18 December 2011

മുല്ലപ്പെരിയാർ - ഞങ്ങളുടെ കുടിവെള്ളം മുട്ടിയ്ക്കരുതേ

ഇന്ന് തമിഴനാടിന് കൂടിവെള്ളം നൽകണം എന്ന ഏകചിന്തയാണ് മുല്ലപ്പെരിയാർ പ്രശ്നത്തിന് പരിഹാരമായി പല രാഷ്ട്രീയ നേതാക്കളും കാണുന്ന പോംവഴി. ഇവർ പറയുന്ന കാര്യങ്ങൾ കേട്ടാൽ തോന്നും കുടിവെള്ളം എന്നത് കേരളത്തിന് ഒരു വിഷയം അല്ലെന്ന്. ഇവിടെ ശുദ്ധജലക്ഷാമം എന്നൊരു പ്രശ്നം ആരും അഭിമുഖീകരിക്കുന്നില്ലെന്ന്. ഒരു പക്ഷെ ഇവർ മനഃപൂർവ്വം മറക്കുന്നതാവണം മുല്ലപ്പെരിയാർ വിഷയത്തോളം തന്നെ പഴക്കമുണ്ട് ഞങ്ങളുടെ, വൈപ്പിൻ‌കരക്കാരുടെ, കുടിവെള്ളപ്രശ്നത്തിന് എന്നത്. എന്റെ ഓർമ്മയുള്ള കാലം മുതൽ വൈപ്പിൻ കുപ്രസിദ്ധമായത് രണ്ടു കാര്യങ്ങൾക്കാണ് ഒന്ന് വിഷമദ്യദുരന്തം രണ്ട് കുടിവെള്ളത്തിനു വേണ്ടിയുള്ള സമരങ്ങൾ. എറണാകുളം എന്ന മഹാനഗരത്തിൽ നിന്നും നോക്കിയാൽ കാണാവുന്ന അത്ര അകലത്തിൽ, കൊച്ചിക്കായനും അറബിക്കടലിനും ഇടയിൽ സ്ഥിതിചെയ്യുന്ന ഒരു ദ്വീപാണ് വൈപ്പിൻ. ലോകത്തിൽ ജനസാന്ദ്രതയുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന ദ്വീപുകളിൽ ഒന്ന്. ചുറ്റും വെള്ളത്താൽ ചുറ്റപ്പെട്ടതെങ്കിലും വൈപ്പിൻ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിഷയം ശുദ്ധജലക്ഷാമം തന്നെ. വൈപ്പിൻ കരയുടെ തെക്കേഅറ്റത്തുള്ള ജനങ്ങൾ വർഷം മുഴുവനും പൂർണ്ണമായും ആശ്രയിക്കുന്നത് കേരള വാട്ടർ അഥോറിറ്റിയെ ആണ്.

വൈപ്പിൻ‌കരയ്ക്ക് മാത്രമല്ല എറണാകുളം എന്ന മഹാനഗരത്തിനും അതിനു ചുറ്റും ഉള്ള അനേകം ഗ്രാമപഞ്ചായത്തുകൾക്കും നഗരസഭകൾക്കും കുടിവെള്ളത്തിനായി വാട്ടർ അഥോറിറ്റി ആശ്രയിക്കുന്നത് പെരിയാറിനെ ആണ്. പെരിയാറിൽ പലസ്ഥലങ്ങളിലായുള്ള പമ്പഹൗസുകൾ വെള്ളം ശുദ്ധീകരണശാലകളിൽ എത്തിച്ച് അവിടെ നിന്നും ശുദ്ധീകരിച്ച വെള്ളം എറണാകുളം ജില്ലയുടെ പലഭാഗങ്ങൾക്കും വിതരണം ചെയ്യുന്നു. വേനൽക്കാലമാവുന്നതോടെ ഇവിടെ ഉണ്ടാകുന്ന ഏറ്റവും വലിയ പ്രതിസന്ധി പെരിയാറിൽ ഉപ്പുവെള്ളം കയറുന്നു എന്നതാണ്. ഇതുമൂലം ജലം ശുദ്ധീകരിക്കാനാകാതെ പലപ്പോഴും ജലവിതരണം മുടങ്ങുന്നതും പതിവാണ്. ഇപ്രകാരം ഓരുവെള്ളം കയറി ലവണാംശം വർദ്ധിക്കുന്നത് തടയാൻ പെരിയാറിൽ പല സ്ഥലങ്ങളിലും വേനൽ രൂക്ഷമാകുന്നതിന് മുൻപുതന്നെ മണൽ ബണ്ടുകൾ കെട്ടാറുണ്ട്. ഇങ്ങനെ പല മുൻ‌കരുതലുകൾ സ്വീകരിച്ചാലും ലവണാംശം വർദ്ധിച്ച ചിലപ്പോൾ ദിവസങ്ങളോളം ജലവിതരണം മുടങ്ങാറുണ്ട്. അറബിക്കടലിൽ നിന്നും മുപ്പതും നാല്പതും കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ആലുവ പമ്പ്‌ഹൗസും ചൊവ്വരപമ്പ് ഹൗസും ഇത്തരത്തിൽ പമ്പിങ്ങ് നിറുത്തിവെയ്ക്കുന്നുണ്ട് എന്ന് പറയുമ്പോൾ കാര്യം എത്ര ഗുരുതരമാണെന്ന് ഊഹിക്കാമല്ലൊ.

ഇതും മുല്ലപ്പെരിയാറും തമ്മിൽ എന്തു ബന്ധം എന്നതല്ലെ ഒരു പക്ഷെ നിങ്ങൾ ആലോചിക്കുന്നുണ്ടാവുക. ബന്ധമുണ്ട്. പെരിയാറിൽ ലവണാംശം ക്രമീകരിക്കുന്നതും, വേനൽക്കാലത്ത് പെരിയാറിലെ നീരൊഴുക്ക് നിലനിറുത്തുന്നതും ഭൂതത്താൻ‌കെട്ട് ഡാമിൽ നിന്നും വെള്ളം തുറന്നുവിട്ടാണ്. ഭൂതത്താൻ‌കെട്ടിൽ വെള്ളമെത്തുന്നത് വേനൽക്കാലത്ത് ഇടുക്കി ജലവൈദ്യുതപദ്ധതികൾ പ്രവർത്തിക്കുന്നതുവഴിയും. മുല്ലപ്പെരിയാർ ഡാമിന് എന്തിങ്കിലും അപകടം സംഭവിച്ചാൽ ഉണ്ടാകാവുന്ന ആഘാതം കുറയ്ക്കാനായി ഇപ്പോൾ ഇടുക്കി ഉൾപ്പടെയുള്ള പെരിയാറിലുള്ള ജലവൈദ്യുതപദ്ധതികൾ പൂർണ്ണതോതിൽ പ്രവർത്തിപ്പിച്ച് ഇടുക്കിഡാമിലെ ജലനിരപ്പ് കുറയ്ക്കുകയാ‍ണല്ലൊ ചെയ്യുന്നത്. സാധാരണ മഴക്കാലത്ത് മറ്റുഡാമുകളിലെ വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉല്പാദിപ്പിക്കുകയും പോരാത്ത വൈദ്യുതി മാത്രം ഇടുക്കിയിൽ ഉല്പാദിപ്പിക്കുകയുമാണ് പതിവ്. ഇങ്ങനെ ചെയ്യുന്നത് വഴി വേനൽക്കാലത്ത് ഇടുക്കി പൂർണ്ണതോതിൽ പ്രവർത്തിക്കുകയും പെരിയാറിലെ നീരൊഴുക്ക് സാദ്ധ്യമാവുകയും ചെയ്യും. എന്നാൽ ഇപ്പോഴത്തെ നടപടി എറണാകുളം ജില്ലയെ വരൾച്ചയിലേയ്ക്കും ശുദ്ധജലക്ഷാമത്തിലേയ്ക്കും തള്ളിവിടും. ശുദ്ധജലത്തിനായി പെരിയാറിനെ ആശ്രയിക്കുന്നവർ ഈ വേനലിൽ ജീവജലത്തിനായി പരക്കം പായേണ്ടിവരും. പെരിയാറിന്റെ തീരത്തെ പല വ്യവസായശാലകളും ശുദ്ധജലത്തിന്റെ അഭാവത്തിൽ അടച്ചിടേണ്ടി വരും. ഇതിനെല്ലാം പുറമെ ഈ നടപടികൾ വേനൽക്കാലത്ത് കേരളത്തിൽ രൂക്ഷമായ വൈദ്യുതക്ഷാമത്തിനും ഇടയാക്കും. ഇന്നത്തെ ഈ നടപടികൾ ആത്മഹത്യാപരമാണെന്നാണ് എന്റെ അഭിപ്രായം. കെ എസ് ഇ ബി യ്ക്ക് ഇപ്പോളത്തെ നടപടകൾ 1500 കോടിയുടെ അധികബാധ്യത വരുത്തും എന്നാണ് ഇന്നലത്തെ പത്രവാർത്തകൾ പറയുന്നത്. ഏതാനും ലക്ഷങ്ങൾ മാത്രം നമുക്ക് മുല്ലപ്പെരിയാർ കരാറിലൂടെ ലഭിക്കുമ്പോൾ കോടികളുടെ നഷ്ടമാണ് ഇപ്പോളത്തെ നടപടികൾ വരുത്തി വെയ്ക്കുന്നത്. ഇനിയെങ്കിലും ഇത്തരം ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കൽ പരിപാടികൾ സംസ്ഥാനസർക്കാർ നിറുത്തണം.

7 comments:

 1. വൈപ്പിന്‍ കരക്കാരുടെ കുടിവെള്ള പ്രശ്നം എത്രയോ വര്‍ഷങ്ങളായി കീറാമുട്ടിയാണ് അല്ലേ മണി. സത്യത്തില്‍ നമ്മള്‍ ലോകത്തിന്റെ മുന്‍പില്‍ അറിയപ്പെടുന്നത് പോലും (ഇന്നും എന്നും എപ്പോഴും) മണി സൂചിപ്പിച്ച മദ്യദുരന്തത്തിന്റെ പേരിലും കുടിവെള്ളത്തിന്റെ പേരിലുമാണ്. ഇനിയിപ്പോള്‍ മുല്ലപ്പെരിയാര്‍ കൂടെ പൊട്ടിയാല്‍ അത് പൂര്‍ത്തിയാവും. നമ്മുടെ രാഷ്ട്രീയക്കാര്‍ക്ക് അതും ഒരു തണലാവും.

  ReplyDelete
 2. മനോരാജ് നന്ദി. ഇത്തവണ മുല്ലപ്പെരിയാർ പൊട്ടിയില്ലെങ്കിലും വൈപ്പിൻ മാത്രമല്ല എറണാകുളം നഗരവും സമീപ പഞ്ചായത്തുകളും, മുൻസിപ്പാലിറ്റികളും കുടിവെള്ളമില്ലാതെ വലയും എന്നതാണ് എന്റെ നിഗമനം. എല്ലാത്തിനും കാരണം മുല്ലപ്പെരിയാർ വിഷയത്തിൽ ഈ തലതിരിഞ്ഞ സമീപനവും.

  ReplyDelete
 3. ജലത്തിന്റെ പേരിലുള്ള പൊല്ലാപ്പുകൾ ഇനിയങ്ങോട്ട് വളർന്ന് വലുതാകാൻ ഇരിക്കുന്നതേയുള്ളൂ. വൈപ്പിൻ കരക്കാർ കുടിവെള്ളത്തിനായി കൂടുതൽ വലയും എന്ന കാര്യത്തിൽ സംശയം വേണ്ട. ദീർഘവീക്ഷണമില്ലാത്ത ഭരണകൂടം തന്നെയാണ് പ്രതിഭാഗത്ത്. അവിടെ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷ വേണ്ട.നമ്മുടെ രക്ഷയ്ക്കാവശ്യമുള്ള മഴവെള്ള സംഭരണി പോലുള്ള പദ്ധതികൾ ഓരോ വീട്ടിലും ആവിഷ്ക്കരിക്കേണ്ടിയിരിക്കുന്നു.

  ReplyDelete
 4. മനോജേട്ടാ നന്ദി. കുടിവെള്ളം സംഭരിക്കുന്നതിനുള്ള സംവിധാനങ്ങൾ മഴവെള്ള സംഭരണികളും മറ്റും എല്ലാ വീടുകളിലും നിർമ്മിക്കണം എന്ന നിർദ്ദേശം വളരെ നല്ലതാണ്. ഒരു ഘട്ടത്തിൽ പുതുതായി നിർമ്മിക്കുന്ന വീടുകൾക്ക് ഈ സംവിധാനം നിയമപ്രകാരം നിർബന്ധമാക്കിയിരുന്നു. എന്നാൽ താമസിക്കാനുള്ള വീടുപോലും ശരിയായി ഇല്ലാത്തവർക്ക് വാട്ടർ അഥോറിറ്റിയും പഞ്ചായത്ത് ടാപ്പുകളും തന്നെ ശരണം

  ReplyDelete
 5. കുടിവെള്ളം എന്നത് ഒരു ഗൗരവമായ വിഷയമാണ്. ഓർമ വച്ചനാൾ മുതൽ കേൾക്കുന്ന വാർത്തകളിലൊന്ന് വൈപ്പിൻ കുടിവെള്ള പ്രശ്നമായിരുന്നു എന്ന് തോന്നുന്നു. വർഷങ്ങളിത്ര കഴിഞ്ഞിട്ടും അതിനൊരു പരിഹാരമാവുന്നില്ല എന്നത് കേരളത്തിനു ലജ്ജിക്കേണ്ട ഒരു സംഗതിയാണെന്നതിൽ സംശയമില്ല.

  ReplyDelete
 6. അനിലേട്ടാ ഇവിടെ വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി. ഇത് ഒരു പൊന്മുട്ടയിടുന്ന താറാവാണ്. അതിനെ അത്രപെട്ടന്നൊന്നും ആരും കൊല്ലില്ല. ടാങ്കർ ലോറികളിൽ അടിക്കുന്ന കുടിവെള്ളം കോടികളുടെ ഒരു കച്ചവടം ആണ്. പിന്നെ എന്നും സജീവമായിട്ടുള്ള ഒരു രാഷ്ട്രീയ ആയുധവും. ആരോ പറഞ്ഞപോലെ ജനങ്ങൾക്ക് എപ്പോഴും ഒരു പ്രതീക്ഷനൽകേണ്ടെ ഇന്നു തരാം നാളെത്തരാം. പക്ഷെ നടത്തിക്കൊടുക്കരുത്. അത്രതന്നെ :)

  ReplyDelete
 7. എന്തായാലും ഒരു കാര്യം ഉറപ്പായി പത്താം ക്ലാസ്സ് പരീക്ഷകഴിഞ്ഞാൽ പിന്നെ ലോഡ്‌ഷെഡിങ്ങ് ഉണ്ടാവും. മുല്ലപ്പരിയാറിന്റെ പേരിൽ കുറെ ജലം പാഴാക്കി. എന്നാൽ മുല്ലപ്പെരിയാർ പ്രശ്നത്തിൽ എന്തെങ്കിലും തീരുമാനമായോ? അതും ഇല്ല, ഇപ്പോൾ ഇരുട്ടടിയും.
  http://www.mathrubhumi.com/online/malayalam/news/story/1524664/2012-03-26/kerala

  ReplyDelete