സുപ്രീംകോടതി ഉത്തരവിനെ മുൻനിറുത്തി സൺഫിലിം നീക്കംചെയ്യാത്ത വാഹനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും എന്ന മുന്നറിയിപ്പോടെ സംസ്ഥാന മോട്ടോർ വാഹനവകുപ്പ പുറത്തിറക്കിയ നോട്ടീസാണ് ചിത്രത്തിൽ. നിയമം നടപ്പാക്കണം എന്ന ദൃഡനിശ്ചത്തെ തീർച്ചയായും അനുമോദിക്കുന്നു.ചില
നിയമങ്ങൾ അനുസരിക്കേണ്ടതും ചിലത് അനുസരിക്കേണ്ടാത്തതും എന്ന അവസ്ഥ മാറണം.
പൊതുജനങ്ങൾക്ക് ഉപയോഗപ്രദമാകുന്ന, പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന
നിരവധി നിയമങ്ങൾ ഉണ്ട്. അതെല്ലാം പരിപാലിക്കപ്പെടുന്നുണ്ടോ എന്ന്
നോക്കുന്നതിൽ ഇത്തരത്തിലുള്ള ഒരു ജഗ്രത വകുപ്പിൽ നിന്നും ഉണ്ടാകുന്നില്ല.
അതിലൊന്നാണ് വലിയ വാഹനങ്ങളുടെ പരമാവധി വേഗത 60 കിലോമീറ്ററിൽ നിജപ്പെടുത്തിക്കൊണ്ട്
കേരള ഹൈക്കോടതി പുറത്തിറക്കിയ ഉത്തരവ്. ഇതും സുപ്രീംകോടതി ശരിവെച്ച
ഒന്നാണ്. ഇത് ഉറപ്പുവരുത്തുന്നതിൽ എന്ത് നടപടിയാണ് വകുപ്പ്
സ്വീകരിക്കുന്നത്.
അതുപോലെ കൂടുതൽ ആളുകളെ
കുത്തിനിറയ്ക്കുന്നതിനായി പെർമിറ്റ് പ്രകാരം ഉള്ള സീറ്റുകൾ ഇളക്കി മാറ്റി
സർവ്വീസ് നടത്തുന്ന ബസ്സുകൾ ഉണ്ട്. പുതിക്കിയ സംവരണം അനുസരിച്ച് ഒരു ബസ്സിൽ
50% സീറ്റുകളും സംവരണം ചെയ്യപ്പെട്ടവയാണ് (25% വനിതകൾ, 10% മുതിർന്ന
വനിതകൾ, 2.5% വികലാംഗരായവനിതകൾ 10% മുതിർന്ന പുരുഷ്ന്മാർ, 2.5% വികലാംഗരായ
പുരുഷ്ന്മാർ ഇങ്ങനെ അകെ 50%). അതിനർത്ഥം സംവരണം ചെയ്യപ്പെടാത്ത മറ്റുള്ള
സീറ്റുകൾ സംവരണം ചെയ്യപ്പെട്ടിട്ടുള്ള സീറ്റുകളുടെ എണ്ണത്തിന് തുല്യമാവണം
എന്നാണ്. എന്നാൽ പല ബസ്സുകളിലും
പൊതുസീറ്റുകൾ 30% താഴെയാണ്. ഇതിനെതിരെ പരാതിപ്പെട്ടിട്ടും
മോട്ടോർവാഹനവകുപ്പ് യാതൊരു നടപടിയും എടുത്തിട്ടില്ല. ഇത്തരത്തിലുള്ള രണ്ട്
ബസ്സുകൾക്കെതിരെ ഞാൻ രേഖാമൂലം പരാതി നൽകിയിട്ടുണ്ട്.
രാത്രികാല
സർവ്വീസുകൾ മുടക്കുന്ന ബസ്സുകൾക്കെതിരായ നടപടിയും ഇതുപോലെ തന്നെ. ഞാൻ
യാത്രചെയ്യുന്ന വടക്കൻ പറവൂർ ഞാറയ്ക്കൽ റൂട്ടിൽ വിവരാവകാശനിയമപ്രകാരം
എനിക്ക് നൽകിയ മറുപടി അനുസരിച്ച് രാത്രി 10 മണിയ്ക്ക് ശേഷവും സ്വകാര്യബസ്സുകൾക്ക് സർവ്വീസ് നടത്താൻ പെർമിറ്റ് ഉണ്ട്. പക്ഷെ നിലവിൽ
8:40നു ശേഷം സ്വകാര്യബസ്സ് സർവ്വീസ് ഈ റൂട്ടിൽ ഇല്ല. പിന്നെ ഉള്ളത്
10:30നുള്ള കെ എസ് ആർ ടി സി ബസ്സ് മാത്രമാണ്. ഇതിനെതിരെ പരാതിപറഞ്ഞാലും ഫലം
ഇല്ല.
വൈറ്റില - ഗുരുവായൂർ - കോഴിക്കോട് റൂട്ടിൽ സർവ്വീസ്
നടത്തുന്ന ഫാസ്റ്റ് പാസഞ്ചർ പെർമിറ്റ് ഇല്ലാത്ത ബസ്സുകൾ ഫാസ്റ്റ്
പാസ്സെഞ്ചർ നിരക്ക് ഈടാക്കുന്നതും മുട്ടാർ - മഞ്ഞുമ്മൽ വഴി സർവ്വീസ്
നടത്തേണ്ട ബസ്സുകൾ വരാപ്പുഴപ്പാലം വഴി നടത്തുന്നതും കണ്ടില്ലെന്ന്
നടിക്കുന്നു. വരാപ്പുഴ പാലം ക്യാമറ ഉപയോഗിച്ച് നിരീക്ഷണ വിധേയമാക്കിയാൽ
തന്നെ ഈനിയമലംഘകരെ കണ്ടെത്താവുന്നതേയുള്ളു. സ്വകാര്യ ബസ്സുകൾ മ്യൂസിക്
സിസ്റ്റം നിരോധിച്ചിരിക്കുമ്പോൾ പല ബസ്സുകളും രണ്ട് എൽ സി ഡി ടീവി
ഘടിപ്പിച്ച് സിനിമയും പ്രദർശിപ്പിച്ചാണ് സർവ്വീസ് നടത്തുന്നത്. എയർ ഹോൺ
ഉപയോഗം (അതും നിയമം മൂലം നിരോധിക്കപ്പെട്ടതു തന്നെ) അതു
പറയാതിരിക്കുന്നതാണ് ഭേദം.
സംഘടിതരായ വാഹന ഉടമകളുടെ
സമ്മർദ്ദത്തിനു മുന്നിൽ വഴങ്ങുന്ന സമീപനം ആണ് പലപ്പോഴും മോട്ടോർവാഹനവകുപ്പ്
സ്വീകരിക്കുന്നത്. അസംഘടിതരായ വാഹന ഉടമകളെ സൺഫിലിം ഒട്ടിച്ചതിന്റെ പേരിൽ
പീഢിപ്പിക്കുമ്പോഴും കർട്ടൻ ഇട്ട് ഉള്ളിലെ കാഴ്ചകൾ മറയ്ക്കുന്ന തരത്തിൽ
വാഹനം ഓടിക്കിന്നവരെ കണ്ടില്ലെന്ന് നടിക്കുന്നു.