8 June 2010

ഭോപാല്‍ നീതിന്യായവ്യവസ്ഥയിലെ കളങ്കം

ഭോപാല്‍ വിഷവാതകദുരന്തത്തിന്റെ വിധി ഇന്ന് ഭോപാല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പ്രഖ്യാപിച്ചിരിക്കുന്നു. ദുരത്തിന് കാരണമായ യൂണിയന്‍ കാര്‍ബൈഡ് ഇന്‍ഡ്യാ ലിമിറ്റഡ് എന്ന കമ്പനിയുടെ അന്നത്തെ ചെയര്‍മാന്‍ കേശബ് മഹീന്ദ്ര, വിജയ് ഗോഖലെ (മാനേജിങ്ങ് ഡയരക്ടര്‍), കിഷോര്‍ കാംദര്‍ (വൈസ് പ്രസിഡന്റ്), ജെ എന്‍ മുകുന്ദ് (വര്‍ക്ക്സ് മാനേജര്‍), എസ് പി ചൌധരി (പ്രൊഡക്ഷന്‍ മാനേജര്‍), കെ വി ഷെട്ടി (പ്ലാന്റ് സൂപ്രണ്ട്), എസ് ഐ ഖുറേഷി (പ്രൊഡക്ഷന്‍ അസിസ്റ്റന്റ്) എന്നിവര്‍ക്ക് രണ്ടു വര്‍ഷം തടവും, ഒരു ലക്ഷം രൂപ വീതം പിഴയും ആണ് ഇന്ന് ശിക്ഷ വിധിച്ചത്. പ്രതികളെ ഇരുപത്തിഅയ്യായിരം രൂപയുടെ ഈടിന്മേല്‍ പിന്നീട് ജാമ്യത്തില്‍ വിട്ടു. പ്രതികള്‍ക്ക് വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കുന്നതിനു‌വേണ്ടിയാണ് ജാമ്മ്യം അനുവദിച്ചത്. അമേരിക്ക ആസ്ഥാനമായ യൂണിയന്‍ കാര്‍ബൈഡ് കോര്‍പ്പറേഷന്‍ എന്ന ബഹുരാഷ്ട്രകമ്പനിയുടെ ഇന്ത്യന്‍ വിഭാഗമാണ് യൂണിയന്‍ കാബൈഡ് ഇന്ത്യാ ലിമിറ്റഡ് (യു സി ഐ എല്‍).ഈ സ്ഥാപനത്തിന്റെ അന്നത്തെ ചെയര്‍മാനായിരുന്ന വാറന്‍ ആന്റേര്‍സണിനുള്ള ശിക്ഷയെപ്പറ്റി ഈ വിധിന്യായത്തില്‍ യാതൊരു പരാമര്‍ശവും ഇല്ല. 1984 ഡിസംബര്‍ രണ്ടിനു യൂണിയന്‍ കാര്‍ബൈഡ് കമ്പനിയില്‍ നിന്നും മീതൈല്‍‌ഐസോസയനേറ്റ് എന്ന വിഷവാതകം ചോര്‍ന്നുണ്ടായ ദുരന്തത്തില്‍ ഇരുപതിനായിരത്തില്‍ അധികം ആളുകളാണ് കൊല്ലപ്പെട്ടത്. അതിലും എത്രയോ ഇരട്ടി ആളുകള്‍ ഈ ദുരന്തന്റെ ജീവിക്കുന്ന രക്തസാക്ഷികളായി ഇന്നും ഉണ്ട്. ദുരന്തത്തിനു ശേഷവും ഫാക്ടറിയില്‍ നിന്നും നീക്കം ചെയ്യപ്പെടാതെ കിടക്കുന്ന വിഷമാലിന്യങ്ങള്‍ രാസപദാര്‍ത്ഥങ്ങള്‍ മൂലം ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്ന നാശങ്ങള്‍ നിരവധിയാണ്. ഭൂഗര്‍ഭജലത്തെപ്പോലും ഈ രാസമാലിന്യങ്ങള്‍ ഇപ്പോഴും മലിനമാക്കികൊണ്ടിരിക്കുന്നു. ദുരന്തം നടന്ന് ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ രാസമാലിന്യങ്ങള്‍ ശരിയായി നിര്‍മ്മാര്‍ജ്ജനം ചെയ്യുവാന്‍ ഭരണാധികാരികളോ യൂണിയന്‍ കാര്‍ബൈഡ് അധികൃതരോ ശ്രമിച്ചിട്ടില്ല. അങ്ങനെ ഭോപാലിലെ ഒരു വലിയ വിഭാഗം ജനങ്ങളെ ദുരിതത്തിലാഴ്ത്തിയതിനാണ് ഇത്രയും ലഘുവായ ശിക്ഷ വിധിച്ചിരിക്കുന്നത്. കമ്പനിക്ക് വിധിച്ച പിഴയാകട്ടെ അഞ്ചു ലക്ഷം രൂപയും.

ഭോപാല്‍ ദുരന്തത്തിന് കാരണമായി പലരും പറയുന്നത് സാമ്പത്തികച്ചെലവുകള്‍ ചുരുക്കുന്നതിന്റെ ഭാഗമായി കമ്പനി ജോലിക്കാരുടെ എണ്ണത്തില്‍ വരുത്തിയ കുറവും സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നതില്‍ വരുത്തിയ വീഴ്ചയും ആണ്. അതുകൊണ്ടുതന്നെ ഈ കേസ് ആദ്യം അന്വേഷിച്ച സി ബി ഐ കുറ്റകരമായ നരഹത്യയ്ക്ക് 304, 326 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയും ഭോപാല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ഇതില്‍ പ്രതികള്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ച സുപ്രീം‌കോടതി 1996 സെപ്റ്റംബര്‍ 13ന് താരതമ്യേന ദുര്‍ബലമായ 304-എ, 336, 337 വകുപ്പുകള്‍ പ്രകാരം (മനഃപൂര്‍വ്വമല്ലാത്ത നരഹത്യ ഉള്‍പ്പടെയുള്ള വകുപ്പുകള്‍) കേസ് പരിഗണിക്കാന്‍ സി ബി ഐ -ഓട് നിര്‍ദേശിക്കുകയായിരുന്നു. ഈ വകുപ്പുകള്‍ പ്രകാരം നല്‍കാവുന്ന പരമാവധിശിക്ഷയാണ് ഇന്ന് ഭോപാല്‍ സി ജെ എം പ്രഖ്യാപിച്ചിരിക്കുന്നത്. സുപ്രീം‌കോടതിയുടെ നേരത്തെ പറഞ്ഞ 1996-ലെ ഉത്തരവാണ് ഇന്നത്തെ ഈ ദുരവസ്ഥയ്ക്ക് കാരണം. ഇന്നത്തെ വിധി ഈ ദുരന്തത്തിന് ഇരകളായവരെ പരിഹസിക്കുന്നതിനു തുല്ല്യമാണ്. കമ്പനിയുടെ ചെയര്‍മാനായിരുന്ന ആന്റേര്‍സണെ ആദ്യം അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് മദ്ധ്യപ്രദേശ് പോലീസ് ജാമ്മ്യത്തില്‍ വിടുകയായിരുന്നു. അങ്ങനെ ഇന്ത്യ വിട്ട ഇയാള്‍ പിന്നീട് ഈ കേസുമായി ഒരു വിധത്തിലും സഹകരിച്ചിട്ടില്ല. കോടതിയുടെ സമന്‍സുകള്‍ തിരസ്കരിച്ച ഇയാളെക്കുറിച്ച് ഇന്നത്തെ വിധിയില്‍ പരാമര്‍ശമില്ല എന്നതും പ്രതിക്ഷേധാര്‍ഹം തന്നെ. ഭരണാധികാരികള്‍ പണ്ടേ തമസ്കരിച്ച ഭോപാലിലെ ദുരന്ത ബാധിതരെ ഇന്ന് കോടതിയും അവഹേളിച്ചിരിക്കുന്നു. ലജ്ജിക്കാം ഈ ദുര്‍ബലമായ നീതിന്യായവ്യവസ്ഥയെ ഓര്‍ത്ത്.

(അവലംബം വിവിധ മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍)

16 comments:

  1. ഉചിതമായ പോസ്റ്റ് മണി. എന്റെ ഒരു കസിൻ ബ്രദർ ആ കാലഘട്ടത്തിൽ അവിടെയുണ്ടായിരുന്നു. ഉരുക്ക് ഫാക്ടറിയിൽ. കക്ഷി പറഞ്ഞ് കുറേ യാതനകൾ കേട്ടിട്ടുണ്ട്

    ReplyDelete
  2. മനോരാജ് ഈ വഴിവന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും വളരെയധികം നന്ദി.

    എന്റെ അഭിപ്രായത്തില്‍ ഈ കേസ് ശരിക്കും അട്ടിമറിക്കപ്പെട്ടത് 1996 സെപ്തംബര്‍ 13 ലെ സുപ്രീം കോടതി വിധി്യോടെ ആണ്.

    ReplyDelete
  3. http://indiaheritage1.blogspot.com/2009/12/blog-post_01.html

    ലോകം പുരോഗമിക്കുകയാണല്ലൊ അല്ലേ.

    ഭോപ്പാല്‍ ദുരന്തം പിന്നിട്ട്‌ വര്‍ഷങ്ങള്‍ 25.

    ReplyDelete
  4. ചെലവു ചുരുക്കി കാണിച്ചാല്‍ കാണിക്കുന്നവനു ഉദ്യോഗകയറ്റം കിട്ടും. ആ നക്കാപ്പിച്ചയ്ക്കു വേണ്ടി മള്‍ടി നാഷനല്‍ കമ്പനികളില്‍ ജോലി ചെയ്യുന്ന "ഇന്ത്യക്കാര്‍" കാണിക്കുന്ന വൃത്തികേടുകള്‍ ഈ അവസരത്തില്‍ ഓര്‍മ്മ വരുന്നു.

    ഉദ്യോഗകയറ്റം കിട്ടി താന്‍ മറ്റു വല്ലയിടത്തും പോകും അതുകൊണ്ട്‌ തല്‍ക്കാലം നില്‍ക്കുന്നിടത്ത്‌ എന്തു തരത്തിലുള്ള അപകടകരമായ പരിഷ്കാരങ്ങള്‍ വരുത്തിയാലും - തനിക്കു കിട്ടാനുള്ള ആ നക്കാപ്പിച്ച നോക്കുന്ന പലരെയും കണ്ടു. ഒരു പക്ഷെ സായിപ്പാണെങ്കില്‍ ഇത്രയും കാണിക്കുമായിരുന്നോ എന്നു പോലും സംശയം തോന്നിപ്പോകും.


    എന്നാല്‍ ഇപ്പോള്‍ ഗുജറാത്തിലുള്ള സകല Chemical Wasteഉം സിമന്റുകമ്പനികളുടെ ഉപയോഗത്തിനു നല്ലതാണെന്നു "കണ്ടു പിടിച്ചു
    this should be treated as willful murder

    ReplyDelete
  5. ഈ വിധി നീതിക്ക്‌ നിരക്കുന്നതല്ല, അല്ലെങ്ങിൽ ഇന്ത്യൻ ജുഡിഷറിയുടെയും അന്വേഷണ ഏജൻസികളുടേയും ന്യൂനതകളിലേക്ക്‌ വിരൽ ചൂണ്ടുന്നുണ്ട്‌. സമയബദ്ധിതമായി ഒരു കോടതിയും വിധികൾ പ്രസ്താവിക്കുന്നില്ല എന്നതിൽ തുടങ്ങുന്നു നീതി നിഷേധം. ഇതൊരു വലിയ കേസ്സായതുകൊണ്ടല്ല വിധി പ്രസ്താവിക്കാൻ 25 വർഷമെടുത്തത്‌, അത്‌ നമ്മുടെ കോടതിയുടെ മുഖമുദ്രയാണ്‌. ഒരു അതിർത്തി തർക്കംപോലും കോടതിയിൽ എത്തിയാലത്തെ അവസ്ഥ എന്താണ്‌? ലിബർഹാൻ കമ്മീഷൻ റിപ്പോർട്ട്‌ തയാറാക്കാൻ 17 വർഷമെടുത്തു!

    ReplyDelete
  6. ഇവിടെ എത്തിയതിനും ഈ വിഷയത്തില്‍ സാറിന്റെ ബ്ലോഗില്‍ നടക്കുന്ന ചര്‍ച്ചയിലേയ്ക്ക് ക്ഷണിച്ചതിലും നന്ദി.

    പണിക്കര്‍ സര്‍ പറഞ്ഞതുപോലെ പലപ്പോഴും സുരക്ഷാകാര്യങ്ങളില്‍ നമ്മള്‍ ചെയ്യുന്ന വിട്ടുവീഴ്ചകള്‍ക്ക് നല്‍കേണ്ടിവരുന്ന വില കനത്തതായിരിക്കും. അതിനുള്ള നല്ല ഉദാഹരണം തന്നെയാണ് ഭോപാല്‍ ദുരന്തം. എന്നാല്‍ ഫാക്‍ടറികളിലെ സുരക്ഷാസംവിധാനങ്ങള്‍ പരിശോധിക്കുന്നതിനും അവ പാലിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കുന്നതിനും അനന്തമായ അധികാരങ്ങള്‍ ഉള്ള പല വകുപ്പുകളും നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കീഴില്‍ ഉണ്ട്. ഫക്ടറീസ് & ബോയ്‌ലര്‍, പൊലൂഷന്‍ കണ്‍‌ട്രോള്‍ എന്നിങ്ങനെ. പൊതുവില്‍ നിസ്സാരം എന്ന് കരുതുന്ന ഹെല്‍ത്ത് ഇന്‍സ്‌പെക്‍ടര്‍ എന്ന പദവി വഹിക്കുന്ന ഉദ്യോഗസ്ഥനു പോലും ഒരു വലിയ ഫാക്‍ടറി അടപ്പിക്കുന്നതിനുള്ള അധികാരങ്ങള്‍ ഉണ്ട്. അങ്ങനെ ഒരു സാഹചര്യ്ത്തില്‍ സാര്‍ പ്രതിപാദിച്ച വിഷയങ്ങള്‍ അനുസരിച്ച ഈ ഉദ്യോഗസ്ഥരെക്കൂടെ പ്രതിചേര്‍ക്കേണ്ടതായിരുന്നു എന്ന് ഞാന്‍ പകരുതുന്നു. മീ‍തൈല്‍‌ഐസോസൈനേറ്റ് പോലുള്ള മാരകമായ വാതകങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള നിയമപരമായ സംവിധാനങ്ങള്‍ ഉണ്ടോ എന്നതും ഉള്ളവ വ്യക്തമായി പ്രവര്‍ത്തിക്കുന്നുണ്ടൊ എന്നതും ഉറപ്പുവരുത്തോണ്ടത് ഈ സര്‍ക്കാര്‍ സംവിധാനങ്ങളുടെ കൂടീ ബാധ്യതയാണല്ലൊ. സ്റ്റെയിന്‍ലെസ് സ്റ്റീല്‍ വാല്‍‌വുകളുടെ ഉപയോഗം ഉള്‍പ്പടെയുള്ളവ ഉറപ്പുവരുത്തേണ്ടതും അവര്‍ തന്നെ. പണ്ടെ സായിപ്പിനെകാണുമ്പോള്‍ കവാത്തു മറക്കുന്നവരാണല്ലൊ നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ പലതും. പലപ്പോഴും സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്ക് വേണ്ടിയും രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയും വിട്ടുവീഴ്ചകള്‍ ചെയ്യപ്പെടുമ്പോള്‍ അതിന്റെ ദുരിതം അനുഭവിക്കേണ്ടിവരുക സാധാരണ്‍ ജനങ്ങള്‍ ആവുമെന്ന് മാത്രം.

    ReplyDelete
  7. കാക്കര ഇവിടെ വന്നതിനും അഭിപ്രായത്തിനും നന്ദി.

    ഈ വിധിയെപ്പറ്റി പറയുന്നതിനു മുന്‍പ് ഇങ്ങനെ ഒരു വിധി ഉണ്ടാവുന്നതിനുള്ള കാരണം എന്താണെന്നതുകൂടി നമ്മള്‍ ചര്‍ച്ചചെയ്യണം എന്നു കരുതുന്നു. കൂടുതല്‍ കടുത്ത ശിക്ഷ കിട്ടുമായിരുന്നു വകുപ്പുകള്‍ ഒഴിവാക്കി ദുര്‍ബലമായ വകുപ്പുകള്‍ അനുസരിച്ച് ഈ കേസ് മാറാന്‍ ഇടയായത് 1996 സെപ്തംബറിലെ സുപ്രീംകോടതി വിധിയോടെ ആണ്. ഈ കേസിന്റെ ഗതിതന്നെ മാറ്റിമാറിച്ചത് ആ വിധിയാണ്. നീതി നടപ്പാക്കിയാല്‍ പോരാ ആ തോന്നല്‍ സാധരണജനങ്ങളില്‍ ഉണ്ടാക്കണം എന്നതും നീതിന്യായവ്യവസ്ഥയില്‍ ജനങ്ങള്‍ക്ക് വിശ്വാസം ഉണ്ടാവുന്നതിന് ആവശ്യമാണ്. മറ്റു പല സംഭവങ്ങളിലും എന്നതു പോലെ ഇവിടെയും ഇതു രണ്ടും ഉണ്ടായിട്ടില്ല എന്നു തന്നെ ഞാന്‍ കരുതുന്നു. കാലതാമസം ഇല്ലാതെ പെട്ടന്ന് കേസുകള്‍ തീര്‍പ്പാകുന്ന കാലം വരുമെന്ന് പ്രത്യാശിക്കാം. കാരണം JUSTICE DELAYED IS JUSTICE DENIED എന്ന ആവര്‍ത്തിക്കുന്നവരാണല്ലൊ നമ്മുടെ ന്യായാധിപന്മാരും.

    ചിത്രഭാനു ഇവിടെ എത്തിയതിനും താങ്കളുടെ നിരീക്ഷണം പങ്കുവെച്ചതിനും നന്ദി.

    ReplyDelete
  8. ഇത്തരം ദുരന്തങ്ങൾക്ക് അമേരിക്കൻ പൌരന്മാർക്കു നിശ്ചയിച്ചത്രയും നഷ്ടപരിഹാരം തന്നെ ഭോപാൽദുരന്ത ബാധിതർക്കും കൊടുക്കാത്തിടത്തോളം നാം ഓരോ ഇന്ത്യക്കാരനും സ്വയം ലജ്ജിക്കുക.ഭോപാൽ ദുരന്ത ബാധിതരോട് ചെയ്യുന്ന അനീതിയിലും നാം ഓരോരുത്തരും പങ്കളികളാണെന്ന കുറ്റബോധം നമ്മെ വേട്ടയാടട്ടെ.
    ഈശ്വർദാസ്

    ReplyDelete
  9. 1996 ലെ വിധിയൊക്കെ ഇവിടെ ചൂണ്ടികാണിക്കാം. മറ്റൊരു വിധിയാകുമ്പോൾ മറ്റൊന്ന്‌ ചൂണ്ടികാണിക്കാം പക്ഷെ ആത്യന്തികമായി (കാലോചിതമായി) നമ്മുടെ നിയമവ്യവസ്ഥ മാറ്റിയെഴുതണം.

    ലക്ഷങ്ങൾ ചിലവാകുന്ന വക്കീൽ ഫീസ്‌ മുതൽ ഈ കേസ്സ്‌ എന്ന്‌ തീരുമെന്ന്‌ ഒരു വിധത്തിലും കണക്ക്‌ കൂട്ടുവാൻ സാധിക്കാത്ത കാലതാമസവും കൂടിയാകുമ്പോൾ എല്ലാം പൂർത്തിയായി!

    നഷ്ടപരിഹാരം കുറവാണ്‌, ആന്റേർസനെ കിട്ടിയില്ല, പക്ഷെ വിധി പറയാൻ നീണ്ട 25 വർഷം എന്തിന്‌ എടുത്തു? വിചാരണ തടവുകാരനായി മദനിയും കൂടെയുള്ളവരും 10 വർഷം ജയിലിൽ കിടന്നു!

    ഒരാളെ ബുദ്ധിമുട്ടിക്കണമെങ്ങിൽ ചുമ്മാ കേസ്സുകൊടുത്താൽ മതിയെന്ന അവസ്ഥയാണ്‌!

    ReplyDelete
  10. ഈശ്വര്‍ദാസ് അഭിപ്രായം രേഖപ്പെടുത്തിയതില്‍ നന്ദി. ഈ കേസില്‍ നഷ്ടപരിഹാരത്തുക ഇന്ത്യാ ഗവണ്‍‌മെന്റും യുണിയന്‍ കാര്‍ബൈഡ് കമ്പനിയും കോടതിയ്ക്ക് പുറത്ത് ഉണ്ടാക്കിയ കരാര്‍ വഴി നേരത്തെ നിശ്ചയിച്ചിരുന്നതാണല്ലൊ. അതനുസരിച്ച് പരമാവധി തുക (മരണമടഞ്ഞ ഒരു വ്യക്തിയ്ക്ക്) നാല്പതിനായിരം രൂപയാണെന്നാണ് മനസ്സിലാക്കുന്നത്. ഈ സംഖ്യ തീര്‍ച്ചയായും വളരെ കുറവാണെന്നുമാത്രമല്ല മരിച്ചവരേയും ബന്ധുക്കളേയും അവഹേളിക്കുന്നതിനു തുല്ല്യമായിരുന്നു എന്നും ഞാന്‍ കരുതുന്നു. അതുകൊണ്ട് തന്നെ നമ്മുടെ വിവിധ സര്‍ക്കാരുകള്‍ എടുത്ത് തീരുമാനങ്ങളോര്‍ത്ത് ലജ്ജിക്കാം.

    കാക്കര താങ്കള്‍ പറഞ്ഞതിനോട് ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു. നീണ്ട ഇരുപത്തിയഞ്ചുവര്‍ഷങ്ങള്‍ ഈ കേസിന്റെ നടത്തിപ്പിനെടുത്തു എന്നതും 1996-ല്‍ ഈ കേസിനെ ദുര്‍ബലപ്പെടുത്തിക്കൊണ്ട് ഉണ്ടായ സുപ്രീം കോടതി വിധിയും അപലപനീയം തന്നെ. ലോകത്തിലെതന്നെ ഏറ്റവും വലിയ വ്യാവസായികദുരന്തം നമ്മുടെ വിവിധ സര്‍ക്കാരുകള്‍ തികഞ്ഞ ലാഘവബുദ്ധിയോടെയാണ് കൈകാര്യം ചെയ്തത്. 1996-ല്‍ ഇത്തരം ഒരു വിധിയുണ്ടായ സാഹചര്യവും ആന്റേഴ്സണ്‍ ഇന്ത്യ വിടുവാന്‍ അനുവദിക്കപ്പെട്ട സാഹചര്യവും ഒരു പുനഃരന്വേഷണം ആവശ്യമുള്ള വിഷയങ്ങളായി ഞാന്‍ കരുതുന്നു.

    ReplyDelete
  11. സത്യത്തില്‍ ഇതിനെക്കുറിച്ച് പ്രതികരണം തന്നെ വേണ്ടെന്ന നിലപാടിലാണ് ഞാന്‍. മറ്റൊന്നുമല്ല വെറും പ്രഹസനമായ ഒരു വിധി, ഒരു തമാശ എന്ന നിലയില് മാത്രം വിലയിരുത്താ‍വുന്ന ഒന്ന് (ഈ ദുരന്തത്തിന്റെ പൂര്‍ണ്ണ ഗൌരവം ഉള്‍ക്കൊണ്ടു തന്നെ.)ഇന്ത്യന്‍ ജുഡീഷ്യറിയില്‍ നിന്നും ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കണ്ട എന്ന നിലയിലായിരിക്കുന്നു ഇന്ന് കാര്യങ്ങള്‍.കേന്ദ്രത്തിലെ ഭരണ കര്‍ത്താക്കളില്‍ നിന്നും ഒന്നും പ്രതീക്ഷിക്കണ്ട എന്ന് നേരത്തെ തന്നെ ബോദ്ധ്യമായതാണ്. സാധാരണക്കാരന് ഇനി എന്ത് എന്ന ചൊദ്യം മാത്രമാണ് ഈ വിധി മുന്നോട്ട് വക്കുന്നത്.

    ReplyDelete
  12. അനിലേട്ടന്‍ ഈ വഴി വന്നതിലും അഭിപ്രായം അറിയിച്ചതിലും വളരെ നന്ദി. പക്ഷെ അനിലേട്ടന്റെ അഭിപ്രായം എന്നെ തികച്ചും ആശ്ചര്യപ്പെടുത്തി. പല വിഷയങ്ങളിലും ശക്തമായ പ്രതികരണവും വ്യക്തമായ നിലപാടുകളും പ്രകടിപ്പിച്ചിട്ടുള്ള ബൂലോകാംഗങ്ങളില്‍ ഒരാളാണ് അനിലേട്ടന്‍. എന്നാല്‍ ഈ വിഷയത്തില്‍ ഒരു നല്ല ചര്‍ച്ച ബൂലോകത്തില്‍ ഇതുവരെ നടന്നിട്ടില്ല എന്ന് തോന്നുന്നു. പണിക്കര്‍ സാറും, രാജീവ് ചേലനാട്ടും മാത്രമാണ് ഈ വിഷയം എന്റെ അറിവില്‍ ചര്‍ച്ചക്കായി മുന്‍പോട്ട് വെച്ചത്. അവിടേയും പ്രതികരണങ്ങള്‍ കുറവായിരുന്നു. ബൂലോകത്ത് നല്ല റീഡര്‍ഷിപ്പ് ഉള്ള ബ്ലോഗുകളില്‍ ഒന്നാണ് പതിവുകാഴ്ചകള്‍. കാര്യങ്ങളെ നന്നായി വിശകലനം ചെയ്യാനും അവതരിപ്പിക്കാനും കഴിവുള്ള ഒരു ബ്ലോഗറുമാണ് അനിലേട്ടന്‍. അതുകൊണ്ടു തന്നെ പതിവുകാഴ്ചകള്‍ പോലുള്ള ബ്ലോഗുകളില്‍ ഈ വിഷയം അവതരിപ്പിക്കപ്പെട്ടിരുന്നെങ്കില്‍ ആരോഗ്യകരമായ ഒരു ചര്‍ച്ച ഈ വിഷയത്തില്‍ നടന്നേനെ എന്ന് ഞാന്‍ കരുതുന്നു. ആണദുരന്തബാധ്യതാ നിയമം പോലുള്ള കാര്യങ്ങള്‍ വരാനിരിക്കെ അത്തരം വിഷയങ്ങള്‍ കൂടി ഈ വിധി മുന്‍‌നിറുത്തി പുനഃപരിശോധിക്കപ്പെടേണ്ടതാണ്.

    ഈ വിധിയെപ്പറ്റിപ്പറയുമ്പോള്‍ ഇതു പ്രസ്താവിച്ച സി ജെ എം തനിക്കുചെയ്യാവുന്ന പരമാവധി ശിക്ഷ ഇവിടെ നല്‍കി എന്ന് ഞാന്‍ വിശ്വസിക്കുന്നു. കാരണം സുപ്രീം‌കോടതിയുടെ നിര്‍ദ്ദേശത്തെ മറികടന്ന് ഒരു ഉത്തരവ് നല്‍കാന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രെറ്റിനു സാധിക്കില്ലല്ലൊ. ഈ കേസിന്റെ യഥാര്‍ത്ഥ അട്ടിമറി 1996-ലെ സുപ്രീംകോടതി ഉത്തരവിലൂടെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നതും അതിനാല്‍ തന്നെ.

    ഓരോ ദിവസവും ഈ കേസ് ഇന്നത്തെ ഈ വിധിയിലെത്തിക്കുന്നതില്‍ വിവിധ രാഷ്ട്രീയനേതാക്കളുടെ പങ്കിനെക്കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നതാണ്. അവസാനം പുറത്തുവരുന്നത് ആന്റേഴ്‌സണെ രക്ഷപ്പെടാ‍ന്‍ സഹായിച്ചത് അന്നത്തെ മുഖ്യമന്ത്രിയായ അര്‍ജ്ജുന്‍ സിങ് ആണെന്നതും ആന്റേഴ്‌സണ്‍ ജില്ലാ കളക്‍ടറുടെ കാറിലാണ് വിമാനത്താവളം വരെ എത്തിയത് എന്നതുമാണ്.

    ReplyDelete
  13. എന്നിട്ടും അർഹതപ്പെട്ട ഒരു ശിക്ഷ അവർക്ക് കിട്ടിയില്ലല്ലോ

    ReplyDelete
  14. പ്രിയ മണി,
    നല്ല വാക്കുകള്‍ക്ക് നന്ദി.
    ഇന്ത്യന്‍ ഭരണ വ്യവസ്ഥയുടെ ഇന്നത്തെ ഒരു അവസ്ഥ വെളിവാക്കുന്നതാണ് ഈ വിധി.ഇനിയങ്ങോട്ട് ഇത്തരം ദുരന്തങ്ങളില്‍ സര്‍ക്കാരിന്റെ റോള്‍ എന്തായിരിക്കുമെന്ന് പറയുന്ന സൂചനയും. പണ്ടത്തെ ഇന്ത്യന്‍ ഭരണാധികാരികള്‍ അന്തര്‍ ദേശീയ തലത്തില്‍ല്‍ ഇന്ത്യന്‍ നയങ്ങള്‍ വിശദീകരിച്ചിരുന്നെങ്കില്‍ ഇന്ന് ഇന്ത്യന്‍ വേദികളില്‍ അവര്‍ വിദേശ നയങ്ങള്‍ വിശദീകരിക്കേണ്ട സ്ഥിതിയിലാണെന്ന്‍ ഒരു വാചകം കേട്ടിരിക്കുമല്ലോ അല്ലെ? അന്താരാഷ്ട്ര ഭീമന്മാര്‍ക്ക് ഓശാ‍ന പാടുന്ന ഒന്നായി ഇന്നത്തെ ഇന്ത്യന്‍ സര്‍ക്കാര്‍ മാറി എന്നതാണ് അതിന്റെ സൂചന. ഇതിന്റെ തെളിവുകളന്വേഷിച്ച് ഏറെയുന്നും പോകേണ്ട കാര്യമില്ല, ദിവസേന പുറത്തുവരുന്ന വാര്‍ത്തകള്‍ മാത്രം നോക്കിയാല്‍ മതി. ഇതിനെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ വെറും പ്രതിഷേധം മാത്രമായി ഉയരുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്,ഏറ്റവും ഒടുവിലെ ആണവ ബാദ്ധ്യതാ‍ ബില്ലടക്കം. പട്ടിണിക്കാരന്റെയോ പണിയെടുക്കുന്നവന്റേയോ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഒരു വിധി അടുത്തകാലങ്ങളിലൊന്നും ജുഡീഷ്യറിയില്‍ നിന്നും വന്നിട്ടുമില്ല. ഇതിനാല്‍ തന്നെ നിരവധി പ്രധിഷേധങ്ങളിലും സമരങ്ങളിലും പങ്കെടുക്കുന്ന ആളെന്ന നിലയില്‍ ഗുരുതരമായ ഒരു മടുപ്പ് പിടികൂടിയിരിക്കുന്നു.

    ReplyDelete
  15. അനൂപ് കോതനല്ലൂര്‍: താങ്കളുടെ അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നു. ഇവിടെ പ്രതികള്‍ അര്‍ഹിക്കുന്ന ശിക്ഷ അവര്‍ക്ക് കിട്ടിയിട്ടില്ല. അതുപോലെ ദുരന്തത്തിന് ഇരയായവര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന നഷ്ടപരിഹാരം (പല നഷ്ടങ്ങളും സാമ്പത്തിക സഹായം കൊണ്ട് മാത്രം പരിഹരിക്കാന്‍ സാധിക്കുന്നവയാണെന്ന് ഞാന്‍ കരുതുന്നില്ല. സ്വന്തം കുട്ടികളേയും അച്ഛനമ്മമാരിടേയും ബന്ധുജനങ്ങളുടെയും വേര്‍പാട്, ഇത്രയും കാലം അനുഭവിച്ച നരകതുല്ല്യമായ യാതനകള്‍ ഇവയ്കെല്ലാം എന്താണ് നഷ്ടപരിഹാരം നല്‍കാനാവുക) ലഭിച്ചിട്ടില്ല. എന്നാലും ഇനിയും സമയം വൈകിയിട്ടില്ലെന്ന് ഞാന്‍ പറയും. ജീവിച്ചിരിക്കുന്നവര്‍ക്ക് മെച്ചമായ ജീവിത സാഹചര്യം ഒരുക്കിയും അവരുടെ വേദനകള്‍ക്ക് മതിയായ ചികിത്സയും മരുന്നുകളും ലഭ്യമാക്കിയും അവരോട് അല്പമെങ്കിലും നീതിപുലര്‍ത്തണം. അതുപോലെ ഫാക്ടറി വളപ്പില്‍ അവശേഷിക്കുന്നതും ഇപ്പോഴും അവിടുത്തെ ഭൂഗര്‍ഭജലത്തെപ്പോലും മലിനമാക്കുകയും ചെയ്യുന്നു രാസമാലിന്യങ്ങള്‍ ശരിയായി രീതിയില്‍ നിര്‍വ്വീര്യമാക്കണം. ഇനിയും ഒരു തലമുറകൂടി ഭോപാല്‍ ദുരന്തത്തിന്റെ ശാപം പേറാന്‍ ഇടവരാതിരിക്കട്ടെ. അഭിപ്രായങ്ങള്‍ക്ക് പിള്ളേച്ചന് ഒരിക്കല്‍ക്കൂടി നന്ദി.

    രണ്ടുകക്ഷികള്‍ തമ്മിലുള്ള തര്‍ക്കത്തെ നിലവിലുള്ള നിയമത്തെ അടിസ്ഥാനമാക്കി രണ്ടു കക്ഷികളുടേയും വാദം കേട്ടശേഷം തീര്‍പ്പുകല്‍പ്പിക്കുക മാത്രമല്ലെ കോടതികള്‍ ചെയ്യുന്നത്. തങ്ങളുടെ മുന്‍പില്‍ നടത്തുന്ന വാദങ്ങളില്‍ ഏതെങ്കിലും ഒരു കക്ഷിയുടെ അഭിഭാഷകന്‍ ശരിയായി വാദിച്ചില്ലെങ്കില്‍ ന്യായാധിപന്മാര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും. പലപ്പോഴും നമ്മുടെ നിയമം തന്നെ കുറ്റവാളികള്‍ക്ക് രക്ഷപ്പെടാനുള്ള ഒരുപാടു പഴുതുകള്‍ ഉള്ളതാണ്. ഇത്തരം പഴുതുകള്‍ നീക്കി ശക്തമായ നിയമസംവിധാനം ഉണ്ടെങ്കിലേ കുറ്റവാളികള്‍ ശരിയായി ശിക്ഷിക്കപ്പെടൂ. അങ്ങനെ ശക്തമായ ഒരു നിയമസംവിധാനം ഉണ്ടാവും എന്നു തന്നെപ്രതീക്ഷിക്കാം. അനിലേട്ടനും ഇതിനോട് യോജിക്കും എന്ന് കരുതുന്നു.

    ReplyDelete