23 November 2011

സ്ത്രീകളുടെ സീറ്റ് | Ladies Seat

             പലപ്പോഴും കെ എസ് ആർ ടി സി യിലും സ്വകാര്യ ബസ്സുകളിലും യാത്രചെയ്യുമ്പോൾ ഏറ്റവും പ്രശ്നം സൃഷ്ടിക്കുന്ന ഒന്നാണ് സ്ത്രീകൾക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകൾ. ദീർഘദൂരയാത്രകളിൽ ആണ് ഇത് ഏറ്റവും പ്രശ്നം ഉണ്ടാക്കുന്നത്. എറണാകുളത്ത് നിന്നും തിരുവനന്തപുരത്തിന് പോകുമ്പോഴും മറ്റും ഏറ്റവും ശല്യപ്പെടുത്തുന്നതും ഇതു തന്നെ. ഹൈക്കോടതി ജങ്‌ഷനിൽ നിന്നും ഓട്ടോ പിടിച്ച് കെ എസ് ആർ ടി സി സ്റ്റാന്റിൽ എത്തുന്നതുതന്നെ ഇരുന്നു പോകണം എന്ന സൗകര്യത്തിനു വേണ്ടിയാണ്. മിക്കവാറും സീറ്റ് കിട്ടാറുണ്ട്. എന്നാൽ ചിലപ്പോഴെല്ലാം കാലിയായി ഉണ്ടാവുക സ്ത്രീകൾക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകൾ മാത്രമാണ്. ദീർഘദൂര യാത്രയല്ലെ കിട്ടിയ സീറ്റിൽ ഇരിക്കാം എന്ന് കരുതിയാൽ തന്നെ തോപ്പും‌പടിയോ അരൂരോ എത്തുമ്പോഴേയ്ക്കും സ്ത്രീകൾ ആരെങ്കിലും എത്തി സീറ്റ് അവകാശപ്പെടും. ഇങ്ങനെ കയറുന്നവർ മിക്കവാറും ചേർത്തലയിലോ, ആലപ്പുഴയിലോ ഇറങ്ങേണ്ടവർ തന്നെയാകും. എന്നാലും സീറ്റ് ഒഴിഞ്ഞു കൊടുക്കാതെ തരമില്ല. നിയമം അതാണല്ലൊ. ഈ കാര്യത്തിൽ മാത്രം നിയമം കൃത്യമായി പാലിക്കാൻ ബസ്സ് കണ്ടക്റ്റർ മാർക്കും വല്ലാത്ത ഉത്സാഹമാണ്. ദീർഘദൂര സർവ്വീസുകളിൽ ഇത്തരം സംവരണം ആവശ്യമില്ലെന്ന പക്ഷക്കാരനാണ് ഞാൻ. നിയമം പൂർണ്ണമായും നടപ്പിലാക്കിയാൽ സർവ്വീസ് നടത്താൻ തന്നെ ബുദ്ധിമുട്ടാകും.

             ദീർഘദൂര സർവ്വീസുകളിൽ ഇതാണ് സ്ഥിതിയെങ്കിൽ സിറ്റി ബസ്സുകളിൽ മറ്റൊന്നാണ് അവസ്ഥ. പല ബസ്സുകളിലും സ്ത്രീകൾക്കും മറ്റ് സംവരണ വിഭാഗങ്ങൾക്കും മാത്രമുള്ള സീറ്റുകളാണ് കാണാൻ സാധിക്കുക. പൊതുസീറ്റുകളുടെ എണ്ണം സ്വതവേ വളരെ കുറവായി തോന്നും. എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നതെന്ന് അറിയില്ല. അതുകൊണ്ട് ഈ കാര്യത്തിൽ വ്യക്തത ഉണ്ടാക്കുന്നതിനായി ഈ വിവരങ്ങൾ സംബന്ധിച്ച് എറണാകുളും ആർ ടി ഒയ്ക്ക് വിവരാവകാശനിയമപ്രകാരം ഒരു അപേക്ഷ കൊടുത്തു. അതിനു കിട്ടിയ മറുപടി (G7/168/11/E) അനുസരിച്ച് യാത്രക്കാർക്കായി അനുവദിക്കപ്പെട്ടിരിക്കുന്ന സീറ്റുകളുടെ 25% മാത്രമാണ് സ്ത്രീകൾക്കായി സംവരണം ചെയ്തിരിക്കുന്നത്. ഇതിൽ കൂടുതൽ സീറ്റുകൾ സ്ത്രീകൾക്കായി മാറ്റിവെയ്ക്കുന്നത് നിയമപരമായി തെറ്റാണ്. അത്തരം ബസ്സുകൾക്കെതിരെ ആർ ടി ഒയ്ക്ക് പരാതി നൽകാവുന്നതാണ്.  നിയമം ഇങ്ങനെ ആയിരിക്കെ പല സിറ്റി ബസ്സുകളും പന്ത്രണ്ടോ അതിലധികമോ സീറ്റുകൾ സ്ത്രീകൾക്കായി രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. പന്ത്രണ്ട് സീറ്റുകൾ സ്ത്രീകൾക്കായി രേഖപ്പെടുത്തിയിരിക്കുന്ന ഒരു ബസ്സിൽ 48 സീറ്റുകൾ ആകെ യാത്രക്കാർക്കായി ഉണ്ടാവണം. എന്നാൽ പലപ്പോഴും ബസ്സുകളിലെ ആകെ സീറ്റുകൾ നാല്പതിൽ താഴെ ആയിരിക്കും. ഇത്തരത്തിൽ ഏറ്റവും തെറ്റായി രേഖപ്പെടുത്തിയിരിക്കുന്ന ഒരു സ്വകാര്യ ബസ്സ് എറണാകുളം - പറവൂർ - മാല്യങ്കര റൂട്ടിൽ സർവ്വീസ് നടത്തുന്ന KL-07AN-3123 ആർ സി നമ്പറുള്ളതാണ്. ആകെ 31 സീറ്റുകൾ മാത്രമുള്ള ഈ ബസ്സിൽ 12 സീറ്റുകൾ സ്ത്രീകൾക്കായി രേഖപ്പെടുത്തിയിട്ടുണ്ട്. വിവരാവകാശനിയമപ്രകാരം ലഭിച്ച മറുപടി അനുസരിച്ച് ഈ ബസ്സിൽ ആകെ 7 സീറ്റുകൾ മാത്രമാണ് സ്ത്രീകൾക്കായി അനുവദിക്കപ്പെട്ടിട്ടുള്ളത്.

              ആനുപാതികമായി സംവരണം നടപ്പാക്കുന്നതിൽ പലപ്പോഴും കെ എസ് ആർ ടി സി മാതൃക ആണെങ്കിലും ചിലപ്പോഴെല്ലാം അവയും തോന്നിയ രീതിയിൽ സ്ത്രീകൾക്കായി സീറ്റുകൾ എഴുതി വെച്ച് കാണുന്നു. അധികവും ഇത്തരം പിശകുകൾ തിരു കൊച്ചി ബസ്സുകളിൽ ആണ്. തിരുകൊച്ചി ബസ്സുകൾ 40 സീറ്റുകൾ ഉള്ളവയാണ്. ചില ബസ്സിൽ 41 സീറ്റുകൾ ഉണ്ട്. കണ്ടക്റ്റർക്ക് നീക്കിവെച്ചിട്ടുള്ള ഒരു സീറ്റൊഴിവാക്കിയാൽ ബാക്കി സീറ്റുകൾ പരമാവധി 40 മാത്രമേ ഉണ്ടാകൂ. അതിൽ സ്ത്രീകൾക്കായി നിയമപ്രകാരം 10 സീറ്റുകൾ മാത്രം നീക്കിവെച്ചാൽ മതി. എന്നാൽ ചില തിരുകൊച്ചി ബസ്സുകളിൽ (RNE 272, Aluva)  13 സീറ്റ്  സ്ത്രീകൾക്കായി രേഖപ്പെടുത്തിക്കാണാം.

               തെറ്റായരീതിയിൽ സ്ത്രീകൾക്കായി സീറ്റുകൾ രേഖപ്പെടുത്തിയ ഇത്തരം ബസ്സുകൾക്കെതിരെ പരാതി നൽകിയിട്ടുണ്ട്. ഒരു ബസ്സിൽ ആകെ അനുവദിക്കപ്പെട്ടിട്ടുള്ള സീറ്റുകളും അതിൽ വിവിധ വിഭാഗക്കാർക്കായി സംവരണം ചെയ്യപ്പെട്ടിട്ടുള്ള സീറ്റുകളും, ബസ്സ് വിവിധ സർവ്വീസുകൾ നടത്തേണ്ട സമയക്രമവും നിർബന്ധമായും രേഖപ്പെടുത്തണം എന്ന ആവശ്യവും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. ഇനി ബസ്സിൽ കയറുമ്പോൾ കിട്ടുന്നത് സ്ത്രീകൾ എന്നെഴുതിയ സീറ്റായാലും ആരെങ്കിലും വന്ന് എഴുന്നേല്‍പ്പിക്കുന്ന അവസരത്തിൽ ആ ബസ്സിലെ ആകെ സീറ്റും അതിൽ സ്ത്രീകൾക്കായുള്ള സീറ്റും നോക്കി മാത്രമേ സീറ്റ് വിട്ടുകൊടുക്കൂ. ഇരുന്ന് യാത്രചെയ്യുക എന്നത് എന്റേയും അവകാശമാണല്ലൊ.

ചില സഹായകമായ പരാമർശങ്ങൾ
 1. ബസ്സുകളുടെ വീൽ ബേസും സീറ്റുകളുടെ എണ്ണവും
 2. ടാക്സും സീറ്റുകളുടെ എണ്ണവും വീൽ ബേസും

5 comments:

 1. സീറ്റിന്റെ എണ്ണം പലപ്പോഴും ഒരു പ്രശ്നമാണ്, പിന്നെ ഇതിനെ എതിർക്കാൻ പൊയാൽ സ്ത്രീ വിരുദ്ധനാവും. :)

  ReplyDelete
 2. സുജിത്ത്, അനിലേട്ടൻ ഇവിടെ എത്തിയതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.
  നാട്ടുകാരൻ അഭിപ്രായം ഒരു ചിരിയിൽ ഒതുക്കി. :)
  അനിലേട്ടാ ഇപ്പോൾ പ്രതികരിക്കാതെ തരമില്ല. പല ബസ്സുകളിലും സാധാരണ യാത്രക്കാർക്ക് ഇരിക്കാൻ വയ്യാത്ത അവസ്ഥയായിട്ടുണ്ട്. പലപ്പോഴും ജനറൽ സീറ്റുകൾ കയ്യടക്കുന്ന സ്ത്രീജനങ്ങൾ അവിടേയും മറ്റ് പുരുഷയാത്രക്കാരെ ഇരിക്കാൻ അനുവദിക്കാത്ത സ്ഥിതിയാണ്. പലപ്പൊഴും ഇത്തരക്കാരോട് വഴക്കടിക്കേണ്ടിയും വരുന്നു.

  ReplyDelete
 3. വളരെ ഇന്‍ഫൊര്‍മേറ്റീവ്. മറ്റൊന്നു കൂടെയുണ്ട് മണി. മിക്കവാറും ഈ സ്ത്രീകള്‍ ആദ്യം ഫില്‍ ചെയ്യുക ജനറല്‍ സീറ്റാവും. എപ്പോള്‍ പുരുഷന്മാര്‍ ബസ്സില്‍ എത്തിയാലും സ്ത്രീകളുടെ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയും ജനറല്‍ സീറ്റുകളില്‍ സ്ത്രീകള്‍ ഇരിക്കുകയും ചെയ്യുന്ന കാഴ്ച കാണാം. ഇനി അത്തരത്തിലെ സീറ്റില്‍ ഒരാളേ ഉള്ളൂ അവിടെ ഇരിക്കാമെന്ന് വെച്ചാല്‍ പിന്നെ പുരുഷന്മാര്‍ പീഡിതാക്കളാവും. അന്നേരം അവരുടെ നോട്ടം കണ്ടാല്‍ എന്തെങ്കിലും അവരെ ചെയ്തോ എന്ന് സ്വയം ഒരു സംശയവും തോന്നും. എന്നാല്‍ മറിച്ച് പുരുഷന്മാരാണ് അങ്ങിനെ ഒറ്റക്കിരിക്കുന്നതെങ്കില്‍ അടുത്ത് ഇരിക്കുവാന്‍ സ്ത്രീകള്‍ക്ക് പ്രത്യേകിച്ച് കുഴപ്പവുമില്ല.

  മണി നല്‍കിയ വിവരങ്ങള്‍ വളരെ ഇന്‍ഫൊര്‍മേറ്റീവ് തന്നെ.

  ReplyDelete
 4. മനോരാജ് ഇവിടെ എത്തിയതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി. ഈ അനുഭവം പലപ്പോഴും ഉണ്ട്. പറവൂരിൽ നിന്നും ആലുവയ്ക്ക് പോകുമ്പോഴും ആലുവയിൽ നിന്നും കാക്കനാട് വഴി തൃപ്പൂണിത്തുറയ്ക്ക് പോകുന്ന കെ എസ് ആർ ടി സിയിൽ ജോലിസ്ഥലത്തേയ്ക്ക് പോകുമ്പോഴും ഇങ്ങനെ ഉള്ളവരെ കാണാം. സ്ത്രീകളുടെ സീറ്റ് ഒഴിഞ്ഞ് കിടന്നാലും ആദ്യം ജനറൽ സീറ്റ് കയ്യടക്കും. പിന്നെ അടുത്ത സീറ്റ് കാലിയാണെങ്കിലും പുരുഷന്മാരെ ഇരിക്കാൻ അനുവദിക്കില്ല. ഒരിക്കൽ കാക്കനാടു നിന്നും ഒരു ബസ്സിൽ കയറിയപ്പോൾ ഇതേപോലെ ഒരു സ്ത്രീയെ കണ്ടു. ബസ്സിൽ ചുരുങ്ങിയത് 70 പേരെങ്കിലും കാണും. ഏറ്റവും പുറകിലെ സീറ്റിൽ ഒറ്റക്ക് ഇരിപ്പാണ് ഈ സ്ത്രീ. അടുത്ത് മൂന്നു പേർ നിക്കുന്നുണ്ട്. ഞാൻ ഇരിക്കാൻ ചെന്നപ്പോൾ പറ്റില്ലെന്നായി അവർ. അടുത്തു നിന്ന് പുരുഷ്ന്മാരും ഇതേ അനുഭവമാണ് അവർക്കും ഉണ്ടായതെന്ന് പറഞ്ഞു. ഞാ‍ൻ കണ്ടക്ടറെ വിളിച്ച് കാര്യം പറഞ്ഞു. ബസിന്റെ മുൻപിൽ നിൽക്കുന്ന സ്ത്രീകളെ ആരെയെങ്കിലും അവിടെ ഇരുത്തണം എന്നായി അവർ. ഞങ്ങൾ എതിർത്തു. ഒടുവിൽ അവർക്ക് സമ്മതിക്കേണ്ടി വന്നു. എന്നാലും എന്നെ ഇരിക്കാൻ അവർ സമ്മതിച്ചില്ല, എന്നെക്കാൽ മുൻപ് അവിടെ ഇരിക്കാൻ ശ്രമിച്ച മറ്റൊരാളെ ഇരിക്കാൻ അനുവദിച്ചു. എന്നാലും എനിക്ക് പരിഭവമില്ല. പൊതു സീറ്റിൽ ഇരിക്കുന്ന സ്ത്രീകളോട് അനുവാദം വാങ്ങി അടുത്തുള്ള സീറ്റിൽ ഇരിക്കുന്ന ചിലുരുണ്ട്. പൊതു സീറ്റുകൾ ആർക്കും ഇരിക്കാവുന്നവയാണ്. അവിടെ ഇരിക്കുന്നതിന് ആരുടേയും സമ്മതം വേണ്ട. അങ്ങനെ ഒരാൾ തന്റെ അടുത്ത് ഇരിക്കുന്നതിൽ ബുദ്ധിമുട്ടുള്ളവർ സ്വയം ഒഴിഞ്ഞു പോകണം അതാണ് നല്ലത്.

  ReplyDelete