30 November 2008

മുംബൈ ആക്രമണം | Mumbai Attacks

രാജ്യത്തെ മുഴുവൻ ഭീതിയുടേയും ഉത്കണ്ഠയുടേയും മുൾമുനയിൽ നിറുത്തിയ മൂന്നു ദിവസം നീണ്ടുനിന്ന പോരാട്ടങ്ങൾക്കൊടുവിൽ താജ് മഹൽ പാലസ്, ഒബ്രോയ് ട്രിഡന്റ്, നരിമാൻ ഹൗസ് എന്നിവിടങ്ങളിൽ കടന്നുകയറിയ മുഴുവൻ ഭീകരരേയും നമ്മുടെ സുരക്ഷാസൈനികരും, പോലീസും ചേർന്നു വധിക്കുകയോ കീഴ്പ്പെടുത്തുകയോ ചെയ്തിരിക്കുന്നു. മൂന്നു ദിവസം നീണ്ട കടുത്തപോരാട്ടത്തിനൊടുവിൽ രാജ്യം സമാധാനത്തിന്റെ ശ്വാസം എടുക്കുകയാണിപ്പോൾ. എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ചുള്ള ഒരു വ്യക്തമായ ചിത്രം ഇപ്പോഴും നമ്മുടെ മുൻപിൽ ഇല്ല. എവിടെനിന്നാണ് ഈ ഭീകരർ ഇന്ത്യയിൽ എത്തിയത്? എങ്ങനെ ഇത്രയും ആയുധങ്ങൾ അവർ മേല്‍പ്പറഞ്ഞ സ്ഥലങ്ങളിൽ എത്തിച്ചു? എന്നാണ് ഇതിന്റെ ആസൂത്രണങ്ങൾ നടന്നത്? എന്നീ ചോദ്യങ്ങൾക്കു പുറമെ എത്ര ഭീകരർ ഉണ്ടായിരുന്നുവെന്നതും കൃത്യമായ ഉത്തരം അറിയാത്ത ഒരു ചോദ്യമാണ്. ഇതുവരെ മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് ഒൻപതു ഭീകരരെ വധിച്ചതായും ഒരാളെ ജീവനോടെ പിടിക്കാൻ സാധിച്ചതായും മനസ്സിലാക്കുന്നു. ഈ ആക്രമണങ്ങളിൽ ആകെ മരണ സംഖ്യ 195 ആണ്. ഇതിൽ ഏകദേശം 22 വിദേശികളും, 2 കമാന്റോകളും, പോലീസ്, സൈനിക വിഭാഗങ്ങലിൽ നിന്നുള്ള 20 പേരും പെടും. തിരിച്ചറിഞ്ഞിട്ടില്ലാത്ത ഇരുപതോളം മൃതദേഹങ്ങൾ വിവിധ ആശുപത്രികളിലായി ഇപ്പൊഴും ഉണ്ട്. കൊല്ലപ്പെട്ട വിദേശികളിൽ ഇസ്രായേൽ, ജർമ്മനി എന്നിവടിങ്ങളിൽ നിന്നും മൂന്നു പേർ വീതവും, അമേരിക്ക, ഇറ്റലി, ചൈന, തായ്‌ലാന്റ്, മൗറീഷ്യസ്, സിങ്കപ്പൂർ, ബ്രിട്ടൺ, ജപ്പാൻ, ആസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള ഒരാൾ വീതവും ഉണ്ട്. കൊല്ലപ്പെട്ട അഞ്ചു വിദേശികളെ ഇനിയും തിരിച്ചറിയാൻ ഉണ്ട്. വിവിധ സുരക്ഷാസേനകൾക്കു തങ്ങളുടെ വിലപ്പെട്ട 22 ജീവനുകളാണ് നഷ്ടപ്പെട്ടത്. സംഘട്ടനത്തിന്റെ ആദ്യമണിക്കൂറുകളിൽ തന്നെ മഹാരാഷ്‌ട്ര പോലീസിനു അതിന്റെ ഏറ്റവും പ്രഗൽഭരായ മൂന്നു ഉദ്യോഗസ്ഥരെ നഷ്ടമായി. മഹാരാഷ്‌ട്ര ഭീകര വിരുദ്ധസ്ക്വാഡിന്റെ തലവൻ ഹേമന്ദ് കാർക്കരെ, മുതിർന്ന പോലീസ് ഉദ്യോഗസ്ഥനും ഏറ്റുമുട്ടൽ വിദഗ്ദ്ധനുമായ വിജയ് സലസ്കർ, മുംബൈ അഡീഷണൽ പോലീസ് കമ്മീഷണർ അശോക് കാംതെ എന്നിവരാണ് അവർ. തുടർന്നു ദേശീയ സുരക്ഷാ ഗാർഡുകൾ ഭീകരരെ തുരത്തുന്ന നടപടികൾ തുടങ്ങി. ധീരമായ ആക്രമണത്തിനൊടുവിൽ വിജയം കൈവരിക്കാൻ അവർക്കായെങ്കിലും മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ, ഹവിൽദാർ ചന്ദർ എന്നിവർ ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. ഓപ്പറേഷൻ സൈക്ലോൺ എന്നു പേരിട്ട ഈ സൈനിക നടപടി അവസാനിപ്പിക്കുമ്പോൾ ബന്ദികളാക്കപ്പെട്ട അറുന്നൂറോളം പേരെ മോചിപ്പിക്കാൻ സാധിച്ചു എന്നത് അഭിമാനാർഹം തന്നെ. ശ്രദ്ധേയമായ മറ്റൊരുകാര്യം ഗർജിച്ചിരുന്ന പല സിംഹങ്ങളും കടുവകളും ആക്രമണ സമയത്ത് സ്വന്തം മടകൾക്കുള്ളിൽ ഒളിച്ചു എന്നതാണ്.

എന്നാൽ ഈ സംഭവം തികച്ചും ആശങ്കാജനം ആണ്. വളരെയധികം സുരക്ഷാ ക്രമീകരണങ്ങൾ ഉള്ള സ്ഥലമാണ് താജ് മഹൽ ഹോട്ടലും, ഒബ്രോയ് ട്രിഡന്റും എന്നു മാധ്യമങ്ങളിൽ വന്ന വാർത്തകളിൽ നിന്നും മനസ്സിലാക്കുന്നു. അവിടെ ഈ ഭീകരർ എങ്ങനെയാണ് കടന്നത് എന്നകാര്യം അന്വേഷണങ്ങൾക്കൊടുവിൽ വ്യക്തമാവും എന്നു കരുതാം. താജ് മഹൽ പാലസ് ഹോട്ടലിൽ നിന്നും സൈന്യം എ കെ 47 തോക്കുകളും, ഗ്രനേഡുകളും, പിസ്റ്റളികളും കണ്ടെടുത്തിട്ടുണ്ട്. എട്ടു കിലോവീതം ആർ ഡി എക്സ് ഉള്ള രണ്ടുപെട്ടികളും താജ് ഹോട്ടലിനു സമീപത്തുനിന്നും കണ്ടെടുത്തതായി വാർത്തകൾ ഉണ്ട്. മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് നവംബർ പന്ത്രണ്ടിനോ പതിമൂന്നിനോ പാകിസ്താനിലെ കറാച്ചിയിൽ നിന്നും എം വി ആൽ‌ഫാ എന്ന കപ്പലിൽ പുറപ്പെട്ട സംഘം കുബേർ എന്ന മത്സ്യബന്ധനട്രോളർ പിടിച്ചെടുക്കകയും അതിലെ ക്യാപ്റ്റൻ ഒഴികെയുള്ള ജീവനക്കാരെ കൊന്നു കടലിൽ എറിയുകയും ചെയ്തു. ഇന്ത്യൻ തീരത്തെത്തിയ ശേഷം ബോട്ട് ഉപേക്ഷിച്ച ഭീകരർ അതിന്റെ ക്യാപ്റ്റനെ കഴുത്തറുത്തു കൊല്ലുകയായിരുന്നു. ഈ ബോട്ട് ഗുജറാത്തിന്റെ തീരത്തുനിന്നും പിന്നീട് കണ്ടെത്തി. ഗ്യാസ് നിറച്ച ബോട്ടുകളിലാണ് സംഘം കരയിൽ എത്തുന്നത്. ഇതും മഹാരാഷ്‌ട്രാ പോലീസ് കണ്ടെടുത്തിട്ടുണ്ട്. പിന്നീട് ഇവർ വിവിധ ലക്ഷ്യസ്ഥാനങ്ങളിൽ തങ്ങുകയായിരുന്നു. ഭീകരർക്ക് താജ് മഹൽ പാലസിന്റെ ഓരോ മുക്കും മൂലയും വ്യക്തമായി അറിമായിരുന്നു എന്നതും അന്വേഷകരെ കുഴക്കുന്നു. ഇവരിൽ ചിലർ നേരത്തെ താജിൽ ജോലിക്കാരായി എത്തിയിരിക്കാം എന്നനിലപാടിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.

നമ്മുടെ ജവാന്മാരുടെ ധൈര്യം തിച്ചും പ്രശം‌സാർഹം തന്നെ. ഇനിയുള്ളത് ഭരണാധികാരികളുടെ ജോലിയാണ്. ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച മുഴുവൻ ആളുകളേയും അവർ സ്വദേശികളായാലും, വിദേശികളായാലും മാതൃകാപരമായി ശിക്ഷിക്കുവാൻ നമ്മുടേ ഭരണസംവിധാനത്തിനു സാധിക്കണം. പഴയ പല്ലവി ഇപ്പോഴും വെറുതെ ആവർത്തിച്ചാൽ പോര. പാകിസ്താൻ ആസ്ഥാനമായുള്ള ഭീകരസംഘടനകൾ ആണ് ഈ ആക്രമണങ്ങൾക്കു പിന്നിൽ എങ്കിൽ അവരെ നിയമ നടപടികൾക്കു വിധേയരാക്കാൻ നമുക്കു കഴിയണം. ഇത്തരത്തിൽ പരിശീലനം നടത്തുന്ന കേന്ദ്രങ്ങൾ പാകിസ്ഥാനിൽ ഉണ്ടെന്നത് പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്ന വസ്തുതയാണ്. അവിടെ സം‌യുക്തമായ സൈനികനടപടിയാണ് ആവശ്യം. അതിനു പാകിസ്താൻ തയാറല്ലെങ്കിൽ അന്താരാഷ്ട്രസമൂഹത്തിനു മുൻപിൽ ഭീകരവാദത്തിനെതിരായ നിലപാടുകളിൽ പാകിസ്താൻ കാണിക്കുന്ന പൊള്ളത്തരം തുറന്നു കാണിക്കാനും അങ്ങനെ അന്താരാഷ്ട്രാതലത്തിൽ തന്നെ പാകിസ്താനെതിരായ നടപടികൾക്ക് സമ്മർദ്ദം ചേലുത്താനും നമുക്ക് സാധിക്കണം. ഇതൊന്നിനും തയ്യാറാവാതെ വെറുതെ കുറ്റപ്പെടുത്തലുകൾ കൊണ്ട് ഒരു കാര്യവും ഇല്ല. വാക്കുകൾ അല്ല പ്രവൃത്തിയാണ് ഇനി ആവശ്യം. പ്രവർത്തിക്കാൻ ധൈര്യമില്ലാത്ത ഭരണകൂടത്തോട് ഒന്നേ പറയാനുള്ളു ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച സംഘടനകളെപ്പറ്റിയുള്ള തെളിവുകൾ സ്വന്തം പൗരന്മാരുടെ ജീവൻ നഷ്ടപ്പെടുത്തിയവരോടു പ്രതികാരം ചെയ്യാൻ ചങ്കുറപ്പുള്ള മറ്റു രാജ്യങ്ങൾക്കു കൈമാറുക. പലപ്പോഴും ഇത്തരം ആക്രമണങ്ങളിൽ പിടിക്കപ്പെടുന്നവരെ ശിക്ഷിക്കുന്നതിനുള്ള ധൈര്യം ഇവിടുത്തെ ഭരണസംവിധാനത്തിനുണ്ടായിട്ടില്ല. അതാണ് രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളും, പാർലമെന്റ് ആക്രമണക്കേസിലെ മുഹമ്മദ് അഫ്‌സലും, ഇപ്പോഴും ജീവനോടെ ഇരിക്കുന്നതിനു കാരണം. ഇവിടെ പത്തംഗസംഘത്തിൽ ഒൻപതുപേരും കൊല്ലപ്പെട്ടു എന്നത് ആശ്വാസകരമാണ്. അല്ലെങ്കിൽ അവരേയും നമ്മുടെ ജയിലുകളിൽ അനന്തമായി പാർപ്പിച്ചേനെ. പിന്നീട് കാണ്ഡഹാർ പോലുള്ള സംഭവങ്ങളിൽ ബന്ദികകൾക്കു പകരമായി നമ്മുടെ ധീര ജവാന്മാർ സ്വന്തം ജീവൻ വെടിഞ്ഞും പിടിക്കുന്ന ഭീകരരെ അടിയറവെച്ചു മുഖം രക്ഷിക്കേണ്ട ഗതികേട് ആവർത്തിക്കുമായിരുന്നു.

പലപ്പോഴും തീവ്രവാദികളുടെ നീക്കങ്ങൾ മുൻ‌കൂട്ടി അറിയുന്നതിൽ നമ്മുടെ സുരക്ഷാ ഏജൻസികൾക്ക് കഴിയുന്നില്ല. ഈ കഴിഞ്ഞ ഏതാനും നാളുകളായി എത്ര ആക്രമണങ്ങളാണ് നമ്മുടെ രാജ്യത്ത് നടന്നത്. ആക്രമണത്തിനു മുൻപ് അതിനുള്ള ഒരു ശ്രമവും പരാജയപ്പെടുത്തി എന്ന വാർത്തകേൾക്കാൻ കഴിഞ്ഞിട്ടില്ല. വടക്കേ ഇന്ത്യയിൽ നിന്നും മാത്രം കേട്ടിരുന്ന ഇത്തരം സ്‌ഫോടനവാർത്തകൾ ഇപ്പോൾ നമ്മുടെ നാട്ടിലും എത്തിയിരിക്കുന്നു. ബാംഗ്ലൂരിൽ അടുത്തയിടെ ഉണ്ടായ ബോംബുസ്‌ഫോടനങ്ങളും, നമ്മുടെ കൊച്ചുകേരളത്തിൽ നിന്നു പോലും തീവ്രവാദി ബന്ധത്തിന്റെ പേരിൽ അനേകം യുവാക്കൾ അറസ്റ്റുചെയ്യപ്പെട്ടതുമായ വാർത്തകളും തികച്ചും ആശങ്കാജനകം തന്നെ. ഇന്നാൽ ഇത്തരം സംഭവങ്ങളെപ്പറ്റിയുള്ള അന്വേഷണങ്ങൾ എങ്ങുമെത്താതെ അവസാനിക്കുകയാണ് പതിവു. ഇത്തരം കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനു ദേശീയതലത്തിൽ ഒരു ഏജൻസി വേണമെന്നത് വളരെക്കാലമായുള്ള ഒരു ആവശ്യമാണ്. ബോംബെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇതു വീണ്ടും സജീവ ചർച്ചാവിഷയം ആയിട്ടുണ്ടെന്നതും ഇത്തരം ഒരു ഏജൻസി രൂപീകരിക്കും എന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ ആശ്വാസകരം തന്നെ. എന്നാൽ ബോംബെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ അദ്ദേഹം രാജ്യത്തോടായി ചെയ്ത പ്രസംഗം തികച്ചും നിരാശാജനകമായിരുന്നു എന്നു പറയാതെവയ്യ. ഈ ആക്രമണത്തിനു പിന്നിൽ പാകിസ്താൻ ഉണ്ടെന്ന് തറപ്പിച്ചു പറയുന്നതിള്ള ധൈര്യം പോലും അദ്ദേഹത്തിനുണ്ടായില്ല. രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷക്കു ഭീഷിണിയായിട്ടുള്ള സംഘങ്ങൾ ഏതുരാജ്യത്തായാലും അവരെ തകർക്കും എന്നു പറയാനും, പ്രവർത്തിക്കാനും ഉള്ള കരുത്താണ് പ്രധാനമന്ത്രിക്കാവശ്യം. ഇക്കാര്യത്തിൽ ഇസ്രായേൽ ഉൾപ്പടെയുള്ള രാജ്യങ്ങൾ നമുക്കു വാഗ്ദാനം ചെയ്തിട്ടുള്ള സഹായം സ്വീകരിക്കണം എന്നതാണ് എന്റെ അഭിപ്രായം.

നമ്മുടെ രാജ്യത്തിന്റെ സമ്പത്തികതലസ്ഥാ‍നം ഭീകരരുടെ കൈയ്യിൽ നിന്നും മോചിപ്പിക്കുന്നതിൽ ജീവൻ വെടിഞ്ഞ മുഴുവൻ സേനാംഗങ്ങൾക്കും എന്റെ പ്രണാമം.

20 November 2008

അഭയകേസ് ചരിത്രവും ആശങ്കകളും

കേരളത്തിൽ കോളിളക്കമുണ്ടാക്കിയ ഒട്ടനവധി കേസുകൾ ഉണ്ട്. അതിൽ മലയാളികൾ എന്നും ഓർക്കുന്ന ഒന്നാണ് സിസ്റ്റർ അഭയുടെ കൊലപാതകം. കേരളത്തിൽ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ടതും, ഒട്ടനവധി വിവാദങ്ങൾ സൃഷ്ടിച്ചതുമായ ഒന്നാണ് ഈ കേസ് എന്നതിൽ തർക്കമില്ല. കോട്ടയം ബി സി എം കോളേജ് രണ്ടാം വർഷ പ്രി ഡിഗ്രീ വിദ്യാർത്ഥിനിയായിരുന്ന സിസ്റ്റർ അഭയയുടെ മൃതദേഹം 1992 മാർച്ച് 27നു രാവിലെ അവർ താമസിച്ചിരുന്ന സെന്റ് പിയൂസ് കോൺ‌വെന്റിലെ കിണറ്റിൽ കാണപ്പെട്ടതു മുതൽക്കാണ് വിവാദമായ സംഭവങ്ങൾ ആരംഭിക്കുന്നതു. ദുരൂഹമരണം സംബന്ധിച്ചു കേസ് അന്വേഷിച്ച പോലീസ് ഇതു ആത്മഹത്യയാണെന്നു വിധിയെഴുതി. തുടർന്നു ജനകീയ പ്രക്ഷോഭങ്ങളുടെ ഫലമായി കേസ് കേരള പോലീസിന്റെ ക്രൈംബ്രഞ്ചിനു കൈമാറുകയും ഏതാണ്ട് പോലീസ് നടത്തിയ അതേ നിഗമനങ്ങളൊടെ തന്നെ ആത്മഹത്യയായി കണ്ടെത്തുന്ന റിപ്പോർട്ടോടെ ക്രൈം ബ്രാഞ്ചും കേസന്വേഷണം അവസാനിപ്പിക്കുകയുമാണ് ഉണ്ടായത്. തുടർന്നു കേസ് സി ബി ഐ ക്കു കൈമാറി. സിസ്റ്റർ അഭയയുടെ അസ്വാഭാവിക മരണം നടന്നു ഒരു വർഷം കഴിഞ്ഞ വേളയിൽ വർഗ്ഗീസ് പി തോമസ് എന്ന സമർത്ഥനായ Dy SP യുടെ നേതൃത്വത്തിൽ സി ബി ഐ കേസന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്വേഷണം ആരംഭിച്ച് ഏതാനും മാസങ്ങൾക്കുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീ വർഗ്ഗീസ് പി തോമസ് സർവ്വീസിൽ നിന്നും രാജിവെയ്ക്കുകയാണ് ഉണ്ടായതു. എന്നാൽ പൊലീസും, ക്രൈംബ്രഞ്ചും ആത്മഹത്യയായി എഴുതിത്തള്ളിയ ഈ മരണം ആസൂത്രതിമായ ഒരു കൊലപാതകമായിരുന്നു എന്ന തന്റെ നിഗമനം സി ബി ഐ ഡയറിയിൽ രേഖപ്പെടുത്താൻ ഈ ഉദ്യോഗസ്ഥൻ മറന്നില്ല. സിസ്റ്റർ അഭയയുടെ മരണം ദേശീയശ്രദ്ധ നേടിയതു ശ്രീ വർഗ്ഗീസ് പി തോമസിന്റെ രാജിയും തുടർന്നു പത്രസമ്മേളനത്തിലൂടെ അദ്ദേഹം നടത്തിയ വെളിപ്പെടുത്തലുകളിലൂടേയുമാണ്. ഈ മരണം ഒരു ആത്മഹത്യയാണെന്നു രേഖപ്പെടുത്താൻ തന്റെ മുതിർന്ന ഉദ്യോഗസ്ഥനായ ത്യാഗരാജന്റെ സമ്മർദ്ദം ഉണ്ടെന്നും അപ്രകാരം പ്രവർത്തിക്കാൻ തന്റെ മനഃസാക്ഷി അനുവദിക്കാത്തതിനാലാണ് രാജിവെയ്ക്കുന്നതെന്നുമാണ് അദ്ദേഹം വെളിപ്പെടുത്തിയത്. (വർഷങ്ങൾക്കു ശേഷം തിരുവനന്തപുരത്തെ കോടതിയിൽ അദ്ദേഹം നൽ‌കിയ മൊഴിയിൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ശ്രീ നരസിംഹ റാവുവിന്റെ ഓഫീസ് പോലും ഈ കേസിൽ തിരിമറി നടത്താൻ ശ്രമിച്ചിരുന്നതായി താൻ സംശയിക്കുന്നുണ്ടെന്നും ശ്രീ വർഗ്ഗീസ് പി തോമസ് പറയുന്നു.) തുടർന്നു സി ബി ഐയുടെ പല സംഘങ്ങളും ഈ കേസ് അന്വേഷിച്ചു. ഇതു കൊലപാതകമാണെന്നും എന്നാൽ പ്രതികളിലേയ്ക്കു എത്തിച്ചേരാൻ സഹായകമായ എല്ലാ തെളിവുകളും നശിപ്പിക്കപ്പെട്ടതിനാൽ കേസ് അവസാനിപ്പിക്കാൻ അനുവദിക്കണം എന്ന സി ബി ഐയുടെ അപേക്ഷകൾ രൂക്ഷവിമർശനത്തോടെയാണ് പലപ്പോഴും ചീഫ് മജിസ്‌ട്രേറ്റ് കോടതിയും, ഹൈക്കോടതിയും തള്ളിയതു. കേസിന്റെ നിർണ്ണായകമായ ഘട്ടങ്ങളിൽ കോടതിയുടെ ഇടപെടൽ സാദ്ധ്യമാക്കിയതു ശ്രീ ജോമോൻ പുത്തൻപുരയ്ക്കൽ എന്ന മനുഷ്യാവകാശ പ്രവർത്തകന്റെ ഇടപെടലുകളാണ്. ഒടുവിൽ കേസന്വേഷണത്തിന്റെ മേൽനോട്ടം നേരിട്ട് ഹൈക്കോടതി ഏറ്റെടുക്കുകയായിരുന്നു.

സിസ്റ്റർ അഭയ കൊല്ലപ്പെട്ടിട്ട് പതിനാറുവർഷങ്ങൾക്കു ശേഷം പ്രതിസ്ഥാനത്തു ചിലരെ നിറുത്താൻ ഇന്നു സി ബി ഐക്കു കഴിഞ്ഞു. നീണ്ട പതിനാറുവർഷങ്ങൾക്കു ശേഷം ഫാദർ തൊമസ് കോട്ടൂർ, ഫാദർ ജോസ് പൂതൃക്കയിൽ, സിസ്റ്റർ സ്റ്റെഫി എന്നിവരെ യഥാക്രമ ഒന്നും, രണ്ടും, മൂന്നും പ്രതികളാക്കി ഇന്നു എറണാകുളം സി ജെ എം കോടതി മുൻപാകെ സി ബി ഐ ഹാജറാക്കി. തുടർന്നുള്ള അന്വേഷണങ്ങൾക്കും തെളിവെടുപ്പിനുമായി കോടതി ഈ പ്രതികളെ 14 ദിവസത്തേയ്ക് സി ബി ഐ കസ്റ്റഡിയിൽ വിട്ടുകൊടുക്കുകയും ചെയ്തു. ഈ നടപടി നാളേത്തന്നെ പ്രതിഭാഗം ഹൈക്കോടതിയിൽ ചോദ്യം ചെയ്യും. അങ്ങനെ വീണ്ടും അഭയകേസ് കോടതിയിലും, മാധ്യമങ്ങളിലും ചർച്ചാവിഷയം ആവുകയും ചെയ്യും. പ്രതിഭാഗത്തിനു വേണ്ടി പ്രശസ്തരും പ്രഗൽഭരുമായ അഭിഭാഷകർ തന്നെ എത്തും. അവരുടെ വാദമുഖങ്ങളെ നേരിടാൻ സി ബി ഐയ്ക്കു സാധിക്കുമോ? ഇത്ര നാളും ഒരു മേൽനോട്ടക്കാരന്റെ സ്ഥാനം വഹിച്ചിരുന്ന കോടതിയ്ക്കു ഇനി ആ സ്ഥാനത്തുനിന്നും വിധികർത്താവിന്റെ സ്ഥാനത്തേയ്ക്കു മാറേണ്ടിവരുന്നു.

സിസ്റ്റർ അഭയയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടും, ആന്തരീകാവയവങ്ങളുടെ രാസപരിശോധനാ റിപ്പോർട്ടും അവരുടെ മരണം കൊലപാതകമാണെന്ന നിഗമനങ്ങളെ തള്ളിക്കളയുന്നു. ഇവയുടെ വർക്ക് ബുക്കുകളിൽ പലതിലും തിരുത്തലുകൾ കണ്ടെത്തിയെങ്കിലും അന്തിമറിപ്പോർട്ട് ആത്മഹത്യയാണെന്ന നിഗമനമാണ് നൽകുന്നതു. സിസ്റ്റർ അഭയയുടെ ഡയറിയും മറ്റും കേസന്വേഷണത്തിനിടെ നശിപ്പിക്കപ്പെട്ടു. നാർക്കോ അനാലിസിസ് റിപ്പോർട്ട് കോടതി തെളിവായി സ്വീകരിക്കില്ലെന്നു ഒരു വിഭാഗം നിയമവിഗ്ദ്ധർ അവകാശപ്പെടുന്നു. എന്നാൽ കൂടുതൽ തെളിവുകൾ കണ്ടെത്തുന്നതിൽ നാർക്കൊ അനാലിസിസ് സഹായകമാകും എന്നതിൽ ആർക്കും തർക്കമില്ല.

പതിനാറുവർഷങ്ങൾക്കു ശേഷം പ്രതികളെ ചൂണ്ടിക്കാണിക്കാൻ സി ബി ഐ ക്കു സാധിച്ചു എങ്കിലും ഇവരുടെമേൽ ആരോപിക്കപ്പെടുന്ന കുറ്റം കോടതിയിൽ തെളിയിക്കപ്പെടുന്നതുവരെ ഈ കേസ് അവസാനിക്കുന്നില്ല. നമ്മുടെ രാജ്യത്തെ നീതിന്യായ സംവിധാ‍നത്തിൽ കേസന്വേഷണത്തേക്കാൾ നീണ്ടു പോവുന്നതാണ് അതിന്റെ വിചാരണ. കോടതി വിധിയും അതിന്മേലുള്ള അപ്പീലുകളുമായി ഈ കേസ് അവസാനിയ്ക്കാൻ കാലം ഇനിയും ഒരുപാടുകഴിയും എന്നുവേണം കരുതാൻ. ആയിരം അപരാധികൾ രക്ഷപെട്ടാലും ഒരു നിരപരാധിപോലും ശിക്ഷക്കപ്പെടരുതെന്ന ഉദാത്തമായ നീതിവ്യവസ്ഥ തെളിവുകൾ സമർപ്പിക്കുന്നതിൽ ഉണ്ടാവുന്ന ചെറിയ പിഴവുകൾ പോലും പ്രതികൾ ശിക്ഷിക്കപ്പെടുന്നതിൽ നിന്നും രക്ഷപ്പെടുവാൻ കാരണമാകും. അതുകൊണ്ട് തന്നെ പിഴവുകളില്ലാത്ത ഒരു കുറ്റപത്രം സമർപ്പിക്കാൻ സി ബി ഐയ്ക്കു സാധിക്കട്ടെ എന്നു പ്രത്യാശിക്കുന്നു. അതോടൊപ്പം പ്രതികൾക്കു മാതൃകാപരമായ ശിക്ഷ ലഭിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു. അല്ലാത്തപക്ഷം കോടതിയിലും രാജ്യത്തെ പരമോന്നത കുറ്റാന്വേഷണ ഏജൻസിയിലും സാമാന്യജനങ്ങൾക്കുള്ള വിശ്വാസ്യതയാവും നഷ്ടമാവുക.

14 November 2008

“ചന്ദ്രയാൻ” അഭിമാനാഹർഹമായ നേട്ടം

ഓരോ ഭാരതീയനും അഭിമാനാർഹമായ നിമിഷങ്ങൾ സമ്മാനിച്ച നമ്മുടെ ശാസ്ത്രജ്ഞന്മാർക്ക് എന്റെ വിനീത പ്രണാമം. ഭാരതത്തിന്റെ തൃവർണ്ണപതാക ഇന്നു ചന്ദ്രനിലും എത്തിയിരിക്കുന്നു. മൂൺ ഇം‌പാക്ട് പ്രോബ്, ചന്ദ്രയാൻ എന്ന മാതൃപേടകത്തിൽ നിന്നും കൃത്യമായി ചന്ദ്രോപരിതലത്തിൽ എത്തിക്കാൻ നമ്മുടെ ശാസ്ത്രജ്ഞന്മാർക്കു സാധിച്ചു. ഇന്നും പാമ്പാട്ടികളുടേയും, ചെരുപ്പുകുത്തികളുടേയും നാടായി പാശ്ചാത്യ രാജ്യങ്ങൾ അധി:ക്ഷേപിക്കുന്ന ഭാരതം ചരിത്രപരമായ ഒരു നേട്ടം തന്നെയാണ് കൈവരിച്ചിരിക്കുന്നത്.

ഭാരതത്തിന്റെ ശാസ്ത്രലോകത്തിന് അഭിനന്ദനത്തിന്റെ ഒരായിരം പൂച്ചെണ്ടുകൾ.

1 November 2008

കേരളത്തിൽ ടൊർണാഡോ വീശിയ ദിവസം

31/10/2008
ഇന്നു മനോരമ ന്യൂസ് ചാ‍നലിൽ ശ്രീ വയലാർ ശരത്‌ചന്ദ്രവർമ്മയുമായുള്ള ഒരു അഭിമുഖം കാണുന്നതിനിടയിലാണ് താഴെ ബ്രേക്കിങ് ന്യൂസ് ആയി പോവുന്ന വാർത്തകണ്ടത്. “പെരിനാടിനും ശാസ്താം‌കോട്ടയ്ക്കും ഇടക്കു ഗുവഹാത്തി എക്സ്‌പ്രസ്സ് പാളം തെറ്റി” ഉടനെ മറ്റു വാർത്താചാനലുകളിലും കൂടുതൽ വിവരങ്ങൾക്കായി എത്തിനോക്കി. എല്ലായിടത്തും അടിക്കുറിപ്പായി ഇതുതന്നെ. പെരിനാടിനും ശാസ്താംകോട്ടയ്ക്കും ഇടയ്ക്കു ഗുവഹാത്തി എക്സ്‌പ്രസ്സ് പാളം തെറ്റി, ആളപായമില്ല. എഞ്ചിനുശേഷം എസ് എൽ 6-ആം നമ്പർ ബോഗിയാണ് പാളം തെറ്റിയത്. പാളത്തിൽ നിന്നും കോൺ‌ക്രീറ്റു കട്ട കണ്ടെടുത്തു. അട്ടിമറി എന്നു സംശയം. എന്നതാണ് വാർത്തയുടെ സംക്ഷിപ്തം.

ഈ വാർത്ത വായിച്ചപ്പോൾ മനസ്സു വർഷങ്ങൾ പുറകോട്ടു സഞ്ചരിച്ചു. 1988 ജൂലായ് 8 അന്നാണ് കേരളത്തെ നടുക്കിയ ഏറ്റവും വലിയ റെയിൽ ദുരന്തം ഉണ്ടായത്. ബാംഗ്ലൂരിൽ നിന്നും തിരുവനന്തപുരത്തിനു പോവുകയായിരുന്ന് :ഐലന്റ് എക്സ്‌പ്രസ്സിന്റെ” പത്തു ബോഗികൾ പെരുമൺ പാലത്തിൽ നിന്നും അഷ്ടമുടിക്കായലിൽ പതിച്ചതിന്റെ ഫലമായി 105 ജീവനുകളാണ് പൊലിഞ്ഞതു. ഇരുന്നൂറിൽ അധികമാളുകൾ ഗുരുതരമായി പരുക്കേറ്റു. കേരളം കണ്ട എറ്റവും ദാരുണമായ ട്രെയിൻ ദുരന്തം. ഈ ദുരന്തത്തിൽ നിന്നും രക്ഷപെട്ട പലരും ദുരന്തം ഏല്‍പ്പിച്ച മാനസിക ആഘാതത്തിൽ നിന്നും മുക്തരായതു വർഷങ്ങൾ കഴിഞ്ഞാണ്. അന്നു ഞാൻ സ്കൂൾ വിദ്യാർത്ഥിയായിരുന്നു. ഞങ്ങളുടെ ബയോളജി അദ്ധ്യാപിക ആയിരുന്നു ശ്രീമതി രുഗ്മിണി ടീച്ചറും കുടുംബവും ഈ ദുരന്തത്തിൽ നിന്നും കഷ്ടിച്ചു രക്ഷപെട്ട സംഭവം ഞങ്ങളോടു പറഞ്ഞിട്ടുണ്ട്. പാളത്തിൽ നിന്നും കായലിലേയ്ക്കു തൂങ്ങിക്കിടന്ന ബോഗിയിലായിരുന്നു അവർ. അല്പം സാരമായ പരുക്കുകൾ തന്നെ ടീച്ചറിന്റെ ഭർത്താ‍വിനുണ്ടായിരുന്നു. ഏറ്റവും ആഘാതമായതു വയറുപൊട്ടി കുടൽമാലവെളിയിൽച്ചാടി മരിച്ചുകിടക്കുന്ന ഒരു കുഞ്ഞിന്റെ ജഡം കണ്ടതാണെന്നു കരഞ്ഞുകൊണ്ടു ടീച്ചർ പറഞ്ഞതു ഇപ്പോഴും ഓർമ്മയുണ്ട്.

ഏതാണ്ട് ഇതേ “ഞെട്ടൽ” തന്നെയാണ് രണ്ടു വർഷങ്ങൾക്കുശേഷം റെയിൽ‌വേ സുരക്ഷാകമ്മീഷണർ ഇതിന്റെ അന്വേഷണറിപ്പോർട്ട് പുറത്തുവിട്ടപ്പോൾ ഉണ്ടായത്. ഇത്രയും ദാരുണമായ അപകടത്തിനു കാരണം “ടൊർണാഡോ” എന്ന ചുഴലിക്കൊടുംകാറ്റായിരുന്നു അത്രേ. അന്ന് അതിന്റെ പേരിൽ ഉണ്ടായ വിവാദങ്ങൾ പലർക്കും ഓർമ്മകാണും എന്നു കരുതുന്നു. എത്രമാത്രം ലാഘവത്തോടെയും, നിരുത്തരവാദപരമായും ആണ് റെയിൽ‌വേ ഈ അപകടത്തെ കൈകാര്യം ചെയ്തത് എന്നതിനു ഏറ്റവും വലിയ തെളിവാണ് ഈ റിപ്പോർട്ട്. അന്നു അഷ്ടമുടിക്കായലിൽ മത്സ്യബന്ധനത്തിലേർപ്പെട്ടുരുന്ന വഞ്ചിക്കാരും, അടുത്ത കള്ളുഷാപ്പിലുണ്ടായിരുന്നവരും ആണ് ആദ്യം രക്ഷാപ്രവർത്തനത്തിനെത്തിയത്. ഒരു തീവണ്ടിയുടെ പത്തുബോഗികളെ കായലിലേക്കു തള്ളിയിട്ട ഈ കാറ്റുവീശിയതു അവരാരും അറിഞ്ഞില്ല. അന്നോ അതിനു മുൻപോ അതിനു ശേഷമോ ഇത്തരം ഒരു കാറ്റു കേരളത്തിൽ വീശിയതിനു തെളിവെന്നും ഇല്ല. ടൊർണാഡോ എന്ന പദം അന്നു കേട്ടു പരിചയം പോലും ഇല്ലായിരുന്നു. പിന്നീട് വർഷങ്ങൾക്കു ശേഷം “ട്വിസ്റ്റർ” എന്ന ചലച്ചിത്രം കണ്ടപ്പോളാണ് ടൊർണാഡോയുടെ ഉഗ്രശക്തി മനസ്സിലാകുന്നത്. ഇത്തരം ഒരു കാറ്റു സമീപവാസികളാരും അറിയാതെ അവിടെ വീശി ട്രെയിനെ മറച്ചിട്ടു കടന്നുപോയി എന്നെഴുതിയ കമ്മീഷന്റെ തൊലിക്കട്ടി അപാരം തന്നെ.

അപകടത്തിന്റെ യഥാർത്ഥകാരണമായി മറ്റൊന്നാണ് പറഞ്ഞു കേട്ടിരുന്നത്. അത് റെയിവേപാളത്തിൽ അപ്പോൾ നടന്നിരുന്നു അറ്റകുറ്റപ്പണികളുമാ‍യി ബന്ധപ്പെട്ടതാണ്. വളവുകളിൽ ട്രെയിൻ അപകടം കൂടാതെ കടന്നുപോവുന്നതിനു പാളങ്ങളുടെ ഉയരം ക്രമീകരിക്കുന്ന ജോലി അന്നു പെരുമൺ പാലത്തിനു മുൻപ് നടന്നിരുന്നുവത്രേ. ഇതിനായി പാളങ്ങൾ ഉയർത്തി അവയ്ക്കടിയിലെ കല്ലുകൾ മാറ്റി ജോലിക്കാർ ചായകുടിക്കാൻ പോയ അവസരത്തിലാണ് മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ ട്രെയിൻ കടന്നുവന്നതെന്നും ഇതാണ് അപകടകാരണം ആയതെന്നും പറയുന്നു. ട്രെയിൻ അതിന്റെ യാത്രതുടങ്ങിയാൽ അവസാനിക്കുന്നതുവരെ ഉള്ള ഒരോസമയത്തേയും വേഗം ഒരു ഗ്രാഫിന്റെ രൂപത്തിൽ രേഖപ്പെടുത്തുന്ന സംവിധാനം ട്രയിനിൽ ഉണ്ട്. (വിമാനങ്ങളിലെ ബ്ലാക്ക് ബോക്സിനോടു ഇതിനെ ഉപമിക്കാം) ട്രെയിൻ യാത്രതിരിച്ച ശേഷം ഏതുസമയത്തെ വേഗതയും ഇതിൽനിന്നും കണ്ടെത്താൻ സാധിക്കും. അപകടത്തിൽ‌പെട്ട ഐലന്റ് എക്സ്‌പ്രസിന്റെ അപകടസമയത്തെ വേഗം 80 കിലോമീറ്റർ ആയിരുന്നു എന്നത് ഇതിൽനിന്നും മനസിലാക്കിയതാണ്. ട്രെയിൻ യാത്രക്കാരും ഇതു സാക്ഷ്യപ്പെടുത്തുന്നു. ഇതുമാത്രമല്ല ഇത്തരം അറ്റകുറ്റപ്പണികളെപ്പറ്റിയുള്ള വിവരങ്ങൾ അതിനു മുൻപെ ട്രെയിൻ നിറുത്തുന്ന സ്‌റ്റേഷനിൽ വെച്ച് എഞ്ചിൻ ഡ്രൈവർമാരെ ആറിയിക്കുകയും ഇതു സംബന്ധിക്കുന്ന അറിയിപ്പിന്റെ കോപ്പി ഡ്രൈവറിൽ നിന്നും ഒപ്പിട്ടുവാങുകയും ചെയ്യും. കൂടാതെ അറ്റകുറ്റപ്പണികൾ നടക്കുന്ന സ്ഥലത്തിനു മുൻപെ ട്രെയിനിന്റെ സുരക്ഷിതവേഗതയെ സൂചിപ്പിക്കുന്ന ഫലകങ്ങളും സ്ഥാപിച്ചിരിക്കും. ഇതെല്ലാം എങ്ങനെ ഒരു ഡ്രൈവർ അവഗണിച്ചു എന്നത് ദുരൂഹമാണ്. ചുരുക്കത്തിൽ കേരളം കണ്ട ഏറ്റവും ദാരുണമായ ട്രെയിൻ ദുരന്തത്തിന് സത്യസന്ധമായ ഒരു വിശദീകരണം തരാൻ ഇന്ത്യൻ റെയിൽ‌വേയ്ക്കു കഴിഞ്ഞിട്ടില്ല.

ഇന്നു എല്ലാവർഷവും ദുരന്തത്തിന്റെ വാർഷീകത്തിൽ ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ബന്ധുക്കൾ പാലത്തിനു സമീപത്തുള്ള സ്‌മൃതിമണ്ഡപത്തിൽ ഒത്തുകൂടുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന്റെ കാരണം എന്നെങ്കിലും പുറത്തുവരും എന്ന പ്രതീക്ഷ അവർക്കുണ്ടാകുമോ? വല്ലപ്പോഴും തിരുവനന്തപുരത്തുനിന്നും ട്രെയിനിൽ വരുമ്പോൾ ഈ പാലത്തിനു മുകളിൽ എത്തുമ്പോൽ ഞാനും ഈ ഹതഭാഗ്യരെ ഓർക്കും. ഒപ്പം ട്രെയിനിന്റെ ശബ്ദത്തിനും ഉപരിയായി വീണ്ടും “ടൊർണാഡോ” യുടെ ശബ്ദം കേൾക്കുന്നുണ്ടോ എന്നറിയാൻ കാതോർക്കും. .............