5 December 2008

മാധ്യമങ്ങളോട് ഒരു അഭ്യർത്ഥന | An appeal to the media

കണ്ണൂർ ജില്ലയിലെ ഇരിക്കൂരിൽ സ്കൂൾവിദ്യാർത്ഥികളുടെ മേൽ വാഹനം കയറി ഒൻപതു പിഞ്ചുകുട്ടികൾ മരിച്ച ദാരുണസംഭവം മലയാളത്തിലെ എല്ലാ വാർത്താചാനലുകളും റിപ്പോർട്ട് ചെയ്തതാണ്. പ്രേക്ഷകരായ ഞങ്ങളിലേയ്ക്ക് അപകടത്തിന്റെ വിശദാംശങ്ങളും ദൃശ്യങ്ങളും എത്തിക്കുന്നതിന് നിങ്ങൾനടത്തിയ പരിശ്രമം തികച്ചും അഭിനന്ദനാർഹം തന്നെ. എന്നാൽ കടുത്ത മത്സരം നിലനിൽക്കുന്ന ഈ രംഗത്ത് വാർത്തകൾ പ്രേക്ഷകരിലേയ്ക്ക് എത്തിക്കുന്നതിന് നിങ്ങൾ കാണിക്കുന്ന വ്യഗ്രത പലപ്പോഴും എല്ലാം അതിർവർമ്പുകളും ലംഘിക്കുന്നതാണെന്നു പറയാതെ വയ്യ. ഇതു ആദ്യമായിട്ടല്ല ഇത്തരം അപകടങ്ങളുടെ ദൃശ്യങ്ങൾ കാണികളിൽ ജുഗുപ്സ ഉണ്ടാക്കുന്ന തരത്തിൽ ദൃശ്യമാധ്യമങ്ങളിൽ വരുന്നത്. ചിലഘട്ടങ്ങളിൽ ഊതിപ്പെരുപ്പിച്ച കണക്കുകളും ഊഹാപോഹങ്ങളും അനാവശ്യമായ ഉത്കണ്ഠ കാണികളിലും ദുരത്തിനിരയായവരുടെ ബന്ധുക്കളിലും ഉണ്ടാക്കുന്നു എന്നതും ദയവായി മറക്കാതിരിക്കുക.

ഒരു വാർത്തയുടെ വിശദവിവരങ്ങൾനൽകുന്ന മുഴുവൻ സമയവും മരിച്ചുകിടക്കുന്ന പിഞ്ചുകുട്ടികളെ ഇങ്ങനെ തുടർച്ചയായി കാണിക്കേണ്ടതുണ്ടോ? ഈ ദൃശ്യങ്ങൾ തുടർച്ചയായി കാണുന്ന കാണികളിൽ, പ്രത്യേകിച്ച് അമ്മമാരിൽ ഉണ്ടാക്കുന്ന വികാരങ്ങളെക്കുറിച്ച് അല്പമെങ്കിലും ചിന്തിച്ചുകൂടെ?

എന്തെങ്കിലും അപകടങ്ങൾ നടക്കുമ്പോൾ സംഭവസ്ഥലത്തുനിന്നും ദൃക്‌സാക്ഷികളിൽ നിന്നും നിങ്ങൾ എത്തിക്കുന്ന വിവരങ്ങൾ അപകടത്തെക്കുറിച്ചുള്ള ഒരു വ്യക്തമായ ചിത്രം പ്രേക്ഷകരായ ഞങ്ങൾക്കു നൽകുന്നു എന്നതു ശരി തന്നെ. എന്നാൽ അപകടത്തിൽ പരിക്കേറ്റവർക്ക് അത്യാവശ്യമായ വൈദ്യസഹായം ലഭ്യമാക്കുന്ന ആശുപത്രികളുടെ തീവ്രപരിചരണ വിഭാഗത്തിലും നിങ്ങൾ എത്തുന്നു. ഒന്നോ രണ്ടോ ആളുകല്ല മറിച്ച് പത്തും ഇരുപതും പേർവരുന്ന സംഘമാണ് ഇത്തരത്തിൽ ക്യാമറകളും മറ്റുമായി തീവ്രപരിചരണ വിഭാഗങ്ങളിൽ കയറുന്നത്. സ്വാഭാവികമായും ഇത്തരം ഒരു അപകടം നടന്നാൽ ബന്ധുക്കളുണ്ടോ എന്നു തിരഞ്ഞെത്തുന്നവരേയും, പരിക്കേറ്റവർക്ക് ആവശ്യമായ പരിചരണം നൽകുന്നവരേയും കൊണ്ട് നിറഞ്ഞിരിക്കുന്ന തീവ്രപരിചരണ വിഭാഗങ്ങൾ മാധ്യമപ്രവർത്തകരുടെ ഇരച്ചുകയറ്റം കൂടിയാവുമ്പോൾ ശ്വസം‌മുട്ടുന്ന കാഴചയാണ് കാണാറ്. തീവ്രപരിചരണവിഭാഗത്തിൽ ഇത്തരത്തിൽ ഉണ്ടാവുന്ന തിരിക്ക് പരുക്കേറ്റവർക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കുന്നതിൻ തടസ്സം‌സൃഷ്ടിക്കുമെന്നതിൽ രണ്ടഭിപ്രായം ഉണ്ടെന്നു ഞാൻ കരുതുന്നില്ല. അപകടത്തിൽ മുറിവുകളേറ്റു എത്തുന്നവരേക്കാൾ പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നത് മാധ്യമപ്രവർത്തകരാണെന്നു പരിചയമുള്ള പല ഡോക്ൿടർമാരും, നെഴ്‌സിങ്ങ് വിഭാഗത്തിൽ ഉള്ളവരും പറയാറുണ്ട്. തീവ്രപരിചരണവിഭാഗത്തിൽ ഇത്തരത്തിൽ ഉണ്ടാവുന്ന തിക്കുംതിരക്കും അപകടം ഏല്‍പ്പിച്ച ആഘാതവും, ശരീരത്തിലേറ്റ മുറിവുകളുടെ വേദനയുമായി കഴിയുന്ന വ്യക്തികളിൽ ഉണ്ടാക്കുന്ന മാനിസികമായ വൈഷമ്യങ്ങളെക്കുറിച്ച് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ?

മലയാളികൾ പൊതുവേ വാർത്തകൾ അറിയുന്നതിന് കൂടുതൽ ഔത്സുക്യം ഉള്ളവരാണ്. അതുകൊണ്ടാണ് ഈ കൊച്ചു കേരളത്തിൽ ഇത്രയധികം വാർത്താചാനലുകളും, വർത്തമാനപത്രങ്ങളും, വാർത്താമാസികകളും ഉള്ളത്. എന്നാൽ വാർത്തകൾ പ്രേക്ഷകർക്കു മുൻപിൽ ആദ്യം എത്തിക്കുന്നതിനുള്ള കിടമത്സരം ഇന്നു ദൃശ്യമാധ്യമങ്ങളിൽ വളരെക്കൂടുതലാണ്. ജാഗ്രത്തായ മാധ്യമപ്രവർത്തനം സമൂഹത്തിലെ അഴിമതിയേയും, മറ്റുതിന്മകളേയും കുറയ്ക്കുന്നതിനു സഹായിക്കുന്നു എന്നതിലും, മൂടിവെയ്ക്കപ്പെടുന്ന പല സത്യങ്ങളേയും വെളിച്ചത്തുകൊണ്ടുവരുന്നു എന്നതിലും തർക്കമില്ല. എന്നാൽ അപകടങ്ങൾ പോലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ സം‌യമനവും ദൃശ്യങ്ങളുടെ കാര്യത്തിൽ അല്പം വിവേകവും വേണമെന്ന വിനീതമായ അഭ്യർത്ഥനയാണ് എനിക്കുള്ളത്.

9 comments:

  1. നന്നായി.
    "മൂടിവെയ്ക്കപ്പെടുന്ന പല സത്യങ്ങളേയും വെളിച്ചത്തുകൊണ്ടുവരുന്നു എന്നതിലും തര്‍ക്കമില്ല"
    പലതും ഇവര്‍ക്ക് മൂടി വെയ്ക്കാനും മാറ്റി മറിക്കാനും കഴിയും എന്നതും ണറക്കണ്ട.

    ReplyDelete
  2. അപകടങ്ങളും ദുരന്തങ്ങളും ഒക്കെ ജനങ്ങളെ അറിയിക്കുക എന്ന കര്‍ത്തവ്യത്തിനുപരിയായി ഇതൊക്കെ ആഘോഷിക്കുകയല്ലേ ഇപ്പോള്‍ മാദ്ധ്യമങ്ങള്‍....അതിനെ എതിര്‍ക്കാനും കഴിയില്ല കാരണം മാദ്ധ്യമ സ്വാതന്ത്ര്യം എന്നൊരു സംഭവം അങ്ങ് തകര്‍ന്ന് പോയാലോ.....

    ഇതൊന്നു നോക്കൂ മാദ്ധ്യമങ്ങള്‍ ആര്‍ക്ക് വേണ്ടി ?

    ReplyDelete
  3. Live with dignity എന്നതൊരു അടിസ്ഥാന മനുഷ്യാവകാശമാണെങ്കിൽ,ഒരാൾ മരിച്ചുവീഴുന്ന നിമിഷം അതില്ലാതാകുമോ?
    സാധാരണ മരണമായാലും അസാധാരണ മരണമായാലും,മരിച്ചുകിടക്കുന്ന വ്യക്തിയുടെ അന്തസ്സിനെ ചവിട്ടിമെതിച്ചുകൊണ്ടാൺ എക്സ്ട്രീം ക്ലോസപ്പ് കാഴ്ച്ചകൾ പൊതുജനത്തിനു മുൻപിൽ തുറന്നു വെയ്ക്കപ്പെടുന്നത്.
    ഇന്നലെ മരിച്ചുവീണ ആ കുഞ്ഞുങ്ങളെ ഇതാ ഇപ്പോഴും ആഘോഷിച്ചു തീർന്നിട്ടില്ല.

    ReplyDelete
  4. കേരളഫാർമർ, മാറുന്നമലയാളി, ഭൂമിപുത്രി നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ പങ്കുവെച്ചതിനു നന്ദി.

    ചന്ദ്രശേഖരൻ സർ അങ്ങു പറഞ്ഞതു ശരിയാണ്. വാർത്തകൾ വളച്ചൊടിച്ചും, സെൻസേഷണൽ ആക്കിയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനും മാധ്യമങ്ങൾക്ക് കഴിയും എന്നതിൽ സംശയമില്ല. അത്തരത്തിലുള്ള നിരവധി ഉദാഹരണങ്ങളും നമുക്ക് കാണാൻ സാധിക്കും.

    മാറുന്നമലയാളി ലിങ്കിനു നന്ദി. താങ്കൾ പറഞ്ഞതുപോലെ മാധ്യമങ്ങൾ പലതും വ്യക്തമായ രാഷ്ട്രീയചായ്‌വുള്ളവയാണ്. നിഷ്പക്ഷമായി വാർത്തകൾ അവതരിപ്പിക്കുന്ന പത്രങ്ങൾ വളരെക്കുറവാണ്. സമീപകാലത്ത് ഒരു ഭരണകൂടവുമായി ഏറ്റവും രൂക്ഷമായ ഏറ്റുമുട്ടൽ നടന്നത് ദി ഹിന്ദു പത്രവും തമിഴ്‌നാടും തമ്മിലാണെന്നു തോന്നുന്നു.

    ഭൂമിപുത്രി ശരിയാണ് വാർത്തകൾ അവതിരിപ്പിക്കുന്നതിനുള്ള തിരക്കിൽ ഇത്തരം മാനുഷീകമൂല്യങ്ങൾ ഇവർ മറക്കുന്നതാണെന്നു കരുതാൻ വയ്യ. മനഃപൂർവ്വം തന്നെയാവണം ഇത്തരം ദൃശ്യങ്ങൾ തുടർച്ചയായി കാണിക്കുന്നത്.

    ReplyDelete
  5. വാർത്താചാനലുകളുടെ എണ്ണം കൂടിയതിന്റെ ഫലമായുണ്ടായിരിക്കുന്ന കോംപറ്റീഷൻ മൂലം വാർത്താപ്രസരണത്തിന്റെ നിലവാരം മുൻപെപ്പോഴെങ്കിലും ഇന്നു കാണുന്നതുപോലെ താഴ്‌ന്നിട്ടുണ്ടോ എന്ന് സംശയം.

    ReplyDelete
  6. deepdowne താങ്കളുടെ അഭിപ്രായം ഇവിടെ പങ്കുവെച്ചതിനു നന്ദി. വാർത്തകൾ അവതരിപ്പിക്കപ്പെടുന്ന രീതി വാർത്താചനലുകളുടെ നിലവാരം താഴ്ത്തിയിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. സമഗ്രമായ വാർത്തനൽകുന്ന ചാനലുകൾ മലയാളത്തിൽ കുറവാണ്. പ്രധാനവാർത്താചാനലുകൾ എല്ലാം സെൻസേഷണൽ ആയ വാർത്തകൾക്ക് പിന്നാലെ പായുന്ന കാഴ്ചയാണ് ഇന്ന്.

    ReplyDelete
  7. രാഷ്ട്രീയക്കാരെ എന്ന പോലെ മാധ്യമങ്ങള്‍ക്കും മൂക്ക് കയര്‍ ഇടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

    ReplyDelete
  8. സത്യത്തെ അസത്യമാക്കാനും അസത്യത്തെ സത്യം ആക്കാനും ഉള്ള മാദ്യമങ്ങളുടെ കഴിവു അപാരം തന്നെ ആണു. ഇത്രയും നാൾ മാദ്യമ വാർത്തകളെ വിശ്വാസതയോടെ വീക്ഷിച്ചു കൊണ്ടിരുന്ന ഞാൻ ഇന്നു എറ്റവും അവഗണിക്കുന്നതു ഇവറ്റകളെ തന്നെ ആണു. എനിക്കുണ്ടായ ഒരു ദുരനുഭവം തന്നെ ആണു കാരണം. കഴിഞ ജനുവരി 7നു ഞങ്ങൾ പി അസ് യു ഓയിൽ സെക്റ്റർ ഓഫിസ്സർമാർ ഉയർന്ന വേദനത്തിനായി സമരം നടത്തുകയുണ്ടായി. സമരം തുടങിയതിനു അന്നു തന്നെ പല മാദ്യമങലിലും വളരെ വിപരീതമായ വാർത്തകൾ ആണു കണ്ടതു. എണ്ണ കമ്പനികളുടെ സമരം സാധാരണ ജനങ്ങളിൽ ബുധിമുട്ടുളവാക്കി എന്നതു ശരി തന്നെ. എന്നാൽ പി എസ് യു എണ്ണകമ്പനി ഉദ്യോഗസ്ത്തരുടെ(എണ്ട്രി ലെവൽ ഓഫിസർ) മാസവരുമാനം ഒരു ലക്ഷത്തിൽ കവിയും എന്നും ഇവർ രാജ്യദ്രോഹികൾ ആണെന്നും ഉള്ള തെറ്റിധരിപ്പിക്കുന്ന വാർത്തകൾ ആയിരുന്നു ഒട്ടു മിക്ക മാദ്യമങ്ങളിലും പ്രചരിച്ചിരുന്നതു.(അക്ഷരാർത്തിൽ ഞാൻ വർക്ക് ചെയ്യുന്ന ഓ എൻ ജി സിയുടെ ചെയർമാനു പോലും 70000 ആണു പ്രതി മാസ ശംബളം, എന്നിട്ടാനു എണ്ട്രി ലെവെൽ ഓഫിസർമാരുടെ കാരിയം). മറ്റൊരു ചിരിപ്പിക്കന്ന വാർത്ത ഓഫിസർമാർ എ സി മുറികളിൽ ഇരുന്നു പണി ചെയ്യുന്നവർ ആണെന്നാണു. എ സി മുറികളിൽ ഇരുന്നു എണ്ണ ഉല്പാദിപ്പിക്കുന്ന തന്ത്രം ഇത്തരം മാദ്യമങ്ങൾക്കു മാത്രമേ അറിയു. പൊതു മെഘല സ്താപനങളെ സ്വകാര്യ സ്താപനങ്ങൾക്കു മറിചു വിൽക്കുന്നതിനുള്ള (കുറഞ്ഞ വേതനം തുടർന്നാൽ തീർചയായും പൊതു മെഘല സ്ഥാപനങ്ങളിൽ കൊഴിഞ്ഞ് പോക്കു തുടരും)ചില ബ്യുറോക്രാറ്റുകളുടെ താൽ‌പ്പര്യങ്ങൽക്കാണു ഇത്തരതിൽ മാദ്യമങ്ങൾ പരമ സഹായം ചെയ്തു കൊടുത്തതു. ഇന്നു നമ്മുടെയ് നാട്ടിലെ പെട്രോൾ പമ്പുകളിൽ കുറഞ്ഞ വിലക്കു എണ്ണ ലഭിക്കുന്നതിന്റെയ് പ്രധാന കാരണം ഇത്തരം പൊതുമെഖല എണ്ണ കമ്പനികൽ കൊടുക്കുന്ന സബ്സിടി ആണു. ഇവ സ്വകാര്യ വൽക്കരിക്കപെട്ടാൽ സബ്സിട്യ് പോയിട്ടു 5 പൈസയുടെ കിഴിവു ലഭിക്കുമെന്നു എനിക്കു തോന്നുന്നില്ല.
    മാദ്യമങ്ങൾ മൂല്യാധിഷ്ഠമായ പ്രവർത്തനം നടതതണം എന്നുതു തന്നെ ആണു എന്റെ അഭിപ്രായം.

    ReplyDelete
  9. സൂത്രൻ: ഇത്രയും വിശദമായ ഒരു മറുപടിയ്ക്കും, സന്ദർശനത്തിനും നന്ദി. പലപ്പോഴും ദേശീയമാധ്യമങ്ങൾ ഉൾപ്പടെയുള്ള ചാനലുകൾ കാഴ്ചക്കാരുടെ/ശ്രോതാക്കളുടെ ഭാഗത്തുനിന്നും റിപ്പോർട്ട് ചെയ്യുന്നതാണ് ഈ പ്രശ്നത്തിനു കാരണം എന്നു ഞാൻ കരുതുന്നു. ഇതിനു പ്രധാനകാരണം കാണികളുടെ എണ്ണം കൂട്ടുക എന്നതുതന്നെ. ഇന്ത്യയിലെ ഏറ്റവും നല്ല (ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള) വാർത്താചനൽ എന്ന ബഹുമതി ഒന്നിലധികം തവണ നേടിയ ആജ്‌തകിന്റെ പല റിപ്പോർട്ടുകളും ഒരു സാമാന്യ നിലവാരത്തലും താഴെപ്പോവാറുണ്ട്. നാലുമണിക്കൂറോളം തുടർച്ചയായി ചർച്ചചെയ്ത ആളില്ലാതെ ഓടുന്ന കാർ, മോഷ്ടിക്കപ്പെട്ട മാല കള്ളന്റെ വയറ്റിൽ നിന്നും പുറത്തെടുക്കാനുള്ള വിദ്യകൾ പ്രേക്ഷകരോടു ചോദിച്ചത് എന്നിവ ആ ചാനലിന്റെ നിലവാരതകർച്ചയെ സൂചിപ്പിക്കുന്നു. സൂത്രന്റെ ബ്ലോഗിൽ ഓയിൽ മേഖലയിലെ ഓഫീസർമാരുടെ സമരത്തെക്കുറിച്ച് ആജ്‌തക് പോലുള്ള മാധ്യമങ്ങൾ റിപ്പോർട്ടചെയ്ത രീതി എഴുതിയതു കൊണ്ട് ആജ്‌തകിന്റെ തന്നെ മറ്റൊരു റിപ്പോർട്ട് സൂചിപ്പിച്ചതാണ്. പലപ്പോഴും ചാനലുകൾക്കും അവരുടേതായ ഗൂഢരാഷ്‌ട്രീയ ലക്ഷ്യങ്ങൾ ഉള്ളതും നിഷ്‌പക്ഷമായ റിപ്പോർട്ടിങ്ങിന് തടസ്സം നിൽക്കുന്നു.

    ReplyDelete