27 February 2009

ബ്ലോഗുകളെ സംബന്ധിച്ച സുപ്രീം‌കോടതിയുടെ നിർണ്ണയക വിധി | A Landmark Judgment on Blogging by Supreme Court

സൂര്യനുകീഴിലുള്ള എന്തിനെപ്പറ്റിയും എന്ത് അഭിപ്രായവും എഴുതാം എന്നും അത്തരം ലേഖനങ്ങളെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ലെന്നും ഉള്ള ബൂലോകത്തിന്റെയും (Blogsphere) , ഓൺ ലൈൻ കമ്മൂണിറ്റികളുടേയും, വാദങ്ങളെ മാറ്റിമറിക്കാൻ പോന്ന ഒരു സുപ്രധാന നിരീക്ഷണം ബഹുമാനപ്പെട്ട സുപ്രീം കോടതിയിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ചീഫ് ജസ്റ്റീസ് ശ്രീ കെ ജി ബാലകൃഷ്ണനും ജസ്റ്റീസ് ശ്രീ സദാശിവനും അടങ്ങിയ സുപ്രീം കോടതി ബെഞ്ചിന്റേതാണ് വിധി.

ഇതിന് ആധാരമായ സംഭവം ഇപ്രകാരമാണ്. കേരളത്തിൽ നിന്നുള്ള അജിത് ഡി എന്ന കം‌പ്യൂട്ടർ വിദ്യാർത്ഥി ഓർക്കുട്ടിൽ ശിവസേനക്കെതിരായ ഒരു ഓൺ ലൈൻ കമ്മ്യൂണിറ്റി ഉണ്ടാക്കി. ഈ കമ്മ്യൂണിറ്റിയിൽ ഈ സംഘടന രാജ്യതാല്പര്യത്തിനെതിരായും, രാജ്യത്തെ ജനങ്ങളെ ജാതിയുടെ പേരിൽ വേർതിരിക്കുന്നതായും ആരോപിക്കുന്ന ലേഖനങ്ങൾ അജ്ഞാതരായ (Anonymous) വ്യക്തികൾ പ്രസിദ്ധീകരിച്ചു. ഇതെത്തുടർന്ന് ശിവസേനയുടെ സംസ്ഥാന യുവജനവിഭാഗം സെക്രട്ടറി; ശ്രീ അജിത്തിനെതിരെ പൊതുവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് സെക്ഷൻ 506 & 295A വകുപ്പുകൾ അനുസരിച്ചുള്ള ക്രിമിനൽ കേസ് മുംബൈയിലെ താനെ പോലീസ് സ്‌റ്റേഷനിൽ ആഗസ്റ്റ് 2008-ൽ രജിസ്റ്റർ ചെയ്തു. ഈ അവസരത്തിൽ ശ്രീ അജിത്ത് കേരളാഹൈക്കോടതിയിൽ നിന്നും മുൻ‌കൂർ ജാമ്യം നേടുകയും, കേസിലെ ക്രിമിനൽ നടപടികളിൽ നിന്നും ഒഴിവായിക്കിട്ടുന്നതിന് അഭിഭാഷകനായ ശ്രീ ജോജി സക്കറിയ (Jogy Scaria) മുഖാന്തരം സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു. തന്റെ ബ്ലോഗിൽ നടത്തിയിട്ടുള്ളത് അഭിപ്രായ പ്രകടനത്തിനുള്ള തന്റെ മൗലീകാവകാശം മാത്രമാണെന്നും ഇത് ഒരു ക്രിമിനൽ കുറ്റമായി പോലീസ് കാണേണ്ടതില്ലെന്നും അദ്ദേഹം സുപ്രീം കോടതിയിൽ വാദിച്ചു. ശ്രീ അജിത്തിന്റെ ഈ അപേക്ഷ സുപ്രീം കോടതി നിരസിക്കുകയാണ് ഉണ്ടായത്. വിധിന്യായത്തിൽ (Ajith Vs Shiv Sena) കോടതി ഇപ്രകാരം പറഞ്ഞതായി ടൈസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു “ ക്രിമിനൽ കേസ് അനുസരിച്ചുള്ള നടപടിക്രമങ്ങൾ റദ്ദുചെയ്യുവാൻ ഞങ്ങൾക്കാവില്ല. താങ്കൾ ഒരു കമ്പ്യൂട്ടർ വിദ്യാർത്ഥിയാണ്. എത്ര ആളുകൾ ഇന്റെർനെറ്റ് പോർട്ടലുകൾ നോക്കുന്നു എന്നതിനെക്കുറിച്ചുള്ള പൂർണ്ണമായ ബോധ്യം താങ്കൾക്കുണ്ട്. അതുകൊണ്ട് താങ്കളുടെ പോർട്ടലിന്റെ ഉള്ളടക്കത്തെക്കുറിച്ച് ആരെങ്കിലും ഒരു ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുകയാണെങ്കിൽ അതിനെ അഭിമുഖീകരിക്കേണ്ട ബാദ്ധ്യത താങ്കൾക്കുണ്ട്. താങ്കൾ ബന്ധപ്പെട്ട കോടതി മുൻപാകെ താങ്കളുടെ നിലപാട് വ്യക്തമാക്കുകതന്നെ വേണം”

ഞാൻ ഈ വാർത്തയെപ്പറ്റി അറിയുന്നത് ജോ എന്ന ബ്ലൊഗറുടെ ഏറ്റവും പുതിയ പോസ്റ്റിൽ നിന്നാണ്. ഈ വാർത്തയെപ്പറ്റിയുള്ള ജോയുടെ നിരീക്ഷണങ്ങൾ അദ്ദേഹത്തിന്റെ The Blogger Rights എന്ന പോസ്റ്റിൽ വായിക്കാവുന്നതാണ്. ഇതു സംബന്ധിച്ച ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടും വായനക്കാരുടെ പ്രതികരണങ്ങളും ഇവിടെ വായിക്കാവുന്നതാണ്. ഇതു സംബന്ധിച്ച The Hindu പത്രത്തിന്റെ റിപ്പോർട്ട് ഇവിടെ വായിക്കാവുന്നതാണ്.

ഈ കേസിന്റെ തുടർനടപടികൾക്കായി ശ്രീ അജിത്ത് താനെയിലെ കോടതിയിൽ ഹാജരാകേണ്ടി വരും. അദ്ദേഹത്തിന്റെ ബ്ലോഗിൽ മറ്റുവ്യക്തികൾ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങൾക്ക് ബ്ലോഗിന്റെ ഉടമ എന്ന നിലയിൽ അദ്ദേഹം ഉത്തരവാദിയാണെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടതായി പത്രം റിപ്പോർട്ട് ചെയ്യുന്നു. ഏതാനും ആഴ്ചകൾക്ക് മുൻപ് ബൂലോകവും ബ്ലോഗർക്കുള്ള അവകാശങ്ങളെപ്പറ്റി ചൂടേറിയ ചർച്ചകൾക്ക് വേദിയായിരുന്നല്ലോ. ഈ കേസും ഇതിന്റെ അന്തിമ വിധിയും ഒരു പക്ഷേ ബ്ലോഗ് എന്ന ഈ മാധ്യമത്തിന്റെ ഭാവിയെത്തന്നെ മാറ്റിമറിച്ചേക്കാം.

21 comments:

  1. മണീ; ഇതു കാണിച്ചു തന്നതിന് നന്ദി!!!
    ഇനിയെങ്കിലും എല്ലാവരും കുറച്ച് സംയമനം പാലിക്കുമല്ലോ!!!

    ReplyDelete
  2. എന്ത് അഭിപ്രായവും എവിടെയും പറയാം എന്ന രീതിക്ക് മാറ്റം വരുന്നത് നല്ലതു തന്നെ.പ്രത്യേകിച്ച് രാജ്യ താല്പര്യങ്ങളെ ബാധിക്കുന്ന വിഷയത്തിൽ ,ജാതിയുടെയും മതത്തിന്റെയും പേരിൽ ഉള്ള അഭ്പ്രായ പ്രകടനങ്ങൾ.ഈ പോസ്റ്റിനു നന്ദി മണീ.

    ReplyDelete
  3. വരട്ടെ.
    നമുക്കു കാത്തിരിക്കാം.
    നിയന്ത്രണങ്ങള്‍ ഏതു കാര്യത്തിനും നല്ലതു തന്നെ.

    ReplyDelete
  4. ഈ വാര്‍ത്ത ഞാന്‍ വയിച്ചിട്ടുണ്ട്.ക്ടുതല്‍ വായിക്കാന്‍ അവസരം തന്നതിന് നന്ദി. ഇങ്ങിനെയാണെങ്കില്‍ പത്രങ്ങളില്‍ വരുന്ന പല ലേഖനങ്ങളും പൊതുവികാരവും മതവികാരവും വ്രണപ്പെടുത്തുന്നാതല്ലെ...

    ReplyDelete
  5. പോസ്റ്റിനു നന്ദി....

    ഈ കേസുമായി ബന്ധപ്പെട്ട പുരോഗമനങ്ങള്‍ യഥാസമയം അപ്ഡേറ്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു...

    ReplyDelete
  6. ഈ അറിവുകള്‍ പങ്കു വെച്ചതിനു നന്ദി...

    ReplyDelete
  7. ഇതു കാണിച്ചു തന്നതിന് നന്ദി

    ReplyDelete
  8. ഇവിടെയെത്തിയതിനും അഭിപ്രായങ്ങൾ പങ്കുവെച്ചതിനും എല്ലാവർക്കും നന്ദി.

    ഹരീഷ്‌ചേട്ടാ ആ പ്രതീക്ഷ ഇത്തിരി കടന്നുപോയോ എന്നൊരു സംശയം. സുപ്രീം‌കോടതിയുടെ ഈ ഉത്തരുവുണ്ടെങ്കിലും ബൂലോകത്തിന്റെ രീതികളിൽ പെട്ടന്നൊരു മാറ്റം ഒരു മാറ്റം പ്രതീക്ഷിക്കുന്നതിൽ കാര്യമില്ലെന്നാണ് എനിക്കു തോന്നുന്നത്.

    കാന്താരിചേച്ചി നമ്മുടെ അഭിപ്രായങ്ങൾ പറയുന്നതിനുള്ള അവകാശം വേണമെന്ന നിലപാടുതന്നെയാണ് എനിക്കും ഉള്ളത്. അതിനുള്ള നല്ലൊരു മാധ്യമാമാണ് ബ്ലോഗുകൾ. എന്നാൽ എല്ലാ അഭിപ്രായപ്രകടനങ്ങൾക്കും ഒരു പരിധി ഉണ്ടാവുന്നത് നല്ലതാ‍ണെന്നു കരുതുന്നു.

    അനിൽ‌ജി ശരിയാണ് ചില നിയന്ത്രണങ്ങൾ എല്ലാത്തിനും നല്ലതുതന്നെ. എന്നാൽ പലപ്പോഴും അനന്തമായി നീളുന്ന കോടതി വ്യവഹാരങ്ങൾ നീതിനിർവ്വഹണത്തിനു തടസ്സമല്ലെ. ഈ കേസിൽ തന്നെ - ശിവസേനക്കെതിരെ ഒരു ഓർക്കുട്ട് കമ്മ്യൂണിറ്റി തുടങ്ങി എന്നതുകൊണ്ട് മാത്രം ശ്രീ അജിത്ത് എത്രതവണ കേരളത്തിൽ നിന്നും താനെയിലെ കോടതിയിൽ പോകേണ്ടി വരും. അത് അദ്ദേഹത്തിന്റെ പഠനത്തേയും ഭാവിയേയും ബധിക്കും എന്നതിൽ തർക്കമില്ല. മാത്രമല്ല ഈ കേസിൽ താനെയിൽ പോവുന്നത് തന്റെ ജീവനുതന്നെ ഭീഷിണിയാവും എന്നാണ് അജിത്ത് അഭിഭാഷകൻ മുഖേന സുപ്രീം കോടതിയിൽ വാദിച്ചത്.

    PRAYAN ഈ പോസ്റ്റ് പ്രയോജപ്രദമായി എന്നറിയുന്നതിൽ സന്തോഷം.

    ചാണക്യൻ‌ജി തീർച്ചയായും ശ്രമിക്കാം.

    പള്ളിക്കരയിൽ നന്ദി.

    ബൂലോകതരികിട ഞാനും ഈ വിഷയം അറിയുന്നത് മറ്റൊരു ബ്ലോഗറായ ശ്രീ ജോയുടെ പോസ്റ്റിലൂടെയാണെന്ന് പറഞ്ഞല്ലൊ. പലപ്പോഴും ശ്രദ്ധിക്കപ്പെടാതെപോവുന്ന വാർത്തകൾ (മലയാള മാധ്യങ്ങൾ തമസ്കരിക്കുന്നവ) ജോയുടേയും മറ്റു ബ്ലൊഗർമാരുടെയും പോസ്റ്റുകളിലൂടെയാണ് ഞാൻ അറിയുന്നത്. അതിന് ബൂലോകത്തിന് നമുക്ക് നന്ദി പറയാം.

    അനാഗതസ്മശ്രു നന്ദി

    അരീക്കോടൻ സർ നന്ദി.

    ഞാൻ ഇതുവരെ എഴുതിയ പോസ്റ്റുകളിൽ ഏറ്റവും കൂടുതൽ ‘ഹിറ്റ്’ വന്നത് ഈ പോസ്റ്റിനാണ്. ഏകദേശം 125 ആളുകൾ ഇവിടെ എത്തി എന്ന് സൈറ്റ് മീറ്ററിൽ നിന്നും മനസ്സിലാക്കുന്നു. എന്നാൽ തങ്ങളുടെ അഭിപ്രായം ഇവിടെ രേഖപ്പെടുത്തിയത് ആകെ ഒൻപതുപേർ മാത്രം. നിങ്ങളുടെ ഈ പ്രചോദനത്തിനും പ്രോത്സാഹനത്തിനും എന്റെ നന്ദി അറിയിക്കട്ടെ.

    ReplyDelete
  9. ഇനിയിപ്പോൾ ബ്ലോഗെഴുതാൻ എഴുതാൻ സുപ്രീം കോർടിന്റെ അനുവാദം വാങ്ങേണ്ടി വരും! :)

    ReplyDelete
  10. അനോണി ആയി മറഞ്ഞിരുന്ന് ഇന്റര്‍നെറ്റില്‍ എന്തും എഴുതാന്‍ തങ്ങള്‍ സര്‍വ്വതന്ത്രസ്വതന്ത്രരാണെന്ന ധാരണ തിരുത്തിക്കുറിക്കാന്‍ കോടതിയുടെ ഇടപെടല്‍ സഹായകമാവും എന്ന് കരുതുന്നു. നന്നായി മണികണ്ഠന്‍ ഈ പോസ്റ്റ്.
    സ്നേഹപൂര്‍വ്വം,

    ReplyDelete
  11. മുക്കുവൻ താങ്കളുടെ സന്ദർശനത്തിനും അഭിപ്രായത്തിനും എന്റെ നന്ദി അറിയിക്കട്ടെ. ഈ വിഷയം അത്രയും നിസ്സാരവൽക്കരിക്കാവുന്ന ഒന്നാണെന്ന് ഞാൻ കരുതുന്നില്ല. കൂടുതൽ അന്വേഷണത്തിൽ മനസ്സിലാവുന്നത് ശ്രീ അജിത്ത് ഓർക്കുട്ടിൽ തുടങ്ങിയ “I Hate Shiv Sena" എന്ന കമ്മ്യൂണിറ്റിയിൽ ശിവ സേന എന്ന സംഘടനക്കെതിരായ അഭിപ്രായങ്ങൾ മാത്രമല്ല ശിവസേനയുടെ നേതാവായ ബാൽ താക്കറെയെ വധിക്കും എന്ന് ആരോ എഴുതിയ ഭീഷിണിയാണ് കമ്മ്യൂണിറ്റി ഉടമസ്ഥൻ എന്ന നിലയിൽ ശ്രീ അജിത്തിന് വിനയായത് എന്ന് മനഃസിലാക്കുന്നു. അദ്ദേഹത്തിന്റെ ഐ പി യിൽ നിന്നും വിലാസം കണ്ടെത്തിയ മറാഠാ പോലീസ് ആ കമ്മ്യൂണിറ്റിയിലെ ചർച്ചകൾ നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടായിരുന്നത്രെ. ഒടുവിലാണ് അവർ അജിത്തിനെ അറസ്റ്റുചെയ്യാനായി ചേർത്തലയിലെ അദ്ദേഹത്തിന്റെ വീട്ടിൽ എത്തുന്നത്. എന്നാൽ മലയാളം മാധ്യമങ്ങൾ വഴി മറാഠാ പോലീസിന്റെ നീക്കങ്ങൾ അറിഞ്ഞ അജിത്ത് ഒളിവിൽ പോവുകയും കേരള ഹൈക്കോടതിയിൽ നിന്നും മുൻ‌കൂർ ജാമ്യം നേടുകയും ചെയ്തു. അദ്ദേഹത്തിന്റെ വീട് പരിശോധിച്ച പോലീസ് കൂടുതൽ അന്വേഷണങ്ങൾക്കായി അദ്ദേഹം ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറിന്റെ ഹാർഡ് ഡിസ്ക് കൊണ്ടുപോയിട്ടുണ്ട്. ഇപ്പോൾ സുപ്രീം കോടതിയുടെ ഉത്തരവ് അജിത്തിനെ കൂടുതൽ കുഴപ്പത്തിലാക്കി എന്നു വേണം കരുതാൻ.

    സുകുമാരേട്ടാ വളരെ നന്ദി. അനോനി ആയോ അല്ലാതെയോ നമ്മുടെ ബ്ലോഗിൽ മറ്റൊരാൾ എഴുതുന്ന നിരുത്തവാദപരമായ പ്രസ്താവനകൾക്ക് ബ്ലോഗ് / കമ്മ്യൂണിറ്റി ഉടമസ്ഥൻ എന്ന നിലയിൽ സമാധാനം പറയാൻ നമ്മൾ ബാദ്ധ്യസ്തരാ‍ണെന്നതാണ് ഏറെ ആശങ്കാജനകമായി ഞാൻ കാണുന്നത്.

    ReplyDelete
  12. ശിവസേനയെ വിമര്‍ശിച്ചത് കൊണ്ടാണല്ലേ കുഴപ്പം ........
    നമ്മുക്ക് ലീഗിനെയൊ മറ്റോ വിമര്‍ശിക്കാം

    ReplyDelete
  13. താങ്കളുടെ അഭിപ്രായത്തിനും സന്ദർശനത്തിനും നന്ദി. കേവലം ശിവസേനക്കെതിരായ വിമർശനം മാത്രമല്ല ആ സംഘടനയുടെ നേതാവായ ബാൽതാക്കറേക്കെതിരെ പ്രസ്തുത കമ്മ്യൂണിറ്റിയിൽ വന്ന വധഭീഷിണിയാണ് കാര്യങ്ങൾ കൂടുതൽ ഗുരുതരമാക്കിയത്. മുൻപ് ഞാൻ മുക്കുവന്റെ കമന്റിനെഴുതിയ മറുപടി ശ്രദ്ധിച്ചുകാണുമല്ലൊ.

    ReplyDelete
  14. മണികണ്ഠന്‍,
    നാം ബ്ലോഗിലെഴുതുന്നവ ഒരു സമൂഹത്തിന്റെ വികാരങ്ങളെ വൃണപ്പെടുത്തുന്നതോ ഒരു വ്യക്തിയെ അധിഷേപിക്കുന്നതോ കോടതിയുടെ മുന്നില്‍ നിലവിലുള്ള നിയമങ്ങള്‍ക്കനുസരിച്ച് കുറ്റകരമാണെങ്കില്‍ ആരെങ്കിലും കേസ് കൊടുക്കുകയോ കോടതി സ്വമേധയാ കേസെടുക്കുകയോ ചെയ്താല്‍ അത് നേരിട്ടല്ലെ പറ്റു. നമുക്ക് പൊതുവേദികളില്‍ അവതരിപ്പിക്കാന്‍ കഴിയുന്നവ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതിലും തെറ്റുണ്ടാവാന്‍ വഴിയില്ല. ഒരു അമ്മ പെങ്ങമ്മാരെ അശ്ലീലഭാഷയില്‍ പോസ്റ്റോ കമെന്റോ ഇട്ടാല്‍ അത് ഒരു തെറ്റ്തന്നെയല്ലെ? പക്വത വരാത്ത കുട്ടികള്‍ക്ക് ബ്ലോഗ് പോസ്റ്റ് ഇടാനുള്ള അനുവാദം പോലും നിയമപരമായി ഇല്ല എന്നതല്ലെ വാസ്തവം. പിന്നെ അജിത്. ഡി യ്ക്കെതിരെ പൊന്തിവന്ന കേസ് അല്പം ആശങ്കകള്‍ക്ക് ഇട നല്‍കുന്ന ഒന്നുതന്നെയാണ്.
    പത്രങ്ങളില്‍പ്പോലും വരുന്ന വാര്‍ത്തകള്‍ക്കെതിരെ ധാരാളം കേസുകള്‍ കോടതിയുടെ പരിഗണനയ്ഖ്ഖ് വരാറുണ്ടല്ലോ. ബ്ലോഗേഴ്സിനെക്കാള്‍ നിയമം കൈകാര്യം ചെയ്യാനും അത് നേരിടാനും ഉള്ള കഴിവ് അവര്‍ക്കുണ്ട് എന്നതല്ലെ വാസ്തവം.
    ബ്ലോഗ് പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ ബ്ലോഗര്‍ക്കെതിരെ കോടതിയില്‍ ഒരു കേസ് പൊന്തിവരാതിരിക്കാന്‍ അല്പം ശ്രദ്ധിക്കുന്നത് നല്ലതാണ്. കമെന്റുകളിലൂടെപ്പോലും ബ്ലോഗര്‍ക്കെതിരെ കേസ് ഉണ്ടാകാന്‍ സാധ്യത ഉണ്ട് എന്ന് പലരും സൂചിപ്പിച്ചിട്ടുള്ളതും ആണ്. ഏതെങ്കിലും ഒരു ബ്ലോഗര്‍ക്ക് ശിക്ഷ ഉറപ്പായാല്‍ പിന്നീട് ചിലപ്പോള്‍ ധാരാളം കേസുകള്‍ പൊന്തിവന്നെന്നും വരാം.

    ReplyDelete
  15. സന്ദർശനത്തിനും, അഭിപ്രായം രേഖപ്പെടുത്തിയതിനും ചന്ദ്രേട്ടന് നന്ദി. നിലവിലുള്ള നിയമവ്യവസ്ഥയ്ക്ക് അതീതമായ ഒന്നാണ് ബ്ലോഗ് എന്ന് ഞാനും കരുതുന്നില്ല. ഒരു പുസ്തകത്തിലോ, പത്രമാധ്യമത്തിലോ, മറ്റ് ഇലൿട്രോണിക മാധ്യമങ്ങളിലോ ഒരാൾ ചെയ്യുന്ന പ്രസ്താവനകൾക്ക് ബാധകമായ എല്ലാ നിയമങ്ങളും ബ്ലോഗ് എന്ന ഈ മാധ്യമത്തിനും ബാധകമാണെന്ന് ഞാൻ കരുതുന്നു.

    ReplyDelete
  16. അതേ എന്തിനും ഒരു ലിമിറ്റ് നല്ലതു തന്നെ. അധികം ആയാൽ അമൃതും വിഷം എന്നല്ലേ പ്രമാണം.
    എതായാലും ഈ വാർത്തയുടെ കൂടുതൽ വിവരങ്ങൾ തന്നതിന് നന്ദി.

    ReplyDelete
  17. ജയതി സർ താങ്കളുടെ സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി.

    ReplyDelete
  18. അപ്പോൾ ഇനി ബ്ലോഗിൽ കയറി അധികം വിളയാടാതെ ഇരിക്കുന്നതാണു ബുദ്ധി അല്ലെ...മണിയേട്ടാ....

    ReplyDelete
  19. സൂത്രാ ഇങ്ങനെയൊരു വിധി വന്നു എന്നത് ബ്ലോഗ് എഴുതുന്നതിനു തടസ്സം അല്ലല്ലോ. തീർച്ചയായും നമ്മുടെ ആശയപ്രകാശനത്തിനുള്ള നല്ലൊരു ഉപാധിതന്നെയാണ് ബ്ലോഗ്. ഉത്തരവാദിത്വത്തോടെയുള്ള ബ്ലോഗിങ് തുടരണം എന്നുതന്നെയാണ് ഞാൻ കരുതുന്നത്. തുടർന്നും എഴുതുക...

    ReplyDelete