24 September 2012

റെയിൽ - റോഡ് ക്രോസിങ് | Rail - Road Crossing

ഇന്ന് അരൂരിൽ ഉണ്ടായ അപകടം, ആളില്ലാത്ത ഒരു ലെവൽ ക്രോസ്സിൽ തീവണ്ടിയും കാറും തമ്മിലിടിച്ച് അഞ്ചുപേർ മരിക്കാനിടയായ അപകടം ആണ് ദീർഘനാളുകൾക്ക് ശേഷം ഇങ്ങനെ ഒന്ന് എഴുതിയിടാൻ പ്രേരണ നൽകിയത്. അപകടവും അതിൽ പിഞ്ചുകുട്ടിയടക്കം അഞ്ചുപേർ മരിക്കാനിടയായതും തികച്ചും ദൗർഭാഗ്യകരം തന്നെ. കേരളത്തിൽ പലപ്പോഴും ഇത്തരം അപകടങ്ങൾ ആവർത്തിക്കപ്പെടുന്നു. 1996 മെയ്മാസത്തിൽ വിവാഹപ്പാർട്ടി സഞ്ചരിച്ചിരുന്ന ഒരു ബസ്സ് കായംകുളത്തിനടുത്ത് ചേപ്പാട് ആളില്ലാത്ത ഒരു ലെവൽക്രോസ്സിൽ വെച്ച്  തീവണ്ടിയുമായി കൂട്ടിയിടിച്ച് 38 ആളുകൾ മരിച്ചതും, 1976 മെയ് 9ന് തിരുവനന്തപുരത്തുനിന്നും ബോംബെയ്ക്ക് പോവുകയായിരുന്ന ജയന്തിജനത എക്സ്പ്രസ്സ് അകപ്പറമ്പിൽ വെച്ച് ആളില്ലാത്ത ലെവൽക്രോസ്സിൽ ഒരു ടൂറിസ്റ്റ് ബസ്സുമായി കൂട്ടിയിടിച്ച് 40 ആളുകൾ മരിച്ചതും ഇത്തരം അപകടങ്ങളിൽ പ്രത്യേകം പരാമർശം അർഹിക്കുന്നവയാണ്.

എന്നാൽ ഇത്തരം അപകടങ്ങൾക്ക് പ്രധാനകാരണം മനുഷ്യന്റെ അമിതമായ ആത്മവിശ്വാസവും, അക്ഷമയും മാത്രമാണ്. ഒരു തീവണ്ടി കടന്നു പോകാൻ എടുക്കുന്ന സമയം ഒന്നോ രണ്ടോ മിനുറ്റുകൾ മാത്രമാണ്. മിക്കവാറും റെയിൽ - റോഡ് ക്രോസിങ്ങ് ഉള്ള സ്ഥലങ്ങളിൽ റോഡിലും റെയിലിലും ഇതു സംബന്ധിക്കുന്ന മുന്നറിയിപ്പുകൾ ഉണ്ട്. ഇത് പാലിക്കാൻ തയ്യാറാകാത്തതാണ് അപകടങ്ങൾക്കുള്ള പ്രധാനകാരണം. ആളില്ലാത്ത ലെവൽ ക്രോസുകളെക്കുറിച്ച് റോഡിൽ ഉള്ള സിഗ്നൽ പലർക്കും പരിചിതമായിരിക്കും  
ഇത്തരത്തിലുള്ള ഒരു അടയാളം റെയിൽ-റോഡ് ക്രോസിങിനെ സൂചിപ്പിക്കുന്നു. അതുപൊലെ തീവണ്ടി ഓടിക്കുന്ന ആൾക്കും (ലോക്കോ പൈലറ്റ്) ഇത്തരത്തിൽ ലെവൽ ക്രോസിനെ സംബന്ധിക്കുന്ന മുന്നറിയിപ്പ് നൽകുന്നുണ്ട്. ഒരു ചതുരഫലകത്തിൽ ലെവൽ ക്രോസ്സ് എത്തുന്നതിനു മുൻപേ W/L  എന്ന് രേഖപ്പെടുത്തിയിരിക്കും. ഇതിനർത്ഥം മുൻപിൽ ഒരു ലെവൽ ക്രോസ്സ് ഉണ്ടെന്നും ചൂളം അടിക്കുക എന്നതും ആണ്. (blow Whistle Level-cross ahead). ഈ സിഗ്നൽ കണ്ടാൽ ലോക്കോ പൈലറ്റ് ഒരു മിനിട്ടിനടുത്ത് വിസിൽ തുടർച്ചയായി മുഴക്കും. ഇതെല്ലാം കേട്ടാലും കണ്ടാലും വാഹനം ഓടിക്കുന്നവർ തീവണ്ടിയ്ക്കും മുൻപേ അപ്പുറം കടക്കാൻ വേഗം കൂട്ടും. അല്ലാതെ വണ്ടി നിറുത്തി തീവണ്ടി കടന്നു പോകുന്നതുവരെ കാത്തു നിൽക്കുന്നവർ കുറവാണ്. ഇങ്ങനെ കടന്നുപോകാം എന്ന അമിത ആത്മവിശ്വാസമാണ് പലപ്പോഴും അപകടകാരണം.

ഇനി അവിടെ ആളെ വച്ച് ഗേറ്റ് ഉണ്ടാക്കിയാലോ, അപ്പോഴും വ്യത്യാസം വരുന്നില്ല. ഗേറ്റ് അടയ്ക്കാൻ തുടങ്ങുമ്പോൾ മുന്നറിയിപ്പായി മണി മുഴങ്ങും. അപ്പോൾ ഗേറ്റിനു രണ്ടു വശവും വാഹനങ്ങൾ നിറുത്തണം എന്നാണ് നിയമം. എന്നാൽ നമ്മൾ ചെയ്യുന്നത് ഗേറ്റ് അടയുന്നതുമുൻപേ വാഹനം അപ്പുറം കടത്തുക എന്നതാണ്. ഇത് പലപ്പോഴും വാഹനങ്ങൾ ഇടിച്ച് ഗേറ്റ് തകരാറിൽ ആകുന്നതിനും റോഡ് ഗതാഗതം തടസ്സപ്പെടുന്നതിനും കാരണമാകും. അതുപോലെ തന്നെ തീവണ്ടി പുറപ്പെടുന്നതിനും മുൻപേ എല്ലാ ലെവൽ ക്രോസ്സുകളിലും വിളിച്ചറിയിച്ച് ഗേറ്റുകൾ അടച്ച് തീവണ്ടി കടന്നുപോകുന്നതുവരെ വാഹനങ്ങൾ കാത്തു കിടക്കുക എന്ന അവസ്ഥ വന്നാൽ അത് തീവണ്ടി യാത്രികർക്കും റോഡ് യാത്രികർക്കും ഒരു പോലെ സമയനഷ്ടം ഉണ്ടാക്കും. വളരെ തിരക്കേറിയ റോഡുകളിൽ റെയിൽ ഗേറ്റ് എന്ന ആശയം നല്ലതുതതന്നെ. പക്ഷെ എല്ലാ റെയിൽ - റോഡ് ക്രോസിങ്ങിലും റെയിൽ ഗേറ്റ് എന്നത് തീർച്ചയായും അപ്രായോഗീകം ആണെന്നാണ് എന്റെ അഭിപ്രായം.

ഇവിടെ ആവശ്യം എല്ലാ റോഡ് - റെയിൽ ക്രോസിങ്ങുകളിലും ആളെ നിയമിച്ച ഗേറ്റ് ഉണ്ടാക്കുക എന്നതല്ല മറിച്ച് ആളുകളെ ബോധവത്കരിക്കുക എന്നതാണ്. അതിനാവണം ജനപ്രതിനിധികളും മാദ്ധ്യമങ്ങളും ശ്രമിക്കേണ്ടത്. അല്ലാതെ ഇതു പോലെ അസാദ്ധ്യമായ സുന്ദരമോഹനവാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കൂടുതൽ തെറ്റിലേയ്ക്ക് നയിക്കാനല്ല. സീബ്രാക്രോസുകൾ കാൽനടക്കാരന്റെ അവകാശം ആണെന്നതുപോലെ തന്നെ റെയിലുകൾ തീവണ്ടിയുടെ അവകാശമാണ്.

10 comments:

  1. ഇതൊക്കെ ആരോട് പറയാന്‍ , ചാനലുകള്‍ കെ സി വേണുഗോപാലിന്റെ മെക്കിട്ടു കേറുന്നു , ഒരു അല്‍പ്പം ബ്ലോക്കായാല്‍ അതിന്റെ ഇടയ്ക്കു നൂറു ട വീലര്‍ കയറി വന്നു ആ ബ്ലോക്കിനെ പതിന്മടങ്ങ് ബ്ലോക്കാക്കും പോലീസുകാരന്‍ എന്നാല്‍ ഇവനൊക്കെ പഠിക്കട്ടെ എന്ന് കരുതി അനങ്ങാതിരുന്നാല്‍ അത് പിന്നെയും നീളും , ഈ കൊച്ചു കേരളത്തില്‍ ഇങ്ങിനെ പാഞ്ഞു പോകത്തക്ക തിരക്കുള്ള ഒരു തെണ്ടിയും ഇല്ല , ഇവനൊന്നും അബ്ദുല്‍ കലാം ഒന്നും അല്ല , കാവല്‍ക്കാരന്‍ ഉള്ള ഗേറ്റില്‍ രണ്ടു സൈടും നിറയെ വണ്ടി വന്നു നിറയ്ക്കും പിന്നെ ഗേറ്റ് തുറന്നാല്‍ അങ്ങോട്ടും ഇങ്ങോട്ടും പോകാന്‍ പറ്റാത്തവിധം ബ്ലോക്കാണ് ,അതിനിടയില്‍ അടക്കേണ്ട സമയം ആകും അടുത്ത ട്രെയിനിനു , റോഡില്‍ അഹങ്കാരം മാത്രമാണ് നടക്കുന്നത് , അതിനു ഇങ്ങിനെ അബദ്ധങ്ങളും പറ്റും .

    ReplyDelete
  2. ഒരു മിനിറ്റ്‌ ലാഭിക്കാന്‍ വേണ്ടി ശേഷിച്ച ജീവിതം ഹോമിക്കുന്ന ഡ്രൈവര്‍മാര്‍ എത്ര കുടുംബങ്ങളെയാണ് അനാധമാക്കുന്നത്.അപകടം നടന്നാല്‍ വലിയ വണ്ടിയുടെ ഡ്രൈവറെ ആക്രമിക്കുന്ന പ്രബുദ്ധരായ മലയാളികള്‍ ഇവരെ പരമാവധി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.ഒരു തീവണ്ടി പെട്ടന്ന് ബ്രേക്ക് ചെയ്യേണ്ടിവന്നാല്‍ കുറഞ്ഞത് അഞ്ഞൂറ് മീറ്റര്‍ കഴിഞ്ഞേ വണ്ടി നില്‍ക്കൂ. ഈ സാഹചര്യത്തില്‍ ചെറിയ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ പരമാവധി ശ്രദ്ധിച്ചുവേണം ട്രാക്ക്‌ ക്രോസ് ചെയ്യാന്‍.........' മുന്നറിയിപ്പ് ബോര്‍ഡുകള്‍ അവഗണിച്ചുകൊണ്ട് ഇവര്‍ അപകടങ്ങളിലേക്ക് സ്വയം വണ്ടിയോടിച്ചു കയറ്റുകയാണ്.ഞാന്‍ ഒരു ലോക്കോപൈലറ്റ്‌ ആയി ജോലി ചെയ്യുന്ന ആളാണ്‌..., ഇത്തരം സംഭവങ്ങള്‍ ധാരാളം നേരില്‍ കണ്ടിട്ടുള്ളതിനാല്‍ വിറങ്ങലിച്ച മനസ്സോടെയാണ് കേരളത്തിലൂടെ ട്രെയിന്‍ ഓടിക്കുന്നത്. രാഷ്ട്രീയക്കാരെയും ഭരണാധികാരികളെയും മുള്‍മുനയില്‍ നിര്‍ത്തുന്ന വികാരപ്രകടനങ്ങള്‍ അല്ല നമുക്കാവശ്യം.സാമൂഹ്യമായ ബോധാവല്‍ക്കരണമാണ്.

    ReplyDelete
  3. സുശീലൻ, ഉദയപ്രഭൻ ഈ വഴി വന്നതിനും നിങ്ങളുടെ അഭിപ്രായം പങ്കുവെച്ചതിനും നന്ദി.
    @ഉദയപ്രഭൻ: ഇത്തരം ദുരന്തങ്ങൾ ലോക്കോ പൈലറ്റുമാർക്കുണ്ടാക്കുന്ന മാനസീകാഘാതം വളരെ വലുതാണ്. പലപ്പോഴും ദുരന്തം മുന്നിൽ കാണുമ്പോഴും ഒന്നും ചെയ്യാൻ കഴിയാതെ പോകുന്ന അവസ്ഥ. പിന്നീട് ഇതിൽ മരണമടഞ്ഞവരെക്കുറിച്ച് മാദ്ധ്യമങ്ങളിലൂടെ അറിയുമ്പോൾ ഉണ്ടാകുന്ന മാനസീകസംഘർഷങ്ങൾ. റെയിൽ ഗേറ്റ് സ്ഥാപിക്കണം എന്ന് പലരും നിസ്സാരമായി അവകാശപ്പെടാറുണ്ട് ഇതിന്റെ പിന്നിലെ സാങ്കേതീകമായ വൈഷമ്യങ്ങൾ താങ്കളെപ്പോലെ ഉള്ളവർക്ക് വിശദീകരിക്കാൻ കഴിയും എന്ന് തോന്നുന്നു. അതുകൂടെ വിശദമായി എഴുതുമല്ലൊ.

    ReplyDelete
  4. തീര്‍ത്തും ഡിസ്‌ഓര്‍ഡര്‍ ആയ ഒരു സമൂഹമാണ് നമ്മുടേത്. റോഡുകളില്‍ സഞ്ചരിക്കുമ്പോള്‍ അതാ‍ര്‍ക്കും മനസ്സിലാകും. എല്ലാവരും കുറ്റം പറഞ്ഞും കല്ലെറിഞ്ഞും രോഷം തീര്‍ക്കട്ടെ. ഇനി ഈ നാട് നന്നാക്കാന്‍ ജനാധിപത്യം ഉള്ള കാലത്തോളം ആര്‍ക്കും കഴിയില്ല. എല്ല്ലാം സഹിക്കുക തന്നെ!

    ReplyDelete
  5. ശ്രീ ഉദയപ്രഭന്റെ അഭിപ്രായത്തോടു ഞാനും യോജിക്കുന്നു.. അടച്ചിട്ട റെയില്‍ ക്രോസ്സുകളില്‍ നൂണ്ടു കയറുന്ന സ്വഭാവം നമ്മള്‍ മാറ്റിയെ പറ്റൂ. അതുപോലെ ആളില്ലാത്ത ക്രോസ്സുകളില്‍ കണ്ണും മൂക്കുമില്ലാതെ വണ്ടി ഓടിച്ചു കയറ്റുന്ന ഡ്രൈവര്‍മാര്‍ക്ക് കനത്ത ശിക്ഷ കൊടുക്കുകയും വേണം.

    ReplyDelete
  6. സുകുമാരേട്ടൻ, രഘുനാഥൻ ഇവിടെ വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.

    സുകുമാരേട്ടാ ജനാധിപത്യത്തെക്കുറിച്ച് ഇത്രയും നിരാശപ്പെടാറായോ? ജനാധിപത്യം ആയതുകൊണ്ടല്ലെ നമുക്കെല്ലാം ഇങ്ങനെ പ്രതിക്ഷേധിക്കാൻ സാധിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്തു നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങൾ റദ്ദാക്കിയതിനെക്കുറിച്ചുള്ള ചർച്ചയിൽ പറയുന്നതുകേട്ടു, തിരുവനന്തപുരത്തുള്ളവർക്ക് ഇങ്ങനെ പ്രതികരിക്കാം, ദുബായ് എയർപ്പോർട്ടിൽ വിമാനം ഇല്ല എന്നറിയുമ്പോൾ മടങ്ങിപ്പോകാൻ മാത്രമേ സാധിക്കൂ. പ്രതിക്ഷേധിക്കാൻ ശ്രമിച്ചാൽ പിന്നെ ജയിലാകും ഫലം. ശരിയായ രീതിയിൽ കാര്യങ്ങൾ മനസ്സിലാക്കിയല്ല ജനങ്ങളുടെ പ്രതിക്ഷേധം എന്ന നിരീക്ഷണത്തോട് ഞാൻ യോജിക്കുന്നു.

    രഘുനാഥൻ നിലവിൽ അങ്ങനെ തന്നെയാണെന്ന് ഞാനും കരുതുന്നു. അടച്ചിട്ട റെയിൽ ഗേറ്റിനുള്ളിലൂടെ നുഴഞ്ഞ് കയറുന്നതും ഗേറ്റ് ബലമായി തുറക്കാൻ ശ്രമിക്കുന്നതും കുറ്റം തന്നെയാണ്. ആളില്ലാത്ത ഗേറ്റുകളുടെ കാര്യത്തിൽ എങ്ങനെ എന്നറിയില്ല. പലപ്പൊഴും കേസ് എടുക്കാറില്ലെന്ന് മാത്രം.

    ReplyDelete
  7. നല്ല ലേഖനം. പറഞ്ഞത് വളരെ കറക്റ്റ് . രണ്ടു മിനിറ്റ് വെയിറ്റ് ചെയ്യാന്‍ പറ്റാത്ത ആരുണ്ട് നമ്മുടെ നാട്ടില്‍ .എന്നാലും റോഡില്‍ ഇറങ്ങിക്കഴിഞ്ഞാല്‍ ഒരു ആക്രാന്തവും പരവേസവും ആണ് . എവിടെയോ ഒക്കെ എത്തി എന്തൊക്കെയോ ചെയ്തു തീര്‍ക്കാന്‍ ഉള്ള ഒരു വെപ്രാളം. പലപ്പഴും കണ്ടിട്ടുണ്ട് റയില്‍ വെ ഗയ്ടിനു അടിയില്കൂടി ബൈക് തള്ളി പാളത്തിന്റെ തൊട്ടടുത്ത് തിങ്ങി നിറഞ്ഞു നില്‍കുന്ന "വീരന്മാരെ" . ട്രെയിന്‍ അങ്ങോട്ട്‌ പോയാലുടനെ തിക്കി തിരക്കി അങ്ങോട്ടും ഇങ്ങോട്ടും ഒരോട്ടം . എന്നെങ്കിലും പാളത്തിന്റെ വളരെ അടുത്ത് നില്‍കുമ്പോ ആരെങ്കിലും ഒന്ന് തട്ടിയാല്‍ മതി ഒരു ദുരന്തം ഉണ്ടാകാന്‍. പറഞ്ഞിട്ടെന്തു കാര്യം,നമുക്ക് വിദ്യാഭ്യാസം അല്ലെ ഉള്ളു ,വിവരം ഇല്ലല്ലോ .

    ReplyDelete
  8. രാജേഷ് ഇവിടെ എത്തിയതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി. പലപ്പോഴും വാഹനം ഓടിക്കുമ്പോൾ കാണിക്കുന്ന അക്ഷമയാണ് നമ്മുടെ നാട്ടിലെ പല അപകടങ്ങൾക്കും കാരണം എന്ന നിരീക്ഷണത്തോട് ഞാനും യോജിക്കുന്നു.

    ReplyDelete
  9. നമ്മുടെ ജനങ്ങള്‍ക്ക്‌ ഭയങ്കര തിരക്കാണ് മാഷെ വഴി ക്രോസ് ചെയ്യുംപഴും കൂടി മൊബൈല്‍ ഫോണില്‍ തല ചായ്ച്ചേ നടക്കൂ... ട്രാഫിക്‌ സിഗ്നല്‍ കൂടി ശ്രദ്ധിക്കില്ല.. പാഞ്ഞാണ് പോകുന്നത്. ജീവന് വിലയെ ഇല്ല....

    ReplyDelete