16 January 2011

മകരവിളക്ക് - സത്യം വെളിവാക്കണം | Makaravilakku - Truth must be revealed

അങ്ങനെ വീണ്ടും ഒരു ദുരന്തത്തിനു കൂടി കേരളം സാക്ഷിയായിരിക്കുന്നു. ശബരിമലയിൽ എത്താൻ അയ്യപ്പഭക്തന്മാർക്ക് കനത്ത നിയന്ത്രണം ഏർപ്പെടുത്തിയതു മൂലം  മകരവിളക്ക് കാണാൻ  പരമ്പരാഗത പാതയായ വണ്ടിപ്പെരിയാർ - പുൽമേടിൽ തമ്പടിച്ചിരുന്ന അയ്യപ്പഭക്തരിൽ നൂറിലധികം ആളുകൾ തിക്കിലും തിരക്കിലും പെട്ട് മരിച്ചിരിക്കുന്നു. പല തീർത്ഥാടന കേന്ദ്രങ്ങളിലും തിക്കിലും തിരക്കിലും അപകടങ്ങൾ സംഭവിക്കാറുണ്ടെങ്കിലും പുൽമേടിൽ ഇന്നലെ സംഭവിച്ചത് തികച്ചും ഒഴിവാക്കാവുന്നത് തന്നെയാണ്. മണ്ഡല തീർത്ഥാടനത്തിൽ അയ്യപ്പഭക്തരെ സംബന്ധിച്ച് വളരെ വിശേഷപ്പെട്ട മുഹൂർത്തം തന്നെയാണ് മകരസംക്രമദിവസത്തെ തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയും തുടർന്ന് പൊന്നമ്പലമേട്ടിൽ തെളിയുന്നു എന്ന് പ്രചരിപ്പിക്കുന്ന മകരവിളക്കും. മകരവിളക്ക് എന്ന പ്രതിഭാസം അത്ഭുതവും ദൈവീകവും ആണെന്ന് പ്രചരിപ്പിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ഒരു വലിയ വിഭാഗം ഇപ്പോളും ഉണ്ട്. ഇതിന് ദേവസ്വം ബോർഡും കാലാകാലങ്ങളിൽ വന്ന സർക്കാരുകളും മൗനാനുവാദം നൽകിവരുന്നു. മകരവിളക്ക് എന്നത് പൊന്നമ്പലമേട്ടിൽ താനെ തെളിയുന്ന അത്ഭുതമല്ലെന്നും വിവിധ സർക്കാർ വകുപ്പുകളും ദേവസ്വം ബോർഡും ചേർന്ന് കത്തിക്കുന്നതാണെന്നും അനൗദ്യോഗീകമായി പലരും സമ്മതിക്കുന്നു. വിശ്വാസികളെ ചൂഷണം ചെയ്യുന്ന ഈ സംവിധാനത്തിന്റെ പിന്നിലെ വസ്തുതകൾ വിളിച്ചു പറയാൻ ഇനിയെങ്കിലും സർക്കാർ സംവിധാനങ്ങൾ തയ്യാറാവണം. കാരണം ദൈവീകവും അത്ഭുതകരവുമാണ് മകരവിളക്കെന്ന് ഇപ്പോഴും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള നല്ലൊരു ശതമാനം അയ്യപ്പഭക്തരും വിശ്വസിക്കുന്നു. ശബരിമലയെ സംബന്ധിക്കുന്ന മറ്റെല്ലാകാര്യങ്ങളിലും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുടെ പേര് വിളിച്ചു പറയുന്ന ദേവസ്വവും സർക്കാർ വകുപ്പുകളും ഇക്കാര്യത്തിൽ മാത്രം മൗനം പാലിക്കുന്നത് ശരിയല്ല. സന്നിധാനത്തെ സുരക്ഷാകാര്യങ്ങളുടെ ചുമതല ഇന്ന ഉദ്യോഗസ്ഥനാണ്, സന്നിധാനം സ്പെഷ്യൽ കമ്മീഷണർ ഇന്ന മജിസ്ട്രേറ്റ് ആണ്, മണ്ഡല പൂജ നടത്തുന്നത് കണ്ഠരര് മഹേശ്വരരാണ്, നിറപ്പുത്തരിയ്ക്ക് മുഖ്യകാർമ്മികത്വം കണ്ഠരര് രാജീവർക്കാണ്, ശബരിമല മേൽശാന്തി ഇന്ന നമ്പൂതിരിയാണ്, തിരുവാഭരണഘോഷയാത്രയുടെ സുരക്ഷാചുമതല ഇന്ന പോലീസ് ഉദ്യോഗസ്ഥനാണ്, എന്നിങ്ങിനെ ഏതു ചോദ്യത്തിനും ഉത്തരം ഉടനെ കിട്ടും. ഇത്തവണ മകരവിളക്ക് കത്തിക്കേണ്ട ചുമതല ആർക്കാണ്? ഇല്ല മറുപടി ഇല്ല. അത് സർക്കാർ രഹസ്യം. അതു തന്നെ മകരവിളക്കിന് പിന്നിലെ വസ്തുതകൾ പുറത്തുകൊണ്ടുവരുന്നതിൽ സർക്കാരിന് താല്പര്യമില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ്. മറ്റൊരർത്ഥത്തിൽ സർക്കാർ തന്നെയാണ് ഈ വിശ്വാസചൂഷണത്തിന് കാലാകാലങ്ങളായി മുൻ‌കൈ എടുക്കുന്നത് എന്നർത്ഥം.

പല മാദ്ധ്യമങ്ങളിൽ നിന്നും വരുന്ന വാർത്തകളുടെ അടിസ്ഥാ‍നത്തിൽ മനസ്സിലാക്കുന്നത് പുൽമേടിൽ രണ്ടരലക്ഷത്തിലധികം വരുന്ന ആളുകൾ തമ്പടിച്ചിരുന്നു എന്നാണ്. ഇത്രയും ആളുകൾ ദിവസങ്ങളായി അവിടെ കാത്തിരുന്നത് മകരവിളക്ക് ദർശിക്കുന്നതിന് മാത്രമാണ്. മകരവിളക്ക് അത്ഭുതപ്രതിഭാസം ആണെന്ന വിശ്വാസമാണ് അവരെ ഇതിനു പ്രേരിപ്പിക്കുന്നത്. വെള്ളവും വെളിച്ചവും ഇല്ലാത്ത ഇവിടെ തണുപ്പ് സഹിച്ച് ദിവസങ്ങൾ കഴിച്ചുകൂട്ടുന്നത് മകരവിളക്കിന് നൽകിയിട്ടുള്ള ഈ അത്ഭുത പരിവേഷം തന്നെയാണ് കാരണം. അതുകൊണ്ട് തന്നെ ഈ ദുരന്തത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം മകരവിളക്കിന്റെ സംഘാടകരായ സർക്കാരിനും തിരുവിതാം‌കൂർ ദേവസ്വം ബോർഡിനും ആണ്. ഇത്രയധികം ആളുകൾ അവിടെ തമ്പടിച്ചിരുന്നു എന്നതും ഇത് പല അപകടങ്ങൾക്കും വഴിവെക്കും എന്നതും മുൻ‌കൂട്ടി കാണാൻ സാധിക്കാതെ പോയത് ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങളുടെ വീഴ്ചയായി വേണം കാണാൻ. 

ശബരിമല ഭക്തിചൂഷണത്തിന്റെ മറവിൽ ധനാഗമത്തിനുള്ള ഒരു മാർഗ്ഗം മാത്രമായിരിക്കുന്നു. ശബരിമലയിലെ പ്രധാന ആകർഷണം മകരവിളക്കും. ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത് മകരവിളക്ക് സമയത്താണ്. അതുകൊണ്ട് തന്നെ ഇതിനുപിന്നിലെ സത്യം വിളിച്ചുപറഞ്ഞ് വരുമാനം കുറയ്ക്കാൻ സർക്കാരുകൾ തയ്യാറല്ല എന്നു വ്യക്തം. ഈ വിഷയത്തിൽ 2007 ഫെബ്രുവരിയിലെ കലാകൗമുദി ആഴ്ചപതിപ്പിൽ ശ്രീ ടി എൻ ഗോപകുമാർ എഴുതിയ ലേഖനവും അതിനെ ആസ്പദമാക്കി ഞാൻ ഇട്ട ഒരു പോസ്റ്റും ഇവിടെ വായിക്കാം.  കൈരളി ടി വി യ്ക്കു  വേണ്ടി രണ്ടായിരത്തിൽ തയ്യാറാക്കിയ പ്രോഗ്രാമിന്റെ യൂ ട്യൂബ് വീഡിയോ ഇവിടെ കാണാം.  മകരവിളക്കിനു പിന്നിലെ യാഥാർത്ഥ്യം വെളിവാക്കുന്ന ഏക വീഡിയോ പ്രോഗ്രാമമും ഇതുതന്നെ ആവണം. മകരവിളക്കിനു പിന്നിലെ വസ്തുതകൾ പരസ്യമായിത്തന്നെ സർക്കാരും ദേവസ്വം ബോർഡും പ്രഖ്യാപിക്കട്ടെ. അതാവും മരിച്ച 102 അയ്യപ്പഭക്തരോടും ചെയ്യാവുന്ന ഏറ്റവും വലിയ പ്രായശ്ചിത്തം. വരും കാലങ്ങളിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.

14 comments:

  1. ആ വീഡിയോയില്‍ എന്തോ കുന്തമാ എക്സ്പോസ് ച്യ്തിരിക്കുന്നത്.. ഒരു സ്ഥലം കാണിച്ച് ദിദാണ് ദദിദാണ് എന്നു പറയുകയല്ലാതെ..

    ReplyDelete
  2. is it so difficult to get at the truth behind makaravilakku? how much longer can it be kept a secret in this age of communication explosion?

    ReplyDelete
  3. വനപാലകർക്ക് കൈമടക്കിയാൽ ആ സ്ഥലം നേരിട്ട് കാണാൻ പറ്റും. ഇന്നലത്തെ ദുരന്തത്തിലെ മരണക്കണക്ക് നോക്കൂ; 102 ൽ എത്ര മലയാളികൾ ഉണ്ട്?

    പക്ഷേ സ്ഥാപിത താൽപര്യക്കാർക്ക് ഒനും പ്രശ്നമല്ല. ദീപസ്തംഭം മഹാശ്ചര്യം..... ദേ നോക്ക്, അനോണികൾ ഉറഞ്ഞുതുള്ളിയെത്തുന്നു !

    ReplyDelete
  4. ഉറഞ്ഞതും തുള്ളിയതുമൊന്നുമല്ല അണ്ണാ...ആ വീഡിയോയില്‍ എന്തൊ എക്സ്പോസ് ചെതു എന്നവകാശം കണ്ടു ഞാനോര്‍ത്തു മകരവിളക്കു കത്തിക്കുന്നത് കാണിക്കുമെന്നു.

    അതിലും വലിയ എക്സ്പോസല്ലേ ശബരിമല തന്ത്രിയുടെ ചെറുമകന്‍ രാഹുലിന്റെ വീഡിയോ..

    പണ്ടൊരു മുഖ്യമന്ത്രിയും ഇതു പറഞ്ഞിട്ടുള്ളതാണ്.

    ശബരിമലയുടെ കാര്യത്തില്‍ സ്താപിത താല്പര്യക്കാര്‍ ദേവസ്വം ബോര്‍ഡും, സര്‍ക്കരും അവിടുത്തെ കച്ചവടക്കാരും ആണ്

    ReplyDelete
  5. പ്രതികരണന്‍ ഒരു ഭയങ്കര സനോണി ആണല്ലോ...

    ReplyDelete
  6. makara jyothy kathikkunnathu ivide aaennnnu oraal mike il koode paranjittu kaaryamilla.....vyakthamaaya proof venam....thiruvabharana khosha yaathrayude koode pokunna parunthineyum kaalaakaalangalaayi keralam maari maari bharikkunna sarkkar parathi vidunnathaayirikkum alle.....
    :-)

    ReplyDelete
  7. മകരവിളക്കിനെപ്പറ്റി വെളിപ്പെടുത്താന്‍ ബാക്കിയുള്ള സത്യങ്ങള്‍ എന്തൊക്കെയാണ് എന്ന് വ്യക്തമാക്കാമോ?

    ഈ ലേഖനത്തില്‍ പറയാത്ത എന്തെല്ലാം കാര്യങ്ങളാണ് വെളിപ്പെടുത്താന്‍ ബാക്കിയുള്ളത്?

    ReplyDelete
  8. ഇവിടെ എത്തി അഭിപ്രായം രേഖപ്പെടുത്തിയ എല്ലാവർക്കും നന്ദി. ഇന്നത്തെ സാഹചര്യത്തിൽ ലഭ്യമായ ഏറ്റവും നല്ല വീഡിയോ ആണ് അതെന്ന് ഞാൻ കരുതുന്നു. മകരവിളക്ക് കത്തിക്കുന്ന സമയത്ത് ശക്തമായ സുരക്ഷാസംവിധാനങ്ങളാണ് അവിടെ ഉള്ളത്. നേരായ മാർഗ്ഗത്തിൽ അതിന്റെ ചിത്രീകരണം സാദ്ധ്യമാകെമെന്ന് ഞാൻ കരുതുന്നില്ല, മുൻപ് പലപ്പോഴും യുക്തിവാദികൾ ഇത് ചിത്രീകരിക്കാൻ ശ്രമിച്ചെങ്കിലും സംരക്ഷിത വനമേഖലയിൽ അതിക്രമിച്ചു കടന്ന കുറ്റം ചാർത്തി അവരെ അകത്താക്കാനാണ് നിയമം ശ്രമിച്ചത്. കോടതികൾ വഴിയും ഇതിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാൻ ശ്രമങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ അപ്പോഴെല്ലാം വ്യക്തമായ മറുപടി നൽകാതെ സർക്കാരുകൾ ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്. നയനാർ സർക്കാരിന്റെ കാലത്ത് ഇതു സംബന്ധിച്ചുവന്ന ഒരു ഹർജിയിൽ കേരളഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഇത് ഒരു വലിയ വിഭാഗം ജനത്തിന്റെ വിശ്വാസത്തെ ബാധിക്കുന്ന വിഷയമാണെന്നും അതിനാൽ ഇതിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്നും ഉള്ള ഒരു നിലപാടാണ് സ്വീകരിച്ചത്. മകരവിളക്ക് തെളിയിക്കുന്ന അവസരത്തിൽ പത്ര-ദൃശ്യമാദ്ധ്യമങ്ങൾക്കും പൊന്നമ്പലമേടിൽ പ്രവേശനം അനുവദിക്കുണം എന്ന അഭിപ്രായമാണ് എനിക്കുള്ളത്. കൂടുതൽ വ്യക്തമായ തെളിവിന് അതു മാത്രമാണ് ആശ്രയം. അല്ലെങ്കിൽ പൈസമുടക്കിയാൽ ഗൂഗിൾ എർത്ത് പോലുള്ള സംവിധാനങ്ങൾ ഒരു സ്ഥലത്തെ സംഭവങ്ങളുടെ തത്സമയ വീഡിയോ ദൃശ്യം ലഭ്യമാക്കുമെന്ന് കേൾക്കുന്നു. ആവഴിക്കും ശ്രമിക്കാവുന്നതാണ്. വിക്കിയിൽ പറയുന്ന കാര്യങ്ങൾ സത്യമാണെങ്കിലും അത് അധികാരികൾ അംഗീകരിക്കുന്നില്ല എന്നതാണ് ഇവിടത്തെ പ്രശ്നം.

    ReplyDelete
  9. വിശ്വാസമുള്ളവന്‍ പോയി തൊഴലോ/മുട്ടലോ നടത്തുന്നതില്‍ മണികണ്ഠനെന്തിനാ വെറുതെ വായിട്ടടിക്കുന്നത്? അവിടെ ആരേലും വിളക്ക് കത്തിക്കുന്നത് കൊണ്ട് നാലു പേര് ദുശ്ശീലങ്ങള്‍ ഒഴിവാക്കി 40 ദിവസം നൊയമ്പ് നോക്കുന്നത് ഒരു നല്ലകാര്യമല്ലേ മാഷെ? ഇനി 102 പേര്‍ മരിച്ചത്, വേണേല്‍ ഒരു 4 ലൈന്‍ ഹൈവേ പണിത് കൊടുക്ക് അയ്യപ്പന്മാര്‍ ഇത്തിരി വേഗത്തില്‍ തൊഴുത് മടങ്ങട്ടേന്ന്... 20% ഗ്രോത്ത് എല്ലാവര്‍ഷവും ഉണ്ടായാല്‍ കുറച്ചാള്‍ക്കാര്‍ കഞ്ഞികുടിച്ച് രക്ഷപ്പെടുമായിരിക്കും...

    ReplyDelete
  10. സത്യം വെളിപ്പെടുതിയാലെങ്ങനാ മാഷേ, പിന്നെ ദൈവത്തെ വിറ്റ് നാല് കാശുണ്ടാക്കാന്‍ പറ്റുമോ?

    ReplyDelete
  11. മുക്കുവൻ, മഹേഷ് വിജയൻ ഇവിടെ എത്തിയതിനും അഭിപ്രായം അറിയിച്ചതിലും നന്ദി.

    @മുക്കുവൻ: ഇവിടെ വിശ്വാസത്തിന്റെ പ്രശ്നം അല്ല ഞാൻ കാണുന്നത്. ഞാനും വിശ്വാസിയാണ്. ശബരിമല ഉൾപ്പടെ പല ക്ഷേത്രങ്ങളിലും പോകാറുമുണ്ട്. ഇവിടെ യഥാർത്ഥത്തിൽ വിശ്വാസത്തിന്റെ ചൂഷണം ആണ് നടക്കുന്നത്. അതിന് ഒരു സ്റ്റേറ്റ് തന്നെ കൂട്ടുനിൽക്കുന്നു എന്ന അപരാധവും. ഇന്നലെ കേരളഹൈക്കോടതി ഇതെക്കുറിച്ച് ചോദിച്ചിട്ടും ഇതു വിശ്വാസത്തിന്റെ പ്രശ്നമാണെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുന്ന മുഖ്യമന്ത്രിയെയാണ് കണ്ടത്. പിന്നെ നാല്പതു ദിവസം കൃത്യമായ വ്രതങ്ങൾ എടുത്ത് ശബരിമലയിൽ എത്തുന്ന എത്തുന്ന എത്ര അയ്യപ്പഭക്തന്മാർ കാണും. ശബരിമല തീർത്ഥാടനം കേരളത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ പഠനവിഷയമാക്കേണ്ടതു തന്നെയാണ്. ചുരുങ്ങിയ കാലയളവിൽ എത്രയോ ലക്ഷം ആളുകൾ ആണ് ഇവിടെ എത്തുന്നത്. അവർക്ക് മതിയായ സൗകര്യങ്ങൾ ഇല്ല. മാലിന്യസംസ്കരണം ശരിയായി നടക്കുന്നില്ല. ഇതിന്റെയെല്ലാം ദുരിതം അനുഭവിക്കുന്നത് പമ്പയുടേയും കൈവഴികളുടേയും സമീപത്ത് താമസിക്കുന്നവർ അല്ലെ? മകരവിളക്ക് തെളിയുന്നു, തെളിയുന്നു എന്ന് ആവർത്തിച്ച് പറയുന്ന് അധികൃതർ തെളിയിക്കുന്നു എന്ന് പറയുന്നില്ല.ഇനിയെങ്കിലും ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്താൻ സർക്കാരും ദേവസ്വം ബോർഡും തയ്യാറാവണം.

    @മഹേഷ് വിജയൻ ഇവിടെ ദൈവത്തെ മാത്രമല്ലല്ലൊ പാവപ്പെട്ട ജനങ്ങളേയും ചൂഷണം ചെയ്യുകയല്ലെ.

    ReplyDelete
  12. ഒടുവിൽ തിരുവിതാം‌കൂർ ദേവസ്വം ബോർഡ് ആ സത്യം ഭാഗീകമായി ഔദ്യോഗീകമായി അംഗീകരിച്ചു. ശബരിമലയിലെ പൊന്നമ്പലമേട്ടിൽ മകരസംക്രമദിവസം മൂന്നുതവണ തെളിയുന്ന ദീപം ദിവ്യമല്ലെന്നും മനുഷ്യനിർമ്മിതമാണെന്നും ദേവസ്വം ബോർഡ് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ ബോധിപ്പിച്ചു. പുല്ലുമേട് ദുരന്തത്തെ തുടർന്ന് നടക്കുന്ന ഒരു കേസിൽ മകരവിളക്ക് സംബന്ധിച്ച ദേവസ്വം ബോർഡിന്റെ നിലപാട് അറിയിക്കാൻ ഹൈക്കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായി സമർപ്പിച്ച സത്യവാങ്‌മൂലത്തിലാണ് ദേവസ്വം ബോർഡിന്റെ വെളുപ്പെടുത്തൽ. ആദിവാസികൾ അവിടെ നടത്തുന്ന ദീപാരാധനയാണിതെന്നാണ് ദേവസ്വം ബോർഡ് ഇപ്പോൾ അവകാശപ്പെടുന്നത്.

    ReplyDelete
  13. viswasathe chodhyam cheyyanum padilla, samshayikkanum padilla

    ReplyDelete
  14. ചോദ്യം ചെയ്യാതെ വിശ്വസിക്കുക എന്നത് ഹിന്ദു ധർമ്മത്തിലെ തന്നെ രീതിയല്ലെന്നാണ് ഞാൻ കരുതുന്നത്. ശ്രീമദ് ഭഗവത്‌ഗീതിയിൽ എല്ലാ ഉപദേശങ്ങൾക്കും ശേഷം ഭഗവാൻ കൃഷ്ണൻ അർജ്ജുനനോട് പറയുന്നത് ഇതാണ്
    “ഇതി തേ ജ്ഞാനമാഖ്യാതം
    ഗുഹ്യാദ്‌ഗുഹ്യതരം മയാ
    വിമൃശ്യൈതദശേഷേണ
    യഥേച്ഛസി തഥാ കുരു”
    (പതിനെട്ടാം അദ്ധ്യായം 63 ശ്ലോകം)

    ReplyDelete