തമിഴ് പുലികൾക്കുമേൽ ശ്രീലങ്കൻ സൈനം ശക്തമായ ആക്രമണം നടത്തുകയും പുലികളുടെ പല പ്രധാന കേന്ദ്രങ്ങളിലും അധിപത്യം സ്ഥാപിക്കുകയും ചെയ്യുന്നതിനിടയിലാണ് ഏറെ ചിരിപ്പിച്ച ഒരു പ്രസ്താവന നമ്മുടെ സർക്കാരിന്റെ ഭാഗത്തുനിന്നും കേൾക്കാൻ ഇടയായത്. വേലുപ്പിള്ള പ്രഭാകരനെ പിടിക്കുന്ന പക്ഷം ശ്രീലങ്കൻ സർക്കാർ അയാളെ ഭാരതത്തിനു കൈമാറണം. ഏതോ വലിയകുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെടേണ്ട ഒരു കുറ്റവാളിയെ ഇങ്ങു കൈയ്യിൽ കിട്ടിയാൽ മതി ഇപ്പൊത്തന്നെ ശിക്ഷിക്കും എന്ന പ്രതീതിയാണ് ആ പ്രസ്താവന കേട്ടപ്പോൾ ഉണ്ടായത്. പാകിസ്താൻ സർക്കാരിനോടു ബോംബെ ആക്രമണത്തിന്റെ ‘തെളിവുകൾ’ സമർപ്പിക്കുന്ന പോലുള്ള ഒരു നാണം കെട്ട ഏർപ്പാടാവും ഇതെന്നാണ് ആദ്യം കരുതിയത്. ശ്രീലങ്കൻ സർക്കാർ അത് അർഹിക്കുന്ന അവജ്ഞയോടെ തന്നെ തള്ളുമെന്നും ഞാൻ കരുതി. അപ്പോൾ ദാ ഇന്നു വരുന്നു ശ്രീലങ്കൻ സർക്കാരിന്റെ പ്രതിനിധിയായി ഭാരതത്തിലുള്ള സ്ഥാനപതിയുടെ പ്രസ്താവന. പ്രഭാകരനെ ജീവനോടെ കിട്ടിയാൽ ഭാരതത്തിനു കൈമാറുന്ന കാര്യം പരിഗണിക്കാം. പ്രഭാകരന്റെ പേരിൽ നമ്മുടെ രാജ്യത്ത് ഇപ്പോൾ നിലവിലുള്ള ഗുരുതരമായ ഒരു കുറ്റം രാജീവ് ഗാന്ധി വധക്കേസാണ്. അതിലും വലിയ കൃത്യങ്ങളൊന്നും ഇല്ലന്നാണ് എന്റെ അറിവ്. അതിലെ ഗൂഢാലോചന, അസൂത്രണം എന്നിവയാണ് വേലുപ്പിള്ള പ്രഭാകരന്റെ മേൽ ചുമത്തപ്പെട്ടിട്ടുള്ള കുറ്റം. ഈ കേസിൽ തന്നെ രാജ്യത്തെ പരമോന്നത നീതിപീഠം വധശിക്ഷവിധിച്ച മറ്റു നാലുപ്രതികൾ കഴിഞ്ഞ ഒൻപതു വർഷമായി തമിഴ്‌നാട്ടിലെ വെല്ലൂർ ജയിലിൽ കഴിയുന്നു. 1999 ഒൿറ്റോബർ എട്ടിന് ഈ കേസിലെ നാലു പ്രതികളെ സുപ്രീം കോടതി അന്തിമമായി വധശിക്ഷക്കു വിധിച്ചിരുന്നു. തുടർന്ന് ഇവർ സമർപ്പിച്ച ദയാഹർജിയിൽ തീരുമാനമാവുന്നതുവരെ ശിക്ഷ നടപ്പാക്കുന്നത് നിറുത്തിവെയ്ക്കാൻ 1999 നവംബർ 1 ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം തമിഴനാട് സർക്കാരിനോടു ആവശ്യപ്പെടുകയായിരുന്നു. ആ ദയാഹർജികൾ ഇന്നും തീരുമാനമാവാതെ കിടക്കുന്നു. (ഇതിൽ നളിനിയുടെ വധശിക്ഷ ജീവപര്യന്തമായി പിന്നീട് ഇളവു ചെയ്തു) ഈ സാഹചര്യത്തിലാണ് വേലുപ്പിള്ളൈ പ്രഭാകരനെ കൈമാറണം എന്ന് നമ്മുടെ സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. കുറ്റവാളികൾ എന്ന് രാജ്യത്തെ പരമോന്നതനീതിപീഠം വിധിച്ചു ശിക്ഷയും പ്രഖ്യാപിച്ചവരെ ശിക്ഷിക്കാൻ കഴിയാത്ത ഒരു ഭരണസംവിധാനം എന്തിനാണ് പ്രഭാകരനെ ആവശ്യപ്പെടുന്നത്? ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സ്വാഭാവിക മരണം സംഭിവിക്കുന്നതുവരെ ‘തടവിൽ’ പാർപ്പിക്കാനോ? അതോ വോട്ടു ബാങ്ക് അധിഷ്ഠിതമായ നമ്മുടെ ജനാധിപത്യ വ്യവസ്ഥയിൽ ഒരു വിഭാഗം ജനങ്ങളുടെ വോട്ടിനുവേണ്ടി ഇയാളെ മുൻനിറുത്തി വിലപേശാനോ?
ബോംബെ അധോലോക നേതാക്കളിൽ പ്രധാനിയും, 1993-ലെ ബോംബെ സ്‌ഫോടനങ്ങളിൽ പ്രതിയുമായ അബു സലിമിനെ ഇവിടെ എത്തിക്കാൻ സി ബി ഐ ചില ശ്രമങ്ങൾ മുൻപ് നടത്തിയിരുന്നു. പോർട്ടുഗൽ പോലീസ് ഇയാളെ അറസ്റ്റുചെയ്ത വേളയിൽ ആയിരുന്നു അത്. അന്ന് ഇന്ത്യയിൽ ഇയാളെ വധശിക്ഷക്കു വിധേയനാക്കില്ലെന്നു പോർട്ടുഗൽ സർക്കാരിന് എഴുതിനൽകാൻ പോലും ഇവിടത്തെ ഭരണസംവിധാനം തയ്യാറായി. അഥവാ ഏതെങ്കിലും കോടതി ഇയാളെ വധശിക്ഷക്കു വിധിച്ചാൽ ഭരണഘടനയുടെ 72-ആം അനുശ്ച്ഛേദംനൽകുന്ന വിശിഷ്ടാധികാരം ഉപയോഗിക്കാൻ രാഷ്ട്രപതിയോടു ശുപാർശചെയ്യും എന്നർത്ഥം. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ ഒരു കേസിലും ഇയാൾക്ക് വധശിക്ഷനൽകണം എന്നു സി ബി ഐ വാദിക്കില്ല. അങ്ങനെ നവംബർ 2005-ൽ പോർട്ടുഗൽ ഇയാളെ ഭാരതത്തിനു കൈമാറി. ഇപ്പോളും ഇയാളുടെ മേൽ ആരോപിക്കപ്പെട്ട കുറ്റങ്ങളിലെ വിചാരണയുമായി ഇയാൾ ബോംബെയിലെ ഒരു ജയിലിൽ ശക്തമായ കാവലിൽ കഴിയുന്നു. ഇയാളുടെ മേലുള്ള കുറ്റങ്ങൾ തെളിയിക്കപ്പെടാൻ ഇനിയും എത്രകാലം കാത്തിരിക്കണം? ഇനി കുറ്റങ്ങൾ തെളിയിക്കപ്പെട്ടാലും സ്വാഭാവിക മരണം സംഭവിക്കുന്നതു വരെ ഇയാളെ ചുമക്കേണ്ട ഗതികേടുണ്ടാവും എന്നുറപ്പ്.
പിന്നെ പാർലമെന്റ് ആക്രമണക്കേസിൽ വധശിക്ഷക്കു വിധിക്കപ്പെട്ട മുഹമ്മദ് അഫ്‌സൽ. ഈ മാന്യദേഹത്തിന്റെ ദയാഹർജിയും 2006 ഒൿടോബർ മൂന്നു മുതൽ കേന്ദ്രആഭ്യന്തരമന്ത്രാലയം പഠിച്ചുകൊണ്ടിരിക്കുകയാണ്.
ഇതിനെല്ലാം പുറമെ അനന്തമായി ‘സൂക്ഷിക്കാൻ’ ഒരു പ്രതിയെക്കൂടി കിട്ടിയിട്ടുണ്ട് നമ്മുടെ സംവിധാനത്തിന്. അജ്‌മൽ കസബ്. മുംബൈ ആക്രമണത്തിൽ കൊല്ലപ്പെടാതെ അവശേഷിച്ച ഏക ഭീകരൻ. ഇയാളെയും മറ്റുള്ളവരെപ്പോലെതന്നെ ‘സംരക്ഷിക്കേണ്ട’ ഗതികേടും നമുക്കുണ്ടാവും എന്നുവേണം കരുതാൻ.
ഇങ്ങനെ ഇവിടെ പിടിക്കപ്പെട്ടവരുടേയും ഇരന്നുവാങ്ങിയവരേയും നേരാംവണ്ണം ശിക്ഷിച്ച ശേഷം പോരെ കൂടുതൽ പേർക്കു വേണ്ടി അന്താരഷ്ട്രസമൂഹത്തോട് ഇരക്കുന്നത്. കൊടും കുറ്റവാളികളെ ഇങ്ങനെ സൂക്ഷിക്കുന്നത് ഭാവിയിൽ കാണ്ഡഹാർ, മുഫ്തി സംഭവങ്ങൾ ആവർത്തിച്ചാൽ കൂടുതൽ നാണക്കേടിനും ധന നഷ്ടത്തിനും ഇടയാക്കും എന്ന എളിയ അഭിപ്രായമാണ് എന്റേത്.