6 July 2011

ശ്രീപത്മനാഭസ്വാമിയുടെ സ്വത്തുക്കൾ

കഴിഞ്ഞ കുറെ ദിവസങ്ങളായി ബൂലോകത്തിലേയും കേരളത്തിലെ വാർത്താ മാദ്ധ്യമങ്ങളിലേയും പ്രധാന ചർച്ചാവിഷയം പത്മനാഭസ്വാമിയുടെ സ്വത്തിനെക്കുറിച്ച് പുറത്തുവരുന്ന വാർത്തകൾ ആണല്ലൊ. ഇങ്ങനെ പല മദ്ധ്യമങ്ങളിലും നടക്കുന്ന ചർച്ചകളിൽ നിന്നും ഞാൻ മനസ്സിലാക്കിയ ചിലകാര്യങ്ങൾ സംക്ഷിപ്തമാക്കി  ഈ വിഷയത്തിൽ മനോജേട്ടന്റെ (നിരക്ഷരൻ) ബസ്സിൽ ഞാൻ രേഖപ്പെടുത്തിയ അഭിപ്രായം ഇവിടെ ചേർക്കുന്നു.
 1. പത്മനാഭസ്വാമിക്ഷേത്രത്തിലെ നിലവറകളിൽ  ഇപ്പോൾ സുപ്രീംകോടതി നിർദ്ദേശത്തെ തുടർന്ന് നടത്തുന്ന കണക്കെടുപ്പിലൂടെ നമ്മൾ അറിയുന്ന വസ്തുക്കൾ ഒരു നിധി എന്ന ഗണത്തിൽപെടുത്താൻ സാധിക്കുന്നവയല്ല. ഇവയെ സംബന്ധിക്കുന്ന കണക്കെടുപ്പുകൾ പല ഘട്ടത്തിലും ഭരിച്ചിരുന്ന രാജക്കന്മാർ തന്നെ നടത്തിയിട്ടുള്ളതും അത് സംബന്ധിക്കുന്ന രേഖകൾ ലഭ്യമാണെന്നും ചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തുന്നു. ഒരു പക്ഷെ ഈ ശേഖരത്തെക്കുറിച്ച് സാമാന്യജനത്തിന് അറിയില്ലെങ്കിലും ക്ഷേത്രവും രാജകുടുംബവുമായി ബന്ധപ്പെട്ട പലർക്കും അമൂല്യമായ ഈ സ്വത്തുക്കളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നതായി സുപ്രീം കോടതിയിൽ ഈ വിഷയത്തിലെ ഹർജിക്കാർ തന്നെ സമ്മതിക്കുന്നു. പത്മനാഭസ്വാമിയുടെ ഈ സ്വത്തുക്കൾ അന്യാധീനപ്പെട്ടു പോകുന്നത് തടയാൻ ആണ് തങ്ങൾ സുപ്രീംകോടതിയെ സമീപിച്ചതെന്നും അവർ പറയുന്നു. അതുകൊണ്ടുതന്നെ ഇവ അവിചാരിതമായി കണ്ടെത്തിയവ അല്ല. ക്ഷേത്രസംബന്ധിയായ രേഖകളിൽ പരാമർശമുള്ളവ ആകയാൽ ക്ഷേത്രത്തിന്റെ തന്നെ സ്വത്താണ്. മറ്റാർക്കും ഇതിൽ അവകാശമില്ലെന്നും ഞാൻ കരുതുന്നു.
 2. തിരുവിതാംകൂർ രാജവംശം ഈ സ്വത്തിന് ഇതുവരെ അവകാശവാദം ഉന്നയിച്ചതായി എങ്ങും വായിച്ചോ കേട്ടോ അറിവില്ല. അതിനാൽ തന്നെ അവരെ ഇതിന്റെ പേരിൽ അപഹാസ്യരാക്കുന്നത് ശരിയല്ലെന്ന് ഞാൻ കരുതുന്നു. മറിച്ച് ഈ സ്വത്തുക്കൾ ഇത്രയും കാലം സംരക്ഷിച്ച അവർ അഭിനന്ദനം അർഹിക്കുന്നു.
 3. ഇന്നത്തെ നിലയിൽ ക്ഷേത്രം അതിന്റെ ആചാരാനുഷ്ഠാനങ്ങളോടെ മുന്നോട്ട് കൊണ്ടു പോകുന്നത് വളരെ ഭാരിച്ച ഉത്തരവാദിത്വമാണ്. സർക്കാരിൽ നിന്നും ലഭിക്കുന്ന ഗ്രാന്റും, ക്ഷേത്രത്തിൽ നിന്നും ആകെ ലഭിക്കുന്ന വരുമാവും കൂട്ടിച്ചേർത്താലും ജീവനക്കാർക്ക് ശംബളം കൊടുക്കാൻ പോലും തികയാത്ത അവസ്ഥയാണ് നിലവിലേതെന്ന് വിവിധ ചർച്ചകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നു. ഇതുവരെ കച്ചവടവൽക്കരിച്ചിട്ടില്ലാത്തതിനാൽ (ശബരിമലയും മറ്റ് ക്ഷേത്രങ്ങളും പോലെ) ക്ഷേത്രം അതിന്റെ ആചാരങ്ങൾ തുടർന്ന് കൊണ്ടുപോകുന്നതിൽ വിജയിച്ചു എന്നാണ് ഞാൻ കരുതുന്നത്. ഈ നില തുടരണം എന്നതു തന്നെയാണ് എന്റെ അഭിപ്രായം. അങ്ങനെ തുടരുന്നതിനാവശ്യമായ ധനസമ്പാദനത്തിന് ഈ സ്വത്തുക്കൾ ഉപയോഗിക്കാൻ കഴിയണം.
 4. ഈ ക്ഷേത്രസ്വത്തുക്കൾ ഉപയോഗിച്ച് ക്ഷേത്രാചാരങ്ങൾക്ക് ഭംഗം വരാത്ത വിധത്തിൽ ഒരു മ്യൂസിയം നിർമ്മിക്കുന്നതിനും, അതിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും, അതിൽ നിന്നുള്ള വരുമാനം ക്ഷേത്രാവശ്യങ്ങൾക്ക് മാത്രമായി ഉപയോഗിക്കുന്നതിനും ഉള്ള അധികാരവും അവകാശവും ക്ഷേത്രത്തിൽ നിലവിലുള്ള ട്രസ്റ്റ് സംവിധാനത്തിന് ആവണം.
 5. ഈ ക്ഷേത്രസ്വത്തുക്കൾ സൂക്ഷിക്കുന്നതിനുള്ള ഉറപ്പും സുരക്ഷിതത്വവും നിലവിലെ അറകൾക്ക് ഉണ്ടെന്നാണ് വാർത്തകളിൽ നിന്നും മനസ്സിലക്കുന്നത്. അതിനാൽ ഈ സ്വത്തുക്കൾ നിലവിൽ ഉള്ള സ്ഥലങ്ങളിൽ തന്നെ സൂക്ഷിക്കുന്നതാവും ഉചിതം. മഹാത്മാവിന്റെ കണ്ണട സൂക്ഷിക്കാൻ സാധിക്കാത്ത നാഷണൽ മ്യൂസിയം അധികൃതരും, കേരളിത്തിലെ നിരവധി ക്ഷേത്രങ്ങൾ “സംരക്ഷിച്ചു” കൊണ്ടിരിക്കുന്ന പുരാവസ്തു വകുപ്പും ഇതേറ്റെടുത്താൽ പലതും ആവിയായി പോയി എന്ന് വരാം. ഇവിടെ പൂർണ്ണത്രശീയക്ഷേത്രത്തിൽ കുടകളുടെ സ്വർണ്ണപിടികൾക്കും, എന്തിന് അവയിൽ പതിച്ച വൈരക്കല്ലുകൾക്ക് പോലും വല്ലാത്ത തേയ്മാനമാണ്. അമൂല്യമായ സ്വത്തുക്കൾ സംരിക്ഷിക്കുന്നതിനെ കുറിച്ച് ഉപദേശം നൽകാൻ തയ്യാറായിരിക്കുന്ന ആനന്ദബോസിനും, പുരാവസ്തുവകുപ്പിനും വയനാട്ടിലെ ജൈനക്ഷേത്രങ്ങളും, കേരളത്തിൽ നാമവശേഷമായിക്കൊണ്ടിരിക്കുന്ന പല അതിപുരാതനക്ഷേത്രങ്ങളും ആദ്യം സംരക്ഷിക്കാം കാരണം ഇപ്പോഴെ വൈകി ഇനിയും വൈകിയാൽ അവ ഉണ്ടാവില്ല, അത്രയും ദുർഗതി പത്മനാഭസ്വാമിക്കും ക്ഷേത്രത്തിനും ഉണ്ടായിട്ടില്ല.
 6. ഈ ക്ഷേത്രത്തിനും സ്വത്തുക്കൾക്കും പൂർണ്ണമായ സംരക്ഷണം നൽകേണ്ട ബാധ്യത സർക്കാരിനുണ്ട്. അത് ക്ഷേത്രാചാരങ്ങൾക്ക് തടസ്സം വരാത്ത രീതിയിൽ സർക്കാർ നിർവ്വഹിക്കണം.
 7. രാജഭരണകാലത്ത് നിലനിന്നിരുന്ന അനാചാരങ്ങളും ശിക്ഷാരീതികളും അപലപിക്കപ്പെടേണ്ടതു തന്നെ. എന്നാൽ അത് തിരുവിതാംകൂറിൽ മാത്രം ഒതുങ്ങിനിന്നതല്ല. ഈ രാജ്യത്തിനെ ആകെ ഗ്രഹിച്ചിരുന്ന ഒന്നു തന്നെയാണ് അത്. അത് തീർച്ചയായും അപലപനീയം തന്നെ. അങ്ങനെ ഉള്ള കാലഘട്ടത്തിലൂടെ കടന്നു വന്ന അവസ്ഥയിൽ പത്മനാഭസ്വാമി ക്ഷേത്രത്തിലേതെന്നതു പോലെ രാജ്യത്തിലെ പല പുരാതനങ്ങളായ ക്ഷേത്രങ്ങളിലും (അവയെല്ലാം രാജഭരണകാലഘട്ടത്തിൽ രാജക്കന്മാരുടെ അധീനതയിൽ ഉള്ളതായിരുന്നു, അതിന്റെ സമ്പത്തിന്റെ ഉറവിടം രാജാവ് കാഴ്ചവെച്ച വസ്തുക്കളും നികുതികളിൽ നിന്നുള്ള വരുമാനവും തന്നെയാണ്) ഇത്തരത്തിൽ അമൂല്യമായ സമ്പത്ത് സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. അവയൊന്നും ഒരിക്കലും സർക്കാർ ഖജനവാലേയ്ക്ക് ചേർത്തിട്ടില്ല, മറിച്ച് അതാത് ക്ഷേത്രങ്ങളിൽ തന്നെ സംരക്ഷിച്ച് വരുന്നു. ആ രീതി തന്നെ ഇവിടെയും തുടരണം.
 8. രാജഭരണകാലത്തെ നികുതി സമ്പ്രദായങ്ങളെ പലരും പരുഷമായിട്ടാണ് അപലപിച്ചിരിക്കുന്നത്. അത്തരം നികുതികൾ തിരുവിതാംകൂറിൽ മാത്രമല്ല ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഉണ്ടായിരുന്നു. വളരെ ക്രൂരമായിത്തന്നെയാണ് അത് പിരിച്ചിരുന്നതും. ചുങ്കക്കാരൻ പലപ്പോഴും സമാന്യജനത്തിന് വെറുക്കപ്പെട്ടവൻ തന്നെ ആയിരുന്നു. ചാണക്യന്റെ ഭരണത്തിൻ കീഴിൽ വേശ്യകളിൽ നിന്നും തൊഴിൽനികുതി ഈടാക്കിയിരുന്നതായിപ്പോലും കേട്ടിട്ടുണ്ട്. രാജഭരണത്തിലും, ജനാധിപത്യ ഭരണത്തിലും നികുതി പിരിവിന്റെ ഈ രീതികൾക്ക് കാര്യമായ വ്യത്യാസം ഇല്ല. ജീവൻ‌രക്ഷാമരുന്നുകൾക്കും അത്യാവശ്യമായ ഭക്ഷണ പദാർത്ഥങ്ങൾക്കും ഇന്നും നാം നികുതി നൽകാൻ ബാധ്യസ്തരാണല്ലൊ. പെട്രോളിനും ഡീസലിനും വരെ നാം നൽകുന്ന പണത്തിന്റെ 50% കേന്ദ്രനികുതിയും സംസ്ഥാനനികുതിയുമാണ്. 
 9. രാജഭരണകാലത്ത് പല രീതിയിൽ നിലന്നിരുന്ന ജനദ്രോഹങ്ങൾ പലരും പരാമർശിച്ചത് കണ്ടു. ഇന്നും അഴിമതിയും ജനദ്രോഹവും അധികാരത്തിന്റെ ധാർഷ്ട്യവും തുടരുന്നു. മൂലമ്പിള്ളിയും, സിംഗൂരും, നന്ദിഗ്രാമും, മായവതിയും എല്ലാം ഈ അധികാരധാർഷ്ട്യത്തിന്റെ സമീപകാല ഉദാഹരണങ്ങൾ മാത്രം.  രാജഭരണകാലത്തെ ധൂർത്തും കൊട്ടാരങ്ങളുടെ ആഢംബരവും പലരും കുറ്റപ്പെടുത്തിയ മറ്റൊരു വശമാണ്. ഇന്ന് ഈ ജനാധിപത്യകാലഘട്ടത്തിൽ ഒരു മന്ത്രിസഭമാറി പുതിയത് വരുമ്പോൾ പഴയ മന്ത്രിമാർ താമസിച്ചിരുന്ന വീടുകൾ “മോടിപിടിപ്പിക്കാൻ” പുതിയ മന്ത്രിമാർ ചെലവാക്കുന്ന തുകകൾ നോക്കിയാൽ മാത്രം മതി ആധുനീക കാലത്തെ ധൂർത്ത് അറിയാൻ. അവരവരുടെ ഇഷ്ടത്തിന് അനുസരിച്ച ആഢംബര കാറുകൾ. ഇന്നത്തെ നിയമസഭാ / പാർലമെന്റ് സമ്മേളനങ്ങളുടെ ദുഷ്ചെലവുകൾ രാജക്കന്മാരുടെ ദർബാർ ചെലവുകളെ കടത്തിവെട്ടുന്നവയാണ്. കോടികൾ ചിലവിട്ട് നിർമ്മിച്ച സംസ്ഥാനത്തെ പുതിയ നിയമസഭാമന്ദിരവും ഇത്തരം ധൂർത്തിന്റെ ഉദാഹരണമല്ലാതെ മറ്റെന്താണ്. അന്നും ഇന്നും ഇതിനെല്ലാം ചെലവാകുന്നത് പാവപ്പെട്ടവന്റെ നികുതിപ്പണം തന്നെ. ഉദ്യോഗസ്ഥതലത്തിലെ അഴിമതിയും സ്വജനപക്ഷപാതവും ഒരിക്കലെങ്കിലും സർക്കാർ ഓഫീസിൽ കയറിയവർക്ക് അറിയാം. പണ്ടത്തെ രാജഭരണത്തിൽ നിന്നും ഇന്ന് ആകെ അവകാശപ്പെടാവുന്ന മേന്മ ഭരണാധികാരികളെ തിരഞ്ഞെടുക്കുവാൻ സാധരണക്കാരന് അവകാശമുണ്ടെന്നത് മാത്രം. ഇങ്ങനെ ആകെ അഴിമതിയിൽ മുങ്ങിയിരിക്കുന്ന അവസ്ഥയിൽ ചിലരെങ്കിലും മാനുഷീകമായി പ്രവർത്തിക്കുന്നവർ ഉണ്ടെന്നത് ആശ്വാസം. ഇത്തരക്കാർ എല്ലാ കാലത്തും, രജഭരണത്തിലും ഉണ്ടായിട്ടുണ്ട്.
 10. പത്മനാഭസ്വാമിക്ഷേത്രത്തിലെ സ്വത്തുക്കളെ കുറിച്ച പറയുമ്പോൾ അഭിമാനം തോന്നുന്ന ഒരു കാര്യം തിരുവിതാംകൂർ രാജവംശത്തിന്റെ സത്യസന്ധതയാണ്. പല രീതിയിൽ പത്മനാഭസ്വാമിയ്ക്ക് സമർപ്പിക്കപ്പെട്ട സ്വത്തുക്കളുടെ യഥാർത്ഥ കാവൽക്കാരായി അവർ നിലകൊണ്ടു എന്നത് അഭിനന്ദനാർഹം തന്നെ.
ബൂലോകത്തിലെ പല ചർച്ചകളും, ദൃശ്യമാദ്ധ്യമവാർത്തകളും പത്രവാർത്തകളും നിന്നും എന്റെ അഭിപ്രായമാണ് ഇവിടെ ചേർത്തത്.

7 comments:

 1. വഴിഞ്ഞൊഴുകുന്ന “രാജഭക്തി” അസ്സലായിരിക്കുന്നു !രാജാവിനെക്കൂടി തിരിച്ചുകൊണ്ടു വന്ന് ഭരണം ഏല്‍പ്പിക്കണം എന്നു കൂടി എഴുതിയിരുന്നെങ്കില്‍ പൂര്‍ത്തിയായേനെ..

  ReplyDelete
 2. മണി,
  യോജിപ്പുള്ള അഭിപ്രായങ്ങളും അല്ലാത്തവയും ഉണ്ടു. രാജ ഭരണ കാലത്തെ നിയമങ്ങളെക്കുറിച്ചു പറഞ്ഞ കാര്യങ്ങളോടു യോജിക്കുന്നു.അതാതു കാലത്ത് ലോകത്ത് എല്ലാ ഭരണ കര്ത്താക്കളും ഇമ്മാതിരി നിയമങ്ങള്‍ പലതും നടപ്പാക്കിയിരിക്കാം. അതുകൊണ്ടു മാത്രം ഈ സ്വത്ത് കണ്ടുകെട്ടണം എന്ന വാദത്തോട് എനിക്കും യോജിപ്പില്ല.
  എന്നാല്‍ രാജ ഭരണം അവസാനിച്ച ഇന്ത്യാ മഹാരാജ്യത്തു നിന്നും കണ്ടെടുക്കപ്പെട്ട് ഈ രാജ സ്വത്തിനു ഇപ്പോള്‍ സര്ക്കാര്‍ തന്നെയാണു ഉടമസ്ഥന്‍. എന്ന് വിചാരിച്ചു അതെടുത്ത് വിറ്റു നാടു ഭരിക്കാന്‍ നമ്മുടെ ഇന്നത്തെ വ്യവസ്ഥിതിയില്‍ എളുപ്പമല്ല, അതു പ്രായോഗികവുമല്ല, അതിനാല്‍ തന്നെ അതീനു തുനിയാതിരിക്കുകയാനു നല്ലത്.

  തിരിവിതാംകൂര്‍ രാജവംശത്തിലുള്ള (ജീവിച്ചിരിക്കുന്ന)ആളുകള്‍ക്ക് ഇതെപ്പറ്റി അറിവുണ്ടായിരുന്നിട്ടും അവര്‍ ഇതെടുക്കാന്‍ ശ്രമിച്ചില്ല എന്നത് ഉള്ക്കൊള്ളാന്‍ പ്രയാസമാണു. ഇന്നു ജീവിച്ചിരിക്കുന്ന തലമുറയുടെ അറിവിനു അപ്പുറത്തുണ്ടായിരുന്ന വസ്തു വഹകളാവാനാണു സാദ്ധ്യത. അല്ലാത്ത പക്ഷം ഇതെല്ലാം എന്നെ കടത്തപ്പെട്ടേനെ.

  ReplyDelete
 3. sunil chettan paranjathinodu yojikkunnu....eppozhathe adhikarikal cheyyunna dhurthu pazhaya rajakkanmar cheythathinu nyayikaranam avunnilla...mulakkaram prichum nattu rajyangale kollacheythum nediya swathanathu...ee rajawamsam mayajalam kondu srishtichathonnu mallallo?
  rajakkanmarude andamaya bhakthi kondu swathukkal edukkanjathu avarude mahathwamlla...enthengilum mahathwamudayirunnengil avar thazhnna jathikkare manushyarayi kkanu marirunnu....

  ennu swatham nattukaran sujith

  ReplyDelete
 4. ക്ഷേത്ര സ്വത്തിനെ പറ്റി രാജവംശം അവകാശം ഉന്നയിച്ചില്ലാ എന്ന് പറയുന്നത് ശരിയല്ല.സുപ്രീം കോടതിയിലെ അപ്പീലിനു ഉപോദ്ബലകമായ തിരുവനന്തപുരം സബ് കോടതിയിലെ കേസും കേരളാ ഹൈകോടതിയില്‍ ഇപ്പോഴത്തെ രാജാവ് കൊടുത്ത കേസും നല്ല നല്ലവണ്ണം പഠിക്കുക. നൂറു ഏക്കര്‍ ഉണ്ടായിരുന്ന കവടിയാര്‍ കൊട്ടാര കോമ്പൌണ്ട് ഇപ്പോള്‍ എത്ര ഉണ്ടെന്ന് തിരിച്ചറിയുക. അതും വിറ്റ് കഴിഞ്ഞു ക്ഷേത്രത്തിലേക്ക് കൈകള്‍ നീളുമെന്ന് ഭയന്ന ചില പ്രജകള്‍ പറ്റിച്ച പൊല്ലാപ്പാണു ഇപ്പോഴത്തെ കേസിന്റെ അടിസ്ഥാനം. സമയം കിട്ടുമ്പോള്‍ ആ കേസുകളുടെ ചുരുക്കം പോസ്റ്റ് ചെയ്യാമെന്ന് കരുതുന്നു.

  ReplyDelete
 5. ഇവിടെ എത്തി അഭിപ്രായം അറിയിച്ച എല്ലാവർക്കും നന്ദി.
  സുനിലേട്ടാ ഒന്നിനേയും പൂർണ്ണമായും തെറ്റായോ, ശരിയായോ ഞാൻ പറഞ്ഞിട്ടില്ല, പറയുമ്പോൾ രണ്ടു വശവും പറയണം. ഒരു കാലഘട്ടത്തിൽ ഉണ്ടായിരുന്ന അനാചാരങ്ങൾ അന്നത്തെ തെറ്റായ നിയമവ്യവസ്ഥകൾ എല്ലാം അപലപിക്കപ്പെടേണ്ടതു തന്നെ. എന്നാൽ അവർ ചെയ്ത ചില നല്ലകാര്യങ്ങൾ പരാമർശിക്കാതെ പോകുന്നത് ശരിയല്ല എന്ന് ഞാൻ കരുതുന്നു. കേരളത്തിന് ചില നല്ല കാര്യങ്ങൾ ചെയ്ത ഇന്നത്തെ കേരളത്തിന്റെ വികസനത്തിന് അടിസ്ഥാനമിട്ട പല നടപടികളും ഈ രാജവംശം ചെയ്തു എന്നതാണ് ഞാൻ മനസ്സിലാക്കുന്നത്. ആദ്യത്തെ ആശുപത്രി, ഇഗ്ലീഷ് വിദ്യാഭ്യാസം, ഫാൿട് പോലുള്ള വ്യവസാ‍യ സ്ഥാപനങ്ങൾ, പള്ളിവാസൽ ജലവൈദ്യുതപദ്ധതി ഇവയെല്ലാം തിരുവിതാംകൂർ രാജവംഗത്തിന്റെ നേട്ടങ്ങൾ ആയി പറയപ്പെടുന്ന ചിലതാണ്. നമുക്ക് ഇഷ്ടമില്ലാത്തവരുടെ ഒരു നന്മയും പറയരുതെന്ന നിർബന്ധബുദ്ധി എനിക്കില്ല.

  അനിലേട്ടൻ ഇക്കാര്യം അറിവുണ്ടായിരുന്നു എന്നുതന്നെയാണ് പല ചരിത്രരേഖകളും പറയുന്നത് എന്ന് ചരിത്രകാർന്മാർ തന്നെ അവകാശപ്പെടുന്നു. പിന്നെ ഈ സ്വത്തുക്കൾ രാജസ്വമല്ല ദേവസ്വം ആണെന്നാണ് എന്റെ അഭിപ്രായം.

  സുജിത്ത് അങ്ങനെ ന്യായീകരിച്ചതല്ല, അധികാരത്തിലിരിക്കുന്നവരുടെ ധാർഷ്ട്യവും ധൂർത്തും എല്ലാക്കാലത്തും ഉണ്ട്. മുലക്കരം പോലുള്ള അനാചാരങ്ങൾ ഒരു കാഘട്ടത്തിന്റെ അനാചാരമാണ്. അപലപിക്കുക തന്നെ വേണം. ജീവിതകാലത്ത് എല്ലാ സുഖഭോഗങ്ങളും അനുഭവിച്ച രാജാ‍ക്ക്ന്മാർ മരണശേഷവും അത് അനുഭവിക്കുന്നതിനായി തങ്ങളുടെ ശവക്കല്ലറകൾ സ്വർണ്ണവും രത്നവും കൊണ്ട് ജീവിതകാലത്തു തന്നെ നിറച്ചിരുന്ന പിരമിഡുകൾ അതും ജനങ്ങളെ പിഴിഞ്ഞും അടിമവേലചെയ്യിച്ചും ഉണ്ടാക്കിയതു തന്നെ. ലോകാത്ഭുതമായി കണക്കാക്കുന്ന ചൈനയിലെ വന്മതിൽ അതിനു പിന്നിൽ എത്ര ജനങ്ങളുടെ ജീവൻ ഹോമിച്ചിട്ടുണ്ട്. അവിടേയും അടിമവേലതന്നെയല്ലെ ചെയ്യിച്ചിരുന്നത്. ഇന്ത്യയിൽ പണികഴിക്കപ്പെട്ടിട്ടുള്ള മറ്റനേകം മഹാക്ഷേത്രങ്ങൾ എല്ലാം ഇപ്രകാരം ജനങ്ങളുടെ കഷ്ടപ്പാടുകളെ തന്നെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഇത്തരം ചെയ്തികൾ ഒരു തിരുവിതാംകൂറിൽ മാത്രം ഒതുങ്ങിനിന്നിരുന്നില്ല.

  ഷെരിഫ് സാർ ഈ വിഷയത്തിൽ അങ്ങയോളം ഗ്രാഹ്യം എനിക്കില്ല. എന്നാലും ഞാൻ മനസ്സിലാക്കുന്നത് ക്ഷേത്രസ്വത്തുക്കൾ തങ്ങളുടേതാണെന്ന അവകാശവാദം രാജകുടുംബം ഉന്നയിച്ചിട്ടില്ല എന്നതാണ്. നിലവിലെ വ്യവസ്ഥ അനുസരിച്ച് പത്മനാഭസ്വാമിക്ഷേത്രത്തിന്റെയും അതിന്റെ സ്വത്തുക്കളുടേയും (ഇപ്പോൾ പുറത്തുവന്നവ ഉൾപ്പടെ) സൂക്ഷിപ്പുചുമതല രാജവംശത്തിനാണെന്ന് ഞാൻ കരുതുന്നു. അതുകൊണ്ട് തന്നെ ആ സ്വത്തുക്കളെ സംബന്ധിക്കുന്ന ഏത് തീരുമാനത്തിലും രാജകുടുംബത്തിന്റെ അഭിപ്രായം പരിഗണിക്കപ്പെടേണ്ടതല്ലെ.

  ReplyDelete
 6. ഒന്ന് തീര്‍ച്ച, ആ രാജകുടുംബത്തിന്റെ സത്യസന്ധതയും പദ്മനഭാസ്വമിയില്‍ ഉള്ള വിശ്വാസവും അഭിനന്ദനാര്‍ഹം തന്നെ. അവര്‍ക്ക് ഈ തിരുവിതാംകൂര്‍ രാജ്യം ഇന്ത്യയില്‍ ചേര്‍ത്ത് കുരുതികഴിക്കുന്നതിനു മുന്‍പുതന്നെ ആ സ്വത്തുക്കള്‍ അടിച്ചുമാറ്റാമായിരുന്നു, പക്ഷെ അവരത് ചെയ്തില്ല. ചിത്തിരതിരുനാള്‍ മഹാരാജാവ് ചെയ്തതില്‍ കൂടുതല്‍ ഏതു ഭരണാധികാരി അല്പം വലിയതായി കേരളത്തിനുവേണ്ടി ചെയ്തിട്ടുണ്ട് സാറേ, പിന്നെ വന്നതില്‍ പാതിയും കള്ളന്മാരും, കള്ളനു കഞ്ഞി വെച്ചവരും, കഞ്ഞിക്കലം പോലും അടിച്ചു മാറ്റിയവരും ഒക്കെ അല്ലെ? ക്ഷേത്രത്തിന്റെ സ്വത്തുക്കള്‍ ക്ഷേത്രത്തില്‍ തന്നെ ഇരിക്കട്ടെ.. ആ പോയിന്റ്‌ 3 നല്ല ഒരു സജെഷന്‍ ആണ്.

  ReplyDelete
 7. sandynair ഇവിടെ എത്തിയതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി. ക്ഷേത്രത്തിലെ സ്വത്തുക്കൾ ക്ഷേത്രത്തിൻ തന്നെ ഇരിക്കണമെന്നും അത് ക്ഷേത്രത്തിന്റെ ആവശ്യങ്ങൾക്കായി വിനിയോഗിക്കപ്പെടണം എന്നതും തന്നെയാണ് എന്റെയും അഭിപ്രായം.

  ReplyDelete