ഹെൽമെറ്റ് ധരിക്കാതെ വാഹനം ഓടിക്കുന്നവരെ പിടിക്കാൻ കഴിഞ്ഞ ദിവസം പന്നിയങ്കരയിൽ പോലീസ് നടത്തിയ പരിശോധനയ്ക്കിടെ രണ്ടുപേർ മരിക്കാനിടയായതും തുടർന്ന് ഉണ്ടായ അനിഷ്ടസംഭവങ്ങളെക്കുറിച്ചുള്ള വാർത്തകളും ആണ് ഈ ഒരു കുറിപ്പെഴുതാൻ പ്രേരിപ്പിച്ചത്.
എന്റെ അഭിപ്രായത്തിൽ പോലീസിനെതിരായ ഇത്തരം പ്രതിഷേധങ്ങൾ നല്ലതാണ്. അസംഘടിതരായ സാധാരണവാഹനഉടമകൾക്കും ഓടിക്കുന്നവർക്കും നേരെ മാത്രം ഉണരുന്ന പോലീസിന്റെ നിയമബോധത്തെ ചോദ്യം ചെയ്യാൻ ആരെങ്കിലും ഉള്ളത് നല്ലകാര്യം. വാഹനഗതാഗതരംഗത്ത് ആകെയുള്ള
നിയമലംഘനങ്ങൾ ഹെൽമറ്റില്ലാതെ ബൈക്ക് ഓടിക്കുന്നതും, സൺഫിലിം നീക്കംചെയ്യാതെ
കാറുകൾ ഓടിക്കുന്നതും മാത്രമല്ല. വേറെയും ധാരാളം നിയമങ്ങൾ ഉണ്ട്. പക്ഷെ
നേരത്തെ പറഞ്ഞ രണ്ടിലും ശിക്ഷകിട്ടുക അസംഘടതരായ വിഭാഗത്തിനാണ്. അതുകൊണ്ട് ഈ
അന്വേഷണത്തിൽ മാത്രം പോലീസ് കൂടുതൽ ശ്രദ്ധപതിപ്പിക്കുന്നു. ഉദാഹരണം
പറഞ്ഞാൽ കേരളത്തിൽ സർവ്വീസ് നടത്തുന്ന എല്ലാ ഹെവി വെഹിക്കിൾസിനും പരമാവധി
വേഗത 60കിലോമീറ്ററിൽ പരിമിതപ്പെടുത്തിയിരിക്കുന്നു. ഇതിന് സ്പീഡ് ലിമിറ്റ്
ചെയ്യുന്ന ഉപകരണം ഘടിപ്പിക്കണം എന്നത് സുപ്രീംകോടതി വരെ അംഗീകരിച്ച നിയമം
ആണ്. വർഷങ്ങൾക്ക് മുൻപ് ഇത് കൃത്യമായി പരിശോധിച്ചിരുന്നു. എന്നാൽ ഇന്ന് ഈ
രംഗത്ത് കാര്യമായ പരിശോധന ഇല്ല. കാരണം ടിപ്പർ / ലോറി /സ്വകാര്യബസ്സുകൾ
എന്നിവർ സംഘടിതശക്തിയാണ്. ആ ശക്തിയുടെ സമ്മർദ്ദത്തിനു മുന്നിൽ സർക്കാർ
മുട്ടുമടക്കി. അതിനാൽ ഈ പരിശോധനകൾ ഇപ്പോൾ കർക്കശമല്ല. സത്യത്തിൽ ഈ തീരുമാനം
കോടതികൾ എടുത്തത് പൊതുജനത്തിന്റെ സുരക്ഷയെക്കരുതിയാണ്. അതുപോലെ
വാഹനങ്ങളിലെ എയർ ഹോൺ. ഹൈക്കോടതി ഉത്തരവനുസരിച്ച് 10000/- രൂപയാണ്
ഈടാക്കാവുന്ന പിഴ. പിന്നെ എയർ ഹോൺ കണ്ടുകെട്ടുകയും ചെയ്യും. എന്നാൽ ഈ നിയമം
പാലിക്ക്പ്പെടുന്നുണ്ടോ? വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഹൈബീം ഹെഡ് ലൈറ്റുകൾ.
പല വലിയ വാഹനങ്ങളിലും എതിരെ വരുന്ന വാഹനത്തിന്റെ ഡ്രൈവറൂടെ കണ്ണിൽ തുളച്ചു
കയറുന്ന വിധത്തിൽ (റോഡിൽ പതിക്കുന്നരീതിയിൽ അല്ല മറിച്ച് മുകളിലേയ്ക്ക്)
ആണ് ഇത് ഘടിപ്പിച്ചിരിക്കുന്നത്. നിയമം അനുശാസിക്കുന്നതിലും അധികം
ശക്തിയുള്ള ലൈറ്റുകൾ ഉപയോഗിക്കുന്നു. ഇതിനെല്ലാം എതിരെ പോലീസ് എന്തു
ചെയ്യുന്നു? ഇതെല്ലാം തെളിയിക്കുന്നത് ഇരുചക്രവാഹനം ഓടിക്കുന്ന
സാധാരണക്കാരെ നിയമത്തിന്റെ പേരിൽ പിഴിയുന്ന പോലീസ് നടപടി ഒട്ടും
ആത്മാർത്ഥതയില്ലാത്തതാണ് എന്നാണ്. ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ അതിന്റെ
ദുരിതം ധരിക്കാത്തവനും അവന്റെ കുടുംബത്തിനും മാത്രം. പക്ഷെ ഞാൻ മുകളിൽ
വിവരിച്ച നിയമലംഘനങ്ങളുടെ ദുരന്തം അനുഭവിക്കേണ്ടത് മറ്റുള്ളവർ ആണ്. പന്നിയങ്കരയിൽ ഉണ്ടായതുപോലുള്ള സംഭവങ്ങൾ നിയമപാലനം പൊതുജനത്തിന്റെ സുരക്ഷിയ്ക്ക് വേണ്ടിയാക്കാൻ പോലീസിനെ ചിന്തിപ്പിക്കും എന്ന് കരുതുന്നു.
(ചിത്രത്തിന് കടപ്പാട് - മാതൃഭൂമി)
അവലംബം: http://www.mathrubhumi.com/online/malayalam/news/story/2165734/2013-03-11/kerala