11 March 2013

വാഹനപരിശോധനയും പോലീസും

ഹെൽമെറ്റ് ധരിക്കാതെ വാഹനം ഓടിക്കുന്നവരെ പിടിക്കാൻ കഴിഞ്ഞ  ദിവസം പന്നിയങ്കരയിൽ പോലീസ് നടത്തിയ പരിശോധനയ്ക്കിടെ രണ്ടുപേർ മരിക്കാനിടയായതും തുടർന്ന് ഉണ്ടായ അനിഷ്ടസംഭവങ്ങളെക്കുറിച്ചുള്ള വാർത്തകളും ആണ് ഈ ഒരു കുറിപ്പെഴുതാൻ പ്രേരിപ്പിച്ചത്.
എന്റെ അഭിപ്രായത്തിൽ പോലീസിനെതിരായ ഇത്തരം പ്രതിഷേധങ്ങൾ നല്ലതാണ്. അസംഘടിതരായ സാധാരണവാഹനഉടമകൾക്കും ഓടിക്കുന്നവർക്കും നേരെ മാത്രം ഉണരുന്ന പോലീസിന്റെ നിയമബോധത്തെ ചോദ്യം ചെയ്യാൻ ആരെങ്കിലും ഉള്ളത് നല്ലകാര്യം.   വാഹനഗതാഗതരംഗത്ത് ആകെയുള്ള നിയമലംഘനങ്ങൾ ഹെൽമറ്റില്ലാതെ ബൈക്ക് ഓടിക്കുന്നതും, സൺഫിലിം നീക്കംചെയ്യാതെ കാറുകൾ ഓടിക്കുന്നതും മാത്രമല്ല. വേറെയും ധാരാളം നിയമങ്ങൾ ഉണ്ട്. പക്ഷെ നേരത്തെ പറഞ്ഞ രണ്ടിലും ശിക്ഷകിട്ടുക അസംഘടതരായ വിഭാഗത്തിനാണ്. അതുകൊണ്ട് ഈ അന്വേഷണത്തിൽ മാത്രം പോലീസ് കൂടുതൽ ശ്രദ്ധപതിപ്പിക്കുന്നു. ഉദാഹരണം പറഞ്ഞാൽ കേരളത്തിൽ സർവ്വീസ് നടത്തുന്ന എല്ലാ ഹെവി വെഹിക്കിൾസിനും പരമാവധി വേഗത 60കിലോമീറ്ററിൽ പരിമിതപ്പെടുത്തിയിരിക്കുന്നു. ഇതിന് സ്പീഡ് ലിമിറ്റ് ചെയ്യുന്ന ഉപകരണം ഘടിപ്പിക്കണം എന്നത് സുപ്രീംകോടതി വരെ അംഗീകരിച്ച നിയമം ആണ്. വർഷങ്ങൾക്ക് മുൻപ് ഇത് കൃത്യമായി പരിശോധിച്ചിരുന്നു. എന്നാൽ ഇന്ന് ഈ രംഗത്ത് കാര്യമായ പരിശോധന ഇല്ല. കാരണം ടിപ്പർ / ലോറി /സ്വകാര്യബസ്സുകൾ എന്നിവർ സംഘടിതശക്തിയാണ്. ആ ശക്തിയുടെ സമ്മർദ്ദത്തിനു മുന്നിൽ സർക്കാർ മുട്ടുമടക്കി. അതിനാൽ ഈ പരിശോധനകൾ ഇപ്പോൾ കർക്കശമല്ല. സത്യത്തിൽ ഈ തീരുമാനം കോടതികൾ എടുത്തത് പൊതുജനത്തിന്റെ സുരക്ഷയെക്കരുതിയാണ്. അതുപോലെ വാഹനങ്ങളിലെ എയർ ഹോൺ. ഹൈക്കോടതി ഉത്തരവനുസരിച്ച് 10000/- രൂപയാണ് ഈടാക്കാവുന്ന പിഴ. പിന്നെ എയർ ഹോൺ കണ്ടുകെട്ടുകയും ചെയ്യും. എന്നാൽ ഈ നിയമം പാലിക്ക്പ്പെടുന്നുണ്ടോ? വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഹൈബീം  ഹെഡ് ലൈറ്റുകൾ. പല വലിയ വാഹനങ്ങളിലും എതിരെ വരുന്ന വാഹനത്തിന്റെ ഡ്രൈവറൂടെ കണ്ണിൽ തുളച്ചു കയറുന്ന വിധത്തിൽ (റോഡിൽ പതിക്കുന്നരീതിയിൽ അല്ല മറിച്ച് മുകളിലേയ്ക്ക്) ആണ് ഇത് ഘടിപ്പിച്ചിരിക്കുന്നത്. നിയമം അനുശാസിക്കുന്നതിലും അധികം ശക്തിയുള്ള ലൈറ്റുകൾ ഉപയോഗിക്കുന്നു. ഇതിനെല്ലാം എതിരെ പോലീസ് എന്തു ചെയ്യുന്നു? ഇതെല്ലാം തെളിയിക്കുന്നത് ഇരുചക്രവാഹനം ഓടിക്കുന്ന സാധാരണക്കാരെ നിയമത്തിന്റെ പേരിൽ പിഴിയുന്ന പോലീസ് നടപടി ഒട്ടും ആത്മാർത്ഥതയില്ലാത്തതാണ് എന്നാണ്. ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ അതിന്റെ ദുരിതം ധരിക്കാത്തവനും അവന്റെ കുടുംബത്തിനും മാത്രം. പക്ഷെ ഞാൻ മുകളിൽ വിവരിച്ച നിയമലംഘനങ്ങളുടെ ദുരന്തം അനുഭവിക്കേണ്ടത് മറ്റുള്ളവർ ആണ്. പന്നിയങ്കരയിൽ ഉണ്ടായതുപോലുള്ള സംഭവങ്ങൾ നിയമപാലനം പൊതുജനത്തിന്റെ സുരക്ഷിയ്ക്ക് വേണ്ടിയാക്കാൻ പോലീസിനെ ചിന്തിപ്പിക്കും എന്ന് കരുതുന്നു.
(ചിത്രത്തിന് കടപ്പാട് - മാതൃഭൂമി)
അവലംബം: http://www.mathrubhumi.com/online/malayalam/news/story/2165734/2013-03-11/kerala

21 December 2012

ഇറ്റാലിയൻ സർക്കാരിൽ അഭിമാനം തോന്നുന്നു.|Feels proud of Italian Government

രണ്ട് മത്സ്യത്തൊഴിലാളികളെ കടൽക്കൊള്ളക്കാർ എന്ന് തെറ്റിദ്ധരിച്ച് വെടിവെച്ചു കൊന്ന ഇറ്റാലിയൻ നാവീകർക്കെതിരായ വിചാരണനടപടികൾ ഏറെ ചർച്ചചെയ്യപ്പെടുകയാണല്ലൊ. കൃസ്തുമസ്സ് ആഘോഷിക്കുന്നതിന് നാട്ടിൽ പോകാൻ ജാമ്യവ്യവസ്ഥകളിൽ കൂടുതൽ ഇളവുകൾ അനുവദിക്കണം എന്ന ആവശ്യവുമായി നാവീകർ ഹൈക്കോടതിയെ സമീപിക്കുന്നത് കഴിഞ്ഞ ആഴ്ചയാണ്. ഇതിന് പിന്തുണയുമായി ഇറ്റാലിയൻ മന്ത്രിയും ഉദ്യോഗസ്ഥരും എത്തിയതോടെ ഏതാണ്ട് മറവിയിൽ ആണ്ടുപോകാൻ തുടങ്ങിയ സംഭവങ്ങൾ വീണ്ടും ചർച്ചാവിഷയമായി. കേന്ദ്ര-സംസ്ഥാനസർക്കാരുകളുടെ വാദങ്ങൾ കേട്ടശേഷം കേന്ദ്രസർക്കാരിന്റെ അനുമതിയുണ്ടെങ്കിൽ ഇറ്റാലിയൻ നാവീകർക്ക് കൃസ്തുമസ്സ് ആഘോഷിക്കുന്നതിനായി അവരുടെ മാതൃരാജ്യത്തേയ്ക്ക് പോകാമെന്നും ജനുവരി 10നു മുൻപ് മടങ്ങിയെത്തണം എന്നും കേരളഹൈക്കോടതി വിധിച്ചത്. ഹൈക്കോടതി വിധിയുടെ നിയമവശങ്ങൾ പോലെ തന്നെ തങ്ങളുടെ രാജ്യത്തെ രണ്ട് നാവീകർക്കായി ഇറ്റലി സ്വീകരിക്കുന്ന നടപടികൾ ചർച്ചചെയ്യപ്പെടേണ്ടതാണെന്ന് ഞാൻ കരുതുന്നു.

രണ്ട് നാവീകരുടെ മോചനത്തിനും അവർക്കെതിരായ കേസിന്റെ നടത്തിപ്പിനും ഇറ്റാലിയൻ സർക്കാർ സ്വീകരിക്കുന്ന നടപടികൾ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. എത്രതവണയാണ് ഇറ്റാലിയൻ മന്ത്രിയും സ്ഥാനപതിയും മറ്റ് ഉന്നത് ഉദ്യോഗസ്ഥരും ഈ വിഷയവുമായി ബന്ധപ്പെട്ട് കേരളത്തിൽ എത്തിയത്. കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കൾ മുതൽ ഇന്ത്യൻ പ്രധാനമന്ത്രി വരെ എത്ര ആളുകളുമായി അവർ ചർച്ചകൾ നടത്തുന്നു. എത്രമാത്രം പണം ഇതിനായി അവർ ചിലവാക്കുന്നു. നയതന്ത്രതലത്തിൽ എത്രമാത്രം സമ്മ്ർദം അവർ ഇന്ത്യൻ ഭരണകൂടങ്ങളിൽ ഉണ്ടാക്കുന്നു. തീർച്ചയായും ആരാജ്യത്തോടും അതിന്റെ സംവിധാനങ്ങളോടും സ്വന്തം നാവീകരോടുള്ള പ്രതിബദ്ധതയോടും ആദരവ് തോന്നുന്നു.

കാർഗിൽ യുദ്ധത്തോടനുബന്ധിച്ച് ഉണ്ടായ ഒരു സംഭവം ശ്രദ്ധിക്കുന്നതും ഈ അവസരത്തിൽ ഉചിതമാകും എന്ന് കരുതുന്നു. ഇന്ത്യൻ ഭരണസംവിധാനം അതിന്റെ സൈനീകർക്ക് നൽകുന്ന പരിഗണനയെപ്പറ്റി ചിന്തിക്കാനും അത് സഹായിക്കും. കർഗിൽ യുദ്ധത്തിന്റെ ആദ്യനാളുകളിൽ പാക് പട്ടാളം ബന്ധികളാക്കി പീഢിപ്പിച്ച് കൊലപ്പെടുത്തിയ സൈരഭ് കാലിയയുടെയും മറ്റ് അഞ്ച് പട്ടാളക്കാരുടെയും ദുരവസ്ഥ ഇപ്പോൾ നമ്മുടെ മാദ്ധ്യമങ്ങൾ സജീവമായി ചർച്ച ചെയ്തിരുന്നു. അത്യന്തം നിഷ്ഠൂരമായ രീതിയിലാണ് പാക് പട്ടാളം ഈ ആറ് ഇന്ത്യൻ ഭടന്മാരേയും വധിച്ചത്. ഇരുപത്തിരണ്ട് ദിവസത്തിൽ അധികം ഇവരെ തടവിൽ പാർപ്പിച്ചു. ഇവരുടെ കണ്ണുകൾ ചൂഴ്ന്നെടുത്തു, കർണ്ണപുടങ്ങൾ പഴുപ്പിച്ച ഇരുമ്പുദണ്ഡുകൾ കൊണ്ട് കുത്തിപ്പൊട്ടിച്ചു, പല്ലുകൾ തല്ലിപ്പൊട്ടിച്ചു, അസ്ഥികൾ ഒടിച്ചു, തലയോട്ടി തകർത്തു, മൂക്കും, ചുണ്ടുകളും, ജനനേന്ദ്രിയങ്ങളും കൊത്തിയരിഞ്ഞു. അങ്ങനെ മനുഷ്യത്വരഹിതമായി എത്രക്രൂരമായി പെരുമാറാമോ അതെല്ലാം ചെയ്തു. ഒടുവിൽ വെടിവെച്ച് കൊന്നു. പാക് പട്ടാളം കൈമാറിയ ഇന്ത്യൻ പട്ടാളക്കാരുടെ പോസ്റ്റ്മാർട്ടം റിപ്പോർട്ട് പറയുന്നത് ഈ പീഢനങ്ങൾ എല്ലാം കൊല്ലപ്പെടുന്നതിനു മുൻപ് ഉണ്ടായതു തന്നെ എന്നാണ്. എന്നിട്ടും ഇന്ത്യൻ ഭരണകൂടം ഈ മനുഷ്യത്വരഹിതമായ ഹത്യയ്ക്കെതിരെ ശക്തമായ നടപടി ഒന്നും സ്വീകരിച്ചില്ല. ഇപ്പോൾ സൗരഭ് കാലിയയുടെ പിതാവ് നീതിതേടി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നു.

സ്വന്തം ഭടന്മാരുടെ ജീവനിൽ ഇന്ത്യൻ ഭരണകൂടത്തിന്റെ നിസ്സംഗതയാണ് ഇറ്റാലിയൻ സർക്കാരിന്റെ നടപടികളിൽ അഭിമാനം തോന്നാൻ കാരണം.

17 October 2012

വിളപ്പിൽ ശാല - ഒരുമയുടെ വിജയം | Vilappil Sala - Victory of Unity

കഴിഞ്ഞ പന്ത്രണ്ടുവർഷമായി തിരുവനന്തപുരം എന്ന നമ്മുടെ തലസ്ഥാനനഗരിയുടെ മുഴുവൻ മാലിന്യങ്ങളും വിളപ്പിൽ ഗ്രാമപഞ്ചായത്ത് ചുമക്കുന്നു. ഈ ദുർവിധിയ്ക്കെതിരെ അവർ നടത്തിവന്ന ധീരമായ സമരം ഏതാണ്ട് പരിസമാപ്തിയിലേയ്ക്ക് അടുക്കുകയാണ് എന്ന് വാർത്തകളിൽ നിന്നും മനസ്സിലാകുന്നു. മാലിന്യസംസ്കരണശാല അവിടെ പ്രവർത്തിപ്പിക്കുന്നതിൽ നഗരസഭയ്ക്കും തങ്ങൾക്കും പറ്റിയ വീഴ്ചകളും ജനങ്ങളുടെ ശക്തമായ എതിർപ്പും മൂലം ഈ മാലിന്യസംസ്കരണശാല അവിടെ തുടർന്നും പ്രവർത്തിപ്പിക്കാൻ കഴിയില്ലെന്നും ശാലപൂട്ടാൻ അനുവദിക്കണമെന്നും സർക്കാർ കോടതിയിൽ അഭ്യർത്ഥിച്ചാൽ, ആ അഭ്യർത്ഥന കോടതി അംഗീകരിച്ചാൽ അതൊരു വലിയ വിജയമാണ് വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ വിജയം. വിളപ്പിൽ പഞ്ചായത്തിലെ ഈ മാലിന്യസംസ്കരണകേന്ദ്രത്തിന്റെയും സമരത്തിന്റേയും ചരിത്രം ഞാൻ മനസ്സിലാക്കിയത് ഇവിടെ കുറിയ്ക്കുന്നു.

തിരുവനന്തപുരം നഗരത്തിലെ മാലിന്യങ്ങൾ സംസ്കരിച്ച് ജൈവവളം നിർമ്മിക്കുക എന്ന ഉദ്ദേശത്തോടെ തിരുവനന്തപുരം നഗരസഭയും സംസ്ഥാനസർക്കാരും കേന്ദ്രസർക്കാരിന്റെ ധനസഹായത്തോടെ ആരംഭിച്ചതാണ് നിലവിൽ "വിളപ്പിൽശാല" എന്നറിയപ്പെടുന്ന വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ തിരുവനന്തപുരം നഗരസഭയുടെ ഉടമസ്ഥതയിലുള്ള  മാലിന്യസംസ്കരണകേന്ദ്രം. ഇതിനായി ശ്രീ ശിവൻകുട്ടി തിരുവനന്തപുരം മേയറായിരുന്ന കാലഘട്ടത്തിലാണ് ഈ സംസ്കരണ ശാലയുടെ നിർമ്മാണം ആരംഭിച്ചത്. ആദ്യകാലത്ത് പോബ്സ് ആണ് ഈ സംസ്കരണശാല പ്രവർത്തിപ്പിച്ചിരുന്നത്. തിരുവനന്തപുരം നഗരത്തിലെ മാലിന്യങ്ങൾ ഇവിടെ കൊണ്ടുവന്ന് തരംതിരിച്ച് അതിൽ ജൈവമാലിന്യങ്ങൾ സംസ്കരിച്ച് വളമാക്കി മാറ്റി വിൽക്കുക എന്നതാണ് പദ്ധതിപ്രകാരം ഉദ്ദേശിച്ചിരുന്നത്. ഇതുമൂലം മലിനീകരണം ഉണ്ടാവില്ലെന്ന ഉറപ്പ് ജനങ്ങൾക്ക് നൽകിയിരുന്നെങ്കിലും അത് ഉണ്ടായില്ല. ആദ്യകാലങ്ങളിൽ ഏറ്റവും വലിയപ്രശ്നം ദുർഗന്ധം ആയിരുന്നു, പിന്നീട് അവിടെ എത്തുന്ന മാംസാവശിഷ്ടങ്ങളും മറ്റും കാക്കയും മറ്റു പക്ഷികളും കൊത്തി സമീപ വീടുകളിലും കിണറുകളിലും ഇടാൻ തുടങ്ങി. അങ്ങനെ നാട്ടുകാർ പ്രക്ഷോഭം ആരംഭിച്ചു. ഒടുവിൽ തുറസ്സായസ്ഥലത്ത് മാലിന്യം ഇടാതെ അവിടെ മേൽക്കൂര നിർമ്മിക്കന്ന് ധാരണയായി. ഏതാനും നാളുകൾ കൊണ്ട് മേൽക്കൂര ഉണ്ടായി. അവിടെ നിർമ്മിച്ചിരുന്ന ജൈവവളത്തിന് ഉദ്ദേശിച്ച ഗുണനിലവാരം ഇല്ലാത്തതിനാൽ പ്രതീക്ഷിച്ച വില്പനയും ഉണ്ടായില്ല. വളം വിറ്റുപോകാതെ കെട്ടിക്കിടക്കാനും തുടങ്ങിയതോടെ പ്ലാന്റ് നഷ്ടത്തിൽ ആയി. അതോടെ പോബ്സ് ഈ സംരംഭം ഉപേക്ഷിച്ചു, എന്നാൽ മാലിന്യങ്ങൾ തിരുവനന്തപുരത്തുനിന്നും വിളപ്പിൽശാലയിലേയ്ക്ക് നിത്യവും വന്നുകൊണ്ടിരുന്നു. അങ്ങനെ മാലിന്യസംസ്കരണ കേന്ദ്രം "മാലിന്യസംഭരണകേന്ദ്രം" ആയിമാറി. അതോടെ ദുർഗന്ധം മാത്രമല്ല മാലിന്യങ്ങൾ അഴുകി അത് ഭൂമിയിലേയ്ക്ക് ഇറങ്ങാനും, ഭൂഗർഭജലവും, ഗ്രാമത്തിലെ വിവിധ ജലശ്രോതസ്സുകളും മലിനമാകാനും ഉപയോഗയോഗ്യമല്ലാതാകാനും തുടങ്ങി. ഈ ഘട്ടത്തിൽ സംസ്കരണകേന്ദ്രത്തിന്റെ പ്രവർത്തനചുമതലയും തിരുവനന്തപുരം നഗരസഭ ഏറ്റെടുത്തു. എന്നാൽ അവിടെ നിത്യവും എത്തുന്ന മാലിന്യം സംസ്കരണകേന്ദ്രത്തിന് കൈകാര്യം ചെയ്യാൻ സാധിക്കുന്നതിലും അധികമായതിനാൽ അവിടെ വീണ്ടും മാലിന്യം കുന്നുകൂടാൻ തുടങ്ങി. ഇങ്ങനെ സ്ഥലം തികയാതെ വന്നപ്പോൾ പല കാലഘട്ടങ്ങളിലായി സർക്കാർ സ്ഥലം ഏറ്റെടുത്ത് ഈ കേന്ദ്രത്തിന് നൽകിപ്പോന്നു. ഇന്ന് ഏകദേശം 2ലക്ഷം ടൺ മാലിന്യം ഇവിടെ കെട്ടിക്കിടക്കുന്നുണ്ടെന്ന് അനുമാനിക്കപ്പെടുന്നു. മഴക്കാലത്ത് ഈ മാലിന്യക്കൂമ്പാരത്തിൽ നിന്നും ഉള്ള അഴുക്കുജലം സമീപത്ത് ജലശ്രോതസ്സായ കടമ്പ്രയാറിനെപ്പോലും മലിനമാക്കുന്നതായാണ് റിപ്പോർട്ട്. ഏകദേശം പന്ത്രണ്ട് വർഷത്തോളമായി ഇവിടത്തെ ജനങ്ങൾക്ക് സർക്കാരും തിരുവന്തപുരം നഗരസഭയും പല ഉറപ്പുകളും നൽകി പറ്റിക്കുന്നു. അവ ഒന്നും പാലിക്കപ്പെട്ടില്ല. ഈ മാലിന്യസംഭരണകേന്ദ്രത്തിനെതിരായ സമരങ്ങൾ ഏറ്റവും ശക്തമാകുന്നത് കഴിഞ്ഞ ഡിസംബറിലാണ്. അന്ന് വിളപ്പിൽപഞ്ചായത്ത് ഈ സംസ്കരണകേന്ദ്രത്തിനുണ്ടായിരുന്ന പ്രവർത്തനാനുമതി റദ്ദാക്കുകയും മാലിന്യസംസ്കരണശാല താഴിട്ട് പൂട്ടുകയും ചെയ്തു. തുടർന്ന് നടന്ന ചർച്ചയിൽ ശാല അടച്ചുപൂട്ടാമെന്ന ഉറപ്പ് സർക്കാർ സമരക്കാർക്ക് നൽകി. പഞ്ചായത്തിന്റെ നടപടിക്കെതിരെ കോർപ്പറേഷൻ കേസിനു പോയി. ഇന്ന് ഹൈക്കോടതിയിൽ കേസ് നടക്കുന്നു. നഗരസഭയുടെ വാദം അംഗീകരിച്ച ഹൈക്കോടതി ശാല തുറക്കാനും മാലിന്യങ്ങളിൽ നിന്നും ഒഴുകിവരുന്ന ജലം സംസ്കരിക്കുന്നതിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്താനും ഉള്ള സൗകര്യം നഗരസഭയ്ക്ക് ഒരുക്കിനൽകാൻ ഒരു ഇടക്കാല ഉത്തരവിലൂടെ സംസ്ഥാനസർക്കാരിനോട് ആവശ്യപ്പെട്ടു. ജനങ്ങളുടെ പ്രതിരോധത്തിനിടയിലും ശാലയുടെ പൂട്ട് പൊളിച്ച് ശാലതുറക്കാൻ പോലീസിന് സാധിച്ചെങ്കിലും ഊറിവരുന്ന ജലം സംസ്കരിക്കുന്നതിനുള്ള പ്ലാന്റിന്റെ ഉപകരണങ്ങൾ അവിടെ എത്തിക്കാൻ പോലീസിന് ജനങ്ങളുടെ പ്രതിരോധം മൂലം സാധിച്ചില്ല. അതാണ് ഒടുവിൽ രാത്രിയുടെ മറവിൽ പോലീസ് സാധിച്ചത്.

ഇവിടെ കുറ്റക്കാർ നഗരസഭയും സർക്കാരും തന്നെയാണെന്ന് ഞാൻ വിശ്വസിക്കുന്നു. ശുദ്ധവായുവും ജലവും ഏതൊരാളുടേയും മൗലീക അവകാശമാണ്. തിരുവനന്തപുരത്തു നിന്നും സംസ്കരിക്കാൻ സാധിക്കുന്ന മാലിന്യങ്ങൾ മാത്രമേ വിളപ്പിൽശാലയിൽ എത്തിക്കാൻ പാടുണ്ടായിരുന്നുള്ളു. അതും തരം തിരിച്ച് ജൈവാവശിഷ്ടങ്ങൾ മാത്രം. അങ്ങനെ ഉണ്ടായില്ല. ഇത് വിളപ്പിൽ ശാലയിൽ മാലിന്യങ്ങൾ കുമിഞ്ഞുകൂടാൻ ഇടയാക്കി. മാലിന്യങ്ങൾ കുന്നുകൂടുമ്പോൾ അതുമൂലം പരിസരമലിനീകരണം ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് ശാലയുടെ ഉടമസ്ഥൻ എന്ന നിലയിൽ തിരുവനന്തപുരം നഗരസഭയുടെ ബാധ്യതയാണ്. ഇത് നിറവേറ്റാതെ വിളപ്പിൽ പഞ്ചായത്തിലെ ജലശ്രോതസ്സുകൾ മലിനമാക്കിയതിന് പഞ്ചായത്തിന് നഷ്ടപരിഹാരം നൽകേണ്ട ഉത്തരവാദിത്വവും, തുടർന്ന് മലിനീകരണം ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തേണ്ട ബാധ്യതയും നഗരസഭയ്ക്കുണ്ട്. ഇത് നിറവേറ്റാത്തതിന് നഗരസഭാ സെക്രട്ടറിയ്ക്കും മേയർക്കും എതിരെ പരിസരമലീനികരണ നിയന്ത്രണ വകുപ്പ് അനുസരിച്ചുള്ള ശിക്ഷാനടപടികൾ സ്വീകരിക്കണം. വിളപ്പിൽശാല ആരംഭിച്ചതുമുതൽ അവിടത്തെ ജനങ്ങൾക്ക് നൽകിയ ഒരു ഉറപ്പും പാലിക്കാൻ സർക്കാരിനോ നഗരസഭക്കോ സാധിച്ചിട്ടില്ല. ഒടുവിൽ കഴിഞ്ഞ ഡിസംബറിൽ ശാല അടച്ചുപൂട്ടാം എന്ന ഉറപ്പ് നൽകിയ ശേഷമാണ് അവിടെ കോടതി വിധിയെ മുൻനിറുത്തി മലിനജലസംസ്കരണപ്ലാന്റിനുള്ള സാമഗ്രികൾ സർക്കാർ ഒളിച്ചുകടത്തിയത്. ഇനി ഒരുകാലത്തും വിളപ്പിൽ പഞ്ചായത്തിലെ ജനങ്ങൾ സർക്കാരിനെ വിശ്വസിക്കില്ല.

എത്രയും പെട്ടന്ന് വിളപ്പിൽ പഞ്ചായത്തിലെ ഈ മാലിന്യസംസ്കരണ ശാലയുടെ പ്രവർത്തനം അവസാനിപ്പിക്കണം എന്ന അവിടത്തെ ജനങ്ങളുടെ ആവശ്യത്തെ ഞാനും പിന്താങ്ങുന്നു. ഒപ്പം അവിടെ കെട്ടിക്കിടക്കുന്ന മാലിന്യം ശരിയായി സംസ്കരിക്കണം അല്ലാത്തപക്ഷം വരുന്ന മഴക്കാലങ്ങൾ വിളപ്പിൽ പഞ്ചായത്തിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. കേന്ദ്രീകൃതമാലിന്യസംസ്കരണം അവസാനിപ്പിക്കണം. ചെറിയ ചെറിയ കേന്ദ്രങ്ങളിൽ ഉത്ഭസ്ഥലത്തുതന്നെ മാലിന്യം സംസ്കരിക്കാൻ സാധിക്കണം. അത്തരം സംവിധാനങ്ങൾ സർക്കാർ കൂടുതൽ പ്രചാരണം നൽകണം. വിളപ്പിൽ പഞ്ചായത്തിലെ ജനങ്ങളുടെ ശക്തി നഗരത്തിന്റെ മാലിന്യം പേറാൻ വിധിക്കപ്പെട്ട കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലേയും പ്രതിരോധശേഷിയുള്ള ജനങ്ങൾക്ക് പ്രചോദനമാണ്. ലാലുരും, ഞെളിയൻ പറമ്പും, ബ്രഹ്മപുരവും എല്ലാം ഈ വിജയഗാഥ ആവർത്തിക്കട്ടെ.

ഓരോ വീടുകളിലും മാലിന്യസസ്കരണം എങ്ങനെ സാധ്യമാക്കാം എന്ന സംശയത്തിന് ഈ ലിങ്ക് ഉപകാരപ്പെടും എന്ന് കരുതുന്നു.