കഴിഞ്ഞ രണ്ടുവർഷങ്ങളെ അപേക്ഷിച്ച് ഈ വർഷത്തെ എന്റെ ഓണം അല്പം ഗംഭീരം ആയിരുന്നു. വർക്ക്ഷോപ്പിലും വീട്ടിലും ഇത്തവണ ആഘോഷമായി തന്നെ ഓണം കൊണ്ടാടി. സാധാരണയായി മൂന്നു ദിവസമാണ് ഞങ്ങൾക്ക് ഓണത്തിന് അവധി ലഭിക്കാറ്. തിരുവോണം, അവിട്ടം, ചതയം. ഇത്തവണ ഉത്രാടം ഞായറാഴ്ച വന്നത് ഒരു ദിവസം അധികം അവധി ലഭിക്കാൻ സഹായിച്ചു. 21-)o തീയതി ഞാൻ എത്തുമ്പോഴേയ്ക്കും വർക്ൿഷോപ്പിലെ പൂക്കളത്തിന്റെ പണി ഏതാണ്ട് അവസാന ഘട്ടത്തിൽ ആയിരുന്നു. ചിത്രങ്ങൾ എടുക്കുക എന്നതിൽ മാത്രമായി എന്റെ ശ്രദ്ധ.

ഏകദേശം ഒരു മണിയോടെ പൂക്കളത്തിന്റെ പണി അവസാനിച്ചു. ഞങ്ങൾ പ്രതീക്ഷിച്ചതിലും ഭംഗിയായി പൂക്കളം ഒരുക്കാൻ സാധിച്ചു എന്നാണ് ഞങ്ങളുടെ വിശ്വാസം.

പിന്നെ പൂക്കളത്തിനു മുൻപിൽ ചിത്രം എടുക്കുന്നതിലായി തിരക്ക്. പൂക്കളത്തിന്റെ ശില്പികളിൽ ചിലർക്കൊപ്പം ഞാനും ഒരു ചിത്രത്തിന് പോസ് ചെയ്തു.

അപ്പോഴേയ്ക്കും കാറ്ററിങ്ങിൽ നിന്നും വിഭവസമൃദ്ധമായ സദ്യയും എത്തി. സാധാരണ ഏതെങ്കിലും ഹോട്ടലിലെ ശീതീകരിച്ച മുറിയിൽ ആണ് ഓണസദ്യ പതിവ്. ഇത്തവണ ആ പതിവ് വേണ്ടെന്നു വച്ചു. പലപ്പോഴും ഭക്ഷണത്തിന്റെ രുചിതന്നെ പ്രശ്നം. ഇത്തവണത്തെ ഭക്ഷണം എന്തായാലും സ്വാദിഷ്ഠമായിരുന്നു.

അങ്ങനെ ഉച്ചഭക്ഷണത്തിനു ശേഷം ഓണാശംസകളും പറഞ്ഞ് എല്ലാവരും പിരിഞ്ഞു. ജോലിയുടെ ആകുലതകൾ ഇല്ലാതെ ഒരു അവധിക്കാലം. അഞ്ചു ദിവസത്തെ ആഘോഷങ്ങൾ. വീട്ടിലെ ഓണം ഇത്തവണയും തറവാട്ടിൽ തന്നെ. ഉത്രാടദിവസം രാത്രി പൂത്തറകെട്ടി അമ്പലവും പണിതു. തിരുവോണ ദിവസം രാവിലെ പൂവടയും ഏത്തപ്പഴവും, ശർക്കരയും നേദിച്ച് ആർപ്പുവിളിയോടെ ഓണത്തപ്പനെ പൂമുഖത്ത് ഇരുത്തി.

ഉച്ചയ്ക്ക് അമ്മയും വല്ല്യമ്മയും ചേർന്നൊരുക്കിയ വിഭവസമൃദ്ധമായ സദ്യ.

കഴിഞ്ഞ രണ്ടു വർഷവും ഓണം ആഘോഷപൂർണ്ണമായിരുന്നില്ല. ആകുറവ് ഇത്തവണ ഇല്ല. എന്നാലും കുട്ടിക്കാലത്തെ ഓണത്തിന്റെ രസവും സന്തോഷവും ഇന്ന് ഇല്ല. പണ്ട് തറവാട്ടിൽ ഉച്ചയ്ക്ക് ഓണസദ്യയുണ്ണാൻ ഞങ്ങൾ ഏതാണ്ട് മുപ്പതു പേരുണ്ടാകുമായിരുന്നു. ഇന്ന് ആകെ എട്ടു പേർ മാത്രം. അച്ഛനും, വല്ല്യമ്മാവനും, വല്ല്യമ്മയും, വല്ല്യച്ഛന്മാരും ഓണത്തിന്റെ എല്ലാ ചിട്ടവട്ടങ്ങളും പാലിച്ചിരുന്ന അമ്മൂമ്മയും ഇന്ന് ഞങ്ങൾക്കൊപ്പമില്ല. അനിയൻ ഉൾപ്പടെ ചേട്ടന്മാരും മറ്റ് ബന്ധുക്കളിൽ പലരും ജോലിയുമായി ഇന്ത്യയുടെ മറ്റുപല ഭാഗങ്ങളിലും വിദേശങ്ങളിലും ആയി. എല്ലാവരും ഫോൺ വിളിയിൽ ആശംസകൾ കൈമാറി. അച്ഛമ്മയുടെ മരണത്തെ തുടർന്ന് വീട്ടിലേയ്ക്ക് പോയതിനാൽ ഭാര്യയും നാലുമാസം മാത്രം പ്രായമുള്ള മകനും ഇത്തവണ ഓണനാളിൽ ഒപ്പം ഇല്ലായിരുന്നു. അതും ഇത്തവണത്തെ ഓണത്തിലെ സങ്കടമായി. വൈകീട്ട് അവരോടൊപ്പം ഓണവിശേഷങ്ങൾ പങ്കിട്ടശേഷം ഞാൻ ഇപ്പോൾ വീട്ടിൽ എത്തി.
“എല്ലാ ബൂലോകർക്കും എന്റെ ഓണാശംസകൾ”