26 March 2010

ബച്ചനും കേരള ടൂറിസവും

അമിതാഭ ബച്ചനെ കേരള വിനോദസഞ്ചാരത്തിന്റെ പ്രതിനിധിയാവാന്‍ ക്ഷണിച്ച പിന്നീട് വേണ്ടെന്ന് പറഞ്ഞ കേരളത്തിന്റെ നിലപാടില്‍ എന്റെ അഭിപ്രായം ഞാന്‍ ഈ പോസ്റ്റില്‍ എഴുതിയിരുന്നു. കേരളം, ഗുജറാത്ത്, മുംബൈ എന്നിവിടങ്ങിളിലെ തന്റെ അനുഭവങ്ങള്‍ എന്‍ ഡി ടി വിയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ശ്രീ അമിതാഭ് ബച്ചന്‍ വിവരിക്കുന്നു.

എന്‍ ഡി ടി വി യുടെ വെബ് സൈറ്റിലും ഈ അഭിമുഖം കാണാം

25 March 2010

ഒരു കൌതുകവാര്‍ത്ത

ബിനീഷിനു ജാമ്യം
തിരുവനന്തപുരം: കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതും ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചതുമായ രണ്ട് ആക്രമണ കേസുകളില്‍ ബിനീഷ് കോടിയേരിയ്ക്ക് ജുഡീഷ്യല്‍ മജിസ്ട്രേട്ട് എം എം ബഷീര്‍ ജാമ്യം അനുവദിച്ചു. രണ്ട് ആള്‍ ജാമ്യം നല്‍കാന്‍ കോടതി വ്യവസ്ഥ വച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ജോയിന്റെ സെക്രട്ടറി എസ്സ് സുരേഷ് ബാബുവും സെക്രട്ടേറിയറ്റ് സ്റ്റോര്‍ പര്‍ച്ചേസ് സെക്ഷനിലെ സെക്ഷന്‍ ഓഫീസര്‍ എസ് മുഹമ്മദ് ഇസ്മായിലും ജാമ്യക്കാരായി.


2000 ഒക്‍ടോബറില്‍ മാര്‍ ഇവാനിയോസ് കോളേജ് പരിസരത്തുവച്ച് മനു ജി രാജു എന്ന് വിദ്യാര്‍ത്ഥിയെ കരിങ്കല്ലുകൊണ്ട് തകയ്ക്കടിച്ചു സ്വര്‍ണ്ണമാല നഷ്ടപ്പെടുത്തിയെന്ന കേസില്‍ കോടതിയില്‍ ഹാജറാകാത്തതിനെ തുടര്‍ന്ന് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. 2003 ജനുവരിയില്‍ മണ്ണാമ്മൂല സ്വദേശി കിരണിനെ (21) എ ബി വി പി ക്കാരനെന്നു ധരിച്ച് ആളുമാറി വെട്ടിപ്പരിക്കേല്പിച്ചെന്ന കേസിലായിരുന്നു ജാമ്യമില്ലാ വാറന്റ്. ഈ കേസുകളിലാണ് ജാമ്യം അനുവദിച്ചത്.


പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച കേസില്‍ വിദേശത്തുള്ള ബിനീഷിനെതിരെ ഇന്റര്‍പോള്‍ വഴി വാറന്റ് പുറപ്പെടുവിക്കണമെന്ന ഹര്‍ജിയില്‍ 30നു വിധിപറയാനിരിക്കെയാണ് ഇന്നലെ ഇരു കേസുകളിലും ജാമ്യം ലഭിച്ചത്”

(വാര്‍ത്ത ഇന്നത്തെ 25/03/2010 മലയാളമനോരമ ദിനപ്പത്രത്തിലേതാണ്. ഇന്നലെ മറ്റു ദൃശ്യ മാദ്ധ്യമങ്ങളും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു)

19 March 2010

വേണമായിരുന്നോ ഈ അവഹേളനം

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കേരളത്തിലെ ദൃശ്യമാധ്യമങ്ങള്‍ പുറത്തുവിട്ട ഒരു വാര്‍ത്ത വളരെ സന്തോഷത്തോടെയാണ് കേട്ടത്. കേരളത്തിന്റെ വിനോദസഞ്ചാരമേഖലയെ പ്രതിനിധാനം ചെയ്യാന്‍ ഒരു വ്യക്തി ഉണ്ടാവുന്നു. മറ്റാരും അല്ല അമിതാഭ് ബച്ചന്‍. ഭാരതം കണ്ട അഭിനയ പ്രതിഭകളില്‍ ഒരാള്‍. ലോകത്തില്‍ ഭാരതീയന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്ന അനേകരില്‍ ഒരാള്‍. അങ്ങനെ ഒരു വ്യക്തിത്വം നമ്മുടെ വിനോദസഞ്ചാര മേഖലയെ പ്രതിനിധാനം ചെയ്യുന്നത് എന്തുകൊണ്ടും നല്ലതുതന്നെ എന്ന് മറ്റ് അനേകം മലയാളികളെപ്പോലെ ഞാനും വിശ്വസിച്ചു, അഭിമാനം കൊണ്ടു.

മലയാള മനോരമ സംഘടിപ്പിച്ച ഒരു ചടങ്ങില്‍ സംബന്ധിക്കുന്നതിന് ശ്രീ അമിതാഭ് ബച്ചന്‍ ഇവിടെ എത്തുകയും ആ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഒരു ചോദ്യത്തിനു മറുപടിയായി കേരളവുമായി കൂടുതല്‍ സഹകരിക്കാന്‍ അവസരങ്ങള്‍ ഉണ്ടായാല്‍ അനുകൂലമായി പരിഗണിക്കും എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് അദ്ദേഹത്തെ കേരള വിനോദസഞ്ചാരമേഖലയുടെ പ്രതിനിധിയാക്കുന്നതിന് തങ്ങള്‍ക്ക് താല്പര്യമുണ്ടെന്ന് കാണിച്ചുകൊണ്ട് കേരള വിനോദസഞ്ചാര വകുപ്പ അദ്ദേഹത്തിന് കത്തെഴുതിയത്. ഈ ക്ഷണം സ്വീകരിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ മറുപടിയും ഉടനെ വന്നു. ഇക്കാര്യം നമ്മുടെ മാദ്ധ്യമങ്ങള്‍ പ്രധാന വാര്‍ത്തയായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കേരളം ഇത്തരം ഒരു താല്പര്യം അവതിരിപ്പിക്കുമ്പോള്‍ അദ്ദേഹം മറ്റ് ചില രാഷ്ട്രീയപാര്‍ട്ടികളുടേയും, കമ്പനികളുടെ ഉല്പന്നങ്ങളുടേയും പ്രതിനിധിയാണ്. അതോടൊപ്പം ഗുജറാത്ത് അദ്ദേഹത്തെ തങ്ങളുടെ പ്രതിനിധിയായി പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. അദ്ദേഹത്തെ കേരളത്തിന്റെ വിനോദസഞ്ചാരമേഖലയുടെ പ്രതിനിധിയാക്കുന്നത് തടഞ്ഞുകൊണ്ട് ഇന്ന് സി പി എമ്മിന്റെ കേന്ദ്ര നേതൃത്വം രംഗത്തുവന്നിരിക്കുന്നു. നരേന്ദ്ര മോഡിയുടെ ഗുജറാത്തിനെ പ്രതിനിധീകരിക്കുന്ന ഒരാള്‍ കേരളത്തിനു വേണ്ട എന്നതാണ് പാര്‍ട്ടി തീരുമാനം. ഈ തീരുമാ‍നം അദ്ദേഹത്തെ ഇങ്ങനെ ഒരു പദവിയിലേയ്ക്ക് പരിഗണിക്കുന്നതിനു മുന്‍പേ തന്നെ പാര്‍ട്ടി ചിന്തിക്കണമായിരുന്നു. അദ്ദേഹം ഇങ്ങോട്ട് ആവശ്യപ്പെട്ടതല്ല കേരളത്തിന്റെ പ്രതിനിധിയാക്കണം എന്നത്. കേരളം അദ്ദേഹത്തോട് അഭിപ്രായം ചോദിക്കുകയായിരുന്നു. അതിന് അദ്ദേഹം അനുകൂലമായ പ്രതികരിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ പറയുന്നു താങ്കളെ ഞങ്ങള്‍ക്ക് വേണ്ടെന്ന് ! ഇങ്ങനെ മഹാനായ ഒരു നടനെ അവഹേളിക്കേണ്ടിയിരുന്നില്ല എന്ന് അഭിപ്രായമാണ് എനിക്കുള്ളത്.