31 August 2011

വധശിക്ഷയും ദയാഹർജിയും നിയമസഭയും

തികച്ചും അസാധാരണമായ വാർത്തകളാണ് ഇന്ന് കേട്ടത്. ഏറെ നാളുകൾക്ക് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉറക്കം വിട്ടുണർന്നതും ഏതാനും വർഷങ്ങളായി തങ്ങൾ അടയിരുന്ന ദയാഹർജികളിൽ തീരുമാനം രാഷ്ട്രപതിയെ അറിയിക്കാൻ ആരംഭിച്ചതും ഏതാ‍നും ആഴ്ചകൾ മുൻപാണ്. പെട്ടന്ന് ഇങ്ങനെ ഉണരാനും ദയാഹർജികളിൽ തീരുമാനം അറിയിക്കാനും തുനിഞ്ഞതും അസാധാരണം തന്നെ ആയിരുന്നു. അങ്ങനെ രാജീവ് ഗാന്ധി വധക്കേസിലെ പ്രതികൾ സമർപ്പിച്ച ദയാഹർജിയിലും പതിനൊന്ന് വർഷങ്ങൾക്ക് ശേഷം തീരുമാനമായി, ആ ഹർജികൾ തള്ളിക്കൊണ്ട് 2011 ആഗസ്റ്റ് 1ന് രാഷ്ട്രപതിയുടെ തീരുമാനം വന്നു. 1999 ഒൿടോബർ എട്ടിന് രാജീവ് ഗാന്ധി വധക്കേസിന്റെ അന്തിമ വിധി സുപ്രീംകോടതി പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് നാലു പ്രതികൾക്ക് വധശിക്ഷയും വിധിച്ചു. എന്നാൽ ഇവർ നൽകിയ ദയാഹർജി രാഷ്ട്രപതി സ്വീകരിച്ചതോടെ 1999 നവംബർ 1ന് വധശിക്ഷയിന്മേലുള്ള തുടർനടപടികൾ നിറുത്തിവെയ്ക്കപ്പെട്ടു. പ്രതികൾക്ക് വധശിക്ഷ നടപ്പാക്കിയാൽ തമിഴ്നാട്ടിൽ ഉണ്ടാവാൻ ഇടയുള്ള ക്രമസമാധാനപ്രശ്നങ്ങൾ ഒരു വലിയ പരിധിവരെ ശിക്ഷ നടപ്പാക്കുന്നതിൽ നിന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ തടഞ്ഞു എന്നും പറയപ്പെടുന്നു. ഇപ്പോൾ എന്താണ് ഇങ്ങനെ ഒരു തീരുമാനത്തിൽ എത്താൻ കാരണം. എൽ ടി ടി ഇ എന്ന സംഘടന ഇല്ലാതായതോ? തമിഴ്നാട്ടിൽ ഇപ്പോഴും ഈ സംഘടനയെ അനുകൂലിക്കുന്നവർ ഉണ്ടെന്നത് എല്ലാവർക്കും അറിയാവുന്നതല്ലെ. ഇപ്പോഴും ഈ സംഘടനയുടെ പ്രവർത്തനങ്ങൾക്ക് ഉള്ള പിന്തുണ വ്യക്തമാക്കുന്നതാണ് തമിഴ്നാട് നിയമസഭയിലും തമിഴ്നാട് ഹൈക്കോടതി വളപ്പിലും ഇന്ന് ഉണ്ടായ സംഭവങ്ങൾ.

രജീവ് ഗാന്ധിയെ വധിക്കാൻ എൽ ടി ടി ഇ എന്ന ഭീകരസംഘടന ആസൂത്രണം ചെയ്തു നടപ്പാക്കിയ പദ്ധതിയിൽ അദ്ദേഹത്തോടൊപ്പം കൊല്ലപ്പെട്ടത് നിരപരധികളായ പതിനാലു വ്യക്തികൾ കൂടിയാണ്. ആ വ്യക്തികളോട് തമിഴ് ജനതയ്ക്ക് യാതൊരു സഹാനുഭൂതിയും ഇല്ലെ? തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി കുമാരി ജയലളിത അവതരിപ്പിച്ച മൂന്നു പ്രതികൾക്കും സെപ്തംബർ 9ന് വധശിക്ഷ നടപ്പാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കണം എന്നു രാഷ്ട്രപതിയോടാവശ്യപ്പെടുന്നു പ്രമേയം ഏകകണ്ഠമായാണ് പാസ്സായത്. ഇത് തികച്ചും അത്ഭുതപ്പെടുത്തുന്നു. സ്വന്തം സംസ്ഥാനത്തെ പതിനാലു പൗരന്മാരെ ദാരുണമായി കൊലപ്പെടുത്തിയ കൃത്യത്തിന് കൂട്ടുനിന്നു എന്ന് ഈ രാജ്യത്തെ പരമോന്നത് നീതിപീഠം കണ്ടെത്തിയ പ്രതികൾക്ക് വേണ്ടി അതേ സംസ്ഥാനത്തെ നിയമസഭ വാദിക്കുക. സുപ്രീംകോടതിയ്ക്കും നിയമവ്യവസ്ഥയ്ക്കും ഒരു വെല്ലുവിളിയായി തോന്നുന്നു ഇത്. പണ്ടും ജയലളിതയ്ക്കെതിരെ വാർത്തകൾ നൽകിയ ഒരു ദേശീയപത്രത്തിന്റെ പത്രാധിപരെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട പാരമ്പര്യം ഈ നിയമസഭയ്ക്കുണ്ട്. അതിലും കടുത്തതായിപ്പോയി ഈ തീരുമാനം. രാജ്യത്തെ ഓരോ നിയമസഭകളും ഇത്തരത്തിൽ പ്രമേയങ്ങൾ പാസ്സാക്കിയാൽ എന്താവും സ്ഥിതി. പരമാധികാരത്തിനായി കാശ്മീർ നിയമസഭയും, അജ്മൽ അമീർ കസബിനെ വധിക്കണം എന്നാവശ്യപ്പെട്ട് മഹാരാഷ്ട്രാ നിയമസഭയും, റാബറിയ്ക്കും ലാലുപ്രസാദിനും എതിരായ എല്ലാ കേസുകളും പിൻ‌വലിക്കണം എന്ന് ബീഹാർ നിയമസഭയും, നരേന്ദ്ര മോദിക്കെതിരായ എല്ല നടപടികളും നിറുത്തണം എന്ന് ഗുജറാത്ത് നിയമസഭയും പ്രമേയങ്ങൾ പാസ്സാക്കിയാൽ കോടതികളെ വെല്ലുവിളിക്കുന്നതിനു തുല്യമല്ലെ അത്.

രാജീവ് ഗാന്ധി വധക്കേസിൽ പ്രതികൾ സമർപ്പിച്ച ദയാഹർജി തീർപ്പാക്കുന്നതിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും, കാലാകാലങ്ങളിൽ അധികാരത്തിൽ വന്ന സർക്കാരുകളും കാണിച്ച അലംഭാവം ഗുരുതരമായതു തന്നെ. ഇത്രയും കാലം പ്രതികൾക്ക് ശിക്ഷനൽകുന്നതിന് താമസംവരുത്തി എന്നത് തെറ്റുതന്നെ. പ്രതികൾ ചെയ്ത നീചകൃത്യവുമായി തട്ടിച്ചുനോക്കുമ്പോൾ ഈ കാലതാമസം വധശിക്ഷയിൽ നിന്നും ഒഴിവാക്കപ്പെടാൻ പര്യാപ്തമായ ഒരു ഘടകമാണെന്ന് ഞാൻ കരുതുന്നില്ല. കാലതാമസം ചൂണ്ടിക്കാട്ടി പ്രതികൾ വീണ്ടും ദയാഹർജി നൽകിയിട്ടുള്ളതായും, തമിഴ്നാട് ഹൈക്കോടതി വധശിക്ഷ നടപ്പാക്കുന്നത് ഏതാനും ആഴ്ചകളിലേയ്ക്ക് റദ്ദ് ചെയ്തതായും വാർത്തകളിൽ നിന്നും മനസ്സിലാകുന്നു. ഇനിയും അധികം വൈകിപ്പിക്കാതെ പ്രതികൾക്ക് സുപ്രീംകോടതി വിധിച്ച ശിക്ഷ നടപ്പാക്കണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം. അതുപോലെ വിവിധ രാജ്യദ്രോഹക്കേസുകളിൽ വധശിക്ഷ വിധിക്കപ്പെട്ട അഫ്‌സൽ ഗുരുവിന്റേയും, അജ്‌മൽ അമീർ കസബിന്റേയും ഉൾപ്പടെയുള്ള ശിക്ഷകളും എത്രയും പെട്ടന്ന് നടപ്പാക്കണം.

10 comments:

  1. ദക്ഷിണേന്ത്യന്‍ രാഷ്ട്രീയക്കാരന്‍റെ സമ്പാദ്യത്തിനോട് ഉത്തരേന്ത്യന്‍ ലോബിക്ക് കടുത്ത വൈരാഗ്യം! ദ്രാവിഡ ഇന്ത്യ രാഷ്ട്രീയസാമ്പത്തിക ശക്തിയാവുന്നത് അവര്‍ക്ക് കണ്ടുകൂട രാജ,കനിമൊഴി,കുമാരസാമി, അടുത്തചൂണ്ടുവിരല്‍ ചിദംബരം ഹഹഹ ഹഹാഹാ ഹ.

    ReplyDelete
  2. വധശിക്ഷ എന്ന ഏർപ്പാടുതന്നെ നിർത്താറായി എന്നതാണ് എന്റെ അഭിപ്രായം.

    ReplyDelete
  3. വധശിക്ഷ ഒരു പരിഷ്‌കൃത സമൂഹത്തിനു യോജിച്ചതല്ല..അത് എന്നേ നിര്‍ത്തലാക്കേണ്ടതായിരുന്നു.വധശിക്ഷ നല്‍‌കുന്നത് കൂടിക്കൂടി വരുന്നതായിട്ടാണ് കാണുന്നത്.

    ReplyDelete
  4. മണീ,
    അല്പം വൈകാരികമായി പ്രതികരിച്ചതാണോ എന്ന് സംശയം തോന്നുന്നു. അപ്പൂട്ടനും രാജേഷും പറഞ്ഞ പോലെ പരിഷ്‌കൃത സമൂഹത്തിനു പറ്റിയ ശിക്ഷാരീതിയല്ല വധം എന്നത്. കഴിഞ്ഞ ഇരുപത് വർഷമായി ജയിലിൽ കഴിഞ്ഞ അവരെ ഇനി തൂക്കിക്കൊല്ലുന്നതിനോട് ഒട്ടും യോജിക്കാൻ കഴിയില്ല. ജീവ പര്യന്തം തടവുപോലും ഇതിൽ കുറവ് ജയിൽ വാസമെ കൊടുക്കുന്നുള്ളൂ എന്നതും കൂടി ഓർക്കണം.

    ReplyDelete
  5. പാവപ്പെട്ടവന്‍ ഇവന്മാരുടെ തീറ്റ/സുരക്ഷ/വാസ ചിലവ് വഹിച്ചോട്ടേ അല്ലേ? കൊല്ലേണ്ടവനെ നേരത്തെ അങ്ങ് തീര്‍ക്കുന്നതിനോട് ഞാന്‍ യോജിക്കുന്നു...

    ReplyDelete
  6. അനോനി, അപ്പൂട്ടൻ, വ്രജേഷ്, അനിലേട്ടൻ, മുക്കുവൻ ഇവിടെ എത്തിയതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.
    വധശിക്ഷ ഒരു പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല എന്ന അഭിപ്രായം ഭൂരിഭാഗം ആളുകളും മുന്നോട്ട് വെച്ചിരിക്കുന്നു. അപ്പോൾ എന്റെ സംശയം ഇതാണ് മനുഷ്യജീവന് യാതൊരു പരിഗണനയും നൽകാത്ത ഈ കുറ്റവാളികൾ സഹജീവികളോട് യാതൊരു മാനുഷീകപരിഗണനയും കാട്ടാത്ത ഇവർ എന്തിന്റെ പേരിലാണ് പരിഗണന അർഹിക്കുന്നത്. തങ്ങളുടെ രാഷ്ട്രീയ വിരോധം തീർക്കാൻ നിരപരാ‍ധികളായ പതിനഞ്ചു മനുഷ്യജീവനുകൾ ഇല്ലാതാക്കിയ ഇവർ എന്തിന്റെ പേരിലാണ് ദയ അർഹിക്കുന്നത്. പലപ്പോഴും ഇത്തരം കൊടും‌കുറ്റവാളികളെ അനന്തകാലം ജയിലിൽ സൂക്ഷിക്കുന്നത് രാജ്യത്തിനു തന്നെ ഭീഷിണിയാണ്. അതിന്റെ ഏറ്റവും നല്ല ഉദാഹരണം ആണ് കാണ്ഡഹാറിൽ കണ്ടത്. അമേരിക്കയിൽ നടന്ന ആക്രമണങ്ങൾക്ക് പോലും ഉത്തരവാദിയായ മസൂദ് അസ്‌ഹറിനെ പോലുള്ള ഭീകരരെയാണ് വിട്ടയക്കേണ്ടി വന്നത്. എൽ ടി ടി ഇ ഇത്തരം ഒരു ഭീഷിണി ഇനി ഉയർത്തും എന്ന് കരുതുന്നില്ലെങ്കിലും, അഫ്‌സൽ ഗുരുവും, അജ്‌മൽ അമീർ കസബും ഒരു പക്ഷെ അങ്ങനെ ആവില്ല. ഇരുപത് വർഷം ജയിയിലിൽ കിടന്നു എന്നത് ഒരു തരത്തിലും ഇവരെ വധശിക്ഷയിൽ നിന്നും ഒഴിവാക്കുന്നതിനുള്ള ഒരു ഘടകമായി ഞാൻ കാണുന്നില്ല. ഇവരുടെ ദയാഹർജികൾ പണ്ടെ തള്ളേണ്ടതും ശിക്ഷ നടപ്പിലാക്കപ്പെടേണ്ടതും ആയിരുന്നു. ദയാഹർജികളിൽ തീരുമാനം അറിയിക്കാൻ ഒരു നിശ്ചിത സമയപരിധി തീരുമാനിക്കപ്പെടണം. ഒരിക്കലും ഒരാളുടേയും ശിക്ഷയിന്മേലുള്ള തീരുമാനം അനന്തമായി നീളാൻ പാടില്ല.

    ReplyDelete
  7. മണി,
    ഉത്തരവാദിത്വപ്പെട്ട ഒരു ഭരണകൂടം ചെയ്യേണ്ടത് ക്രമസമാധാനപാലനവും പൗരന്മാരുടെ ജീവനും സ്വത്തിനും പരിരക്ഷ നൽകാനുള്ള സാമൂഹികഘടന ഉണ്ടാക്കലുമാണ്. ഇതിന് പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ടാകാം, ഓരോ ആളേയും എടുത്തെടുത്ത് രക്ഷിക്കാനൊന്നും കഴിയില്ല. Stray incidents would still be there, miscreants would still prevail.

    അതിന് സാമൂഹികമായും സാമ്പത്തികമായും ഉള്ള കാരണങ്ങളാൽ സാധ്യത കുറഞ്ഞ ഭരണകൂടങ്ങളുണ്ടാകാം, ഇന്ത്യയുടെ അവസ്ഥ മറ്റു പലരാജ്യങ്ങളേക്കാളും മെച്ചമാണെങ്കിലും പൊതുവെ മോശമാണ് അവസ്ഥ.

    എന്നാൽ ഇതിനർത്ഥം ഭരണകൂടം പ്രതികാരം ചെയ്യുകയാണ് വേണ്ടത് എന്നല്ല. മറ്റുള്ളവർക്ക് മാനുഷികപരിഗണന കൊടുക്കാത്ത വ്യക്തികൾക്ക് തിരിച്ചും മാനുഷികപരിഗണന കൊടുക്കാതിരിക്കുന്നത് ഒരു മാനുഷികവശമാണ്, സ്വാഭാവികമായും വ്യക്തിപരമായ പ്രതികാരനടപടികൾ സംഭവ്യവുമാണ്. ഭരണകൂടവും അതുതന്നെ ചെയ്താൽ?

    പിടിക്കപ്പെട്ട ഇരുപത്തിയാറുപേർക്കും (എണ്ണം ശരിയാണെന്നു വിശ്വസിക്കുന്നു) ഒറ്റയടിക്ക് വധശിക്ഷ വിധിച്ച കോടതിയുണ്ടിവിടെ. എന്തോ ഭാഗ്യത്തിന് മേൽക്കോടതികൾക്ക് അത്രയും ബുദ്ധിമാന്ദ്യം ഉണ്ടായില്ല.

    ReplyDelete
  8. തീവ്രവാദവും ഇതും തമ്മിൽ കൂട്ടിക്കുഴയ്ക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല, കാരണം തീവ്രവാദത്തിന് ശാശ്വതമായൊരു പരിഹാരം എളുപ്പമല്ല, രാജ്യത്തിനു പുറത്തുനിന്നാണ് ഫണ്ടിങ്ങ് എന്നതിനാൽ പ്രത്യേകിച്ചും. ഒരു തീവ്രവാദിയെ വിട്ടയയ്ക്കേണ്ടിവരുന്ന സാഹചര്യം ദയനീയമാണ്.

    ഇനി ഒരാളെ തടവിൽ വെച്ചതുകൊണ്ടാണ് രാജ്യസുരക്ഷയ്ക്ക് അപകടമായത് എന്ന വാദം അത്ര ശരിയായി എനിക്ക് തോന്നിയില്ല. ഇപ്പറഞ്ഞ തീവ്രവാദിയെ ഒറ്റയടിയ്ക്ക് കൊന്നുകളഞ്ഞാൽ പ്രതികാരനടപടിയായി പത്തിടത്ത് ബോംബ് വെയ്ക്കില്ലെന്ന് ആരുകണ്ടു? ഈയൊരു വിഷയം കൊണ്ട് തീവ്രവാദത്തിന് എന്തെങ്കിലും കൂടുതലോ കുറവോ ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല.

    ReplyDelete
  9. @അപ്പൂട്ടൻ: ഒരു രാജ്യത്തിനുള്ളിൽ നടക്കുന്ന ക്രമസമാധാനപ്രശ്നങ്ങളേയും രാജ്യത്തിന്റെ നിലനില്‍പ്പിനെത്തന്നെ ബാധിയ്ക്കുന്ന വിഘടനവാ‍ദവും ഭീകരവാദവും പോലുള്ള വിധ്വംസകപ്രവർത്തനങ്ങളേയും ഒരേ കണ്ണിലൂടെ കാണാൻ സാധിക്കുന്നില്ല. ശ്രീലങ്കയിൽ വിഘടനവാദപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന എൽ ടി ടി ഇ പോലുള്ള സംഘടനയ്ക്ക പല രീതിയിലുള്ള പിന്തുണ തമിഴ്‌നാടിന്റെ പലഭാഗങ്ങളിലും നിന്ന് കിട്ടിയിരുന്നു എന്നത് വാസ്തവമാണ്. രാജീവ് ഗാന്ധി സർക്കാർ എൽ ടി ടി ഇ എന്ന സംഘടനയ്ക്കെതിരെ ശ്രീലങ്കയിൽ കൈക്കൊണ്ട സൈനീകനടപടികൾക്ക് ഇന്ത്യൻ സൈന്യം വലിയ വിലയും നൽകേണ്ടി വന്നിട്ടുണ്ട്. ഈ നടപടികൾ രാജീവ് ഗാന്ധിയെ എൽ ടി ടി ഇ എന്ന സംഘടനയുടെ ശത്രുവാക്കി. അദ്ദേഹത്തെ വധിക്കാൻ നടത്തിയ ബോംബ് സ്ഫോടനം നിരപരാധികളായ മറ്റ് പതിനാലു ജീവനുകൾ ഇല്ലാതാക്കി. ഇന്ത്യയ്ക്ക് പുറമെനിന്നുള്ള ഒരു ഭീകരസംഘടന ഇന്ത്യൻ മണ്ണിൽ നടത്തിയ ഈ നിഷ്ഠൂരമായ ആക്രമണം ന്യായീകരിക്കാൻ എനിക്ക് സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ അതിനുപിന്നിൽ പ്രവർത്തിച്ചവർ പരമാവധി ശിക്ഷ അർഹിക്കുന്നു എന്ന് ഞാൻ കരുതുന്നു. എത്ര വൈകിയാലും അവർക്ക് വിധിച്ച ശിക്ഷ നടപ്പിലാക്കുക തന്നെ വേണം.

    കഴിഞ്ഞ ദിവസം ഡെൽഹിയിൽ ഉണ്ടായ സ്ഫോടനം വീണ്ടും കുറെ നിരപരാധികളുടെ ജീവൻ ഹോമിച്ചിരിക്കുന്നു. നിലവിലെ വാർത്തകളിൽ നിന്നും മനസ്സിലാക്കുന്നത് ഈ സ്ഫോടനങ്ങൾ അഫ്‌സൽ ഗുരുവിന്റെ മോചനം മുൻ‌നിറുത്തിയുള്ള ഭീഷിണികൾ ആണെന്നതാണ്. ഇത്തരം കൊടും കുറ്റവാളികളെ ജയിലിൽ സൂക്ഷിക്കുന്നത് ആപത്താണെന്ന എന്റെ വിശ്വാസത്തെ ഈ സംഭവം കൂടുതൽ ബലപ്പെടുത്തുന്നു. നമ്മുടെ മുൻ‌കാല‌അനുഭവങ്ങളും ഇതിനെ സാധൂകരിക്കുന്നുണ്ട്.

    തങ്ങളുടെ സംസ്ഥാനത്തെ പതിനാലു പൗരന്മാരെ വധിച്ചവർക്ക് ഈ രാജ്യത്തെ പരമോന്നതനീതിപീഠം വിധിച്ച ശിക്ഷ നടപ്പാക്കുന്നതിലെ കാലതാമസത്തെകുറിച്ച് ഒരിക്കലും രാഷ്ട്രപതിയെ ഓർമ്മപ്പെടുത്താതിരുന്ന ഒരു നിയമസഭയും ഭരണകൂടവും ആ പ്രതികൾക്ക് വേണ്ടി ഇപ്പോൾ സംസാരിക്കുന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.

    ഒരിക്കൽകൂടി ഇവിടെ എത്തിയതിനും താങ്കളുടെ കാഴ്ചപ്പാടുകൾ വിശദീകരിച്ചതിനും നന്ദി. എന്റെ അഭിപ്രായം വിശദീകരിക്കുന്നതിനുണ്ടായ കാലതാമസത്തിന് ക്ഷമചോദിക്കുന്നു.

    ReplyDelete
  10. ആശംസകളോടെ

    sabukeralam.blogspot.com

    ReplyDelete