21 September 2013

ബസ്സുകളുടെ സമയക്രമം ആർ ടി ഓഫീസിൽ ലഭ്യമല്ല!

എറണാകുളം ജില്ലയിൽ സർവ്വീസ് നടത്തുന്ന ബസ്സുകളുടെ സമയക്രമം എറണാകുളം ആർ ടി ഓഫീസിൽ അന്വേഷിച്ചാൽ കിട്ടും എന്നായിരുന്നു എന്റെ ധാരണ. ഇനി നിങ്ങൾക്കാർക്കെങ്കിലും അങ്ങനെ ഒരു ധാരണ ഉണ്ടെങ്കിൽ അതുമാറ്റാൻ സമയമായി. കാരണം അങ്ങനെ സമയക്രമം 'ക്രോഡീകരിച്ച്' വയ്ക്കുന്ന സമ്പ്രദായം ആർ ടി ഓഫീസിൽ ഇല്ലത്രെ! എനിക്ക് ഇതൊരു പുതിയ അറിവാണ്. ഇനി സമയക്രമം അറിയാൻ എന്തുചെയ്യണം? അതാണ് എന്റെ ചോദ്യം.

G7/188/2013/RTI/E റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് എറണാകുളം തീയതി 11/09/2013

ഇനി അല്പം ചരിത്രം കൂടി പറയാം. ഞാൻ താമസിക്കുന്നത് എറണാകുളം ജില്ലയിലെ വൈപ്പിൻ ദ്വീപിലാണ്. എറണാകുളത്ത് ഹൈക്കോടതി ജങ്ഷനിൽ നിന്നും സ്വകാര്യബസ്സുകളും കെ എസ് ആർ ടി സി ബസ്സുകളുമായി മുന്നൂറിനടുത്ത് ബസ്സുകൾ വൈപ്പിൻ - പള്ളിപ്പുറം സംസ്ഥാനപാതയിലൂടെ സർവ്വീസ് നടത്തുന്നുണ്ട്. രാത്രി 10:10വരെ ഹൈക്കോടതി ജങ്ഷനിൽ നിന്നും ഈ റൂട്ടിൽ ബസ്സ് സർവ്വീസ് ഉണ്ട്. എന്നാൽ കഴിഞ്ഞ ഏതാനും മാസങ്ങൾ ആയി രാത്രി 8 മണിക്ക് ശേഷം ഈ റൂട്ടിൽ സർവ്വീസ് നടത്തേണ്ട പല ബസ്സുകളും സർവ്വീസ് നടത്തുന്നില്ല. കാരണം കുടിവെള്ളപൈപ്പുകൾ സ്ഥാപിക്കുന്നതിനായി വെട്ടിപ്പൊളിച്ച വൈപ്പിൻ - പള്ളിപ്പുറം സംസ്ഥാനപാത (കഴിഞ്ഞ ഏഴുവർഷമായി തകരാതെ കിടന്ന ഈ പാത സംസ്ഥാനത്തിനു തന്നെ മാതൃകയാണെന്ന് ഹൈക്കോടതി വരെ പരാമർശിച്ചതാണ്. കുടിവെള്ള പൈപ്പുകൾക്കായി വെട്ടിപ്പൊളിക്കാത്ത ഭാഗങ്ങൾ ഇപ്പോഴും ഒരു തകരാറും ഇല്ലാതെ നിൽക്കുന്നുണ്ട്) സഞ്ചാരയോഗ്യമാക്കാത്തതു തന്നെ. ഇതുമൂലം രാത്രി 8 മണിയ്ക്ക് ശേഷം ഹൈക്കോടതി ജങഷനിൽ നിന്നും ബസ്സിൽ കയറാൻ വല്ലാത്ത ബുദ്ധിമുട്ടാണ്. വൈപ്പിനിൽ താമസിക്കുന്ന നല്ലൊരു വിഭാഗം ആളുകളും ജോലിയ്ക്കും പഠനത്തിനും ആശ്രയിക്കുന്നത് എറണാകുളം നഗരത്തെ ആണ്. ജോലിക്കാരിൽ നല്ലൊരു വിഭാഗം കുറഞ്ഞ ശംബളത്തിൽ എറണാകുളത്തെ വിവിധവാണിജ്യസ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവരും. ഇങ്ങനെയുള്ള ജനങ്ങൾ പലപ്പോഴും ബസ്സ് ലഭിക്കാതെ ഓട്ടോ റിക്ഷയിൽ ഇരുന്നൂറും മുന്നൂറും രൂപ മുടക്കിയാണ് രാത്രി വീടെത്തുന്നതുതന്നെ. സ്ഥിരമായി രാത്രി സർവ്വീസുകൾ മുടക്കുന്ന ബസ്സുകൾക്കെതിരെ പരാതി നൽകുക എന്ന ഉദ്ദേശത്തോടെ രാത്രി 8 മണിക്ക് ശേഷം ഹൈക്കോടതി ജങ്ഷനിൽ നിന്നും സർവ്വീസ് ആരംഭിക്കേണ്ട ബസ്സുകളുടെ വിവരം നൽകണം എന്ന് ആവശ്യപ്പെട്ട് ഞാൻ 16/08/2013 എറണാകുളം ആർ ടി ഓഫീസിൽ വിവരാവകാശനിയമപ്രകാരം അപേക്ഷനൽകി. അതിനുള്ള മറുപടിയാണ് മുകളിലെ ചിത്രം.ഈ മറുപടിയിൽ  ബസ്സുകളുടെ നമ്പർ സഹിതം അപേക്ഷിച്ചാൽ അവയുടെ സമയക്രമം അറിയിക്കാം എന്നാണ് പറയുന്നത്.  ബസ്സുകൾ ഏതൊക്കെ എന്നറിയാതെ എങ്ങനെയാണ് ഞാൻ അവയുടെ നമ്പർ വെച്ച് സമയക്രമം (ടൈം ഷെഡ്യൂൾ) നൽകാൻ ആവശ്യപ്പെടുക? കെ എസ് ആർ ടി സി ബസ്സുകളുടെ നമ്പർ എങ്ങനെ നൽകും? സാധാരണ വിവരാവകാശനിയമപ്രകാരം നൽകുന്ന മറുപടിയിൽ ആ മറുപടി തൃപ്തികരമല്ലെങ്കിൽ സമീപിക്കേണ്ട അപ്പെലറ്റ് അതോറിറ്റി ഏതെന്ന വിവരം രേഖപ്പെടുത്തിയിരിക്കും. ഇവിടെ അതും സൂചിപ്പിച്ചിട്ടില്ല.

4 August 2013

റോഡ് നിർമ്മാണം പുതിയ രീതി

ജയസൂര്യ റോഡിൽ കല്ലും മണ്ണും ഇട്ട് കുഴിയടച്ചതിനെ കൊച്ചി മേയർ ടോണി ചമ്മണി വിമർശിച്ചപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല. അത്യാധുനീകരീതി ആകണം. നിലവിലെ റോഡിൽ ഇന്റെർലോക്ക് കോൺക്രീറ്റ് കട്ടകൾ പാകി പുതിയ റോഡ് ഉണ്ടാക്കുന്നു. കേരളത്തിൽ പലസ്ഥലങ്ങളിലും യാത്രചെയ്തിട്ടും ഇങ്ങനെ ഒരു റോഡ് കാണാൻ സാധിച്ചിട്ടില്ല. ലോകത്തിൽ വാഹനഗതാഗതം ഉള്ള ഒരു റോഡ് ഇങ്ങനെ എവിടെയെങ്കിലും നിർമ്മിക്കപ്പെട്ടിട്ടുണ്ടോ എന്നും അറിയില്ല. ഈ ചിത്രം ഇന്ന് പണിനടക്കുന്ന ഹൈക്കോർട്ട് ജംങ്ഷനും ഐ ജി ഓഫീസിനും ഇടയ്ക്കുള്ള ബാനർജി റോഡിന്റെ ഭാഗത്തുനിന്നും. പരീക്ഷണം ആയിരിക്കും, "കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി"
ഇങ്ങനെയുള്ള റോഡിന്റെ കുഴപ്പങ്ങൾ മേന്മകൾ ആർക്കെങ്കിലും അറിയാമോ? എന്റെ അഭിപ്രായം ഇന്റെലോക്കിങ് കട്ടകളിൽ ഒരെണ്ണം തകരാറായാൽ പിന്നെ റോഡ് തകരുന്നത് വളരെ വേഗം ആകും. ടാർ ചെയ്ത റോഡുകളുടെ അത്രയും ഘർഷണം (Friction)  ഈ റോഡിനുണ്ടാകുമോ? വേഗതയിൽ വരുന്ന വാഹനങ്ങൾ ബ്രേക്ക് ചെയ്യുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തൊക്കെ? ഇരുചക്രവാഹനങ്ങൾ സ്കിഡ് ചെയ്യുന്നതിനുള്ള സാദ്ധ്യതയുണ്ടോ? ഇതെല്ലാം പഠനവിഷയമാക്കിയിട്ടാണോ ഈ പരീക്ഷണം?

ഇത്തരത്തിൽ ഇന്റെർലോക്ക് കട്ടകൾ പാകിയ റോഡ് കണ്ടിട്ടുള്ളത് ചില വളവുകൾ, ജംങ്ഷനുകൾ ഇവിടങ്ങളിൽ ആണ്. എന്നാൽ നേരായ റോഡുകളിൽ ഇങ്ങനെ കട്ടകൾ പാകി കണ്ടിട്ടില്ല. ഈട് നിന്നാൽ നല്ലത്. 

26 July 2013

എയിഡഡ് സ്ക്കൂൾ അദ്ധ്യാപകനിയമനം

സർക്കാർ എയിഡഡ് സ്ക്കൂൾ നിയമനങ്ങളിൽ ചില മാർഗ്ഗനിർദ്ദേശങ്ങൾ നൽകിക്കൊണ്ട് ഹയർസെക്കണ്ടറി ഡയറക്‌ടർ ഇറക്കിയ സർക്കുലറും തുടർന്ന് പല ഓൺലൈൻ വേദികളിലും നടന്ന ചർച്ചകളും ആണ് ഇങ്ങനെ ഒരു കുറിപ്പെഴുതാൻ പ്രേരിപ്പിച്ചത്.വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിയമിക്കപ്പെടുന്ന അദ്ധ്യാപകർ നല്ലനിലവാരം ഉള്ളവർ തന്നെ ആവണം എന്നതിൽ തർക്കം ഇല്ല. അത്തരത്തിൽ നിലവാരം ഉള്ള വ്യക്തികളെ കണ്ടത്തുന്നതിന് സർക്കാർ പി എസ് സി വഴി പരീക്ഷനടത്തി ഒരു റാങ്ക് ലിസ്റ്റ് ഉണ്ടാക്കുകയും ആ റാങ്ക് ലിസ്റ്റിന് ഒരു സമയപരിധി നിശ്ചയിക്കുകയും വേണം. ആ സമയപരിധിയിൽ വിവിധ സർക്കാർ എയിഡഡ് വിദ്യാലയങ്ങളിലെ നിയമനം പൂർണ്ണമായും സർക്കാർ നിശ്ചയിച്ച റാങ്ക് ലിസ്റ്റിൽ നിന്നും സുതാര്യമായ രീതിയിൽ ആകണം. ഇത്രയും കാര്യത്തിൽ എനിക്ക് യാതൊരു വിയോജിപ്പും ഇല്ല.

എന്നാൽ വിയോജിപ്പ് ഇത്തരത്തിൽ നിയമിക്കപ്പെടുന്ന അദ്ധ്യാപകരിൽ നിന്നും സ്കൂൾ ഉടമസ്ഥർ യാതൊരു വിധ പണവും വാങ്ങരുതെന്ന കാര്യത്തോട് മാത്രമാണ്. കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് വലിയ മുന്നേറ്റം ഉണ്ടാക്കാൻ എയിഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്. സ്കൂൾ കെട്ടിടം അതിന്റെ പരിപാലനം, മറ്റ് ഉപകരണങ്ങൾ എന്നിവയുടെ കാര്യത്തിൽ വിദ്യാർത്ഥികളിൽ നിന്നും പണം വാങ്ങരുതെന്നുണ്ട്. പിന്നെ എങ്ങനെയാണ് സ്കൂൾ നടത്തിപ്പിനുള്ള പണം കണ്ടെത്തേണ്ടത്. സാമൂഹ്യപരിഷ്കരണത്തിന് സ്വന്തം പോക്കറ്റിലെ പണം നൽകി ആരും മുന്നോട്ട് വരും എന്ന് കരുതാൻ ആവില്ല. അതിനാവശ്യമായ പണം സർക്കാർ ഗ്രാന്റ് ആയി നൽകുന്നുണ്ടെങ്കിൽ കുഴപ്പമില്ല. ഈ വിഷയത്തിൽ പലരും പ്രകടിപ്പിക്കുന്ന അഭിപ്രായം സർക്കാർ സ്ക്കൂൾകെട്ടിടത്തിന്റെ പരിപാലനത്തിന് ആവശ്യമായ ധനസഹായം (മെയിന്റെനൻസ് ഗ്രാന്റ്) നൽകുന്നുണ്ട് എന്നതാണ്. എന്നാൽ വാസ്തവം വളരെ നാമമാത്രമായ തുകയാണ് ഈ ഇനത്തിൽ സർക്കാർ നൽകുന്നത്. എന്റെ അറിവിൽ എൽ പി സ്ക്കൂളിൽ ഒരു വിദ്യാർത്ഥിയ്ക്ക് 3രൂപ 50പൈസ എന്ന നിരക്കിലും ഹൈസ്ക്കൂളിൽ 5 രൂപ എന്ന നിരക്കിലും ആണ് സർക്കാർ മെയിന്റെനൻസ് ഗ്രാന്റ് നൽകുന്നത്. ഈ തുക സ്ക്കൂൾ കെട്ടിടത്തിന്റെ നിർമ്മാണം അറ്റകുറ്റപ്പണികൾ എന്നിവയിൽ സ്ക്കൂൾ ഉടമസ്ഥർക്ക് ഉണ്ടാകുന്ന ചിലവുകൾ പരിഹരിക്കുന്നതിന് ഒട്ടും പര്യാപ്തമല്ല. നാടിന്റെ ഉന്നമനത്തിനായി നല്ലൊരു തുക ചിലവാക്കുന്ന സ്കൂൾ ഉടമസ്ഥർക്കും ഇതിൽ നിന്നും തെറ്റില്ലാത്ത ഒരു വരുമാനം ഉണ്ടാകേണ്ടത് തികച്ചും ആവശ്യമാണ്. അതുകൊണ്ട് ഇപ്പോൾ നടക്കുന്ന ലേലം വിളിയല്ലാതെ മുൻകൂട്ടി നിശ്ചയിച്ച, പരസ്യപ്പെടുത്തിയ ഒരു തുക ഇങ്ങനെ നിയമിക്കപ്പെടുന്നവരിൽ നിന്നും വാങ്ങിക്കാൻ അനുവദിക്കണം എന്നുതന്നെയാണ് എന്റെ അഭിപ്രായം.

കേരളത്തിലെ പല വ്യവസായ സ്ഥാപനങ്ങളിലും തൊഴിലാളികളെ നിയമിക്കുന്നത് സംബന്ധിച്ച് ഒരു കാര്യം കൂടി ഇവിടെ സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു. വ്യവസായസ്ഥാപനങ്ങളിൽ തൊഴിലാളികളെ നിയമിക്കുന്നതിൽ മിക്കതൊഴിലാളി സംഘടനകളും വീതംവെയ്പാണ് നടത്തുന്നത്. തൊഴിലാളികളെ നിയമിക്കുന്നതിൽ ലക്ഷങ്ങൾ ഇവർ വാങ്ങുന്നുണ്ട്. എന്താണ് ഇങ്ങനെ പണം വാങ്ങുന്നതിനുള്ള അടിസ്ഥാനം? എന്തിന് ചുമട്ടുതൊഴിലാളി കാർഡ് കിട്ടുന്നതിനു പോലും പതിനായിരങ്ങളാണ് ചുമട്ടുതൊഴിലാളി സംഘടനകൾ വാങ്ങുന്നത്. ഇങ്ങനെ പണം വാങ്ങുന്ന സംഘടനകൾ തന്നെ സ്ക്കൂൾ നിയമനത്തിൽ പണം വാങ്ങുന്ന  മാനേജ് മെന്റുകളെ വിമർശിക്കുന്നു. മാനേജ്മെന്റ് പണം മുടക്കിയ സ്ഥാപനത്തിന്റെ നടത്തിപ്പിന്റെ പേരിലാണ് പണം വാങ്ങുന്നത് എന്ന് പറയാം. തൊഴിലാളി സംഘടനകൾ എന്തടിസ്ഥാനത്തിലാണ് പണം വാങ്ങുന്നത്?