30 September 2012

അധാർമ്മികമായ ഫെയർ സ്റ്റേജ് സംവിധാനം|Unfair FARE-STAGE System

ഡീസൽ വിലവർദ്ധനയുടെ പശ്ചാത്തലത്തിൽ ബസ്സ് ചാർജ്ജ് വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് എൻ രാമചന്ദ്രൻ അദ്ധ്യക്ഷനായ നാലംഗസമിതി അതിന്റെ റിപ്പോർട്ട് ഇന്ന് സർക്കാരിന് സമർപ്പിച്ചതായി പത്രവാർത്തകളിൽ നിന്നും മനസ്സിലാക്കുന്നു. ഇതനുസരിച്ച് മിനിമം നിരക്ക് നിലവിലെ അഞ്ചു രൂപയിൽ നിന്നും 6 രൂപ ആക്കണമെന്നും ഓർഡിനറി ബസ്സുകളുടെ നിലവിലുള്ള 55 പൈസ എന്ന കിലോമീറ്റർ നിരക്ക് മൂന്നു പൈസ കൂട്ടി 58 പൈസ എന്നാക്കണമെന്നും കമ്മീഷന്റെ ശുപാശയിൽ ഉണ്ട്. ആനുപാതികമായ വർദ്ധനവ് മറ്റു സർവ്വീസുകളുടെ കാര്യത്തിലും കമ്മീഷൻ ശുപാർശ ചെയ്യുന്നു. വിവാദമാകുന്ന മറ്റൊരു ശുപാർശ വിദ്യാർത്ഥികളുടെ നിരക്ക് വർദ്ധനയാണ്.

മുകളിൽ പറഞ്ഞ ശുപാർശകൾ സർക്കാർ അംഗീകരിക്കുകയാണെങ്കിൽ കഴിഞ്ഞ തവണത്തേക്കാൾ കാര്യമായ വർദ്ധനവ് ഇത്തവണ പ്രതീക്ഷിക്കാം. മിനിമം ചാർജ്ജ് ആറുരൂപയാവുകയും കിലോമീറ്റർ ചാർജ്ജ് 55-ൽ നിന്നും 58 പൈസ ആയികൂടുകയും ചെയ്യുമ്പോൾ യാത്രക്കാരന് 25% മുകളിൽ വർദ്ധനയുണ്ടാകും. കിലോമീറ്റർ നിരക്ക് വർദ്ധിപ്പിക്കുന്നത് ദീർഘദൂരയാത്രക്കാരേയും പ്രതികൂലമായി ബാധിയ്ക്കും. എന്റെ അഭിപ്രായം നിലവിൽ അൺഫെയറാണ് പല ഫെയർ സ്റ്റേജുകളും. അതുകൊണ്ട് തന്നെ ആ സമ്പ്രദായം ഒഴിവാക്കുക. എല്ലാ സ്റ്റോപ്പിലേയും ടിക്കറ്റ് നിരക്ക് തയ്യാറാക്കുന്നതിനു പകരം ഓരോ സ്റ്റോപ്പും തമ്മിലുള്ള ദൂരം കണക്കാക്കി അതിനനുസരിച്ച് കിലോമീറ്റർ ചാർജ്ജ് മാത്രം ഈടാക്കുക. നിലവിൽ ഉള്ള  ഫെയർ സ്റ്റേജ് സമ്പ്രദായം യാത്രക്കാരനെ കൊള്ളയടിക്കാനുള്ള ഒരു ഉപാധിമാത്രം.

ഉദാഹരണം പറഞ്ഞാൽ പറവൂരിൽ നിന്നും ഇടപ്പള്ളി വരെയുള്ള ദൂരം 17 കിലോമീറ്റർ ആണ്. പറവൂരിൽ നിന്നും വരാപ്പുഴ, കൂനമ്മാവ് എന്നീ ഭാഗങ്ങളിൽ നിന്നും ഉള്ള നല്ലൊരുശതമാനം ആളുകൾ ഗുരുവായൂർ - വൈറ്റില ഹബ്ബ് ബസ്സിൽ ഇടപ്പള്ളി ജങ്ഷനിൽ ഇറങ്ങുന്നു. എന്നാൽ ഇവരിൽ നിന്നും ഈടാക്കുന്നത് പൈപ്പ് ലൈൻ വരെയുള്ള ചാർജ്ജാണ്. നിലവിലുള്ള നിരക്കിൽ 17 കിലോ മീറ്റർ യാത്രചെയ്യാൻ 9രൂപ മുപ്പത്തിയഞ്ചു പൈസയാണ് ആവുക (17 * 0.55) എന്നാൽ നിലവിൽ യാത്രക്കാരിൽ നിന്നും ഈടാക്കിവരുന്ന ബസ്സ് ചാർജ്ജ് 15രൂപയാണ്. 9.35 ചിട്ടപ്പെടുത്തിയാലും 10രൂപയെ വരൂ. എന്നാൽ ഈടക്കുന്നത് 50% അധിക ചാർജ്ജും. ഈ പകൽക്കൊള്ള ഫെയർ സ്റ്റേജിന്റെ പേരിലാണെന്ന് മാത്രം. യാത്രചെയ്യുന്ന ദൂരത്തിനുമാത്രം ചാർജ്ജ് നൽകുക അതല്ലെ മാന്യമായ ചാർജ്ജ് നിർണ്ണയ രീതി.

3 comments:

  1. കിലോ മീറ്റര്‍ ചാര്‍ജിനു വേണ്ടി ശബ്ദമുയര്‍ത്താന്‍ പാര്‍ട്ടികള്‍ മുന്നോട്ടുവരുമോ?
    നല്ല അവലോകനം.
    http://malbuandmalbi.blogspot.com/

    ReplyDelete
  2. എം അഷ്റഫ് ഇവിടെ വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി. രാഷ്ട്രീയപാർട്ടികൾ ഇടപെടും എന്ന് പ്രതീക്ഷിക്കുന്നു. ഇതു സംബന്ധിച്ച ഒരു കത്ത് പറവൂർ എം എൽ എ കൂടിയായ ശ്രീ വി ഡി സതീശന് അയച്ചിട്ടുണ്ട്. ചർജ്ജ് പുതുക്കുന്ന മുറയ്ക്ക് അത് നിർണ്ണയിക്കുന്ന മാനദണ്ഡങ്ങളെപ്പറ്റി വിവരാവകാശ നിയമം വഴി എറണാകുളം ആർ ടി എയിൽ നിന്നും അറിയാൻ ശ്രമിക്കും. തുടർന്ന് അതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ സുതാര്യകേരളത്തിന് ഒരു അപേക്ഷ കൊടുക്കാം എന്നും കരുതുന്നു. കുറഞ്ഞപക്ഷം പറവൂർ - ഇടപ്പള്ളി മേഖലയിലെ കൊള്ളയ്ക്ക് അല്പം കുറവു വരുത്താൻ സാധിച്ചാൽ അത്രയും നന്ന്.

    ReplyDelete
  3. ഈ വിഷയത്തിൽ വന്ന മാതൃഭൂമി വാർത്ത:
    ഫെയര്‍‌സ്റ്റേജ് നിരക്ക്
    *പറവൂര്‍-എറണാകുളം റൂട്ടിലെ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകള്‍ ആര്‍.ടി.എ. നിരക്ക് പാലിക്കുന്നില്ല
    * ഇത്തരത്തില്‍ 12 ലക്ഷം രൂപയുടെ അധിക വരുമാനം
    * ചേരാനെല്ലൂര്‍-തൈക്കാവ് ഭാഗത്ത് ഫെയര്‍‌സ്റ്റേജ് അപാകം രൂക്ഷം

    വരാപ്പുഴ: എന്‍എച്ച് 17-ല്‍ പറവൂര്‍-എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുടമകള്‍ ആര്‍.ടി.എ. തീരുമാനം കാറ്റില്‍ പറത്തുന്നു.
    വരാപ്പുഴ പാലം വഴി സര്‍വീസ് നടത്തുന്ന ബസ്സുകളാണ്, പോയിന്റ് ക്രമീകരിച്ച് തീരുമാനം വന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും നിരക്ക് കുറയ്ക്കാന്‍ തയ്യാറാകാത്തത്. ഇതിലൂടെ 12 ലക്ഷം രൂപയോളമാണ് മാസംതോറും യാത്രക്കാരില്‍ നിന്ന് അധികമായി സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുടമകള്‍ കൊണ്ടുപോകുന്നത്. അമിത നിരക്ക് ഈടാക്കുന്നതിനെതിരെ യാത്രക്കാരും ബസ്സുടമകളും തമ്മില്‍ ബഹളമുണ്ടാകുന്നതും പതിവായിരിക്കുകയാണ്.
    എന്‍എച്ച് 17-ല്‍ പറവൂര്‍-എറണാകുളം റൂട്ടില്‍ തിരുമുപ്പം മുതല്‍ ചേരാനെല്ലൂര്‍ തൈക്കാവ് വരെയുള്ള ഭാഗത്താണ് ഫെയര്‍‌സ്റ്റേജ് അപാകം രൂക്ഷമായിട്ടുണ്ടായിരുന്നത്. ഇവിടെ 6 കിലോമീറ്റര്‍ താഴെ വരുന്ന ഭാഗത്ത് നാല് പോയിന്റുകള്‍ കണക്കാക്കിയാണ് യാത്രക്കാരില്‍ നിന്ന് യാത്രാനിരക്ക് ഈടാക്കിയിരുന്നത്. ഇതിനെതിരെ യാത്രക്കാരും വിവിധ സംഘടനകളും ഏറെ നാളുകളായി മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട വകുപ്പ് മന്ത്രിക്കുമൊക്കെ പരാതി നല്‍കിയിരുന്നു. അടുത്തിടെയാണ് പ്രശ്‌നത്തില്‍ ഇടപെടാന്‍ അധികൃതര്‍ തയ്യാറായത്. ഇതിനെ തുടര്‍ന്ന് ആര്‍ടിഎ യോഗം ചേര്‍ന്ന് ഈ ഭാഗത്തെ ഫെയര്‍‌സ്റ്റേജ് അപാകം ചര്‍ച്ച ചെയ്യുകയും പ്രശ്‌ന പരിഹാരമെന്ന നിലയ്ക്ക് നിലവില്‍ നാല് പോയിന്റ് കണക്കാക്കിയിരുന്നത് മൂന്ന് പോയിന്റായി കുറയ്ക്കാനും തീരുമാനിച്ചു. ഇതിനെ തുടര്‍ന്നാണ് മഞ്ഞുമ്മല്‍ കവല പോയിന്റ് ഒഴിവാക്കി നിരക്ക് പുതുക്കി നിശ്ചയിച്ചത്. തീരുമാനം നടപ്പിലാക്കാന്‍ ജോയിന്റ് ആര്‍ടിഒ വഴി ബസ്സുടമകള്‍ക്ക് അറിയിപ്പും നല്‍കി. കെഎസ്ആര്‍ടിസിയും സ്വകാര്യ ഓര്‍ഡിനറി ബസ്സും ആര്‍.ടി.എ. തീരുമാനം അനുസരിച്ച് നിരക്ക് ഈടാക്കിയപ്പോള്‍ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുടമകള്‍ ഇതിന് തയ്യാറാകാത്തതാണ് നിലവിലുള്ള പ്രശ്‌നത്തിന് കാരണം.
    എന്‍എച്ച് 17-ല്‍ തിരുമുപ്പം മുതല്‍ ചേരാനെല്ലൂര്‍ തൈക്കാവ് സ്റ്റോപ്പ് വരെ നാല് പോയിന്റുകളാണ് കണക്കാക്കിയിരുന്നത്. ആര്‍.ടി.എ.യുടെ തീരുമാനം വന്നതോടെ ഇത് മൂന്നായി ചുരുങ്ങി. എന്നാല്‍ നിലവില്‍ ഫെയര്‍‌സ്റ്റേജ് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡമനുസരിച്ച് രണ്ട് പോയിന്റുകള്‍ മാത്രമാണ് ഇവിടെ വരേണ്ടത്. രണ്ടര കിലോമീറ്റര്‍ മുതല്‍ 3 കിലോമീറ്റര്‍ വരെയാണ് ഒരു പോയിന്റായി കണക്കാക്കുന്നത്. എന്നാല്‍ നിലവില്‍ മൂന്ന് പോയിന്റായി ചുരുക്കിയ ഈ ഭാഗത്ത് 6 കിലോമീറ്റര്‍ താഴെ മാത്രമാണ് യാത്രാദൂരം ഉള്ളത്. ഇടപ്പള്ളി മേല്പാലം തുറന്നതോടെ നിലവിലുണ്ടായിരുന്ന അഞ്ച് സ്റ്റോപ്പുകള്‍ ഇല്ലാതാകുകയും യാത്രാദൂരം കുറയുകയും ചെയ്‌തെങ്കിലും യാത്രാനിരക്കില്‍ വ്യത്യാസം ഒന്നും വരുത്തിയിട്ടില്ലാ എന്നിരിക്കെയാണ് ആര്‍.ടി.എ. നിശ്ചയിച്ച പോയിന്റുകള്‍ അംഗീകരിക്കാന്‍ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുടമകള്‍ തയ്യാറാകാത്തത്.
    എന്‍എച്ച് 17-ല്‍ വരാപ്പുഴ പാലം വഴി നാല്പതോളം സ്വകാര്യ ലിമിറ്റഡ് - ഫാസ്റ്റ് പാസഞ്ചര്‍ വണ്ടികള്‍ സര്‍വീസ് നടത്തുന്നുണ്ട്. ആര്‍.ടി.എ.യുടെ തീരുമാനം ഉണ്ടായി മാസങ്ങള്‍ കഴിഞ്ഞിട്ടും നിരക്ക് കുറയ്ക്കാത്തതുവഴി ലക്ഷക്കണക്കിന് രൂപയാണ് ബസ്സുടമകള്‍ കൊള്ളലാഭമായി കൊണ്ടുപോകുന്നത്.
    http://goo.gl/xtFUuo മാതൃഭൂമി 2014 ഏപ്രിൽ 14

    ReplyDelete