31 December 2010

വൈപ്പിൻ ബസ് സമരം | Vypin Bus Strike

കേരളത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ സ്ഥലങ്ങളിൽ ഒന്നാണ് വൈപ്പിൻ ദ്വീപ്. എറണാകുളം മഹാനഗരത്തോട് ഏറ്റവും ചേർന്ന കിടക്കുന്ന എന്നാൽ നാലുവശവും ജലത്താൽ ചുറ്റപ്പെട്ട ഈ ദ്വീപിലെ ഭൂരിഭാഗം ജനങ്ങളും തൊഴിലിനും വിദ്യാഭ്യാസത്തിനും ആശ്രയിക്കുന്നത് തൊട്ടടുത്ത മഹാനഗരമായ എറണാകുളത്തെ തന്നെ. ഇതിൽ മഹാഭൂരിപക്ഷത്തിനും ആശ്രയം ഈ ദ്വീപിലൂടെ സർവ്വീസ് നടത്തുന്ന ഇരുന്നൂറോളം വരുന്ന സ്വകാര്യബസ്സുകൾ തന്നെ. കെ എസ്സ് ആർ ടി സി യും ഇവിടെ സർവ്വീസ് നടത്തുന്നുണ്ടെങ്കിലും പ്രധാനമായും ആശ്രയിക്കുന്നത് സ്വകാര്യബസ്സുകളെ തന്നെയാണ്. ജനജീവിതത്തെ ദുരിതത്തിലാഴ്ത്തിക്കൊണ്ട് കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇവിടെ സമരം എന്ന പേരിൽ ഒരു വിഭാഗം കാട്ടുന്ന തോന്ന്യാസങ്ങൾക്ക് അധികാരികൾ കൂടി മൗനാനുവാദം നൽകിയിരിക്കുന്നു. ഡിസംബർ മാസത്തിന്റെ ആദ്യം ഒരു വിഭാഗം തൊഴിലാളികൾ വൈപ്പിൻ - പറവൂർ മേഖലയിൽ വേതനവർദ്ധനവ് ആവശ്യപ്പെട്ടുകൊണ്ട് പണിമുടക്കിയതോടെ ആണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ഭൂരിഭാഗം വരുന്ന മറുപക്ഷം പണിമുടക്കിനെ എതിർക്കുകയും സർവ്വീസ് നടത്തുവാൻ തീരുമാനിക്കുകയും ചെയ്തു. ഇതിനു കാരണം പണിമുടക്കുന്ന തൊഴിലാളികൾ ആവശ്യപ്പെടുന്ന അതേ വേതനം ഇപ്പോൾ അവർക്ക് ലഭിക്കുന്നു എന്നതു തന്നെ. വാർത്താമാദ്ധ്യമങ്ങളിൽ വന്ന കണക്കുകൾ അനുസരിച്ച ജില്ലയിൽ ഏറ്റവും കൂടുതൽ വേതനം നൽകുന്നതും വൈപ്പിൻ - പറവൂർ മേഖലയിൽ തന്നെയാണെന്നും ബസ്സ് ഉടമകളും പറയുന്നു. കെ എസ് ആർ ടി സി അധിക സർവ്വീസുകൾ നടത്തിയതും നല്ലൊരു വിഭാഗം തൊഴിലാളികൾ സമരത്തിൽ നിന്നും വിട്ടുനിന്നതും നാലു ദിവസങ്ങൾക്ക് ശേഷം സമരം പിൻ‌വലിക്കാൻ സമരക്കാരെ നിർബന്ധിതരാക്കുകയായിരുന്നു.

എന്നാൽ കഴിഞ്ഞ രണ്ട് ദിവസങ്ങളായി സംസ്ഥാനത്തെ ഓട്ടോറിക്ഷകളും ടാക്സികളും പണിമുടക്കിയപ്പോൾ ജനത്തെ ദുരിതത്തിലാക്കാനും ഈ അവസരം ഉപയോഗപ്പെടുത്തി അധികാരികളെ സമ്മർദ്ദത്തിലാക്കി തങ്ങളുടെ ആവശ്യം നേടിയെടുക്കാനും മേല്പറഞ്ഞ വിഭാഗം വീണ്ടും രംഗത്തെത്തി. യാതൊരു മുന്നറിയിപ്പും ഇല്ലാതെ സമരം പ്രഖ്യാപിച്ച ഇവർ സർവ്വീസ് നടത്തിയ ബസ്സുകൾ കഴിഞ്ഞ രണ്ട് ദിവസങ്ങളിലും തടയുകയും ജീവനക്കാരെ ഭീഷിണിപ്പെടുത്തുകയും ചെയ്തു. ഇതിന്റെ ഫലമായി രാവിലെ സർവ്വീസ് നടത്തിയിരുന്ന പല ബസ്സുകളും സർവ്വീസ് അവസാനിപ്പിച്ചു. അങ്ങനെ ജനം അക്ഷരാർത്ഥത്തിൽ പെരുവഴിയിലായി.  ജോലിക്കു പോയവർ മടങ്ങി വരുമ്പോൾ ബസ്സില്ലാത്ത അവസ്ഥ. ഇതിനെതിരെ അധികാരികളിൽ നിന്നും കാര്യമായ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. അവശ്യ സർവ്വീസായ ബസ്സുകൾ തടയുന്ന വളരെ ചെറിയ ഒരു വിഭാഗത്തിന്റെ ധാർഷ്ട്യത്തിനു മുൻപിൽ മുട്ടുമടക്കിയ നിലയിലാണ് അവർ.ഇന്നലെ ഞാറയ്ക്കൽ സി ഐ നടത്തിയ ചർച്ചയിൽ ഇന്ന് സർവ്വീസ് പുനഃസ്ഥാപിക്കും എന്ന് തീരുമാനം ഉണ്ടായെങ്കിലും അത് നടപ്പിൽ വന്നില്ല.

പൊതുവിൽ രാത്രികാലങ്ങളിൽ പലപ്പോഴും സർവ്വീസ് നടത്താത്തവയാണ് ഈ റൂട്ടിലെ മിക്ക സ്വകാര്യ ബസ്സുകളും. പലതവണ ഇതെപ്പറ്റി പരാതി പറഞ്ഞിട്ടും അധികാരികളിൽ നിന്നും കാര്യമായ യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല. സാധാരണഗതിയിൽ എന്തിനോടും തീവ്രമായി പ്രതികരിക്കുന്ന ഒരു ജനവിഭാഗമാണ് വൈപ്പിനിലേത്. വൈപ്പിൻ കരക്കാരുടെ വ്യത്യസ്തമായ സമര മുറകൾ പ്രസിദ്ധവുമാണ്. ജനങ്ങളുടെ ക്ഷമയെ കൂടുതൽ പരീക്ഷിക്കാതെ ഇപ്പോൾ നടന്നു വരുന്ന ആഭാസം എത്രയും പെട്ടന്ന് അവസാനിപ്പിക്കാൻ അധികാരികൾ ശ്രമിക്കും എന്ന് പ്രത്യാശിക്കുന്നു.

24 December 2010

ലീഡർക്ക് പ്രണാമം | Homages to LEADER


കേരളം കണ്ട ഏറ്റവും കരുത്തനായ ഭരണാധികാരി, രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യൻ, പ്രതിസന്ധികളിൽ തകരാത്ത മനോധൈര്യത്തിന്റെ ഉടമ, 
ആരാധ്യനായ ലീഡർ അങ്ങേയ്ക്ക് എന്റെ പ്രണാമങ്ങൾ.
(ചിത്രത്തിന് കടപ്പാട് The Hindu)

15 December 2010

ചരിത്രമായ തൂക്കുപാലം | Suspension Bridge Becomes History


കേരളത്തിലെ പ്രശസ്തമായ ഒരു നഗരത്തിലേയ്ക്ക് നമ്മെ സ്വാഗതം ചെയ്യുന്നത് ഈ തൂക്കുപാലം ആണ്. നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ തൂക്കുപാലം ഇന്ന് ഒരു ചരിത്ര സ്മാരകമായി മാറിയിരിക്കുന്നു. ഒരു കാലത്ത് കേരളത്തിലെ പ്രമുഖമായിരുന്ന ഈ വ്യവസായ നഗരത്തിലേയ്ക്ക് വാഹനങ്ങളും മനുഷ്യരും എല്ലാം കടന്നെത്തിയിരുന്നത് ഈ തൂക്കുപാലത്തിലൂടെ ആയിരുന്നു. ഈ നഗരത്തിൽ ഒരിക്കലെങ്കിലും വന്നിട്ടുള്ളവർ ഈ തൂക്കുപാലം മറക്കാൻ ഇടയില്ല. ഏതാണ് ഈ നഗരം എന്ന് പറയാമോ?