18 July 2008

സോമനാഥ് ചാ‍റ്റര്‍‌‌ജിയും സ്പീക്കര്‍‌ പദവിയും

സോമനാഥ് ചാറ്റര്‍‌ജി ഇപ്പോള്‍ എടുത്തിരിക്കുന്ന നിലപാട് അദ്ദേഹം വഹിക്കുന്ന പദവിയോടു പൂര്‍‌ണ്ണമായും നീതിപുലര്‍‌ത്തുന്ന ഒന്നാണെന്നു ഞാന്‍ കരുതുന്നില്ല. കാരണം ലോകസഭയുടെ അധ്യക്ഷന്‍ എന്നനിലയില്‍ എല്ലാ അംഗങ്ങളെയും, വിഭാഗങ്ങളെയും തുല്യമായി കാ‍ണേണ്ട ഉത്തരവാദിത്വം അദ്ദേഹത്തിന് ഉണ്ട്‌. ഇവിടെ സ്പീക്കര്‍‌സ്ഥാനത്ത് തുടരുന്നതിന് അദ്ദേഹം പറഞ്ഞ ന്യായം ഉചിതമാണെന്നു കരുതാന്‍ വയ്യ. പദവി രാജിവെക്കാതിരിക്കുന്നതിന് അദ്ദേഹം പറഞ്ഞന്യായീകരണം താന്‍ ബി ജെ പിയോടൊപ്പം വോട്ടുചെയ്യാന്‍ ആഗ്രഹിക്കുന്നില്ല എന്നതാണ്. ആ ന്യായീകരണമാണ് എനിക്കു സ്വീകാര്യമായി തോന്നത്തത്‌. കാരണം സ്പീക്കര്‍ എന്ന പദവി ആവശ്യപ്പെടുന്ന നിഷ്പക്ഷത അദ്ദേഹത്തിനില്ല. ഒരു കമ്മ്യൂണിസ്റ്റ് പ്രവര്‍‌ത്തകന്‍ എന്ന നിലയില്‍ തന്റെ വിശ്വാസങ്ങളില്‍ അടിയുറച്ചു നില്‍കുന്ന സോമനാഥ് ചാറ്റര്‍ജി എന്ന രാഷ്ട്രീയക്കാരനോടു എനിക്ക് ആദരവുണ്ട്. തന്റെ സുദീര്‍ഘമായ രാഷ്‌ട്രീയജീവിതത്തില്‍ മികച്ച പാര്‍‌ലമെന്റേറിയന്‍ എന്നനിലയില്‍ സോമനാഥ് ചാറ്റര്‍‌ജിയോടു എനിക്കു ആദരവുണ്ട്. കഴിഞ്ഞ നാലരവര്‍‌ഷക്കാലം നല്ലനിലയില്‍ തന്റെ ചുമതലകള്‍ കാഴ്ചവെച്ച സ്പീക്കര്‍ സോമനാഥ് ചാറ്റര്‍‌ജിയോടും എനിക്കു ആദരവുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ ഈ പ്രസ്‌താവന ന്യായീകരിക്കാന്‍ എനിക്കു സാധിക്കുന്നില്ല.

നമ്മുടെ പാര്‍ലമെന്ററി സംവിധാനത്തില്‍ ഏതെങ്കിലും സ്‌പീക്കര്‍ സ്വീകരിച്ചിട്ടുള്ള നിഷ്പക്ഷമായ ഒരു നിലപാടിനു എന്നോടു ഒരു ഉദാഹരണം ആവശ്യപ്പെട്ടാല്‍ ഞാന്‍ പറയുക 1998 അടല്‍ ബിഹാരി വാജ്‌പേയി കൊണ്ടുവന്ന വിശ്വാസപ്രമേയത്തില്‍ മനഃസാക്ഷിക്കനുസരിച്ചു പ്രവര്‍‌ത്തിക്കാന്‍ ശ്രീ ഗിരിധര്‍‌ ഗോമാങിനോടു ആവശ്യപ്പെട്ട അന്നത്തെ ലോകസഭാസ്പീക്കര്‍ ശ്രീ ജി എം സി ബാലയോഗിയുടെ നടപടിയാവും. പാര്‍ലമെന്റെ അംഗമായിരിക്കെ ഒറീസ്സാ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ ഗിരിധര്‍ ഗോമാങ് പാര്‍ലമെന്റ് അംഗത്വം രാജിവെക്കണം എന്നതായിരുന്നു കീഴ്‌വഴക്കം. എന്നാല്‍ ഈ വിശ്വാസപ്രമേയം സഭ ചര്‍ച്ചക്കെടുത്ത ഘട്ടത്തില്‍ ശ്രീ ഗിരിധര്‍ ഗോമാങ് തന്റെ പാര്‍ലമെന്റ് അംഗത്വം രാജിവെച്ചിരുന്നില്ല. വിശ്വാസപ്രമേയത്തിന്മേലുള്ള ചര്‍ച്ചക്കുശേഷം പ്രമേയം വോട്ടിനിടുന്നതിനു മുന്‍പ് ശ്രീ ഗിരിധ ഗോമാങിന് വോട്ടുചെയ്യാനുള്ള അവകാശത്തെപ്പറ്റി ചൂടേറിയ വാഗ്വാദങ്ങള്‍‌ക്കാണ് സഭ സാക്ഷ്യം വഹിച്ചത്. പലതരത്തിലുമുള്ള ക്രമപ്രശ്നങ്ങള്‍ പല മുതിര്‍ന്ന അംഗങ്ങളും ഉന്നയിച്ചു. എന്നാല്‍ ഇത്തരം ഒരു അവസരത്തില്‍ അനുവര്‍‌ത്തിക്കേണ്ട വ്യക്തമായ മാര്‍‌ഗ്ഗ നിര്‍ദ്ദേശങ്ങളോ കീഴ്‌വഴക്കങ്ങളോ സഭാധ്യക്ഷനായ ശ്രീ ബാലയോഗിക്കു മുന്‍പില്‍ ഇല്ലായിരുന്നു. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ തീരുമാനം അന്തിമമാവുകയും ചെയ്യും. ഈ ഘട്ടത്തില്‍ കോണ്‍‌ഗ്രസ്സുകാരനായ ശ്രീ ഗിരിധര്‍ ഗൊമാങിനോടു വോട്ടെടുപ്പില്‍ നിന്നു വിട്ടുനില്‍‌ക്കാനല്ല ഭരണകക്ഷിയായ തെലുങ്കുദേശം പാര്‍ട്ടിയുടെ പ്രതിനിധിയായി സ്പീക്കര്‍ പദവിയിലെത്തിയ ശ്രീ ബാലയോഗി നിര്‍‌ദ്ദേശിച്ചത്‌; മറിച്ച് സ്വന്തം മനഃസാക്ഷിക്കനുസരിച്ച് പ്രവര്‍‌ത്തിക്കാന്‍ അദ്ദേഹം ശ്രീ ഗിരിധര്‍ ഗൊമാങിനു നിര്‍‌ദ്ദേശം നല്‍‌കുകയായിരുന്നു. ശ്രീ ഗിരിധര്‍ ഗൊമാങ് വോട്ടെടുപ്പില്‍ പങ്കെടുക്കുകയും കേവലം ഒരു വോട്ടിന് ആ വിശ്വാസപ്രമേയം പരാജയപ്പെടുകയും ചെയ്തു. അങ്ങനെ വാജ്‌പേയ് സര്‍‌ക്കാര്‍ പുറത്തായി. തുടര്‍ന്നു 1999 വീണ്ടും എന്‍ ഡി എ അധികാരത്തില്‍ വന്നപ്പോള്‍ ശ്രീ ജി എം സി ബാലയോഗി തന്നെ സ്പീക്കര്‍ സ്ഥാനത്തേയ്ക്കു നിര്‍‌ദ്ദേശിക്കപ്പെടുകയും അദ്ദേഹം ഏകകണ്ഠമായി ആസ്ഥാനത്തേയ്‌ക്കു തിരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു.

3 comments:

  1. സോമനാഥ് ചാറ്റര്‍‌ജി എന്ന സമുന്നതനായ പാര്‍ലമെന്റേറിയനോടുള്ള എന്റെ ബഹുമാ‍നം അദ്ദേഹം മറ്റെന്തെങ്കിലും കാരണം കൊണ്ടാണ് രാജിവെക്കാതിരുന്നതെങ്കില്‍ കൂടുകതന്നെ ചെയ്‌തേനെ. ഇപ്പോള്‍ അദ്ദേഹം സ്‌പീക്കര്‍‌ പദവിയില്‍ ഇരുന്നു രഷ്‌ട്രീയം കളിക്കുന്നു. തന്റെ വാക്കുകളുടെ ആത്മാര്‍‌ത്ഥത തെളിയിക്കുന്നതിന് അദ്ദേഹം ചെയ്യേണ്ടിയിരുന്നതെ സ്‌പീക്കര്‍‌ പദവി രാജിവെച്ചശേഷം, പാര്‍ട്ടിവിപ്പു ലംഘിച്ചു വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍‌ക്കുകയോ, യു പി എ സര്‍ക്കാരിനു അനുകൂലമായി വോട്ടു രേഖപ്പെടുത്തുകയോ ആയിരുന്നു.

    ReplyDelete
  2. ഒണ്ടാക്കിയ പേരു്‌ അങ്ങേരുതന്നെ കളഞ്ഞുകുളിച്ചു. വയസ്സായിക്കഴിയുമ്പോള്‍ അധികാരത്തിനോട്‌ ആര്‍ത്തി കൂടുമായിരിക്കും..

    ReplyDelete
  3. പാമരന്‍‌ജി അധികാരത്തോടുള്ള ആര്‍ത്തിയാണ് സോമനാഥ് ചാറ്റ്‌ര്‍ജിയുടെ ഈ തീരുമാനത്തിനു പിന്നില്‍ എന്നു വിശ്വസിക്കുക പ്രയാസം. കാരണം നമ്മുടെ പാര്‍ലമെന്റിലെ ഏറ്റവും മുതിര്‍ന്ന അംഗങ്ങളില്‍ ഒരാളും, ഏറ്റവും മികച്ച പാര്‍ലമെന്റേറിയനും ആണ് അദ്ദേഹം. അതോടൊപ്പം തന്നെ ബി ജെ പിയുടെ ഒരു കടുത്ത വിരോധിയും. ആ വിരോധം ആവണം അദ്ദേഹത്തെ ഇത്തരം ഒരു തീരുമാനത്തിനു പ്രേരിപ്പിച്ചത്‌. ഇപ്പോഴത്തെ സ്ഥിതിഗതികള്‍ വെച്ചു വിശ്വാസപ്രമേയത്തിന്റെ ഗതി എന്താവും എന്നു പറയുകവയ്യ. പ്രമേയം പസാക്കുന്നതിന് തന്നാ‍ല്‍ ആവുന്നതെല്ലാം ചെയ്യുമെന്ന ദൃഢനിശ്ചയത്തിലാണ് സോം‌ദാദ എന്നു തോന്നുന്നു. അതിനുവേണ്ടി കാസ്റ്റിങ് വോട്ടുവരെ പോവാന്‍ അദ്ദേഹം തയ്യാറയേക്കും. പ്രമേയത്തിന്മേല്‍ ഉള്ള നടപടികള്‍ പൂര്‍‌ത്തിയാക്കി സഭ പിരിയുന്നതോടെ അദ്ദേഹവും രാജിവെക്കും എന്നാണ് ഞാന്‍ കരുതുന്നത്‌. മുന്‍‌വിധിയോടെയുള്ള, പക്ഷപാതപരമായ സ്‌പീക്കറുടെ നടപടികളെയാണ് ഞാന്‍ വിമര്‍‌ശിക്കുന്നത്‌.

    താങ്കളുടെ അഭിപ്രായം ഇവിടെ രേഖപ്പെടുത്തിയതില്‍ നന്ദി.

    ReplyDelete