3 May 2013

ദുരിതമാകുന്ന വികസനം

വികസനം എന്നാൽ ദുരിതങ്ങൾ കൂടുന്നതാണോ?

ഇങ്ങനെ ചിന്തിക്കാൻ കാരണമുണ്ട്. ഇന്ന് വൈകീട്ട് ജോലികഴിഞ്ഞ് ആറരമണിയോടെ ഹൈക്കോടതി ജങ്ഷനിൽ എത്തി. ബസ്സിൽ കയറാൻ പഴയ ഹൈക്കോടതി പരിസരത്ത് എത്തിയപ്പോൾ അവിടം ജനസമുദ്രം. കുറെ നേരമായി ബസ്സ് വന്നിട്ട്. കണ്ടെയ്നർ ടെർമിനൽ ഉണ്ടാക്കുന്ന ബ്ലോക്കാവും എന്ന് കരുതി കുറെ സമയം കാത്തുനിന്നു. ഒരു രക്ഷയും ഇല്ല. ബസ്സ് ഒന്നും വരുന്നില്ല. സ്ത്രീകളും കുട്ടികളും അടക്കം ജനക്കൂട്ടം പെരുകിക്കൊണ്ടേയിരുന്നു. ഒടുവിൽ ഒരു ബസ്സ് എത്തി. കാര്യം അപ്പോഴാണ് മനസ്സിലായത്. നായരമ്പലത്ത് ബസ്സിടിച്ച് ഒരാൾ മരിച്ചു. നാട്ടുകാർ ബസ്സ് ജീവനക്കാരെ ആക്രമിക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്യുന്നു. നായരമ്പലം കടന്ന് പോകേണ്ടവർ കാത്തുനിൽക്കുന്നതിൽ അർത്ഥം ഇല്ല. അതിനാൽ മറ്റ് മാർഗ്ഗം നോക്കുക തന്നെ. തീരികെ ഹൈക്കോടതി ജങ്ഷനിൽ നിന്നും കലൂരെത്തി അവിടെ നിന്നും ഇടപ്പള്ളി വഴി പറവൂർ ചെല്ലാം അവിടെ നിന്നും ഓട്ടോ പിടിച്ച് വീടെത്താം. ഒരു കൈയ്യിൽ ബാഗും മറുകൈയ്യിൽ കുറച്ചു പച്ചക്കറികളും. തിക്കിതിരക്കി പോകാൻ വയ്യ. അങ്ങനെ പോകുമ്പോൾ നാട്ടുകാരനും സതീർത്ഥ്യനും ആയ വിജീന്ദ്രശ്യാമിനെക്കണ്ടു. അദ്ദേഹത്തോടും കാര്യം പറഞ്ഞു. രണ്ടാളും കലൂർക്ക് ബസ്സിൽ യാത്രതുടർന്നു. കുറച്ചെത്തിയപ്പോൾ മനോജേട്ടന്റെ ഫോൺ. ഹൈക്കോടതി വഴി വരേണ്ട എന്ന് മുന്നറിയിപ്പ് നൽകാൻ വിളിച്ചതാണ്. ഞങ്ങൾ വൈപ്പിൻ കരക്കാർക്ക് ഇത് ഒരു ശീലമാണ്. അതിനാൽ ഇത്തരം പ്രതിസന്ധിഘട്ടങ്ങളിൽ പരസ്പരം വിളിച്ച് മുന്നറിയിപ്പുകൾ നൽകും. അപ്പോഴാണ് ശ്യാം ബെൻസിച്ചേട്ടനെ വിവരമറിയിക്കാൻ പറഞ്ഞത്. ഉടനെ ബൻസിച്ചേട്ടനേയും വിളിച്ചു. അദ്ദേഹവും വിവരം അറിയാതെ ആ വഴിയുള്ള യാത്രയിൽ ആയിരുന്നു. കൂടെ ജോലിചെയ്യുന്ന ആൻസിച്ചേട്ടനെ വിളിച്ച് വിവരം പറയാൻ ശ്രമിച്ചു നടന്നില്ല. അല്ലെങ്കിലും ഞാറയ്ക്കൽ വരെ പോകാൻ ആൻസിച്ചേട്ടന് പ്രശ്നം ഉണ്ടാകില്ല. ഒടുവിൽ കലൂരിൽ എത്തി. അവിടെ നിന്നും ഇടപ്പള്ളി വരാപ്പുഴ വഴി പറവൂരും പിന്നെ ഓട്ടോ പിടിച്ച് വീട്ടിലും. ആറരയ്ക്ക് ഹൈക്കോടതിയിൽ എത്തിയ ഞാൻ വീട്ടിൽ എത്തിയത് ഒൻപത് മണിയ്ക്ക്. ഒരപകടം ഉണ്ടായാൽ ഉടനെ വഴിതടയുന്നവർക്ക് ഈ ദുരിതങ്ങൾ ഒന്നും അറിയേണ്ടല്ലൊ. ഇവിടെ റോഡപകടങ്ങൾ ആവർത്തിക്കപ്പെടുന്നു. അധികാരികൾക്ക് ഇതൊന്നും കണ്ടഭാവം ഇല്ല. പൊതുജനം നിയമം കൈയ്യിലെടുക്കാതെ എന്തു ചെയ്യും എന്ന് ചോദിക്കുന്നവരും ഉണ്ട്. നാളെ ബസ്സ് സർവ്വീസ് ഉണ്ടാകുന്ന കാര്യം സംശയമാണ്. നേരം വെളുത്താൽ അറിയാം.

അധികം വികസനം ഇല്ലാതിരുന്ന കാലഘട്ടത്തിൽ ഇത്രയും പ്രശ്നങ്ങൾ ഇല്ലായിരുന്നു. ഇരുപത്തിയാറ് കിലോമീറ്റർ നീളത്തിൽ ഒരറ്റത്തുനിന്നും മറ്റേ അറ്റം വരെ ഒരു റോഡ്. ഇടയ്ക്ക് ചെറായിയിൽ നിന്നും പറവൂരിലേയ്ക്ക് തിരിയുന്ന ഒരു ശാഖ. അതായിരുന്നു പണ്ട് വൈപ്പിൻ. ഇന്ന് മാല്യങ്കരയിലും, എറണാകുളത്തും പാലങ്ങൾ ആയി. ഈ ദ്വീപിലൂടെയുള്ള വാഹനഗതാഗതം വർദ്ധിച്ചു. പക്ഷെ റോഡിന് ഇപ്പോഴുംകാര്യമായ മാറ്റം ഇല്ല. പഴയതിലും അല്പം വീതികൂടി എന്ന് മാത്രം. ഇടയ്ക്ക് കുപ്പിക്കഴുത്തുപോലെ ഉണ്ടായിരുന്ന പത്തോളം പാലങ്ങൾ പലതും ഇപ്പോൾ വീതികൂട്ടി പുനർനിർമ്മിക്കപ്പെട്ടിരിക്കുന്നു. പക്ഷെ റോഡുകൾ പഴയപോലെ. സ്ഥലം ഏറ്റെടുത്ത് റോഡിന്റെ വീതികൂട്ടാൻ സാധിക്കും എന്ന് തോന്നുന്നില്ല. അതിനാൽ തന്നെ ഇത്തരം അപകടങ്ങളും വഴിതടയലും ഇനിയും തുടരും. അതുപോലെ ശാഖാറോഡുകളും വർദ്ധിച്ചു.

പല പുതിയ പദ്ധതികളും വന്നു. എൽ എൻ ജി, വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ അങ്ങനെ ശതകോടികളുടെ പദ്ധതികൾ. പക്ഷെ വൈപ്പിൻ കരക്കാരുടെ ദശാബ്ദങ്ങൾ പഴക്കമുള്ള കുടിവെള്ളപ്രശ്നം ഇന്നും പരിഹരിക്കപ്പെടാതെ കിടക്കുന്നു. അതുപോലെ കോടികൾ ചിലവാക്കിയ പദ്ധതികളുടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും എങ്ങും എത്തിയില്ല. വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽ വരുന്ന കണ്ടെയ്നറുകൾ കൊണ്ടുപോകുന്നതിന് ആവശ്യമായ റോഡുകൾ ഇല്ല. കബോട്ടാഷ് നിയമത്തിൽ ഇളവ് കിട്ടിയിട്ടും ഈ തുറമുഖം പൂർണ്ണമായും പ്രവർത്തനസജ്ജമാകുന്നതിലെ ഒരു വിലങ്ങുതടി ഗതാഗതസൗകര്യങ്ങളുടെ അപര്യാപ്തത തന്നെ. അതിനിടയിൽ അവിടത്തെ തൊഴിൽ പ്രശ്നങ്ങളും. എൽ എൻ നി ടെർമിനലിൽ പണി പൂർത്തിയായെങ്കിലും വാതകപൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലികൾ എങ്ങും എത്തിയിട്ടില്ല. പല വൈദ്യുതപദ്ധതികൾക്കും എൽ എൻ ജി പ്രയോജനം ചെയ്യും. പക്ഷെ പാതാളത്തെ ബി എസ് ഇ എസ് വരെപ്പോലും പൈപ്പ് ലൈൻ സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.

അതിനിടയിൽ ഞെരുങ്ങുന്നത് വൈപ്പിൻകരക്കാരും. വൈപ്പിൻ വഴിയുള്ള വാഹനങ്ങളുടെ എണ്ണം പഴയതിലും വളരെ കൂടുതൽ ആണ്. ഗോശ്രീപാലങ്ങൾ വന്നതോടെ എറണാകുളം നഗരവുമായി റോഡ് മാർഗ്ഗം ബന്ധിപ്പിക്കപ്പെട്ടു. അതുവരെ വൈപ്പിനിൽ സർവ്വീസ് നടത്താതിരുന്ന കെ എസ് ആർ ടി സിയും ഈ മേഖലയിൽ കടന്നുവന്നു. അങ്ങനെ സ്വകാര്യബസ്സുകളും സർക്കാർ വണ്ടികളും തമ്മിലുള്ള മത്സര ഓട്ടം ആരംഭിച്ചു. ആദ്യമേ സ്വകാര്യബസ്സുകൾ തമ്മിൽ ഉണ്ടായിരുന്ന മത്സരത്തിനു പുറമേ ആണിത്. വൈപ്പിൻ ബസ് സ്റ്റാൻഡിൽ സർവ്വീസ് അവസാനിപ്പിച്ചിരുന്ന ബസ്സുകൾ ഹൈക്കോടതി ജ്ങ്ഷൻ വരെ നീട്ടി. എന്നാൽ വല്ലാർപാടം കണ്ടെയ്നർടെർമിനൽ വന്നതോടെ ഈ റൂട്ടിൽ ഗതാഗതക്കുരുക്ക് ആരംഭിച്ചു. പലപ്പോഴും അരമണിക്കൂറിഇലധികം വാഹനങ്ങൾ ബ്ലോക്കിൽ പെട്ട് കിടക്കാൻ തുടങ്ങി. ബസ്സുകളുടെ സമയക്രമം താളം തെറ്റി. അതിനിടയിലണ് പുതിയ കുടിവെള്ളപൈപ്പ് ലൈനുകൾ സ്ഥാപിക്കാൻ റോഡ് വെട്ടിപ്പൊളിച്ചത്. ഇത് വൈപ്പിനിൽ നിന്നും ഞാറയ്ക്കൽ വരെയുള്ള ഗതാഗതം കൂടുതൽ ദുഷ്കരമാക്കി.നിന്ന് വൈപ്പിനിലെ റോഡ് മരണക്കെണി ആണ്. മത്സരിച്ച് ഓടുന്ന ബസ്സുകൾ. അതിനിടയിൽ കാൽനടയാത്രക്കാർക്കു, ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവർക്കും ജീവൻ കൈയ്യിൽ പിടിച്ച് വാഹനം ഓടിക്കേണ്ട ഗതികേട്. നിത്യവും ഉണ്ടാകുന്ന അപകടങ്ങൾ. അവയിൽ ചിലത് ആളുകളുടെ മരണത്തിനും കാരണമാകുന്നു. പലപ്പോഴും അധികാരികൾ ഉണർന്ന് പ്രവർത്തിക്കുന്നില്ല. ഇതെല്ലാം നാട്ടുകാരുടെ അമർഷം വർദ്ധിപ്പിക്കുന്നു. ഇതിനെല്ലാമുപരിയാണ് കുടിവെള്ളപ്രശ്നം. ദശാബ്ദങ്ങൾ പഴക്കമുള്ള ഈ വിഷയം ഇപ്പോഴും പരിഹരിക്കപ്പെടാതെ നിൽക്കുന്നു.

വികസനം എന്നത് അടിസ്ഥാനസൗകര്യങ്ങൾ കൂടി വികസിപ്പിച്ചുകൊണ്ടാകണം. അല്ലാതെയുള്ള വികസനങ്ങൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. വൈപ്പിൻ അതിന് ഒരു ഉദാഹരണം മാത്രം.

2 comments: