21 September 2013

ബസ്സുകളുടെ സമയക്രമം ആർ ടി ഓഫീസിൽ ലഭ്യമല്ല!

എറണാകുളം ജില്ലയിൽ സർവ്വീസ് നടത്തുന്ന ബസ്സുകളുടെ സമയക്രമം എറണാകുളം ആർ ടി ഓഫീസിൽ അന്വേഷിച്ചാൽ കിട്ടും എന്നായിരുന്നു എന്റെ ധാരണ. ഇനി നിങ്ങൾക്കാർക്കെങ്കിലും അങ്ങനെ ഒരു ധാരണ ഉണ്ടെങ്കിൽ അതുമാറ്റാൻ സമയമായി. കാരണം അങ്ങനെ സമയക്രമം 'ക്രോഡീകരിച്ച്' വയ്ക്കുന്ന സമ്പ്രദായം ആർ ടി ഓഫീസിൽ ഇല്ലത്രെ! എനിക്ക് ഇതൊരു പുതിയ അറിവാണ്. ഇനി സമയക്രമം അറിയാൻ എന്തുചെയ്യണം? അതാണ് എന്റെ ചോദ്യം.

G7/188/2013/RTI/E റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് എറണാകുളം തീയതി 11/09/2013

ഇനി അല്പം ചരിത്രം കൂടി പറയാം. ഞാൻ താമസിക്കുന്നത് എറണാകുളം ജില്ലയിലെ വൈപ്പിൻ ദ്വീപിലാണ്. എറണാകുളത്ത് ഹൈക്കോടതി ജങ്ഷനിൽ നിന്നും സ്വകാര്യബസ്സുകളും കെ എസ് ആർ ടി സി ബസ്സുകളുമായി മുന്നൂറിനടുത്ത് ബസ്സുകൾ വൈപ്പിൻ - പള്ളിപ്പുറം സംസ്ഥാനപാതയിലൂടെ സർവ്വീസ് നടത്തുന്നുണ്ട്. രാത്രി 10:10വരെ ഹൈക്കോടതി ജങ്ഷനിൽ നിന്നും ഈ റൂട്ടിൽ ബസ്സ് സർവ്വീസ് ഉണ്ട്. എന്നാൽ കഴിഞ്ഞ ഏതാനും മാസങ്ങൾ ആയി രാത്രി 8 മണിക്ക് ശേഷം ഈ റൂട്ടിൽ സർവ്വീസ് നടത്തേണ്ട പല ബസ്സുകളും സർവ്വീസ് നടത്തുന്നില്ല. കാരണം കുടിവെള്ളപൈപ്പുകൾ സ്ഥാപിക്കുന്നതിനായി വെട്ടിപ്പൊളിച്ച വൈപ്പിൻ - പള്ളിപ്പുറം സംസ്ഥാനപാത (കഴിഞ്ഞ ഏഴുവർഷമായി തകരാതെ കിടന്ന ഈ പാത സംസ്ഥാനത്തിനു തന്നെ മാതൃകയാണെന്ന് ഹൈക്കോടതി വരെ പരാമർശിച്ചതാണ്. കുടിവെള്ള പൈപ്പുകൾക്കായി വെട്ടിപ്പൊളിക്കാത്ത ഭാഗങ്ങൾ ഇപ്പോഴും ഒരു തകരാറും ഇല്ലാതെ നിൽക്കുന്നുണ്ട്) സഞ്ചാരയോഗ്യമാക്കാത്തതു തന്നെ. ഇതുമൂലം രാത്രി 8 മണിയ്ക്ക് ശേഷം ഹൈക്കോടതി ജങഷനിൽ നിന്നും ബസ്സിൽ കയറാൻ വല്ലാത്ത ബുദ്ധിമുട്ടാണ്. വൈപ്പിനിൽ താമസിക്കുന്ന നല്ലൊരു വിഭാഗം ആളുകളും ജോലിയ്ക്കും പഠനത്തിനും ആശ്രയിക്കുന്നത് എറണാകുളം നഗരത്തെ ആണ്. ജോലിക്കാരിൽ നല്ലൊരു വിഭാഗം കുറഞ്ഞ ശംബളത്തിൽ എറണാകുളത്തെ വിവിധവാണിജ്യസ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവരും. ഇങ്ങനെയുള്ള ജനങ്ങൾ പലപ്പോഴും ബസ്സ് ലഭിക്കാതെ ഓട്ടോ റിക്ഷയിൽ ഇരുന്നൂറും മുന്നൂറും രൂപ മുടക്കിയാണ് രാത്രി വീടെത്തുന്നതുതന്നെ. സ്ഥിരമായി രാത്രി സർവ്വീസുകൾ മുടക്കുന്ന ബസ്സുകൾക്കെതിരെ പരാതി നൽകുക എന്ന ഉദ്ദേശത്തോടെ രാത്രി 8 മണിക്ക് ശേഷം ഹൈക്കോടതി ജങ്ഷനിൽ നിന്നും സർവ്വീസ് ആരംഭിക്കേണ്ട ബസ്സുകളുടെ വിവരം നൽകണം എന്ന് ആവശ്യപ്പെട്ട് ഞാൻ 16/08/2013 എറണാകുളം ആർ ടി ഓഫീസിൽ വിവരാവകാശനിയമപ്രകാരം അപേക്ഷനൽകി. അതിനുള്ള മറുപടിയാണ് മുകളിലെ ചിത്രം.ഈ മറുപടിയിൽ  ബസ്സുകളുടെ നമ്പർ സഹിതം അപേക്ഷിച്ചാൽ അവയുടെ സമയക്രമം അറിയിക്കാം എന്നാണ് പറയുന്നത്.  ബസ്സുകൾ ഏതൊക്കെ എന്നറിയാതെ എങ്ങനെയാണ് ഞാൻ അവയുടെ നമ്പർ വെച്ച് സമയക്രമം (ടൈം ഷെഡ്യൂൾ) നൽകാൻ ആവശ്യപ്പെടുക? കെ എസ് ആർ ടി സി ബസ്സുകളുടെ നമ്പർ എങ്ങനെ നൽകും? സാധാരണ വിവരാവകാശനിയമപ്രകാരം നൽകുന്ന മറുപടിയിൽ ആ മറുപടി തൃപ്തികരമല്ലെങ്കിൽ സമീപിക്കേണ്ട അപ്പെലറ്റ് അതോറിറ്റി ഏതെന്ന വിവരം രേഖപ്പെടുത്തിയിരിക്കും. ഇവിടെ അതും സൂചിപ്പിച്ചിട്ടില്ല.

4 August 2013

റോഡ് നിർമ്മാണം പുതിയ രീതി

ജയസൂര്യ റോഡിൽ കല്ലും മണ്ണും ഇട്ട് കുഴിയടച്ചതിനെ കൊച്ചി മേയർ ടോണി ചമ്മണി വിമർശിച്ചപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല. അത്യാധുനീകരീതി ആകണം. നിലവിലെ റോഡിൽ ഇന്റെർലോക്ക് കോൺക്രീറ്റ് കട്ടകൾ പാകി പുതിയ റോഡ് ഉണ്ടാക്കുന്നു. കേരളത്തിൽ പലസ്ഥലങ്ങളിലും യാത്രചെയ്തിട്ടും ഇങ്ങനെ ഒരു റോഡ് കാണാൻ സാധിച്ചിട്ടില്ല. ലോകത്തിൽ വാഹനഗതാഗതം ഉള്ള ഒരു റോഡ് ഇങ്ങനെ എവിടെയെങ്കിലും നിർമ്മിക്കപ്പെട്ടിട്ടുണ്ടോ എന്നും അറിയില്ല. ഈ ചിത്രം ഇന്ന് പണിനടക്കുന്ന ഹൈക്കോർട്ട് ജംങ്ഷനും ഐ ജി ഓഫീസിനും ഇടയ്ക്കുള്ള ബാനർജി റോഡിന്റെ ഭാഗത്തുനിന്നും. പരീക്ഷണം ആയിരിക്കും, "കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി"
ഇങ്ങനെയുള്ള റോഡിന്റെ കുഴപ്പങ്ങൾ മേന്മകൾ ആർക്കെങ്കിലും അറിയാമോ? എന്റെ അഭിപ്രായം ഇന്റെലോക്കിങ് കട്ടകളിൽ ഒരെണ്ണം തകരാറായാൽ പിന്നെ റോഡ് തകരുന്നത് വളരെ വേഗം ആകും. ടാർ ചെയ്ത റോഡുകളുടെ അത്രയും ഘർഷണം (Friction)  ഈ റോഡിനുണ്ടാകുമോ? വേഗതയിൽ വരുന്ന വാഹനങ്ങൾ ബ്രേക്ക് ചെയ്യുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തൊക്കെ? ഇരുചക്രവാഹനങ്ങൾ സ്കിഡ് ചെയ്യുന്നതിനുള്ള സാദ്ധ്യതയുണ്ടോ? ഇതെല്ലാം പഠനവിഷയമാക്കിയിട്ടാണോ ഈ പരീക്ഷണം?

ഇത്തരത്തിൽ ഇന്റെർലോക്ക് കട്ടകൾ പാകിയ റോഡ് കണ്ടിട്ടുള്ളത് ചില വളവുകൾ, ജംങ്ഷനുകൾ ഇവിടങ്ങളിൽ ആണ്. എന്നാൽ നേരായ റോഡുകളിൽ ഇങ്ങനെ കട്ടകൾ പാകി കണ്ടിട്ടില്ല. ഈട് നിന്നാൽ നല്ലത്. 

26 July 2013

എയിഡഡ് സ്ക്കൂൾ അദ്ധ്യാപകനിയമനം

സർക്കാർ എയിഡഡ് സ്ക്കൂൾ നിയമനങ്ങളിൽ ചില മാർഗ്ഗനിർദ്ദേശങ്ങൾ നൽകിക്കൊണ്ട് ഹയർസെക്കണ്ടറി ഡയറക്‌ടർ ഇറക്കിയ സർക്കുലറും തുടർന്ന് പല ഓൺലൈൻ വേദികളിലും നടന്ന ചർച്ചകളും ആണ് ഇങ്ങനെ ഒരു കുറിപ്പെഴുതാൻ പ്രേരിപ്പിച്ചത്.വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിയമിക്കപ്പെടുന്ന അദ്ധ്യാപകർ നല്ലനിലവാരം ഉള്ളവർ തന്നെ ആവണം എന്നതിൽ തർക്കം ഇല്ല. അത്തരത്തിൽ നിലവാരം ഉള്ള വ്യക്തികളെ കണ്ടത്തുന്നതിന് സർക്കാർ പി എസ് സി വഴി പരീക്ഷനടത്തി ഒരു റാങ്ക് ലിസ്റ്റ് ഉണ്ടാക്കുകയും ആ റാങ്ക് ലിസ്റ്റിന് ഒരു സമയപരിധി നിശ്ചയിക്കുകയും വേണം. ആ സമയപരിധിയിൽ വിവിധ സർക്കാർ എയിഡഡ് വിദ്യാലയങ്ങളിലെ നിയമനം പൂർണ്ണമായും സർക്കാർ നിശ്ചയിച്ച റാങ്ക് ലിസ്റ്റിൽ നിന്നും സുതാര്യമായ രീതിയിൽ ആകണം. ഇത്രയും കാര്യത്തിൽ എനിക്ക് യാതൊരു വിയോജിപ്പും ഇല്ല.

എന്നാൽ വിയോജിപ്പ് ഇത്തരത്തിൽ നിയമിക്കപ്പെടുന്ന അദ്ധ്യാപകരിൽ നിന്നും സ്കൂൾ ഉടമസ്ഥർ യാതൊരു വിധ പണവും വാങ്ങരുതെന്ന കാര്യത്തോട് മാത്രമാണ്. കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് വലിയ മുന്നേറ്റം ഉണ്ടാക്കാൻ എയിഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്. സ്കൂൾ കെട്ടിടം അതിന്റെ പരിപാലനം, മറ്റ് ഉപകരണങ്ങൾ എന്നിവയുടെ കാര്യത്തിൽ വിദ്യാർത്ഥികളിൽ നിന്നും പണം വാങ്ങരുതെന്നുണ്ട്. പിന്നെ എങ്ങനെയാണ് സ്കൂൾ നടത്തിപ്പിനുള്ള പണം കണ്ടെത്തേണ്ടത്. സാമൂഹ്യപരിഷ്കരണത്തിന് സ്വന്തം പോക്കറ്റിലെ പണം നൽകി ആരും മുന്നോട്ട് വരും എന്ന് കരുതാൻ ആവില്ല. അതിനാവശ്യമായ പണം സർക്കാർ ഗ്രാന്റ് ആയി നൽകുന്നുണ്ടെങ്കിൽ കുഴപ്പമില്ല. ഈ വിഷയത്തിൽ പലരും പ്രകടിപ്പിക്കുന്ന അഭിപ്രായം സർക്കാർ സ്ക്കൂൾകെട്ടിടത്തിന്റെ പരിപാലനത്തിന് ആവശ്യമായ ധനസഹായം (മെയിന്റെനൻസ് ഗ്രാന്റ്) നൽകുന്നുണ്ട് എന്നതാണ്. എന്നാൽ വാസ്തവം വളരെ നാമമാത്രമായ തുകയാണ് ഈ ഇനത്തിൽ സർക്കാർ നൽകുന്നത്. എന്റെ അറിവിൽ എൽ പി സ്ക്കൂളിൽ ഒരു വിദ്യാർത്ഥിയ്ക്ക് 3രൂപ 50പൈസ എന്ന നിരക്കിലും ഹൈസ്ക്കൂളിൽ 5 രൂപ എന്ന നിരക്കിലും ആണ് സർക്കാർ മെയിന്റെനൻസ് ഗ്രാന്റ് നൽകുന്നത്. ഈ തുക സ്ക്കൂൾ കെട്ടിടത്തിന്റെ നിർമ്മാണം അറ്റകുറ്റപ്പണികൾ എന്നിവയിൽ സ്ക്കൂൾ ഉടമസ്ഥർക്ക് ഉണ്ടാകുന്ന ചിലവുകൾ പരിഹരിക്കുന്നതിന് ഒട്ടും പര്യാപ്തമല്ല. നാടിന്റെ ഉന്നമനത്തിനായി നല്ലൊരു തുക ചിലവാക്കുന്ന സ്കൂൾ ഉടമസ്ഥർക്കും ഇതിൽ നിന്നും തെറ്റില്ലാത്ത ഒരു വരുമാനം ഉണ്ടാകേണ്ടത് തികച്ചും ആവശ്യമാണ്. അതുകൊണ്ട് ഇപ്പോൾ നടക്കുന്ന ലേലം വിളിയല്ലാതെ മുൻകൂട്ടി നിശ്ചയിച്ച, പരസ്യപ്പെടുത്തിയ ഒരു തുക ഇങ്ങനെ നിയമിക്കപ്പെടുന്നവരിൽ നിന്നും വാങ്ങിക്കാൻ അനുവദിക്കണം എന്നുതന്നെയാണ് എന്റെ അഭിപ്രായം.

കേരളത്തിലെ പല വ്യവസായ സ്ഥാപനങ്ങളിലും തൊഴിലാളികളെ നിയമിക്കുന്നത് സംബന്ധിച്ച് ഒരു കാര്യം കൂടി ഇവിടെ സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു. വ്യവസായസ്ഥാപനങ്ങളിൽ തൊഴിലാളികളെ നിയമിക്കുന്നതിൽ മിക്കതൊഴിലാളി സംഘടനകളും വീതംവെയ്പാണ് നടത്തുന്നത്. തൊഴിലാളികളെ നിയമിക്കുന്നതിൽ ലക്ഷങ്ങൾ ഇവർ വാങ്ങുന്നുണ്ട്. എന്താണ് ഇങ്ങനെ പണം വാങ്ങുന്നതിനുള്ള അടിസ്ഥാനം? എന്തിന് ചുമട്ടുതൊഴിലാളി കാർഡ് കിട്ടുന്നതിനു പോലും പതിനായിരങ്ങളാണ് ചുമട്ടുതൊഴിലാളി സംഘടനകൾ വാങ്ങുന്നത്. ഇങ്ങനെ പണം വാങ്ങുന്ന സംഘടനകൾ തന്നെ സ്ക്കൂൾ നിയമനത്തിൽ പണം വാങ്ങുന്ന  മാനേജ് മെന്റുകളെ വിമർശിക്കുന്നു. മാനേജ്മെന്റ് പണം മുടക്കിയ സ്ഥാപനത്തിന്റെ നടത്തിപ്പിന്റെ പേരിലാണ് പണം വാങ്ങുന്നത് എന്ന് പറയാം. തൊഴിലാളി സംഘടനകൾ എന്തടിസ്ഥാനത്തിലാണ് പണം വാങ്ങുന്നത്?

22 July 2013

ജൻറം ബസ്സുകളിലെ ചാർജ്ജ് വർദ്ധന

                  കേന്ദ്രസർക്കാരിന്റെ നഗരവികസനമന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമായി ലഭിച്ച ബസ്സുകൾ കെ എസ് ആർ ടി സിയ്ക്ക് കൈമാറിയപ്പോൾ തന്നെ ഈ പദ്ധതി അട്ടിമറിക്കപ്പെട്ടിരുന്നു. ഇപ്പോൾ 50% വരെയോ അതിനധികമോ ഉള്ള നിരക്ക് വർദ്ധനകൂടി ആയപ്പോൾ സംഗതി പൂർണ്ണമായി. ജെൻറം പദ്ധതിയുടെ ഭാഗമായി കേന്ദ്രം ബസ്സുകൾ അനുവദിച്ചത് നിലവിൽ കെ എസ് ആർ ടി സി; സ്വകാര്യബസ്സുകൾ എന്നിവയെ ആശ്രയിച്ച് യാത്രചെയ്യുന്നവർക്ക് ഒരു പകരം സർവ്വീസായിട്ടല്ല, മറിച്ച് സ്വകാര്യവാഹനങ്ങളുടെ നിരത്തിലെ ബാഹുല്യം കുറയ്ക്കുക, അങ്ങനെ നഗരങ്ങളിലെ ഗതാഗതക്കുരുക്കുകൾക്ക് ഒരു അളവിൽ കുറവു വരുത്തുക, നഗരത്തിലെ വായു ശബ്ദമലിനീകരണങ്ങൾക്ക് കുറവ് വരുത്തുക, ഇന്ധന ഉപയോഗം കുറയ്ക്കുക എന്നിങ്ങനെ പല ഉദ്ദേശങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണ്. അതുകൊണ്ടാണ് സംസ്ഥാനത്തെ സർക്കാർ ഉടമസ്ഥതയിൽ ഉള്ള കെ എസ് ആർ ടി സി യ്ക്ക് നൽകാതെ ഈ ബസ്സുകൾ കൊച്ചി, തിരുവനന്തപുരം കോർപ്പറേഷനുകൾക്ക് നൽകിയത്. എന്നാൽ ഇടതുപക്ഷസർക്കാർ ഈ ബസ്സുകളുടെ സർവ്വീസ് നടത്തുന്നതിനുള്ള അവകാശം കെ എസ് ആർ ടി സി യ്ക്ക് നൽകുകയായിരുന്നു. കെ എസ് ആർ ടി സി ഈ സർവ്വീസുകൾ ആരംഭിച്ചത് നിലവിൽ ഉണ്ടായിരുന്ന പല ഓർഡിനറി സർവ്വീസുകളും നിർത്തലാക്കികൊണ്ടാണ്. കെ എസ് ആർ ടി സി യുടെ ജൻറം സർവ്വീസുകൾ പലതും ജനങ്ങൾ കൂടുതൽ യാത്രചെയ്യുന്ന സമയങ്ങളിൽ ഒതുങ്ങി. നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടെത്താൻ നിർദ്ദേശിക്കപ്പെട്ട ബസ്സുകൾ നഗരത്തിനു വെളിയിലേയ്ക്ക് ഓരോ രാഷ്ട്രീയക്കാരും അവരുടെ സ്വാധീനത്തിന്റെ പേരിൽ നീട്ടി. ഇപ്പോൾ വന്നുവന്ന് ജെൻറം പദ്ധതിയുടെ ഭാഗമായി കൊച്ചി, തിരുവനന്തപുരം കോർപ്പറേഷനുകൾക്ക് ലഭിച്ച ബസ്സുകൾ യു ഡി എഫ് ഭരണത്തിന്റെ കീഴിൽ തിരുവനന്തപുരത്തുനിന്നും എറണാകുളത്തിനും, എറണാകുളത്തുനിന്നും കോഴിക്കോടിനു സർവ്വീസ് നടത്തുന്നു. ബസ്സിന്റെ ഉടമസ്ഥരായ കോർപ്പറേഷൻന്മേധാവികളുടെ സമരനാടകം ഒരു മണിക്കൂർ കുത്തിയിരുപ്പിൽ ഒതുങ്ങി. കൊച്ചി മേയർ ടോണി ചമ്മിണിയുടെയും തിരുവനന്തപുരം മേയർ പ്രൊഫസർ ജെ ചന്ദ്രയുടേയും പ്രതിഷേധപ്രകടനം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രമുള്ളതായിരുന്നു. ഗതാഗത മന്ത്രിയുടെ നാടായ നിലമ്പൂരിലേയ്ക്കും ഈ ബസ്സുകൾ സർവ്വീസ് നടത്തുന്നുണ്ടെന്നാണ് അറിവ്. ഒരു ഘട്ടത്തിൽ തിരുവനന്തപുരത്തുനിന്നും ബാംഗ്ലൂർ സർവ്വീസിനും ലോ ഫ്ലോർ എ സി ബസ്സ് കെ എസ് ആർ ടി സി ഉപയോഗിച്ചു (കോയമ്പത്തൂർ വരെ മാത്രമേ ഓടിച്ചുള്ളു എന്ന് കെ എസ് ആർ ടി സി വിശദീകരണം). 
 (ചിത്രത്തിനു കടപ്പാട് The Hindu)
               ഈ ബസ്സുകളുടെ ഇപ്പോഴെത്തെ അവസ്ഥ എന്താണ്. ശരിയായ അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ പല എ സി ബസ്സുകളും സർവീസ് നടത്താനാകാതെ കട്ടപ്പുറത്താണ്. നഗരപരിധിയ്ക്കുള്ളിൽ സർവ്വീസിനു രൂപകല്പന ചെയ്യപ്പെട്ട ബസ്സുകൾ ദീർഘദൂര സർവ്വീസിനു ഉപയോഗിക്കുന്നതു കൊണ്ടൂള്ള പ്രശ്നങ്ങൾ വേറെ. നഗരത്തിലെ യാത്രക്കാർക്ക് രാത്രി കാലങ്ങളിൽ ഈ ബസ്സുകളുടെ സേവനം ലഭ്യമല്ല. ജെൻറം സർവ്വീസുകൾ ഭൂരിഭാഗവും 8:30 ന് സർവ്വീസ് അവസാനിപ്പിക്കുന്നു.

       ഇത്രയും എഴുതിയതിൽ ചിലർക്കെങ്കിലും ചോദ്യം ഉണ്ടായേക്കാം എന്തിന് ഇത്ര ആശങ്കപ്പെടുന്നു. കാശുള്ളവൻ മാത്രം അതിൽ കയറിയാൽ മതി. അല്ലാത്തവർക്ക് സാധാരണ ബസ്സുകൾ ഉണ്ടല്ലൊ എന്ന്. അല്ലെങ്കിലും സാധാരണക്കാരെ ഉദ്ദേശിച്ചുള്ളതല്ലല്ലൊ ജൻറം സർവ്വീസുകൾ എന്ന്. അവിടെയാണ് ഇത് സാധാരണക്കാരുടെ മേൽ എങ്ങനെയാണ് അടിച്ചേല്പിക്കപ്പെടുന്നതെന്ന് വിശദീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നത്. ഞാൻ യാത്ര ചെയ്യുന്ന ആലുവ പറവൂർ ദേശസാൽകൃത റൂട്ട് തന്നെ എടുക്കാം. ഇവിടെ ഒരു പക്ഷെ ഏറ്റവും കൂടുതൽ ലോ ഫ്ലോർ നോൺ എ സി ബസ്സുകൾ സർവ്വീസ് നടത്തുന്നു. പല സർവീസുകളും ഓർഡിനറി സർവ്വീസ് ക്യാൻസൽ ചെയ്തിട്ടാണ് ഓടിക്കുന്നത്. പൊതുവെ തിരക്കു കുറവുള്ള ഉച്ചസമയത്ത് മൂന്ന് ലോഫ്ലോർ ബസ്സുകൾക്ക് ശേഷമാണ് ഒരു ഓർഡിനറി ബസ്സ് ഉണ്ടവുക. രാത്രികാലങ്ങളിൽ 7:30നു 8:30നു ഇടയിലും സ്ഥിതി വ്യത്യസ്തമല്ല. മൂന്നും നാലും ലോ ഫ്ലൊർ നോൺ എസി ബസ്സുകൾക്ക് ശേഷമാണ് ഒരു ഓർഡിനറി സർവ്വീസ് ആലുവയിൽ നിന്നും പറവൂർക്ക് ഉണ്ടാവുക. ഇത് ഏറ്റവും പ്രകടമായിരുന്നത് ഡീസൽ വിലവർദ്ധനയിലും ബൾക്ക് യൂസർ എന്നനിലയിൽ ഡീസൽ സബ്സിഡി ഇല്ലാതായപ്പോൾ  കെ എസ് ആർ ടി സിയ്ക്കുണ്ടായിരുന്ന പ്രതിസന്ധിയുടെയും സമയത്താണ്. അന്ന് ഓർഡിനറി സർവ്വീസുകൾ പലതും റദ്ദാക്കപ്പെട്ടപ്പോൾ നിരക്ക് കൂടൂതൽ ഉള്ള ലോ ഫ്ലോർ നോൺ എസി സർവ്വീസുകൾ മിക്കതും ഓടിക്കുന്നുണ്ടായിരുന്നു. നിലവിൽ ഓർഡിനറിയിൽ 13 രൂപയും ലോ ഫ്ലോർ നോൺ എ സി യിൽ 16രൂപയും ആണ് ആലുവ പറവൂർ റൂട്ടിലെ നിരക്ക്. പുതിയ വർദ്ധനയോടെ 16 രൂപ എന്ന നിലവിലെ നിരക്ക് 23രൂപയോ അതിനു മുകളിലോ ആവാം. അതായത് ഓർഡിനറിയിലും 75% അധികം തുകനൽകിവേണം ജനങ്ങൾ യാത്രചെയ്യാൻ എന്നർത്ഥം. ഇങ്ങനെ ദേശസാൽകൃത റൂട്ടുകളിൽ മറ്റ് ബസ്സുകൾക്ക് സർവ്വീസ് നടത്താൻ സാധിക്കാത്ത സ്ഥലങ്ങൾ അമിതനിരക്ക് ഈടാക്കുന്ന ജൻറം സർവ്വീസുകൾ ജനങ്ങളുടെ മേൽ അടിച്ചേല്പിച്ച് ജനങ്ങളെ ദ്രോഹിക്കുന്ന നടപടിയാണ് കെ എസ് ആർ ടി സി ചെയ്യുന്നത്. 

               അതുപോലെ പറവൂരിൽ നിന്നും കാക്കാനാട്ടേയ്ക്ക് (ജില്ലഭരണസിരാകേന്ദ്രം, വിവിധ ഐ ടി കമ്പനികൾ, പ്രത്യേക വ്യവസായ മേഖല എന്നിവയിൽ ധാരാളം ആളുകൾ പറവൂരിൽ നിന്നും നിത്യവും കാക്കനാട്ടേയ്ക്ക് പോകുന്നുണ്ട്) എത്തുന്നതിനുള്ള ഏറ്റവും എളുപ്പമാർഗ്ഗം പറവൂർ - വരാപ്പുഴ - കളമശ്ശേരി -(സീ പോർട്ട് -എയർ പോർട്ട്) - കാക്കനാട് എന്നതാണ്. ഇതിൽ കളമശ്ശേരി - കാക്കനാട് റൂട്ട് ദേശസാൽകൃതറൂട്ടാണ്. പറവൂരിൽ നിന്നും ഈ റൂട്ടിൽ ആകെ സർവീസ് നടത്തുന്നത് ഒരു ലോഫ്ലോർ നോൺ എ സി ബസ്സാണ്. ഇപ്പോഴത്തെ ഭീമമായ നിരക്ക് വർദ്ധന ഇതിലെ യാത്രക്കാർക്ക് തീർച്ചയായും ഇരുട്ടടി ആകും. പറവൂരിൽ നിന്നും കാക്കനാട്ടേയ്ക്കുള്ള ഓർഡിനറി കെ എസ് ആർ ടി സി സർവ്വീസുകൾ ആലുവ കളമശേരി വഴിയാണ് സർവ്വീസ് നടത്തുന്നത്. പറവൂർ - കാക്കനാട് റൂട്ടിൽ വരാപ്പുഴ, കളമശ്ശേരി വഴി കൂടുതൽ സർവ്വീസുകൾ വേണം എന്ന ആവശ്യം കെ എസ് ആർ ടി യുടെ സാമ്പത്തികപരാധീനതയുടെ പേരിൽ നടപ്പിലാക്കപ്പെടാതെ പോകുന്നു. എന്നാൽ ഈ റൂട്ടുകൾ സ്വകാര്യബസ്സുകൾക്ക് നൽകുന്നതിനെ കെ എസ് ആർ ടി സി എതിർക്കുകയും ചെയ്യുന്നു. തങ്ങളുടെ സാമ്പത്തീകനില മെച്ചപ്പെടുന്നതുവരെ ജനങ്ങൾ ദുരിതം അനുഭവിക്കട്ടെ എന്നതാണ് കെ എസ് ആർ ടി സിയുടെ നിലപാട്. കെ എസ് ആർ ടി സിയുടെ തലതിരിഞ്ഞ റൂട്ട് നിർണ്ണയത്തിനും ഇവിടെ ഒരു ഉദാഹരണം ഉണ്ട്. കാക്കനാട് നിന്നും വൈകീട്ട് 5 മണീയ്ക്ക് ശേഷം സർവ്വീസ് നടത്തുന്ന ഒരു ലോ ഫ്ലോർ നോൺ എസി ബസ്സ് കടന്നു പോകുന്നത് കാക്കനട്-കളമശ്ശേരി-വരാപ്പുഴ-കണ്ടെയ്നർ റോഡ് വഴി ഹൈക്കോടതി-ഗോശ്രീപാലങ്ങൾ വഴി-ഞാറയ്ക്കൽ-ചെറായി-പറവൂർ ഇങ്ങനെയാണ്! വരാപ്പുഴ കണ്ടെയ്നർ റോഡ് - ദേശീയപാത 17 ജങ്ഷനിൽ നിന്നും അരമണിക്കൂറിനകം പറവൂരിൽ എത്താം എന്നിരിക്കെ പിന്നെയും ഒന്നര മണിക്കൂറിലധികം സമയം വേണ്ടിവരുന്ന ഗോശ്രീപാലങ്ങൾ വഴിയുള്ള റൂട്ട് ഏതെങ്കിലും രാഷ്ട്രീയക്കാരന്റെ തലതിരിഞ്ഞ ബുദ്ധിതന്നെ ആവണം. അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടിയ കൃസ്തുദേവനെപ്പോലെ കിട്ടിയ ഒരു ബസ്സുകൊണ്ട് നാട്ടുകാരെ മൊത്തം സന്തോഷിപ്പിക്കാം എന്ന് കരുതിക്കാണണം. എന്തായാലും ആ ഫലം ഉണ്ടായില്ലെന്നത് തീർച്ചയാണ്

    ഇതിനു പുറമെ സൂപ്പർ ഫാസ്റ്റ് സൂപർ എക്സ്പ്രസ്സ് നിരക്കുകളിലും വർദ്ധയുണ്ടായിട്ടുണ്ട്. നിലവിൽ പല റൂട്ടുകളിലും സൂപ്പർ ഫാസ്റ്റിലും സൂപ്പർ എക്സ്പ്രസ്സുകളിലും അമിതമായി ആളെനിറച്ചാണ് സർവീസ് നടക്കുന്നത്. ആവശ്യത്തിന് ബസ്സുകൾ ഇല്ല എന്നതുതന്നെ കാരണം. ആലപ്പുഴയ്ക്കും ചേർത്തലയ്ക്കും ഇടയിൽ സർവ്വീസ് നടത്തുന്ന സൂപ്പർഫാസ്റ്റുകളിലെ രാവിലേയും വൈകീട്ടും ഉള്ള തിരക്ക് തന്നെ ഉദാഹരണം.    അതുകൊണ്ട് തന്നെ പൊതുഗതാഗത മാർഗ്ഗങ്ങളെ അവലംബിക്കുന്ന ദേശസാൽകൃതറൂട്ടുകളിലെ സാധാരണക്കാർക്ക് തീർച്ചയായും ഈ തീരുമാനം ഇരുട്ടടി തന്നെയാണ്. അല്ലാത്തറൂട്ടുകളിൽ ജെൻറം സർവ്വീസിന്റെ മരണമണിയും.

30 June 2013

ഈ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം


സുപ്രീംകോടതി ഉത്തരവിനെ മുൻനിറുത്തി സൺഫിലിം നീക്കംചെയ്യാത്ത വാഹനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും എന്ന മുന്നറിയിപ്പോടെ സംസ്ഥാന മോട്ടോർ വാഹനവകുപ്പ പുറത്തിറക്കിയ നോട്ടീസാണ് ചിത്രത്തിൽ. നിയമം നടപ്പാക്കണം എന്ന ദൃഡനിശ്ചത്തെ തീർച്ചയായും അനുമോദിക്കുന്നു.ചില നിയമങ്ങൾ അനുസരിക്കേണ്ടതും ചിലത് അനുസരിക്കേണ്ടാത്തതും എന്ന അവസ്ഥ മാറണം. പൊതുജനങ്ങൾക്ക് ഉപയോഗപ്രദമാകുന്ന, പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന നിരവധി നിയമങ്ങൾ ഉണ്ട്. അതെല്ലാം പരിപാലിക്കപ്പെടുന്നുണ്ടോ എന്ന് നോക്കുന്നതിൽ ഇത്തരത്തിലുള്ള ഒരു ജഗ്രത വകുപ്പിൽ നിന്നും ഉണ്ടാകുന്നില്ല. അതിലൊന്നാണ് വലിയ വാഹനങ്ങളുടെ പരമാവധി വേഗത 60 കിലോമീറ്ററിൽ നിജപ്പെടുത്തിക്കൊണ്ട് കേരള ഹൈക്കോടതി പുറത്തിറക്കിയ ഉത്തരവ്. ഇതും സുപ്രീംകോടതി ശരിവെച്ച ഒന്നാണ്. ഇത് ഉറപ്പുവരുത്തുന്നതിൽ എന്ത് നടപടിയാണ് വകുപ്പ് സ്വീകരിക്കുന്നത്.

അതുപോലെ കൂടുതൽ ആളുകളെ കുത്തിനിറയ്ക്കുന്നതിനായി പെർമിറ്റ് പ്രകാരം ഉള്ള സീറ്റുകൾ ഇളക്കി മാറ്റി സർവ്വീസ് നടത്തുന്ന ബസ്സുകൾ ഉണ്ട്. പുതിക്കിയ സംവരണം അനുസരിച്ച് ഒരു ബസ്സിൽ 50% സീറ്റുകളും സംവരണം ചെയ്യപ്പെട്ടവയാണ് (25% വനിതകൾ, 10% മുതിർന്ന വനിതകൾ, 2.5% വികലാംഗരായവനിതകൾ 10% മുതിർന്ന പുരുഷ്ന്മാർ, 2.5% വികലാംഗരായ പുരുഷ്ന്മാർ ഇങ്ങനെ അകെ 50%). അതിനർത്ഥം സംവരണം ചെയ്യപ്പെടാത്ത മറ്റുള്ള സീറ്റുകൾ സംവരണം ചെയ്യപ്പെട്ടിട്ടുള്ള സീറ്റുകളുടെ എണ്ണത്തിന് തുല്യമാവണം എന്നാണ്. എന്നാൽ പല ബസ്സുകളിലും പൊതുസീറ്റുകൾ 30% താഴെയാണ്. ഇതിനെതിരെ പരാതിപ്പെട്ടിട്ടും മോട്ടോർവാഹനവകുപ്പ് യാതൊരു നടപടിയും എടുത്തിട്ടില്ല. ഇത്തരത്തിലുള്ള രണ്ട് ബസ്സുകൾക്കെതിരെ ഞാൻ രേഖാമൂലം പരാതി നൽകിയിട്ടുണ്ട്.

രാത്രികാല സർവ്വീസുകൾ മുടക്കുന്ന ബസ്സുകൾക്കെതിരായ നടപടിയും ഇതുപോലെ തന്നെ. ഞാൻ യാത്രചെയ്യുന്ന വടക്കൻ പറവൂർ ഞാറയ്ക്കൽ റൂട്ടിൽ വിവരാവകാശനിയമപ്രകാരം എനിക്ക് നൽകിയ മറുപടി അനുസരിച്ച് രാത്രി 10 മണിയ്ക്ക് ശേഷവും സ്വകാര്യബസ്സുകൾക്ക് സർവ്വീസ് നടത്താൻ പെർമിറ്റ് ഉണ്ട്. പക്ഷെ നിലവിൽ 8:40നു ശേഷം സ്വകാര്യബസ്സ് സർവ്വീസ് ഈ റൂട്ടിൽ ഇല്ല. പിന്നെ ഉള്ളത് 10:30നുള്ള കെ എസ് ആർ ടി സി ബസ്സ് മാത്രമാണ്. ഇതിനെതിരെ പരാതിപറഞ്ഞാലും ഫലം ഇല്ല.

വൈറ്റില - ഗുരുവായൂർ - കോഴിക്കോട് റൂട്ടിൽ സർവ്വീസ് നടത്തുന്ന ഫാസ്റ്റ് പാസഞ്ചർ പെർമിറ്റ് ഇല്ലാത്ത ബസ്സുകൾ ഫാസ്റ്റ് പാസ്സെഞ്ചർ നിരക്ക് ഈടാക്കുന്നതും മുട്ടാർ - മഞ്ഞുമ്മൽ വഴി സർവ്വീസ് നടത്തേണ്ട ബസ്സുകൾ വരാപ്പുഴപ്പാലം വഴി നടത്തുന്നതും കണ്ടില്ലെന്ന് നടിക്കുന്നു. വരാപ്പുഴ പാലം ക്യാമറ ഉപയോഗിച്ച് നിരീക്ഷണ വിധേയമാക്കിയാൽ തന്നെ ഈനിയമലംഘകരെ കണ്ടെത്താവുന്നതേയുള്ളു. സ്വകാര്യ ബസ്സുകൾ മ്യൂസിക് സിസ്റ്റം നിരോധിച്ചിരിക്കുമ്പോൾ പല ബസ്സുകളും രണ്ട് എൽ സി ഡി ടീവി ഘടിപ്പിച്ച് സിനിമയും പ്രദർശിപ്പിച്ചാണ് സർവ്വീസ് നടത്തുന്നത്. എയർ ഹോൺ ഉപയോഗം (അതും നിയമം മൂലം നിരോധിക്കപ്പെട്ടതു തന്നെ) അതു പറയാതിരിക്കുന്നതാണ് ഭേദം.

സംഘടിതരായ വാഹന ഉടമകളുടെ സമ്മർദ്ദത്തിനു മുന്നിൽ വഴങ്ങുന്ന സമീപനം ആണ് പലപ്പോഴും മോട്ടോർവാഹനവകുപ്പ് സ്വീകരിക്കുന്നത്. അസംഘടിതരായ വാഹന ഉടമകളെ സൺഫിലിം ഒട്ടിച്ചതിന്റെ പേരിൽ പീഢിപ്പിക്കുമ്പോഴും കർട്ടൻ ഇട്ട് ഉള്ളിലെ കാഴ്ചകൾ മറയ്ക്കുന്ന തരത്തിൽ വാഹനം ഓടിക്കിന്നവരെ കണ്ടില്ലെന്ന് നടിക്കുന്നു. 

സംഘടിതരായ സ്വകാര്യബസ്സ് മുതലാളിമാരോടുള്ള മോട്ടോർവാഹനവകുപ്പിന്റെ സമീപനം മാറ്റിയേ തീരൂ.

25 June 2013

എന്തിന് ഈ അവഗണന

എറണാകുളം മഹാനഗരത്തോട് ചേർന്നുകിടക്കുന്ന ദ്വീപാണ് വൈപ്പിൻ. ദ്വീപ് നിവാസികളായ നിരവധി ആളുകൾ ജോലിക്കും അധ്യയനത്തിനും ആയി ആശ്രയിക്കുന്നത് എറണാകുളം മഹാനഗരത്തെ ആണ്. ഇരുന്നൂറിലധികം സ്വകാര്യ ബസ്സുകളും മുപ്പതിനടുത്ത് കെ എസ് ആർ ടിസി ബസ്സുകളും ഈ ദ്വീപിലൂടെ സർവ്വീസ് നടത്തുന്നു. സ്വകാര്യബസ്സുകൾ സർവ്വീസ് ആരംഭിക്കുന്നത് / അവസാനിപ്പിക്കുന്നത് പഴയ ഹൈക്കോടതി മന്ദിരത്തിന്റെ പരിസരത്തുനിന്നാണ്. ദ്വീപ് നിവാസികളെ രണ്ടാം തരം പൗരന്മാരായി കാണുന്ന കൊച്ചി നഗരസഭയുടേയും സംഘടിതരായ നഗരത്തിലെ ബസ്സ് ഉടമകളുടേയും മനോഭാവം ദ്വീപിൽ നിന്നുള്ള സ്വകാര്യബസ്സുകൾക്ക് നഗരത്തിലേയ്ക്ക് പ്രവേശനം നിഷേധിക്കുന്നതിനു കാരണമായിട്ടുണ്ട്. കെ എസ് ആർ ടി സി ബസ്സുകൾക്ക് മാത്രമാണ് നിലവിൽ കൊച്ചി നഗരത്തിലേയ്ക്കും നഗരപ്രാന്തപ്രദേശങ്ങളിലേയ്ക്കും സർവ്വീസ് നടത്തുന്നതിന് അനുമതിയുള്ളത്
 
വൈപ്പിൻ ദ്വീപ് നിവാസികളോട് കൊച്ചി നഗരസഭ പുലർത്തുന്ന മനോഭാവത്തിന്റെ ഉത്തമ ഉദാഹരണമാണ് മുകളിലെ ചിത്രത്തിൽ കാണുന്നത്. ഇരുന്നൂറിലധികം ബസ്സുകളിൽ ആയിരത്തിലധികം യാത്രക്കാർ നിത്യവും കയറുകയും ഇറങ്ങുകയും ചെയ്യുന്ന പഴയ ഹൈക്കോടതി പരിസരത്തെ 'ബസ് സ്റ്റാന്റ്' ആണ് ചിത്രത്തിൽ. ചെളി പിടിച്ച്, വെള്ളക്കെട്ടും മറ്റും കൊണ്ട് മലീമസമായ ഈ പ്രദേശത്തു നിന്നും വേണം ആയിരങ്ങൾ ബസ്സിൽ കയറുവാനും ഇറങ്ങുവാനും
 
ചിത്രത്തിൽ കാണുന്ന ചെരുപ്പുകൾ ആരും അവിടെ മറന്നുവെച്ചതല്ല. ബസ്സിൽ കയനുള്ള തിരക്കിൽ ഓടുമ്പോൾ കാൽ ചെളിയിൽ പുതഞ്ഞു പോകും. പലപ്പോഴും കാൽ വലിച്ചെടുക്കുമ്പോൾ ചെരുപ്പിന്റെ വള്ളിപൊട്ടിക്കാണും. പിന്നെ അത് അവിടെ ഉപേക്ഷിക്കാതെ തരമില്ല
 
ബസ്സ് ജീവനക്കാർക്ക് / യാത്രക്കാർക്ക് മൂത്രവിസർജ്ജനത്തിനുള്ള ഏക ആശ്രയവും സൈഡിലുള്ള ഈ കാനയാണ്. യാത്രക്കാർക്ക് അല്പം കൂടുതൽ നടന്നാൽ ഒരു കംഫർട്ട് സ്റ്റേഷൻ ഉണ്ട്. എന്നാൽ ജീവനക്കാർക്ക് അവിടെ വരെപോയി തിരികെ വരാനുള്ള സമയം പലപ്പോഴും ഉണ്ടാകില്ല

വൈകുന്നേരം തിരക്ക് ഒഴിവാക്കുന്നതിനായി ദ്വീപിൽ നിന്നുള്ള ബസ്സുകൾ ഹൈക്കോടതി ജങ്ഷൻ വരെ വരുന്നത് ട്രാഫിക് പോലീസ് തടഞ്ഞിട്ടുണ്ട്. അതിനാൽ നാലുമുതൽ ആറര മണിവരെ മുഴുവൻ യാത്രക്കാരും ഇവിടെ നിന്നുവേണം ബസ്സിൽ കയറുവാൻ. രാത്രികാലങ്ങളിൽ യാത്രകൂടുതൽ ദുഷ്കരമാണ്. ഈ ബസ്റ്റേഷനിൽ കൃത്യമായ പ്രകാശസംവിധാനങ്ങൾ ഇല്ല. അതിനാൽ തന്നെ പലപ്പോഴും കാൽ ചെളിയിൽ പുതഞ്ഞും വസ്ത്രങ്ങളിൽ ചെളിപുരണ്ടും ആണ് ആളുകൾ ബസ്സിൽ കയറിപ്പറ്റുന്നത്. ഈ സമയത്ത് ഇവിടെയുള്ള തിരക്ക് മുതലാക്കുന്ന സാമൂഹ്യവിരുദ്ധരും കുറവല്ല. വെളിച്ചം ഇല്ലാത്തതിനാൽ പോക്കറ്റടിയും മറ്റും പലപ്പോഴും നടക്കുന്നുണ്ട്. കേരളത്തിലെ നല്ല നിലവാരം ഉണ്ടായിരുന്ന സംസ്ഥാനപാതകളിൽ ഒന്നായിരുന്ന വൈപ്പിൻ – പള്ളിപ്പുറം പാത കുടിവെള്ളത്തിനായി പൈപ്പിട്ട് തോടാക്കിയിട്ട് മാസങ്ങൾ കഴിഞ്ഞു. സഞ്ചാരയോഗ്യമല്ലാത്ത പാതയിലൂടെ രാത്രികാലസർവ്വീസ് നടത്താൻ ഒരു വിഭാഗം ബസ്സുടമകൾ മടിക്കുന്നതിനാൽ രാത്രിയാത്ര പൊതുവിൽ ദുഷ്കരമാണ്. അതിനിടയിലെ ഈ വൈഷമ്യങ്ങൾ യാത്ര കൂടുതൽ ദുഷ്കരമാക്കുന്നു.

ഇത്രയൊക്കെ വായിക്കുമ്പോൾ ഈ പ്രദേശവുമായി അത്രപരിചയം ഇല്ലാത്തവർക്ക് തോന്നാം മഴക്കാലമല്ലെ എല്ലായിടവും ഇങ്ങനെതന്നെ ആവും, വസ്തുതകൾ ഊതിപ്പെരുപ്പിച്ച് പറയുന്നതാവും എന്ന്. അതുകൊണ്ട് ഈ സ്ഥലത്തിന്റെ 250മീറ്റർ ചുറ്റളവിൽ ഉള്ള ചില കാഴ്ചകൾ കൂടികാണാം
 
ഇത് നേരത്തെ പറഞ്ഞ 'ബസ് സ്റ്റേഷനിൽ' നിന്നും 50 മീറ്റർ അകലത്തിലെ ട്രാഫിക് സർക്കിൾ. മനോഹരമായി പെയിന്റടിച്ച്, ചെടികൾ നട്ടുവളർത്തി പരിപാലിച്ചിരിക്കുന്നു.
 
ഇത് ഒരു നൂറുമീറ്റർ അപ്പുറം പോലീസ് ക്ലബ്ബിന്റെ സൈഡിലൂടെ പഴയ കമ്മീഷണർ ഓഫീസും കഴിഞ്ഞ് ഹൈക്കോടതി ജങ്ഷൻ വരെ നീളുന്ന നടപ്പാത. ടൈലുകൾ പാകി മനോഹരമാക്കിയിട്ടുണ്ട്. ഇതിലെ നടക്കാമോ എന്ന് ചോദിച്ചാൽ മരങ്ങളുടെ പൊക്കക്കുറവ് നടക്കുന്നതിന് തടസ്സം സൃഷ്ടിക്കും എന്ന് ഉറപ്പ്.
 
ഇത് ഏതാനും ആഴ്ചകൾ മുൻപ് കേരളമുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ച മറൈൻ ഡ്രൈവ് വാക്ക് വേ. ബോട്ട് പാലവും ദീപാലങ്കാരങ്ങളും എല്ലാം ആയി കോടികൾ തന്നെ ചിലവൊഴിച്ചിട്ടുണ്ട് ഈ പദ്ധതിയ്ക്ക്. ഇതിന്റെ ചെറിയൊരു അംശം ചിലവാക്കിയിരുന്നെങ്കിൽ പഴയ ഹൈക്കോടതിയ്ക്ക് മുൻപിലെ 'ബസ് സ്റ്റേഷൻ' അത്യാവശ്യ സംവിധാനങ്ങൾ ഉള്ളതാക്കാമായിരുന്നു.

ബഹുമാനപ്പെട്ടെ കോർപ്പറേഷൻ മേയർ ഉൾപ്പടെയുള്ള അധികാരികളോട് പറയാൻ ഉള്ളത് ഈ അവഗണന അവസാനിപ്പിക്കണം എന്നാണ്. സ്ഥലം കോർപ്പറേഷന്റെ കൈവശം ആണ്. ദ്വീപിന്റെ വികസനപ്രവർത്തനനങ്ങൾക്ക് ജിഡ (Gosree Islands Development Authority) എന്നൊരു സ്ഥാപനം ഉണ്ട്. കായൽനികത്തി എടുത്ത സ്ഥലം വിറ്റ് കിട്ടിയതും അല്ലാതെയുള്ള വരുമാനങ്ങളും സർക്കാർ ഗ്രാന്റും എല്ലാമായി ഒരു സംഖ്യ ഈ സ്ഥപനത്തിന്റെ പേരിൽ ഉണ്ട്. സ്ഥലം എം എൽ എ, ജില്ലാ കളക്‌ടർ എന്നിവർ അംഗങ്ങളായ ഈ സമിതി ഗോശ്രീ ദ്വീപുമായി ബന്ധപ്പെട്ട വികസനങ്ങൾക്കുള്ള സർക്കാർ ഏജസിയാണ്. ഈ പ്രശ്നം പരിഹരികേണ്ട ബാദ്ധ്യത അവർക്കും ഉണ്ട്. ദ്വീപ് നിവാസികൾക്ക് വേണ്ടി പണം മുടക്കാൻ കോർപ്പറേഷൻ തയ്യാറല്ലെങ്കിൽ ഇത് ജിഡയെ ഏൽപ്പിക്കണം. ഞങ്ങളെ ഇനിയും ഇങ്ങനെ ബുദ്ധിമുട്ടിയ്ക്കാതെ ഈ പ്രശ്നങ്ങൾക്ക് അടിയന്തിരപ്രാധാന്യം നൽകി പരിഹരിക്കണമെന്ന് ആവശ്യപ്പെടുകയാണ്. ഇത് വായിക്കുന്ന വൈപ്പിൻകരക്കാരായ സുഹൃത്തുക്കളോട് ഒരു അഭ്യർത്ഥന. അധികാരകേന്ദ്രങ്ങളിൽ നിങ്ങൾക്കുള്ള സ്വാധീനം ഈ പ്രശ്നപരിഹാരത്തിനായി ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ടുവരണം എന്ന് അപേക്ഷിക്കുന്നു.

27 May 2013

ബോൾഗാട്ടി പദ്ധതി എംകെഗ്രൂപ്പിനെ പിന്മാറ്റം.

യൂസഫ് അലിയുടെ പിന്മാറ്റത്തിൽ സമ്മർദ്ദതന്ത്രം അല്ലെന്നാണ് ഞാൻ കരുതുന്നത്. മറീനപദ്ധതിയുടെ ഭാഗമായി ഒരു വില്ലേജ് നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് പോർട്ട് ട്രസ്റ്റ് കായൽ നികത്തി നിലവിൽ തർക്കവിഷയമായ ഈ സ്ഥലം ഉണ്ടാക്കുന്നത്. എന്നാൽ പലതരത്തിലുള്ള പ്രതിബന്ധങ്ങൾ ഈ നിർമ്മാണത്തിന് തടസ്സമായി. ഞാൻ മനസ്സിലാക്കുന്നത് ഇന്ത്യൻ നാവികസേനപോലും ഇത്തരത്തിൽ വിദേശയാട്ടുകളിൽ വരുന്നവർക്ക് ഒരു വില്ലേജ് ഒരുക്കുന്നതിൽ തടസ്സവാദം ഉന്നയിച്ചു എന്നാണ്. തുടർന്ന് ഈ പദ്ധതി ബോൾഗാട്ടിയുടെ കിഴക്കുഭാഗത്ത് പാലസിനു സമീപം ഒരു ചെറിയ താമസസൗകര്യം ഉള്ള ഹോട്ടൽ സംവിധാനത്തിലേയ്ക്ക് മാറി. അങ്ങനെ ഈ സ്ഥലം അധികമാവുകയും ചെയ്തു.

സാമ്പത്തികനില മോശമായ കൊച്ചിൻ പോർട്ട് ഈ അവസരത്തിലാണ് ഈ സ്ഥലം പാട്ടത്തിനു കൊടുത്ത വരുമാനം ഉണ്ടാക്കുന്നതിനെക്കുറിച്ച ആലോചിക്കുന്നത്. വല്ലാർപാടം കണ്ടെയ്നർ പദ്ധതിയുമായി ബന്ധപ്പെട്ട് കണ്ടെയ്നറുകൾ കസ്റ്റംസ് പരിശോധനകൾക്കും മറ്റും സാദ്ധ്യമാക്കുന്ന തരത്തിൽ ഒരു ഫ്രൈറ്റ് സ്റ്റേഷൻ പോലുള്ള പദ്ധതികൾക്ക് ഏറെ പ്രയോജനപ്പെടുന്ന ഒന്നായിരുന്നു ഈ ലൊക്കേഷൻ. എന്നാൽ അത്തരം പദ്ധതികൾ ആസൂത്രണം ചെയ്യുന്നവർ പോർട്ട് ഉദ്ദേശിച്ച ഉയർന്ന പാട്ടസംഖ്യ നൽകാൻ തയ്യാറായിക്കാണില്ല. ഈ ഘട്ടത്തിൽ ആണ് കൻവെൻഷൻ സെന്റർ എന്ന ആശയവുമായി എംകെഗ്രൂപ്പ വരുന്നത്. എംകെ ഗ്രൂപ്പ ആകട്ടെ കൊച്ചിൽ പോർട്ട് ഉദ്ദേശിച്ചതിലുംലധികം തുകയ്ക്കാണ് കോട്ട് ചെയ്തതും.

എംകെ ഗ്രൂപ്പ് മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി കരാർ തയ്യാറാക്കി. സ്ഥലം അവർക്ക് പാട്ടത്തിന് നൽകുകയും ചെയ്തു. ചില റിപ്പോർട്ടുകൾ ഇത് 30 വർഷത്തേയ്ക്കാണെന്നും മറ്റുചിലതിൽ ഇത് 99 വർഷത്തേയ്ക്കാണെന്നും പറയുന്നുണ്ട്. ഏതാണെന്ന് എനിക്കും വ്യക്തമായി അറിയില്ല. ഈ കരാറീൽ നിലവിലെ തീർദേശപരിപാലന ചട്ടങ്ങളിൽ ഇളവുകളും, ഈ സ്ഥലം പണയപ്പെടുത്തി ബാങ്കുകളിൽ നിന്നും വായ്പഎടുക്കുന്നതിനുള്ള അനുവാദവും ഉണ്ടായിരുന്നു എന്നത് ഇതിനെ വിവാദത്തിൽ ആക്കി. കൂടാതെ പോർട്ട് ട്രസ്റ്റിന്റെ ദർഘാസിൽ പങ്കെടുത്ത ഏകസ്ഥാപനവും എംകെഗ്രൂപ്പ ആയിരുന്നു. ഇത് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ഹർജിക്കാരന് മറ്റ് പ്രൊമോട്ടർമാരെ ഹാജരാക്കാൻ സാധിക്കുമെങ്കിൽ പുതിയ ദർഘാസ് വിളിക്കാൻ ഹൈക്കോടതി പറഞ്ഞത്. കരാറിലെ മറ്റ് വ്യവസ്ഥകൾ ഇതുവരെ ആരും ചോദ്യം ചെയ്തിട്ടുമില്ല.

പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കരാറിലെ വിവാദവിഭാഗങ്ങൾ ആരെങ്കിലും ഹൈക്കോടതിയിലോ മറ്റോ ചോദ്യം ചെയ്താൽ അതിൽ തീർപ്പാകുന്നത് ഒരുപക്ഷെ വർഷങ്ങൾ എടുത്തേയ്കാം. അങ്ങനെ ഒരു സാഹചര്യം ഉണ്ടായാൽ പദ്ധതിയുമായി മുന്നോട്ട് പോകാൻ എംകെ ഗ്രൂപ്പിന് സാധിക്കില്ല. തീരദേശപരിപാലനനിയമങ്ങളിൽ തന്റെ സ്വാധീനം ഉപയോഗിച്ച് സർക്കാരിൽ നിന്നും ഇളവ് നേടാൻ ശ്രീ യൂസഫ് അലിയ്ക്ക് സാധിച്ചാലും ആ നടപടി കോടതി അംഗീകരിക്കണമെന്നില്ല. ആന്ധ്രാപ്രദേശിൽ അഞൂറിൽ അധികം ഹാച്ചറികൾ പൂട്ടിച്ചതും, യമുനാ തീരത്തെ പല വ്യവസായങ്ങൾ പൂട്ടിച്ചതുമായ കോടതി വിധികൾ ഉദാഹരണം. ഒരു പക്ഷെ ഇതാവും ഇത്തരത്തിൽ ഒരു പിന്മാറ്റത്തിന് ശ്രീ യൂസഫ് അലിയെ പ്രേരിപ്പിച്ച ഘടകം.

26 May 2013

ബോൾഗാട്ടി പദ്ധതി, ലുലു ഗ്രൂപ്പിനു നന്ദി.

ഇന്ന് കേട്ട വാർത്തകളിൽ ഏറെ ആശ്വാസം തോന്നിയ ഒന്നാണ് കൊച്ചിയിലെ ബോള്‍ഗാട്ടി പാലസും സ്ഥലവും നടത്തിപ്പിന് ഏറ്റെടുത്ത വ്യവസായ പ്രമുഖന്‍ എം.എ. യൂസഫലിയുടെ ലുലുഗ്രൂപ്പ് പദ്ധതി നടത്തിപ്പില്‍ നിന്ന് പിന്മാറുന്നു എന്നത്. ഇങ്ങനെ ആശ്വാസം തോന്നാൻ കാരണം ഇതിന്റെ സാങ്കേതികവശങ്ങളോ, രാഷ്ട്രീയമോ, നിയമലംഘനമോ അല്ല. മറിച്ച് ഇത്തരം പദ്ധതികൾ നിലവിലെ സാഹചര്യത്തിൽ നടപ്പിലായാലുള്ള ദുരവസ്ഥ തന്നെ. എറണാകുളം ജില്ലയിൽ വൈപ്പിൻ ദ്വീപിലെ നിവാസിയാണ് ഞാൻ. നിലവിൽ ജോലിയ്ക്കും മറ്റുകാര്യങ്ങൾക്കും മഹാനഗരമായ എറണാകുളത്തെ ആശ്രയിക്കുന്ന പതിനായിരക്കണക്കിന് ദ്വീപ് നിവാസികളിൽ ഒരാൾ. ഗോശ്രീപാലങ്ങൾ ഉദ്ഘാടനം ചെയ്യപ്പെടുന്നതുവരെ പ്രധാനമായും ബോട്ട് വഴിയാണ് എറണാകുളത്ത് എത്തിക്കൊണ്ടിരുന്നത്. ഗോശ്രീപാലം (വൈപ്പിനിൽ നിന്നും എറണാകുളം എന്ന മഹാനഗരത്തിലേയ്ക്കുള്ള സഞ്ചാരപാത) എല്ലാവരുടേയും ഒരു സ്വപ്നമായിരുന്നു. വൈപ്പിനും എറണാകുളവും തമ്മിലുള്ള ദൂരം ഏതാനും കിലോമീറ്റർ മാത്രം. എന്നാൽ ബോട്ടിലൂടെ സഞ്ചരിക്കുമ്പോൾ ചിലപ്പോൾ ഒരു മണിക്കൂർ വരെ സമയ നഷ്ടം ഉണ്ടാകും. പിന്നെ കായലിലൂടെയുള്ള അപകടം നിറഞ്ഞ ബോട്ട് യാത്രയും.

അങ്ങനെ ഒത്തിരി വിഷമതകൾക്കിടയിലാണ് പാലം എന്ന സ്വപ്നം യാഥാർത്ഥ്യമായത്. അതോടെ എറണാകുളത്ത് എത്താനുള്ള സമയത്തിലും ഗണ്യമായ കുറവുണ്ടായി. പക്ഷെ സന്തോഷത്തിന്റെ നാളുകൾ അവസാനിച്ചത് പെട്ടന്നാണ്. വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ തുറന്നതോടെ, വല്ലാർപാടത്തു നിന്നും കണ്ടെയ്നർ റോഡ്‌വഴി വലിയ കണ്ടെയ്നർ ലോറികൾ വരാൻ തുടങ്ങിയതോടെ ഈ വഴിഗതാഗതക്കുരുക്കായി മാറി. അതിനിടയിൽ തീവണ്ടിയും വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽ എത്താൻ തുടങ്ങി. ഇങ്ങനെയുള്ള ഗതാഗതകുരുക്കിന് പരിഹാരം ആയിരുന്നു റെയിൽവേ മേല്പാലം. പക്ഷെ പണിതീർന്ന് അതിലൂടെ പരീക്ഷണാടിസ്ഥാനത്തിൽ വണ്ടികൾ കടത്തിവിട്ടപ്പോൾ തന്നെ പാലത്തേയും അപ്രോച്ച് റോഡിനേയും ബന്ധിപ്പിക്കുന്ന ഭാഗം തകരാറിലായി. അതോടെ പാലവും അടച്ചു. ഇപ്പോൾ ഒരു വർഷത്തോളം ആകുന്നു പിന്നീട് ഒരു നടപടിയും ഉണ്ടായില്ല.

ഇപ്പോഴത്തെ സ്ഥിതി തികച്ചും പരിതാപകരം ആണ്. കണ്ടെയ്നർ ലോറികൾ ഉണ്ടാക്കുന്ന ഗതാഗതക്കുരുക്കിലൂടെ ആദ്യത്തെ മൂന്നുകിലോമീറ്റർ താണ്ടാൻ 40 മിനിറ്റിലധികം വേണം എന്ന അവസ്ഥയിൽ എത്തി. മിക്കവാറും ദിവസങ്ങളിൽ ബസ്സുകൾ ട്രിപ്പ് മുടക്കുന്നത് പതിവായി. ഉള്ള ബസ്സുകളിൽ കയറിപ്പറ്റാൻ ആകാതെ വിഷമിക്കുന്ന യാത്രക്കാർ. അതിനിടെ കുറച്ച് കെ എസ് ആർ ടി സി ബസ്സുകൾക്കും ഈ റൂട്ടിൽ പെർമിറ്റ് കിട്ടി. അതോടെ പല സ്വകാര്യബസ്സുകളും പെർമിറ്റ് സറണ്ടർ ചെയ്തു. കെ എസ് ആർ ടി സി ആണെങ്കിൽ കാര്യക്ഷമമായി സർവ്വീസ് നടത്തുന്നുമില്ല. യാത്ര ആകെ ദുരിതമായ അവസ്ഥ. എല്ലാത്തിലും പുറമെ ഉണ്ടായിരുന്ന നല്ല റോഡ് (വൈപ്പിൻ -പള്ളിപ്പുറം സംസ്ഥാനപാത) വെട്ടിപ്പൊളിച്ച് റോഡ് തന്നെ ഇല്ലാത്ത അവസ്ഥ.  ഈ അവസ്ഥയിൽ ആണ് ബോൾഗാട്ടി പാലസിൽ വരാൻ പോകുന്ന ലുലു ഗ്രൂപ്പിന്റെ പുതിയ പ്രൊജക്റ്റിനെകുറിച്ചുള്ള വാർത്ത കേട്ടത്. അതും കൂടി വന്നാൽ തീർന്നു. ഇപ്പോഴത്തെ ഗതാഗതക്കുരുക്ക് പതിന്മടങ്ങ് വർദ്ധിക്കും. ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവെലിന്റെ ഭാഗമായി ഇവിടെ നടന്ന ഗ്ലോബൽ വില്ലേജ് ഉണ്ടാക്കിയ ഗതാഗതപ്രശ്നങ്ങൾ അനുഭവിച്ചതാണ്. അതിനാൽ ഈ സംരംഭം വരല്ലെ എന്നതായിരുന്നു പ്രാർത്ഥന. ഇപ്പോൾ ലുലുഗ്രൂപ്പ് പിന്മാറി എന്ന് കേൾക്കുമ്പോൾ സന്തോഷം തോന്നുന്നു. തൽകാലം ആശ്വാസം.

ഇത്തരം വലിയ സംരംഭങ്ങൾ വരുന്നതിൽ എതിർപ്പില്ല. പക്ഷെ സംരംഭകരെ ക്ഷണിക്കുന്ന സർക്കാരുകൾ അവർക്കുള്ള അടിസ്ഥാനസൗകര്യങ്ങളും ഒരുക്കണം. അതിൽ പ്രധാനമാണ് റോഡുകൾ. ഒരു സ്ഥാപനം വരുമ്പോൾ അവിടെ അത്ര ആളുകൾ എത്തും, അതിലൂടെ വാഹനങ്ങൾ എത്ര ഉണ്ടാകും, നിലവിലെ റോഡുകൾക്ക് ഇത് താങ്ങാൻ സാധിക്കുമോ? തുടങ്ങിയകാര്യങ്ങളിൽ പഠനം നടത്തേണ്ടതും അതിന് ആവശ്യമായ അടിസ്ഥാനസൗകര്യവികസനം സാദ്ധ്യമാക്കേണ്ടതുംസർക്കാരാണ്. ഇടപ്പള്ളിയിൽ ലുലുമാൾ വന്നപ്പോൾ സംഭവിച്ചതും അതാണ്. അവിടേയ്ക്ക് വരുന്ന വാഹനങ്ങളെ ഉൾക്കൊള്ളാൻ റോഡുകൾക്കായില്ല. ഇപ്പോൾ വാഹനകുരുക്കിൽ വീർപ്പുമുട്ടുന്നു. നിലവിൽ വരുത്തിയ ചില പരിഷ്കാരങ്ങൾ അല്പം ആശ്വാസം നൽകുന്നുണ്ട്. അതില്ലാതെ ചെയ്യുന്ന കെട്ടിടം പണിയിൽ മാത്രം ഒതുങ്ങുന്നതല്ല വികസനം. അങ്ങനെ അടിസ്ഥാനസൗകര്യങ്ങൾ നടപ്പിലാക്കാൻ സാധിക്കുന്ന സ്ഥലങ്ങളിൽ ഇത്തരം പദ്ധതികൾ വരുന്നതാവും നല്ലത്. അല്ലെങ്കിൽ അവ ഗുണത്തേക്കാൾ ദോഷം ചെയ്യും എന്ന് കരുതുന്നു.

3 May 2013

ദുരിതമാകുന്ന വികസനം

വികസനം എന്നാൽ ദുരിതങ്ങൾ കൂടുന്നതാണോ?

ഇങ്ങനെ ചിന്തിക്കാൻ കാരണമുണ്ട്. ഇന്ന് വൈകീട്ട് ജോലികഴിഞ്ഞ് ആറരമണിയോടെ ഹൈക്കോടതി ജങ്ഷനിൽ എത്തി. ബസ്സിൽ കയറാൻ പഴയ ഹൈക്കോടതി പരിസരത്ത് എത്തിയപ്പോൾ അവിടം ജനസമുദ്രം. കുറെ നേരമായി ബസ്സ് വന്നിട്ട്. കണ്ടെയ്നർ ടെർമിനൽ ഉണ്ടാക്കുന്ന ബ്ലോക്കാവും എന്ന് കരുതി കുറെ സമയം കാത്തുനിന്നു. ഒരു രക്ഷയും ഇല്ല. ബസ്സ് ഒന്നും വരുന്നില്ല. സ്ത്രീകളും കുട്ടികളും അടക്കം ജനക്കൂട്ടം പെരുകിക്കൊണ്ടേയിരുന്നു. ഒടുവിൽ ഒരു ബസ്സ് എത്തി. കാര്യം അപ്പോഴാണ് മനസ്സിലായത്. നായരമ്പലത്ത് ബസ്സിടിച്ച് ഒരാൾ മരിച്ചു. നാട്ടുകാർ ബസ്സ് ജീവനക്കാരെ ആക്രമിക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്യുന്നു. നായരമ്പലം കടന്ന് പോകേണ്ടവർ കാത്തുനിൽക്കുന്നതിൽ അർത്ഥം ഇല്ല. അതിനാൽ മറ്റ് മാർഗ്ഗം നോക്കുക തന്നെ. തീരികെ ഹൈക്കോടതി ജങ്ഷനിൽ നിന്നും കലൂരെത്തി അവിടെ നിന്നും ഇടപ്പള്ളി വഴി പറവൂർ ചെല്ലാം അവിടെ നിന്നും ഓട്ടോ പിടിച്ച് വീടെത്താം. ഒരു കൈയ്യിൽ ബാഗും മറുകൈയ്യിൽ കുറച്ചു പച്ചക്കറികളും. തിക്കിതിരക്കി പോകാൻ വയ്യ. അങ്ങനെ പോകുമ്പോൾ നാട്ടുകാരനും സതീർത്ഥ്യനും ആയ വിജീന്ദ്രശ്യാമിനെക്കണ്ടു. അദ്ദേഹത്തോടും കാര്യം പറഞ്ഞു. രണ്ടാളും കലൂർക്ക് ബസ്സിൽ യാത്രതുടർന്നു. കുറച്ചെത്തിയപ്പോൾ മനോജേട്ടന്റെ ഫോൺ. ഹൈക്കോടതി വഴി വരേണ്ട എന്ന് മുന്നറിയിപ്പ് നൽകാൻ വിളിച്ചതാണ്. ഞങ്ങൾ വൈപ്പിൻ കരക്കാർക്ക് ഇത് ഒരു ശീലമാണ്. അതിനാൽ ഇത്തരം പ്രതിസന്ധിഘട്ടങ്ങളിൽ പരസ്പരം വിളിച്ച് മുന്നറിയിപ്പുകൾ നൽകും. അപ്പോഴാണ് ശ്യാം ബെൻസിച്ചേട്ടനെ വിവരമറിയിക്കാൻ പറഞ്ഞത്. ഉടനെ ബൻസിച്ചേട്ടനേയും വിളിച്ചു. അദ്ദേഹവും വിവരം അറിയാതെ ആ വഴിയുള്ള യാത്രയിൽ ആയിരുന്നു. കൂടെ ജോലിചെയ്യുന്ന ആൻസിച്ചേട്ടനെ വിളിച്ച് വിവരം പറയാൻ ശ്രമിച്ചു നടന്നില്ല. അല്ലെങ്കിലും ഞാറയ്ക്കൽ വരെ പോകാൻ ആൻസിച്ചേട്ടന് പ്രശ്നം ഉണ്ടാകില്ല. ഒടുവിൽ കലൂരിൽ എത്തി. അവിടെ നിന്നും ഇടപ്പള്ളി വരാപ്പുഴ വഴി പറവൂരും പിന്നെ ഓട്ടോ പിടിച്ച് വീട്ടിലും. ആറരയ്ക്ക് ഹൈക്കോടതിയിൽ എത്തിയ ഞാൻ വീട്ടിൽ എത്തിയത് ഒൻപത് മണിയ്ക്ക്. ഒരപകടം ഉണ്ടായാൽ ഉടനെ വഴിതടയുന്നവർക്ക് ഈ ദുരിതങ്ങൾ ഒന്നും അറിയേണ്ടല്ലൊ. ഇവിടെ റോഡപകടങ്ങൾ ആവർത്തിക്കപ്പെടുന്നു. അധികാരികൾക്ക് ഇതൊന്നും കണ്ടഭാവം ഇല്ല. പൊതുജനം നിയമം കൈയ്യിലെടുക്കാതെ എന്തു ചെയ്യും എന്ന് ചോദിക്കുന്നവരും ഉണ്ട്. നാളെ ബസ്സ് സർവ്വീസ് ഉണ്ടാകുന്ന കാര്യം സംശയമാണ്. നേരം വെളുത്താൽ അറിയാം.

അധികം വികസനം ഇല്ലാതിരുന്ന കാലഘട്ടത്തിൽ ഇത്രയും പ്രശ്നങ്ങൾ ഇല്ലായിരുന്നു. ഇരുപത്തിയാറ് കിലോമീറ്റർ നീളത്തിൽ ഒരറ്റത്തുനിന്നും മറ്റേ അറ്റം വരെ ഒരു റോഡ്. ഇടയ്ക്ക് ചെറായിയിൽ നിന്നും പറവൂരിലേയ്ക്ക് തിരിയുന്ന ഒരു ശാഖ. അതായിരുന്നു പണ്ട് വൈപ്പിൻ. ഇന്ന് മാല്യങ്കരയിലും, എറണാകുളത്തും പാലങ്ങൾ ആയി. ഈ ദ്വീപിലൂടെയുള്ള വാഹനഗതാഗതം വർദ്ധിച്ചു. പക്ഷെ റോഡിന് ഇപ്പോഴുംകാര്യമായ മാറ്റം ഇല്ല. പഴയതിലും അല്പം വീതികൂടി എന്ന് മാത്രം. ഇടയ്ക്ക് കുപ്പിക്കഴുത്തുപോലെ ഉണ്ടായിരുന്ന പത്തോളം പാലങ്ങൾ പലതും ഇപ്പോൾ വീതികൂട്ടി പുനർനിർമ്മിക്കപ്പെട്ടിരിക്കുന്നു. പക്ഷെ റോഡുകൾ പഴയപോലെ. സ്ഥലം ഏറ്റെടുത്ത് റോഡിന്റെ വീതികൂട്ടാൻ സാധിക്കും എന്ന് തോന്നുന്നില്ല. അതിനാൽ തന്നെ ഇത്തരം അപകടങ്ങളും വഴിതടയലും ഇനിയും തുടരും. അതുപോലെ ശാഖാറോഡുകളും വർദ്ധിച്ചു.

പല പുതിയ പദ്ധതികളും വന്നു. എൽ എൻ ജി, വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ അങ്ങനെ ശതകോടികളുടെ പദ്ധതികൾ. പക്ഷെ വൈപ്പിൻ കരക്കാരുടെ ദശാബ്ദങ്ങൾ പഴക്കമുള്ള കുടിവെള്ളപ്രശ്നം ഇന്നും പരിഹരിക്കപ്പെടാതെ കിടക്കുന്നു. അതുപോലെ കോടികൾ ചിലവാക്കിയ പദ്ധതികളുടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും എങ്ങും എത്തിയില്ല. വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽ വരുന്ന കണ്ടെയ്നറുകൾ കൊണ്ടുപോകുന്നതിന് ആവശ്യമായ റോഡുകൾ ഇല്ല. കബോട്ടാഷ് നിയമത്തിൽ ഇളവ് കിട്ടിയിട്ടും ഈ തുറമുഖം പൂർണ്ണമായും പ്രവർത്തനസജ്ജമാകുന്നതിലെ ഒരു വിലങ്ങുതടി ഗതാഗതസൗകര്യങ്ങളുടെ അപര്യാപ്തത തന്നെ. അതിനിടയിൽ അവിടത്തെ തൊഴിൽ പ്രശ്നങ്ങളും. എൽ എൻ നി ടെർമിനലിൽ പണി പൂർത്തിയായെങ്കിലും വാതകപൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലികൾ എങ്ങും എത്തിയിട്ടില്ല. പല വൈദ്യുതപദ്ധതികൾക്കും എൽ എൻ ജി പ്രയോജനം ചെയ്യും. പക്ഷെ പാതാളത്തെ ബി എസ് ഇ എസ് വരെപ്പോലും പൈപ്പ് ലൈൻ സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.

അതിനിടയിൽ ഞെരുങ്ങുന്നത് വൈപ്പിൻകരക്കാരും. വൈപ്പിൻ വഴിയുള്ള വാഹനങ്ങളുടെ എണ്ണം പഴയതിലും വളരെ കൂടുതൽ ആണ്. ഗോശ്രീപാലങ്ങൾ വന്നതോടെ എറണാകുളം നഗരവുമായി റോഡ് മാർഗ്ഗം ബന്ധിപ്പിക്കപ്പെട്ടു. അതുവരെ വൈപ്പിനിൽ സർവ്വീസ് നടത്താതിരുന്ന കെ എസ് ആർ ടി സിയും ഈ മേഖലയിൽ കടന്നുവന്നു. അങ്ങനെ സ്വകാര്യബസ്സുകളും സർക്കാർ വണ്ടികളും തമ്മിലുള്ള മത്സര ഓട്ടം ആരംഭിച്ചു. ആദ്യമേ സ്വകാര്യബസ്സുകൾ തമ്മിൽ ഉണ്ടായിരുന്ന മത്സരത്തിനു പുറമേ ആണിത്. വൈപ്പിൻ ബസ് സ്റ്റാൻഡിൽ സർവ്വീസ് അവസാനിപ്പിച്ചിരുന്ന ബസ്സുകൾ ഹൈക്കോടതി ജ്ങ്ഷൻ വരെ നീട്ടി. എന്നാൽ വല്ലാർപാടം കണ്ടെയ്നർടെർമിനൽ വന്നതോടെ ഈ റൂട്ടിൽ ഗതാഗതക്കുരുക്ക് ആരംഭിച്ചു. പലപ്പോഴും അരമണിക്കൂറിഇലധികം വാഹനങ്ങൾ ബ്ലോക്കിൽ പെട്ട് കിടക്കാൻ തുടങ്ങി. ബസ്സുകളുടെ സമയക്രമം താളം തെറ്റി. അതിനിടയിലണ് പുതിയ കുടിവെള്ളപൈപ്പ് ലൈനുകൾ സ്ഥാപിക്കാൻ റോഡ് വെട്ടിപ്പൊളിച്ചത്. ഇത് വൈപ്പിനിൽ നിന്നും ഞാറയ്ക്കൽ വരെയുള്ള ഗതാഗതം കൂടുതൽ ദുഷ്കരമാക്കി.നിന്ന് വൈപ്പിനിലെ റോഡ് മരണക്കെണി ആണ്. മത്സരിച്ച് ഓടുന്ന ബസ്സുകൾ. അതിനിടയിൽ കാൽനടയാത്രക്കാർക്കു, ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവർക്കും ജീവൻ കൈയ്യിൽ പിടിച്ച് വാഹനം ഓടിക്കേണ്ട ഗതികേട്. നിത്യവും ഉണ്ടാകുന്ന അപകടങ്ങൾ. അവയിൽ ചിലത് ആളുകളുടെ മരണത്തിനും കാരണമാകുന്നു. പലപ്പോഴും അധികാരികൾ ഉണർന്ന് പ്രവർത്തിക്കുന്നില്ല. ഇതെല്ലാം നാട്ടുകാരുടെ അമർഷം വർദ്ധിപ്പിക്കുന്നു. ഇതിനെല്ലാമുപരിയാണ് കുടിവെള്ളപ്രശ്നം. ദശാബ്ദങ്ങൾ പഴക്കമുള്ള ഈ വിഷയം ഇപ്പോഴും പരിഹരിക്കപ്പെടാതെ നിൽക്കുന്നു.

വികസനം എന്നത് അടിസ്ഥാനസൗകര്യങ്ങൾ കൂടി വികസിപ്പിച്ചുകൊണ്ടാകണം. അല്ലാതെയുള്ള വികസനങ്ങൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. വൈപ്പിൻ അതിന് ഒരു ഉദാഹരണം മാത്രം.

4 April 2013

ഗാർഹികപീഢനനിരോധനനിയമം ചില ചിന്തകൾ

കഴിഞ്ഞ ഏതാനും ദിവസങ്ങൾ ആയി മാദ്ധ്യമങ്ങളും കേരളവും ചർച്ചചെയ്യുന്ന വിഷയമാണല്ലൊ ഗാർഹീകപീഢനവും അത് സംബന്ധിച്ച പരാതി / അറിവ് കിട്ടിയാൽ ഒരു വ്യക്തി എടുക്കേണ്ട നടപടികളും. ഈ ചർച്ചകളും ലേഖനങ്ങളും എല്ലാം കേട്ടതിൽ നിന്നും / വായിച്ചതിൽ നിന്നും  മനസ്സിലാകുന്നത് ഒന്നു ചുരുക്കി എഴുതാൻ ശ്രമിക്കുന്നു.

ഗാർഹികപീഢനം നടന്നു എന്ന വിവരം അറിയുന്ന ഏതൊരാളും അക്കാര്യം ബന്ധപ്പെട്ട പ്രോട്ടക്ഷൻ ഓഫീസറെ അറിയിക്കാൻ നിയമപ്രകാരം ബാദ്ധ്യസ്തനാണ്.

ഗാർഹികപീഢനം സംബന്ധിക്കുന്ന അറിയിപ്പ് കിട്ടിയാൽ ബന്ധപ്പെട്ട പ്രൊട്ടക്ഷൻ ആഫീസർ വിവിരം മജിസ്റ്റ്രേറ്റ് കോടതിയെ അറിയിച്ച് പീഢനത്തിന് ഇരയായ സ്ത്രീയ്ക്ക് ആവശ്യമായ സംരക്ഷണം നൽകുന്നതിന് ഏർപ്പാട് ചെയ്യണം.

താൻ ഗാർഹീകപീഢനത്തിന് ഇരയായി എന്ന് നമ്മളുടെ ബന്ധുക്കളോ, സുഹൃത്തുക്കളോ ആയ സ്ത്രീകൾ നമ്മളെ അറിയിച്ചാൽ ആ വിവരം നമ്മൾ ഉടനെ പ്രൊട്ടക്ഷൻ ഓഫീസറെ അറിയിക്കണം.

ഗാർഹീകപീഢനം നടത്തിയ വ്യക്തിയുമായി ഇരയായ വ്യക്തി എന്തെങ്കിലും ഒത്തു തീർപ്പിന് ശ്രമിച്ചാൽ അത് കോടതി / പോലീസ് മുഖാന്തരം മാത്രമേ പാടുള്ളു എന്ന് ആ വ്യക്തിയെ മനസ്സിലാക്കിക്കണം.

ഇത്തരം കേസുകളിൽ യാതൊരുവിധ ഒത്തുതീർപ്പിനും നമ്മൾ മുൻകൈ എടുക്കുകയോ കോടതി / പോലീസ് എന്നിവയ്ക്ക് പുറത്തുള്ള ഒത്തുതീർപ്പുകൾക്ക് സാക്ഷി ആവുകയോ ചെയ്യരുത്.

കഴിവതും പീഢനം നടത്തിയ വ്യക്തിയ്ക്ക് നിയമപരമായ ശിക്ഷ വാങ്ങിക്കൊടുക്കുന്നതിന് നമ്മളാൽ ആവുന്ന എല്ലാ സഹായവും ഇരയായ വ്യക്തിയ്ക്ക് നമ്മൾ ചെയ്തു കൊടുക്കണം.

(ഏറ്റവും ചുരുക്കിപ്പറഞ്ഞാൽ ഗാർഹീകപീഢനം സംബന്ധിക്കുന്ന വിഷയത്തിൽ പ്രതിയും ഇരയും (അവർ സഹോദരനും സഹോദരിയും ആയാലും, അച്ഛനും മകളും ആയാലും, ഭാര്യയും ഭർത്താവും ആയാലും അമ്മായിഅമ്മയും മരുമകളും ആയാലും, അമ്മായആച്ഛനും മരുമകളും ആയാലും, എന്നുവേണ്ട ആരുതന്നെ ആയാലും) തമ്മിൽ കോടതി / പോലീസ് എന്നിവയിലൂടെ അല്ലാതെയുള്ള ഒരു ഒത്തുതീർപ്പിനും ശ്രമിക്കാതെ രണ്ടും എന്നെന്നേയ്ക്കും രണ്ടുവഴിയ്ക്ക് ആക്കാനുള്ള എല്ലാ ശ്രമവും നമ്മുടെ ഭാഗത്തുനിന്നും സ്വീകരിക്കണം എന്നർത്ഥം.)

11 March 2013

വാഹനപരിശോധനയും പോലീസും

ഹെൽമെറ്റ് ധരിക്കാതെ വാഹനം ഓടിക്കുന്നവരെ പിടിക്കാൻ കഴിഞ്ഞ  ദിവസം പന്നിയങ്കരയിൽ പോലീസ് നടത്തിയ പരിശോധനയ്ക്കിടെ രണ്ടുപേർ മരിക്കാനിടയായതും തുടർന്ന് ഉണ്ടായ അനിഷ്ടസംഭവങ്ങളെക്കുറിച്ചുള്ള വാർത്തകളും ആണ് ഈ ഒരു കുറിപ്പെഴുതാൻ പ്രേരിപ്പിച്ചത്.
എന്റെ അഭിപ്രായത്തിൽ പോലീസിനെതിരായ ഇത്തരം പ്രതിഷേധങ്ങൾ നല്ലതാണ്. അസംഘടിതരായ സാധാരണവാഹനഉടമകൾക്കും ഓടിക്കുന്നവർക്കും നേരെ മാത്രം ഉണരുന്ന പോലീസിന്റെ നിയമബോധത്തെ ചോദ്യം ചെയ്യാൻ ആരെങ്കിലും ഉള്ളത് നല്ലകാര്യം.   വാഹനഗതാഗതരംഗത്ത് ആകെയുള്ള നിയമലംഘനങ്ങൾ ഹെൽമറ്റില്ലാതെ ബൈക്ക് ഓടിക്കുന്നതും, സൺഫിലിം നീക്കംചെയ്യാതെ കാറുകൾ ഓടിക്കുന്നതും മാത്രമല്ല. വേറെയും ധാരാളം നിയമങ്ങൾ ഉണ്ട്. പക്ഷെ നേരത്തെ പറഞ്ഞ രണ്ടിലും ശിക്ഷകിട്ടുക അസംഘടതരായ വിഭാഗത്തിനാണ്. അതുകൊണ്ട് ഈ അന്വേഷണത്തിൽ മാത്രം പോലീസ് കൂടുതൽ ശ്രദ്ധപതിപ്പിക്കുന്നു. ഉദാഹരണം പറഞ്ഞാൽ കേരളത്തിൽ സർവ്വീസ് നടത്തുന്ന എല്ലാ ഹെവി വെഹിക്കിൾസിനും പരമാവധി വേഗത 60കിലോമീറ്ററിൽ പരിമിതപ്പെടുത്തിയിരിക്കുന്നു. ഇതിന് സ്പീഡ് ലിമിറ്റ് ചെയ്യുന്ന ഉപകരണം ഘടിപ്പിക്കണം എന്നത് സുപ്രീംകോടതി വരെ അംഗീകരിച്ച നിയമം ആണ്. വർഷങ്ങൾക്ക് മുൻപ് ഇത് കൃത്യമായി പരിശോധിച്ചിരുന്നു. എന്നാൽ ഇന്ന് ഈ രംഗത്ത് കാര്യമായ പരിശോധന ഇല്ല. കാരണം ടിപ്പർ / ലോറി /സ്വകാര്യബസ്സുകൾ എന്നിവർ സംഘടിതശക്തിയാണ്. ആ ശക്തിയുടെ സമ്മർദ്ദത്തിനു മുന്നിൽ സർക്കാർ മുട്ടുമടക്കി. അതിനാൽ ഈ പരിശോധനകൾ ഇപ്പോൾ കർക്കശമല്ല. സത്യത്തിൽ ഈ തീരുമാനം കോടതികൾ എടുത്തത് പൊതുജനത്തിന്റെ സുരക്ഷയെക്കരുതിയാണ്. അതുപോലെ വാഹനങ്ങളിലെ എയർ ഹോൺ. ഹൈക്കോടതി ഉത്തരവനുസരിച്ച് 10000/- രൂപയാണ് ഈടാക്കാവുന്ന പിഴ. പിന്നെ എയർ ഹോൺ കണ്ടുകെട്ടുകയും ചെയ്യും. എന്നാൽ ഈ നിയമം പാലിക്ക്പ്പെടുന്നുണ്ടോ? വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഹൈബീം  ഹെഡ് ലൈറ്റുകൾ. പല വലിയ വാഹനങ്ങളിലും എതിരെ വരുന്ന വാഹനത്തിന്റെ ഡ്രൈവറൂടെ കണ്ണിൽ തുളച്ചു കയറുന്ന വിധത്തിൽ (റോഡിൽ പതിക്കുന്നരീതിയിൽ അല്ല മറിച്ച് മുകളിലേയ്ക്ക്) ആണ് ഇത് ഘടിപ്പിച്ചിരിക്കുന്നത്. നിയമം അനുശാസിക്കുന്നതിലും അധികം ശക്തിയുള്ള ലൈറ്റുകൾ ഉപയോഗിക്കുന്നു. ഇതിനെല്ലാം എതിരെ പോലീസ് എന്തു ചെയ്യുന്നു? ഇതെല്ലാം തെളിയിക്കുന്നത് ഇരുചക്രവാഹനം ഓടിക്കുന്ന സാധാരണക്കാരെ നിയമത്തിന്റെ പേരിൽ പിഴിയുന്ന പോലീസ് നടപടി ഒട്ടും ആത്മാർത്ഥതയില്ലാത്തതാണ് എന്നാണ്. ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ അതിന്റെ ദുരിതം ധരിക്കാത്തവനും അവന്റെ കുടുംബത്തിനും മാത്രം. പക്ഷെ ഞാൻ മുകളിൽ വിവരിച്ച നിയമലംഘനങ്ങളുടെ ദുരന്തം അനുഭവിക്കേണ്ടത് മറ്റുള്ളവർ ആണ്. പന്നിയങ്കരയിൽ ഉണ്ടായതുപോലുള്ള സംഭവങ്ങൾ നിയമപാലനം പൊതുജനത്തിന്റെ സുരക്ഷിയ്ക്ക് വേണ്ടിയാക്കാൻ പോലീസിനെ ചിന്തിപ്പിക്കും എന്ന് കരുതുന്നു.
(ചിത്രത്തിന് കടപ്പാട് - മാതൃഭൂമി)
അവലംബം: http://www.mathrubhumi.com/online/malayalam/news/story/2165734/2013-03-11/kerala