9 August 2010

എറണാകുളം ബ്ലോഗ് മീറ്റ് - ഒരു അവലോകനം

കഴിഞ്ഞ വർഷം ചെറായിയിൽ വെച്ചു നടന്ന ബ്ലോഗ് സുഹൃദ്‌സംഗമത്തിലും അതിനു മുൻപ് തൊടുപുഴയിൽ വെച്ച് നടന്ന സംഗമത്തിലും ഞാൻ പങ്കെടുത്തിരുന്നു. ഈ രണ്ടു വർഷങ്ങളിലും ഈ പരിപാടി വളരെ നന്നായി തന്നെ നടക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ഈ വർഷവും അത്തരം ഒരു സംഗമം തൊടുപുഴയിൽ വെച്ച് നടക്കുന്നു എന്ന് വിവിധ ബ്ലൊഗുകളിലൂടെ അറിഞ്ഞപ്പോൾ സന്തോഷം തോന്നി. തീർച്ചയായും അതിൽ പങ്കെടുക്കണം എന്ന് ഉറപ്പിക്കുകയും ചെയ്തു. എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങളാ‍ൽ സംഗമം തൊടുപൂഴയിൽ നിന്നും എറണാകുളത്തേയ്ക്ക് അവസാനഘട്ടത്തിൽ മാറ്റുകയായിരുന്നു. ഇതുതന്നെ പങ്കെടുക്കണം എന്ന് കരുതിയ പല ബ്ലോഗ് സുഹൃത്തുക്കൽക്കുള്ളിലും ആശയക്കുഴപ്പം ഉണ്ടാക്കിക്കാണും എന്ന് ഞാൻ കരുതുന്നു.

ചെറായിയിൽ വെച്ച് കുറെ ബ്ലോഗർമാരെ പരിചയപ്പെടാൻ സാധിച്ചിരുന്നു. അവരിൽ പലരും ഇത്തവണയും ഉണ്ടായിരുന്നു. ചെറായിയിൽ ഉണ്ടായിരുന്ന അത്രയും ആളുകൾ ഇന്ന് എറണാകുളത്ത് എത്തിയിരുന്നില്ല. എന്നാലും പല ആശങ്കകൾക്കും ഇടയിൽ തൊടുപുഴയിൽ നിന്നും മാറ്റിയ ബ്ലോഗ് സംഗമത്തിന് ഇത്രയും ആളുകൾ എത്തിയത് വിജയമായി തന്നെ ഞാൻ കരുതുന്നു, കൂടുതൽ ബ്ലോഗർമാരെ പരിചയപ്പെടാൻ സാധിച്ചതിലും സന്തോഷം.

സംഗമത്തിൽ സന്നിഹിതനായ ബ്ലൊഗറും കവിയും ആയ ശ്രീ മുരുകൻ കാട്ടാക്കടയുടെ പരാമർശങ്ങളിൽ ചിലത് ഞാൻ ഉൾപ്പടെ പലരേയും അലോസരപ്പെടുത്തി എങ്കിലും അദ്ദേഹം തന്റെ കവിതകളിലൂടെ പകർന്നു നൽകിയ ആകുലതകൾ ചിന്തോദ്ദീപകങ്ങൾ തന്നെ ആയിരുന്നു. തന്റെ പ്രശസ്തമായ “കണ്ണട” എന്ന കവിതയിലൂടെ സമൂഹത്തിലെ ഞെട്ടിക്കുന്ന യാഥാർത്ഥ്യങ്ങൾ അദ്ദേഹം വരച്ചുകാട്ടുകയായിരുന്നു. കണ്ണട ഞാൻ മുൻപും പലതവണ കേട്ടിട്ടുണ്ട്. എന്നാലും അതിന്റെ രചയിതാവ് ആരെന്ന് അറിയുന്നതും കാണുന്നതും ഇന്നാണ്. അതു പോലെ ബാഗ്‌ദാദ് എന്ന കവിതയിലൂടെ യുദ്ധാനന്തര ഇറാഖിന്റെ ചിത്രം ജനങ്ങളുടെ ദുരിതങ്ങൾ അമ്മമാരുടെ വിങ്ങലുകൾ എല്ലാത്തിനും ഉപരി കീഴടങ്ങാൻ തയ്യാറല്ലാത്ത ഒരു ജനവിഭാഗത്തിന്റെ ആത്മഭിമാനം എല്ലാം തന്റെ ഗംഭീരമായ ആലാപനത്തിലൂടെ ശ്രോതക്കളുടെ ഹൃദയത്തിൽ എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്നാണ് എന്റെ വിശ്വാസം. രേണുക എന്ന കവിതയിലൂടെ നഷ്ടപ്രണയത്തിന്റെ വേദനയും അദ്ദേഹം പകർന്നു നൽകി. കൂടാതെ അദ്ദേഹം ചില നാടൻ പാട്ടുകളും പാടി സദസ്സിനെ ഊർജ്ജസ്വലമാക്കി.

ഈ സംഗമത്തെകുറിച്ച് പറയുമ്പോൾ മനസ്സുകൊണ്ട് ഞാൻ നമിക്കുന്ന ചില വ്യതികളെക്കുറിച്ച് കൂടെ എഴുതാതെ വയ്യ. കൂതറ എന്ന ബ്ലോഗിലൂടെ തന്റെ നിശിതമായ അഭിപ്രായങ്ങൾ പറയുന്ന ഹാഷിം എന്ന ബ്ലോഗർ. അപകടത്തെ തുടർന്ന് ഇപ്പോഴും ശരിയായിട്ടില്ലാത്ത കാലുമായി ചികിത്സകൾക്കിടയിൽ നിന്നും സമ്മേളത്തിൽ പങ്കെടുക്കാനെത്തിയ ഇദ്ദേഹത്തെ കണ്ടപ്പോൾ ബ്ലോഗുകളിലൂടെ, അദ്ദേഹം രേഖപ്പെടുത്തിയ കമന്റുകളിലൂടെ അദ്ദേഹത്തെക്കുറിച്ച് മനസ്സിൽ ഉണ്ടാക്കിയ ചിത്രം മാറുകയായിരുന്നു. സാദിക്ക് കായം‌കുളം ശാരീരിക അവശതകൾക്കിടയിലും ചക്രക്കസേരയിൽ കായംകുളത്തുന്നിന്നും സഹബ്ലോഗർമാരെ പരിചയപ്പെടാൻ അദ്ദേഹം ഇത്ര ദൂരം എത്തി. അതുപോലെ ഇസ്മയിൽ എന്ന ബ്ലോഗർ. ഈ സംഗമത്തിൽ ഭാഗഭാക്കാകുവാൻ വേണ്ടി മാത്രം അദ്ദേഹം ഖത്തറിൽ നിന്നും ഇവിടെ എത്തി എന്നതുകേട്ടപ്പോൾ അത്ഭുതം തോന്നി. നിങ്ങളുടെ ഈ ഇച്ഛാശക്തിയ്ക്ക് എന്റെ പ്രണാമം.

ഈ സംഗമത്തിൽ പുതുതായി ചില ബ്ലോഗർമാരെയും പരിചയപ്പെടാൻ സാധിച്ചു. അവരെക്കുറിച്ച് അവരുടെ ബ്ലൊഗുകളിലൂടെ കൂടുതൽ അറിയാൻ ശ്രമിക്കാം. ശ്രീ പാവപ്പെട്ടവൻ ഒരു കാവ്യാസ്വാദകൻ മാത്രമല്ല ഭംഗിയായി കവിതാപാരാ‍യണം ചെയ്യുന്ന വ്യക്തിയാണെന്ന അറിവും പുതുതായിരുന്നു. ശ്രീ പൊറാടത്തിന്റെ പ്രിയമുള്ളവളെ എന്ന ബ്രഹ്മാനന്ദന്റെ എക്കാലത്തെയും പ്രശസ്ത സിനിമാഗനത്തിന്റെ ആലാപനവും, ശ്രീ ആര്യന്റെ “പണ്ടുപാടിയ പാട്ടൊലൊരെണ്ണം ചുണ്ടിൽ..” എന്ന ഒരുകാലത്ത് യുവജനോത്സവങ്ങളിൽ സമ്മനങ്ങൾ വാരിക്കൂട്ടിയിരുന്ന; ക്യാമ്പസ്സുകളിൽ നിറഞ്ഞുനിന്നുരുന്ന ലളിത ഗാനത്തിന്റെ ആലാപനവും അതീവഹൃദ്യമായിരുന്നു. ഈ ഗാനത്തിന്റെ രചന സംഗീതം എന്നിവയെ പറ്റിയുള്ള എന്റെ സംശയങ്ങളും ഈ വേദിയിൽ വെച്ച് ദൂരീകരിക്കപ്പെട്ടു. അതിന് ശ്രീ ആര്യന് പ്രത്യേകം നന്ദി. ഒരു കൊച്ചു ബ്ലൊഗറുടെ വക്കാ വക്കാ എന്ന ലോകകപ്പ് ഫുട്‌ബോൾ ഗാനാവതരണവും ഇഷ്ടപ്പെട്ടു. ഇത്തരം സംഗമങ്ങൾ കൂടുതൽ ഗൗരവതരമായും അർത്ഥവത്തായും കാണണമെന്ന സന്ദേശമാണ് ശ്രീ ശരീഫ് കൊട്ടാരക്കര നൽകിയത്. കൂടുതൽ ഗൗരവതരമായ ചർച്ചകളും കലാപരിപാടികളും വേണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഉച്ചഭക്ഷണത്തിന് മുൻപും ശേഷവുമായാണ് ഈ പരിപാടികൾ നടന്നത്.

സജീവേട്ടന്റെ (കാർട്ടൂണിസ്റ്റ്) മേശയ്ക്ക് ചുറ്റും ഇത്തവണയും നല്ല തിരക്കായിരുന്നു. ഈ സംഗമത്തിൽ പങ്കെടുത്ത എല്ലാവരേയും അദ്ദേഹം തന്റെ പേനയിലൂടെ വരച്ചു തന്നു. ഉത്രാടപാച്ചിലിന് തൃക്കക്കാക്കരയിൽ ആയിരം പേരുടെ കാരിക്കേച്ചർ വരയ്ക്കുന്നതിനുള്ള തന്റെ പദ്ധതിയെക്കുറിച്ചും അദ്ദേഹം സമ്മേളനത്തിൽ പരാമർശിച്ചു. അവിടെ എത്തുന്ന എല്ലാവർക്കും കാരിക്കേച്ചറീനു പുറമേ ഒരോ ഗ്ലാസ്സ് പായസവും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ചെറായിയിൽ വെച്ചു വരച്ചുതന്നതാണെങ്കിലും എന്റെ ഒരു കാരിക്കേച്ചർ ഇത്തവണയും അദ്ദേഹം വരച്ചു തന്നു.

സംഗമത്തിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കായി നമ്മുടെ ബൂലോകത്തിലൂടെയുള്ള ലൈവ് സ്ട്രീമിങ്ങിന്റെ ഒരുക്കങ്ങൾ മുള്ളൂക്കാരനും പ്രവീൺ വട്ടപ്പറമ്പും നടത്തിയിരുന്നു. ലൈവ് സ്ട്രീമിങ് എനിക്ക് ഒരു പുതിയ അറിവായിരുന്നു.

സമ്മേളനത്തിൽ ശ്രീ കാപ്പിലാൻ ആദ്യ ബൂലോകപത്രമായ ബൂലോകം ഓൺ ലൈനിന്റെ കോപ്പികൾ എല്ലാവർക്കും നൽകി. പാവപ്പെട്ടവൻ ഇത്തരം ഒരു മാദ്ധ്യമത്തിന്റെ പ്രാധാന്യം ചുരുക്കം ചില വാക്കുകളിൽ വിവരിക്കുകയും ചെയ്തൂ.

ഉച്ചഭക്ഷണത്തിനായി സമ്മേളനം നിറുത്തിയ അവസരത്തിൽ മഴ മാറിനിന്നതു കൊണ്ട് എല്ലാവരുടേയും ചിത്രം എടുത്തു. തുടർന്ന് എല്ലാവരും ഭക്ഷണം കഴിക്കുന്ന തിരക്കിലായിരുന്നു. സ്വാദിഷ്ഠമായ ഭക്ഷണം കഴിക്കുന്ന വേളയിൽ കഴിഞ്ഞ തവണ പരിചപ്പെട്ടവരും പുതുതായി എത്തിയവരുമായ സുഹൃത്തുക്കളുമായി കുശലം പറയാനും പരിചയം പുതുക്കാനും അവസരം ലഭിച്ചു.

തൊടുപുഴയിൽ നിന്നും സമ്മേളന വേദി മാറ്റേണ്ടി വന്നെങ്കിലും ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ വളരെ നന്നായിതന്നെ ഈ സംഗമം എറണാകുളത്ത് നടത്താൻ കഴിഞ്ഞതിന് ഇതിന്റെ സംഘാടകർ അഭിനന്ദനം അർഹിക്കുന്നു. പ്രവീൺ വട്ടപ്പറമ്പ്. മനോരാജ്, ജോഹർ, ഹരീഷ് തൊടുപുഴ, പാവപ്പെട്ടവൻ നിങ്ങൾക്ക് എന്റെ നന്ദിയും അഭിനന്ദവും അറിയിക്കുന്നു. ഇനിയും ഇത്തരം സംഗമങ്ങൾ ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു.

26 comments:

  1. ..
    ഹാ, കൂതറയുടെ പോസ്റ്റില്‍ കണ്ടിരുന്നു ആശൂത്രീന്നാ പോസ്റ്റുന്നേ എന്ന്. അപ്പൊ സംഭവം അങ്ങനായിരുന്നല്ലെ??

    ഒരു വിശദറിപ്പോര്‍ട്ട് തന്നെയാണല്ലൊ ഇത്. അഭിനന്ദനങ്ങള്‍..

    കൂട്ടത്തില്‍ കുമാരന്റെയും കാപ്പിലാന്റെയും പുസ്തക വിതരണമുണ്ടായിരുന്നില്ലെ? കൊട്ടോട്ടിക്കാരന്റെ റിപ്പോര്‍ട്ടില്‍ വായിച്ചു.
    ..

    ReplyDelete
  2. ബ്ലോഗ് മീറ്റിനെക്കുറിച്ച് വിശദമായ പോസ്റ്റ് ഇട്ടത് നന്നായി. ശ്രീ മുരുകൻ കാട്ടാക്കടയുടെ ചില പരാമർശങ്ങൾ ഇഷ്ടപ്പെട്ടില്ല എന്ന് ശ്രീ ഹാഷിമും പറഞ്ഞിരിക്കുന്നു. അതെന്താണാവോ? ബ്ലോഗ് മീറ്റിലെ പാമ്പുകൾ എന്ന് ഒരു പോസ്റ്റ് ജാലകത്തിൽ കണ്ടു. അതിന്റെ ലിങ്കിലൂടെ അവിടെത്തിയപ്പോഴേക്കും പാമ്പുകൾ ഇഴഞ്ഞ് സ്ഥലം വിട്ടിരുന്നു. അവയെ കണ്ടിരുന്നോ?

    ReplyDelete
  3. വീണ്ടും ഒരു ബൂലോകസുഹൃത്ത് സംഗമം സന്തോഷത്തോടെ ആസ്വദിച്ചു എന്നറിയുന്നതില്‍ സന്തോഷം

    ReplyDelete
  4. ചില വ്യക്തിപരമായ കാരണങ്ങള്‍ കാരണം മീറ്റിന് വരാന്‍ സാധിച്ചില്ല.പോസ്റ്റ് നന്നായി.ആശംസകള്‍....

    ReplyDelete
  5. വളരെ സന്തോഷം മണിജി.

    ReplyDelete
  6. രവി,
    കുമാരനും കാപ്പിലാനും നടത്തിയത് സ്വകാര്യ പുസ്തക വിതരണമായിരുന്നു. പത്രം മാത്രമാണു സൌജന്യമായി വിതരണം ചെയ്തത്.

    ReplyDelete
  7. സംഗമത്തില്‍ സന്നിഹിതനായ ബ്ലൊഗറും കവിയും ആയ ശ്രീ മുരുകന്‍ കാട്ടാക്കടയുടെ പരാമര്‍ശങ്ങളില്‍ ചിലത് ഞാന്‍ ഉള്‍പ്പടെ പലരേയും അലോസരപ്പെടുത്തി അവ എന്തായിരുന്നു?

    ReplyDelete
  8. മസ്സലായി
    മണികണ്ഠാ :)

    ReplyDelete
  9. മണികണ്ഠൻ‌ ചേട്ടാ..

    വിശദമായ പോസ്റ്റ്.. നന്ദി

    ReplyDelete
  10. പറയ്‌ പറയ്‌... എന്തായിരുന്നാ പരാമര്‍ശങ്ങള്‍?? കേള്‍ക്കട്ടെ.. :)

    ReplyDelete
  11. വിശദമാ‍യ റിപ്പോർട്ടിന് നന്ദി മണീ...

    ReplyDelete
  12. കുറഞ്ഞ സമയം കൊണ്ട് ഇങ്ങനെ ഒരു മീറ്റ് സംഘടിപ്പിച്ചവര്‍ക്ക് നന്ദി...

    രാവിലെ മുതല്‍ വൈകുന്നേരം വരേയും അവിടെ ഉണ്ടായിട്ടും ഞാനൊരു പാമ്പിനേയും കണ്ടില്ല.ബ്ലോഗ് മീറ്റിലെ പാമ്പുകൾ എന്ന പോസ്റ്റില്‍ എന്തായിരുന്നു എന്ന് ഞാന്‍ കണ്ടില്ലല്ല. ഏതായലും അങ്ങനെയൊരണ്ണം എഴുതിയത് ആ മീറ്റില്‍ പങ്കെടുത്ത ആള്‍ ആകില്ലന്നുറപ്പ്

    ReplyDelete
  13. ബ്ലോഗ്‌ മീറ്റ്‌ കൂടാന്‍ പറ്റാതെ വന്ന എല്ലാവര്ക്കും ഇത് വായിക്കുമ്പോള്‍ ഒരു സന്തോഷം തന്നെ .ഇനിയും ബ്ലോഗ്‌ മീറ്റുകള്‍ ഉണ്ടാവുമ്പോള്‍ ,അവിടെ എത്തി ചേരണം എന്ന് തോന്നും .എല്ലാം വിശദമായി ഈ പോസ്റ്റില്‍ എഴുതിയതിനും, മണികണ്ഠാ നന്ദി

    ReplyDelete
  14. മണികണ്ഠന്റെ പോസ്റ്റ് ഒട്ടേറെ ബ്ലോഗര്‍മാരെ കാണാനായതിലും അറിയാനായതിലുമുള്ള സന്തോഷം പങ്കുവക്കുന്നു. അഭിവാദ്യങ്ങള്‍ !!!
    ചിത്രകാരന്റെ പോസ്റ്റ് :
    മുരുകന്‍ കാട്ടാക്കടയും ബ്ലോഗ് മീറ്റും !!!

    ReplyDelete
  15. പാമ്പൊരെണ്ണം അവിടെ വന്നിരുന്നു ചേട്ടാ.. പക്ഷെ, പാമ്പിനെ മാത്രം കണ്ടവര്‍ ആകാം ആ പോസ്ടിട്ടത്.

    നല്ല റിപ്പോര്‍ട്ട്‌.

    ReplyDelete
  16. അഭിനന്ദങ്ങള്‍.

    ReplyDelete
  17. ഇവിടെ എത്തുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്ത എല്ലാവർക്കും എന്റെ നന്ദി.

    ശ്രീമാൻ മുരുകൻ കാട്ടാക്കടയുടെ അഭിപ്രായങ്ങളിൽ ബ്ലോഗ് എന്ന മാദ്ധ്യമത്തിൽ മറ്റേതു മാദ്ധ്യമത്തിലേതും പോലെ നന്മയും തിന്മയും ഉണ്ടെന്നും എന്നാൽ ബ്ലോഗുകളിൽ തിന്മയാണ് കൂടുതലായി താൻ കാണുന്നതെന്നും അതുകൊണ്ട് തന്നെ ഈ മാദ്ധ്യമത്തോട് അത്ര നല്ല മനോഭാവം അല്ല ഉള്ളത് എന്നും ഒരു ബ്ലോഗർ കൂടിയായ അദ്ദേഹം നടത്തിയ പരാമർശമാണ് അലോസരപ്പെടുത്തിയത്. പിന്നെ സദസ്സ് മുഴുവനും തന്റെ ഇംഗിതത്തിന് ഒത്ത രീതിയിൽ പ്രതികരിക്കണം / പ്രവർത്തിക്കണം എന്നൊരു നിർബന്ധബുദ്ധി അദ്ദേഹത്തിനുള്ളതുപോലെ തോന്നി. എന്നാൽ കവിതകളിലൂടെ അദ്ദേഹം പങ്കുവെച്ച ആശയങ്ങൾക്ക് അത് അദ്ദേഹം അവതരിപ്പിച്ച രീതിയോടെല്ലാം വളരെ മതിപ്പാണ് തോന്നിയത്.

    ‍@ രവി : നന്ദി, കൊട്ടോട്ടിക്കാരന്റെ കമന്റും ശ്രദ്ധിച്ചിരിക്കുമല്ലൊ. ഈ പുസ്തകങ്ങൾ അവിടെ ലഭ്യമായിരുന്നു എന്നകാര്യം പറയാൻ ഞാൻ വിട്ടുപോയതാണ്.

    @ അലി : നന്ദി. ആദ്യം എഴുതിയ വിശദീകരണം വായിച്ചുകാണും എന്ന് കരുതുന്നു.

    @ മാണിക്യം: ചേച്ചി നന്ദി.

    @ വിജയൻ സർ: നന്ദി

    @ പാവം ഞാൻ: നന്ദി

    @ കൊട്ടോട്ടിക്കാരൻ: നന്ദി. ഈ കാര്യം ഞാൻ എഴുതാൻ വിട്ടുപോയതാണ്. വിശദീകരിച്ചതിനു നന്ദി.

    @ ഹരി എം: നന്ദി. ആദ്യം എഴുതിയ വിശദീകരണം വായിച്ചിരിക്കും എന്ന് കരുതുന്നു.

    @ കാർട്ടൂണിസ്റ്റ്: സജീവേട്ടാ നന്ദി. ഈ മസ്സലായി എന്നെഴുതിയതെന്താ? മനസ്സിലായി? അതൊ അസ്സലായി എന്നാണോ? :)

    @ പ്രവീൺ വട്ടപ്പറമ്പത്ത്: നന്ദി സുഹൃത്തേ ഇത്തരം ഒരു സംഗമത്തിനു വേണ്ടി പ്രയത്നിച്ചതിന്.

    @ ശ്രദ്ധേയൻ: നന്ദി ആദ്യം എഴുതിയ വിശദീകരണം കണ്ടുകാണും എന്ന് കരുതുന്നു.

    @ ബിന്ദു കെ പി: നന്ദി

    @ ഷിബു മാത്യു ഈശോ തെക്കേടത്ത്: നന്ദി. പരിചയപ്പെടാൻ സാധിച്ചതിൽ സന്തോഷം.

    @ സിയ: നന്ദി. ഇനിയും ഇത്തരം സംഗമങ്ങൾ ഉണ്ടാവും എന്നുതന്നെ പ്രതീക്ഷിക്കാം.

    @ ചിത്രകാരൻ: നന്ദി.

    @ ഷാ: നന്ദി

    @ ഷാജി ഖത്തർ: നന്ദി

    ReplyDelete
  18. നന്നായിട്ടുണ്ട് മണീ അവലോകനം. എനിക്ക് ഇതേവരെയായി മീറ്റുകളില്‍ പങ്കെടുക്കാന്‍ സാധിച്ചിട്ടില്ല. ആ കുശുമ്പ് കൊണ്ട് ഇവിടെ ഇങ്ങനെ എഴുതി. ബ്ലോഗര്‍മാര്‍ പൊറുക്കട്ടെ.

    ReplyDelete
  19. അപ്പൊ അതാണ്‌ കാര്യം.....ചിലപുകചിലുകള്‍ കണ്ടിരുന്നു. ഞാന്‍ എന്നാണാവോ ഒരു മീറ്റ്‌ കാണുക....സസ്നേഹം

    ReplyDelete
  20. നല്ല വിവരണം മണികണ്ഠാ!

    ഇന്നലെ ആകെ ഡെസ്പായിപ്പോയി!
    ഒരു പോസ്റ്റ് പകുതിയാക്കി വച്ചതാ...ഇനി നാളെ ഇടാം.

    ReplyDelete
  21. ബ്ലോഗ്മീറ്റിനെ മോശപ്പെടുത്തി എഴുതിയ സുഹൃത്തുക്കളോടുള്ള ഈയുള്ളവന്റെ പ്രതികരണം ഇതായിരുന്നു:

    ഞാൻ ആദ്യമായാണ് ഒരു പൊതു ബ്ലോഗ് മീറ്റിൽ പങ്കെടുക്കുന്നത്. ആദ്യമായിട്ടായതുകൊണ്ടാകാം എനിക്ക് നല്ല അനുഭവമായിരുന്നു. കുറച്ചു പേരെ ആദ്യമായി നേരിൽ കാണാ‍ൻ കഴിഞ്ഞു. സിസ്റ്റം പണിമുടക്കിയതു കാരണം യഥാസമയം മീറ്റിനെ വിലയിരുത്തി പോസ്റ്റിടാൻ കഴിഞ്ഞില്ല. ഈയുള്ളവൻ രാത്രി പതിനൊന്നു മണിയോടെ വീട്ടിൽ എത്തി.

    പിന്നെ ഈയുള്ളവൻ അവിടെ വച്ച് വെള്ളമടിച്ചില്ല. വെള്ളമടിക്കറുമില്ല. അതുകൊണ്ടുതന്നെ വെള്ളസംബന്ധമായ ഒരു അന്വേഷണം നടത്തിയുമില്ല. അതുകൊണ്ട് ആരെങ്കിലും വെള്ളമടിക്കുന്നോ എന്ന് കണ്ടതുമില്ല. അറിഞ്ഞതുമില്ല.

    ഇനി അഥവാ ആരെങ്കിലും വെള്ളമടിച്ചിരുന്നെങ്കിൽതന്നെ മീറ്റ് നടന്ന ഹാളിനുള്ളിൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ആരും ഉണ്ടാക്കിയിട്ടില്ല. മീറ്റ് അതിന്റെ വഴിക്കു നടന്നു. ആദ്യം നിശ്ചയിച്ച സ്ഥലത്തുനിന്ന് മാ‍റ്റിയതുകൊണ്ടൊ കാലാവസ്ഥയുടെ പ്രശ്നം കൊണ്ടോ എന്തോ പ്രതീക്ഷിച്ചപോലെ പ്രാതിനിധ്യം ഉണ്ടായില്ല എന്നതു നേരുതന്നെ.

    ഇനി അഥവാ എന്തെങ്കിലും സുഹൃദക്കൂടലുകൾ പിന്നാമ്പുറത്ത് നടന്നിരുന്നെങ്കിൽ തന്നെ, അവിടെ അതു മാത്രമാണ് നടന്നതെന്ന മട്ടിൽ പോസ്റ്റിട്ട് ബ്ലോഗ് മീറ്റിനെ അപകീർത്തിപ്പെടുത്തേണ്ടിയിരുന്നില്ല എന്നാണ് ഈയുള്ളവന്റെ അഭിപ്രായം. ഇതിപ്പോൾ അവിടെ വച്ച് മദ്യം കഴിക്കാത്തവർക്ക് കൂടി അപമാനമായി.

    ഔപചാരികതകൾ ഇല്ലാതെ നടക്കുന്ന ഒരു സംഗമം നടക്കേണ്ട രീതിയിൽതന്നെ നടന്നു എന്നാണ് ഈയുള്ളവനു തോന്നിയത്. പിന്നെ മുരുകൻ കാട്ടാക്കട വന്ന് കവിതചൊല്ലിയാൽ ബ്ലോഗ് മീറ്റിന് അല്പം കൊഴുപ്പുകൂടും എന്നല്ലാതെ അതൊന്നും ബൂലോകസംഗമങ്ങളിൽ പാടില്ലാ എന്ന അലിഖിതനിയമം എന്തെങ്കിലും ഉള്ളതായി ഈയുള്ളവന് അറിയില്ലായിരുന്നു.

    എന്തായാലും ഞാൻ ബ്ലോഗിൽ വന്നപ്പോൾ മുതൽ നേരിട്ട് കാണണം എന്ന് ആഗ്രഹിച്ചിരുന്ന കുറച്ചു പേരെയെങ്കിലും അവിടെ വച്ച് നേരിൽ കാണാൻ കഴിഞ്ഞു എന്നുള്ളത് എനിക്ക് സന്തോഷമായി.

    മുള്ളൂക്കാരൻ,കാപ്പിലാൻ, സജ്ജീവേട്ടൻ, പാവപ്പെട്ടവൻ, ഹരീഷ് തൊടുപുഴ തുടങ്ങിയവരെയൊക്കെ (എല്ലാവരുടെയും പേരു പറഞ്ഞ് നീട്ടുന്നില്ലെന്നേയ്യുള്ളൂ)നേരിൽ കാ‍ണാനും പരിചയപ്പെടാനും കഴിഞ്ഞത്തിലുള്ള സന്തോഷമാണ് എനിക്ക് പങ്കുവയ്ക്കുവാനുള്ളത്.

    പിന്നെ അരുതാത്തത് നടന്നെങ്കിൽ അതിനെ വിമർശിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. വിമർശനം പറയരുതെന്ന് നമുക്കാരോടും പറയാൻ കഴിയില്ല. എന്നാൽ സ്വയം പല്ലിൽകുത്തി മണപ്പിക്കുന്നതരത്തിൽ ബ്ലോഗ് മീറ്റിന്റെ നല്ല വശത്തെ മുഴുവൻ മറച്ചുപിടിച്ച് കലഹിക്കേണ്ടതുണ്ടോ എന്ന പരിശോധിക്കപ്പെടേണ്ടതുണ്ട്. പിന്നെ ബൂലോകമല്ലേ, എല്ലാം അവരുടെ സ്വാതന്ത്ര്യം എന്നല്ലാതെ എന്തു പറയാൻ!

    എന്തായാലും ബ്ലോഗ്മീറ്റിനെക്കുറിച്ച് ഞാൻ നല്ലതേ പറയുന്നുള്ളൂ. അതു് കഴിയുമെങ്കിൽ ഒരു പോസ്റ്റായി ഇടും.

    ReplyDelete
  22. നല്ല വിശദീകരണം.... എന്താണ് മീറ്റ്‌ എന്ന് മനസ്സിലാക്കിത്തന്നതിനു നന്ദി. ഒരു ദിവസം ഞാനും പോകും ഒരു ബ്ലോഗ്‌ മീറ്റിനു പക്ഷെ ഇവിടെങ്ങും ആരും മീറ്റ് വെക്കുന്നില്ല, ഇസ്മായില്‍ വന്ന പോലെ വരാന്‍ ഞാന്‍ വെറുമൊരു പാവപ്പെട്ടവന്‍ മാത്രവും അതിനു മാത്രം കാശില്ല.
    പലരും പരാമര്‍ശം പരാമര്‍ശം എന്ന് പറയുന്നല്ലാതെ ആ പരാമര്‍ശം എന്താണെന്ന് കൂടി പറയരുതോ.
    ആകെ കണ്ഫ്യൂഷന്‍ ആയല്ലോ

    ReplyDelete
  23. വളരെ നല്ല പോസ്റ്റ്. വിശദമായി വിവരങ്ങൾ തന്നിട്ടുണ്ടല്ലൊ. ഗംഭീരം.
    മണികണ്ഠൻ പറഞ്ഞ പോലെ, ഇതൊരു നല്ല മീറ്റായിരുന്നു. കാട്ടാക്കടയുടെ പരാമർശങ്ങളും മറ്റും അലോസരമുണ്ടാക്കി എന്നതു് സത്യം. എന്റെ ഒരു ചെറിയ അഭിപ്രായം ഇവിടെ ഇട്ടിട്ടുണ്ടു്.
    മീറ്റിനു് പരിചയപ്പെടാൻ സാധിച്ചതിൽ സന്തോഷം!

    ReplyDelete
  24. @ ഒരു യാത്രികൻ: നന്ദി. താങ്കൾക്കും ഒരു മീറ്റിൽ പങ്കെടുക്കാൻ സധിക്കട്ടെ എന്നു തന്നെ ഞാനും ആഗ്രഹിക്കുന്നു. ആ മീറ്റിൽ എനിക്കും കൂടാൻ കഴിഞ്ഞാൽ പരിചയപ്പെടാമല്ലൊ. :)

    @ ജയൻ സർ: നന്ദി. എത്രയും പെട്ടന്ന് പോസ്റ്റ് ചെയ്യൂ. ഓരോരുത്തരുടേയും അവലോകനങ്ങൾ നല്ലതാണല്ലൊ.

    @ രസികൻ: നന്ദി

    @ ഇ. എ. സജിം തട്ടത്തുമല: നന്ദി. സാ‍റുപറഞ്ഞതിനോട് ഞാനും യോജിക്കുന്നു. വെള്ളമടിച്ച് ആരെങ്കിലും സമ്മേളനം അലങ്കോലപ്പെടുത്തുന്നത് ഞാനും കണ്ടിട്ടില്ല. പിന്നെ ശ്രീമാൻ മുരുകൻ കാട്ടാക്കടയുടെ സന്നിധ്യം എന്തുകൊണ്ടും ഈ സുഹൃദ് സംഗമത്തിന് മാറ്റുകൂട്ടി. എന്നാലും അദ്ദേഹത്തിന്റെ ചില അഭിപ്രായങ്ങൾ അലോസരപ്പെടുത്തി എന്നു മാത്രം. അത് ഞാൻ മുൻപ് വിശദീകരിക്കുനയും ചെയ്തു. തികച്ചും സൗഹാർദ്ദപരവും സന്തോഷകരവും ആയിരുന്നു ഈ സംഗമം.

    @ വഴിപോക്കൻ: നന്ദി. അദ്ദേഹത്തിന്റെ പരാമർശങ്ങൾ ഞാൻ വിശദീകരിച്ചിട്ടുണ്ടല്ലൊ.

    @ ചിതൽ: നന്ദി. ഒപ്പം പരിചയപ്പെടാൻ സാധിച്ചതിൽ സന്തോഷം.

    ReplyDelete
  25. തൊടുപുഴയിലും ചെറായിയിലും നമ്മൾ കണ്ടതല്ലെ മണികണ്ഠാ....ഇടപ്പള്ളിയിൽ എത്താൻ കഴിഞ്ഞില്ല...:):):)

    മീറ്റ് പോസ്റ്റിനു നന്ദി....

    ReplyDelete