വിവാദങ്ങൾ പലർക്കും ഓർമ്മകാണും എന്നു കരുതുന്നു. എത്രമാത്രം ലാഘവത്തോടെയും, നിരുത്തരവാദപരമായും ആണ് റെയിൽ‌വേ ഈ അപകടത്തെ കൈകാര്യം ചെയ്തത് എന്നതിനു ഏറ്റവും വലിയ തെളിവാണ് ഈ റിപ്പോർട്ട്. അന്നു അഷ്ടമുടിക്കായലിൽ മത്സ്യബന്ധനത്തിലേർപ്പെട്ടുരുന്ന വഞ്ചിക്കാരും, അടുത്ത കള്ളുഷാപ്പിലുണ്ടായിരുന്നവരും ആണ് ആദ്യം രക്ഷാപ്രവർത്തനത്തിനെത്തിയത്. ഒരു തീവണ്ടിയുടെ പത്തുബോഗികളെ കായലിലേക്കു തള്ളിയിട്ട ഈ കാറ്റുവീശിയതു അവരാരും അറിഞ്ഞില്ല. അന്നോ അതിനു മുൻപോ അതിനു ശേഷമോ ഇത്തരം ഒരു കാറ്റു കേരളത്തിൽ വീശിയതിനു തെളിവെന്നും ഇല്ല. ടൊർണാഡോ എന്ന പദം അന്നു കേട്ടു പരിചയം പോലും ഇല്ലായിരുന്നു. പിന്നീട് വർഷങ്ങൾക്കു ശേഷം “ട്വിസ്റ്റർ” എന്ന ചലച്ചിത്രം കണ്ടപ്പോളാണ് ടൊർണാഡോയുടെ ഉഗ്രശക്തി മനസ്സിലാകുന്നത്. ഇത്തരം ഒരു കാറ്റു സമീപവാസികളാരും അറിയാതെ അവിടെ വീശി ട്രെയിനെ മറച്ചിട്ടു കടന്നുപോയി എന്നെഴുതിയ കമ്മീഷന്റെ തൊലിക്കട്ടി അപാരം തന്നെ.

അപകടത്തിന്റെ യഥാർത്ഥകാരണമായി മറ്റൊന്നാണ് പറഞ്ഞു കേട്ടിരുന്നത്. അത് റെയിവേപാളത്തിൽ അപ്പോൾ നടന്നിരുന്നു അറ്റകുറ്റപ്പണികളുമാ‍യി ബന്ധപ്പെട്ടതാണ്. വളവുകളിൽ ട്രെയിൻ അപകടം കൂടാതെ കടന്നുപോവുന്നതിനു പാളങ്ങളുടെ ഉയരം ക്രമീകരിക്കുന്ന ജോലി അന്നു പെരുമൺ പാലത്തിനു മുൻപ് നടന്നിരുന്നുവത്രേ. ഇതിനായി പാളങ്ങൾ ഉയർത്തി അവയ്ക്കടിയിലെ കല്ലുകൾ മാറ്റി ജോലിക്കാർ ചായകുടിക്കാൻ പോയ അവസരത്തിലാണ് മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ ട്രെയിൻ കടന്നുവന്നതെന്നും ഇതാണ് അപകടകാരണം ആയതെന്നും പറയുന്നു. ട്രെയിൻ അതിന്റെ യാത്രതുടങ്ങിയാൽ അവസാനിക്കുന്നതുവരെ ഉള്ള ഒരോസമയത്തേയും വേഗം ഒരു ഗ്രാഫിന്റെ രൂപത്തിൽ രേഖപ്പെടുത്തുന്ന സംവിധാനം ട്രയിനിൽ ഉണ്ട്. (വിമാനങ്ങളിലെ ബ്ലാക്ക് ബോക്സിനോടു ഇതിനെ ഉപമിക്കാം) ട്രെയിൻ യാത്രതിരിച്ച ശേഷം ഏതുസമയത്തെ വേഗതയും ഇതിൽനിന്നും കണ്ടെത്താൻ സാധിക്കും. അപകടത്തിൽ‌പെട്ട ഐലന്റ് എക്സ്‌പ്രസിന്റെ അപകടസമയത്തെ വേഗം 80 കിലോമീറ്റർ ആയിരുന്നു എന്നത് ഇതിൽനിന്നും മനസിലാക്കിയതാണ്. ട്രെയിൻ യാത്രക്കാരും ഇതു സാക്ഷ്യപ്പെടുത്തുന്നു. ഇതുമാത്രമല്ല ഇത്തരം അറ്റകുറ്റപ്പണികളെപ്പറ്റിയുള്ള വിവരങ്ങൾ അതിനു മുൻപെ ട്രെയിൻ നിറുത്തുന്ന സ്‌റ്റേഷനിൽ വെച്ച് എഞ്ചിൻ ഡ്രൈവർമാരെ ആറിയിക്കുകയും ഇതു സംബന്ധിക്കുന്ന അറിയിപ്പിന്റെ കോപ്പി ഡ്രൈവറിൽ നിന്നും ഒപ്പിട്ടുവാങുകയും ചെയ്യും. കൂടാതെ അറ്റകുറ്റപ്പണികൾ നടക്കുന്ന സ്ഥലത്തിനു മുൻപെ ട്രെയിനിന്റെ സുരക്ഷിതവേഗതയെ സൂചിപ്പിക്കുന്ന ഫലകങ്ങളും സ്ഥാപിച്ചിരിക്കും. ഇതെല്ലാം എങ്ങനെ ഒരു ഡ്രൈവർ അവഗണിച്ചു എന്നത് ദുരൂഹമാണ്. ചുരുക്കത്തിൽ കേരളം കണ്ട ഏറ്റവും ദാരുണമായ ട്രെയിൻ ദുരന്തത്തിന് സത്യസന്ധമായ ഒരു വിശദീകരണം തരാൻ ഇന്ത്യൻ റെയിൽ‌വേയ്ക്കു കഴിഞ്ഞിട്ടില്ല.

ഇന്നു എല്ലാവർഷവും ദുരന്തത്തിന്റെ വാർഷീകത്തിൽ ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ബന്ധുക്കൾ പാലത്തിനു സമീപത്തുള്ള സ്‌മൃതിമണ്ഡപത്തിൽ ഒത്തുകൂടുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന്റെ കാരണം എന്നെങ്കിലും പുറത്തുവരും എന്ന പ്രതീക്ഷ അവർക്കുണ്ടാകുമോ? വല്ലപ്പോഴും തിരുവനന്തപുരത്തുനിന്നും ട്രെയിനിൽ വരുമ്പോൾ ഈ പാലത്തിനു മുകളിൽ എത്തുമ്പോൽ ഞാനും ഈ ഹതഭാഗ്യരെ ഓർക്കും. ഒപ്പം ട്രെയിനിന്റെ ശബ്ദത്തിനും ഉപരിയായി വീണ്ടും “ടൊർണാഡോ” യുടെ ശബ്ദം കേൾക്കുന്നുണ്ടോ എന്നറിയാൻ കാതോർക്കും. .............

13 comments:

  1. പണ്ട് അപകടങ്ങൾ നമുക്ക് പ്രഭാതപത്രത്തിനൊപ്പം കൊറിക്കാനുള്ള വിഭവമായിരുന്നു.ടി.വി.ക്കു മുന്നിലിരുന്ന് മാത്രം ചോറിറങ്ങുന്ന വീട്ടിലെ ആറുവയസ്സുകാരൻ ഇന്നലെ ആസ്സാമിൽ പൊള്ളിയടർന്ന മാംസക്കഷ്ണങ്ങൾ അടർന്നുവീഴുന്ന ദൃശ്യമാസ്വദിച്ചുകൊണ്ട് ഭക്ഷണം കഴിക്കുന്നതുകണ്ടു.
    നാലുദിവസം ഓർക്കും;പിന്നെ മറക്കും-അപ്പോൾ അധികാരികൾക്ക് എന്തു വിചിത്രറിപ്പോർട്ടും എഴുതാൻ പേടിക്കേണ്ടതില്ലല്ലോ.
    നല്ലപോസ്റ്റ്-അഭിനന്ദനങ്ങൾ.

    ReplyDelete
  2. ഓരോ അപകടങ്ങള്‍ നടക്കുമ്പോഴും മനസ്സ് വിറ കൊള്ളുകയാണു..ഇപ്പോള്‍ അപകടം എന്നത് ആള്‍ക്കാ‍ര്‍ക്ക് ഒരു പുതുമയേ അല്ലാതാകുന്നു.എന്തു സംഭവിച്ചാലും അതു തങ്ങള്‍ക്കല്ലല്ലോ എന്നു ചിന്തിക്കുന്നവനാണു ഇന്നത്തെ മലയാളി..നാളെ ഇതു പോലെ ഒരു അപകടം തങ്ങള്‍ക്കും വരാം എന്നവന്‍ ചിന്തിക്കുന്നില്ല,
    എനിക്കോര്‍മ്മ വരുന്ന ഒരു സന്ദര്‍ഭം സുനാമീ തിരകളില്‍ പെട്ട് ആയിരങ്ങള്‍ മുങ്ങി മരിച്ച വാര്‍ത്ത ലൈവ് ആയി ടി വി യില്‍ കൂടി കാണുമ്പോള്‍ എന്റെ ഒരു സുഹൃത്തിന്റെ ഭാര്യ ശ്രദ്ധിച്ചത് ആ വാര്‍ത്താ വായനക്കാരിയുടെ നെക്ക് ലേസ് എത്ര ഭംഗിയുള്ളത് ആണു എന്ന കാര്യമായിരുന്നു.ഇതാണു മനുഷ്യന്റെ സ്വഭാവം

    ReplyDelete
  3. റിപ്പോര്‍ട്ട് നല്‍കാന്‍ റയിവേക്കു കഴിയായ്കയല്ല, മറിച്ച് സത്യസന്ധമായ റിപ്പോര്‍ട്ട് നല്‍കിയാല്‍ പലരും അഴിയെണ്ണും എന്നതാണ് കാരണം.

    കടലുണ്ടി ദുരന്തവും നാം മറന്നിട്ടില്ല.

    തെറ്റു ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടണം,പകരം നിയമത്തിന്റെ നൂലാമാലകളും, രാഷ്ട്രീയ സ്വാധീനവും മുതലെടുത്ത് രക്ഷപ്പെടാനും രക്ഷപ്പെടുത്താനുമാണ് ഇന്ത്യക്കാരന്റെ ശ്രമ.

    ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ റെയില്‍ പാതയും, അതിലൂടെ ഓടുന്ന നൂറു കണക്കിനു ട്രയിനുകളും മനുഷ്യനാല്‍ മാത്രം നിയന്ത്രിക്കപ്പെടുന്ന, പത്തൊമ്പതാം നൂറ്റാണ്ടിലെ സിഗ്നലിങ് വച്ചായിരുന്നു ഈ അടുത്ത കാലം വരെ നാം കൈകാര്യം ചെയ്തിരുന്നത്. കമ്പ്യൂട്ടര്‍ നിയന്ത്രിത ട്രാഫിക്കുള്ള മറ്റു രാജ്യങ്ങളില്‍ നടക്കുന്ന അപകടങ്ങളെ അപേക്ഷിച്ചു എത്രയോ കുറവാണ് നമ്മുടെ നാട്ടിലെ റെയില്‍ അപകടങ്ങള്‍ !

    ന്യായീകരിക്കയല്ല, പൂര്‍ണ്ണമായും മനുഷ്യ നിയന്ത്രിതമാവുമ്പോള്‍ തെറ്റു പറ്റാം, പക്ഷെ അതു തുറന്നു പറഞ്ഞ് തെറ്റുചെയ്തവര്‍ ശിക്ഷിക്കപ്പെടുന്നു അന്ന് ഉറപ്പാക്കാനുള്ള ആര്‍ജ്ജവം കൂടി റയില്വേ കാണിക്കണം.

    ReplyDelete
  4. വളരെ നല്ല പോസ്റ്റ് മണി..
    പെരുമൺ പാലത്തിലൂടെ വല്ലപ്പോഴും കടന്നുപോകാനിട വരുമ്പോഴൊക്കെ മനസ്സ് വല്ലാതെ വിറകൊള്ളാറുണ്ട്

    ReplyDelete
  5. "കേരളത്തില്‍ ടോര്‍ണാഡോ വീശിയ ദിവസം" - ഇതു വായിച്ചപ്പോള്‍ ഞാന്‍ വിചാരിച്ചു ഈ ടോര്‍ണാഡോ എന്ന സായിപ്പ് കേരളത്തില്‍ വന്ന് ഷാപ്പില്‍ കയറി രണ്ടു പെഗ് വീശിയെന്ന്! ഇന്നു ഒന്നാം തീയതി ആയതുകൊണ്ട് മനസ്സിലായി വേറെയെന്തോ ആണെന്ന്. :-)

    ReplyDelete
  6. വികടശിരോമണി, കാന്താരിക്കുട്ടി, അനിൽജി, ബിന്ദു കെ പി, ശ്രീ@ശ്രേയസ് എല്ലാവർക്കും ഈ സന്ദർശനത്തിനും അഭിപ്രായങ്ങൾക്കും നന്ദി.

    വികടശിരോമണി പലപ്പോഴും മറവിയിൽ മാഞ്ഞുപോവുന്ന ഇത്തരം സംഭവങ്ങളെ പൊടിതട്ടി ഉണർത്തുന്നതു അതേസ്ഥലത്തു ഉണ്ടാകുന്ന സമാനമായ അപകടങ്ങളാണ്. പെരുമൺ, ശാസ്താംകോട്ട എന്ന സ്ഥലനാമങ്ങൾ കേൾക്കുമ്പോൾ ആദ്യം മനസ്സിൽ ഓടിയെത്തുന്നതു പെരുമൺ ദുരന്തത്തിന്റെ ചിത്രങ്ങൾ തന്നെ.

    കാന്താരിക്കുട്ടി ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു ഡിസംബർ 26 ആണ് ഞങ്ങൾക്കു സുനാമി ദിവസം. സുനാമിത്തിരകൾ ഞാൻ താമസിക്കുന്ന വൈപ്പിൻ എന്ന ഈ കൊച്ചു ദ്വീപിലും നാശം വിതച്ചു. സുനാമിത്തിരകൾ അഞ്ചു ജീവനുകൾ അപഹരിച്ച എടവനക്കാട് കടൽത്തീരം എന്റെ വീട്ടിൽനിന്നും 2 കിലോമീറ്റർ അകലെ മാത്രം. എന്റെ വീട്ടിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ നടന്നാൽ കടലായി. അവിടേയും കെട്ടിടങ്ങൾക്കും മത്സ്യബന്ധന വള്ളങ്ങൾക്കും നാശം വരുത്താൻ തിരമാലകൾക്കാ‍യി. അർദ്ധരാത്രി ഞങ്ങളുടെ പരിസരത്തുനിന്നും പ്രാണഭയം നിമിത്തം എറണാകുളം നഗരത്തിലേയ്ക്കു പാലായനം ചെയ്യുന്ന ഒരുപാടു കുടുംബങ്ങളെ ഞാൻ കണ്ടു. എന്തുവന്നാലും വീടുപേക്ഷിച്ചു പോവില്ല എന്ന തീരുമാനിച്ചു ഞങ്ങൾ വീട്ടിൽ തന്നെ കഴിഞ്ഞു. എന്നാൽ ഭാഗ്യവശാൽ പലരും പറഞ്ഞ അത്രയുമൊന്നും ആക്രമണം വീണ്ടും ഉണ്ടായില്ല.

    അനിൽജി താങ്കൾ പറഞ്ഞതിനോടു പൂർണ്ണമായും യോജിക്കുന്നു.അഭിമാനാർഹമായ ഒട്ടനവധി നേട്ടങ്ങൾ ഇന്ത്യൻ റെയിൽ‌വേയ്ക്കു അവകാശപ്പെടാം. ലോകത്തിൽ ഒരു ഏക മാനേജുമെന്റിന്റെ കീഴിൽ ഏറ്റവും കൂടുതൽ ആളുകൾ പണിയെടുക്കുന്ന സ്ഥാപനം, ലോകത്തിൽ ഏറ്റവും ദൈർഘ്യമേറിയ റെയിൽ
    സംവിധാനം, ദൈർഘ്യവും അപകടങ്ങളും തമ്മിലുള്ള അനുപാതം കുറവ് അങ്ങനെ പലതും. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളും നമുക്കുമാത്രം സ്വന്തം എന്നു തോന്നുന്നു. രണ്ടു ട്രെയിനുകൾ കൂട്ടിയിടിച്ച് ഏറ്റവും അധിക ആളുകൾ മരിച്ചതും ഇന്ത്യയിൽ തന്നെ ആവും എന്നു തോന്നുന്നു. കടലുണ്ടി ദുരന്തത്തിന്റെ യഥാർത്ഥകാരണവും ഇപ്പോളും തർക്ക വിഷയം തന്നെ. 139 കൊല്ലം പഴക്കമുള്ള പാലമാണോ അതോ തകരാറിൽ ആയ ബോഗികൾ പാലത്തിൽ ഏല്‍പ്പിച്ച സമ്മർദ്ദമാണോ അപകടകാരണം എന്നതു അപകടം നടന്നു 7 വർഷം കഴിഞ്ഞിട്ടും (2001 ജൂൺ 22 നാണ് കടലുണ്ടി അപകടം) ദുരൂഹമായി തുടരുന്നു.

    അതുപോലെ രണ്ടു വിമാനങ്ങൾ കൂട്ടിയിടിച്ചു ലോകത്തിൽ ഏറ്റവും അധികം ആളുകൾ മരിക്കുന്നതും നമ്മുടെ നാട്ടിൽ തന്നെ. 1996 നവംബർ 12നു ഹരിയാനയിലെ ചർവി ദാഗ്രി ഗ്രാമത്തിനു മുകളിൽ വെച്ചു ന്യുഡൽഹി ഇന്ദിരാഗന്ധി വിമാനത്താവളത്തിൽ നിന്നും സൗദി അറേബ്യയിലെ ദഹരാനിലേക്കു പോവുകയായിരുന്ന അറേബ്യൻ എയർലൈൻ‌സിന്റെ ബോയിങ് 747 വിമാനവും കസാഖിസ്ഥാനിൽ നിന്നും ന്യുഡൽഹിക്കു വരുകയായിരുന്ന എയർ കസാഖിസ്ഥാന്റെ വിമാനവും കൂട്ടിയിടിച്ചുണ്ടാ‍യ അപകടത്തിൽ മരിച്ചതു 349 പേരാണ്. വിമാനങ്ങളുടെ വേഗം, ഉയരം എന്നിവ കൃത്യമായികാണിക്കുന്ന സെക്കണ്ടറി സർവെയിലൻസ് റഡാർ ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ സ്ഥാപിച്ചിരുന്നു എങ്കിൽ ഒഴിവാക്കാമയിരുന്ന ഒന്നായിരുന്നു ഈ അപകടം. എന്നാൽ ഇതിനുള്ള ശുപാർശ സർക്കാരിന്റെ ചുവപ്പുനാടയിൽ കുടുങ്ങി വൈകിയതു 349 ജീവനുകൾ നഷ്ടപ്പെടാൻ കാരണമായി. എന്നാൽ ഇതിന്റെ അന്വേഷണം; ഇംഗ്ലീഷ് ഭാഷ മനസിലാക്കുന്നതിൽ കസാഖിസ്താൻ വൈമാനികർ വരുത്തിയ വീഴ്ചയാണ് അപകടകാരണം എന്ന നിഗമനത്തിൽ എത്തുകയായിരുന്നു. ഈ അപകടത്തിനു ശേഷം ഇന്ത്യയിലേയ്ക്കു വരുന്നതും പോവുന്നതുമായ എല്ലാ വിമാനങ്ങളിലും ഇത്തരം കൂട്ടിയിടിക്കുള്ള സാധ്യതയെപ്പറ്റി മുൻ‌കൂട്ടി അറിയിക്കുന്ന എ സി എ എസ് (Airborne Collision Avoidance System) സംവിധാനം നിർബന്ധമായും ഘടിപ്പിക്കണം എന്ന വ്യവസ്ഥ കൊണ്ടുവന്നു. ഇത്തരം ഒരു നിയമം നടപ്പാക്കുന്ന ആദ്യത്തെ രാജ്യം എന്ന ബഹുമതിയും നാം സ്വന്തമാക്കി. പക്ഷേ അതിനു കൊടുത്തവില വളരെ വലുതായിപ്പോയി എന്നു മാത്രം. അധികജനവാസമില്ലാത്ത സ്ഥലത്താണ് അപകടം നടന്നത് എന്നത് മരണസംഖ്യ കുറച്ചു എന്നു കരുതാം.

    പിന്നെ ശിക്ഷയുടെ കാര്യം, രാഷ്ട്രനേതാക്കളെ വധിക്കുകയും, പാർലമെന്റ് മന്ദിരം പോലും ആക്രമിക്കുകയും ചെയ്യുന്ന രാജ്യദ്രോഹികളെപ്പോലും മാതൃകാപരമായി ശിക്ഷിക്കാൻ കഴിയാത്ത ഭരണകൂടങ്ങൾ ഉള്ള നാട്ടിൽ ഇത്തരം മനഃപൂർവ്വമല്ലാത്ത തെറ്റുകൾക്കു ശിക്ഷിക്കപ്പെടും എന്നു വിശ്വസിക്കാൻ തന്നെ പ്രയാസം.

    ബിന്ദു കെ പി ഒരു പക്ഷേ അത്തരം നിരവധി ആളുകൾ തങ്ങളുടെ ജീവൻ കളഞ്ഞും പഠിപ്പിച്ച പാഠങ്ങൾ ആവണം ഇന്നു നമ്മുടേയെല്ലാം സുരക്ഷിതമായ യാ‍ത്രയ്ക്കു സഹായകമായത്.

    ശ്രീ@ശ്രേയസ്സ് ഇത്തരത്തിൽ തെറ്റിദ്ധാരണാജനകം ആകും ഈ തലവാചകം എന്നു ഞാൽ ഓർത്തില്ല ;)

    ReplyDelete
  7. നല്ലൊരനുസ്മരണം മണീ..ചെറിയതരത്തിലെങ്കിലും ദുരന്തങ്ങളുടെ ആഘാതമേല്പിച്ച ഒരോരുത്തരെയും സ്മരിക്കാൻ ഇങ്ങനെയുള്ള ലേഖനങ്ങൾക്ക് കഴിയട്ടെ.!

    ReplyDelete
  8. കേരളത്തിൽ ഇതെപ്പൊ ടൊർണാഡോ വീശി എന്നോർത്തു തന്നെയാണ് ഞാനും വന്നത്. ഇപ്രകാരം ഒരു ടൊർണാഡോ വീശിയ കാര്യം ഇപ്പൊഴാ അറിയുന്നത്.

    നല്ല പോസ്റ്റ് മണികണ്ഠൻ. അഭിനന്ദനങ്ങൾ, വസ്തുനിഷ്ഠമായ ഈ വിവരണത്ഥിന്

    ReplyDelete
  9. മണീ ഒത്തിരി ഓര്‍മ്മകള്‍ നല്‍കി.
    ദുരന്തങ്ങളുടെ ഓര്‍മ്മകള്‍.
    നല്ല പോസ്റ്റ്.

    ReplyDelete
  10. ഓര്‍മ്മപ്പെടുത്തിയത് നന്നായി.

    ഇങ്ങനെ കാരണമില്ലാത്ത കാറ്റൂകള്‍ വീശുന്നത് നമ്മുടെ നാട്ടില്‍ സ്ഥിരമാണല്ലോ

    ReplyDelete
  11. കിരൺ‌സ്, ലക്ഷ്മി, ലതിചേച്ചി, പ്രിയ ഉണ്ണികൃഷ്ണൻ ഈ സന്ദർശനത്തിനും അഭിപ്രായങ്ങൾക്കും നന്ദി.

    കിരൺസ് മറ്റുള്ളവർ ജീവിതത്തിന്റെ ദുരന്തങ്ങളെ തരണം ചെയ്ത അനുഭവങ്ങൾ നമ്മുടെ ജീവിതത്തിലുണ്ടാവുന്ന ദുരന്തങ്ങളെ നേരിടാ‍നുള്ള കരുത്ത് നമുക്കുതരും എന്നതാണ് എന്റെ വിശ്വാസം.

    ലക്ഷ്മി നമ്മളാരും അറിയാതെ കേരളത്തിൽ വീശിയ “ടൊർണാഡോയെ” അറിയാൻ ഈ പോസ്റ്റ് സഹായിച്ചു എന്നറിയുന്നതിൽ സന്തോഷം

    ലതിചേച്ചി സുനാമിദിവസം വൈപ്പിനിലുണ്ടായ ദുരിതങ്ങൾ ചേച്ചിയ്ക്കും ഓർമ്മകാണും എന്നു കരുതുന്നു.

    പ്രിയ ഉണ്ണികൃഷ്ണൻ കാറ്റ് കള്ളനെപ്പോലെയാണെന്നാണല്ലൊ ചൊല്ല്. അനുവാദം ചോദിക്കാതെ കടന്നുവരും. അനുമതിക്കായി കാത്തുനിൽക്കാതെ കടന്നുപോവും.

    എല്ലാവർക്കും വീണ്ടും നന്ദി.

    ReplyDelete
  12. അതേ മണികണ്ഠന്‍, ആരെയൊക്കെയോ രക്ഷിക്കാന്‍ വേണ്ടിത്തന്നെയായിരുന്നു കുറ്റം ടോര്‍ണാടോയുടെ മേല്‍ കെട്ടി വച്ചത്. ടൊര്‍ണാടൊ എന്തായാലും സ്വയം ന്യായീകരിക്കാന്‍ വരില്ലല്ലോ.

    എന്തായാലും ഇങ്ങിനെയുള്ള ഓര്‍മ്മപ്പെടുത്തലുകളും പുനര്‍വിചിന്തനങ്ങളും ഭാവിയിലെങ്കിലും ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കുന്നതിനുള്ള ജാഗ്രതയിലേക്കു നയിക്കും എന്നു കരുതാം.

    ReplyDelete
  13. @ പാവത്താൻ സാർ ഇവിടെ എത്തിയതിനും അഭിപ്രായം അറിയിച്ചതിനും നന്ദി. ഇത്തരം നിരുത്തവാദപരമായ റിപ്പോർട്ടുകൾ നമ്മൾ ഒരിക്കലും മറക്കരുതെന്നു തന്നെയാണ് എന്റേയും അഭിപ്രായം. സത്യത്തിൽ ഈ അപകടത്തെക്കുറിച്ച് അന്വേഷിച്ച കമ്മീഷൻ അപകടത്തിൽ മരിച്ച സകലരേയും അപമാനിക്കുന്ന റിപ്പോർട്ട് ആണ് സമർപ്പിച്ചത്.

    ReplyDelete