26 May 2009

തൊടുപുഴയിലെ ഒത്തുചേരൽ | Thodupuzha Blog Meet

ബൂലോകത്തിൽ എത്തിയമുതൽ ഉള്ള ഒരു ആഗ്രഹമായിരുന്നു ഇവിടെയുള്ള ചിലരെയെങ്കിലും നേരിൽ കാണണം എന്നത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയ്ക്ക് ചിലരെയെല്ലാം ഓർക്കുട്ടിലൂടെയും, ചാറ്റിലൂടെയും പരിചയപ്പെട്ടെങ്കിലും നേരിൽ കണ്ടത് വിരലെണ്ണവുന്ന ചിലരെ മാത്രം. കൂടുതൽ ബ്ലോഗർമാരെ പരിചയപ്പെടണം എന്ന ആഗ്രഹവുമായി ഇരിക്കുമ്പോഴാണ് ബ്ലോഗർമാരുടെ ഒരു സംഗമം സംഘടിപ്പിക്കുന്നതിനെക്കുറിച്ച് രണ്ടുമാസം മുൻപ് ഹരീഷ്‌ചേട്ടൻ വിളിച്ചു പറഞ്ഞത്. ബ്ലോഗിൽ വരുന്നതിനും മുൻപേതന്നെ ഹരീഷ്‌ചേട്ടനെ പരിചയപ്പെട്ടിരുന്നു. അതിനു ശേഷം പലപ്പോഴും തൊടുപുഴയിൽ പോയിട്ടുമുണ്ട് എന്നാലും ഹരീഷ്‌ചേട്ടനെ നേരിട്ടുകാണാൻ സാധിച്ചിരുന്നില്ല. ഈ വിവരം ഹരീഷ്‌ചേട്ടൻ പറഞ്ഞപ്പോഴെ വളരെ സന്തോഷമായി. കുറച്ചുപേരെ നേരിൽ കാണാമല്ലൊ. എന്നാൽ വിവാഹത്തിരക്കുകൾ മൂലം ഇതിനെപറ്റി ഒന്നും അറിയാൽ സാധിച്ചില്ല. സത്യം പറഞ്ഞാൽ കഴിഞ്ഞ മൂന്നു മാസമായി ബൂലോകത്തേയ്ക്കു തന്നെ കടന്നിട്ടില്ല. അങ്ങനെ കല്ല്യാണവും വിരുന്നുമായി നടക്കുന്നതിനിടയിൽ ഒരു ദിവസം ഓർക്കുട്ടിൽ കയറിയപ്പോൾ ഹരീഷേട്ടന്റെ ഒരു സ്ക്രാപ്. തൊടുപുഴയിൽ ബ്ലോഗ് മീറ്റ് നടക്കാൻ പോവുന്നു. വലിയ സന്തോഷം തോന്നി. എനിക്കും പങ്കെടുക്കാൻ സാധിക്കുന്ന ഒരു സമയത്താണ്. തീർച്ചയായും ഞാനും എത്തുമെന്ന് ഹരീഷേട്ടനെ അറിയിച്ചു. ഒരാഴ്ചമുൻപ് കൂടി ഹരീഷ്‌ചേട്ടൻ വിളിച്ച് മീറ്റിന്റെ കാര്യം ഓർമ്മിപ്പിച്ചു.

തൊടുപുഴ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു സംഗമം. പത്തുമണിയ്ക്കു പരിപാടി തുടങ്ങുന്നതിനു മുൻപുതന്നെ എത്തണം എന്നു കരുതിയതാണ്. എന്നാൽ ഈ ആഴ്ച നല്ല ജോലിത്തിരക്കും കുറേയാത്രകളും ഉണ്ടായിരുന്നതിനാൽ എഴുന്നേൽക്കാൻ അല്പം വൈകി. വീട്ടിൽ നിന്നും പുറപ്പെട്ട് തൃപ്പൂണിത്തുറയിൽ എത്തിയപ്പോൾ ലതിചേച്ചിയുടെ ഫോൺ വന്നു. അപ്പോൾ സമയം പത്തു മണി കഴിഞ്ഞിരുന്നു. അവിടെ കുറച്ചു പേർ എത്തിയിരിക്കുന്നു. എനിക്ക് അതോടെ ആധിയായി. ഞാൻ അവിടെ എത്തുമ്പോഴേക്കും പരിപാടികൾ എല്ലാം കഴിയുമോ? ആധിയോടെ ഞാൻ യാത്ര തുടർന്നു. സമയം പതിനൊന്നര ആവുന്നു വീണ്ടും ഫോൺ. ഇത്തവണ ഹരീഷ്‌ചേട്ടനാണ്. ഞാൻ അപ്പോൾ തൊടുപുഴയ്ക്ക് മൂന്നു കിലോമീറ്റർ മുൻപ് എത്തിയിരുന്നു. പത്തുമിനിട്ടിനുള്ളിൽ ഞാൻ ഹാളിൽ എത്തി. മുകളിലെയ്ക്കുള്ള പടികൾ കയറുമ്പോൾ മുൻപിൽ ഒരാൾ നിൽക്കുന്നു. ഹാൾ മുകളിലാണോ? ഞാൻ ചോദിച്ചു. അതെ ആരാ പരിചയപ്പെട്ടിട്ട് പോകാം. അതായിരുന്നു മറുപടി. ഞാൻ മണികണ്ഠൻ. ഞാൻ പറഞ്ഞു. പക്ഷെ മറുഭാഗത്തുനിന്നുള്ള മറുപടി എന്നെ ഞെട്ടിച്ചു. ഹലോ ഞാൻ ചാണക്യൻ. ചാണക്യന്റെ പല പോസ്റ്റുകളും ഞാൻ വായിച്ചിട്ടുണ്ട്. ആ കണ്ണുകൾക്ക് പുറകിലെ മനുഷ്യനെ കാണണമെന്നും ആഗ്രഹവും ഉണ്ടായിരുന്നു. എന്നാൽ അതിങ്ങനെ പെട്ടന്ന് സാധിക്കും എന്ന് ഞാൻ കരുതിയില്ല. പിന്നെ ഓരോ പരിചയപ്പെടലും പല പ്രതീക്ഷകളും തെറ്റിക്കുന്നതായിരുന്നു. ബൂലോകത്ത് നേരിട്ടു കണ്ടിട്ടുള്ളവരിൽ അവിടെ ഉണ്ടായിരുന്നത് മനോജേട്ടനും, ലതിചേച്ചിയും മാത്രം. ബാക്കി എല്ലാവരേയും ആദ്യമായി കാണുകയായിരുന്നു. ഞാൻ ഹാളിൽ കയറുമ്പോൾ പരിചയമുള്ള ഒരു ശബ്ദം മൈക്കിലൂടെ കേൾക്കാം. പക്ഷേ മനോജേട്ടനെ കാണുന്നില്ലായിരുന്നു. അദ്ദേഹത്തിന്റെ ചുറ്റും ആളുകൾ. എന്തോ ഗഹനമായ ചർച്ചയാണ്. അപ്പോൾ അല്പം മാറി ഓർക്കുട്ടിൽ കണ്ട് പരിചമുള്ള ഒരു ചിത്രത്തോട് സാമ്യമുള്ള ഒരാൾ .ഞാൻ അടുത്തുചെന്നു ചോദിച്ചു അനിൽ സർ അല്ലെ. ഞാൻ സമാന്തരൻ ഇതു പോലെ താടിയുള്ള ഒരാൾ അവിടെ ഉണ്ട് അതാണ് അനിൽ. ആദ്യത്തെ ഊഹം തെറ്റിയതിൽ അല്പം ചമ്മൽ മുഖത്തു വന്നു. അത് അദ്ദേഹം ശ്രദ്ധിച്ചോ എന്നറിയില്ല. അദ്ദേഹത്തിന്റെ അടുത്തുതന്നെ നിന്നിരുന്ന പാവത്താനെയും പരിചയപ്പെട്ടു.
അപ്പോഴും അവിടെ ചർച്ച തുടരുകയായിരുന്നു. ഓരോരുത്തരെയായി പരിചയപ്പെട്ടു. ചർച്ചകളിൽ നിന്നും ഒഴിഞ്ഞു നിന്നിരുന്ന മുരളിക, ധനേഷ്, പാവത്താൻ, പിള്ളേച്ചൻ, ശിവ, മണി ഷാരത്ത്. ഈ സമയം സരികയും, ഹരീഷേട്ടനും, അനിലേട്ടനും ചിത്രങ്ങൾ അപ്പോൾ തന്നെ ഓൺലൈനിൽ അയക്കുന്നു തിരക്കിലായിരുന്നു.


വീണ്ടും ഒരുവട്ടം കൂടി വട്ടത്തിൽ ഇട്ടിരുന്നു കസേരകളിൽ എല്ലാവരും ഇരുന്നു. ബ്ലോഗ് സംഗമത്തെ കൂടുതൽ അർത്ഥവത്താക്കാൻ ചാരിറ്റി പ്രവർത്തനത്തിന്റെ ആവശ്യകതയും, ബ്ലോഗ് എന്ന മാദ്ധ്യമത്തെ കൂടുതൽ ക്രിയാത്മകമായി എടുക്കേണ്ടതിന്റെ ആവശ്യകതയും ആയിരുന്നു ചർച്ചാവിഷയങ്ങൾ. തുടർന്ന് കാപ്പിലാന്റെ നിഴൽ ചിത്രങ്ങൾ എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനം നടന്നു.

അതു കഴിയാറായപ്പോഴേയ്ക്കും ഉച്ചഭക്ഷണം എത്തി. അന്ന വിചാരം മുന്നവിചാരം എന്നാണല്ലൊ. നമുക്കു ഭക്ഷണം കഴിക്കാം എന്നായി ലതിചേച്ചി. പ്രധാന വിഭവം ബിരിയാണിയായിരുന്നു. അതു കഴിക്കാത്തവർക്ക് സാമ്പാറും. അവിയലും, തോരനും, മോരും എല്ലാം ഉള്ള ഒന്നാംതരം ഊണും ഹരീഷേട്ടൻ ഒരുക്കിയിരുന്നു. അതിനു ശേഷം ഓരൊ ഐസ്ക്രീമും. വൈകിയെത്തിയതു കൊണ്ടും പലരേയും പരിചയപ്പെടാൻ ബാക്കി ഉള്ളതുകൊണ്ടും ഭക്ഷണം രണ്ടാമത്തെ ട്രിപ്പിലാക്കം എന്ന് ഞാൻ തീരുമാനിച്ചു.

ബാബുരാജ്, ചാർവാകൻ, ശാരങ്ഗധരൻ, എഴുത്തുകാരി, സോജൻ, സുനിൽ കൃഷ്ണ, വിനയ, വഹബ്, നാട്ടുകാരൻ, പ്രിയ, കാന്താരിചേച്ചി അങ്ങനെ ഓരോരുത്തരെയായി ഭക്ഷണം കഴിക്കുന്നിടത്തുചെന്നു പരിചപ്പെട്ടു. അതിനിടയാണ് ഏറ്റവും വലിയ അബദ്ധം പറ്റിയത്. ഊണുകഴിച്ചു കൊണ്ടിരുന്ന അല്പം പ്രായം ചെന്ന സ്ത്രീയുടെ അടുത്തുചെന്നു ഞാൻ എന്റെ പരിചയപ്പെടൽ വാചകം ആവർത്തിച്ചു. ഞാൻ മണികണ്ഠൻ. ഈ പേരിൽ തന്നെ ചില ബ്ലോഗുകൾ എഴുതുന്നു. എന്താണ് ചേച്ചിയുടെ പേര്? ഏതു പേരിൽ ആണ് ബ്ലോഗ് എഴുതുന്നത്. മറുപടി തീരെ പ്രതീക്ഷിക്കാത്തതായിരുന്നു. ഞാൻ ഹരീഷിന്റെ അമ്മയാണ്. വൈകിയെത്തിയതിന്റെ ഏറ്റവും വലിയ ശിക്ഷ. അപ്പോൽ തന്നെ അമ്മയോടു ക്ഷമപറഞ്ഞ് തടിയൂരി.
ഭക്ഷണം കഴിഞ്ഞശേഷം ഞങ്ങൾ “യാത്രയിൽ” തൊമ്മൻ‌കുത്തിലേയ്ക്കുള്ള ഞങ്ങളുടെ യാത്ര ആരംഭിച്ചു. അടുത്തു ഇറങ്ങിയ വെറുതെ ഒരു ഭാര്യ എന്നചിത്രത്തിൽ ജയറാമും സംഘവും വിനോദയാത്ര പോയ ബസ്സാണിതെന്നു ഹരീഷേട്ടൻ പറഞ്ഞു. നാട്ടുകാരന്റെ സ്ഥലവിവരണങ്ങളോടെ ഞങ്ങൾ യാത്ര ആരംഭിച്ചു. മുതലക്കൂടം പള്ളി. ഹെയർ പിൻ വളവുകൾ, ഐപ്പുചേട്ടൻ, ചേട്ടന്റെ ഡ്രൈവിങ് മികവിൽ ആകൃഷ്ടയായി ചേട്ടനോടൊപ്പം നാടുവിട്ട പത്താം ക്ലാസുകാരി, വെറുതെ ഒരു ഭാര്യ ചിത്രീകരിച്ച വീട് അങ്ങനെ എല്ലാം “നാട്ടുകാരൻ” സരസമായിതന്നെ പരിചയപ്പെടുത്തി.
തൊമ്മൻ‌കുത്തിൽ എത്താറായപ്പോൾ വീണ്ടും ഹരീഷേട്ടൻ ഞങ്ങളെ തൊമ്മൻ‌കുത്തിൻലെ അപകടത്തെപ്പറ്റി ഓർമ്മപ്പെടുത്തി. ധാരാളം കുഴികളും അടിയൊഴുക്കും ഉള്ള സ്ഥലമാണ് അതുകൊണ്ട് ആരും വെള്ളത്തിൽ ഇറങ്ങരുത്. തുടർന്ന് തൊമ്മൻ കുത്തിന് ആ പേരുവന്ന ചരിത്രവും നാട്ടുകാരൻ തന്നെ പറഞ്ഞുതന്നു.
അങ്ങനെ ഞങ്ങൾ തൊമ്മൻ‌കുത്തിൽ എത്തി. വണ്ടിയിൽ നിന്നിറങ്ങി നടത്തം ആരംഭിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തതുമൂലം അല്പം ശക്തമായിതന്നെ വെള്ളം ഒഴുന്നുണ്ട്.
ടിക്കറ്റെടുത്ത് അകത്തു കടന്നാൽ ആദ്യം കാണുന്നത് തൊമ്മൻ‌കുത്തിലെ പ്രധാന സ്ഥലങ്ങളെക്കുറിച്ചുള്ള ടൂറിസം വകുപ്പിന്റെ അറിയിപ്പാണ്. അവിടെ നിന്നും പതിമൂന്നു കിലോമീറ്റർ അകലെയാണ് ഈ ആറിന്റെ ഉത്ഭവസ്ഥാനം. കാളിയാർ ആണ് ഇതെന്നാണ് എന്റെ ഓർമ്മ. എന്തായാലും അത്രയും നടക്കാൻ ഞങ്ങൾക്ക് ഉദ്ദേശം ഇല്ലായിരുന്നു.

കാടിന്റെ ഭംഗി ആസ്വദിച്ച് ഞങ്ങൾ പതുക്കെ നടത്തം തുടങ്ങി. നല്ല മഴക്കാറുണ്ടായിരുന്നെങ്കിലും ഞങ്ങൾ മടങ്ങുന്നതുവരെ മഴ പെയ്തില്ല. അത് ഒരു വലിയ ഭാഗ്യമായി.
ഉരുളൻ കല്ലുകളിൽ തട്ടിവീഴാതെ സൂക്ഷിച്ച് അങ്ങനെ മുൻപോട്ട്.
ഇടയ്ക്ക് ചെറിയ ശക്തിയായി ഒഴുകുന്ന ആറിന്റെ ഭംഗിയും, ചെറിയ വെള്ളച്ചാട്ടങ്ങളും എല്ലാം സന്തോഷം പ്രദമായിരുന്നു. മനസ്സിനു ശാന്തി നൽകുന്ന നല്ല ഒരു അന്തരീക്ഷം.
ചെറിയ വെള്ളക്കെട്ടുകളും, പാറക്കൂട്ടങ്ങളും ശ്രദ്ധാപൂർവ്വം കടന്ന് മുൻപോട്ട്........

മുൻപോട്ട്.......
അങ്ങനെ ഒടുവിൽ ഞങ്ങൾ ലക്ഷ്യസ്ഥാനത്തെത്തി. വളരെ മനോഹരമായ ഒരു ദൃശ്യം. ഹരീഷ്‌ചേട്ടന്റെ മുന്നറിയിപ്പ് മനസ്സിൽ ഉണ്ടായിരുന്നെങ്കിലും ഒരല്പം നേരം ആ വെള്ളത്തിൽ ഇറങ്ങിക്കിടക്കാൻ ആഗ്രഹം ഉണ്ടായിരുന്നു.
അവിടെ കുറച്ചു നേരം ചിലവൊഴിച്ചു. എല്ലാവരും ചേർന്ന് രണ്ടു ചിത്രങ്ങൾ എടുത്തു. അതു ഹരീഷ്‌ചേട്ടന്റെ ബ്ലോഗിൽ കാണാം.

ശക്തമായ ചാട്ടത്തിനുശേഷം ശാന്തമായി ഒഴുകുന്ന കാളിയാർ. ഈ കാഴ്ചകളിൽ നിന്നും പെട്ടന്ന് തിരിച്ചുവരാൻ തോന്നിയില്ല. പക്ഷെ മഴയുടെ നല്ല ലക്ഷണം. എപ്പോൾ വേണമെങ്കിലും മഴ പെയ്യാം. അതുകൊണ്ട് മടക്കയാത്ര ആരംഭിച്ചു.
തിരികെ യാത്രയിലേയ്ക്ക്. ഒരിക്കലും മറക്കാൻ സാധിക്കാത്ത ചിത്രങ്ങൾ സമ്മാനിച്ച തൊമ്മൻ‌കുത്തിലേയ്ക്ക് ഇനിയും എപ്പോഴെങ്കിലും മടങ്ങി ചെല്ലണം എന്ന് ആഗ്രഹത്തോടെ മടക്കം.
ലതിചേച്ചിയുടെയും, വിനയ മാഡത്തിന്റേയും കവിതകളും സുനിൽ കൃഷ്ണന്റെ നാടകഗാനവും മുരളികയുടെ കമന്റുകളും കണ്ണന്റെ സുകുമാർ അഴീക്കോടും എല്ലാം ഞങ്ങളുടെ മടക്കയാത്ര സന്തോഷകരമാക്കി. തിരിച്ച് ഹാളിൽ എത്തിയപ്പോൾ കപ്പയും മുളകുചമ്മന്തിയുമായി ഹരീഷേട്ടന്റെ ബെറ്റാലിയൻ റെഡി. ബ്ലോഗ് മീറ്റിന്റെ അനുഭവങ്ങൾ പരസ്പരം പങ്കുവെച്ച് ഞങ്ങൾ ഓരോരുത്തരായി പിരിഞ്ഞു. വീണ്ടും ഇതു പോലുള്ള സംഗമങ്ങൾ സാധ്യമാവും എന്ന പ്രതീക്ഷയോടെ.

ഇത്തരത്തിൽ വളരെ വിജയകരമായി ഒരു കൂട്ടായ്മ സംഘടിപ്പിച്ചതിനുള്ള മുഴുവൻ അഭിനന്ദനങ്ങളും ഹരീഷ്‌ചേട്ടന് അവകാശപ്പെട്ടതാണ്. ബ്ലോഗിൽ ഒന്നുമല്ലാത്ത എന്നെപ്പോലും എത്ര തവണയാണ് അദ്ദേഹം ഈ സംരംഭത്തെക്കുറിച്ച് ഓർമ്മപ്പെടുത്താൻ വിളിച്ചത്. സ്വന്തം ആവശ്യം പോലെയാണ് അദ്ദേഹം ഓരോതവണവും ഇതിൽ പങ്കെടുക്കണം എന്നഭ്യർത്ഥിച്ചത്. അതിൽ പങ്കെടുത്തപ്പോൾ മാത്രമാണ് ഇതിനു വേണ്ടി അദ്ദേഹം നടത്തിയ ഒരുക്കങ്ങളും പ്രയത്നവും മനസ്സിലാക്കാൻ സാധിച്ചത്. സഹബ്ലോഗർമാരെ പരിചയപ്പെടാനും അവിസ്മരണീയമാ‍യ ഒരു വിനോദയാത്രയിൽ പങ്കെടുക്കാനും ഒരു അവസരം ഉണ്ടാക്കിയ ഹരീഷ്‌ചേട്ടനും അതിനുവേണ്ട മുഴുവൻ പിന്തുണയും അദ്ദേഹത്തിനു നൽകിയ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും ഉള്ള നന്ദി വാകുകൾക്കതീതമാണ്.

16 March 2009

ചില ഉത്സവചിത്രങ്ങൾ

ഞങ്ങളുടെ ദേശദേവതയായ പള്ളത്താം‌കുളങ്ങരെ ഭഗവതിയുടെ ഈ വർഷത്തെ താലപ്പൊലി മഹോത്സവം ഈ ഫെബ്രുവരി 27 ന് നടന്നു. ആ ഉത്സവത്തിന്റെ ചില ചിത്രങ്ങൾ ഇവിടെ ബൂലോകർക്കായി സമർപ്പിക്കുന്നു. ഉത്സവത്തെക്കുറിച്ച് ഞാൻ മുൻ‌പ് എഴുതിയ ഒരു പോസ്റ്റ് വാ‍യിക്കാത്തവർ ഇതിലേ വരാം.
(ആനയൊക്കെ കൊള്ളാം നമ്മടെ കാര്യം എന്താവുമോ ആവോ. ആളുകൂടിയില്ലെങ്കിൽ ശരിയാവില്ലല്ലോ. വൈകുന്നേരമാവട്ടെ. കച്ചവടം ഉഷാറാവും)





(ഇത്തവണ ചൂടല്‍പ്പം കൂടുതലാണ്. ഹോസുവെച്ച് ഒന്നു തണുപ്പിച്ചുകളയാം)
(ഹോസിൽ നിന്നുള്ള ഇതൊന്നും നമക്കുമതിയാവില്ല. പാരമ്പര്യമായി ഞങ്ങൾക്ക് ചില രീതികൾ ഉണ്ട്, ആ ഹോസും കൊണ്ടൊന്നു മാറിനിന്നേ. ഇതൊക്കെ ഞാൻ തന്നെ ചെയ്‌തോളാം. അല്ല ഈ ഹോസും മോട്ടറും എപ്പോഴാ വന്നെ)
(എന്നെ അറിയില്ലെ? എന്നാലും എന്റെ ഉടമയെ മലയാളികൾ എല്ലാം അറിയും. നടൻ ജയറാം. ഞാൻ കണ്ണൻ)
(കോലത്തിന്റെ അലങ്കാരങ്ങൾ കഴിഞ്ഞു.)
(ആലവട്ടം വെഞ്ചാമരം എല്ലാം റെഡി.)

(കച്ചക്കയർ, പള്ളമണി, പാദസ്വരം എല്ലാം റെഡി. ആനകളെ ഒരുക്കാൻ കൊണ്ടുവരാൻ പറയൂ)
(ഹവൂ ഇവിടെമെല്ലാം നനച്ചിട്ടുണ്ട്. കാലുപൊള്ളാതെ നിൽക്കാം. സമാധനമായി)
(ഇതു സ്പ്പെഷ്യൽ ആണു. എല്ലാവർക്കും ഇല്ല. ചില വി ഐ പി ആനകൾക്കു മാത്രം)
(വഴി വഴി. അപ്പോളെ ഞങ്ങൾ ഇതങ്ങു നടയിൽ എത്തിച്ചിട്ടുവരാം)
(ഹ! ഇതെന്തു പണിയാമാഷെ ചൂരല്‍പ്പൊളി പറഞ്ഞിട്ടു നാഗപടം ആണോ കൊണ്ടുവന്നെ. ശെ! ദേവീദാ‍സന്റെ ഗമക്ക് ഇതു മതിയാകുമോ)
(നോക്കിക്കെ ദേവീദാസന്റെ ഒരു ചന്തം. ആരാ പറഞ്ഞ ഈ നെറ്റിപ്പട്ടം ശരിയാവില്ലെന്ന്. ഞാൻ അപ്പോളെ പറഞ്ഞതല്ലെ ഇതു മതീന്നു)
(വേഗം വേണം എഴുന്നള്ളിപ്പിനു നേരമായി)
(ഇങ്ങനെ ഒപ്പത്തിനൊപ്പം വരണതാ ഒരു ചന്തം)
(അല്ല ഇതുവരെ കഴിഞ്ഞില്ലെ. അപ്പുറത്തുകാര ദാ അവിടെ എത്തി. ഒന്നു വേഗം ആവട്ടെ)
(ഇവനെ അറിയുമോ? ഇവൻ ഞങ്ങൾ പള്ളത്താം‌കുളങ്ങരക്കാരുടെ സ്വന്തം ഗിരീശൻ. ഇപ്പോൾ ഇവനെ വിറ്റു എങ്കിലും പുതിയ ഉടമ ഇവന്റെ പേരു മാറ്റിയില്ല. അതു കൊണ്ട് ഞങ്ങൾ ഇപ്പോഴും അല്പം അഹങ്കാരത്തോടെ പറയും പള്ളത്താംകുളങ്ങരെ ഗിരീശൻ എന്ന് ബീഹാറിയാണെങ്കിലും നാടൻ ആണെന്നേ ഒറ്റ നോട്ടത്തിൽ തോന്നൂ)
(നമ്മടെ കോലത്തിന് അല്പം തിളക്കം കുറവാ എല്ലെ. സരമില്ല ഇത്തവണ തിടമ്പ് മറുഭാഗത്തല്ലെ. അടുത്ത തവണ നമുക്കാവും. അപ്പോൾ പരിഹരിക്കാം)
(ഇതെന്താ പാമ്പാടി രാജനേക്കാൾ പൊക്കം ദേവീദാസനാണോ. ഹേയ് അങ്ങനെ വരാൻ വഴിയില്ലല്ലോ)
തലപ്പൊക്കമെല്ലാം ശരിതന്നെ. കാലം അത്ര ശരിയല്ല. ഇതൊക്കെ അങ്ങു പൂട്ടിയേക്കാം.
തിടമ്പ് കോലത്തിൽ ഉറപ്പിക്കുന്നു.
പാമ്പാടി രാജൻ തിടമ്പുള്ള കോലവുമായി. ഇനി മേളത്തിന്റെ ആരവങ്ങൾ.
ദാസാ നോക്കിക്കെ ഇപ്പൊ ആർക്കാ തലയെടുപ്പെന്ന്. കോലം എടുത്തുകഴിഞ്ഞല്ലെ ദാസാ തലപൊക്കണ്ടെ. ഇതൊക്കെ പഠിക്കണം ട്ടോ :) ആയിരത്തിഒന്ന് കതിനാ വെടികളുടേതാണ് പുകമറ.
ഇതു വടക്കേചേരുവാരത്തിന്റെ പഞ്ചവാദ്യം. ശ്രീ ചോറ്റാനിക്കര സുഭാഷ് നാരായണമാരാരും സംഘവും.
ചെമ്പൂത്തറ കൊടുങ്ങല്ലൂർക്കാവ് ദേവീദാസനും കൂട്ടുകാരും.
ഇതു തെക്കേചേരുവാരം
ശ്രീ ചോറ്റാനിക്കര വിജയൻ മാരാരുടെ നേതൃത്വത്തിൽ തെക്കേചേരുവാരം പഞ്ചവാദ്യം
മേളകലയുടെ ചില മുഖഭാവങ്ങൾ.



(വീണ്ടും വടക്കേചേരുവാരത്തിലേയ്ക്ക്)
(വടക്കേചേരുവാരം ആനകൾ)
(തെക്കേചേരുവാരം ആനകൾ)
(ബലൂൺ ബലൂൺ കുട്ടികളുടെ മുഖ്യ ആകർഷണം)
(ദേവീ മഴവരുമോ. വെടിക്കെട്ട് വരാനുള്ളതാണ് ചതിക്കരുതേ!!!!! ഇതു വടക്കേചേരുവാരം ആനപന്തൽ)
(ചില ജോലികളില്‍പ്പെട്ട് അല്പസമയം ഉത്സവപറമ്പിൽ നിന്നും മാറിനിന്നതാ. തിരിച്ചു വന്നപ്പോഴേയ്ക്കും പാണ്ടിമേളം അതും ശ്രീ പെരുവനം കുട്ടൻ‌മാരാരുടെ പിന്നെ വീണ്ടും അവിടെതന്നെ. ഇരുട്ടായതിനാൽ ചിത്രങ്ങളൂടെ വ്യക്തത കുറഞ്ഞു.)
(വടക്കേചേരുവാരം ആനപന്തൽ എന്തായലും സൂപ്പർ)
തെക്കേചേരുവാരം അത്രയും ഭംഗിയായില്ല.
ഠേ!!!!!!!!!!!! ഇനി അല്പം വെടിക്കെട്ടിന്റെ ഭംഗി ആസ്വദിക്കാം.



(ഇതോടെ വെടിക്കെട്ടും കഴിഞ്ഞു. ഇനി വീണ്ടും വെളുപ്പിന് തുടങ്ങും)

(വെളുപ്പിനുള്ള പൂരക്കഴ്‌ചകൾ)
(രണ്ടു ചേരുവാരങ്ങളുടേയും ആനകളും, മേളക്കാരും ഒരുമിച്ചണിനിരക്കുന്ന മനോഹരമായ ഈ കൂട്ടിയെഴുന്നള്ളിപ്പ് അതിരാവിലെ അഞ്ചുമണിക്കാണ് നടക്കുന്നത്. ഇത്തവണ പതിനഞ്ചാനകളും, നൂറില്പരം കലാകാരന്മാരും അണിനിരന്ന ഈ ദൃശ്യ ശ്രാവ്യ വിസ്മയം പൂർണ്ണമായും ഒപ്പിയെടുക്കാൻ എന്റെ ക്യാമറ മതിയാവില്ല. പ്രകാശത്തിന്റെ കുറവുതന്നെ പ്രധാന പ്രശ്നം)
(മേളത്തിന്റെ അവസാനം ദേവിയെ എതിരേൽക്കാരാൻ താലവുമായി സ്ത്രീജനങ്ങളും, ആലവട്ടവും വെഞ്ചാമരവും ആരതിയുമായി പ്രധാന പൂജാരിയും തയ്യാർ)
(ആ‍ർപ്പോ........... ഇറ്രോ.. ഇര്രോ, ആർപ്പോ.............. ഇര്രോ ഇര്രോ.. താലവും നാഗസ്വരവുമായി ഭഗവതിയെ എതിരേറ്റ് പ്രദക്ഷിണം വെച്ച് ശ്രീകോവിലിൽ എത്തിക്കുന്നതോടെ താലപ്പൊലി ദിവസത്തെ പ്രധാന ചടങ്ങുകൾ കഴിയുന്നു.)